“ആണിന്,
ഏതു ബിസിനീതന്തുമരീചികേശനും
മുടി, വെന്നിക്കൊടി
സാംസണ്‍,
പ്രാണന്റെ വിലയുള്ള
നട്ടെല്ലിന്റെ ഉറപ്പുള്ള കരുത്ത്”
(ലോപ)
മുടിയും മീശയും ഒരിക്കലും സൗന്ദര്യബോധത്തിന്റെ മാത്രം തിരഞ്ഞെടുപ്പുകളായിരുന്നില്ല. ചരിത്രത്തിലുടനീളം അവ അധികാരം എഴുതിവെച്ചിരുന്ന ഭൂപടങ്ങളായിരുന്നു. ആരുടെ ശിരസ്സിൽ എത്ര നീളത്തിൽ മുടിയാകാം, ആർക്ക് മുഖത്ത് മീശവെക്കാൻ അർഹതയുണ്ട്, ആരുടെ തല മൊട്ടയടിക്കപ്പെടണം എന്നതെല്ലാം ആധിപത്യത്തിന്റെ വ്യാകരണത്തിൽനിന്ന് രൂപപ്പെട്ട ചോദ്യങ്ങളാണ്. ഈ ചരിത്രപശ്ചാത്തലത്തിൽ മാത്രമേ ആൺകുട്ടികൾക്കും ലിംഗപരിചയം സ്ഥിരീകരിക്കാത്ത കുട്ടികൾക്കും ഇഷ്ടാനുസരണം മുടി വളർത്താമെന്നും അതിന്റെ പേരിൽ ഒരു കുട്ടിയെയും ശിക്ഷിക്കാനോ അപമാനിക്കാനോ പാടില്ലെന്നും കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ 2026 സെപ്റ്റംബർ 17-ന് പുറപ്പെടുവിച്ച ഉത്തരവിനെ ശരിയായി വായിക്കാൻ കഴിയൂ. ഉത്തരവ് ഒരു ഡ്രസ് കോഡ് ഭേദഗതിയായല്ല, ശരീരത്തിന്മേൽ ആർക്കാണ് അധികാരം എന്നതിനെക്കുറിച്ചുള്ള ഒരു ജനാധിപത്യ പ്രസ്താവനയായാണ് വായിക്കേണ്ടത്. മിക്ക സ്കൂൾ സർക്കുലറുകൾക്കും സാധിക്കാത്ത ഒരു കാര്യം - രൂപത്തെക്കുറിച്ചുള്ള ഒരു ചോദ്യത്തെ അധികാരത്തെക്കുറിച്ചുള്ള ചോദ്യമാക്കി മാറ്റുക - ഈ ഉത്തരവ് നിർവഹിക്കുന്നു.
വിരുദ്ധദിശകളിൽനിന്നു വന്ന ഹർജികളാണ് ഇതിലേക്ക് നയിച്ചത്. രാമനാട്ടുകര സ്വദേശിനി ഇന്ദു മേനോൻ നൽകിയ ഹർജിയിൽ, ജെൻഡർ-ന്യൂട്രൽ ആണെന്ന് അവകാശപ്പെടുന്ന സ്കൂളുകൾ തന്നെ നീണ്ട മുടിയുള്ള ആൺകുട്ടികളോട് വിവേചനം കാണിക്കുന്നു എന്നായിരുന്നു ആരോപണം. കോട്ടയ്ക്കൽ സേക്രഡ് ഹാർട്ട് ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പൽ നൽകിയ രണ്ടാമത്തെ ഹർജി, മുടി മുറിക്കാൻ വിസമ്മതിച്ച ഒരു പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിയെ എങ്ങനെ കൈകാര്യം ചെയ്യണം എന്നതിനെക്കുറിച്ചായിരുന്നു. ഈ രണ്ടു ഹർജികളും ഒരുമിച്ചു പരിഗണിച്ചാണ് കമ്മീഷൻ അംഗം മുടിയുടെ നീളത്തിന്റെ പേരിൽ മാനസികമായി പീഡിപ്പിക്കുകയോ ക്ലാസിൽനിന്ന് മാറ്റിനിർത്തുകയോ വിവേചനം കാണിക്കുകയോ ശിക്ഷിക്കുകയോ ചെയ്യരുതെന്നും, ബാഹ്യരൂപത്തേക്കാൾ പഠനപുരോഗതിക്കും വ്യക്തിത്വവികാസത്തിനുമാണ് സ്കൂളുകൾ മുൻഗണന നൽകേണ്ടതെന്നും വ്യക്തമാക്കിയത്. ഉത്തരവിന്റെ ഏറ്റവും സൂക്ഷ്മമായ ഭാഗം ‘മുടി മുറിക്കേണ്ടതില്ല’ എന്ന അനുമതിയല്ല, സ്വാതന്ത്ര്യത്തിനും ഉത്തരവാദിത്തത്തിനും ഒരേസമയം ഇടം നൽകുന്നു എന്നതാണ്. കുട്ടിക്ക് മുടിയുടെ നീളം തിരഞ്ഞെടുക്കാം, പക്ഷേ അത് വൃത്തിയായും സുരക്ഷിതമായും സൂക്ഷിക്കണം. കണ്ണും മുഖവും മറയ്ക്കുന്ന വിധത്തിൽ അശ്രദ്ധമായി വിടരുത്. ലബോറട്ടറി പ്രവർത്തനങ്ങൾ, കായികമത്സരങ്ങൾ, പ്രാക്ടിക്കൽ ക്ലാസുകൾ എന്നിവയിൽ സുരക്ഷയ്ക്കായി കെട്ടിവയ്ക്കുകയോ ഹെയർബാൻഡ് ഉപയോഗിച്ച് ഒതുക്കുകയോ ചെയ്യണം. ആരോഗ്യത്തിന് ഹാനികരമായ രാസവസ്തുക്കളും ഹെയർ കളറുകളും ഒഴിവാക്കണം. അതായത്, സ്വാതന്ത്ര്യത്തിന് എതിരല്ല അച്ചടക്കം; സ്വാതന്ത്ര്യത്തെ സംരക്ഷിക്കുന്ന അച്ചടക്കമാണ് ഇവിടെ ആവശ്യപ്പെടുന്നത്.

ഇനിയാണ് അച്ചടക്കം എന്ന വാക്ക് പുനർവിചിന്തനം ചെയ്യേണ്ടത്. സ്കൂളുകളിൽ അച്ചടക്കം പലപ്പോഴും അനുസരണത്തിന്റെ പര്യായമായി മാറാറുണ്ട്. അധ്യാപകൻ പറഞ്ഞാൽ കേൾക്കുക, ചോദ്യം ചെയ്യാതിരിക്കുക, നിർദ്ദിഷ്ട രൂപത്തിൽ മുടി മുറിക്കുക, നിരയിൽ നിൽക്കുക. എന്നാൽ അനുസരണം അച്ചടക്കത്തിന്റെ ഒരു രൂപം മാത്രമാണ്. അതുതന്നെ പൂർണ്ണത എന്നു കരുതുമ്പോൾ വിദ്യാഭ്യാസം സ്വഭാവനിർമ്മാണത്തിൽനിന്ന് അനുസരണ നിർമ്മാണത്തിലേക്ക് വഴുതിപ്പോകുന്നു. ഒരു കുട്ടി മുടി നീട്ടി വളർത്തുന്നു എന്നതുകൊണ്ട് അവൻ പഠനത്തിൽ പിന്നിലാണോ, അധ്യാപകനെ ബഹുമാനിക്കാത്തവനാണോ, വിദ്യാലയപ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നുണ്ടോ എന്ന ചോദ്യങ്ങൾക്ക് ഉത്തരം അല്ല എന്നാണെങ്കിൽ, മുടിയുടെ നീളം എന്തുകൊണ്ട് അച്ചടക്കത്തിന്റെ മാനദണ്ഡമാകുന്നു? യഥാർത്ഥ പ്രശ്നം മുടിയല്ല, ശരീരത്തെ സ്ഥാപനത്തിന്റെ നിയമത്തിന് കീഴ്പ്പെടുത്താനുള്ള അധികാരമാണ്. ആധുനിക അധികാരം വടികൊണ്ടല്ല, നോട്ടം കൊണ്ടാണ് പ്രവർത്തിക്കുന്നത്. നിരീക്ഷണം, മാനദണ്ഡം, താരതമ്യം, ‘സാധാരണ’ എന്ന ഒരു മാതൃക എന്നിവയിലൂടെ വ്യക്തികളെ സ്വയം നിയന്ത്രിക്കുന്നവരാക്കി മാറ്റുകയാണ് സ്ഥാപനം ചെയ്യുന്നത്. അധ്യാപകർ ഓരോ ദിവസവും മുടി പരിശോധിക്കണമെന്നില്ല. നാളെ പരിശോധിക്കുമെന്ന അറിവുതന്നെ കുട്ടിയെ സ്വന്തം ശരീരത്തെ സ്വയം നിരീക്ഷിക്കാൻ പ്രേരിപ്പിക്കുന്നു. യൂണിഫോം, നഖം, ഇരിപ്പുരീതി, വരിയിൽ നിൽപ്പ് എന്നിവയെല്ലാം ശരീരത്തെ ക്രമപ്പെടുത്തുന്ന ചെറിയ സാങ്കേതികവിദ്യകളാണ്. അതിൽ ഏറ്റവും ദൃശ്യമായത് മുടിയാണ്. അസംബ്ലിയിൽവെച്ച് ഒരു കുട്ടിയുടെ മുടി പരസ്യമായി മുറിക്കുമ്പോൾ സ്ഥാപനം നൽകുന്ന സന്ദേശം, നിന്റെ ശരീരത്തെക്കുറിച്ചുള്ള അന്തിമ തീരുമാനം നിനക്കല്ല എന്നതാണ്. കൗമാരത്തിൽ സ്വന്തം ശരീരത്തെ എങ്ങനെ അവതരിപ്പിക്കണം എന്നത് വ്യക്തിത്വരൂപീകരണത്തിന്റെ കാതലായ ഭാഗമായതിനാൽ, സമ്മതമില്ലാതെ അത് മുറിക്കപ്പെടുമ്പോൾ കുട്ടി ‘എന്റെ ശരീരം എന്റേതല്ല’ എന്ന മാനസികാവസ്ഥയിലേക്ക് പരിമിതപ്പെടുന്നു. പരിഹസിക്കപ്പെടുമോ എന്ന ഭയത്താൽ പിന്നീട് സ്വയം കത്രികയെടുക്കുന്ന ആന്തരികവൽക്കരിക്കപ്പെട്ട അനുസരണയായി അത് പരിണമിക്കുകയും ചെയ്യാം.
ഈ അധികാരബന്ധത്തിന് സാഹിത്യത്തിലും പുരാണത്തിലും ആഴമുള്ള വേരുകളുണ്ട്. ബൈബിളിലെ സാംസൺ–ദലീല കഥയിൽ മുടി മുറിക്കരുതെന്ന നസീർ വ്രതത്തിലാണ് സാംസണിന്റെ അമാനുഷിക ശക്തി കുടികൊള്ളുന്നത്. ഉടമ്പടി ലംഘിക്കപ്പെട്ട് മുടി മുറിക്കപ്പെടുമ്പോൾ ശക്തി നഷ്ടപ്പെടുന്നു. യൂറിപ്പിഡീസിന്റെ ‘ദി ബാക്കേ’യിൽ ഡയോനിസസിന്റെ നീണ്ട മുടി ദൈവിക ആകർഷണീയതയുടെയും ലിംഗഭേദങ്ങളെ മറികടക്കുന്ന ശക്തിയുടെയും അടയാളമാണ്. പെന്തിയസ് അത് മുറിക്കാൻ ശ്രമിക്കുന്നത് ദൈവത്തിന്റെ അധികാരത്തെത്തന്നെ നശിപ്പിക്കാനുള്ള ശ്രമമായി വായിക്കപ്പെടുന്നു. അതേ ഗ്രീക്ക് ഭാവനയിൽ മെഡൂസയുടെ പാമ്പുമുടി ഭയാനകമായ ശക്തിയുടെ ബിംബമാകുന്നു. ഈ പുരാണരൂപം ആധുനിക സാഹിത്യത്തിൽ മറ്റൊരു ഭാവത്തിൽ തിരിച്ചെത്തുന്നത് സോറ നീൽ ഹർസ്റ്റണിന്റെ ‘ദെയർ ഐസ് വേർ വാച്ചിങ് ഗോഡ്’ എന്ന കൃതിയിലാണ്. ജാനി ക്രോഫോർഡിന്റെ മുടി സ്വാതന്ത്ര്യത്തിന്റെയും ലൈംഗികതയുടെയും അധികാരത്തിന്റെയും പ്രധാന പ്രതീകമാണ്. ഭർത്താവ് ജോ സ്റ്റാർക്സ് അവളെ മുടി മൂടിവെക്കാൻ നിർബന്ധിക്കുന്നത് അവളുടെ ശക്തിയെ നിയന്ത്രിക്കാനുള്ള ശ്രമമായി വായിക്കാം. മുടി അഴിച്ചിടുന്ന നിമിഷം അതിന്റെ തിരിച്ചുപിടിക്കലാകുന്നു.

വിക്ടോറിയൻ സാഹിത്യത്തിലും ഈ ഇരട്ട യുക്തി കാണാം. മുടി അഴിച്ചിടുന്നത് സ്വാതന്ത്ര്യത്തിന്റെയും ലൈംഗികതയുടെയും പ്രഖ്യാപനമാകുമ്പോൾ മൂടുന്നതും കെട്ടിവെക്കുന്നതും നിയന്ത്രണത്തിന്റെയും മാന്യതയുടെയും ഭാഷയാകുന്നു. പല മതപാരമ്പര്യങ്ങളിലും സ്ത്രീ മുടി മൂടണമെന്ന നിർദ്ദേശം അതിന്റെ ആകർഷണശക്തിയെ നിയന്ത്രിക്കാനുള്ള സാമൂഹിക ശ്രമമായി വായിക്കാം. മുടി വയസ്സിനെയും ലിംഗത്തെയും ക്ലാസിനെയും വംശത്തെയും ഗോത്രബന്ധത്തെയും അടയാളപ്പെടുത്തുന്ന സാമൂഹിക കോഡ് കൂടിയാണ്; ടാറ്റൂ, മുറിവുപാട്, ആഭരണം, ബോഡി പെയിന്റ് എന്നിവയെപ്പോലെ. പാപ്പുവ ന്യൂ ഗിനിയയിലെ ബിലാസ് അലങ്കാരങ്ങൾ സമ്പത്തും നേതൃത്വവും ആത്മീയബന്ധവും പ്രകടിപ്പിക്കുന്നതുപോലെ, മുടിസ്റ്റൈലിങ് വ്യക്തിയെ സമൂഹത്തിന്റെ ഭാഗമാക്കുകയും ഒപ്പം വ്യക്തിത്വം പ്രകടിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് പുരാതന സമൂഹങ്ങളിൽ നീണ്ട മുടി സ്വതന്ത്രരുടെയും യോദ്ധാക്കളുടെയും അടയാളമായിരുന്നതും അടിമകളുടെ മുടി മുറിച്ചുകളയുന്നത് അധികാരനഷ്ടത്തിന്റെ ആചാരമായിരുന്നതും. മുടി മുറിക്കൽ പല സംസ്കാരങ്ങളിലും ദുഃഖത്തിന്റെയും ത്യാഗത്തിന്റെയും അടയാളമാകുന്നു. പ്രതീകഭാരത്തിന് ആത്മീയമായ അടിത്തറയുമുണ്ട്. ശിവന്റെ ജട തപസ്സിന്റെ പ്രതീകമാണ്. നോർസ് പുരാണത്തിൽ സിഫ് ദേവിയുടെ സ്വർണ്ണമുടി ഭൂമിയുടെ സമൃദ്ധിയുടെ ബിംബമാണ്. ക്രിസ്ത്യൻ സന്യാസ പാരമ്പര്യത്തിലെ ടോൻഷർ ലൗകികത ഉപേക്ഷിക്കലിന്റെ അടയാളമാണ്. പുരാതന ഗ്രീസിൽ കൗമാരത്തിൽ മുടി മുറിച്ച് ദേവതകൾക്ക് സമർപ്പിക്കുന്നത് വളർച്ചയുടെ ആചാരമായിരുന്നു. ആഫ്രിക്കൻ-അമേരിക്കൻ സംസ്കാരത്തിൽ ഈ ആത്മീയ–രാഷ്ട്രീയമാനം നേരിട്ട് പ്രതിരോധമായി മാറുന്നു.
അടിമത്തകാലത്ത് അടിച്ചേൽപ്പിക്കപ്പെട്ട നിയന്ത്രണത്തിനെതിരായാണ് നാച്ചുറൽ ഹെയർ മൂവ്മെന്റ് രൂപപ്പെടുന്നത്. ഈ പ്രതീകഭാരം കൊണ്ടുതന്നെയാണ് സ്കൂൾ ഡ്രസ് കോഡിന്റെ ചരിത്രത്തെ വസ്ത്രധാരണത്തിന്റെ മാത്രം കഥയായി ചുരുക്കിക്കാണാനാവാത്തത്. ആധുനിക സ്കൂൾ എന്ന സ്ഥാപനം രൂപപ്പെടുന്നതോടെയാണ് വിദ്യാർത്ഥിയുടെ വസ്ത്രവും രൂപഭാവവും അച്ചടക്കത്തിന്റെ ഭാഗമാകുന്നത്. ഇംഗ്ലണ്ടിലെ ക്രൈസ്റ്റ്സ് ഹോസ്പിറ്റൽ പോലെയുള്ള സ്ഥാപനങ്ങളിൽ പതിനാറാം നൂറ്റാണ്ടുമുതൽ പ്രത്യേക വസ്ത്രധാരണരീതികൾ രേഖപ്പെടുത്തിയിട്ടുണ്ട്. വിക്ടോറിയൻ ഇംഗ്ലണ്ടിൽ ഇതിന് ഔപചാരികഭാവം വന്നു. ആൺകുട്ടികൾക്ക് സൈനിക അച്ചടക്കത്തിന് സമാനമായ ചെറിയ മുടിയും പെൺകുട്ടികൾക്ക് അടക്കം പ്രകടമാക്കുന്ന കെട്ടിവെച്ച മുടിയും നിർബന്ധമാക്കി. ഈ സങ്കൽപം അവർ കോളനികളിലേക്കും കൊണ്ടുപോയി. ആഫ്രിക്കൻ ജടകളും ബ്രെയ്ഡുകളും തദ്ദേശീയ ജാതി-അധിഷ്ഠിത മുടിശൈലികളും അപരിഷ്കൃതമായി മുദ്രകുത്തി യൂറോപ്യൻ ‘നീറ്റ്’ സൗന്ദര്യശാസ്ത്രം അച്ചടക്കത്തിന്റെ പേരിൽ അടിച്ചേൽപ്പിച്ചു. ജപ്പാനിൽ 1879-ൽ ഗാക്കുഷൂയിൻ നാവികസേനാ വേഷത്തെ അനുസ്മരിപ്പിക്കുന്ന യൂണിഫോം സ്വീകരിച്ചതോടെ യൂണിഫോം സ്ഥാപനത്തോടുള്ള അനുസരണത്തിന്റെ പ്രത്യക്ഷ ചിഹ്നമായി. ഒരേ വേഷം ധരിച്ച വിദ്യാർത്ഥികൾക്ക് വ്യക്തിത്വം പ്രകടിപ്പിക്കാനുള്ള ഏക ഇടം മുടിയായതിനാൽ സ്ഥാപനങ്ങൾ ക്രമേണ അതിന്റെ നീളവും നിറവും അലങ്കാരവുംവരെ നിയന്ത്രിക്കാൻ തുടങ്ങി.

ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ഈ നിയന്ത്രണം ഔപചാരികവൽക്കരിക്കപ്പെട്ടു. തായ്‌വാനിൽ 1950-ൽ വിദ്യാഭ്യാസ മന്ത്രാലയം ആൺകുട്ടികൾ തല മുണ്ഡനം ചെയ്യണമെന്നും പെൺകുട്ടികൾ മുടി ചുരുക്കണമെന്നും ഉത്തരവിട്ടു,1969-ൽ അത് നിയമമായി. 2005-ലാണ് പൂർണമായി ഇളവ് വന്നത്. ജപ്പാനിലെ ‘കറുത്ത സ്കൂൾ നിയമങ്ങൾ’ മുടി കറുപ്പിക്കണമെന്നും ചുരുട്ടരുതെന്നും സ്വാഭാവികമായി കറുപ്പല്ലാത്ത മുടിയുള്ളവർ അത് തെളിയിക്കുന്ന രേഖ കൊണ്ടുവരണമെന്നുംവരെ ആവശ്യപ്പെട്ടിരുന്നു. മനുഷ്യാവകാശ സമ്മർദ്ദത്തെ തുടർന്ന് അവയിൽ പലതും പിൻവലിക്കപ്പെട്ടു. അമേരിക്കയിൽ യുദ്ധാനന്തര ഹൈസ്കൂളുകളിൽ മുടി ചെവിക്കും കോളറിനും പുരികത്തിനും മുകളിലേക്ക് പോകരുതെന്ന നിയമങ്ങൾ സാധാരണമാക്കി. ഓസ്‌ട്രേലിയയിലും യുകെയിലും ഇന്നും മുള്ളറ്റും മോഹോക്കും നിരോധിക്കപ്പെടുന്നത് ഇതേ യൂറോപ്യൻ മാനദണ്ഡത്തെ അടിസ്ഥാനമാക്കിയ ‘നീറ്റ് ആൻഡ് ടൈഡി’ സൗന്ദര്യമാനദണ്ഡത്തിന്റെ ചില രൂപങ്ങളുടെ തുടർച്ചയായി കാണാം. മുള്ളറ്റ് എന്നത് മുൻഭാഗവും വശങ്ങളും താരതമ്യേന ചെറുതാക്കി പിന്നിലെ മുടി നീളത്തിൽ വിടുന്ന ശൈലിയാണ്. മോഹോക്കിൽ തലയുടെ ഇരുവശത്തെയും മുടി വളരെ ചെറുതാക്കുകയോ പൂർണമായി നീക്കുകയോ ചെയ്ത് തലയുടെ മധ്യഭാഗത്ത് മാത്രം ഒരു നീളമുള്ള മുടിപ്പട്ടി നിലനിർത്തുന്നു.
കൊറിയയിൽ 1970-കളിൽ പാർക്ക് ചുങ്-ഹീ ഭരണകൂടം നീണ്ട മുടിയെ ഹിപ്പി സംസ്കാരവുമായി ബന്ധപ്പെടുത്തി കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. സൈനികശൈലിയിലുള്ള ചെറുമുടി അച്ചടക്കത്തിന്റെ ചിഹ്നമായി. ഈ പരിശോധനാ പാരമ്പര്യങ്ങൾക്ക് ജാപ്പനീസ് അധിനിവേശകാലത്തെ വിദ്യാഭ്യാസ-അധികാരഘടനകളുമായി ബന്ധമുണ്ടെന്ന ചരിത്രവായനകളും നിലനിൽക്കുന്നു. വംശീയമായ മാനവും ഈ ചരിത്രത്തെ ആഴത്തിൽ മുറിവേൽപ്പിച്ചിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിൽ അമേരിക്കയിലും യൂറോപ്പിലും കറുത്തവർഗക്കാരായ വിദ്യാർത്ഥികളുടെ ആഫ്രോ, ഡ്രെഡ്‌ലോക്സ്, ബ്രെയ്ഡ്സ് (മുടിശൈലികൾ)എന്നിവയെ അച്ചടക്കമില്ലായ്മയായി നിരീക്ഷിച്ചു. യൂറോപ്യൻ മുടി മാത്രം ‘പ്രൊഫഷണൽ’ എന്ന യൂറോകേന്ദ്രിക മാനദണ്ഡം സ്കൂൾ ചട്ടങ്ങളിൽ ഇടംപിടിച്ചു. 1960–70-കളിലെ ബ്ലാക്ക് പവർ മൂവ്മെന്റിൽ ഈ കാഴ്ചപ്പാട് ചോദ്യം ചെയ്യപ്പെടുകയും ആഫ്രോ അഭിമാനത്തിന്റെ ചിഹ്നമായി തിരിച്ചുപിടിക്കപ്പെടുകയും ചെയ്തു. ഒടുവിൽ 2019 മുതൽ അമേരിക്കയിൽ പാസാക്കിയ ക്രൗൺ ആക്ട് സ്വാഭാവിക മുടിശൈലികളുടെ പേരിലുള്ള വിവേചനം നിയമവിരുദ്ധമാക്കുന്ന സംസ്ഥാനതല നിയമനടപടികൾക്ക് വഴിയൊരുക്കി. സിഖ്, നേറ്റീവ് അമേരിക്കൻ, കുക്ക് ഐലൻഡ്സ് പാരമ്പര്യങ്ങൾക്കും സമാനമായ അംഗീകാരം വേണമെന്ന ആവശ്യങ്ങൾ ഉയർന്നു. 1960–70 കാലഘട്ടം ഈ ചരിത്രത്തിലെ വലിയ പൊട്ടിത്തെറിയാണ്. ബീറ്റിൽസിന്റെ മോപ്പ്-ടോപ്പ് (The Beatles അംഗങ്ങൾ ജനപ്രിയമാക്കിയ പ്രത്യേക മുടിശൈലി)

ശൈലിയും ഹിപ്പി പ്രസ്ഥാനവും ആൺകുട്ടികളിൽ നീണ്ട മുടി ജനപ്രിയമാക്കിയപ്പോൾ അത് പരമ്പരാഗത പുരുഷത്വത്തെയും അധികാരത്തെയും ചോദ്യം ചെയ്യുന്ന പ്രതീകമായി. കോടതി വിധികൾ വിദ്യാർത്ഥികൾക്ക് സ്കൂൾ ഗേറ്റിനുള്ളിലും ചില സ്വാതന്ത്ര്യാവകാശങ്ങൾ നിലനിൽക്കുന്നുവെന്ന് വ്യക്തമാക്കി; എന്നാൽ മുടിയുടെയും വസ്ത്രത്തിന്റെയും കാര്യത്തിൽ നിയമപരമായ അതിരുകൾ രാജ്യവും കേസും അനുസരിച്ച് വ്യത്യസ്തമായി തുടരുകയും ചെയ്തു.
ഇന്ത്യൻ സാഹചര്യം ഇതേക്കാൾ സങ്കീർണ്ണമാണ്. കൊളോണിയൽ സ്വാധീനത്തിനും മുമ്പേ മുടിയെക്കുറിച്ചുള്ള ധാരണകൾ ജാതിയും മതവും ലിംഗവും പ്രായവും തൊഴിലുമായി ബന്ധപ്പെട്ടിരുന്നു. കേരളത്തിന്റെ സാമൂഹിക ചരിത്രത്തിൽ മുടി ജാതിയുടെ ചിഹ്നം കൂടിയായിരുന്നു. മേലാളന് കുടുമയാകാം, എന്നാൽ കീഴാളന് മുടി വളർത്തുന്നതും മീശ വെക്കുന്നതും മേലധികാരത്തെ ചോദ്യം ചെയ്യലായി വായിക്കപ്പെട്ടു. യുദ്ധത്തിൽ തോറ്റവരെയും കുറ്റാരോപിതരെയും മൊട്ടയടിക്കുന്നതിലൂടെ അവരുടെ സ്വത്വം റദ്ദാക്കുകയായിരുന്നു സ്ഥാപനങ്ങൾ ചെയ്തിരുന്നത്. ഇതിന്റെ വിപരീതമാണ് പ്രതിരോധം. ഹിപ്പി തലമുറ മുതൽ ദലിത് മുന്നേറ്റങ്ങൾ വരെ നീണ്ട മുടിയും താടിയും മീശയുമൊക്കെ നിലനിൽക്കുന്ന അംഗീകൃത സഭ്യതയുടെ മാനദണ്ഡങ്ങളെ ചോദ്യം ചെയ്യാനുള്ള ഭാഷയായി ഉപയോഗിച്ചു. ഗുജറാത്തിൽ മീശ വെച്ചതിന്റെ പേരിൽ ദലിതർ ആക്രമിക്കപ്പെട്ടപ്പോൾ ഉയർന്നുവന്ന പ്രതിരോധ കാമ്പയിൻ, മീശ പൗരുഷത്തിന്റെ ചിഹ്നത്തിൽനിന്ന് ജാതിവിരുദ്ധ പോരാട്ടത്തിന്റെ ചിഹ്നമായി മാറിയ നിമിഷമാണ്. മീശ വെട്ടിക്കളഞ്ഞ് മുഖം അപമാനിക്കുന്ന ആക്രമണങ്ങൾ ചില ഭാഗങ്ങളിൽ തുടരുന്നത് സമൂഹം മുഖം നഷ്ടപ്പെടലിനെ മീശ നഷ്ടപ്പെടലുമായി ബന്ധിപ്പിക്കുന്നതുകൊണ്ടാണ്. വിദ്യാഭ്യാസസ്ഥാപനങ്ങൾ പലപ്പോഴും ഈ വലിയ ശരീരരാഷ്ട്രീയത്തിന്റെ ഒരു ചെറിയ പതിപ്പ്, ഒരു സൂക്ഷ്മരൂപം മാത്രമാണ്.
കേരളത്തിലെ സ്കൂൾ അനുഭവം ഇത് കൂടുതൽ വ്യക്തമാക്കുന്നു. കേരള മ്യൂസിയത്തിന്റെ ജനൽ ശേഖരത്തിൽനിന്നുള്ള ഒരു പഠനം പറയുന്നത് പല സ്കൂളുകളിലും നീണ്ട മുടിയുള്ള പെൺകുട്ടികൾ രണ്ടുവശത്തും മുടി പിന്നിയിടണം എന്ന നിർബന്ധം നിലനിന്നിരുന്നു എന്നാണ്. 2016-ൽ കാസർഗോഡ് പ്ലസ് ടു വിദ്യാർത്ഥിനി നൽകിയ പരാതിയെ തുടർന്നാണ് പെൺകുട്ടികളെ നിർബന്ധമായി മുടി പിന്നിയിടാൻ പാടില്ലെന്ന രീതിയിൽ ചട്ടത്തിൽ മാറ്റം വന്നത്. ഇവിടെ ശ്രദ്ധിക്കേണ്ടത് മുടിയുടെ നീളമല്ല, ആൺകുട്ടിയുടെ മുടി എങ്ങനെയായിരിക്കണം, പെൺകുട്ടിയുടേത് എങ്ങനെയായിരിക്കണം എന്ന ലിംഗവിഭജനം തന്നെയാണ്. ഇത് ഒരേ അച്ചടക്കത്തിന്റെ രണ്ട് ലിംഗരൂപങ്ങളായി പ്രവർത്തിച്ച് ‘ആൺകുട്ടി എങ്ങനെയിരിക്കണം, പെൺകുട്ടി എങ്ങനെയിരിക്കണം’ എന്ന സാമൂഹിക സങ്കൽപ്പത്തെ പുനർനിർമ്മിക്കുന്നു. ആൺകുട്ടിക്ക് ചെറിയ മുടി, പെൺകുട്ടിക്ക് നീണ്ട മുടി എന്നത് പ്രകൃതിനിയമമല്ല; സമൂഹം നിർമ്മിച്ച ജെൻഡർ കോഡാണ്. ആ കോഡ് ലംഘിക്കപ്പെടുമ്പോഴാണ് പലപ്പോഴും അതിനെ അച്ചടക്കപ്രശ്നം എന്ന് വിളിക്കുന്നത്.

മീശയുടെ രാഷ്ട്രീയം ഇതിലും സൂക്ഷ്മമാണ്. ദക്ഷിണേഷ്യയിൽ മീശ പ്രായപൂർത്തിയുടെയും സാമൂഹിക മാന്യതയുടെയും അടയാളമായി വായിക്കുമ്പോൾ സ്കൂൾ അതിനെ അകാല പുരുഷത്വമായി കാണുന്നു. മീശ വടിപ്പിക്കുന്നതിലൂടെ സ്ഥാപനം പറയുന്നത്, ശരീരം വളർന്നാലും ഇവിടെ പൂർണ അധികാരമുള്ള വ്യക്തിയല്ല എന്നാണ്. അതേ യുക്തി തന്നെയാണ് പെൺകുട്ടികളുടെ യൂണിഫോമിലും പ്രവർത്തിക്കുന്നത്. സ്കർട്ട് നിർബന്ധമാക്കുമ്പോൾ സഞ്ചാരസ്വാതന്ത്ര്യവും കായികപങ്കാളിത്തവും ചുരുങ്ങുന്നു, ശരീരം കൂടുതൽ നിരീക്ഷണവിധേയമാകുന്നു. വിനയം എന്ന പേരിൽ പെൺകുട്ടിയുടെ വസ്ത്രം നിയന്ത്രിക്കുമ്പോൾ യഥാർത്ഥത്തിൽ സംഭവിക്കുന്നത് ആൺകുട്ടിയുടെ പെരുമാറ്റത്തിന്റെ ഉത്തരവാദിത്തം അവളുടെ ശരീരത്തിലേക്ക് മാറ്റപ്പെടുകയാണ്.
മൊട്ടയാക്കൽ ഈ അധികാരപ്രയോഗത്തിന്റെ ഏറ്റവും തീവ്രമായ രൂപമാണ്. സ്വമേധയാ സ്വീകരിക്കുമ്പോൾ അത് സമർപ്പണമോ ശുദ്ധീകരണമോ ആകാം. നിർബന്ധിതമാകുമ്പോൾ അത് വ്യക്തിത്വത്തിന്റെ പൂർണമായ നിരാകരണമാണ്. ശൂന്യമായ തലയിൽ വ്യക്തിയുടെ അടയാളങ്ങൾ ഇല്ലാതാകുന്നു, ശരീരം കൂടുതൽ തുറന്നതും അരക്ഷിതവുമാകുന്നു. മുടി ഏതാനും ദിവസംകൊണ്ട് വളരുമെന്ന ന്യായംകൊണ്ട് അപമാനത്തിന്റെ ഓർമ്മ മായുന്നില്ല. അമേരിക്കയിലെ ആദിവാസി ബോർഡിംഗ് സ്കൂളുകളിൽ കുട്ടികളുടെ മുടി ബലമായി മുറിച്ചത് അവരുടെ സമൂഹബന്ധം മുറിക്കുന്നതിനു തുല്യമായിരുന്നുവെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ജയിലുകളിലെ മുടിനിയമങ്ങൾ ശുചിത്വത്തിന്റെ പേരിലാണെങ്കിലും ലജ്ജയും തിരിച്ചറിവിന്റെ നഷ്ടവും സൃഷ്ടിക്കുന്നു എന്നും വിവിധ പഠനങ്ങൾ കാണിക്കുന്നു. കത്രികയെക്കാൾ മൂർച്ചയുള്ള ആയുധം കൂട്ടനോട്ടമാണ്. കൗമാരത്തിലെ തീവ്രമായ ശരീരബോധത്തിൽ ആ നോട്ടം ദീർഘകാല മുറിവായി അവശേഷിക്കുന്നു.
ഈ ചരിത്ര പശ്ചാത്തലത്തിൽ വേണം സ്ഥാപനാധികാരത്തിന്റെ പരിധിയെ മനസ്സിലാക്കാൻ. ഒരു സ്കൂളിന് നിയമങ്ങൾ വേണം; നിയമങ്ങളില്ലാത്ത സ്കൂൾ വിദ്യാഭ്യാസസ്ഥാപനമാകില്ല. പക്ഷേ ഓരോ നിയമത്തിനും ഒരു യഥാർത്ഥ വിദ്യാഭ്യാസലക്ഷ്യമുണ്ടായിരിക്കണം, അത് അനുപാതികമായിരിക്കണം, എല്ലാവർക്കും തുല്യമായി ബാധകമാകണം. ശുചിത്വവും സുരക്ഷയും പാലിക്കുന്നിടത്തോളം വ്യക്തിപരമായ ഹെയർസ്റ്റൈലിൽ ഇടപെടേണ്ടതില്ല. നിയന്ത്രണം ആവശ്യമെങ്കിൽ അത് മുറിക്കലല്ല, കെട്ടിവെക്കലോ ഹെയർബാൻഡോ ആയിരിക്കണം ആദ്യ പരിഗണന. മുടി മുറിക്കലും മീശ വടിക്കലും മൊട്ടയാക്കലും ഒരിക്കലും ശിക്ഷയാകരുത്. ഒരു കുട്ടിയെയും സഹപാഠികളുടെ മുന്നിൽ ശരീരത്തിന്റെ പേരിൽ പരിഹസിക്കരുത്. നയം രൂപപ്പെടുത്തുമ്പോൾ കുട്ടികളുടെ, പ്രത്യേകിച്ച് പെൺകുട്ടികളുടെയും ലിംഗവൈവിധ്യമുള്ള കുട്ടികളുടെയും അഭിപ്രായം കേൾക്കണം എന്ന് കമ്മിഷൻ തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. ഐക്യരാഷ്ട്ര ബാലാവകാശ കൺവെൻഷന്റെ പന്ത്രണ്ടാം അനുച്ഛേദം ഉറപ്പുനൽകുന്ന കേൾക്കപ്പെടാനുള്ള അവകാശമാണ് ഇവിടെ പ്രയോഗത്തിൽ വരുന്നത്. ഇന്ത്യയിലെ വിദ്യാഭ്യാസാവകാശ നിയമം ശാരീരികശിക്ഷയും മാനസികപീഡനവും നിരോധിക്കുന്നതിന്റെ തുടർച്ച കൂടിയാണിത്.

സംസ്ഥാന വിദ്യാഭ്യാസ വകുപ്പോ സിബിഎസ്ഇയോ ഈ വിഷയത്തിൽ പ്രത്യേക മാർഗനിർദ്ദേശങ്ങളൊന്നും പുറപ്പെടുവിച്ചിട്ടില്ലെന്ന് കണ്ടെത്തിയ കമ്മിഷൻ ഉടൻ മാർഗനിർദ്ദേശങ്ങൾ തയ്യാറാക്കണമെന്നും അത് രൂപപ്പെടുത്തുന്ന സമിതിയിൽ ആൺകുട്ടികളെയും ലിംഗപരിചയം സ്ഥിരീകരിക്കാത്ത കുട്ടികളെയും ഉൾപ്പെടുത്തണമെന്നും 45 ദിവസത്തിനകം നടപടികളുടെ റിപ്പോർട്ട് സമർപ്പിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. ഇത് ഒറ്റപ്പെട്ട ഇടപെടലല്ല. 2020-ൽ വയനാട്ടിൽ ഒരു ഹെയർസ്റ്റൈലിന്റെ പേരിൽ ഒൻപതുവയസ്സുകാരനെ അസംബ്ലിയിൽ അപമാനിച്ചതിനെതിരെയും കമ്മിഷൻ ശക്തമായി ഇടപെട്ടിരുന്നു. ഈ തുടർച്ചയിൽവച്ചുനോക്കുമ്പോൾ പുതിയ ഉത്തരവ് കമ്മിഷന്റെ ദീർഘകാല നിലപാടിന്റെ സ്വാഭാവിക വളർച്ചയായി വായിക്കാം.
ഈ ഉത്തരവിനെ ആഗോള പശ്ചാത്തലത്തിൽ വെച്ചുനോക്കുമ്പോൾ വിവിധ രാജ്യങ്ങൾ മുടിയും വസ്ത്രവും സംബന്ധിച്ച സ്കൂൾ നിയന്ത്രണങ്ങളെ എങ്ങനെ പുനർവിചിന്തനം ചെയ്തുവരുന്നു എന്നതും കാണാം. സ്കോട്ട്ലൻഡിൽ സ്കൂൾ യൂണിഫോം മാർഗനിർദ്ദേശങ്ങൾ കൂടുതൽ ജെൻഡർ-നിരപേക്ഷമാക്കുന്ന സമീപനം സ്വീകരിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിലെ ഈക്വാലിറ്റി ആക്ട് 2010 വംശീയവും മതപരവുമായ പ്രത്യേകതകളുമായി ബന്ധപ്പെട്ട വിവേചനത്തെ നിയന്ത്രിക്കുന്ന നിയമചട്ടക്കൂട് നൽകുന്നു. ദക്ഷിണാഫ്രിക്കയിൽ ആഫ്രോ മുടിയെ നിയന്ത്രിക്കാൻ ശ്രമിച്ച സ്കൂളുകൾക്കെതിരെ ഭരണഘടനാപരമായ അവകാശങ്ങളുടെ അടിസ്ഥാനത്തിൽ ഇടപെടലുകൾ ഉണ്ടായിട്ടുണ്ട്. അമേരിക്കയിലെ ചില സംസ്ഥാനങ്ങൾ സ്വാഭാവിക മുടിഘടനയുടെയും സംരക്ഷിത മുടിശൈലികളുടെയും പേരിലുള്ള വിവേചനം തടയുന്ന നിയമങ്ങൾ പാസാക്കിയിട്ടുണ്ട്. കേരളത്തിന്റെ പുതിയ ഇടപെടലും ശരീരത്തിന്റെ രൂപത്തെക്കുറിച്ചുള്ള സ്കൂൾ നിയന്ത്രണങ്ങളെ കുട്ടികളുടെ അവകാശങ്ങളുടെ വെളിച്ചത്തിൽ പുനർപരിശോധിക്കുന്ന ഈ വിശാലമായ ചർച്ചയുടെ ഭാഗമായാണ് വായിക്കേണ്ടത്.
ഈ മാറ്റത്തിനൊപ്പം വിനയം എന്ന ആശയവും പുനർനിർവചിക്കേണ്ടിവരുന്നു. വിനയം അധികാരത്തിനു മുന്നിൽ തലകുനിക്കുന്നതല്ല; മറ്റൊരാളുടെ വ്യക്തിത്വവും അവകാശവും അംഗീകരിക്കാനുള്ള ശേഷിയാണ്. ‘എന്റെ വാക്ക് കേൾക്കണം’ എന്നു പറയുന്നതിനെക്കാൾ, എന്തുകൊണ്ടാണ് ഈ നിയമം ആവശ്യമായത് എന്ന് വിശദീകരിക്കുകയും കുട്ടിയുടെ അഭിപ്രായം കേൾക്കുകയും ചെയ്യുമ്പോഴാണ് വിദ്യാഭ്യാസപരമായ വിനയം ഉണ്ടാകുന്നത്. ‘സംസ്കാരം’ എന്ന വാക്കും ഇതേ പ്രശ്നത്തിൽ പലപ്പോഴും തെറ്റായി ഉപയോഗിച്ചുവരുന്നു. നീണ്ട മുടി സംസ്കാരമില്ലായ്മയാണെന്നും ചെറുമുടി സംസ്കാരത്തിന്റെ അടയാളമാണെന്നും പറയാൻ ചരിത്രപരമായ അടിസ്ഥാനമില്ല. സംസ്കാരം ശരീരത്തിന്റെ ആകൃതിയിലല്ല; മറ്റുള്ളവരോട് പെരുമാറുന്ന രീതിയിലും സഹിഷ്ണുതയിലും ഉത്തരവാദിത്തത്തിലും കരുണയിലും നീതിബോധത്തിലുമാണ് അതിന്റെ സാന്നിധ്യം.

മുടിയുടെ ചരിത്രം രണ്ട് ദിശകളിലുള്ള ചലനമുണ്ടാക്കുന്നതായി കാണുന്നു. സ്ഥാപനം മുടിയെ നിയന്ത്രിച്ച് ഏകതയും അച്ചടക്കവും സൃഷ്ടിക്കാൻ ശ്രമിക്കുന്നു. വിദ്യാർത്ഥി മുടിയിലൂടെ സ്വന്തം വ്യക്തിത്വം പ്രകടിപ്പിക്കാൻ ശ്രമിക്കുന്നു. യൂണിഫോം ശരീരങ്ങളെ ഒരേപോലെ കാണിക്കാൻ ശ്രമിക്കുമ്പോൾ മുടി ആ ഏകീകരണത്തിനുള്ളിൽ ശേഷിക്കുന്ന ചെറിയ വ്യത്യാസത്തിന്റെ ഇടമായി മാറുന്നു. അതുകൊണ്ടാണ് ഒരു കുട്ടിയുടെ മുടിയുടെ നീളം ചില ഘട്ടങ്ങളിൽ ഒരു വിദ്യാഭ്യാസപ്രശ്നത്തേക്കാൾ വലിയ അധികാരപ്രശ്നമായി മാറുന്നതും മുടി ഫെമിനിസത്തിന്റെയും വംശീയപ്രതിരോധത്തിന്റെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും രാഷ്ട്രീയപ്രതീകമായി തുടരുന്നതും.
മുടി എത്ര നീളം വേണം എന്നതല്ല, കുട്ടിയുടെ ശരീരത്തെക്കുറിച്ചുള്ള തീരുമാനം എടുക്കുമ്പോൾ അധികാരത്തിന്റെ അതിർത്തി എവിടെയാണ് എന്നതാണ് യഥാർത്ഥ ചോദ്യം. കുട്ടിയുടെ ശരീരം കുട്ടിയുടേതാണെന്നും സുരക്ഷയ്ക്കും ശുചിത്വത്തിനും ഭംഗം വരാത്തിടത്തോളം സ്വന്തം ശരീരത്തെ നിർവചിക്കാൻ അവകാശമുണ്ടെന്നും അംഗീകരിക്കുമ്പോൾ മാത്രമേ വിദ്യാലയം ഫാക്ടറി രീതിയിൽനിന്ന് മാറി ജനാധിപത്യപരമായ ഇടമായി പരിണമിക്കുകയുള്ളൂ. അച്ചടക്കം ശരീരത്തെ കീഴ്പ്പെടുത്തലല്ല; സ്വന്തം ശരീരത്തെയും മറ്റുള്ളവരുടെ വ്യത്യാസങ്ങളെയും ബഹുമാനിക്കാൻ പഠിക്കുന്ന സാമൂഹിക ഉത്തരവാദിത്തമാണ്. ആ തിരിച്ചറിവാണ് ഈ ഉത്തരവിന്റെ കാതൽ. ഒരു കെട്ട് മുടിയിൽ ഒളിഞ്ഞിരിക്കുന്ന അധികാരത്തിന്റെ അദൃശ്യചരിത്രത്തെ പൊളിച്ചെഴുതുന്ന ചെറിയ വിപ്ലവം. കമ്മിഷന്റെ വാക്കുകൾക്ക് പ്രായോഗികവും ഭരണപരവുമായ രൂപം നൽകേണ്ടത് ഇനി സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെയും സിബിഎസ്ഇയുടെയും ചുമതലയാണ് - കുട്ടികളെ കേട്ടുകൊണ്ട്, 45 ദിവസത്തെ സമയപരിധിക്കുള്ളിൽ, മറ്റൊരു മുടിനിയമം മറ്റൊരു കുട്ടിയുടെ മാന്യതയ്ക്കുമേൽ വീണ്ടും വീഴുന്നതിനു മുമ്പ്.
