ഞെക്കിപ്പഴുപ്പിച്ചുണ്ടാക്കാൻ പോകുന്ന 30 ശതമാനം മിനിമം മാർക്കും ഇടതുസർക്കാറിന്റെ കടന്നകൈയും

2026- 27ഓടെ പത്താം ക്ലാസിൽ എഴുത്തുപരീക്ഷയ്ക്ക് 30% മിനിമം മാർക്ക് കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചതോടെ ഇപ്പോഴത്തെ നിരക്കിലുള്ള വിജയശതമാനവും എ പ്ലസുകളും പൊതുവിദ്യാലയങ്ങളിലെ കുട്ടികൾ അർഹിക്കുന്നതല്ലെന്ന ധാരണയിലേക്ക് സംസ്ഥാന സർക്കാരും എത്തിയിരിക്കുന്നു എന്നാണ് കരുതേണ്ടത്. യാതൊരു പഠനവും നടത്താതെ, ഇപ്പോഴത്തെ കുട്ടികൾക്ക് ഒന്നും അറിയില്ലെന്നും, അറിവുണ്ടാക്കാൻ വ്യവഹാരവാദം മുന്നോട്ടുവെച്ച യാന്ത്രികമായ രീതികൾ തിരിച്ചുകൊണ്ടുവരികയാണ് വേണ്ടതെന്നും ഒരു ഇടതു സർക്കാർ പറയുന്നത് കടന്നകൈയാണ്. പാഠ്യപദ്ധതിയെയും വിദ്യാഭ്യാസ ഗുണനിലവാരത്തെയും കുറിച്ച് തത്പരകക്ഷികൾ നടത്തുന്ന തെറ്റായ പ്രചരണത്തിന് സർക്കാർ മേലൊപ്പ് ചാർത്തുന്ന സ്ഥിതി ഉണ്ടാകരുത്- ഡോ. പി.വി പുരുഷോത്തമൻ എഴുതുന്നു

കേരളത്തിലെ സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് പലതരം ചർച്ചകൾ നടക്കുന്നുണ്ട്. നമ്മുടെ പൊതുവിദ്യാലയങ്ങളിൽ പഠിച്ച് പുറത്തുവരുന്ന കുട്ടികൾക്ക് പത്താം തരത്തിൽ കിട്ടുന്ന ഗ്രേഡുകൾ, മാർക്ക് വാരിക്കോരി കൊടുക്കുന്നതിന്റെ ഫലമാണെന്ന് പലരും പറയുന്നതായി കാണാം. പൊതുവിദ്യാഭ്യാസത്തിനെതിരെ ഉയരുന്ന ഇത്തരം ആക്ഷേപങ്ങളെ പൊതുവെ സംസ്ഥാന സർക്കാർ പ്രതിരോധിക്കുകയായിരുന്നു പതിവ്. എന്നാൽ, 2026- 27ഓടെ പത്താം ക്ലാസിൽ എഴുത്തുപരീക്ഷയ്ക്ക് 30% മിനിമം മാർക്ക് കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചതോടെ ഇപ്പോഴത്തെ നിരക്കിലുള്ള വിജയശതമാനവും എ പ്ലസുകളും പൊതുവിദ്യാലയങ്ങളിലെ കുട്ടികൾ അർഹിക്കുന്നതല്ലെന്ന ധാരണയിലേക്ക് സംസ്ഥാന സർക്കാരും എത്തിയിരിക്കുന്നു എന്നാണ് കരുതേണ്ടത്.

മാറ്റത്തിന്റെ തുടക്കം

2005-ന് മുമ്പുവരെ എഴുത്തുപരീക്ഷയിലെ മാർക്ക് മാത്രമാണ് SSLCക്ക് പരിഗണിച്ചിരുന്നത്. എന്നാൽ പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി പുതിയ രീതി വന്നതോടെ ഓരോ വിഷയത്തിലുംTE സ്കോറിനൊപ്പം CE സ്കോർ കൂടി ചേർത്തുകൊണ്ട് ഗ്രേഡ് നൽകിത്തുടങ്ങി. കുട്ടികൾ തമ്മിലുള്ള കടുത്ത മത്സരം ഒഴിവാക്കുക, എഴുത്തുപരീക്ഷക്കൊപ്പം പ്രോജക്റ്റ്, സെമിനാർ, അസൈൻമെന്റ് തുടങ്ങിയവ ചെയ്യുന്നതിലുള്ള മികവുകൾ വിലയിരുത്തുക, തുടർ വിലയിരുത്തൽ ശക്തിപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയായിരുന്നു ഈ മാറ്റങ്ങൾ.

നമ്മുടെ പൊതുവിദ്യാലയങ്ങളിൽ പഠിച്ച് പുറത്തുവരുന്ന കുട്ടികൾക്ക് പത്താം തരത്തിൽ കിട്ടുന്ന ഗ്രേഡുകൾ, മാർക്ക് വാരിക്കോരി കൊടുക്കുന്നതിന്റെ ഫലമാണെന്ന് പലരും പറയുന്നതായി കാണാം.
നമ്മുടെ പൊതുവിദ്യാലയങ്ങളിൽ പഠിച്ച് പുറത്തുവരുന്ന കുട്ടികൾക്ക് പത്താം തരത്തിൽ കിട്ടുന്ന ഗ്രേഡുകൾ, മാർക്ക് വാരിക്കോരി കൊടുക്കുന്നതിന്റെ ഫലമാണെന്ന് പലരും പറയുന്നതായി കാണാം.

2005 മാർച്ചിലാണ് എസ്എസ്എൽസി പരീക്ഷ പുതിയ സമ്പ്രദായത്തിലേക്ക് മാറിയത്. അന്ന് 58.49% ആയിരുന്നു വിജയം. 2008-ഓടെ അത് 92.09% ആയി. പിന്നീടൊരിക്കലും എസ്എസ്എൽസി റിസൾട്ട് 90%ത്തിന് താഴേക്ക് പോയിട്ടില്ല. 2024-ലെ വിജയം 99.69% ആണ്. പുതിയ രീതി വന്നതോടെ റാങ്കും ഡിസ്റ്റിങ്ഷനും ഇല്ലാതായി. പകരം 100% റിസൾട്ട് നേടുന്ന സ്കൂളുകളും എല്ലാ വിഷയങ്ങളിലും ഫുൾ എ പ്ലസ് നേടുന്ന വിദ്യാർഥികളും ശ്രദ്ധിക്കപ്പെട്ടു. 2005-ൽ പരീക്ഷയെഴുതിയ 4,72,880 പേരിൽ വെറും 469 പേർക്ക് മാത്രമായിരുന്നു ഫുൾ എ പ്ലസ് ഉണ്ടായിരുന്നത്. അടുത്ത വർഷം അത് ആയിരം പിന്നിട്ടു. 2013-ൽ പതിനായിരവും 2016-ൽ ഇരുപതിനായിരവും 2020-ൽ നാൽപതിനായിരവും കടന്നു. 2021ൽ ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് 1,21,318 പേർ ഫുൾ എ-പ്ലസ് നേടി. 2024-ൽ 71,831 പേർക്കാണ് ഫുൾ എ പ്ലസ് ലഭിച്ചത്.

2005 മാർച്ചിലാണ് എസ്എസ്എൽസി പരീക്ഷ പുതിയ സമ്പ്രദായത്തിലേക്ക് മാറിയത്. അന്ന് 58.49% ആയിരുന്നു വിജയം. 2008-ഓടെ അത് 92.09% ആയി. പിന്നീടൊരിക്കലും എസ്എസ്എൽസി റിസൾട്ട് 90%ത്തിന് താഴേക്ക് പോയിട്ടില്ല.

വിജയശതമാനത്തിലും എല്ലാ വിഷയത്തിലും എ-പ്ലസ് നേടുന്നവരുടെ എണ്ണത്തിലും ക്രമാനുഗതമായ മുന്നേറ്റം ഉണ്ടായിട്ടുണ്ട് എന്നതും അത് അവിശ്വസനീയമായ ഉയരങ്ങളിൽ എത്തിയിട്ടുണ്ട് എന്നതും വസ്തുത തന്നെയാണ്. ഇതിൽ CE-ക്ക് കിട്ടുന്ന സ്കോറും ഗ്രേസ് മാർക്കിനായി നടക്കുന്ന പല അഭ്യാസങ്ങളും സ്ക്രൈബിനെ വെച്ച് എഴുതുന്ന കുട്ടികളുടെ എണ്ണത്തിലുണ്ടായ പെരുപ്പവുമൊക്കെ പങ്കു വഹിക്കുന്നുണ്ടെന്ന നിരീക്ഷണങ്ങൾ പൂർണമായും തള്ളാവുന്നവയല്ല. എഴുത്തുപരീക്ഷയുടെ ചോദ്യങ്ങളിൽ ആദ്യകാലങ്ങളിൽ വിശകലനത്തിനും വിമർശനത്തിനും വിലയിരുത്തലിനും പ്രയോഗത്തിനുമൊക്കെ നല്ല പ്രാധാന്യമുണ്ടായിരുന്നു. പിന്നീടത് കുറഞ്ഞതും മനഃപ്പാഠത്തിലേക്ക് പോയതും റിസൽട്ട് കുതിച്ചുയരുന്നതിന് കാരണമായിട്ടുണ്ടാകാം. ഇതോടൊപ്പം പൊതുവിദ്യാഭ്യാസം മെച്ചപ്പെടുത്താനായി സർക്കാരുകളും ജനപ്രതിനിധികളും പൊതുസമൂഹവും നടത്തുന്ന ഇടപെടലുകളും റിസൽട്ടുയരാൻ കാരണമായിട്ടുണ്ട് എന്നത് നിസ്തർക്കമാണ്.

ആദ്യത്തെ ഒന്നോ രണ്ടോ വർഷം CE ഇനങ്ങളിൽ കുട്ടികളുടെ കഴിവുകൾ വസ്തുനിഷ്ഠമായി വിലയിരുത്തി സ്കോർ നൽകുന്ന സ്ഥിതിയുണ്ടായിരുന്നു. പിന്നീട് സ്കൂൾ ഭേദമില്ലാതെ എല്ലാവർക്കും എല്ലാ വിഷയങ്ങളിലും 20-ൽ 20 സ്കോർ നൽകുന്നതിലേക്ക് അത് എത്തിപ്പെട്ടു. വിദ്യാഭ്യാസത്തിലൂടെ കുട്ടികൾ നേടുന്ന കലാപരവും കായികപരവും മറ്റുമായ കഴിവുകൾക്ക് വെയിറ്റേജ് നൽകുക എന്ന നിലയിലാണ് ഗ്രേസ് മാർക്ക് സമ്പ്രദായം വന്നത്. എന്നാലത് ക്രമേണ, ലക്ഷങ്ങൾ മുടക്കാൻ ശേഷിയുള്ള സ്കൂളുകൾക്കും കുട്ടികൾക്കും മുന്നിലെത്താനുള്ള മാർഗമായി മാറിയതോടെ ഗ്രേസ് മാർക്കിന്റെ ഔചിത്യവും ചോദ്യം ചെയ്യപ്പെട്ടു തുടങ്ങി. വർഷംതോറും വിജയശതമാനം ഉയർത്തുന്നതിൽ മാത്രം ശ്രദ്ധവെക്കുകയും അത് തങ്ങളുടെ മികവു കൊണ്ടാണെന്ന് ഊറ്റം കൊള്ളുകയും ചെയ്യുന്ന ഭരണാധികാരികളും ഉദ്യോഗസ്ഥ മേലാളരും ഇത്തരം അപചയങ്ങളെ ഇക്കാലമത്രയും കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. സമാനമായ സാഹചര്യം സി ബി.എസ്.ഇ, ഐ.സി.എസ്.ഇ വിദ്യാലയങ്ങളിലും ഉണ്ടെന്ന് വാദിക്കാമെങ്കിലും അതൊന്നും ഈവിധ അസംബന്ധങ്ങൾ തുടരുന്നതിന് ന്യായമാവരുത്.

എഴുത്തുപരീക്ഷയുടെ ചോദ്യങ്ങളിൽ ആദ്യകാലങ്ങളിൽ വിശകലനത്തിനും വിമർശനത്തിനും വിലയിരുത്തലിനും പ്രയോഗത്തിനുമൊക്കെ നല്ല പ്രാധാന്യമുണ്ടായിരുന്നു. പിന്നീടത് കുറഞ്ഞതും മനഃപ്പാഠത്തിലേക്ക് പോയതും റിസൽട്ട് കുതിച്ചുയരുന്നതിന് കാരണമായിട്ടുണ്ടാകാം.
എഴുത്തുപരീക്ഷയുടെ ചോദ്യങ്ങളിൽ ആദ്യകാലങ്ങളിൽ വിശകലനത്തിനും വിമർശനത്തിനും വിലയിരുത്തലിനും പ്രയോഗത്തിനുമൊക്കെ നല്ല പ്രാധാന്യമുണ്ടായിരുന്നു. പിന്നീടത് കുറഞ്ഞതും മനഃപ്പാഠത്തിലേക്ക് പോയതും റിസൽട്ട് കുതിച്ചുയരുന്നതിന് കാരണമായിട്ടുണ്ടാകാം.

റിസൾട്ടിനായുള്ള സമ്മർദങ്ങൾ

ആ നിലയ്ക്ക് വിദ്യാഭ്യാസ വകുപ്പ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന പരീക്ഷാ പരിഷ്കാരം മൂല്യനിർണയത്തിന്റെ സമഗ്രമായ പൊളിച്ചെഴുത്തിന് കാരണമാവുമെങ്കിൽ അത് തീർച്ചയായും സ്വാഗതം ചെയ്യപ്പെടണം. എന്നാൽ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന പരിഷ്കരണം നിലവിലുള്ള മൂല്യനിർണയ സമ്പ്രദായത്തെ സംബന്ധിച്ച ഒരു പഠനത്തിന്റെയോ ആഴത്തിലുള്ള വിലയിരുത്തലിന്റെയോ അടിസ്ഥാനത്തിൽ ഉണ്ടായതാണെന്ന് തോന്നുന്നില്ല. അങ്ങനെയായിരുന്നുവെങ്കിൽ അത് ഇതിനകം ചർച്ചയ്ക്ക് വരേണ്ടതായിരുന്നു. പക്ഷേ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത് SSLC-യെ മാത്രം ബാധിക്കുന്ന ഒരു കാര്യമാണ്. അതിൽ തന്നെ എഴുത്തുപരീക്ഷയ്ക്ക് മിനിമം മാർക്ക് ഏർപ്പെടുത്തുന്നതിലാണ് ഊന്നൽ. CE-യെക്കുറിച്ച കൂട്ടത്തിൽ പറയുന്നുണ്ടെങ്കിലും അതൊരു ഒഴുക്കൻ പ്രസ്താവന മാത്രമായാണ് അനുഭവപ്പെടുന്നത്.

വിദ്യാഭ്യാസത്തിലൂടെ കുട്ടികൾ നേടുന്ന കലാപരവും കായികപരവും മറ്റുമായ കഴിവുകൾക്ക് വെയിറ്റേജ് നൽകുക എന്ന നിലയിലാണ് ഗ്രേസ് മാർക്ക് സമ്പ്രദായം വന്നത്. എന്നാലത് ക്രമേണ, ലക്ഷങ്ങൾ മുടക്കാൻ ശേഷിയുള്ള സ്കൂളുകൾക്കും കുട്ടികൾക്കും മുന്നിലെത്താനുള്ള മാർഗമായി മാറിയതോടെ ഗ്രേസ് മാർക്കിന്റെ ഔചിത്യവും ചോദ്യം ചെയ്യപ്പെട്ടു തുടങ്ങി.

എഴുത്തുപരീക്ഷയ്ക്ക് മിനിമം മാർക്ക് വ്യവസ്ഥ ഏർപ്പെടുത്തുന്നതോടെ കുട്ടികൾ കൂടുതൽ നന്നായി പഠിക്കുമെന്നും സ്കൂളുകൾ ഇപ്പോഴത്തേതിലും ഉണർന്ന് പ്രവർത്തിക്കുമെന്നും അത് പൊതുവിദ്യാഭ്യാസത്തിന്റെ നിലവാരം ഉയർത്തുമെന്നുമുള്ള തീർത്തും ബാലിശമായ ഒരു കാഴ്ചപ്പാടാണ് ഇത് ആവിഷ്കരിച്ചവർക്ക് ഉള്ളതെന്നു തോന്നുന്നു. ഇരുപത്തഞ്ചു വർഷത്തിലേറെയായി ഇടതുപക്ഷം മുന്നോട്ടു കൊണ്ടു പോകുന്ന വിദ്യാഭ്യാസ സമീപനത്തിനോ അതിന്റെ തുടർച്ചയെന്നോണം ഈ വർഷം മുതൽ നടപ്പിലാക്കുന്ന പുതിയ കരിക്കുലത്തിന്റെ അന്ത:സത്തയ്ക്കോ നിരക്കാത്ത ഒരു പരിഷ്കാരം, മാധ്യമങ്ങളിലൂടെയും മറ്റും പലരും പലതും പറയുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ മാത്രം നടപ്പിലാക്കാൻ പോകുന്നതിനെ, കെ.എസ്.ടി.എയും ശാസ്ത്രസാഹിത്യ പരിഷത്തും മറ്റും എതിർക്കുന്നതിൽ ഒരത്ഭുതവുമില്ല.

കഴിഞ്ഞ കുറേ വർഷങ്ങളായി റിസൽട്ടിനായി ചെലുത്തിയ സമ്മർദത്തിന്റെ ഫലമായി വിദ്യാഭ്യാസ പ്രക്രിയയുടെ അടിസ്ഥാന ലക്ഷ്യങ്ങളിൽ നിന്നും തത്ത്വങ്ങളിൽ നിന്നും നാം എത്രയോ അകന്നുവെന്ന വസ്തുത വിദ്യാഭ്യാസ വകുപ്പിനെ അലട്ടുന്നതായി തോന്നുന്നില്ല. പത്താം തരത്തിലെ റിസൽട്ട് മെച്ചപ്പെടുത്തുകയെന്ന ഒറ്റ അജണ്ടയിലേക്ക് സെക്കണ്ടറി വിദ്യാഭ്യാസമാകെ കേന്ദ്രീകരിച്ചതോടെ ഒമ്പതാം ക്ലാസ് തൊട്ടുതന്നെ പഠനം പരീക്ഷാകേന്ദ്രിതവും അധ്യാപകകേന്ദ്രിതവും പാഠപുസ്തക കേന്ദ്രിതവുമായി മാറിയിട്ടുണ്ട്. യാന്ത്രികമായ പഠിപ്പിക്കലും മനപ്പാഠമാക്കലും ട്യൂഷനും ക്ലാസ്റൂം പ്രക്രിയയെ അട്ടിമറിച്ചു. പ്രക്രിയാധിഷ്ഠിത പഠനം കൂടാതെ തന്നെ വൻവിജയം നേടാമെന്നായപ്പോൾ ക്ലാസ് മുറികളിൽ ഇല്ലാതായത് ജ്ഞാന നിർമിതിയാണ്. ഇതിന് അധ്യാപകരെയോ സ്കൂളുകളെയോ മാത്രമായി കുറ്റപ്പെടുത്തുന്നതിൽ അർഥമില്ല.

പത്താം തരത്തിലെ റിസൽട്ട് മെച്ചപ്പെടുത്തുകയെന്ന ഒറ്റ അജണ്ടയിലേക്ക് സെക്കണ്ടറി വിദ്യാഭ്യാസമാകെ കേന്ദ്രീകരിച്ചതോടെ ഒമ്പതാം ക്ലാസ് തൊട്ടുതന്നെ പഠനം പരീക്ഷാകേന്ദ്രിതവും അധ്യാപകകേന്ദ്രിതവും പാഠപുസ്തക കേന്ദ്രിതവുമായി മാറിയിട്ടുണ്ട്. യാന്ത്രികമായ പഠിപ്പിക്കലും മനപ്പാഠമാക്കലും ട്യൂഷനും ക്ലാസ്റൂം പ്രക്രിയയെ അട്ടിമറിച്ചു. പ്രക്രിയാധിഷ്ഠിത പഠനം കൂടാതെ തന്നെ വൻവിജയം നേടാമെന്നായപ്പോൾ ക്ലാസ് മുറികളിൽ ഇല്ലാതായത് ജ്ഞാന നിർമിതിയാണ്.
പത്താം തരത്തിലെ റിസൽട്ട് മെച്ചപ്പെടുത്തുകയെന്ന ഒറ്റ അജണ്ടയിലേക്ക് സെക്കണ്ടറി വിദ്യാഭ്യാസമാകെ കേന്ദ്രീകരിച്ചതോടെ ഒമ്പതാം ക്ലാസ് തൊട്ടുതന്നെ പഠനം പരീക്ഷാകേന്ദ്രിതവും അധ്യാപകകേന്ദ്രിതവും പാഠപുസ്തക കേന്ദ്രിതവുമായി മാറിയിട്ടുണ്ട്. യാന്ത്രികമായ പഠിപ്പിക്കലും മനപ്പാഠമാക്കലും ട്യൂഷനും ക്ലാസ്റൂം പ്രക്രിയയെ അട്ടിമറിച്ചു. പ്രക്രിയാധിഷ്ഠിത പഠനം കൂടാതെ തന്നെ വൻവിജയം നേടാമെന്നായപ്പോൾ ക്ലാസ് മുറികളിൽ ഇല്ലാതായത് ജ്ഞാന നിർമിതിയാണ്.

സംഭവിക്കാൻ പോകുന്നത്

പത്താം ക്ലാസിലെ എഴുത്തുപരീക്ഷയ്ക്ക് ഓരോ വിഷയത്തിനും ചുരുങ്ങിയത് 30% മാർക്ക് വേണമെന്ന് നിർബന്ധിച്ചാൽ എന്താണ് സംഭവിക്കുക? ദുർബലമായിത്തീർന്ന പ്രക്രിയാധിഷ്ഠിത പഠനം തിരിച്ചുവരുമോ? നിരന്തര വിലയിരുത്തൽ ശക്തിപ്പെടുമോ? സെമിനാറും അസൈൻമെന്റും പോലുള്ള പഠനരീതികളുടെ ഗുണഫലങ്ങൾ കൂടുതലായി കുട്ടികൾക്ക് കിട്ടുമോ? ഇല്ലെന്നു മാത്രമല്ല, ഇന്ന് 10% മാർക്ക് എഴുത്തുപരീക്ഷയിൽ നേടിയെടുക്കാൻ വേണ്ടി നടത്തുന്ന എല്ലാ അഭ്യാസങ്ങളും പതിന്മടങ്ങ് ശക്തിപ്പെടുത്താൻ അധ്യാപകരും കുട്ടികളും രക്ഷിതാക്കളും നിർബന്ധിതരാവുകയാണ് ചെയ്യുക. 30% മാർക്ക് എല്ലാവർക്കും നേടിക്കൊടുക്കുന്നതിനുള്ള കോച്ചിംഗ് സെന്ററുകളായി സ്കൂളുകൾ അധ:പതിക്കും.

തെറ്റായ പൊതുബോധത്തിന് കീഴടങ്ങുകയല്ല മറിച്ച്, ശരിയായ കാഴ്ചപ്പാട് വികസിപ്പിച്ച് അത് സമൂഹത്തിൽ പ്രചരിപ്പിച്ച് സധൈര്യം മുന്നോട്ടു പോവുകയാണ് സംസ്ഥാനസർക്കാർ ചെയ്യേണ്ടത്.

ഇങ്ങനെ നേടുന്ന മിനിമം മാർക്ക് ഒരിക്കലും തന്നെ ഗുണതയുടെ (Quality) പ്രതിഫലനമല്ലെന്ന് നമ്മുടെ വിദ്യാഭ്യാസമന്ത്രിക്ക് അക്കാദമിക ഉപദേശം നൽകുന്നവർക്ക് തിരിച്ചറിയാൻ കഴിയുന്നില്ല എന്നതാണ് ഏറ്റവും വലിയ ദുരന്തം. TE-യിൽ മിനിമം 30% നേടേണ്ട കുട്ടികൾ ആരാണെന്ന് സർക്കാർ പരിശോധിച്ചിട്ടുണ്ടോ? ഇന്ന് സി ഗ്രേഡും ഡി പ്ലസ് ഗ്രേഡും നേടി വിജയിക്കുന്ന കുട്ടികളാണ് ഈ ഗ്രൂപ്പിൽ വരിക. അവരുടെ മേലാണ് ഈ അധികസമ്മർദം ഏറ്റവുമേറെ പ്രവർത്തിക്കാൻ പോകുന്നത്. കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയെടുത്ത് പരിശോധിച്ചാൽ ഏതെങ്കിലും വിഷയത്തിൽ സി ഗ്രേഡും ഡി പ്ലസ് ഗ്രേഡും നേടിയവർ 28.08% വരും. പൊതുവിഭാഗത്തിലെ 16% കുട്ടികളേ ഇതിൽ പെടുന്നുള്ളൂ. എന്നാൽ എസ്.ടി വിഭാഗത്തിലെ 62.5%വും എസ്.സിയിലെ 45.6%വും ഒ.ഇ.സിയിലെ 32.4%വും ഒ.ബി.സിയിലെ 27.5%വും ഈ തട്ടിലാണ് ഇപ്പോഴുള്ളത്.

സ്കൂളിന്റെയും മറ്റു പലരുടെയും അഭിമാനം സംരക്ഷിക്കാൻ വേണ്ടിയുള്ള കഠിനമുറകൾ ഈ വിഭാഗത്തിന്റെ മേലാണ് കൂടുതലായി പ്രയോഗിക്കപ്പെടുക. പിന്നാക്കം നിൽക്കുന്നവരുടെ പഠനനിലവാരം ഉയർത്തണമെന്ന കാര്യത്തിൽ പക്ഷാന്തരമില്ല. അവർക്ക് മുപ്പതോ അമ്പതോ ശതമാനം നേടിക്കൊടുക്കാനാവുമെങ്കിൽ സന്തോഷമേയുള്ളൂ. എന്നാൽ വിമർശകർക്കൊപ്പം വിദ്യാഭ്യാസയന്ത്രവും ഒന്നിനും കൊള്ളാത്തവരെന്ന് അധിക്ഷേപിക്കുന്ന ഈ കുട്ടികൾക്ക് 10% സ്കോറെങ്കിലും നേടിക്കൊടുക്കുന്നതിന് സ്കൂളുകൾ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ അധികൃതർ വിലയിരുത്തിയിട്ടുണ്ടോ? എന്തു കൊണ്ട് ഈ കുട്ടികൾ ക്ലാസ് മുറികളിൽ പിന്നാക്കം പോയത് എന്ന് പരിശോധിച്ചിട്ടുണ്ടോ?

വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി
വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി

താഴെത്തട്ടിലുള്ള ക്ലാസുകളിൽ വെച്ച് ഇവരുടെ ആത്മവിശ്വാസവും കഴിവും ഉയർത്തുന്ന രീതിയിലൊന്നും ഇടപെടാതെ, പത്താം ക്ലാസിൽ വെച്ച് ഏതോ മാന്ത്രികവിദ്യയിലൂടെ ഇവരുടെ സ്കോർ മൂന്നിരട്ടിയാക്കി ഉയർത്തുമെന്ന് പറയുന്നതിലെ യാഥാർഥ്യ ബോധമില്ലായ്മയെ ചോദ്യം ചെയ്യേണ്ടതുണ്ട്. 2006-ലെ SSLC പരീക്ഷയിൽ 33% മാത്രം റിസൽട്ട് നേടിയ 104 സ്കൂളുകളെ മുന്നിലെത്തിക്കാൻ അവിടുത്തെ കുട്ടികളുടെ സാമൂഹ്യ - സാമ്പത്തിക - കുടുംബ പശ്ചാത്തലമെല്ലാം പഠിച്ച് ജനപങ്കാളിത്തത്തോടെ ഒരു സമഗ്രപദ്ധതി നടപ്പിലാക്കി വിജയിച്ച മുൻ ഇടതുസർക്കാരിന്റെ മാതൃക ഇതിനായി പ്രയോജനപ്പെടുത്തുമോ? കഴിഞ്ഞ ഇടതുസർക്കാരിന്റെ കാലത്ത് ‘ഓരോ കുട്ടിയും ഓരോ യൂണിറ്റാ’ണെന്ന് പറഞ്ഞതിനെ പ്രയോഗപഥത്തിൽ കൊണ്ടുവരുമോ? പരീക്ഷയിൽ തോൽക്കുന്ന വിദ്യാർഥികളെ രണ്ടാഴ്ച കൊണ്ട് മിനിമം നേടാൻ പ്രാപ്തമാക്കുമെന്ന് പറയുന്ന വിദ്യാഭ്യാസവകുപ്പ് എന്ത് അത്ഭുതമാണ് അതിനായി കരുതിവെച്ചിരിക്കുന്നത് എന്നറിയാൻ താത്പര്യമുണ്ട്.

യഥാർഥത്തിൽ ചെയ്യേണ്ടത്

പൊതുവിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം വർധിപ്പിക്കാൻ ലക്ഷ്യംവെച്ച് സർക്കാർ മുന്നോട്ടുപോകുന്നതിൽ സന്തോഷമേയുള്ളൂ. പക്ഷെ ഗുണനിലവാരം എന്നത് ഞെക്കിപ്പഴുപ്പിച്ച് ഉണ്ടാക്കുന്ന കുറച്ച് മാർക്കാണെന്ന് തെറ്റിദ്ധരിക്കുന്നിടത്താണ് കുഴപ്പം. യഥാർഥ ഗുണനിലവാരമാണ് ലക്ഷ്യമെങ്കിൽ, പുതിയ നൂറ്റാണ്ടിലെ അതിജീവനശേഷികളായി ഇതിനകം തിരിച്ചറിയപ്പെട്ടിട്ടുള്ള ആശയവിനിമയ ശേഷി (Communication Skill), ചേർന്നു പ്രവർത്തിക്കൽ (Collaboration), വിമർശനാത്മക ചിന്ത (Critical Thinking), പ്രശ്നപരിഹരണം (Problem Solving), സർഗാത്മകത (Creativity) തുടങ്ങിയ ശേഷികൾ വളരാൻ ഉതകുന്ന രീതിയിലേക്ക് സ്കൂൾ പഠനത്തെ പരിവർത്തിപ്പിക്കണം. സ്വയവും പരസ്പരവും വിലയിരുത്തി മെച്ചപ്പെടുന്നതിൽ കുട്ടികൾക്കുള്ള പ്രാവീണ്യം വർധിപ്പിക്കണം. ഭാഷകൾ ഉപയോഗിക്കുന്നതിൽ അവർക്ക് പരിമിതികൾ ഉണ്ടെങ്കിൽ അത് പരിഹരിക്കുന്നതിനുള്ള ആത്മാർഥമായ ഇടപെടലുകളുണ്ടാവണം. എല്ലാ വിഷയത്തിലും എല്ലാ കുട്ടികൾക്കും നല്ല ആശയാടിത്തറ ഉണ്ടാവാൻ ലക്ഷ്യമിടണം. കൂട്ടായ പഠനത്തിന്റെ സാമൂഹികവും സാംസ്കാരികവുമായ മാനങ്ങളെ ഉപയോഗപ്പെടുത്തണം. വിമർശനാത്മക ചിന്തയിലേക്കും ശാസ്ത്രീയമായ മനോഭാവത്തിലേക്കും മികച്ച പൗരബോധത്തിലേക്കും മറ്റും അവരെ ഉയർത്താൻ കഴിയണം.

2006-ലെ SSLC പരീക്ഷയിൽ 33% മാത്രം റിസൽട്ട് നേടിയ 104 സ്കൂളുകളെ മുന്നിലെത്തിക്കാൻ അവിടുത്തെ കുട്ടികളുടെ സാമൂഹ്യ - സാമ്പത്തിക - കുടുംബ പശ്ചാത്തലമെല്ലാം പഠിച്ച് ജനപങ്കാളിത്തത്തോടെ ഒരു സമഗ്രപദ്ധതി നടപ്പിലാക്കി വിജയിച്ച മുൻ ഇടതുസർക്കാരിന്റെ മാതൃക ഇതിനായി പ്രയോജനപ്പെടുത്തുമോ?

2024-ലെ പാഠ്യപദ്ധതി രൂപരേഖയിൽ ഈ സർക്കാർ തന്നെ മുന്നോട്ടുവെച്ചിട്ടുള്ള ജ്ഞാന നിർമിതിയും വിമർശനാത്മകമായ പഠനപ്രക്രിയകളും പ്രാവർത്തികമാക്കണം. പഠനത്തോളം തന്നെ പ്രധാനമാണ് വിലയിരുത്തലും. അത് പഠനത്തിനൊപ്പം തന്നെ ക്ലാസ് മുറികളിൽ നടക്കണം. അതിലൂടെയുണ്ടാവുന്ന തിരിച്ചറിവുകൾ പഠനം കൂടുതൽ ഫലവത്താക്കുന്നതിനായി പ്രയോജനപ്പെടുത്തണം. എഴുത്തു പരീക്ഷയ്ക്കൊപ്പം വിഭിന്നങ്ങളായ വിലയിരുത്തൽ രീതികൾ സ്വാഭാവികമായ രീതിയിൽ നടപ്പിലാക്കപ്പെടണം. അതിനായി ആന്തരിക വിലയിരുത്തലിനെ കൂടുതൽ മെച്ചപ്പെടുത്തണം.

ഓരോ കുട്ടിക്കും തനിക്ക് താത്പര്യമുള്ള മേഖലകളിൽ കഴിവുകൾ വികസിപ്പിക്കാനും അവ മൂല്യനിർണയം ചെയ്യപ്പെടുന്നുവെന്ന് ഉറപ്പാക്കാനും കഴിയണം. ഇവയെല്ലാം തന്നെ സാമ്പത്തികമോ സാമൂഹികമോ ശാരീരികമോ മാനസികമോ ആയ സാഹചര്യങ്ങളാൽ ചില കുട്ടികൾക്ക് കിട്ടാതെ പോകുന്നതിനെ ഗൗരവപൂർവം കണക്കിലെടുക്കണം. ഗുണനിലവാരം എല്ലാവർക്കും പ്രാപ്യമാക്കുന്നതിലെ രാഷ്ട്രീയം തിരിച്ചറിഞ്ഞ് പ്രവർത്തിക്കണം. ഗുണതയും തുല്യതയും ഒത്തുപോകുന്നതല്ല എന്ന വ്യാപകമായ ധാരണയെ ചോദ്യം ചെയ്യണം. ഉൾച്ചേർക്കുന്ന വിദ്യാഭ്യാസത്തിനായി നിലകൊള്ളണം. കുറേപ്പേർ തോറ്റാലേ ഒരു പരീക്ഷ നല്ല പരീക്ഷയാകുകയുള്ളൂ എന്നും സമൂഹത്തിൽ താഴെക്കിടയിൽ നിൽക്കുന്നവർ തോറ്റുപുറത്താകുമ്പോഴേ വിദ്യാഭ്യാസത്തിന് അതിന്റെ മികവ് കൈവരിക്കാനാവൂ എന്നുമുള്ള വരേണ്യചിന്തകളെ എതിർത്തു കൊണ്ടേ ജനപക്ഷ വിദ്യാഭ്യാസത്തിന് മുന്നേറാനാവൂ.

ഇതല്ല ഫിൻലണ്ട് മാതൃക

ഇത്തരം കാര്യങ്ങളിൽ ഗൗരവപൂർണമായ ആലോചനകൾ എത്രമാത്രം നടക്കുമെന്ന കാര്യത്തിൽ സംശയമുണ്ട്. 2024 നവംബറിൽ നടക്കാൻ പോകുന്ന National Achievement Survey (NAS)-യിൽ ഉയർന്ന സ്കോർ നേടുന്നതിനായി തയ്യാറെടുക്കാൻ സ്കൂളുകളോട് നിർദേശിച്ചു കൊണ്ടുള്ള ഒരു സർക്കുലർ കഴിഞ്ഞ ദിവസം ഇറങ്ങിയിട്ടുണ്ട്. ഇതൊരു സാമ്പിൾ സർവേയാണെന്നും കോച്ചിങ്ങിലൂടെ പെരുപ്പിച്ചു കാട്ടേണ്ട ഒന്നല്ല യഥാർഥ ഗുണനിലവാരമെന്നും ഈ സർക്കുലർ ഇറക്കിയവർ മനസ്സിലാക്കിയതായി തോന്നുന്നില്ല.

NAS-ന്റെ ഭാഗമായി റാന്റമായി തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് ഒരു പരീക്ഷ നടത്തും. സ്വയം തിരിച്ചറിയാൻ സംസ്ഥാനങ്ങൾ സത്യസന്ധമായി പ്രയോജനപ്പെടുത്തേണ്ട ഒന്നാണ് NAS. ഇതിൽ ഉയർന്ന സ്കോർ നേടി ദേശീയതലത്തിൽ മികവു കാട്ടാൻ 3,6,9 ക്ലാസുകളിൽ ഇനിയങ്ങോട്ട് കോച്ചിങ്ങും പരീക്ഷാപരമ്പരകളും നടത്തണമെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ വർഷം രാജസ്ഥാനും പഞ്ചാബും ഇങ്ങനെ ചെയ്ത് ‘ഗുണനിലവാരം’ ഉണ്ടാക്കിയതിന്റെ കഥകൾ പുറത്തുവന്നതാണ്. ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന്റെ ബദൽ മാതൃക നടപ്പിലാക്കുന്നുവെന്ന് അവകാശപ്പെടുന്ന കേരളം ഈ രീതിയിലാണോ ഈ സർവെയെ സമീപിക്കേണ്ടത്? സ്കൂളുകളിലെ പൊതുവായ പഠനനിലവാരം ഉയർത്താൻ മിനിമം മാർക്ക് കൂട്ടിയാൽ മതിയെന്ന കണ്ടെത്തലും ഇതേ ഉറവിടത്തിൽ നിന്ന് ഉണ്ടായതാവണം.

സ്കൂൾ വിദ്യാഭ്യാസത്തിൽ സാമ്പ്രദായികമായ പരീക്ഷകൾ ഏൽപ്പിക്കുന്ന പരിക്കുകളെ നന്നായി തിരിച്ചറിഞ്ഞ ഒരു രാജ്യമുണ്ട്. നാം നടത്തുന്ന ടേം, വാർഷിക പരീക്ഷകൾ അവർ പൂർണമായും ഒഴിവാക്കി. പന്ത്രണ്ടാം ക്ലാസിന്റെ ഒടുവിൽ മാത്രം പൊതുപരീക്ഷ നടത്തി. തൽസമയ വിലയിരുത്തൽ വഴി കുട്ടികളുടെ പഠനപ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കിക്കൊണ്ട് വിദ്യാഭ്യാസ നിലവാരം ഉയർത്താനാവുമെന്ന് ലോകത്തിന്റെ മുമ്പിൽ തെളിയിച്ചു. പലരും കേട്ടിട്ടുള്ളതുപോലെ ഫിൻലന്റ് ആണ് ആ രാജ്യം. അവിടുത്തെ വിദ്യാഭ്യാസരീതി ഇവിടെ കൊണ്ടുവരുമെന്ന് പറഞ്ഞ് അത് പഠിക്കാനിറങ്ങിയവരാണ് ഇന്നത്തെ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്. പഠിച്ചുപഠിച്ച് അവർ എവിടെ വരെയെത്തിയെന്ന് നാം കണ്ടുകൊണ്ടിരിക്കുന്നു. കുറെ വമ്പൻ പ്രഖ്യാപനങ്ങൾ നടത്തിയും ഗംഭീരമായ രേഖകൾ തയ്യാറാക്കി അലമാരയിൽ വെച്ചും എത്രകാലം നമുക്ക് മുമ്പോട്ടുപോകാനാവും?

2024 നവംബറിൽ നടക്കാൻ പോകുന്ന National Achievement Survey (NAS)-യിൽ ഉയർന്ന സ്കോർ നേടുന്നതിനായി തയ്യാറെടുക്കാൻ സ്കൂളുകളോട് നിർദേശിച്ചു കൊണ്ടുള്ള ഒരു സർക്കുലർ കഴിഞ്ഞ ദിവസം ഇറങ്ങിയ ഉത്തരവ്
2024 നവംബറിൽ നടക്കാൻ പോകുന്ന National Achievement Survey (NAS)-യിൽ ഉയർന്ന സ്കോർ നേടുന്നതിനായി തയ്യാറെടുക്കാൻ സ്കൂളുകളോട് നിർദേശിച്ചു കൊണ്ടുള്ള ഒരു സർക്കുലർ കഴിഞ്ഞ ദിവസം ഇറങ്ങിയ ഉത്തരവ്

പത്താം ക്ലാസ് റിസൽട്ട് എന്നതിന് പ്ലസ് വൺ പ്രവേശനത്തിനുള്ള അടിസ്ഥാനം മാത്രമേ ഇന്നുള്ളൂ എന്നത് നാമെന്തേ മറക്കുന്നു? യഥാർഥത്തിൽ, ഗുണമേന്മയുള്ള വിദ്യാഭ്യാസം എല്ലാ വിദ്യാർഥികളുടെയും അവകാശമെന്ന ലക്ഷ്യമാണ് നമ്മെ നയിക്കേണ്ടത്. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം എന്താണ്, ആ ലക്ഷ്യത്തിലെത്താനുള്ള മാർഗം ഏതാണ്, ഇക്കാര്യത്തിൽ ഇതിനകം നേടിയ മുന്നേറ്റങ്ങൾ എത്രത്തോളമാണ്, ഇനി ചെയ്യാനുള്ളത് എന്തൊക്കെയാണ് എന്ന രീതിയിലുള്ള ഒരു പരിശോധനായിരുന്നു സർക്കാർ നടത്തേണ്ടിയിരുന്നത്. അതിന് ഉതകുന്ന ഒട്ടേറെ നിർദ്ദേശങ്ങളുമായി പുറത്തിറങ്ങിയ ഖാദർ കമ്മിറ്റി റിപ്പോർട്ട് സർക്കാരിന്റെ മുമ്പിലുണ്ട്. ആ റിപ്പോർട്ട് തത്വത്തിൽ അംഗീകരിച്ച സർക്കാരാണ് മിനിമം മാർക്ക് നടപ്പിലാക്കിക്കൊണ്ട് ഗുണനിലവാരം ഉറപ്പാക്കുമെന്ന് പറയുന്നത്.

ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന്റെ ബദൽ മാതൃക നടപ്പിലാക്കുന്നുവെന്ന് അവകാശപ്പെടുന്ന കേരളം ഈ രീതിയിലാണോ ഈ സർവെയെ സമീപിക്കേണ്ടത്? സ്കൂളുകളിലെ പൊതുവായ പഠനനിലവാരം ഉയർത്താൻ മിനിമം മാർക്ക് കൂട്ടിയാൽ മതിയെന്ന കണ്ടെത്തലും ഇതേ ഉറവിടത്തിൽ നിന്ന് ഉണ്ടായതാവണം.

നമ്മുടെ ഭരണനേതൃത്വവും അവർക്ക് ഉപദേശം നൽകുന്നവരും വിദ്യാഭ്യാസത്തിന്റെ വിശാലലക്ഷ്യം മറന്ന്, എളുപ്പവഴിയിൽ ക്രിയചെയ്യാൻ ശ്രമിക്കുകയാണ്. 1997-98ൽ ആരംഭിച്ച പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ കടയ്ക്കൽ കത്തിവെക്കുന്നതിന് തുല്യമാണിത്. സാമൂഹ്യ സമ്മർദ്ദങ്ങളെ കണ്ടില്ലെന്ന് നടിക്കണമെന്ന് പറയുന്നില്ല. വിമർശനങ്ങൾ ഉയരുമ്പോൾ അതിന്റെ വസ്തുതകൾ പഠിക്കുകയും ശരിയെങ്കിൽ ഉൾക്കൊള്ളുകയും ചെയ്യുന്നതിൽ തെറ്റില്ല. പക്ഷേ ചെയ്യുന്ന കാര്യങ്ങൾക്ക് സാമൂഹികവും അക്കാദമികവുമായ ആന്തരികയുക്തികൾ വേണം. യാതൊരു പഠനവും നടത്താതെ, ഇപ്പോഴത്തെ കുട്ടികൾക്ക് ഒന്നും അറിയില്ലെന്നും, അറിവുണ്ടാക്കാൻ വ്യവഹാരവാദം മുന്നോട്ടുവെച്ച യാന്ത്രികമായ രീതികൾ തിരിച്ചുകൊണ്ടുവരികയാണ് വേണ്ടതെന്നും ഒരു ഇടതു സർക്കാർ പറയുന്നത് കടന്നകൈയാണ്. പാഠ്യപദ്ധതിയെയും വിദ്യാഭ്യാസ ഗുണനിലവാരത്തെയും കുറിച്ച് തത്പരകക്ഷികൾ നടത്തുന്ന തെറ്റായ പ്രചരണത്തിന് സർക്കാർ മേലൊപ്പ് ചാർത്തുന്ന സ്ഥിതി ഉണ്ടാകരുത്. തെറ്റായ പൊതുബോധത്തിന് കീഴടങ്ങുകയല്ല മറിച്ച്, ശരിയായ കാഴ്ചപ്പാട് വികസിപ്പിച്ച് അത് സമൂഹത്തിൽ പ്രചരിപ്പിച്ച് സധൈര്യം മുന്നോട്ടു പോവുകയാണ് സംസ്ഥാനസർക്കാർ ചെയ്യേണ്ടത്. അതുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Summary: Kerala government to implement minimum mark to pass in school education. dr pv purushothaman reviews what to implement and what not.


ഡോ. പി.വി. പുരുഷോത്തമൻ

കണ്ണൂർ ‘ഡയറ്റി’ൽ സീനിയർ ലക്​ചററായിരുന്നു. പുരോഗമന വിദ്യാഭ്യാസ ചിന്തകർ, വിഗോട്സ്കിയും വിദ്യാഭ്യാസവും, വിമർശനാത്മക ബോധനം: സിദ്ധാന്തവും പ്രയോഗവും തുടങ്ങിയവ പ്രധാന പുസ്​തകങ്ങൾ.

Comments