കേന്ദ്രത്തിന്റെ
ഒളിയുദ്ധത്തിനെതിരെ
തമിഴിന്റെ പോരാട്ടഭാഷ

ദേശീയ വിദ്യാഭ്യാസനയത്തെ മുൻനിർത്തി, തമിഴ്നാട് തുറന്നിരിക്കുന്ന പോരാട്ടത്തിന് പല തലങ്ങളുണ്ട്. ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കുന്നതിനെതിരായ സ്വാഭാവിക പ്രതിഷേധമെന്ന നിലയിൽ മാത്രം കാര്യങ്ങളെ ലളിതവത്ക്കരിക്കാൻ കഴിയില്ല- കെ.വി. മനോജ് എഴുതുന്നു.

വിദ്യാഭ്യാസത്തെ, ഭാഷയെ, സംസ്കാരത്തെ പ്രത്യയശാസ്ത്രായുധമാക്കി കേന്ദ്ര ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ഏകാധിപത്യ സമീപനങ്ങൾക്കും ആഗിരണ രാഷ്ട്രീയതന്ത്രങ്ങൾക്കും ഒളിയുദ്ധങ്ങൾക്കും യുക്തിഭദ്രമായി മറുപടി നൽകുകയും ശക്തമായ പ്രതിരോധം തീർക്കുകയുമാണ് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിൽ തമിഴ്നാട് എന്ന സംസ്ഥാനം. ഒരു രാഷ്ട്രം- ഒരു വ്യവസ്ഥ- ഒരു കരിക്കുലം എന്ന വിദ്യാഭ്യാസത്തിലെ ഏകീകരണ- കേന്ദ്രീകരണ നീക്കങ്ങളെയും ഫണ്ട് നിഷേധിക്കലിനേയും ഫെഡറൽ ഭരണഘടനാ വ്യവസ്ഥകളുയർത്തി പ്രതിരോധിക്കുകയാണ് ഇന്ന് തമിഴ്നാട്.

ദേശീയ വിദ്യാഭ്യാസനയത്തെ മുൻനിർത്തി, തമിഴ്നാട് തുറന്നിരിക്കുന്ന പോരാട്ടത്തിന് പല തലങ്ങളുണ്ട്. ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കുന്നതിനെതിരായ സ്വാഭാവിക പ്രതിഷേധമെന്ന നിലയിൽ മാത്രം കാര്യങ്ങളെ ലളിതവത്ക്കരിക്കാൻ കഴിയില്ല. തമിഴ് ജനതയിൽ ആഴത്തിൽ വേരൂന്നിയ ബഹുസ്വര ദ്രാവിഡ സാംസ്കാരികതയെ, രാഷ്ട്രീയ ഹിന്ദുത്വത്തിന്റെ ഏകശിലാ സമാനഘടനയിലേക്ക് പരിവർത്തിപ്പിക്കാൻ ആർ.എസ്.എസും, മറ്റ് ഹിന്ദു സംഘടനകളും നടത്തുന്ന ശ്രമങ്ങളും അതിനെതിരായ തമിഴകത്തിന്റെ പ്രതിരോധങ്ങളുമാണ് വിവാദങ്ങൾക്കു പിന്നിലെ യഥാർത്ഥ കാരണങ്ങളായി വായിച്ചെടുക്കേണ്ടത്. പാർലമെന്റിലെ ചെങ്കോൽ പ്രതിഷ്ഠയിലൂടെയും കാശിയിലെ തമിഴ് സമ്മേളനങ്ങളിലൂടെയും കച്ചെത്തീവ് വിവാദങ്ങളിലൂടെയും തമിഴ്ജനതയിലേയ്ക്കരിച്ചിറങ്ങാൻ പലവിധ ശ്രമങ്ങൾ നടത്തി പരാജയപ്പെട്ടവർ വിദ്യാഭ്യാസത്തിലൂടെ നടത്താൻ ശ്രമിക്കുന്ന സാംസ്കാരികാധിപത്യത്തിന്റെ രാഷ്ട്രീയത്തെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കുന്നുവെന്നതാണ് തമിഴ്നാടിന്റെ എതിർപ്പിനെ മറ്റു പ്രതിപക്ഷ സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്.

ദേശീയ വിദ്യാഭ്യാസനയത്തോടുള്ള തമിഴ്നാടിന്റെ വിയോജിപ്പ് കസ്തൂരിരംഗൻ കമ്മിറ്റി റിപ്പോർട്ടു മുതൽ അവർ ശക്തമായി പ്രകടിപ്പിക്കുന്നുണ്ട്. ഭാഷയ്ക്കപ്പുറം ചരിത്രത്തിന്റെ വക്രീകരണം, അക്കാദമികതയുടെ ഏകീകരണം, വിദ്യാഭ്യാസ ഘടനയുടെ കേന്ദ്രീകരണം, ഫെഡറൽ വ്യവസ്ഥയുടെ നിരാകരണം എന്നിങ്ങനെ ദേശീയനയത്തിലെ ഭരണഘടനാ- വിദ്യാഭ്യാസ വിരുദ്ധ സമീപനങ്ങളെ കൃത്യമായി മനസ്സിലാക്കിയുള്ള പ്രതികരണങ്ങളാണ് തമിഴ്നാടിന്റേത്. അവിടുത്തെ ജാഗ്രത്തായ അക്കാദമിക- രാഷ്ട്രീയ സമൂഹം സംഘപരിവാറിന്റെ ഓരോ നീക്കങ്ങളുടേയും പിന്നിലെ അജണ്ടകൾ കൃത്യമായി വായിച്ചെടുക്കുന്നവരാണ്.

തമിഴ് ജനതയിൽ ആഴത്തിൽ വേരൂന്നിയ ബഹുസ്വര ദ്രാവിഡ സാംസ്കാരികതയെ, രാഷ്ട്രീയ ഹിന്ദുത്വത്തിന്റെ ഏകശിലാ സമാനഘടനയിലേക്ക് പരിവർത്തിപ്പിക്കാൻ ആർ.എസ്.എസും, മറ്റ് ഹിന്ദു സംഘടനകളും നടത്തുന്ന ശ്രമങ്ങളും അതിനെതിരായ തമിഴകത്തിന്റെ പ്രതിരോധങ്ങളുമാണ് വിവാദങ്ങൾക്കു പിന്നിലെ യഥാർത്ഥ കാരണങ്ങളായി വായിച്ചെടുക്കേണ്ടത്.
തമിഴ് ജനതയിൽ ആഴത്തിൽ വേരൂന്നിയ ബഹുസ്വര ദ്രാവിഡ സാംസ്കാരികതയെ, രാഷ്ട്രീയ ഹിന്ദുത്വത്തിന്റെ ഏകശിലാ സമാനഘടനയിലേക്ക് പരിവർത്തിപ്പിക്കാൻ ആർ.എസ്.എസും, മറ്റ് ഹിന്ദു സംഘടനകളും നടത്തുന്ന ശ്രമങ്ങളും അതിനെതിരായ തമിഴകത്തിന്റെ പ്രതിരോധങ്ങളുമാണ് വിവാദങ്ങൾക്കു പിന്നിലെ യഥാർത്ഥ കാരണങ്ങളായി വായിച്ചെടുക്കേണ്ടത്.

അത്ര നിഷ്കളങ്കമല്ല,
ത്രിഭാഷാപദ്ധതി

ത്രിഭാഷാ പദ്ധതിയുടെ പേരിൽ ഏകപക്ഷീയമായി ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെതിരെയുളള തമിഴ് നാടിന്റെ പ്രതിഷേധങ്ങൾക്ക് ദശാബ്ദങ്ങളോളം പഴക്കമുണ്ട്. ഉത്തരേന്ത്യൻ ആധിപത്യത്തിനും ഹിന്ദി അടിച്ചേൽപ്പിക്കലിനും ബ്രാഹ്മണാധിപത്യത്തിനുമെതിരായ ദ്രാവിഡ പ്രസ്ഥാനം പെരിയാർ ഇ.വി രാമസ്വാമി നായ്ക്കരിലൂടെയാണ് പ്രകടിതരൂപം കൈക്കൊള്ളുന്നതെങ്കിലും, അതിന്റെ വിത്തുകൾ തമിഴ് ഭക്തിപ്രസ്ഥാനത്തിൽ തന്നെ വിതയ്ക്കപ്പെട്ടവയാണ്. പിന്നാക്ക വിഭാഗ മനുഷ്യരും മുഖ്യധാരയിൽ നിന്ന് ആട്ടിപ്പുറത്താക്കപ്പെട്ട ദലിതരും, വിദ്യാഭ്യാസവും സ്വാതന്ത്യവുമെല്ലാം നിഷേധിക്കപ്പെട്ടിരുന്ന സ്ത്രീകളുമെല്ലാമടങ്ങിയ തമിഴ് ഭക്തിപ്രസ്ഥാനം ഭക്തിയുടേയും, വിശ്വാസത്തിന്റെയും ആഘോഷവും, ബ്രാഹ്മണ്യത്തിനും വൈദിക സമ്പ്രദായത്തിനുമെതിരായ സാമൂഹിക കലാപവുമായിരുന്നു. അതിന്റെ പരാഗരേണുക്കൾ ദ്രാവിഡ പ്രസ്ഥാനത്തിൽ ലയിച്ചു കിടക്കുന്നുണ്ട്.

ഭാഷാപരമായ ആധിപത്യത്തിനെതിരായ ചെറുത്തുനിൽപ്പിന്റെ സാംസ്കാരികവും പ്രത്യയശാസ്ത്രപരവുമായ അടിത്തറയിലാണ് ദ്രാവിഡ പ്രസ്ഥാനം തമിഴ്നാട്ടിൽ ആഴത്തിൽ വേരൂന്നിയത്. 1930-കൾ, 40-കൾ, 60-കൾ, 80-കൾ എന്നീ കാലങ്ങളിൽ ഭരണനിർവഹണത്തിലും വിദ്യാഭ്യാസത്തിലും ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങളെ ശക്തമായി പ്രതിരോധിച്ചുനിൽക്കാൻ തമിഴ്നാടിനു കഴിഞ്ഞത് തമിഴ് സാംസ്കാരിക സ്വത്വത്തിന്റെ വീണ്ടെടുപ്പിലൂടെയാണ്.

ത്രിഭാഷാ പദ്ധതിയെ തമിഴ്നാട് എതിർക്കുന്നതിന്റെ പ്രധാന കാരണം ഭാഷാപരം മാത്രമല്ല. സാമൂഹികവും, സാംസ്കാരികവുമായ മറ്റ് നിരവധി ഘടകങ്ങൾ അതിനു പിന്നിലുണ്ട്.

ഇന്ത്യയുടെ പ്രാദേശിക പ്രത്യേകതകളെയും സാംസ്കാരിക വൈവിധ്യത്തെയും സാമൂഹികാവസ്ഥകളെയും പരിഗണിക്കാതെ ഒരു ദേശീയനയം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത് വിദ്യാഭ്യാസ വിഷയങ്ങളിലുള്ള സംസ്ഥാനങ്ങളുടെ തുല്യവും നീതിപൂർവ്വവുമായ അധികാരമെന്ന ഭരണഘടനാവ്യവസ്ഥയ്ക്കു വിരുദ്ധമാണ്.

ഒന്നാമതായി, തമിഴർക്ക് ഉത്തരേന്ത്യൻ പ്രദേശങ്ങളേക്കാൾ സാമൂഹിക- നാംസ്കാരിക- വാണിജ്യ ബന്ധമുള്ളത് തെക്കു കിഴക്കനേഷ്യൻ സമൂഹങ്ങളുമായാണ്. അതിനവർക്ക് ഹിന്ദിയുടെ ആവശ്യമില്ല. അതായത് തമിഴ്നാട്ടുകാരുടെ ദൈനംദിന ജീവിതത്തിലോ സാമൂഹിക- രാഷ്ട്രീയ വ്യവഹാരങ്ങളിലോ ഹിന്ദി ആവശ്യമില്ലയെന്നതാണ് യാഥാർത്ഥ്യം.
രണ്ടാമതായി, ഹിന്ദി അടിച്ചേൽപ്പിക്കുന്നതിലൂടെ ഉത്തരേന്ത്യൻ ഹെജിമണിയും, ബ്രാഹ്മണാധിപത്യ ചിന്തകളും, ഹിന്ദുത്വരാഷ്ട്രീയവും ദ്രാവിഡ ഭൂമിയുടെ മൗലിക സ്വത്വത്തെ ഇല്ലാതാക്കുമെന്ന് തമിഴ്നാട് കരുതുന്നു.
മൂന്നാമതായി, ഭരണകൂട പിന്തുണയോടെയുള്ള ഹിന്ദിയുടെ ആധിപത്യം തമിഴ്ഭാഷാ പഠനത്തേയും, തമിഴിന്റെ വളർച്ചയേയും, വ്യക്തിത്വത്തേയും തടയുമെന്ന് അവർ ആശങ്കപ്പെടുന്നു.
നാലാമതായി, ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ സാംസ്കാരികാധിനിവേശത്തിൽ വിസ്മൃതിയിലാണ്ടു പോയ നിരവധി തദ്ദേശീയ ഭാഷകളെയും പ്രാദേശിക സമൂഹങ്ങളേയും പോലെ തമിഴ്ഭാഷയും അവരുടെ സാംസ്കാരികത്തനിമകളും ഇല്ലാതാക്കപ്പെടുമെന്ന ചിന്തയും അവർ ഉന്നയിക്കുന്നു.

1938- ലെ ഭാഷാവിരുദ്ധസമരത്തിന്റെ ഭാഗമായ വനിതാ സമ്മേളനത്തിൽ വെച്ചാണ് മീനാംബാംൾ ശിവരാജ് ഇ.വി രാമസ്വാമി നായ്ക്കരെ ‘പെരിയാർ’ എന്നു സംബോധന ചെയ്തത്. പിൽക്കാലത്ത് പെരിയാറും അദ്ദേഹത്തിന്റെ ജസ്റ്റിസ് പാർട്ടിയും ഭാഷാവിരുദ്ധ സമരങ്ങളുടെ കുന്തമുനയായി. പിന്നീട് ,അണ്ണാദുരൈയും, കരുണാനിധിയും, ഇപ്പോൾ സ്റ്റാലിനും അതേ ദ്രാവിഡചരിത്രത്തെ ഓർമ്മിപ്പിച്ചുകൊണ്ടാണ് ഉത്തരേന്ത്യൻ ആധിപത്യത്തെയും, ഹിന്ദിയേയും അതിലേറി തമിഴകഭൂമി പിടിച്ചെടുക്കാനെത്തുന്നവരേയും എതിർക്കുന്നത്.

1938- ലെ ഭാഷാവിരുദ്ധസമരത്തിന്റെ ഭാഗമായ വനിതാ സമ്മേളനത്തിൽ വെച്ചാണ് മീനാംബാംൾ ശിവരാജ് ഇ.വി രാമസ്വാമി നായ്ക്കരെ ‘പെരിയാർ’ എന്നു സംബോധന ചെയ്തത്.
1938- ലെ ഭാഷാവിരുദ്ധസമരത്തിന്റെ ഭാഗമായ വനിതാ സമ്മേളനത്തിൽ വെച്ചാണ് മീനാംബാംൾ ശിവരാജ് ഇ.വി രാമസ്വാമി നായ്ക്കരെ ‘പെരിയാർ’ എന്നു സംബോധന ചെയ്തത്.

കേന്ദ്രീകരണവും
കവരുന്ന സ്വയംഭരണാവകാശവും

ദേശീയ വിദ്യാഭ്യാസനയം മുന്നോട്ടുവയ്ക്കുന്ന വിദ്യാഭ്യാസ വ്യവസ്ഥയുടെയും ഭരണനിർവഹണത്തിന്റെയും അക്കാദമികതയുടെയും കേന്ദ്രീകരണത്തെ തമിഴ്നാട് തുടക്കം മുതൽ എതിർക്കുന്നുണ്ട്. സംസ്ഥാന ഗവൺമെന്റുകളുമായി കൂടിയാലോചിക്കാതെയും പാർലമെന്റിൽ ചർച്ച ചെയ്യാതെയും ഭരണപരമായ ഉത്തരവിലൂടെ ദേശീയനയം അവതരിപ്പിക്കുകയും, പിന്നീട് അത് നടപ്പിലാക്കാൻ സംസ്ഥാനങ്ങളെ നിർബന്ധിക്കുകയും ചെയ്യുന്ന ജനാധിപത്യവിരുദ്ധതയാണ് ദേശീയനയത്തിന്റെ രൂപീകരണത്തിലും നടപ്പാക്കലിലുമെല്ലാം കാണാൻ കഴിയുന്നത്.

ഇന്ത്യയുടെ പ്രാദേശിക പ്രത്യേകതകളെയും സാംസ്കാരിക വൈവിധ്യത്തെയും സാമൂഹികാവസ്ഥകളെയും പരിഗണിക്കാതെ ഒരു ദേശീയനയം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത് വിദ്യാഭ്യാസ വിഷയങ്ങളിലുള്ള സംസ്ഥാനങ്ങളുടെ തുല്യവും നീതിപൂർവ്വവുമായ അധികാരമെന്ന ഭരണഘടനാവ്യവസ്ഥയ്ക്കു വിരുദ്ധമാണ്. വിദ്യാഭ്യാസ ഘടന, കേന്ദ്ര നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങൾ, ഏജൻസികൾ, കേന്ദ്രീകൃത പരീക്ഷകൾ, ഭാഷാനയം, ദേശീയ തലത്തിലെ കരിക്കുലം, കേന്ദ്രം നിർദ്ദേശിക്കുന്ന പാഠപുസ്തകങ്ങൾ, തൊഴിൽ വിദ്യാഭ്യാസം, വിലയിരുത്തൽ സമീപനം എന്നിവയിലെല്ലാം വിദ്യാഭ്യാസത്തിന്റെ സംയുക്ത പട്ടികയിലെ അധികാര വിഭജനത്തെ നിഷേധിക്കുന്ന അടിച്ചേൽപ്പിക്കൽ സ്വഭാവമുണ്ട്. നയത്തിന്റെ വിവിധ വ്യവസ്ഥകളെ എതിർക്കുന്ന സംസ്ഥാനങ്ങളുടെ ഫണ്ട് വെട്ടിക്കുറച്ചും റദ്ദാക്കിയും ഭയപ്പെടുത്തിയും ഭരണഘടനാ ബാധ്യതയെന്ന മട്ടിൽ അവതരിപ്പിച്ചും ഏതു വിധേനയും നടപ്പിലാക്കിയെടുക്കാനുള്ള ശ്രമങ്ങളെയാണ് തമിഴ്നാട്, ചരിത്രവും ഭരണഘടനയും, വ്യതിരിക്‌ത സാംസ്കാരിക പ്രത്യേകതകളും വിദ്യാഭ്യാസ നിലവാരവും ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യുന്നത്.

വിദ്യാർത്ഥികളെ കൊല്ലുന്ന
കേന്ദ്രീകൃത പരീക്ഷകൾ

പെരമ്പാളൂർ ജില്ലയിലെ അരിയല്ലൂർ കുഴുമുറൈയിലെ ചുമട്ടുതൊഴിലാളിയായ ഷൺമുഖന്റെ മകളായ അനിത 2017 സെപ്തംബർ ഒന്നിന് ആത്മഹത്യ ചെയ്തു. പത്താം ക്ലാസിൽ 500-ൽ 442 മാർക്കും പ്ലസ് ടുവിന് 1200-ൽ 1176 മാർക്കും നേടിയ അനിത, പ്ലസ് ടു പരീക്ഷയിൽ പെരമ്പാളൂർ ജില്ലയിൽ കണക്കിനും ഫിസിക്സിനും നൂറിൽ നൂറു മാർക്കും നേടിയ ഏക വിദ്യാർഥിനിയായിരുന്നു. നീറ്റ് പരീക്ഷയിൽ മെഡിക്കൽ സീറ്റ് നേടാനാവാത്തതിന്റെ സങ്കടത്തിലാണ് അനിത ആത്മഹത്യ ചെയ്തത്. കേന്ദ്ര സർക്കാർ 2017 മുതൽ നടപ്പിലാക്കിയ കേന്ദ്രീകൃത പരീക്ഷയായ നീറ്റിന്റെ ആദ്യ രക്തസാക്ഷിയായിരുന്നു അനിത.

അനിതയുടെ ആത്മഹത്യ തമിഴ്നാട്ടിലെമ്പാടും നീറ്റിനെതിരായ വലിയ പ്രതിഷേധങ്ങൾക്കു കാരണമായി. അനിതയുടെ ആത്മഹത്യയ്ക്കു ശേഷം, ഓരോ നീറ്റ് പരീക്ഷയുടെ റിസൾട്ടും തമിഴ്നാട്ടിലെ കുട്ടികളെ ആത്മഹത്യയിലേക്കും രക്ഷിതാക്കളെ തീരാസങ്കടങ്ങളിലേക്കും തള്ളിയിട്ടു.

നീറ്റ് സംസ്ഥാന ബോർഡിലെ പാവപ്പെട്ട വിദ്യാർഥികളുടെ താല്പര്യങ്ങൾക്കും അവകാശങ്ങൾക്കും വിരുദ്ധമാണെന്നാണ് തമിഴ്നാട് ഉയർത്തുന്ന പ്രധാന വാദം. വിദ്യാഭ്യാസത്തിന്റെ സമവർത്തി പട്ടികയിലെ സ്റ്റാറ്റസ് പരിഗണിക്കാതെ, ഏകപക്ഷീയമായി നീറ്റ് നടപ്പിലാക്കിയ കേന്ദ്ര സർക്കാർ, ഭരണഘടന മുന്നോട്ടുവയ്ക്കുന്ന ഫെഡറൽ വ്യവസ്ഥകളെയാകെ നിരാകരിക്കുകയാണെന്ന വാദമാണ് തമിഴ്നാടിന്റേത്. നീറ്റിനെ ഏകപക്ഷീയമായി വിമർശിക്കുകയല്ല, അക്കാദമികമായും നിയമപരമായും രാഷ്ട്രീയമായും നേരിടുന്ന സമീപനമാണ് അവർ സ്വീകരിച്ചത്. 2023 ഫെബ്രുവരിയിൽ തമിഴ്നാട്, നീറ്റിന്റെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ചു. കേന്ദ്രീകൃത പരീക്ഷകൾ കേന്ദ്രഗവൺമെന്റ് താല്പര്യം അടിച്ചേൽപ്പിക്കുന്നതാവരുതെന്നും, ഭരണഘടനയുടെ അടിസ്ഥാന ഘടനയുടെ ഭാഗമായ ഫെഡറലിസത്തെ നിരാകരിക്കുന്നതാവരുതെന്നും, സാമൂഹിക നീതിയുടേയും, തുല്യതയുടേയും ആശയങ്ങളെ നിഷേധിക്കുന്നതാവരുതെന്നുമുള്ള വാദമാണ് അവർ ഉയർത്തിയത്.

2021- ൽ തമിഴ്നാട് ഹൈക്കോടതിയിലെ മുൻ ജസ്റ്റിസ് എ.കെ. രാജന്റെ നേതൃത്വത്തിൽ ഗവൺമെന്റ് സെക്രട്ടറിമാരും അക്കാദമിക്കുകളുമടങ്ങിയ വിദഗ്ധ സമിതിയെ നീറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചു പഠിക്കാൻ നിയമിച്ചു. വിദ്യാർഥികളിൽ നിന്നും, അധ്യാപകരിൽ നിന്നും, രക്ഷിതാക്കളിൽ നിന്നും, പൊതുജനങ്ങളിൽ നിന്നും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ശേഖരിച്ച്, സമഗ്രമായ ഡേറ്റാ വിശകലനം നടത്തിയാണ് കമ്മിറ്റി 165 പേജുള്ള റിപ്പോർട്ട് തയാറാക്കിയത്.

നീറ്റിന്റെ ചരിത്രം, നീറ്റ് ഏർപ്പെടുത്തിയതിനു മുമ്പും ശേഷവുമുള്ള വിദ്യാർഥികളുടെ പ്രവേശന നിരക്ക്, കുട്ടികളുടെ ആത്മഹത്യ, തമിഴ് നാട്ടിലെ അക്കാദമികവും സാമൂഹികവും സാംസ്കാരികവുമായ ഘടകങ്ങൾ, പ്രവേശനത്തിലെ ഗ്രാമ - നഗര, കേന്ദ്ര- സംസ്ഥാന ബോർഡുകൾ തമ്മിലുള്ള വ്യത്യാസങ്ങൾ, ആരോഗ്യ സേവനങ്ങൾ, വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ഭരണഘടനാവ്യവസ്ഥകൾ എന്നിവയെല്ലാം കമ്മിറ്റി പഠിച്ചു.

പെരമ്പാളൂർ ജില്ലയിലെ അരിയല്ലൂർ കുഴുമുറൈയിലെ ചുമട്ടുതൊഴിലാളിയായ ഷൺമുഖന്റെ മകളായ  അനിത 2017 സെപ്തംബർ ഒന്നിന് ആത്മഹത്യ ചെയ്തു. കേന്ദ്ര സർക്കാർ 2017 മുതൽ നടപ്പിലാക്കിയ കേന്ദ്രീകൃത പരീക്ഷയായ നീറ്റിന്റെ ആദ്യ രക്തസാക്ഷിയായിരുന്നു അനിത.
പെരമ്പാളൂർ ജില്ലയിലെ അരിയല്ലൂർ കുഴുമുറൈയിലെ ചുമട്ടുതൊഴിലാളിയായ ഷൺമുഖന്റെ മകളായ അനിത 2017 സെപ്തംബർ ഒന്നിന് ആത്മഹത്യ ചെയ്തു. കേന്ദ്ര സർക്കാർ 2017 മുതൽ നടപ്പിലാക്കിയ കേന്ദ്രീകൃത പരീക്ഷയായ നീറ്റിന്റെ ആദ്യ രക്തസാക്ഷിയായിരുന്നു അനിത.

കുട്ടികളുടെ 12 വർഷത്തെ അക്കാദമിക പഠനത്തെയാകെ, മൾട്ടിപ്പിൾ ചോയ്സ് രീതിയിൽ നടത്തുന്ന ഒരൊറ്റ കേന്ദ്രീകൃത പരീക്ഷയിലൂടെ അളക്കുന്നതെങ്ങനെയെന്ന ചോദ്യമാണ് എ.കെ. രാജൻ കമ്മിറ്റി ഉന്നയിച്ചത്. നീറ്റ് കേവലമായ ഓർമ്മപരീക്ഷയെന്നതിനപ്പുറം, കുട്ടികളുടെ അഭിരുചിയോ താല്പര്യങ്ങളോ മനോഭാവങ്ങളോ മൂല്യങ്ങളോ പരിഗണിക്കുന്നില്ലെന്നും, കോച്ചിംഗ് സെന്ററുകൾക്കും പരിശീലന കേന്ദ്രങ്ങൾക്കും കുട്ടികളെ എറിഞ്ഞുകൊടുക്കുകയാണ് ചെയ്യുന്നതെന്നും കമ്മിറ്റി നിരീക്ഷിച്ചു. സാമൂഹികവും, സാമ്പത്തികവുമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളിലെ കുട്ടികൾ കൂട്ടത്തോടെ, നീറ്റിൽ നിന്ന് പുറത്താക്കപ്പെടുന്നുവെന്നും, ഇത് അവരിൽ കടുത്ത സമ്മർദ്ദവും നിരാശയും ആത്മഹത്യാപ്രവണതയും സൃഷ്ടിക്കുന്നുവെന്നും വസ്തുതാ വിശകലനത്തിലൂടെ കമ്മിറ്റി കണ്ടെത്തി. നീറ്റിനു പിന്നിലെ കോച്ചിംഗ് വ്യവസായത്തിന്റെ അനഭിലഷണീയ പ്രവണതകളും കമ്മിറ്റി വിശദമായി അവതരിപ്പിച്ചു.

നീറ്റ് നിലവിൽ വന്ന ശേഷം എം.ബി.ബി.എസിനു തിരഞ്ഞെടുക്കപ്പെട്ട തമിഴ് മീഡിയം വിദ്യാർഥികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായതായി കമ്മിറ്റി നിരീക്ഷിച്ചു.

നീറ്റിനു മുമ്പ് 2010 - 11 - ൽ, പ്ലസ് ടു മാർക്കിന്റെ അടിസ്ഥാനത്തിൽ, തമിഴ് മീഡിയത്തിൽ നിന്ന് 456 കുട്ടികൾക്ക് എം.ബി.ബി.എസിന് അഡ്മിഷൻ ലഭിച്ചു.

നീറ്റിന് ഒരു വർഷം മുമ്പ് 2016- ൽ 537 തമിഴ് മീഡിയം കുട്ടികൾ പ്രവേശനം നേടിയപ്പോൾ 2017- ലെ ആദ്യത്തെ നീറ്റ് പരീക്ഷയിൽ 56 കുട്ടികൾക്കു മാത്രമാണ് പ്രവേശനം ലഭിച്ചത്.

തുടർന്നിങ്ങോട്ട് തമിഴ്മീഡിയത്തിലേയും ഗ്രാമീണ മേഖലയിലെയും പാർശ്വവത്കൃത വിഭാഗങ്ങളിലേയും കുട്ടികളുടെ പ്രവേശനനിരക്കിൽ വലിയ കുറവാണുണ്ടായത്.

2010-11 മുതൽ 2016-17 വരെ, ഇംഗ്ലീഷ് മീഡിയം വിദ്യാർഥികൾക്ക് മെഡിക്കൽ കോളേജുകളിൽ 80.2% മുതൽ 85.12% വരെ സീറ്റുകൾ ലഭിച്ചു.
തമിഴ് മീഡിയം വിദ്യാർഥികൾക്ക് 2010-11ൽ 19.79% സീറ്റും 2016-17ൽ 14.88% സീറ്റും ലഭിച്ചു.

2017-18 മുതൽ നാല് വർഷങ്ങളിലെ മെഡിക്കൽ കോളേജ് സീറ്റുകളിൽ തമിഴ് മീഡിയം വിദ്യാർഥികളുടെ പ്രാതിനിധ്യം 1.6% മുതൽ 3.27% വരെയാണ്. ഇംഗ്ലീഷ് മീഡിയം വിദ്യാർഥികളുടെ പ്രാതിനിധ്യം 2016-17 ൽ 85.12% ൽ നിന്ന് 2017-18 ൽ 98.41% ആയി ഉയർന്നു. 2020-21 ൽ ഇത് 98.01% ആയിരുന്നു.

2010-11 മുതൽ 2016-17 വരെയുള്ള നീറ്റിന് മുമ്പുള്ള കാലയളവിൽ, ഗ്രാമീണ മേഖലയിലെ വിദ്യാർഥികൾ സർക്കാർ മെഡിക്കൽ കോളേജുകളിൽ ശരാശരി 61.5% സീറ്റുകൾ നേടി. 2020-21ൽ ഇത് 49.91 ശതമാനമായി കുറഞ്ഞു.

നേരെമറിച്ച്, സർക്കാർ മെഡിക്കൽ കോളേജുകളിലെ നഗരപ്രദേശങ്ങളിൽ നിന്നുള്ള വിദ്യാർഥികളുടെ പങ്ക് നീറ്റിന് മുമ്പുള്ള വർഷങ്ങളിൽ ശരാശരി 38.55% ആയിരുന്നത് 2020-21 ൽ 50.09% ആയി ഉയർന്നു.

സംസ്ഥാന ബോർഡ് സ്‌കൂളുകളിൽ നിന്നുള്ള അപേക്ഷകരുടെ എണ്ണം നീറ്റിന് മുമ്പുള്ള വർഷങ്ങളിൽ ശരാശരി 95% ആയിരുന്നു. ഇത് 2020-21 ൽ 64.27% ആയി കുറഞ്ഞു.

അതേസമയം CBSE സ്‌കൂളുകളിൽ നിന്നുള്ള അപേക്ഷകർ നീറ്റിന് മുമ്പേ 3.17% ആയിരുന്നു. 2020-21 ൽ ഇത് 32.26% ആയി ഉയർന്നു.

സർക്കാർ മെഡിക്കൽ കോളേജുകളിൽ പ്രവേശനം നേടിയ CBSE വിദ്യാർഥികളുടെ എണ്ണം 2010-11ൽ 0.13% ആയിരുന്നത് 2020-21ൽ 26.83% ആയി ഉയർന്നപ്പോൾ സംസ്ഥാന ബോർഡ് വിദ്യാർഥികളുടെ എണ്ണം ഈ കാലയളവിൽ 71.73% ൽ നിന്ന് 43.13% ആയി കുറഞ്ഞു.

സ്കൂളുകളിലെ അക്കാദമിക പഠനത്തിനും വിദ്യാർത്ഥികളുടെ അക്കാദമിക നിലവാരത്തിനും ഒരു പ്രാധാന്യവും നൽകാതെ, പൂർണമായും പ്രവേശനപരീക്ഷയിലെ സ്കോറിനെ അടിസ്ഥാനമാക്കി നടത്തുന്ന ദേശീയ പ്രവേശന പരീക്ഷ, വിദ്യാഭ്യാസ സമ്പ്രദായത്തെ പൂർണ്ണമായും കച്ചവടവത്ക്കരിക്കുമെന്ന വാദമാണ് തമിഴ്നാട് ഉയർത്തിയത്.

ഈ കണക്കുകൾ മെഡിസിൻ പഠനമേഖലയിലെ തമിഴ്‌നാട്ടിലെ പിന്നാക്ക, ന്യൂനപക്ഷ വിദ്യാർഥികളുടെ പുറംതള്ളൽ വ്യക്തമാക്കുന്നുന്നതാണെങ്കിലും രാജ്യമൊട്ടാകെയുള്ള പിന്നാക്ക, ന്യൂനപക്ഷ വിദ്യാർഥികളുടെ അവസ്ഥയും സമാനമാണ്.

ജസ്റ്റിസ് എ.കെ.രാജൻ കമ്മിറ്റി റിപ്പോർട്ടിന്റെ കണ്ടെത്തലിന്റെയും നിർദ്ദേശങ്ങളുടേയും അടിസ്ഥാനത്തിൽ 2021-ൽ തമിഴ്നാട് നിയമസഭ ഏകകണ്ഠമായി നീറ്റ് നിരോധിക്കാനുള്ള ബിൽ പാസാക്കി ഗവർണർക്ക് അയച്ചു. തമിഴ്നാട് ഗവർണർ മാസങ്ങളോളം ബിൽ തടഞ്ഞുവയ്ക്കുകയും, പിന്നീട് പുനAപരിശോധനയ്ക്കായി തിരിച്ചയയ്ക്കുകയും ചെയ്തു. 2022 ഫെബ്രുവരിയിൽ ഒരു ദേദഗതിയും കൂടാതെ നിയമസഭ ബിൽ വീണ്ടും ഗവർണറുടെ പരിഗണനയ്ക്കായി അയച്ചെങ്കിലും അതിലും ഒപ്പിടാൻ ഗവർണർ വിസമ്മതിച്ചു. 2024- ൽ ഗവർണർ ബിൽ രാഷ്ട്രപതിക്ക് അയച്ചു. നീറ്റ് നിരോധിച്ച്, പ്ലസ്ടു സ്കോറിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ അഡ്മിഷൻ നടത്താൻ നിർദ്ദേശിക്കുന്ന ബിൽ ഇപ്പോഴും രാഷ്ട്രപതിയുടെ പരിഗണനയിലാണ്.

നീറ്റിനെക്കുറിച്ച് പഠിക്കാൻ തമിഴ്നാട് സർക്കാർ നിയോഗിച്ച ജസ്റ്റിസ് എ.കെ. രാജന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് റിപ്പോർട്ട് കൈമാറുന്നു.
നീറ്റിനെക്കുറിച്ച് പഠിക്കാൻ തമിഴ്നാട് സർക്കാർ നിയോഗിച്ച ജസ്റ്റിസ് എ.കെ. രാജന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് റിപ്പോർട്ട് കൈമാറുന്നു.

കോമൺ യൂണിവേഴ്സിറ്റി
എൻട്രൻസും തമിഴ്നാടും

കേന്ദ്ര സർവകലാശാലകൾ, കല്പിത സർവകലാശാലകൾ, മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേയ്ക്കുള്ള മത്സര പരീക്ഷയായ CUET- യ്ക്കെതിരെ 2022 ഏപ്രിൽ 11 ന് തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി. നീറ്റിനെപ്പോലെ, കോമൺ യൂണിവേഴ്സിറ്റി പരീക്ഷയും രാജ്യത്തുടനീളമുള്ള സ്കൂൾ സംവിധാനത്തെ ദുർബലമാക്കുമെന്നും പഠനത്തിനു പകരം പരിശീലനത്തിനു പ്രധാന്യം നൽകുന്ന രീതി മികച്ച അക്കാദമിക നിലവാരമുള്ള കുട്ടികളുടെ തുടർപഠനം അസാധ്യമാക്കുമെന്നും നിയമസഭയിൽ എം.കെ. സ്റ്റാലിൻ അവതരിപ്പിച്ച പ്രമേയത്തിൽ സൂചിപ്പിച്ചു. വ്യത്യസ്ത സംസ്ഥാന ബോർഡുകളും പാഠ്യപദ്ധതിയും പിന്തുടരുന്ന ഇന്ത്യയിൽ, ഏകീകൃത മത്സരപരീക്ഷകൾ വൈവിധ്യത്തെ ഉൾക്കൊള്ളുന്നതിനു പകരം ദേശീയ പാഠ്യപദ്ധതിയുടെ അടിച്ചേൽപ്പിക്കലായി മാറുകയാണ്.

സ്കൂളുകളിലെ അക്കാദമിക പഠനത്തിനും വിദ്യാർത്ഥികളുടെ അക്കാദമിക നിലവാരത്തിനും ഒരു പ്രാധാന്യവും നൽകാതെ, പൂർണമായും പ്രവേശനപരീക്ഷയിലെ സ്കോറിനെ അടിസ്ഥാനമാക്കി നടത്തുന്ന ദേശീയ പ്രവേശനപരീക്ഷ വിദ്യാഭ്യാസ സമ്പ്രദായത്തെ പൂർണ്ണമായും കച്ചവടവത്ക്കരിക്കുമെന്ന വാദമാണ് തമിഴ്നാട് ഉയർത്തിയത്. സ്കൂൾ പഠനത്തിൽ നിന്നുണ്ടാവേണ്ട സർഗാത്മക - വിമർശനാത്മക ചിന്തയേയും അന്വേഷണാത്മക -വിശകലനാത്മക ശേഷികളെയും ഏതാനും ബഹുവികല്പമാതൃകാ ചോദ്യങ്ങളിലൂടെ പരിശോധിക്കുകയും, അതിന്റെ അടിസ്ഥാനത്തിൽ സർവകലാശാലകളിൽ പ്രവേശനം നൽകുകയും ചെയ്യുന്ന രീതി അശാസ്ത്രീയമാണെന്ന് തമിഴ്നാട് വാദിക്കുന്നു. നിലനിൽക്കുന്ന സ്കൂൾ വ്യവസ്ഥയെ ഇല്ലാതാക്കുകയും, കോച്ചിംഗ് സെന്ററുകളിലേക്ക് കുട്ടികളെ ആനയിക്കുകയും, സമ്മർദ്ദം സൃഷ്ടിക്കുകയും ചെയ്യുന്നതാണ് CUET എന്ന നിലപാടാണ് തമിഴ്നാടിനുള്ളത്. മാർ ജിനലൈസ്‌ഡ് വിഭാഗങ്ങളിൽ നിന്നുള്ള കുട്ടികളെ പുറന്തള്ളാനുള്ള ഉപാധിയായി കേന്ദ്രീകൃത പരീക്ഷകൾ മാറുന്നുവെന്നും നിരീക്ഷണങ്ങളുണ്ട്.

PM SHRI പദ്ധതിയും
തമിഴ്നാടും

സ്കൂളുകളുടെ അടിസ്ഥാന സൗകര്യവികസനമെന്ന പേരിൽ ദേശീയ വിദ്യാഭ്യാസ നയം തന്ത്രപൂർവ്വം നടപ്പിലാക്കുന്നതിനായി കേന്ദ്രസർക്കാർ അവതരിപ്പിച്ച പദ്ധതിയാണ് പ്രധാൻമന്ത്രി സ്കൂൾ ഫോർ റൈസിങ് ഇന്ത്യ (PM SHRI) ഇന്ത്യയിലെമ്പാടുമുള്ള കേന്ദ്ര, സംസ്ഥാന, പ്രാദേശിക സർക്കാരുകൾ നടത്തുന്ന എലിമെന്ററി സ്കൂളുകളും സീനിയർ സെക്കൻഡറി സ്കൂളുകളും ഉൾപ്പെടെ 14,500 സർക്കാർ സ്‌കൂളുകളെ മാതൃക സ്ഥാപനങ്ങളാക്കി ഉയർത്തുമെന്നാണ് പദ്ധതിയിൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. 27,000 കോടി രൂപയാണ് ഇതിന് വകയിരുത്തിയിരിക്കുന്നത്.

2026-27 വരെയുള്ള അഞ്ച് വർഷത്തേക്ക് 27,360 കോടി രൂപയുടെ മൊത്തം പദ്ധതിച്ചെലവ് കേന്ദ്രം പ്രഖ്യാപിച്ചിരുന്നു, അതിൽ 18,128 കോടി രൂപ കേന്ദ്രം വഹിക്കും. അഞ്ച് വർഷത്തെ കാലയളവ് അവസാനിക്കുമ്പോൾ, സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും (UTs) ഈ സ്കൂളുകൾ നേടിയ മാനദണ്ഡങ്ങളും , നേട്ടങ്ങളും നിലനിർത്തുന്നത് തുടരണം. തുടർന്ന് PM SHRI സ്കൂളുകളുടെ സാമ്പത്തിക നിർവഹണമുൾപ്പെടെ സംസ്ഥാന ഗവൺമെന്റുകളുടെ ചുമതലയിലാണ്. 2023-24ൽ 6,207 PM SHRI സ്‌കൂളുകൾക്കായി 3,395.16 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും അതിൽ കേന്ദ്ര വിഹിതം 2,520.46 കോടി രൂപയും സംസ്ഥാനങ്ങളുടേത് 874.70 കോടി രൂപയാണെന്നും ഫെബ്രുവരിയിൽ സർക്കാർ ലോക്‌സഭയിൽ വ്യക്തമാക്കിയിരുന്നു.

ഡൽഹിയും പഞ്ചാബുമാണ് ആദ്യം മുതൽ പദ്ധതിക്കെതിരെ രംഗത്ത് വന്നത്. ഈ സംസ്ഥാനങ്ങളിൽ ആം ആദ്മി പാർട്ടി സർക്കാരുകൾ ‘സ്‌കൂൾസ് ഓഫ് സ്‌പെഷ്യലൈസ്ഡ് എക്‌സലൻസ്’, ‘സ്‌കൂൾ ഓഫ് എമിനൻസ്’ എന്നീ പേരുകളിൽ സ്‌കൂളുകൾക്കായി PM SHRI- ക്ക് സമാനമായ പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്. നേരത്തെ പദ്ധതിയിൽ അംഗമാകാൻ പഞ്ചാബ് തീരുമാനിച്ചിരുന്നു. 2022 ഒക്ടോബറിൽ ഇതുസംബന്ധിച്ച് ധാരണാപത്രത്തിൽ ഒപ്പുവെച്ചിരുന്നെങ്കിലും പിന്നീട് കേന്ദ്രം ഉന്നയിച്ച വ്യവസ്ഥകളുമായി ബന്ധപ്പെട്ട് ഒഴിവാകുകയായിരുന്നു.
PM SHRI എന്ന പ്രിഫിക്‌സ് ചേർക്കണമെന്ന ആവശ്യത്തെയാണ് പശ്ചിമ ബംഗാൾ എതിർത്തത്. നിലവിൽ തമിഴ്നാട്, കേരളം, ഡൽഹി, പഞ്ചാബ്, പശ്ചിമ ബംഗാൾ എന്നീ അഞ്ച് സംസ്ഥാനങ്ങൾ ധാരണാപത്രത്തിൽ ഒപ്പുവെച്ചിട്ടില്ല. തമിഴ്നാടും കേരളവും സന്നദ്ധത അറിയിച്ചെങ്കിലും പിന്നീട് പിൻമാറിയെന്നാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ പറയുന്നത്.

PM SHRI പദ്ധതിയിലൂടെ കേന്ദ്രസർക്കാരിന്റെ നയങ്ങൾ എളുപ്പം സംസ്ഥാനങ്ങളിൽ ഒളിച്ചുകടത്താൻ കഴിയുമെന്ന ആരോപണമാണ് കേരളവും തമിഴ്നാടും ഉയർത്തുന്നത്. ഓരോ സംസ്ഥാനത്തും തെരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളിലൂടെ കേന്ദ്രസർക്കാർ ഇടപെടൽ നടത്തുന്നതോടെ, സംസ്ഥാനങ്ങൾക്കുള്ള അധികാരവും വിദ്യാഭ്യാസ നയങ്ങൾ രൂപീകരിക്കാനുള്ള അവകാശവും ക്രമേണ ഇല്ലാതാക്കപ്പെടുമെന്ന് ഉദാഹരണങ്ങളുയർത്തി അവർ വ്യക്തമാക്കുന്നു . വിദ്യാലയ നടത്തിപ്പ്, പാഠ്യപദ്ധതി, പാഠപുസ്തകങ്ങൾ, ദിനാചരണങ്ങൾ, ആഘോഷങ്ങൾ, അധ്യാപക നിയമനങ്ങളും പരിശീലനവും, അധ്യാപക വിലയിരുത്തൽ എന്നിങ്ങനെയുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കാനുള്ള അധികാരം ഇതിലൂടെ കേന്ദ്രത്തിന്റെ കയ്യിലാവും. സംസ്ഥാനത്തിനുള്ളിൽ തന്നെ രണ്ടുതരം സ്കൂളുകളും വ്യവസ്ഥയും രൂപപ്പെടും. ഒരു ബ്ലോക്കിലെ മറ്റു വിദ്യാലയങ്ങളുടെ മാതൃകാ സ്കൂളായി PM SHRI സ്കൂളുകൾ മാറുന്നതോടെ, മറ്റു വിദ്യാലയങ്ങളും PM SHRI സ്കൂളുകളുടെ സ്വാധീനവലയത്തിലാവും. ബി.ജെ.പി ഭരിക്കുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ മാതൃകയിൽ, മതാധിഷ്ഠിത വിദ്യാഭ്യാസ പദ്ധതിയുടെ ലബോറട്ടറികളായി ഇത്തരം സ്കൂളുകൾ മാറുകയും ചെയ്യും. ഓരോ ബ്ലോക്കിലും കോടിക്കണക്കിന് രൂപ ചെലവഴിച്ച് ഒരു വിദ്യാലയം കേന്ദ്ര നിയന്ത്രണത്തിലാക്കി മാറ്റുമ്പോൾ മറ്റ് ഗവൺമെന്റ് സ്കൂളുകളെയും സ്കൂൾ സമൂഹങ്ങളേയും PM SHRI സ്കൂളുകളെ അടിസ്ഥാനമാക്കി താരതമ്യം ചെയ്യുന്ന സാഹചര്യമുണ്ടാവും.

ഒന്നാം വർഷം സർട്ടിഫിക്കറ്റ്, രണ്ടാം വർഷം ഡിപ്ലോമ, മൂന്നാം വർഷം ഡിഗ്രി, നാലാം വർഷം ഓണേഴ്സ് ഡിഗ്രി എന്നിങ്ങനെ നാലുവർഷത്തെ പഠനത്തിന്റെ ഏതു ഘട്ടത്തിലും വിദ്യാർഥിക്ക് പഠനം അവസാനിപ്പിക്കാനുള്ള സ്വാതന്ത്ര്യമുണ്ടാവുന്നത് നിർബന്ധിത വിദ്യഭ്യാസമെന്ന ആശയത്തിന് ചരമക്കുറിപ്പെഴുതുമെന്നും തമിഴ്നാട് വാദിക്കുന്നു.

PM SHRI പദ്ധതിയെ, ദേശീയ വിദ്യാഭ്യാസനയവുമായും സമഗ്രശിക്ഷാ അഭിയാനുമായും കൂട്ടിക്കലർത്തി, പദ്ധതിയിൽ ചേരാൻ തയാറാവാത്ത സംസ്ഥാനങ്ങളുടെ കേന്ദ്ര ഫണ്ട് തടയുകയും, വെട്ടിക്കുറയ്ക്കുകയും ചെയ്യുന്ന ഭരണഘടനാ വിരുദ്ധമായ സമീപനമാണ് കേന്ദ്രം കൈക്കൊള്ളുന്നത്. ഇതിനെയാണ് കേരളവും തമിഴ്നാടും എതിർക്കുന്നത്. സംസ്ഥാനങ്ങൾക്ക് അർഹമായ സാമ്പത്തിക പരിഗണനയും, സഹായവും നൽകാതെ ഏതെങ്കിലുമൊരു പദ്ധതിയിൽ അംഗമായില്ലെന്ന പേരിൽ, വിദ്യാർഥികളുടെ അടിയന്തര പഠനാവശ്യവുമായി ബന്ധപ്പെട്ട മറ്റ് പദ്ധതികളുടെയുൾപ്പെടെ, ഫണ്ടിംഗ് തടയുകയെന്ന സമീപനം അങ്ങേയറ്റം ജനാധിപത്യവിരുദ്ധവും, ഫെഡറൽ വിരുദ്ധവുമാണ്. എസ്.എസ്.എ ഫണ്ടിനെ എൻ.ഇ.പി യുമായും പി.എം ശ്രീയുമായും ബന്ധിപ്പിക്കുന്നത് അസ്വീകാര്യവും, അനാവശ്യവുമാണെന്ന് സ്റ്റാലിൻ തന്നെ സൂചിപ്പിക്കുന്നുണ്ട്. ഇത്തരം എലൈറ്റ് സ്കൂളുകൾ വിദ്യാഭ്യാസത്തിലെ തുല്യത, സാമൂഹികനീതി, അവസര സമത്വം എന്നീ ആശയങ്ങൾക്കെതിരാണെന്ന് പദ്ധതിയെ എതിർക്കുന്ന തമിഴ്നാടും, കേരളവും ഉറപ്പിച്ചു പറയുന്നു.

എസ്.എസ്.എ ഫണ്ടിനെ എൻ.ഇ.പി യുമായും പി.എം ശ്രീയുമായും ബന്ധിപ്പിക്കുന്നത് അസ്വീകാര്യവും, അനാവശ്യവുമാണെന്ന് സ്റ്റാലിൻ തന്നെ സൂചിപ്പിക്കുന്നുണ്ട്. ഇത്തരം എലൈറ്റ്  സ്കൂളുകൾ വിദ്യാഭ്യാസത്തിലെ തുല്യത, സാമൂഹികനീതി, അവസര സമത്വം എന്നീ ആശയങ്ങൾക്കെതിരാണെന്ന് പദ്ധതിയെ എതിർക്കുന്ന തമിഴ്നാടും, കേരളവും ഉറപ്പിച്ചു പറയുന്നു.
എസ്.എസ്.എ ഫണ്ടിനെ എൻ.ഇ.പി യുമായും പി.എം ശ്രീയുമായും ബന്ധിപ്പിക്കുന്നത് അസ്വീകാര്യവും, അനാവശ്യവുമാണെന്ന് സ്റ്റാലിൻ തന്നെ സൂചിപ്പിക്കുന്നുണ്ട്. ഇത്തരം എലൈറ്റ് സ്കൂളുകൾ വിദ്യാഭ്യാസത്തിലെ തുല്യത, സാമൂഹികനീതി, അവസര സമത്വം എന്നീ ആശയങ്ങൾക്കെതിരാണെന്ന് പദ്ധതിയെ എതിർക്കുന്ന തമിഴ്നാടും, കേരളവും ഉറപ്പിച്ചു പറയുന്നു.

നാലു വർഷ ഡിഗ്രിയോടുള്ള എതിർപ്പ്

ദേശീയ വിദ്യാഭ്യാസ നയം മുന്നോട്ടുവെച്ച നാലു വർഷ ഡിഗ്രി കോഴ്സുകളുടെ വ്യവസ്ഥകളെ തമിഴ്നാട് എതിർക്കുന്നു. നാലുവർഷ ഡിഗ്രി കോഴ്സിലേക്കുള്ള കേന്ദ്രീകൃത പരീക്ഷകൾ ഇന്ത്യയിലെ വൈവിധ്യ പൂർണമായ വിദ്യാഭ്യാസ വ്യവസ്ഥയുടെ കേന്ദ്രീകരണത്തിലാണ് ഊന്നുന്നത്. മൾട്ടിപ്പിൾ എൻട്രി, മൾട്ടിപ്പിൾ എക്സിറ്റ് (MEME) സംവിധാനത്തെ എതിർക്കുന്നതിനു കാരണം, ഇത് കൊഴിഞ്ഞുപോക്കിനെ നിയമവിധേയമാക്കുകയും ഉന്നത വിദ്യാഭ്യാസ പ്രവേശനം വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങളെ ദുർബലപ്പെടുത്തുകയുമാണ് ചെയ്യുന്നത്. ഉന്നത വിദ്യാഭ്യാസത്തിൽ 50% ഗ്രോസ് എൻറോൾമെന്റിലെത്തുന്ന തമിഴ് നാടിന്റെ മുന്നോട്ടു പോക്കിനെ നാലുവർഷ ഡിഗ്രി സമ്പ്രദായം പിന്നോട്ടുവലിക്കുമെന്ന ആശങ്ക അധ്യാപകരുൾപ്പെടെ പങ്കുവയ്ക്കുന്നു.

ഒന്നാം വർഷം സർട്ടിഫിക്കറ്റ്, രണ്ടാം വർഷം ഡിപ്ലോമ, മൂന്നാം വർഷം ഡിഗ്രി, നാലാം വർഷം ഓണേഴ്സ് ഡിഗ്രി എന്നിങ്ങനെ നാലുവർഷത്തെ പഠനത്തിന്റെ ഏതു ഘട്ടത്തിലും വിദ്യാർഥിക്ക് പഠനം അവസാനിപ്പിക്കാനുള്ള സ്വാതന്ത്ര്യമുണ്ടാവുന്നത് നിർബന്ധിത വിദ്യഭ്യാസമെന്ന ആശയത്തിന് ചരമക്കുറിപ്പെഴുതുമെന്നും തമിഴ്നാട് വാദിക്കുന്നു. ആറാം ക്ലാസ് മുതൽ തൊഴിൽ പഠനം ഉറപ്പാക്കണമെന്ന ദേശീയവിദ്യാഭ്യാസനയ വ്യവസ്ഥയും, ഗൗരവമായ പഠനത്തേയും, അക്കാദമിക പുരോഗതിയേയും ഇല്ലാതാക്കുമെന്നും, ഫംഗ്‌ഷണൽ ലിറ്ററസിയും ന്യൂമെറസിയും മാത്രമുള്ള തലമുറ രൂപപ്പെടുന്നതിനു കാരണമാവുമെന്ന വിമർശനവും ദേശീയനയത്തിനെതിരെ തമിഴ്നാട് ഉന്നയിക്കുന്നു.

ദേശീയവിദ്യാഭ്യാസനയം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട തമിഴ്നാടിന്റെ വിമർശനങ്ങളെ ഭാഷാ മൗലികവാദമെന്നോ, പ്രാദേശികവാദമെന്നോ രാഷ്ട്രീയക്കളിയെന്നോ വിളിക്കുന്നവർ, ഭരണഘടനയിൽ ഇന്ത്യയുടെ ഫെഡറൽ വ്യവസ്ഥയെ നിർവചിച്ചിരിക്കുന്നതെങ്ങനെയെന്നതും വൈവിധ്യങ്ങളുടേയും, ഉപദേശീയതകളുടേയും ഉൽക്കർഷേച്ഛകളെ ഇന്ത്യ എന്ന രാഷ്ട്രം സ്വീകരിച്ചതെങ്ങനെയെന്നതും പഠിക്കാൻ തയാറാവണം. ഒപ്പം സമീപകാലത്ത് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ സാമൂഹിക വികസന സൂചികകളിൽ തമിഴ്നാട് കൈവരിച്ച വളർച്ചയും,പുരോഗതിയും ഒന്നടുത്തറിയാൻ കൂടി ശ്രമിക്കണം.


Summary: Why Tamil Nadu government and political parties fight against central government's National Education Policy (NEP), KV Manoj writes in detail.


കെ.വി. മനോജ്

എസ്.സി.ഇ.ആർ.ടി മുൻ റിസർച്ച് ഓഫീസർ.ദേശീയ വിദ്യാഭ്യാസനയം -ചരിത്രം, ദർശനം, രാഷ്ട്രീയം, ഓൺലൈൻ വിദ്യാഭ്യാസം - പ്രയോഗം, പ്രതിവായന എന്നീ പുസ്തകങ്ങളുടെ എഡിറ്റർ.

Comments