""ഇന്ത്യൻ യുവത്വം അവരവരുടെ ഹോംടൗണുകളിൽ സെറ്റിൽ ചെയ്യാൻ നിർബന്ധിതരായിരിക്കുന്നു എന്നൊരു പോസ്റ്റ് എവിടെയോ കണ്ടതാണ് ഓർമ വരുന്നത്. വീട്ടിൽ എത്തിയിട്ട് ഒരു വർഷം കഴിഞ്ഞു. കോളേജ് പഠനം കേരളത്തിന് പുറത്തായതിനാൽ ചുറ്റുവട്ടത്ത് സുഹൃത്തുക്കളധികമില്ല. സുഹൃത്തുക്കൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലാണിപ്പോൾ. മലയാളികളായ സുഹൃത്തുക്കൾ കേരളത്തിന്റെ വിവിധ ജില്ലകളിലും. മാതാപിതാക്കളുമായി മാത്രമാണ് എപ്പോഴും സംസാരിക്കാൻ പറ്റുന്നത്.സമപ്രായക്കാരായ ആരോടെങ്കിലുമൊക്കെ മനസ്സുതുറന്നൊന്ന് സംസാരിച്ചിട്ടു തന്നെ ഏറെ നാളായി. ആലോചിക്കുമ്പോൾ പേടി തോന്നുന്നു. പരീക്ഷയും ബരുദദാനച്ചടങ്ങുമെല്ലാം ഓൺലൈനിൽ കഴിഞ്ഞു. കൂടെ പഠിച്ച പലരെയും അവസാനമായാണ് തമ്മിൽ കാണുന്നതെന്ന് പോലും അറിയാതെയാണ് മടങ്ങി വന്നത്.'' - ഡൽഹി യൂണിവേഴ്‌സിറ്റിയിൽ ബിരുദം പഠനം പൂർത്തിയാവുന്നതിന് ആഴ്ചകൾക്ക് മുമ്പ് നാട്ടിലേക്ക് തിരിച്ചു വരേണ്ടി വന്ന ഒരു വിദ്യാർത്ഥിനിയുടെ പ്രതികരണം.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ സെൻട്രൽ യൂണിവേഴ്‌സിറ്റികൾ അടക്കം പല സർവ്വകലാശാലകളിൽ ആയി നിരവധി മലയാളി വിദ്യാർത്ഥികൾ ഉപരിപഠനം നടത്തുന്നുണ്ട്. മഹാമാരിയുടെ പശ്ചാത്തലത്തിൽ അവരിൽ പലരും കേരളത്തിലെ സ്വന്തം വീടുകളിലേക്ക് തിരിച്ചെത്തി. ചിലരുടെ കോഴ്‌സുകൾ ഓൺലൈനായി തന്നെ അവസാനിച്ചു. ഓൺലൈനായി തന്നെ പുതിയ സ്ഥലങ്ങളിൽ തുടർപഠനം നടത്തുന്നവരും കോവിഡ് നിയന്ത്രണങ്ങൾ മൂലം തുടർപഠനം വഴിമുട്ടിയവരും അനവധി. നിർണായകമായ എൻട്രൻസ് എക്‌സാമുകൾ എഴുതാൻ സാധിക്കാതെ അവസരം നഷ്ടമായവരുമുണ്ട്. മറ്റു ചിലർ ക്ലാസ്സുകൾ ഓൺലൈനിൽ ആണെങ്കിലും വീടുകളിൽ പഠനത്തിനനുയോജ്യമായ സാഹചര്യമില്ലാത്തതിനാൽ കാമ്പസിനടുത്ത് ഫ്‌ലാറ്റുകളിലും മറ്റുമായി തുടരുന്നു. മറ്റെല്ലാ ജനവിഭാഗങ്ങളെയും പോലെ തന്നെ മറ്റു സംസ്ഥാനങ്ങളിൽ ഉന്നത വിദ്യാഭ്യാസം നടത്തുന്ന മുതിർന്ന വിദ്യാർത്ഥികളെയും കോവിഡ് മഹാമാരി സാരമായി ബാധിച്ചിട്ടുണ്ട്. പഠനസംബന്ധിയായ പ്രായോഗിക ബുദ്ധിമുട്ടുകൾക്കൊപ്പം വലിയ തോതിലുള്ള മാനസികസംഘർഷങ്ങളും വിദ്യാർഥികൾ അനുഭവിക്കുന്നു.
പോണ്ടിച്ചേരി കേന്ദ്രസർവകലാശാലയിലെ മൂന്നാം വർഷ സോഷ്യോളജി ഇന്റഗ്രേറ്റഡ് എം.എ. വിദ്യാർഥി പ്രതികരിച്ചത് ഇങ്ങനെയാണ്: ""ഞാൻ ഒരു ഓസിഡി പേഷ്യന്റ് ആണ്. എന്നാൽ മാനസികാരോഗ്യത്തെക്കുറിച്ച് വ്യക്തമായ ധാരണയില്ലാത്ത വീട്ടിലെ അന്തരീക്ഷത്തിൽ ഏറെ ബുദ്ധിമുട്ടുന്നുണ്ട്. മാനസിക സംഘർഷത്തിന്റെ ഭാഗമായ ലക്ഷണങ്ങളെ മാതാപിതാക്കൾ ശ്രദ്ധിക്കുന്നുണ്ട്. എന്നാലതിനോട് മറ്റൊരർത്ഥത്തിൽ പ്രതികരിക്കുന്ന സാഹചര്യത്തിൽ അവരോടുള്ള ആശയവിനിമയം ദുഷ്‌കരമാവുന്നു. പ്രശ്‌നങ്ങൾ എന്താണെന്ന് പറയുവാനോ മനസ്സിലാക്കിക്കൊടുക്കാനോ സാധിക്കാത്ത സാഹചര്യമാണ്. കാമ്പസിനകത്ത് താമസിച്ചിരുന്ന സമയത്ത് കാര്യങ്ങൾ മനസ്സിലാക്കാനും കൂടെ നിൽക്കാനും സുഹൃത്തുക്കളുണ്ടായിരുന്നു. ഹോസ്റ്റൽ ജീവിതമാകുമ്പോൾ പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ പ്രശ്‌നങ്ങൾ തുറന്നുപറയാനും അവ മനസ്സിലാക്കാനും ആശ്വാസം കണ്ടെത്താനും സാധിക്കുന്ന സാഹചര്യങ്ങളുണ്ടായതുകൊണ്ട് രോഗാവസ്ഥ നിയന്ത്രണത്തിലായിരുന്നു. എന്നാൽ വീട്ടിലെത്തിയതോടെ കൂടെ താമസിക്കുന്നവരുമായി യഥാർത്ഥ പ്രശ്‌നങ്ങൾ തുറന്നു സംസാരിക്കാൻ സാധിക്കാത്ത വലിയ വീർപ്പുമുട്ടലുണ്ട്. വീടും ക്ലാസ് മുറിയും ഒന്നായി മാറിയ ഓൺലൈൻ കാലത്ത് ഇത് കൂടുതൽ ബുദ്ധിമുട്ടിക്കുന്നു. വീട്ടിലെ അസ്വസ്ഥമായ അന്തരീക്ഷത്തിലിരുന്നുകൊണ്ട് ക്ലാസ് ആവശ്യപ്പെടുന്ന സ്വസ്ഥതയോടെയുള്ള പഠനം സാധ്യമാകുന്നില്ല.''
""ബാംഗ്ലൂർ ജവഹർലാൽ നെഹ്രു സെന്റർ ഫോർ അഡ്വാൻസ്ഡ് സയന്റിഫിക് റിസർച്ചിലേക്കുള്ള ഇന്റഗ്രേറ്റഡ് പിഎച്ച്ഡി കോഴ്‌സിനുള്ള പ്രവേശനപരീക്ഷ ഓൺലൈനായി ആയിരുന്നു നടത്തിയത്. ഏറെ നാളത്തെ തയ്യാറെടുപ്പുകൾക്കു ശേഷം പരീക്ഷ എഴുതാൻ നേരത്ത് ഇന്റർനെറ്റ് ബന്ധം നഷ്ടപ്പെട്ട് ഉത്തരങ്ങൾ സബ്മിറ്റ് ചെയ്യാൻ പോലും സാധിച്ചില്ല'' എന്ന് ഡൽഹി യൂണിവേഴ്‌സിറ്റിയിൽനിന്നും ബിരുദം പൂർത്തിയാക്കിയ വയനാട് സ്വദേശിയായ ഒരു വിദ്യാർഥി പറഞ്ഞു. കർശന യാത്രാനിയന്ത്രണങ്ങളുണ്ടായിരുന്ന സമയത്ത് ഓഫ്‌ലൈനായി നടന്ന പല പ്രവേശന പരീക്ഷകൾക്കും, സെന്ററുകളുടെ എണ്ണക്കുറവുമൂലം ഹാജരാവാൻ സാധിക്കാതെ പോയ സാഹചര്യങ്ങളും ഒരുപാടുണ്ട്. ഇത്തരത്തിൽ കോവിഡ് മൂലം തുടർപഠനം മുടങ്ങിനിൽക്കുന്ന പല വിദ്യാർത്ഥികളും വീട്ടുകാരിൽ നിന്നും ബന്ധുക്കളിൽ നിന്നും വലിയ സമ്മർദ്ദം നേരിടുന്നു. കോവിഡ് മൂലം വീടുകളിലേക്ക് തിരിച്ചു വന്നതോടെ തുടർപഠനസാധ്യതകളന്വേഷിക്കുന്ന പെൺകുട്ടികളിൽ പലരുടെയും വീട്ടുകാർ വിവാഹാലോചനകളുടെ സമ്മർദ്ദം കൂടെ ചെലുത്തുന്നതായ ആശങ്കകളുമുണ്ട്.
പ്രായോഗിക പരിശീലനം ആവശ്യമായ കോഴ്‌സുകളുടെ സ്ഥിതിയും ദുഷ്‌കരമാണ്. വിവിധ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുകളിലും മാധ്യമ സ്ഥാപനങ്ങളിലും ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങളിലും പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പ്രായോഗിക പരിശീലനം ഫലപ്രദമായി ലഭ്യമാകുന്നില്ല. ഓൺലൈൻ വഴി പ്രായോഗിക പരിശീലനം നടക്കുന്ന സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്ക് ഫലപ്രമായ വിദ്യാഭ്യാസം ലഭിക്കാതെ വരുന്ന സ്ഥിതിയും, ഓഫ്‌ലൈനായി നടത്താൻ സാധിക്കും വരെ ക്ലാസുകൾ നിർത്തിവെച്ചിരിക്കുന്ന സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്ക് അവസാനിക്കാത്ത അനിശ്ചിതത്വവുമാണ് അവസ്ഥ. ഇത്തരം സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന മാനസികസംഘർഷങ്ങൾക്ക് പുറമെയാണ് വ്യക്തിബന്ധങ്ങളിലെയും കുടുംബസാഹചര്യങ്ങളിലെയും പ്രശ്‌നങ്ങൾ.
സാമ്പത്തിക കഷ്ടതകളും ഒരു പ്രധാന വെല്ലുവിളിയാണ്. വീടുകളിലെത്തിയതോടെ താത്കാലിക ജോലികളിൽ പ്രവേശിക്കാൻ നിർബന്ധിതരായവർ ഏറെയാണ്. ഇതുമൂലം പഠനവും ദുഷ്‌കരമാകുന്നു. ചിലർക്ക് കോവിഡിന്റെ പരിണിതഫലങ്ങൾ മൂലം തുടർപഠനപദ്ധതികൾ ഉപേക്ഷിച്ച് മുഴുവൻ സമയജോലികളിൽ പ്രവേശിക്കേണ്ടി വന്നു.
സൗഹൃദങ്ങളും പഠനങ്ങളും മുഴുവനായും ഓൺലൈനിലൂടെ മാത്രമായപ്പോൾ സുഗമമായ ഇടപെടൽ എല്ലാവർക്കും സാധ്യമാകാതെ വരുന്നു. ഒരൊറ്റ ക്ലിക്കിലൂടെ അറ്റൻഡസും പഠനവും ശീലമായതോടെ, വിദ്യാർഥികളുടെ ശ്രദ്ധയറിയാതെ ക്ലാസുകൾ തുടർന്നു പോകുന്നു. ക്ലാസ് മുറികളിലും ലൈബ്രറികളിലും കാമ്പസുകളിലെ മരച്ചോടുകളിലും ധാബകളിലും ഒക്കെയിരുന്ന് പഠിച്ചിരുന്നവരിൽ ഏറെപ്പേരും ഓൺലൈൻ ക്ലാസ്മുറികളിൽ ഫലപ്രദമായ വിദ്യാഭ്യാസം സാധ്യമാകുന്നില്ലെന്ന് അഭിപ്രായപ്പെടുന്നു. രാജ്യത്തെ മികച്ച പല യൂണിവേഴ്‌സിറ്റികളിലും പഠിക്കുകയെന്ന ആഗ്രഹം സാധ്യമായിട്ടും അവിടങ്ങളിൽ നിന്ന് ലഭിക്കേണ്ടിയിരുന്ന യാതൊരു വിധത്തിലുള്ള സാംസ്‌കാരികമോ രാഷ്ട്രീയമോ ആയ സമ്പർക്കവും സാധ്യമാകാതെയാണ് ഓൺലൈൻ ക്ലാസുകളിൽ കോഴ്‌സുകൾ ആദ്യാവസാനങ്ങൾ കുറിക്കുന്നത്. സൗഹൃദവും ഓൺലൈനിലൂടെ മാത്രം ആയതോടെ പലരുടെയും സുഹൃദ്ബന്ധങ്ങളും ശിഥിലമായി.
കോവിഡിന്റെ ആദ്യനാളുകളിലെ അനിശ്ചിതത്വത്തിന് ശേഷം മിക്കയിടങ്ങളിലും പുതിയ കോഴ്‌സുകൾ ആരംഭിച്ചത് ഏറെ വൈകിയാണ്. എന്നാൽ ആ കോഴ്‌സുകളിലെ പാഠഭാഗങ്ങൾ ചുരുക്കാതെയും കോഴ്‌സ് കാലാവധി നീട്ടാതെയും കൃത്യസമയങ്ങളിൽ സെമസ്റ്ററുകൾ അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസർവകലാശാലകളിൽ പലതും പ്രവർത്തിക്കുന്നത്. ആറുമാസം സമയം ലഭിക്കേണ്ടുന്ന ആദ്യ സെമസ്റ്റിന്റെ പാഠഭാഗങ്ങൾ മൂന്നും നാലും മാസങ്ങൾ കൊണ്ട് അവസാനിപ്പിക്കുകയും കോഴ്‌സുകൾ ധൃതിപിടിച്ച് തുടരുകയുമാണ് മിക്കയിടങ്ങളിലും സംഭവിച്ചത്. കോവിഡിന്റെ അനിശ്ചിതത്വത്തിൽ പഠനത്തിന്റെ ഭാവിയറിയാതെ മാനസികസംഘർഷങ്ങളിലായിരുന്ന വിദ്യാർഥികളിൽ പലരും കോഴ്‌സുകളാരംഭിച്ചപ്പോൾ കുറഞ്ഞ സമയത്തിൽ സെമസ്റ്ററുകൾ തീർക്കുകയെന്ന ഓട്ടപ്പാച്ചിലിൽ പെടുകയാണുണ്ടായത്.
""ജെ.എൻ.യുവിലാണ് പഠിക്കുന്നതെങ്കിലും ജെ.എൻ.യു. എന്ന സ്‌പേസിന്റെ യാതൊരു സ്വാഭാവികതയും ഇല്ലാതെയാണ് ഞങ്ങൾ ഓൺലൈൻ ക്ലാസുകളിലിരിക്കുന്നത്. പാൻഡമിക് കൊണ്ട് സംഭവിച്ച ഏകാന്തതയ്ക്കും അപ്പുറമാണ് അക്കാദമിക് തിരക്കുകൾ കാരണം നഷ്ടമാകുന്ന സാമൂഹ്യബന്ധം. ഏറെ നേരം ഓൺലൈൻ ക്ലാസ്സിൽ ചിലവിട്ടു കഴിഞ്ഞാലും ബാക്കി പഠനങ്ങൾക്കായി മുഴുവൻ നേരവും സ്‌ക്രീനുകൾക്കു മുന്നിൽത്തന്നെ ഇരിക്കേണ്ട അവസ്ഥ. തൊട്ടയൽപ്പക്കക്കാരോട് പോലും ഒന്ന് വിശേഷം ചോദിക്കാൻ വീട്ടിനു പുറത്തിറങ്ങാൻ സാധിക്കുന്നില്ല.''- ജെ.എൻ.യുവിൽ എം.എ. ഇംഗ്ലീഷ് പഠിക്കുന്ന കൊല്ലം സ്വദേശിയായ വിദ്യാർത്ഥിനിയുടെ വാക്കുകൾ.
ഷുഗർ ക്യൂബ് തെറാപ്പി സ്ഥാപനത്തിലെ ബിഹേവിയർ ട്രെയിനറും പാരന്റിങ് കോച്ചും അസാപ് കേരള മാസ്റ്റർ ട്രെയിനറുമായ സുമയ്യ തായത്ത്, സൈക്കോളജിസ്റ്റായ ഷിബിലി സുഹാന എന്നിവർ വിദ്യാർത്ഥികൾ അറിയിക്കുന്ന പ്രശ്‌നങ്ങളെപ്പറ്റി സംസാരിച്ചു. ""വിദ്യാഭ്യാസ വായ്പകൾ ഉൾപ്പെടെയുള്ള സാമ്പത്തിക ബാധ്യതകൾ, പങ്കാളിയുമായുള്ള പ്രശ്‌നങ്ങൾ, ഗൃഹാന്തരീക്ഷങ്ങളിലെ അസ്വാരസ്യങ്ങൾ, ഏകാന്തത തുടങ്ങിയവയാണ് കേരളത്തിനു പുറത്തു പഠിക്കുന്ന മലയാളി വിദ്യാർത്ഥികൾ കോവിഡ് കാലത്ത് കൂടുതലായും അറിയിക്കുന്ന പ്രശ്‌നങ്ങൾ. ഗൃഹാന്തരീക്ഷങ്ങളിൽ നിന്നും മാറി കാമ്പസുകൾക്കകത്ത് വ്യത്യസ്തമായ പ്രത്യയശാസ്ത്രങ്ങളിൽ ജീവിതം നയിക്കുകയായിരുന്ന മുതിർന്ന വിദ്യാർഥികൾ യാഥാസ്ഥിതിക കുടുംബപശ്ചാത്തലങ്ങളിലേക്ക് പെട്ടെന്നൊരു ദിവസം തിരിച്ചു വരേണ്ടി വന്നത് മാതാപിതാക്കളുമായി അകൽച്ച ഉണ്ടാവാൻ കാരണമായിട്ടുണ്ട്. ഏകാന്തത മറികടക്കാൻ ഓൺലൈൻ വീഡിയോ ഗെയിമുകളിലും മറ്റും ആശ്വാസം കണ്ടെത്തുകയും സൗഹൃദങ്ങളിലെ യാഥാർത്ഥ്യവും വിർച്വൽ റിയാലിറ്റിയും തമ്മിൽ ആശയക്കുഴപ്പം സംഭവിക്കുന്ന സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട്. പ്രശ്‌നങ്ങൾ തുറന്നുപറയാനും അടിയന്തര സഹായങ്ങൾ ഉറപ്പു വരുത്തുവാനും ഇത്തരം പ്രതിസന്ധിഘട്ടങ്ങളിൽ അടുത്ത സൗഹൃദങ്ങളെ ചേർത്തു നിർത്തേണ്ടതുണ്ട്. മാനസിക വിഷമതകൾ അനുഭവിക്കുന്ന പ്രിയപ്പെട്ടവരെ ക്ഷമയോടെ കേൾക്കുവാനും വിശ്രമിക്കാനൊരു തോൾ നൽകുവാനുമാണ് അടുപ്പമുള്ളവർ ശ്രമിക്കേണ്ടത്. സഹായമഭ്യർത്ഥിക്കുന്നവരുടെ പ്രശ്‌നങ്ങളെ നിസ്സാരവത്കരിക്കുന്നതോ അവഗണിക്കുന്നതോ ആയ സാഹചര്യങ്ങൾ പോലെത്തന്നെ ഉപദേശങ്ങളും ദോഷം ചെയ്യും. ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് ആവശ്യമായ കൗൺസിലിങ്-തെറാപ്പി സൗകര്യങ്ങൾ ചെയ്തുകൊടുക്കുകയും ക്ഷമയോടെ കൂടെനിർത്തുകയുമാണ് നാം ചെയ്യേണ്ടത്.''
കൊറോണ കാലത്ത് മാനസികാരോഗ്യപ്രശ്‌നങ്ങളുമായി സമീപിക്കുന്ന ചെറുപ്പക്കാരുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായതായി മാനസികാരോഗ്യ വിദഗ്ധർ സാക്ഷ്യപ്പെടുത്തുന്നു. എന്നാലിത് പൂർണമായും നിരാശ നൽകുന്ന ഒരു കാര്യവുമല്ല. മാനസികാരോഗ്യത്തെപ്പറ്റിയുള്ള സമൂഹത്തിന്റെ യാഥാസ്ഥിതിക മനോഭാവത്തിന് സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള കാമ്പയിനുകളിലൂടെ ഒരുപരിധിവരെ മാറ്റം സംഭവിച്ചുവെന്നും മെഡിക്കൽ സഹായമഭ്യർത്ഥിക്കുന്നവരുടെ വർദ്ധനവിലൂടെ വായിച്ചെടുക്കാം.