അധ്യാപകർക്ക് യോഗ്യതാ പരീക്ഷയല്ല, അഭിരുചി പരീക്ഷയാണ് ആവശ്യം

“നമ്മുടെ അധ്യാപക തെരഞ്ഞെടുപ്പ് രീതികളെക്കുറിച്ച് പുനർവിചിന്തനം നടത്താനുള്ള ഒരവസരമാണ് ഇപ്പോഴുണ്ടായിരിക്കുന്ന സുപ്രീം കോടതിവിധിയിലൂടെ സംജാതമായിരിക്കുന്നത്. യോഗ്യതയുടെ കടലാസുതുണ്ടുകൾക്കപ്പുറം, ഒരു തലമുറയെ വാർത്തെടുക്കാൻ കഴിവുള്ള, പ്രതിബദ്ധതയുള്ള അധ്യാപകരെയാണ് നമുക്ക് വേണ്ടത്. അതിനുള്ള തുടക്കം അഭിരുചി നിർണ്ണയത്തിൽ നിന്നായിരിക്കണം,” രാജേഷ് എസ്. വള്ളിക്കോട് എഴുതുന്നു.

ന്ത്യയുടെ ഭാവി നിർണയിക്കുന്നത് ക്ലാസ് മുറികളാണ്. അവിടെ അറിവിൻ്റെ വെളിച്ചം പകരുന്ന അധ്യാപകസമൂഹം ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നിനെ അഭിമുഖീകരിക്കുകയാണ്. പതിറ്റാണ്ടുകളായി സേവനമനുഷ്ഠിക്കുന്ന, രാജ്യത്തെ ലക്ഷക്കണക്കിന് അധ്യാപകരെ ഒറ്റവിധിയിലൂടെ സുപ്രീംകോടതി അയോഗ്യരാക്കി മാറ്റിയിരിക്കുന്നു. വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുക എന്ന ലക്ഷ്യത്തിനുവേണ്ടിയാണ് ഈ വിധിയെന്ന് പ്രത്യക്ഷത്തിൽ തോന്നാമെങ്കിലും, അതിന്റെ പ്രായോഗികമല്ലാത്ത നിർദ്ദേശങ്ങൾ അധ്യാപകരുടെ ആത്മാഭിമാനത്തെയും തൊഴിൽപരമായ നിലനിൽപ്പിനെയും ഇല്ലാതാക്കുകയാണ്..

​ഇന്ത്യൻ വിദ്യാഭ്യാസത്തിന്റെ അടിത്തറയിളക്കാൻ ശേഷിയുള്ള ഈ വിധി കേവലം ഒരു ഉത്തരവല്ല, മറിച്ച് ഭാവിയിലെ നിയമപരമായ വെല്ലുവിളികളെപ്പോലും മുൻകൂട്ടി കണ്ട് നിർവീര്യമാക്കാൻ പാകത്തിൽ നിർമ്മിച്ച ഒരു നിയമപരമായ കോട്ടയാണ്. വിധിയുടെ കാതൽ ഇതാണ്: നിലവിൽ സർവീസിലുള്ള, അഞ്ച് വർഷത്തിൽ കൂടുതൽ സർവീസ് ബാക്കിയുള്ള എല്ലാ അധ്യാപകരും രണ്ട് വർഷത്തിനുള്ളിൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (TET) യോഗ്യത നേടിയിരിക്കണം. അല്ലാത്തപക്ഷം, നിർബന്ധിത വിരമിക്കൽ ഉൾപ്പെടെയുള്ള നടപടികൾ നേരിടേണ്ടി വരും. അഞ്ച് വർഷത്തിൽ താഴെ സർവീസ് ബാക്കിയുള്ളവർക്ക് സർവീസിൽ തുടരാൻ ടെറ്റ് നിർബന്ധമില്ലെങ്കിലും സ്ഥാനക്കയറ്റത്തിന് ഈ യോഗ്യത നിർബന്ധമാക്കിയിരിക്കുന്നു. വിദ്യാഭ്യാസ അവകാശനിയമം (RTE Act) നടപ്പിലാക്കിയപ്പോൾ അന്ന് സർവീസിലുണ്ടായിരുന്നവരെ ഈ വ്യവസ്ഥയിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഇപ്പോൾ ആ ചരിത്രപരമായ സംരക്ഷണം ഒറ്റ ഉത്തരവിലൂടെ എടുത്തുകളയുകയാണ് കോടതി ചെയ്തിരിക്കുന്നത്.

വിധിയിലെ വൈരുദ്ധ്യം: വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ മരണമണി

2009-ലെ വിദ്യാഭ്യാസ അവകാശ നിയമത്തെ സംരക്ഷിക്കുന്നതിന് പകരം പരോക്ഷമായി അതിന്റെ മരണമണി മുഴക്കുന്നതാണ് പുതിയ കോടതിവിധി. ഓരോ കുട്ടിക്കും സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം ഉറപ്പാക്കുക എന്നതാണ് നിയമത്തിന്റെ ആത്യന്തിക ലക്ഷ്യം. എന്നാൽ, പ്രായോഗികമായ ബദൽ സംവിധാനങ്ങളില്ലാതെ ലക്ഷക്കണക്കിന് അധ്യാപകരെ പിരിച്ചുവിടാൻ ഉത്തരവിടുന്നതിലൂടെ, രാജ്യത്തെ ആയിരക്കണക്കിന് സ്കൂളുകളിൽ അധ്യാപകരില്ലാത്ത അവസ്ഥ സൃഷ്ടിക്കപ്പെടും. ഇത് കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള മൗലികാവകാശത്തിന്റെ നഗ്നമായ ലംഘനത്തിലേക്ക് നയിക്കും.

വിധിയുടെ കാതൽ ഇതാണ്: നിലവിൽ സർവീസിലുള്ള, അഞ്ച് വർഷത്തിൽ കൂടുതൽ സർവീസ് ബാക്കിയുള്ള എല്ലാ അധ്യാപകരും രണ്ട് വർഷത്തിനുള്ളിൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (TET) യോഗ്യത നേടിയിരിക്കണം. അല്ലാത്തപക്ഷം, നിർബന്ധിത വിരമിക്കൽ ഉൾപ്പെടെയുള്ള നടപടികൾ നേരിടേണ്ടി വരും.
വിധിയുടെ കാതൽ ഇതാണ്: നിലവിൽ സർവീസിലുള്ള, അഞ്ച് വർഷത്തിൽ കൂടുതൽ സർവീസ് ബാക്കിയുള്ള എല്ലാ അധ്യാപകരും രണ്ട് വർഷത്തിനുള്ളിൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (TET) യോഗ്യത നേടിയിരിക്കണം. അല്ലാത്തപക്ഷം, നിർബന്ധിത വിരമിക്കൽ ഉൾപ്പെടെയുള്ള നടപടികൾ നേരിടേണ്ടി വരും.

അധ്യാപകരുടെ ടെറ്റ് യോഗ്യത ഉറപ്പാക്കാൻ ശ്രമിക്കുമ്പോൾ ക്ലാസ് മുറികൾ ശൂന്യമാകും. ഗ്രാമീണ, പിന്നാക്ക മേഖലകളിൽ പതിറ്റാണ്ടുകളായി സേവനമനുഷ്ഠിക്കുന്ന അനുഭവസമ്പന്നരായ അധ്യാപകർ പുറത്തുപോകുമ്പോൾ ആ ഒഴിവുകൾ നികത്താൻ പുതിയ യോഗ്യത നേടിയവർ എത്തണമെന്നില്ല. ഇത് വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ഫലമായി മെച്ചപ്പെട്ടുവന്ന ഗ്രാമീണ വിദ്യാലയങ്ങൾ അടച്ചുപൂട്ടുന്നതിലേക്കും കുട്ടികളുടെ പഠനം വഴിമുട്ടുന്നതിലേക്കും നയിക്കും. കൂടുതൽ ഗുരുതരമായ പ്രശ്നം, താൽക്കാലിക അധ്യാപക നിയമനത്തിനും ടെറ്റ് നിർബന്ധമാക്കുന്നതാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലടക്കം ലക്ഷക്കണക്കിന് പാരാ-ടീച്ചർമാരുടെയും ഗസ്റ്റ് അധ്യാപകരുടെയും സേവനത്തിലൂടെയാണ് പല സ്കൂളുകളും പ്രവർത്തിക്കുന്നത്. ഈ അധ്യാപകർക്ക് പെട്ടെന്ന് യോഗ്യത നേടാൻ കഴിയാതെ വരുമ്പോൾ പകരക്കാരെ കണ്ടെത്താനാകാതെ സ്കൂളുകൾ പ്രതിസന്ധിയിലാകും. ഇത് 2009-ലെ വിദ്യാഭ്യാസ അവകാശ നിയമം മുന്നോട്ടുവെച്ച 'എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസം' എന്ന ലക്ഷ്യത്തെത്തന്നെ അട്ടിമറിക്കുന്നതാണ്.

വിദ്യാർത്ഥി-അധ്യാപക അനുപാതം നിലനിർത്തുക, അയൽപ്പക്ക സ്കൂളുകൾ ഉറപ്പാക്കുക എന്നിവയെല്ലാം നിയമത്തിന്റെ അടിസ്ഥാന തത്വങ്ങളാണ്. അധ്യാപകരുടെ കൂട്ടക്കൊഴിഞ്ഞുപോക്ക് ഈ അനുപാതങ്ങളെ തകിടം മറിക്കുകയും ഗ്രാമീണ മേഖലകളിലെ സ്കൂളുകൾ അടച്ചുപൂട്ടുന്നതിലേക്ക് നയിക്കുകയും ചെയ്യും. നിയമത്തിലെ ഒരു വ്യവസ്ഥ (യോഗ്യത) നടപ്പിലാക്കാനുള്ള ശ്രമം ആ നിയമത്തിന്റെ തന്നെ അന്തഃസത്തയെ (വിദ്യാഭ്യാസത്തിനുള്ള ലഭ്യത) ഇല്ലാതാക്കുന്നു. എല്ലാ ക്ലാസ് മുറികളിലും അധ്യാപക സാന്നിധ്യം ഉറപ്പാക്കാൻ ഇനിയും കഴിഞ്ഞിട്ടില്ലാത്ത ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ വിദ്യാലയങ്ങളെ ഇത് കൂടുതൽ പ്രതിസന്ധിയിലാക്കും.

അനുഭവത്തെയും പരിശീലനത്തെയും വിധി അവഗണിക്കുമ്പോൾ

​കേരളത്തിലെ ഡിപ്ലോമ ഇൻ എലമെന്ററി എജ്യുക്കേഷൻ (D.El.Ed), ബി.എഡ് പോലുള്ള അധ്യാപക പരിശീലന കോഴ്‌സുകൾ രണ്ട് വർഷം നീണ്ടുനിൽക്കുന്ന, അതീവ ഗൗരവമേറിയ പ്രൊഫഷണൽ പ്രോഗ്രാമുകളാണ്. വിദ്യാഭ്യാസ മനഃശാസ്ത്രം, ബോധനശാസ്ത്ര സിദ്ധാന്തങ്ങൾ, പാഠ്യപദ്ധതി ആസൂത്രണം എന്നിവയിലെ ആഴത്തിലുള്ള പഠനത്തിനപ്പുറം, ഈ കോഴ്‌സിന്റെ ആത്മാവ് 80-100 ദിവസം നീണ്ടുനിൽക്കുന്ന സ്കൂൾ ഇന്റേൺഷിപ്പാണ്. ഇവിടെയാണ് അധ്യാപക വിദ്യാർത്ഥികൾ യഥാർത്ഥ അധ്യാപകരായി രൂപാന്തരപ്പെടുന്നത്. വൈവിധ്യമാർന്ന കുട്ടികളുള്ള ഒരു ക്ലാസ്സ്മുറി കൈകാര്യം ചെയ്യാനും ഓരോ കുട്ടിയുടെയും നിലവാരത്തിനനുസരിച്ച് പഠനരീതിയിൽ മാറ്റം വരുത്താനും അപ്രതീക്ഷിത സാഹചര്യങ്ങളെ നേരിടാനുമുള്ള പ്രായോഗിക ജ്ഞാനം അവർ ആർജ്ജിക്കുന്നത് ഈ ദിനങ്ങളിലൂടെയാണ്.

ഈ സമഗ്രമായ പരിശീലനത്തെയാണ് കേവലം രണ്ടര മണിക്കൂർ ദൈർഘ്യമുള്ള, മൾട്ടിപ്പിൾ ചോയിസ് ചോദ്യങ്ങളടങ്ങിയ ഒരു പരീക്ഷ കൊണ്ട് അളക്കുന്നത്. കെ-ടെറ്റ്, സി-ടെറ്റ് ചോദ്യപേപ്പറുകൾ പരിശോധിച്ചാൽ ഒരു കാര്യം വ്യക്തമാകും: അവ പ്രധാനമായും അളക്കുന്നത് സിദ്ധാന്തപരമായ ഓർമ്മശക്തിയാണ്. പിയാഷെയുടെയും വൈഗോഡ്സ്കിയുടെയും സിദ്ധാന്തങ്ങൾ ഏതെന്ന് തിരിച്ചറിയാനും വിദ്യാഭ്യാസ മനഃശാസ്ത്രത്തിലെ നിർവചനങ്ങൾ ഓർത്തെടുക്കാനുമാണ് ചോദ്യങ്ങൾ ആവശ്യപ്പെടുന്നത്. രണ്ട് വർഷത്തെ കഠിനമായ പ്രായോഗിക പരിശീലനത്തിലൂടെ അധ്യാപകർ നേടുന്ന ക്ലാസ് റൂം മാനേജ്മെന്റ് വൈദഗ്ധ്യമോ, കുട്ടികളോട് സഹാനുഭൂതിയോടെ ഇടപെടാനുള്ള കഴിവോ, പാഠഭാഗങ്ങളെ ജീവിതഗന്ധിയാക്കാനുള്ള സർഗ്ഗാത്മകതയോ അളക്കാൻ ഈ ചോദ്യങ്ങൾക്ക് സാധിക്കില്ല.

സുപ്രീം കോടതി വിധിയുടെ ഏറ്റവും വലിയ ഇരകൾ നിലവിൽ സർവീസിലുള്ള പതിറ്റാണ്ടുകളുടെ അനുഭവസമ്പത്തുള്ള അധ്യാപകരാണ്. നിയമം വരുന്നതിന് മുൻപ്, അക്കാലത്ത് നിലവിലുണ്ടായിരുന്ന എല്ലാ യോഗ്യതകളോടും കൂടി സർവീസിൽ പ്രവേശിച്ച ഇവരുടെ മേൽ മുൻകാല പ്രാബല്യത്തോടെ ഒരു പുതിയ യോഗ്യത അടിച്ചേൽപ്പിക്കുന്നത് സ്വാഭാവിക നീതിയുടെ ലംഘനമാണ്. ‘അനുഭവപരിചയം മാത്രം മതിയാവില്ല’ എന്ന കോടതിയുടെ നിരീക്ഷണം, അധ്യാപനമെന്ന പ്രൊഫഷന്റെ പ്രായോഗിക സ്വഭാവത്തെ കാണാതെയുള്ളതാണ്. അധ്യാപകരുടെ പ്രൊഫഷണൽ വളർച്ച ക്ലാസ് മുറികളിൽ അവസാനിക്കുന്നില്ല. കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ പഠിപ്പിക്കുന്ന ഓരോ അധ്യാപകരും വർഷത്തിൽ ശരാശരി പത്ത് ദിവസമെങ്കിലും SCERT, DIET, സമഗ്ര ശിക്ഷ തുടങ്ങിയ സർക്കാർ സംവിധാനങ്ങൾ നടത്തുന്ന തുടർപരിശീലന പരിപാടികളിൽ പങ്കെടുക്കുന്നുണ്ട്. 15 വർഷം സർവീസുള്ള ഒരധ്യാപകൻ കുറഞ്ഞത് 150 ദിവസത്തെ ഇൻ-സർവീസ് പരിശീലനം പൂർത്തിയാക്കിയിട്ടുണ്ടാകും. ഈ നിരന്തരമായ പഠന പ്രക്രിയയെയും പതിറ്റാണ്ടുകളുടെ അനുഭവസമ്പത്തിനെയും അവഗണിച്ച്, അവരുടെ കഴിവിനെ ഒറ്റദിവസത്തെ പരീക്ഷ കൊണ്ട് അളക്കുന്നത് എത്ര വലിയ അനീതിയാണ്?

കേരളത്തിലെ ഡിപ്ലോമ ഇൻ എലമെന്ററി എജ്യുക്കേഷൻ (D.El.Ed), ബി.എഡ് പോലുള്ള അധ്യാപക പരിശീലന കോഴ്‌സുകൾ രണ്ട് വർഷം നീണ്ടുനിൽക്കുന്ന, അതീവ ഗൗരവമേറിയ പ്രൊഫഷണൽ പ്രോഗ്രാമുകളാണ്.
കേരളത്തിലെ ഡിപ്ലോമ ഇൻ എലമെന്ററി എജ്യുക്കേഷൻ (D.El.Ed), ബി.എഡ് പോലുള്ള അധ്യാപക പരിശീലന കോഴ്‌സുകൾ രണ്ട് വർഷം നീണ്ടുനിൽക്കുന്ന, അതീവ ഗൗരവമേറിയ പ്രൊഫഷണൽ പ്രോഗ്രാമുകളാണ്.

ലോകം കാണിച്ചുതരുന്ന വഴി: യോഗ്യതയല്ല, അഭിരുചിയാണ് പ്രധാനം

അധ്യാപകരുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിൽ ഉന്നതനിലവാരം പുലർത്തുന്ന രാജ്യങ്ങൾ സ്വീകരിക്കുന്നത് തികച്ചും വ്യത്യസ്തമായ സമീപനമാണ്. പരിശീലനം കഴിഞ്ഞവരെ ഒരു അരിപ്പയിലൂടെ കടത്തിവിടുന്നതിന് പകരം, പരിശീലനത്തിന് മുമ്പുതന്നെ അഭിരുചിയുള്ളവരെ കണ്ടെത്താനാണ് അവർ ശ്രമിക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ സമ്പ്രദായങ്ങളിലൊന്നുള്ള ഫിൻലൻഡിൽ, അധ്യാപക പരിശീലന കോഴ്‌സുകളിലേക്കുള്ള പ്രവേശനം അതീവ മത്സരാധിഷ്ഠിതമാണ്. അവിടെ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായാണ് നടക്കുന്നത്. ആദ്യത്തേത് 'വക്കാവ' (VAKAVA) എന്ന ദേശീയ എഴുത്തുപരീക്ഷയാണ്. ഈ പരീക്ഷ ഉദ്യോഗാർത്ഥികളുടെ ഓർമ്മശക്തിയെ അളക്കുന്നില്ല. പകരം, പരീക്ഷാ ഹാളിൽ നൽകുന്ന ഗവേഷണ ലേഖനങ്ങളെ അടിസ്ഥാനമാക്കി വിശകലനം ചെയ്യാനും നിഗമനങ്ങളിൽ എത്താനുമുള്ള കഴിവിനെയാണ് പരീക്ഷിക്കുന്നത്. ഇതിൽ വിജയിക്കുന്നവരെ സർവകലാശാലകൾ നടത്തുന്ന അഭിമുഖത്തിനും ഗ്രൂപ്പ് ചർച്ചകൾക്കുമായി ക്ഷണിക്കുന്നു. അവിടെ അധ്യാപനത്തോടുള്ള താല്പര്യം, ആശയവിനിമയ ശേഷി, പ്രതിബദ്ധത എന്നിവ വിലയിരുത്തുന്നു. സിംഗപ്പൂരിലെ തിരഞ്ഞെടുപ്പ് രീതിയും അഭിരുചിയിൽ ഊന്നിയുള്ളതാണ്. മികച്ച അക്കാദമിക് റെക്കോർഡുള്ളവരെ ഷോർട്ട്‌ലിസ്റ്റ് ചെയ്ത ശേഷം, അവരെ അഭിമുഖം നടത്തുന്നത് പരിചയസമ്പന്നരായ സ്കൂൾ പ്രിൻസിപ്പൽമാരാണ്. അതിനുശേഷം, തെരഞ്ഞെടുക്കപ്പെട്ടവരെ ഔദ്യോഗിക പരിശീലനത്തിന് അയക്കുന്നതിന് മുൻപ് സ്കൂളുകളിൽ കരാർ അടിസ്ഥാനത്തിൽ പഠിപ്പിക്കാൻ അവസരം നൽകുന്നു. ക്ലാസ് മുറികളിലെ യഥാർത്ഥ വെല്ലുവിളികളെ അതിജീവിക്കാൻ കഴിവുള്ളവർക്ക് മാത്രമേ അധ്യാപന പരിശീലന കോഴ്സിൽ പ്രവേശനം നൽകൂ. ഈ രാജ്യങ്ങൾ അധ്യാപകരെ തെരഞ്ഞെടുക്കുന്നത് ഒരു ദീർഘകാല നിക്ഷേപമായി കാണുന്നു. അവർ അരിപ്പ വെക്കുന്നത് പ്രവേശന കവാടത്തിലാണ്, പുറത്തേക്കുള്ള വഴിയിലല്ല.

ശുപാർശകൾ: കേരളത്തിന് ഒരു പുതിയ മാതൃക

​വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തണം എന്ന കാര്യത്തിൽ ആർക്കും തർക്കമില്ല. എന്നാൽ അതിനായി നാം സ്വീകരിക്കുന്ന മാർഗം ശരിയായിരിക്കണം. നിലവിലെ ടെറ്റ് സമ്പ്രദായം, കുതിരയ്ക്ക് മുൻപേ വണ്ടി കെട്ടുന്നതിന് തുല്യമാണ്. അധ്യാപക പരിശീലനം എന്ന ശ്രമകരമായ പ്രക്രിയയ്ക്ക് ശേഷം, അതിലൂടെ ലഭിക്കുന്ന പ്രായോഗിക കഴിവിനെ അളക്കാൻ അപര്യാപ്തമായ ഒരു പരീക്ഷ നടത്തുന്നത് വിഭവങ്ങളുടെയും മനുഷ്യ പ്രയത്നത്തിന്റെയും ദുരുപയോഗമാണ്. അധ്യാപനത്തിൽ അഭിരുചിയും അഭിനിവേശവുമുള്ളവരെ പരിശീലനത്തിന് മുൻപ് തന്നെ കണ്ടെത്തുക എന്നതാണ് ശരിയായ രീതി.

അന്താരാഷ്ട്ര മാതൃകകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കേരളം നിലവിലെ യോഗ്യതാരീതി പൊളിച്ചെഴുതണം. പരിശീലനത്തിന് ശേഷമുള്ള കെ-ടെറ്റ് പരീക്ഷ നിർത്തലാക്കി, പകരം അധ്യാപക പരിശീലന കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി "കേരള ടീച്ചർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (K-TAT)" എന്ന പേരിൽ ഒരു ദ്വിഘട്ട അഭിരുചി പരീക്ഷ നടപ്പിലാക്കണം. ഫിൻലൻഡ് മാതൃകയിൽ ഉദ്യോഗാർത്ഥികളുടെ ചിന്താശേഷി അളക്കുന്ന ഒരു എഴുത്തുപരീക്ഷയും അധ്യാപന അഭിരുചി, ആശയവിനിമയ ശേഷി, സഹാനുഭൂതി എന്നിവ വിലയിരുത്തുന്ന ഒരു അഭിമുഖവും ഇതിൽ ഉൾപ്പെടുത്തണം. ഇത് ഏറ്റവും അനുയോജ്യരായവരെ തുടക്കത്തിൽ തന്നെ തിരഞ്ഞെടുക്കാൻ സഹായിക്കും.

അധ്യാപക പരിശീലനം എന്ന ശ്രമകരമായ പ്രക്രിയയ്ക്ക് ശേഷം, അതിലൂടെ ലഭിക്കുന്ന പ്രായോഗിക കഴിവിനെ അളക്കാൻ അപര്യാപ്തമായ ഒരു പരീക്ഷ നടത്തുന്നത് വിഭവങ്ങളുടെയും മനുഷ്യ പ്രയത്നത്തിന്റെയും ദുരുപയോഗമാണ്.
അധ്യാപക പരിശീലനം എന്ന ശ്രമകരമായ പ്രക്രിയയ്ക്ക് ശേഷം, അതിലൂടെ ലഭിക്കുന്ന പ്രായോഗിക കഴിവിനെ അളക്കാൻ അപര്യാപ്തമായ ഒരു പരീക്ഷ നടത്തുന്നത് വിഭവങ്ങളുടെയും മനുഷ്യ പ്രയത്നത്തിന്റെയും ദുരുപയോഗമാണ്.

സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ സർവീസിലുള്ള അധ്യാപകരുടെ കാര്യത്തിൽ സർക്കാർ ശക്തമായ നിയമപരമായ ഇടപെടൽ നടത്തണം. പുനഃപരിശോധനാ ഹർജി നൽകാനുള്ള തീരുമാനം സ്വാഗതാർഹമാണ്. അധ്യാപകരുടെ പതിറ്റാണ്ടുകളുടെ അനുഭവസമ്പത്തും നിരന്തരമായ തുടർപരിശീലന പങ്കാളിത്തവും അവരുടെ യോഗ്യതയുടെ ഏറ്റവും വലിയ തെളിവായി അംഗീകരിക്കുകയും അവരെ ടെറ്റിൽ നിന്ന് പൂർണ്ണമായി ഒഴിവാക്കുകയും വേണം. സുപ്രീം കോടതിവിധി ഉണ്ടാക്കിയിരിക്കുന്ന പ്രതിസന്ധി നമ്മുടെ അധ്യാപക തെരഞ്ഞെടുപ്പ് രീതികളെക്കുറിച്ച് പുനർവിചിന്തനം നടത്താനുള്ള ഒരവസരമാണ്. യോഗ്യതയുടെ കടലാസുതുണ്ടുകൾക്കപ്പുറം, ഒരു തലമുറയെ വാർത്തെടുക്കാൻ കഴിവുള്ള, പ്രതിബദ്ധതയുള്ള അധ്യാപകരെയാണ് നമുക്ക് വേണ്ടത്. അതിനുള്ള തുടക്കം അഭിരുചി നിർണ്ണയത്തിൽ നിന്നായിരിക്കണം. അരിപ്പ ശരിയായ സ്ഥലത്ത് വെക്കുമ്പോൾ, അതിലൂടെ അരിച്ചെടുക്കുന്നത് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ശോഭനമായ ഭാവിയെയായിരിക്കും.

Comments