കോളേജ് അധ്യാപകരെ കൂക്കി വിളിക്കുന്നവരോട്​ പറയാനുള്ളത്​...

എന്തുകൊണ്ടാണ് ഉന്നത വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്നവരോട് ഒരു ഇകഴ്​ത്തി സംസാരം പൊതുസമൂഹത്തിൽ നിന്നുണ്ടാവുന്നതെന്ന് പരിശോധിക്കപ്പെടേണ്ടതാണ്- ആലുവ യു.സി കോളേജ്​ അധ്യാപകൻ ഡോ. സെബാസ്റ്റ്യൻ ജോസഫ്, കോട്ടയം ബസേലിയസ് കോളേജ്​ അധ്യാപകൻ ലിജോ സെബാസ്റ്റ്യൻ എന്നിവർ എഴുതുന്നു.

കോളേജ് അദ്ധ്യാപകരുടെ ഉയർന്ന ശമ്പളം വീണ്ടും ചർച്ചയായിരിക്കുകയാണ്. സർവകലാശാല അദ്ധ്യാപകൻ കൂടിയായ മാധ്യമപ്രവർത്തകൻ ഈ മേഖലയിൽ തൊഴിലെടുക്കുന്നവർക്ക് ലഭിക്കുന്ന ലക്ഷക്കണക്കിന് രൂപ മാസ വരുമാനത്തെ സംബന്ധിച്ചു നടത്തിയ പരാമർശമാണ് ഇടക്കിടെ കത്തിപ്പിടിക്കുന്ന വിവാദത്തിന്റെ ഇപ്പോഴത്തെ തുടക്കം. പിന്നാലെ, കേരളത്തിലെ കോളേജ്/ സർവകലാശാല അദ്ധ്യാപകർ സാമൂഹിക മാധ്യമങ്ങളിലൂടെ തങ്ങളുടെ വേതന നിരക്കും മറ്റ് കോവിഡ്‌കാല പ്രവർത്തനങ്ങളും സൂചിപ്പിച്ച്​ ഈ പരാമർശത്തിന് മറുപടികളും നൽകി. ഇത്തവണ മിക്കവാറും കമന്റുകളിൽ ഒതുങ്ങിയെങ്കിലും ചെറുതല്ലാത്ത തോതിൽ രൂക്ഷ അഭിപ്രായങ്ങൾ പൊതുസമൂഹത്തിന്റെ ഭാഗത്തുനിന്നുണ്ടായി.

ഇതേ അദ്ധ്യാപകരുടെ ക്ലാസ് മുറികളിൽ ഇപ്പോഴോ മുൻപോ ഇരിക്കുന്നതും ഇരുന്നിട്ടുള്ളതുമായ വിദ്യാർത്ഥികളും അവരുടെ കുടുംബാംഗങ്ങളും ഉൾപ്പെടുന്ന ഒരു സമൂഹം തന്നെയാണ് വിമർശനം ഉന്നയിക്കുന്നതെന്നും കാണാതെ പോകരുത്. മുമ്പത്തെ പോലെ വലിയ ചർച്ചക്ക് ഇടം ഉണ്ടായില്ലെങ്കിലും എന്തുകൊണ്ടാണ് പൊതുസമൂഹത്തിൽ ഉന്നത വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്നവരോട് ഇത്തരത്തിൽ ഒരു ഇകഴ്​ത്തി സംസാരം ഉണ്ടാവുന്നതെന്ന് പരിശോധിക്കപ്പെടേണ്ടതാണ്.

റീഗനും താച്ചറും വലതുപക്ഷവും

മഹാമാരിക്കാലത്തിന് മുമ്പേ ആൻറി ഇന്റലക്ച്വലിസവും, വലതുപക്ഷ രാഷ്ട്രീയവും, ഭരണകൂടത്തിന്റെ പ്രതിലോമകരമായ വിദ്യാഭ്യാസ നയങ്ങളും ചേർന്നുണ്ടാക്കിയ പ്രതിസന്ധിയെ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖല അഭിമുഖീകരിക്കുന്നുണ്ടായിരുന്നു. ഉന്നത വിദ്യാഭ്യാസ മേഖലയിലെ യാഥാസ്ഥിതിക വലതുപക്ഷത്തിന്റെ ഇങ്ങനെയൊരു ഇടപെടലിന് വലിയൊരു ആഗോളചരിത്രമുണ്ടുതാനും.

എഴുപതുകളിൽ കാലിഫോർണിയ ഗവർണർ സ്ഥാനത്തേക്ക് മത്സരിച്ചു വിജയിച്ച ഹോളിവുഡിലെ അന്നത്തെ മിന്നും താരം റൊണാൾഡ്‌ റീഗൻ വിഖ്യാതമായ കാലിഫോർണിയ സർവകലാശാലയുടെ ബെർക്ക്​ലിയിലുള്ള കാമ്പസിനെ ആക്രമിച്ചു കൊണ്ടായിരുന്നു തന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മുഖ്യഭാഗവും നടത്തിയിരുന്നത്. വിജയിച്ച ശേഷവും പൊതുപണം ഉപയോഗിച്ച്​ പ്രവർത്തിക്കുന്ന സർവകലാശാലകൾ ധനനഷ്ടമാണെന്ന നയവും, സർവകലാശാലയിലെ സ്വതന്ത്ര ചിന്താഗതിയുള്ള അധ്യാപകരെ തിരഞ്ഞു പിടിച്ചുള്ള അക്രമവും റീഗൻ തുടർന്നു.

ഇതേ രാഷ്ട്രീയം വെച്ചുതന്നെ എൺപതുകളിൽ രണ്ട് തവണയായി അമേരിക്കൻ പ്രസിഡൻറ്​ സ്ഥാനത്തേക്കും റീഗൻ തെരഞ്ഞെടുക്കപ്പെട്ടു. വിദ്യാഭ്യാസവും ആരോഗ്യവുമടക്കം എല്ലാ സാമൂഹിക പരിപാടികളിൽ നിന്നും ഭരണകൂടം പിൻമാറണമെന്നും മെച്ചപ്പെട്ട വിദ്യാഭ്യാസം വേണമെങ്കിൽ പണം കൊടുക്കാൻ തയ്യാറാവണമെന്നും റീഗൻ പ്രഖ്യാപിച്ചു. സമാനമായ നിലയിൽ അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി മാർഗരറ്റ് താച്ചറും വലതുപക്ഷ യാഥാസ്ഥിതികർക്കൊപ്പം ചേർന്ന് സൗജന്യ വിദ്യാഭ്യാസത്തെ ആക്രമിച്ചു. നികുതിപ്പണത്തിനുമേൽ ശമ്പള ബാധ്യത ഉണ്ടാക്കുന്ന സാമൂഹിക ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാനാവില്ലെന്ന ഈ നേതാക്കളുടെ പ്രഖ്യാപനങ്ങൾക്കും നയങ്ങൾക്കും വലിയ തോതിലുള്ള ജനപിന്തുണ അക്കാലത്ത് ലഭിച്ചു.

എഴുപതുകളിലും എൺപതുകളിലും മുതലാളിത്തം നേരിട്ട പ്രതിസന്ധികളിൽ നിന്ന് രക്ഷപ്പെടാൻ പാപഭാരം മുഴുവനും പൊതുമേഖലയുടെ തലയിൽ കെട്ടിവെച്ചതോടെ പൊതുപ്പണം ഉപയോഗിച്ചുള്ള സാമൂഹിക ഇടപെടൽ മോശം സംഗതിയായി. പുത്തൻ സാമ്പത്തിക പരിഷ്കരണ നടപടികളുടെ ഫലമായി വിദ്യാഭ്യാസം വലിയ പണം മുടക്കൽ ശേഷിയുള്ളവർക്ക് മാത്രമാക്കി ചുരുങ്ങി, അദ്ധ്യാപകർ താത്കാലിക തൊഴിലാളികളും.

റൊണാൾഡ്‌ റീഗൻ

കമ്പോളം ലാഭേച്ഛയോടെ നടത്തുന്ന കടന്നുകയറ്റം ഇന്ത്യൻ വിദ്യാഭ്യാസ മേഖലയിലും ദൃശ്യമാണ്. ഉന്നത വിദ്യാഭ്യാസത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളുടെ കടക്കൽ കത്തിവെക്കുന്നതും വിദ്യാഭ്യാസത്തെ കമ്പോളവൽക്കരിക്കുന്നതുമായ തീരുമാനങ്ങൾ ഇതിനകം റിപ്പോർട്ടുകളുടെയും സർക്കുലറുകളുടെയും രൂപത്തിൽ വന്നിട്ടുണ്ട്. തികച്ചും അദ്ധ്യാപക വിരുദ്ധമായ നിർദേശങ്ങൾ ഇവയിലൊക്കെ ഉണ്ടുതാനും. ഉന്നത വിദ്യാഭ്യാസ മേഖലയെ ബോധപൂർവം ഉന്നം വെച്ചു നീങ്ങുന്ന വലതുപക്ഷത്തിന് അവരുടെ ഏറ്റവും വലിയ ആയുധമായ പൊതുബോധത്തിന്റെ നിർമിതിക്ക് അലകും പിടിയും വെച്ചുപിടിപ്പിക്കുകയാണ് അന്ധമായ അദ്ധ്യാപക വിരോധം പടർത്തുന്നവർ.

എന്തുകൊണ്ട്​ കുറ്റപ്പെടുത്തൽ?

കോവിഡ് കാലത്ത് ഒരു പക്ഷേ ഏറ്റവും കൂടുതൽ പ്രതിസന്ധി നേരിടേണ്ടി വന്ന മേഖലയാണ് ഉന്നത വിദ്യാഭ്യസം. ക്ലാസ്​ മുറികളിലും, ലബോറട്ടറികളിലും, സെമിനാർ ഹാളുകളിലും, കാൻറീനുകളിലും ഒക്കെയായി നടന്നിരുന്ന അദ്ധ്യാപനവും, ചർച്ചകളും, നിരീക്ഷണ പരീക്ഷണങ്ങളുമൊക്കെ ഞൊടിയിടക്കുള്ളിൽ കമ്പ്യൂട്ടർ / ഫോൺ സ്ക്രീനുകളിലേക്ക് മാറ്റപ്പെട്ടു. മറ്റു വ്യവസായശാലകളിലോ, ഫാക്ടറികളിലോ, സൈബർ കമ്പനികളിലോ നടക്കുന്ന വ്യവഹാരങ്ങളല്ലാത്തതിനാൽ, ജൈവീകത നഷ്ടപ്പെട്ട അധ്യാപകരും വിദ്യാർത്ഥികളും നേർക്കുനേർ നോക്കി സംവേദിക്കുവാനാകാത്ത ദുർഘട സന്ധിയിലായി.

ഹോളിസ്റ്റിക് കാമ്പസു പോലെയുള്ള ആശയങ്ങൾ പ്രചരിപ്പിക്കപ്പെട്ട കാലത്ത് വൈറസ് എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചു. അതേസമയം, അദ്ധ്യാപകർ തങ്ങളെകൊണ്ട് കഴിയാലാവും വിധം സാങ്കേതിക വശങ്ങൾ മനസിലാക്കി വിവിധ മാർഗങ്ങളിലൂടെ വിദ്യാർത്ഥികളിൽ എത്താൻ ശ്രമിച്ചിട്ടുമുണ്ട്. അപ്പോഴും വൈയക്തിക അനുഭവങ്ങളുടെ ക്ലാസ് റൂം തലം ഒരു വർഷത്തിന് മുകളിലായി സ്ക്രീൻ കാഴ്ചകളിലെ മുഖം മറച്ച പ്രൊഫൈലുകളായി ചുരുങ്ങി. ഡിജിറ്റൽ വിടവും, സാമൂഹിക അരക്ഷിതാവസ്ഥയും, രോഗപീഡയും, സമൂഹികതയെ നിഷേധിക്കുന്ന ഒറ്റപ്പെടലും, ഗാർഹിക പ്രശ്നങ്ങളുമെല്ലാം ഉന്നത വിദ്യാഭ്യാസ മേഖലയെയും ബാധിച്ചിട്ടുണ്ട്.

അധ്യാപകർ ഇപ്പോൾ കേൾക്കുന്ന കുറ്റപ്പെടുത്തലുകൾ കുറെ നാളുകളായി കേൾക്കുന്നത് തന്നെയാണ്, മാധ്യമപ്രവർത്തകൻ മാത്രമല്ല ദിവസവേതനക്കാരും, രാഷ്ട്രീയ നേതാക്കളുമെല്ലാം മുൻപേ ഇതേ അഭിപ്രായം പലതവണ, വ്യത്യസ്ത തരത്തിൽ പറഞ്ഞിട്ടുണ്ട്. അതേസമയം സാമൂഹിക പ്രതിബദ്ധതയുള്ള ഒരുപിടി നീക്കങ്ങളിലൂടെ ജൈവികപരമായ ഇടപെടൽ കഴിഞ്ഞ ഒരുകൊല്ലം ഇപ്പോൾ വിമർശന വിധേയരാവുന്ന അദ്ധ്യാപകർ നടത്തിയിട്ടുള്ളതാണ്. അതുകൊണ്ട്‌ തന്നെ ഇത്തരം വചോടാപങ്ങൾക്ക് പിറകേ വെറുതെ ഓടിനടന്ന് സാമൂഹ്യ മാധ്യമങ്ങളിൽ നിന്ന്​ കൂക്കിവിളിയും തെറിയും കേട്ട് വിഷമിക്കേണ്ട കാര്യവുമില്ല. ഇനിമേൽ ഉന്നത വിദ്യാഭ്യാസ മേഖലയിലെ അധ്യാപകർക്കെതിരെ ഉണ്ടാവുന്ന വിചാരണകൾക്ക് മറുപടി എഴുത്തുമ്പോഴത് ജലത്തിന് മീതെ വരയ്ക്കുന്നത് പോലെയുമാവരുത്.

കോവിഡുകാലം അധ്യാപകന്​ വഴികാട്ടി

മഹാമാരിക്കാലം ഘടനാപരമായ വലിയ അവസരമാണ് ഉന്നത വിദ്യാഭ്യാസ മേഖലക്ക് നൽകിയിരിക്കുന്നത്. അവരവരുടെ മേഖലയിലെ ജ്ഞാനലോകത്തു നിന്ന് മഹാമാരിയിൽപ്പെട്ടുലയുന്ന സമൂഹത്തിലേക്ക് ഇറങ്ങി പ്രവർത്തിക്കുമ്പോൾ ഇതുവരെ കാണാത്ത വിജ്ഞാന ഭൂമികയാണ് അവർക്ക് മുന്നിൽ തുറക്കപ്പെടുന്നത്. മാനസികാഘാതത്തിൽപ്പെട്ട് നിരാശരായി കഴിയുന്ന സമൂഹത്തിൽ അദ്ധ്യാപകരുടെ പ്രവർത്തനങ്ങൾ ഉന്നത വിദ്യാഭ്യാസ മേഖലയുടെ വിശ്വാസ്യത വർദ്ധിപ്പിക്കുന്നതോടൊപ്പം അദ്ധ്യാപകർക്ക് വരുകാല ദിനങ്ങളിലെ അധ്യാപന രീതിയിലും കരിക്കുലത്തിലും മാനവീകരണത്തിനുതിരുന്ന മാറ്റങ്ങൾ വരുത്തുവാനും സാധിക്കും.

പഞ്ചായത്തിലെ ആശാ പ്രവർത്തകരും, ആരോഗ്യ പ്രവർത്തകരും, പൊതുജനങ്ങളുക്കുമൊപ്പമുള്ള ആശയസമ്പർക്കം തങ്ങൾ പ്രാവീണ്യം നേടിയിട്ടുള്ള വിഷയങ്ങളുമായി പൊതുവിടങ്ങളെ സംയോജിപ്പിക്കുവാനും സമൂഹനന്മയ്ക്കു വേണ്ട ജ്ഞാന ബോധങ്ങളെ (transdisciplinary) സൃഷ്ടിക്കുവാനും അവസരം ഉണ്ടാക്കുന്നുണ്ട്. തങ്ങൾ ഇത്രകാലമൊക്കെയും പഠിച്ച, പ്രയോഗിച്ച ബോധനപരമായ നിപുണികളെ അങ്ങനെ തന്നെ പ്രയോഗിക്കാൻ വയ്യാത്ത സാഹചര്യത്തിലാണെങ്കിലും സവിശേഷമായ ഇടപെടൽ ശേഷികൊണ്ട് സമൂഹത്തിൽ നൈരാശ്യബോധം ഉണ്ടാക്കാതെ നോക്കാൻ അദ്ധ്യാപകർക്ക് സാധിച്ചാൽ അത് വലിയൊരു സാമൂഹിക നേട്ടമായിരിക്കും.

രക്ഷകർത്താക്കൾ മക്കളെ കോളേജിൽ ചേർക്കുമ്പോൾ തീർച്ചയായും അദ്ധ്യാപകരിലൊരു വിശ്വാസം വെക്കുന്നുണ്ട്. ഒരു തരത്തിലത് സമൂഹത്തിന്റെ മുഴുവനും വിശ്വാസം തന്നെയാണ്. അത് കൊണ്ടുതന്നെ ഒരു ദുരന്തമുഖത്ത് അദ്ധ്യാപകർ എങ്ങനെ പ്രതികരിക്കുമെന്നതും അതേ സമൂഹം സാകൂതം വീക്ഷിക്കുമെന്നതും നാം വിസ്മരിച്ചുകൂടാ. മഹാമാരി തീർച്ചയായും ഒരു പുതിയ ബോധനരീതിയെ മുൻപോട്ട് വെക്കുന്നുണ്ട്. മഹാമാരി അരങ്ങേറുന്ന ഇടമായ സമൂഹം തന്നെയാണ് അദ്ധ്യാപകന്റെ പഠന മണ്ഡലവും. അവിടെ നടത്തുന്ന ഗുണപരമായ ഇടപെടലുകൾ എല്ലാം സക്രിയമായ ദിശാബോധം നൽകും. അത്തരത്തിൽ സാമൂഹ്യ മേഖലകളിൽ മികവ് തെളിയിക്കുമ്പോൾ അദ്ധ്യാപകരുടെ മതിപ്പുവില കൂടുകയും വിമർശനമുന്നയിക്കുന്നവർ അടക്കമുള്ള പൊതുമണ്ഡലത്തിലെ പ്രധാന റഫറൻസ് പോയിൻറായി അത് മാറുകയും ചെയ്യും.

കോളേജിലേക്ക് തിരികെ ചെല്ലുന്ന അദ്ധ്യാപകൻ സമൂഹമെന്ന പഠനമണ്ഡലത്തിൽ നിന്നും ആർജിച്ച അനുഭവത്തെ ക്ലാസ് മുറിയിൽ പ്രതിഫലിപ്പിക്കുമ്പോൾ അവിടെ അറിവിന്റെ പുരോഗമനകരമായ മനുഷ്യവൽക്കരണം നടക്കുന്നു. കൊറോണക്കാലം അതിനുള്ള കുടമാറ്റത്തിനുള്ള അവസരം കൂടിയാണ്.

വിഖ്യാത ശാസ്ത്ര ചിന്തകൻ തോമസ് കൂൻ പാരഡൈം ഷിഫ്റ്റിനെക്കുറിച്ചു പറയുമ്പോൾ ഒരു ചിത്രം കാണിക്കുന്നുണ്ട്. ചിത്രത്തിൽ ഒരു മുയലും താറാവുമുണ്ടെങ്കിലും ഒറ്റനോട്ടത്തിൽ ചിലർ താറാവിനെ മാത്രം കാണുകയും, മുയലിനെ കാണുകയുമില്ല. തിരിച്ചും സംഭവിക്കുന്നു. ഇത് ഒപ്റ്റിക്കൽ ഇല്ല്യൂഷൻ -മായക്കാഴ്ച- മൂലം സംഭവിക്കുന്നതാണ്. മഹാമാരി നമ്മുക്കു മുന്നിൽ കണ്ടിരുന്ന ഒരു ലോകത്തെ പെട്ടന്ന് തന്നെ മറ്റൊന്നാക്കിത്തീർത്തിരിക്കുന്നു. ഇതു മനസ്സിലാക്കി ഉൾക്കാഴ്ചയോടെ പ്രവർത്തിക്കേണ്ടവരാണ് അദ്ധ്യാപകരും മാധ്യമ പ്രവർത്തകരും.

Comments