ദേശീയ വിദ്യാഭ്യാസ നയം: നിർബന്ധിക്കാനാകില്ലെന്ന് സുപ്രീംകോടതി,
സംസ്ഥാനങ്ങളുടെ അവകാശം എത്രത്തോളം?

സംസ്ഥാനങ്ങൾ ദേശീയ വിദ്യാഭ്യാസ നയം സ്വീകരിക്കണോ വേണ്ടയോ എന്നത് സുപ്രീംകോടതിക്ക് നിർബന്ധിക്കാനാകില്ലെന്ന നിലപാട് ഫെഡറലിസത്തിലൂന്നിയുള്ള സംസ്ഥാനങ്ങളുടെ എതിർപ്പുകൾക്കും പ്രതിഷേധങ്ങൾക്കും ബലം പകരുന്നതാണ്. അതേസമയം, കേന്ദ്ര നയം എന്ന നിലയിൽ പൂർണമായും മാറിനിൽക്കുന്നത് പ്രായോഗികമായ എന്തെല്ലാം പ്രതിസന്ധികളാണുണ്ടാക്കുക?

പാർലമെന്റിൽ മതിയായ ചർച്ചയില്ലാതെ കേന്ദ്ര സർക്കാർ പാസാക്കിയെടുത്ത 2020- ലെ ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ ((National Education Policy- NEP 2020) സംസ്ഥാനങ്ങളിൽനിന്ന് വലിയ എതിർപ്പുയർന്നിരുന്നു. നിലവിൽവന്ന് അഞ്ചു വർഷം പൂർത്തിയാകുമ്പോൾ മിക്കവാറും സംസ്ഥാനങ്ങൾ പുതിയ ദേശീയ വിദ്യാഭ്യാസ നയം പൂർണമായോ ഭാഗികമായോ നടപ്പാക്കിയിട്ടുണ്ട്. പ്രതിപക്ഷം ഭരിക്കുന്ന തമിഴ്‌നാട്, പശ്ചിമബംഗാൾ, കേരളം എന്നീ സംസ്ഥാനങ്ങൾ കടുത്ത എതിർപ്പ് പ്രകടിപ്പിരുന്നു. എന്നാൽ, ഈ സംസ്ഥാനങ്ങൾ നയത്തെ പൂർണമായും തള്ളിക്കളഞ്ഞിട്ടുമില്ല. ഈ നയം പൂർണമായും തള്ളിക്കളയുക അപ്രായോഗികമാണ് എന്ന വാദമാണ് കേരളം അടക്കമുള്ള ചില സംസ്ഥാനങ്ങൾ മുന്നോട്ടുവച്ചത്.
ദേശീയ വിദ്യാഭ്യാസ നയത്തിലെ സ്വീകരിക്കാവുന്നവ സ്വീകരിക്കുകയും അല്ലാത്തതിന് തനതായ ബദലുകൾ സൃഷ്ടിച്ചും മാത്രമേ മുന്നോട്ടു പോകാൻ കഴിയുകയുള്ളൂ എന്നതായിരുന്നു കേരളത്തിന്റെ നിലപാട്. എന്നാൽ, തമിഴ്നാടാകട്ടെ, തീർത്തും വ്യത്യസ്തമായി, നിയമപരമായി തന്നെ ഈ നയത്തെ നേരിടാനുള്ള നടപടിയെടുത്തു. ദേശീയ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന പിഎം ശ്രീ പദ്ധതി ഉൾപ്പെടെയുള്ള വ്യവസ്ഥകളിൽ ഒപ്പുവെക്കാൻ തമിഴ്നാടും കേരളവും ബംഗാളും തയ്യാറായില്ല. പ്രതികാരനടപടിയെന്നോണം ഈ മൂന്ന് സംസ്ഥാനങ്ങൾക്കും അവകാശപ്പെട്ട സമഗ്ര ശിക്ഷാ പദ്ധതിയുടെ ഫണ്ട് കേന്ദ്രം തടഞ്ഞുവെച്ചു. ഇത്തരത്തിൽ, സംസ്ഥാനങ്ങളുടെ ഫെഡറലിസത്തിലൂന്നിയുള്ള പ്രതിഷേധങ്ങളെ സ്വേച്ഛാധിപത്യപരമായി നേരിടുന്ന കേന്ദ്ര സർക്കാറിനുള്ള മറുപടിയെന്നോണം സുപ്രീംകോടതിയിൽനിന്ന് സുപ്രധാന തീരുമാനമുണ്ടായിരിക്കുന്നു.

കൺകറന്റ് ലിസ്റ്റിലെ വിഷയമായ വിദ്യാഭ്യാസത്തിൽ കേന്ദ്രത്തിനു മാത്രം തീരുമാനമെടുക്കാനാകില്ലെന്ന നിലപാടിലെത്തിയിരിക്കുകയാണ് സുപ്രീംകോടതി. ദേശീയ വിദ്യാഭ്യാസ നയം പോലുള്ള കേന്ദ്ര നയം പിന്തുടരാൻ സംസ്ഥാനങ്ങളെ നിർബന്ധിക്കാനാകില്ലെന്നാണ് സുപ്രീംകോടതി വ്യക്തമാക്കുന്നത്. തമിഴ്‌നാട്, കേരളം, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ ദേശീയ വിദ്യാഭ്യാസ നയം 2020 പ്രകാരം ത്രിഭാഷാ നയം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാവും അഭിഭാഷകനുമായ ജി.എസ് മണി സമർപ്പിച്ച ഹരജി തള്ളിക്കൊണ്ടാണ് ജസ്റ്റസ് ജെ.ബി പാർദിവാല, ജസ്റ്റിസ് ആർ.മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

രാജ്യ ചരിത്രത്തിൽ ഇതുവരെ ഇല്ലാത്ത തരത്തിലുള്ള ഏകീകരണത്തിനുള്ള ശ്രമങ്ങളാണ് ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ കേന്ദ്ര സർക്കാർ നടത്തുന്നതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ. ബിന്ദു ട്രൂ കോപ്പിതിങ്കിനോട് പറഞ്ഞു.

“രാജ്യ ചരിത്രത്തിൽ ഇതുവരെ ഇല്ലാത്ത തരത്തിലുള്ള ഏകീകരണ ശ്രമങ്ങളാണ് കേന്ദ്ര സർക്കാർ നടത്തുന്നത്. പുതിയ വിദ്യാഭ്യാസ നയത്തിന്റെ പേരിലും യു.ജി.സി ഇറക്കുന്ന റെഗുലേഷൻസിന്റെ പേരിലും വലിയ തരത്തിലുള്ള അമിതാധികാരത്തിനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. അംഗൻവാടി മുതൽ ഗവേഷകർ വരെയുള്ള വിദ്യാഭ്യാസ പ്രവർത്തനങ്ങളെ ആകെ നിയന്ത്രിക്കുക പ്രധാനമന്ത്രി അധ്യക്ഷനായ രാഷ്ട്രീയ ശിക്ഷാ ആയോഗായിരിക്കുമെന്നതാണ് പൊതുവിദ്യാഭ്യാസ നയത്തിലെ പ്രധാനപ്പെട്ട കാര്യം. നമ്മുടെ രാജ്യത്തിന്റെ ബഹുസ്വരതയും വൈവിധ്യങ്ങളും നിലനിർത്തി മുന്നോട്ട് പോകാൻ സാധിക്കാത്ത വിധത്തിലുള്ള ഏകശിലാരൂപിയായ ഒരു സമീപനത്തോടെയാണ് കേന്ദ്രം പുതിയ വിദ്യാഭ്യാസനയത്തിന് രൂപം കൊടുത്തിരിക്കുന്നത്. രാജ്യം മുഴുവൻ ഒരേ അച്ചിൽ വാർത്തെടുത്തത് പോലെ ആവണം എന്ന് പറയുന്നതിൽ യാതൊരു അർഥവുമില്ല. സംവരണമെന്നോ സെക്കുലറിസമെന്നോ ഉള്ള വാക്ക് പോലുമില്ലാത്ത പോളിസിയാണ് ഇപ്പോള്‍ കേന്ദ്രം പുറത്തിറക്കിയത്. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് സെക്കുലറിസമെന്ന വാക്കില്ലാതെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ഒരു നയരേഖ പുറത്തു വരുന്നത്. അടിയന്തരാവസ്ഥാ കാലത്ത് പോലും വിദ്യാഭ്യാസത്തിൽ സംസ്ഥാന സർക്കാരിന്റെ അധികാരങ്ങൾ വളരെ കൃത്യമായി നിർവചിക്കപ്പെടുകയും ഒരു പ്രശ്‌നവുമില്ലാതെ മുന്നോട്ട് പോവുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ ഫാസിസ്റ്റ് പ്രവണത പല്ലും നഖവും പുറത്തു കാണിക്കുന്ന വിധമായിരിക്കുന്നു എന്നതിന്റെ തെളിവാണ് വിദ്യാഭ്യാസ മേഖലയിൽ കേന്ദ്ര സർക്കാർ നടത്തി വരുന്ന ഏകീകരണത്തിനുള്ള പരിശ്രമങ്ങൾ.” - ഡോ.ആർ. ബിന്ദു പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ. ബിന്ദു
ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ. ബിന്ദു

ഒരു രാജ്യം - ഒരു വ്യവസ്ഥ- ഒരു കരിക്കുലം എന്ന കേന്ദ്ര സർക്കാരിന്റെ വിദ്യാഭ്യാസത്തിലെ ഏകീകരണം ലക്ഷ്യമിട്ടുള്ള നീക്കങ്ങളും ഫണ്ട് തടഞ്ഞു വെക്കുന്നതടക്കമുള്ള പ്രതികാര നടപടികളും വലിയ തരത്തിലുള്ള വിമർശനങ്ങൾക്ക് വിധേയമായിരുന്നു. ദേശീയ വിദ്യാഭ്യാസ നയത്തിലെ ത്രിഭാഷ നയത്തിനെതരെ തമിഴ്‌നാട് സർക്കാർ ഉയർത്തിയ പ്രതിഷേധമാണ് ഇപ്പോൾ സുപ്രീംകോടതി വരെ എത്തി നിൽക്കുന്നത്. വിനാശകരമായ നാഗ്പൂർ പ്ലാൻ എന്നായിരുന്നു ദേശീയ വിദ്യാഭ്യാസ നയത്തെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ വിശേഷിപ്പിച്ചിരുന്നത്. ത്രിഭാഷ പദ്ധതിക്കെതിരായ എതിർപ്പാണെങ്കിലും ദേശീയ വിദ്യാഭ്യാസ നയത്തെനിതിരായ തുറന്ന യുദ്ധം തന്നെയായിരുന്നു സ്റ്റാലിൻ തുടക്കമിട്ടത്.

വിനാശകരമായ നാഗ്പൂർ പ്ലാൻ എന്നായിരുന്നു ദേശീയ വിദ്യാഭ്യാസ നയത്തെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ വിശേഷിപ്പിച്ചിരുന്നത്.
വിനാശകരമായ നാഗ്പൂർ പ്ലാൻ എന്നായിരുന്നു ദേശീയ വിദ്യാഭ്യാസ നയത്തെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ വിശേഷിപ്പിച്ചിരുന്നത്.

സുപ്രീംകോടതി ഇടപെടൽ

സംസ്ഥാനങ്ങൾ ദേശീയ വിദ്യാഭ്യാസ നയം സ്വീകരിക്കണോ വേണ്ടയോ എന്നത് സുപ്രീംകോടതിക്ക് നിർബന്ധിക്കാനാകില്ലെന്നാണ് ജസ്റ്റിസ് ജെ.ബി പാർദിവാല, ജസ്റ്റസ് മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കിയിരിക്കുന്നത്. ഒരു നയം നടപ്പിലാക്കുന്നത് കൊണ്ടുണ്ടാകുന്ന മൗലികാവകാശ ലംഘനം മാത്രമേ പരിഗണിക്കാനാവുള്ളൂ എന്നും സുപ്രീം കോടതി വ്യക്തമാക്കുന്നു. ഭരണഘടനയുടെ ആർട്ടിക്കിൾ 32 പ്രകാരം പൗരരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് സുപ്രീംകോടതിക്ക് ഉറപ്പുവരുത്താനാകും. എന്നാൽ ഇതിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര നയം സ്വീകരിക്കാൻ ഒരു സംസ്ഥാനത്തെയും നിർബന്ധിക്കാൻ കഴിയില്ലെന്നാണ് സുപ്രീം കോടതി പറയുന്നത്.

സംസ്ഥാനങ്ങളുടെ അവകാശം എത്രത്തോളം?

വിദ്യാഭ്യാസം കൺകറന്റ് ലിസ്റ്റിൽ വരുന്ന കാര്യമായതിനാൽ ദേശീയ വിദ്യാഭ്യാസ നയത്തിലെ നിർദേശങ്ങൾ നടപ്പിലാക്കാനും നടപ്പിലാക്കാതിരിക്കാനും സംസ്ഥാനങ്ങൾക്ക് അധികാരമുണ്ടെന്ന് കേരള കേന്ദ്ര സർവ്വകലാശാലയിലെ സ്‌കൂൾ ഓഫ് എഡ്യൂക്കേഷനിൽ പ്രഫസറായ ഡോ. അമൃത് ജി. കുമാർ ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു.

“വിദ്യാഭ്യാസം ഭരണഘടനയിലെ കൺകറന്റ് ലിസ്റ്റിലുള്ള കാര്യമാണ്. അതിൽ സംസ്ഥാനങ്ങൾക്കും കേന്ദ്രത്തിനും അവരുടെതായിട്ടുള്ള റോളുണ്ട്. അതുകൊണ്ട് വിദ്യാഭ്യാസത്തിന്റെ നടത്തിപ്പ് സംസ്ഥാനങ്ങളുടെ പ്രധാന ഉത്തരവാദിത്തമാണ്. ആസൂത്രണവും നയരൂപീകരണവും കേന്ദ്ര സർക്കാറാണ് ചെയ്യുന്നതെങ്കിലും സംസ്ഥാനങ്ങൾക്ക് അത് നടപ്പിലാക്കുകയോ നടപ്പിലാക്കാതിരിക്കുകയോ ചെയ്യാം. ഇതിന് ധാരാളം പ്രത്യക്ഷ ഉദാഹരണങ്ങളുമുണ്ട്. 1986- ലെ ദേശീയ വിദ്യാഭ്യാസ നയത്തിലെ ഒരു പ്രധാന നിർദേശമായിരുന്നു എല്ലാ സംസ്ഥാനങ്ങളും ഓപ്പൺ സർവകലാശാല തുടങ്ങണമെന്നത്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളും ഓപ്പൺ സർവകലാശാല തുടങ്ങിയപ്പോഴും കേരളം തുടങ്ങിയില്ല.

ഡോ. അമൃത് ജി. കുമാർ
ഡോ. അമൃത് ജി. കുമാർ

കേരളം ഓപ്പൺ സർവകലാശാല തുടങ്ങിയിട്ട് രണ്ടോ മൂന്നോ വർഷമേ ആയിട്ടുള്ളൂ. യു.ജി.സിയുടെ ചില നിർദേശങ്ങളുടെ അടിസ്ഥാനത്തിലും ഓപ്പൺ ആൻഡ് ഡിസ്റ്റൻസ് എഡ്യൂക്കേഷന്റെ ചില മാനദനണ്ഡങ്ങൾ കർശനമാവുകയും ചെയ്തപ്പോഴാണ് കേരളം ഓപ്പൺ സർവകലാശാല തുടങ്ങിയത്. അല്ലാതെ പഴയ പോളിസിയുടെ താമസിച്ചുള്ള അനുസരണമായിരുന്നില്ല അത്. കേന്ദ്രം തന്നെ കേന്ദ്രത്തിന്റെ ദേശീയ വിദ്യാഭ്യാസ നയത്തിലെ ചില പോളിസികളെ അവഗണിച്ചിട്ടുണ്ട്. 1986- ലെ നയത്തിലെ പ്രധാന നിർദേശമായിരുന്നു ദേശീയ തലത്തിൽ മത്സര പരീക്ഷകൾ നടത്തുന്നതിനായി നാഷണൽ ടെസ്റ്റിങ് ഏജൻസി എന്നത്. 1986-ലെ പോളിസി നിർദേശിക്കുകയും 1992 ലെ പോളിസിയുടെ പ്ലാൻ ഓഫ് ആക്ഷൻ ആയ രാമമൂർത്തി കമ്മിറ്റി വീണ്ടും അത് ചെയ്യണമെന്ന് നിർദേശിച്ചിട്ടും ഏജൻസി വന്നില്ല. വന്നത് 2019- ലാണ്. അപ്പോൾ രണ്ട് തലത്തിലും, പോളിസി എന്നത് ഭരണഘടനാപരമായ കാര്യമല്ല. അത് സംസ്ഥാനങ്ങൾക്ക് അനുസരിക്കുകയോ അനുസരിക്കാതിരിക്കുകയോ ചെയ്യാം.” - ഡോ. അമൃത് ജി. കുമാർ പറയുന്നു.

സംസ്ഥാനങ്ങളുടെ പരിമിതികൾ

ത്രിഭാഷ പദ്ധതിയെ എതിർത്തു കൊണ്ടാണ് തമിഴ്‌നാട്, കേരള, പശ്ചിമ ബംഗാൾ അടക്കമുള്ള സംസ്ഥാനങ്ങൾ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കാത്തതെന്നാണ് ജി.എസ്. മണി സുപ്രീംകോടതിയിൽ സമർപ്പിച്ച ഹരജിയിൽ പറയുന്നത്. സംസ്ഥാനങ്ങളിൽ ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെതിരെ തമിഴ്‌നാട് സർക്കാർ ആരംഭിച്ച തുറന്ന പ്രതിഷേധങ്ങൾക്കിടയിലാണ് ബി.ജെ.പി നേതാവും അഭിഭാഷകനുമായ ജി.എസ് മണി സുപ്രീംകോടതിയെ സമീപിച്ചത്. എന്നാൽ ദേശീയ വിദ്യാഭ്യാസ നയം പിന്തുടരാൻ സംസ്ഥാനങ്ങളെ നിർബന്ധിക്കാനാകില്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതി ഈ ഹരജി തള്ളുകയായിരുന്നു.

ദേശീയ വിദ്യാഭ്യാസ നയത്തിൽ സംസ്ഥാനങ്ങൾക്ക് സ്വന്തമായി തീരുമാനമെടുക്കാമെങ്കിലും ചില ഘട്ടങ്ങളിൽ സംസ്ഥാനങ്ങൾ കേന്ദ്ര നയങ്ങൾ നടപ്പിലാക്കാൻ നിർബന്ധിതരാകുമെന്നും ഡോ. അമൃത് ജി. കുമാർ പറയുന്നു:

“ചില ഘട്ടങ്ങളിൽ കേന്ദ്ര നയം നടപ്പിലാക്കാൻ സംസ്ഥാനങ്ങൾ നിർബന്ധിതരാവും. ദേശീയ വിദ്യാഭ്യാസ നയത്തിലെ സ്‌കൂൾ തല നിർദേശങ്ങൾ നോക്കുകയാണെങ്കിൽ കേരളം പിന്തുരുന്നത് പ്രൈമറി, സെക്കണ്ടറി, ഹയർസെക്കണ്ടറി ഘടനയാണ്. ഫൗണ്ടേഷണൽ (Foundational -5 years), പ്രിപ്പേറ്ററി (Preparatory- years), മിഡിൽ (Middle-3 years), സെക്കണ്ടറി (Secondary -4 years) എന്നിങ്ങനെയാണ് ദേശീയ വിദ്യാഭ്യാസ നയം മുന്നോട്ടു വെക്കുന്ന ഘടന. കേരളത്തിന് ഇത് പിന്തുടരാതിരിക്കാനുള്ള എല്ലാ അവകാശങ്ങളും ഉണ്ട്. സംസ്ഥാനങ്ങൾക്ക് സംസ്ഥാനങ്ങളുടേതായ ബോർഡിലെ ഘടന നിലനിർത്താം. പക്ഷെ പ്രശ്‌നം എവിടെയാണെന്ന് ചോദിച്ചാൽ ഈ കുട്ടികൾ ഉന്നത വിദ്യാഭ്യാസത്തിന് പോകുമ്പോൾ ദേശീയ വിദ്യാഭ്യാസ നയത്തിലെ ഘടനയിൽ പഠിച്ച വിദ്യാർഥികളായിരിക്കണം ഉന്നതവിദ്യാഭ്യാസത്തിന് എത്തേണ്ടത് എന്ന നിബന്ധന വെച്ചാൽ ഈ കുട്ടികൾക്ക് ഐ.ഐ.ടി, ഐ.ഐ.എം, എയിംസ് തുടങ്ങിയ ദേശീയ തല ഏജൻസികളിൽ അഡ്മിഷൻ ലഭിക്കില്ല. അതിനെതിരെ കേസിനു പോകാൻ പറ്റാത്ത അവസ്ഥയും വരും.”

ഭാഷായുദ്ധം പ്രഖ്യാപിച്ച തമിഴ്‌നാട്

ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ സംസ്ഥാനങ്ങൾക്കുമേൽ ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ഇടപെടലിനെ തമിഴ്‌നാട്ടിലെ കലുഷിതമായ ഭാഷാസമരങ്ങൾ ഓർമിപ്പിച്ചു കൊണ്ടാണ് എം.കെ സ്റ്റാലിൻ എതിരേറ്റത്. ത്രിഭാഷ പദ്ധതിയെ തുറന്ന് എതിർത്ത് തമിഴ്‌നാട് സർക്കാർ ദേശീയ വിദ്യാഭ്യാസ നയത്തിനെതിരായ തങ്ങളുടെ നിലപാട് വ്യക്തമാക്കുകയായിരുന്നു.

തത്വത്തിൽ ത്രിഭാഷാ പദ്ധതിക്കെതിരെയാണെങ്കിലും തമിഴ്നാട് ദേശീയ വിദ്യാഭ്യാസ നയത്തെ ആകെതന്നെ എതിർക്കുകയാണ് ചെയ്തത്. നീറ്റിനെതിരെയും നാലു വർഷ ബിരുദത്തിനെതിരെയുമുള്ള സ്റ്റാലിന്റെ എതിർപ്പ് ഇതിന്റെ ഭാഗമാണ്. ഹിന്ദി വിരുദ്ധ സമരങ്ങളിലെ വൈകാരിത ഇളക്കിവിടുന്നതിന് പകരം ഫെഡറലിസവുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളുടെ അവകാശങ്ങൾക്ക് മേൽ കടന്നു കയറുന്ന കേന്ദ്ര നയത്തിനെതിരെയുള്ള തുറന്ന യുദ്ധത്തിനാണ് സ്റ്റാലിൻ സർക്കാർ തുടക്കമിട്ടത്.

ത്രിഭാഷ പദ്ധതിയെ തുറന്ന് എതിർത്ത് തമിഴ്‌നാട് സർക്കാർ ദേശീയ വിദ്യാഭ്യാസ നയത്തിനെതിരായ തങ്ങളുടെ നിലപാട് വ്യക്തമാക്കുകയായിരുന്നു.
ത്രിഭാഷ പദ്ധതിയെ തുറന്ന് എതിർത്ത് തമിഴ്‌നാട് സർക്കാർ ദേശീയ വിദ്യാഭ്യാസ നയത്തിനെതിരായ തങ്ങളുടെ നിലപാട് വ്യക്തമാക്കുകയായിരുന്നു.

ഫണ്ട് തടയുന്ന പ്രതികാര നടപടി

ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ പ്രത്യക്ഷമായി എതിർത്തു നിന്ന തമിഴ്‌നാട് അടക്കം ത്രിഭാഷ പദ്ധതിയുടെ കരാറിൽ ഒപ്പു വെക്കാതിരുന്ന കേരളം, ബംഗാൾ എന്നീ സംസ്ഥാനങ്ങൾക്കുള്ള സമഗ്ര ശിക്ഷാ പദ്ധതിയുടെ ഫണ്ട് തടഞ്ഞു കൊണ്ടാണ് കേന്ദ്ര സർക്കാർ പ്രതികാര നടപടി ആരംഭിച്ചത്. ഈ വകയിൽ മാത്രം കേരളത്തിന് 328.90 കോടി രൂപയും, തമിഴ്‌നാടിന് 2151.60 കോടി രൂപയും, ബംഗാളിന് 1745.80 കോടി രൂപയുമാണ് കേന്ദ്ര സർക്കാർ നൽകാനുള്ളത്. മറ്റ് സംസ്ഥാനങ്ങൾക്ക് ഫണ്ട് അനുവദിക്കുമ്പോഴും ഈ മൂന്ന് സംസ്ഥാനങ്ങളെ മാത്രം അവഗണിക്കുകയാണ് കേന്ദ്ര ചെയ്തിരിക്കുന്നത്. ആകെ 45,830.21 കോടി രൂപയാണ് കേന്ദ്രം സമഗ്ര ശിക്ഷാ പദ്ധതിക്കായി വകയിരുത്തിയത്. ഇതിൽ കേരളം, തമിഴ്‌നാട്, പശ്ചിമബംഗാൾ എന്നീ സംസ്ഥനങ്ങളുടേതൊഴികെയുള്ള 27,833.50 കോടി രൂപ അനുവദിച്ചു കഴിഞ്ഞു. 2024-25 സാമ്പത്തിക വർഷം ഉത്തർപ്രദേശിനാണ് ഈ ഇനത്തിൽ ഏറ്റവും കൂടുതൽ തുക അനുവദിച്ചത. 6971.26 കോടി അനുവദിച്ചതിൽ 4487.46 കോടി ഇതിനകം യു.പിക്ക് നൽകുകയും ചെയ്തിട്ടുണ്ട്.

ദിഗ് വിജയ് സിംഗ്
ദിഗ് വിജയ് സിംഗ്

ഭാരതീയ കേന്ദ്രീകൃതമായ വിദ്യാഭ്യാസമാണ് ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ കേന്ദ്ര സർക്കാർ കൊണ്ടുവരാൻ ശ്രമിക്കുന്നത്. വിദ്യാഭ്യാസത്തെ ശാസ്ത്രീയമായി സമീപിക്കുന്നതിന് പകരം പാരമ്പര്യത്തിലേക്ക് ചുരുക്കാനും ചരിത്രത്തെ വളച്ചൊടിക്കുന്നതടക്കമുള്ള സംഘപരിവാർ താൽപര്യങ്ങൾ ഒളിച്ചു കടത്താനുമാണ് ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. ചരിത്രം, ഹിന്ദി, പാരശാസ്ത്രം, രാഷ്ട്രതന്ത്രം എന്നീ വിഷയങ്ങളുടെ പാഠപുസ്തകങ്ങളിൽ കാര്യമായ മാറ്റം വരുത്തുകയും ചെയ്യുന്നുണ്ട്. ഇതിനെതിരെ നിലപാടെടുത്തു എന്ന് തന്നെയാണ് തമിഴ്‌നാടും കേരളവും പശ്ചിമബംഗാളുമടക്കമുള്ള സംസ്ഥാനങ്ങൾ കേന്ദ്ര അവഗണന നേരിടുന്നത്.

സ്‌കൂളുകളിലെ പി.എം ശ്രീ പദ്ധതിയുടെയും ഉന്നതവിദ്യാഭ്യാസത്തിലെ പി.എം ഉഷാ പദ്ധതിയുടെയും ആനുകൂല്യങ്ങൾ കിട്ടണമെങ്കിൽ വിദ്യാഭ്യാസനയം നടപ്പാക്കണമെന്ന കണ്ടീഷൻ വെക്കുന്നതായും മന്ത്രി ഡോ.ആർ. ബിന്ദു പറഞ്ഞു.

“വിദ്യാഭ്യാസ മേഖലയിലേക്കുള്ള കേന്ദ്ര ഫണ്ട് കിട്ടുക എന്നത് ഓരോ സംസ്ഥാനത്തിൻെറയും അവകാശമാണ്. ഞങ്ങൾ പറയുന്നത് നിങ്ങൾ ചെയ്തില്ലെങ്കിൽ നിങ്ങൾക്ക് ഫണ്ട് തരില്ല എന്ന് പറയാൻ ഒരു യൂണിയൻ സർക്കാരിനും ഭരണഘടന അനുസരിച്ച് യാതൊരു അവകാശവുമില്ല. രാജ്യത്തിൻെറ ഫെഡറൽ വ്യവസ്ഥയുടെ കടക്കൽ കത്തിവെക്കുന്ന നടപടിയാണത്. സ്കൂളുകളിലെ പി.എം ശ്രീ പദ്ധതിയും ഉന്നതവിദ്യാഭ്യാസത്തിലെ പി.എം ഉഷാ പദ്ധതിയുടെയും ആനുകൂല്യങ്ങൾ കിട്ടണമെങ്കിൽ വിദ്യാഭ്യാസനയം നടപ്പാക്കണമെന്ന കണ്ടീഷൻ വെക്കുകയാണ്. തെറ്റായ ഒരു പ്രവണതയാണിത്. നമ്മൾ കോടിക്കണക്കിന് രൂപ നികുതിപ്പണമായി നൽകുന്നുണ്ട്. അതിന് ആനുപാതികമായി സംസ്ഥാനങ്ങൾക്ക് കിട്ടേണ്ട തുകയ്ക്ക് നിബന്ധന വെക്കുക എന്നത് ജനാധിപത്യമല്ല.”

പി.എം ശ്രീ ധാരണാ പത്രത്തിൽ ഒപ്പു വെക്കാത്ത കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങൾക്കുള്ള ഫണ്ട് തടഞ്ഞു വെച്ചതിനെതിരെ ന്യായീകരിക്കാനാകില്ലെന്ന് പാർലമെന്ററി പാനൽ പറഞ്ഞിരുന്നു. കോൺഗ്രസിന്റെ ദിഗ് വിജയ് സിംഗിന്റെ നേതൃത്വത്തിലുള്ള സ്ത്രീകൾ, കുട്ടികൾ, യുവജനങ്ങൾ, വിദ്യാഭ്യാസം, കായികം എന്നിവയുമായി ബന്ധപ്പെട്ട പാർലിമെന്ററി സമിതി ഈ മൂന്ന് സംസ്ഥാനങ്ങൾക്കും ഫണ്ട് വിഹിതം അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

ഫണ്ടിങ് എന്ന ആയുധം

ഫണ്ടിങ് അടക്കമുള്ള കാര്യങ്ങളിലും സംസ്ഥാനങ്ങളെ സമ്മർദ്ദത്തിലാക്കാനും കേന്ദ്രത്തിന് സാധിക്കുമെന്നും യു.ജി.സി അത് ആരംഭിച്ചതായും അമൃത് ജി. കുമാർ പറയുന്നു.

“യു.ജി.സി ഫണ്ടിങിനു വേണ്ടി പുറത്തിറക്കിയ പാറ്റേണിൽ പറയുന്ന ഒരു നിർദേശം ദേശീയ വിദ്യാഭ്യാസ നയത്തിന്റെ നടപ്പാക്കൽ സ്റ്റാറ്റസ് ആണ്. ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കിയവർക്ക് കൂടുതൽ ഫണ്ട് നൽകുന്ന നയം യു.ജി.സി പുറത്തിറക്കിയിട്ടുണ്ട്. സ്‌കൂൾ തലത്തിലാണെങ്കിലും വരാൻ പോകുന്നത് ഫൗണ്ടേഷണൽ വിഭാഗത്തിലുള്ള അധ്യാപകരുടെ പ്രിപ്പറേഷനു വേണ്ടിയുള്ള ഫണ്ടിങ് ആയിരിക്കും. അല്ലെങ്കിൽ പുതിയ വിദ്യാഭ്യാസ നയം അനുസരിച്ചുള്ള ഫണ്ടിങുകളാകും. അപ്പോൾ ഇത് നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് ആ ഫണ്ട് കിട്ടാത്ത അവസ്ഥ വരും. സംസ്ഥാനങ്ങൾക്ക് പൂർണമായി ദേശീയ വിദ്യാഭ്യാസത്തിൽ നിന്ന് വിട്ടുനിൽക്കാമെങ്കിലും ഈ തരത്തിൽ നേരിട്ടല്ലാതെ തന്നെ സംസ്ഥാനങ്ങൾ ഇത് നടപ്പിലാക്കാൻ നിർബന്ധിതരാവുകയാണ്. ഫണ്ട് വാങ്ങാതിരിക്കുമ്പോൾ സംസ്ഥാനങ്ങൾ അത് കണ്ടെത്തേണ്ടിവരും.”

“ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കിയില്ലെങ്കിൽ ഗ്രാന്റുകൾ തരില്ലെന്നും പദ്ധതികളുടെ ഭാഗമാക്കില്ലെന്നമെല്ലാം പറഞ്ഞ് സംസ്ഥാനങ്ങളെ ഭീഷണിപ്പെടുത്തുകയാണ് ചെയ്യുന്നത്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കാര്യത്തിലും യു.ജി.സിയുമായി ബന്ധപ്പെട്ട് ഉള്ള മാർഗനിർദേശങ്ങളിലും ഈ ഭീഷണിയുണ്ട്. മുൻ കാലങ്ങളിൽ യു.ജി.സി മാർഗനിർദേശങ്ങളായിരുന്നുവെങ്കിൽ ഇപ്പോൾ കർശന നിർദേശങ്ങളുടെ രൂപത്തിലാണ് അനുശാസനങ്ങൾ വരുന്നത്. ഗുണനിലവാര വർധനവിന് വേണ്ടി മാർഗനിർദേശം നൽകാനുള്ള ഒരു ബോഡി ആയിട്ടാണ് യു.ജി.സിയെ വിഭാവനം ചെയ്തിരുന്നത്. അപ്പോൾ യു.ജി.സി പറയുന്നത് സംസ്ഥാനങ്ങൾക്ക് എടുക്കുകയും എടുക്കാതിരിക്കുകയും ചെയ്യാമായിരുന്നു. നമ്മുടെ അക്കാദമിക് ക്വാളിറ്റി നിർവീര്യമാക്കുന്ന രീതിയിലുള്ള നിർദേശങ്ങളാണ് ഇപ്പോൾ യു.ജി.സിയിലൂടെ അടിച്ചേൽപ്പിക്കുന്നത്. ഉദാഹരണത്തിന് അധ്യാപക നിയമനത്തിനുള്ള ക്വാളിഫിക്കേഷന്റെ കാര്യത്തിൽ പോലും വെള്ളം ചേർക്കൽ നടന്നിട്ടുണ്ട്. പ്രൊഫസർ ഓഫ് പ്രാക്ടീസ് എന്നത് ദേശീയ വിദ്യാഭ്യാസ നയത്തിലെ ഒരു നിർദേശമാണ്. അതായത് നിർദ്ദിഷ്ട ക്വാളിഫിക്കേഷൻ ഇല്ലാത്തവർക്കും ഒരു മേഖലയിൽ കുറേ കാലം ജോലി ചെയ്താൽ പ്രൊഫസറാകാൻ പറ്റും. വെറും പി.ജി മാത്രമുള്ള ആളുകൾ പോലും അധ്യാപകരാകാനുള്ള സാധ്യത വളരെ കൂടുതലാണ്. പ്രൊഫസർ ഓഫ് പ്രാക്ടീസസ് എന്ന് പറഞ്ഞ് പഠിപ്പിക്കാൻ വരുന്നത് ആരായിരിക്കുമെന്ന് ഇന്നത്തെ സാഹചര്യത്തിൽ ഊഹിക്കാവുന്നതേയുള്ളൂ,” ആർ. ബിന്ദു കൂട്ടിച്ചേർത്തു.

യോജിച്ച് കേരളവും തമിഴ്‌നാടും

പി.എം ശ്രീ പദ്ധതി ഉൾപ്പെടെ വിവിധ കേന്ദ്രാവിഷ്‌കൃത വിദ്യാഭ്യാസ പദ്ധതികൾ പ്രകാരം കേരളത്തിന് ആകെ 1500.27 കോടി രൂപയുടെ ധനസഹായം കേന്ദ്ര സർക്കാർ തടഞ്ഞുവെച്ചിട്ടുണ്ട്. പി.എം ശ്രീ പദ്ധതിയുടെ ധാരണാപത്രത്തിൽ നിർബന്ധിപ്പിച്ചു കൊണ്ടാണ് കേന്ദ്രം ധനസഹായം തടയുന്നത്. ഇതിനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനമെന്ന് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചിട്ടുണ്ട്. ജി.എസ് മണിയുടെ ഹരജി തള്ളിക്കൊണ്ട് ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കാര്യത്തിൽ സുപ്രീംകോടതി നടത്തിയ സൂക്ഷ്മമായ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് കേരളം നിയമനടപടികളുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചതെന്ന് വിദ്യഭ്യാസ മന്ത്രി വി.ശിവൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

 മന്ത്രി വി.ശിവൻകുട്ടി
മന്ത്രി വി.ശിവൻകുട്ടി

സുപ്രീംകോടതി ഇടപെടലിനെ തുടർന്ന് ഫണ്ട് നിഷേധമടക്കമുള്ള കാര്യങ്ങളിൽ കേന്ദ്രത്തിന്റെ തീരുമാനത്തിനെതിരെ നിയമപരമായ വഴികൾ കേരളം അന്വേഷിക്കുന്നുണ്ട്. ദേശീയ വിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ട് കേരളത്തിനേതു പോലെ സമാന നിലപാടും ആശങ്കയുമുള്ള തമിഴ്‌നാട് സർക്കാരുമായി പ്രാഥമിക ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. തമിഴ്‌നാട് സ്‌കൂൾ വിദ്യാഭ്യാസ മന്ത്രിയുമായി രണ്ടു തവണ ആശയവിനിമയം നടത്തി. വിദ്യാഭ്യാസ മേഖലയിൽ സംസ്ഥാന അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ ഏകോപിതമായ നിയമ, നയ തന്ത്രങ്ങൾ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഇരു സംസ്ഥാനങ്ങളിലെയും വിദ്യാഭ്യാസ മന്ത്രിമാർ തമ്മിൽ ഒരു സംയുക്ത യോഗം ആസൂത്രണം ചെയ്തിട്ടുണ്ട്. രണ്ടാഴ്ചക്കുള്ളിൽ തമിഴ്നാട് വിദ്യാഭ്യാസ മന്ത്രിയുമായി കൂടിക്കാഴ്ച ഉണ്ടാകും.- ശിവൻകുട്ടി പറഞ്ഞു.

Comments