ഗതാഗത മന്ത്രീ, കൺസഷൻ നാണക്കേടായി കാണുന്ന തലമുറയല്ല ഇത്​

വ്യക്തിത്വം രൂപപ്പെടുന്ന വിദ്യാഭ്യാസ കാലത്ത് തന്നെ ആത്മാഭിമാനം ചോദ്യം ചെയ്യപ്പെടേണ്ടവരായി മാറുകയാണ് നമ്മുടെ കുട്ടികൾ
സ്വകാര്യ ബസുകളിൽ കൺസഷൻ കൊടുത്ത് യാത്ര ചെയ്യുന്ന സ്കൂൾ കോളേജ് വിദ്യാർത്ഥികൾ വർഷങ്ങളായി നേരിടുന്ന ബുദ്ധിമുട്ടുകൾ നിരവധിയാണ്. ഇപ്പോഴും അത് തുടരുന്നു.

ഇക്കഴിഞ്ഞ മാർച്ച് രണ്ടിന് തിരൂരങ്ങാടി ഗവൺമെന്റ് സ്കൂളിലെ വിദ്യാർത്ഥി ബസിൽ നിന്ന് തെറിച്ച് വീണത് വലിയ ചർച്ചകൾക്ക് വഴി വെച്ചിരുന്നു. ഇത്തരം അപകടങ്ങളെ ഒരിക്കലും ഒറ്റപ്പെട്ട സംഭവങ്ങളെന്ന് പറഞ്ഞ് മാറ്റി നിർത്താനാവില്ല.

അവധി ദിവസങ്ങളിൽ വിവിധ പരിശീലന പരിപാടികളിൽ പങ്കെടുക്കാനും സ്പെഷൽ ക്ലാസിനുമായി പോവുന്ന വിദ്യാർത്ഥികൾക്ക് ഫുൾ ചാർജ് കൊടുക്കാതെ നിവൃത്തിയില്ല. പൊതു അവധി ദിവസങ്ങളിലടക്കം വിദ്യാർത്ഥികൾക്ക് കൺസഷൻ കിട്ടും എന്നിരിക്കെയാണ് അവർ ഫുൾ ചാർജ് കൊടുക്കേണ്ടി വരുന്നത്.ബസ് പുറപ്പെടും വരെ വെയിലെന്നോ മഴയെന്നോ നോക്കാതെ കുട്ടികളെ ഊഴം കാത്ത് പുറത്ത് നിർത്തുകയാണ് പതിവ്.
സീറ്റിലിരുന്നു യാത്ര ചെയ്യാൻ നിയമ തടസങ്ങളില്ലെങ്കിലും ഭാരക്കൂടുതലുള്ള ബാഗ്യം തൂക്കി അവർ നിന്നു തന്നെ യാത്ര ചെയ്യണമെന്നാണ് ബസുകാരുടെ ചട്ടം

ബസ് ജീവനക്കാർ മാത്രമല്ല, മുഴുവൻ ചാർജ് കൊടുത്ത് യാത്ര ചെയ്യുന്ന മറ്റ് യാത്രക്കാരും ചിലപ്പോൾ മോശമായാണ് വിദ്യാർത്ഥികളോട് പെരുമാറാറുള്ളത്

രാവിലെ ഏഴു മുതൽ വൈകുന്നേരം ഏഴ് മണി വരെ ഉറപ്പായും കൺസഷൻ നൽകേണ്ടതുണ്ടെങ്കിലും പലയിടങ്ങളിലും കൺസഷൻ സമയ പരിധി ബസ് ജീവനക്കാർക്ക് തോന്നുന്നത് പോലെയാണ്.
ദീർഘ ദൂര യാത്രികരായ വിദ്യാർത്ഥികൾക്ക് പലപ്പോഴും രണ്ട് ബസ് കയറേണ്ടി വരും. ആദ്യത്തെ ബസ് കിട്ടാൻ നേരം വൈകിയാൽ രണ്ടാമത്തെ ബസിൽ കയറാൻ വീണ്ടും ലേറ്റാവും. ഇങ്ങനെ വൈകി ബസിൽ യാത്ര ചെയ്യേണ്ടി വരുന്ന ചില പെൺകുട്ടികളെങ്കിലും ബസ് ജീവനക്കാരുടെ സദാചാരപോലീസിങ്ങും സഹിക്കേണ്ടിവരുന്നുണ്ട്.

കുട്ടികളെ ബസിൽ കയറ്റുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വാട്ട്‌സാപ്പിലൂടെ പരാതിപ്പെടാനുള്ള സംവിധാനം ഓരോ ജില്ലകളിലും മോട്ടോർ വാഹന വകുപ്പ് ഇപ്പോൾ ഒരുക്കിയിട്ടുണ്ട്

കിലോമീറ്റർ അനുസരിച്ചാണ് കൺസഷൻ നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. എന്നിട്ടും അത് ലംഘിച്ചു കൊണ്ട് പല ബസുകാരും കൂടിയ എസ്.റ്റി ചാർജ് കുട്ടികളിൽ നിന്ന് വാങ്ങുന്ന സാഹചര്യവുമുണ്ട്.

ഇതിനിടക്കാണ് നിലവിൽ കുട്ടികൾ കൊടുക്കുന്ന കൺസഷൻ തുക അവർക്ക് തന്നെ നാണക്കേടാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു വിവാദ പ്രസ്താവന നടത്തിയത്. വിദ്യാർത്ഥി കൺസഷൻ കൊണ്ടുവരാനും അത് നിലനിർത്താനും വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ കക്ഷി രാഷ്ട്രയ ഭേദമെന്യേ രൂക്ഷ സമരങ്ങൾ നടത്തിയ ചരിത്രമുള്ള നാടാണ് കേരളം.
സ്‌ക്കൂൾ ബസുകളെ ആശ്രയിക്കാനാവാത്ത , സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്ന് വരുന്ന ഭൂരിപക്ഷം വിദ്യാർത്ഥികളും നിലവിലെ കൺസഷൻ ചാർജ് പോലും കൊടുക്കാനാവാതെ ബുദ്ധിമുട്ടുകയാണ്.

ഇത്തരം വസ്തുതകൾ നിലനിൽക്കെ ഗതാഗത മന്ത്രി ആന്റണി രാജു യാഥാർത്ഥ്യ ബോധമില്ലാതെ പറഞ്ഞ പോലെ കൺസഷൻ തുക കൊടുക്കുന്നതിലുള്ള നാണക്കേടു കൊണ്ട് ബാക്കി തരണ്ട നിങ്ങൾ കൈയിൽ വെച്ചോ എന്ന് പറയുന്ന ഒരു വിദ്യാർത്ഥി പോലും കേരളത്തിലുണ്ടാവില്ല. ഇത് നാണക്കേടു കൊണ്ട് മിണ്ടാട്ടം മുട്ടിപ്പോവുന്ന ഒരു തലമുറയല്ല . അവകാശ ധ്വംസനങ്ങളെ ചോദ്യം ചെയ്യുന്ന അതിന് വേണ്ടി ശബ്ദിക്കുന്ന തലമുറയാണെന്ന് ഭരണകർത്താക്കൾ ഇനിയെങ്കിലും തിരിച്ചറിയണം.

കൺസഷൻ വർധനവിന് പകരം വിദ്യാർഥികളുടെ യാത്രാ പ്രശ്‌നങ്ങൾ ശാശ്വതമായി പരിഹരിക്കാൻ കഴിയുന്ന ബദൽ മാർഗങ്ങളെക്കുറിച്ചാവണം സർക്കാർ ഇനി ചിന്തിക്കേണ്ടത്.
സ്വകാര്യ ബസ് മേഖലക്ക് സംഭവിക്കുന്ന നഷ്ടം ഒരിക്കലും വിദ്യാർഥികളെ ദ്രോഹിക്കാനുള്ള ലൈസൻസല്ല.

Comments