മെഡിക്കൽ പ്രവേശനത്തിലെ എൻ.ആർ.ഐ ക്വാട്ടക്കെതിരെ സുപ്രീംകോടതി: ''എൻ.ആർ.ഐ ക്വാട്ട കച്ചവടം അവസാനിപ്പിക്കണം. ഇത് വൻ തട്ടിപ്പാണ്. മൂന്നിരട്ടി കൂടുതൽ മാർക്കുള്ള വിദ്യാർഥികൾക്കുപോലും പ്രവേശനം നിഷേധിക്കപ്പെടുകയാണ്. കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ ഇടപെടണം''- ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കി.
എൻ.ആർ.ഐ ക്വാട്ടയുടെ പരിധി വിപുലമാക്കിക്കൊണ്ടുള്ള പഞ്ചാബ് സർക്കാറിന്റെ വിജ്ഞാപനം റദ്ദാക്കിയ പഞ്ചാബ്- ഹരിയാന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ശരിവച്ചു. ഹൈക്കോടതി ഉത്തരവിനെതിരെ പഞ്ചാബ് സർക്കാറാണ് സുപ്രീംകോടതിയെ സമീപിച്ചത്.
എൻ.ആർ.ഐകളുടെ മക്കളെ കൂടാതെ അവരുടെ അടുത്ത ബന്ധുക്കൾക്കും എൻ.ആർ.ഐ ക്വാട്ടയിൽ പെടുത്തി സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ പ്രവേശനം അനുവദിക്കുന്ന വിജ്ഞാപനമാണ് പഞ്ചാബ് സർക്കാർ പുറത്തിറക്കിയത്. ഇതനുസരിച്ച് വിദേശത്തുള്ളവരുടെ അമ്മാവന്മാരെയും പേരക്കുട്ടികളെയും കസിനുകളെയും ക്വാട്ടയിൽ പെടുത്തി പ്രവേശനം അനുവദിക്കാൻ തീരുമാനിച്ചു. ബന്ധുക്കൾക്കെല്ലാം പ്രവേശനം അനുവദിച്ചാൽ അർഹർക്ക് മെഡിക്കൽ പ്രവേശനം നിഷേധിക്കപ്പെടുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈകോടതി വിജ്ഞാപനം റദ്ദാക്കിയത്. എൻ.ആർ.ഐ ക്വാട്ട എന്നത് വിദേശത്തുള്ളവരുടെ മക്കൾക്കുമാത്രം ബാധകമായ ഒന്നാണെന്നും കോടതി വ്യക്തമാക്കിയിരുന്നു.
ഹിമാചൽ പ്രദേശ്, യു.പി സർക്കാറുകൾ എൻ.ആർ.ഐ ക്വാട്ട പരിധി വിപുലമാക്കിയിട്ടുണ്ടെന്ന് പഞ്ചാബ് സർക്കാറിന്റെ അഭിഭാഷകൻ വാദിച്ചു. എന്നാൽ, ഇത് പണം തട്ടാനുള്ള തന്ത്രമാണെന്ന് ജസ്റ്റിസുമാരായ മനോജ് മിശ്ര, ജെ.ബി. പാർദിവാല എന്നിവരടങ്ങിയ ബെഞ്ച് തിരിച്ചടിച്ചു. ദുരുപയോഗത്തിന് വാതിലുകൾ തുറന്നുകൊടുക്കുന്ന തീരുമാനമാണ് പഞ്ചാബ് സർക്കാറിന്റേതെന്നും കോടതി വിമർശിച്ചു.
പഞ്ചാബിലെ മെഡിക്കൽ- ഡന്റൽ കോളേജുകളിൽ 185 എൻ.ആർ.ഐ ക്വാട്ട സീറ്റുകളാണുള്ളത്. ഇപ്പോൾ, സർക്കാർ- സ്വകാര്യ മെഡിക്കൽ കോളേജുകളിലുള്ള ആകെ സീറ്റുകളുടെ 15 ശതമാനമാണ് സംസ്ഥാനത്ത് എൻ.ആർ.ഐക്കാർക്ക് നൽകുന്നത്. എന്നാൽ ഇവയിലേറെയും ഒഴിഞ്ഞുകിടക്കാറാണ് പതിവ്.