തമ്പാൻ മേലത്ത്

കാടകം മുതൽ ദക്ഷിണധ്രുവം വരെ

തീഷ്ണവും അത്ഭുതഭാവം കലർന്നതുമായ ആ കണ്ണുകൾക്ക് പിറകിൽ അവന്റെ ബാല്യകാല രൂപം അപ്പോഴും ഒളിമിന്നിനിൽക്കുന്നതായി എനിക്ക് തോന്നി.

ഠിപ്പിച്ച വിദ്യാർഥികളിൽ ഏറ്റവും ഉന്നത നിലയിൽ എത്തിയ ഒരാളെക്കുറിച്ച് എഴുതാൻ തുടങ്ങുമ്പോൾ വ്യക്തിപരമായി എനിക്ക് ചില ആശങ്കകളുണ്ട്. ഒരു അധ്യാപകനെന്ന നിലയിൽ എനിക്ക് ചാരിതാർത്ഥ്യവും ആത്മവിശ്വാസവും ഉണ്ടാക്കിതന്നത് വലിയ പദവികളിൽ എത്തിച്ചേർന്ന ശിഷ്യന്മാരല്ല. ഏറ്റവും സാധാരണക്കാരായി പച്ചക്കറി ചന്തകളിലും ഇറച്ചിക്കടകളിലും വസ്ത്രാലയങ്ങളിലും ബാർബർ ഷോപ്പുകളിലും ദിവസക്കൂലിക്ക് ജോലി ചെയ്യുന്നവരാണ്. അവരെ കണ്ടുമുട്ടുമ്പോഴും അവരോട് സംസാരിക്കുമ്പോഴും ഞാൻ അനുഭവിക്കുന്ന കൃതാർത്ഥത ഉന്നതസ്ഥാനീയരായ പഴയ വിദ്യാർഥികളിൽ നിന്ന് എനിക്ക് അനുഭവിക്കാൻ കഴിയാറില്ല. തീർച്ചയായും അത് അവരുടെ കുറ്റമല്ല. എന്റെ പ്രകൃതത്തിന്റെ കുറ്റം തന്നെയാണ്.

തീഷ്ണവും അത്ഭുതഭാവം കലർന്നതുമായ ആ കണ്ണുകൾക്ക് പിറകിൽ അവന്റെ ബാല്യകാല രൂപം അപ്പോഴും ഒളിമിന്നിനിൽക്കുന്നതായി എനിക്ക് തോന്നി.

പഠിപ്പിച്ച വിദ്യാർഥികളിൽ ശാസ്ത്രജ്ഞന്മാരും കലാകാരന്മാരും സംഗീതജ്ഞന്മാരുമായി പലരുമുണ്ട്. പക്ഷേ, ദേശീയ ശ്രദ്ധയാകർഷിച്ച ശാസ്ത്രജ്ഞനും ദക്ഷിണ ധ്രുവപര്യവേഷക സംഘത്തിലെ ഏകമലയാളിയുമായ ഡോക്ടർ തമ്പാൻ മേലത്തിനെക്കുറിച്ചാണ് ഈ കുറിപ്പ്. അദ്ദേഹമിപ്പോൾ ബാംഗ്ലൂർ ആസ്ഥാനമായ പോളാർ സയൻസസ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടറും മിനിസ്ട്രി ഓഫ് എർത്ത് സയൻസസിന്റെ (ESSO) നാഷണൽ സെന്റർ ഫോർ അന്റാർട്ടിക് ഏൻഡ് ഓഷ്യൻ റിസർച്ച് എന്ന സ്ഥാപനത്തിന്റെ മേധാവിയുമാണ്. കാറഡുക്ക ഗവ. ഹൈസ്‌കൂളിൽ അധ്യാപകനായിരുന്ന കാലത്ത് അങ്ങനെയൊരു വിദ്യാർഥിയെ പഠിപ്പിച്ചതായി എനിക്ക് ഓർത്തെടുക്കാൻ കഴിഞ്ഞില്ല. വർഷങ്ങൾക്കുശേഷം ദക്ഷിണ ധ്രുവത്തിൽ നിന്ന് തിരിച്ചെത്തിയ ഡോക്ടർ തമ്പാന് ജയൻ മാങ്ങാടിന്റെ നേതൃത്വത്തിൽ പഴയങ്ങാടി ഗസ്റ്റ് ഹൗസിൽ വച്ച് ഒരു സ്വീകരണം നൽകുകയുണ്ടായി അപ്പോഴാണ് അദ്ദേഹത്തിന്റെ രൂപം ഞാൻ ശ്രദ്ധിക്കുന്നത്. തീഷ്ണവും അത്ഭുതഭാവം കലർന്നതുമായ ആ കണ്ണുകൾക്ക് പിറകിൽ അവന്റെ ബാല്യകാല രൂപം അപ്പോഴും ഒളിമിന്നിനിൽക്കുന്നതായി എനിക്ക് തോന്നി.

നാലഞ്ച് ദശകങ്ങൾക്ക് മുമ്പ് കാറഡുക്ക (കാടകം) എന്ന ഗ്രാമം ഭൂപ്രകൃതികൊണ്ടും മനുഷ്യപ്രകൃതികൊണ്ടും കാസർഗോഡൻ ഗ്രാമങ്ങളിൽ നിന്ന് വേറിട്ടുനിൽക്കുന്ന പ്രദേശമായിരുന്നു. പൗരാണികവും ഏറെക്കുറെ നിരുന്മേഷകരവുമായ ഒരാലസ്യം അവിടുത്തെ ഭൂപ്രകൃതിയെ ചൂഴ്ന്ന് നിന്നിരുന്നു. നിർദോഷവും കൃത്രിമവുമായ സ്‌നേഹത്തിനപ്പുറത്ത് സ്ഥായിയായ വിഷാദവും അമാന്തവും അവിടത്തെ മനുഷ്യരുടെ സഹജമുദ്രയായിരുന്നു. അത്തരമൊരു ഗ്രാമത്തിൽ നിന്നു കാസർഗോഡ് ഗവ. കോളജിൽ ചേർന്ന് ജിയോളജിയിൽ ബി.എസ്.സി ബിരുദം നേടിയത് മുതൽക്കാണ് ഡോക്ടർ തമ്പാന്റെ ജീവിതം അടിമുടി മാറിമറിയുന്നത്.

ഡോ. തമ്പാൻ മേലത്ത് ദക്ഷിണ ധ്രുവത്തിൽ

ദക്ഷിണ ധ്രുവത്തിലേക്കുള്ള യാത്രയിലെ അനുഭവങ്ങൾ ഏത് മനുഷ്യനെയും ത്രസിപ്പിക്കാൻ പോന്നതാണ്. മൈനസ് 54 ഡിഗ്രിയിലും താഴ്ന്ന കാലാവസ്ഥയിൽ അനേകായിരം മീറ്ററുകൾ ഉയർന്നുനിൽക്കുന്ന മഞ്ഞുപാളികളിലേയ്ക്കു നടത്തിയ ആ യാത്രയെപ്പറ്റി അദ്ദേഹം പറയുന്നത് കേട്ടപ്പോൾ എനിക്ക് അദ്ദേഹത്തെക്കുറിച്ചും കാടകത്തെക്കുറിച്ചും കാടകത്തിന്റെ ഭാഗമായിത്തീരാൻ കഴിഞ്ഞ എന്റെ ഭാഗധേയത്തെക്കുറിച്ചും അഭിമാനം തോന്നി. ഇന്നേവരെ ആരും കടന്നുവന്നിട്ടില്ലാത്ത ഭൂമിയുടെ ദക്ഷിണധ്രുവത്തിന്റെ അറ്റത്ത് ഇന്ത്യൻ പതാക നാട്ടി തിരിച്ചുപോന്നത് തികച്ചും ജീവൻ പണയം വെച്ചുകൊണ്ടുള്ള പ്രവൃത്തിയായിരുന്നു. അതിന്റെ അനുഭവങ്ങൾ പങ്കിടുന്നത് കേട്ടിരിക്കെ ഹെമിങ് വേയുടെ കിഴവനും കടലും എന്ന നോവലിനെക്കുറിച്ചും സാന്റിയാഗോ എന്ന വൃദ്ധനെക്കുറിച്ചും കഥകൾ കേട്ട് വാപിളർത്തിയിരിക്കുന്ന കുട്ടിയെക്കുറിച്ചും എന്തുകൊണ്ടോ ഓർത്തുപോയി.

ഔദ്യോഗിക ജീവിതത്തിനിടയിൽ ഡോക്ടർ തമ്പാൻ മേലത്തിന് ദേശീയവും അന്തർദേശീയവുമായ ഒട്ടേറെ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. അവയെക്കുറിച്ച് പൂർണമായ ഒരു ബോധ്യം എനിക്കില്ല. അദ്ദേഹത്തിന്റെ പോളാർ പഠനങ്ങളുടെ പേരിൽ ഈയടുത്ത് നാഷണൽ അക്കാദമി ഓഫ് സയൻസിൽ അംഗത്വം ലഭിക്കുകയുണ്ടായി. ഇത് ഇന്ത്യൻ ശാസ്ത്രത്തിന് ലഭിക്കുന്ന വലിയ അംഗീകാരങ്ങളിൽ ഒന്നായി പരിഗണിക്കപ്പെട്ടുപോരുന്നു. ▮


എൻ. ശശിധരൻ

നാടകകൃത്ത്, തിരക്കഥാകൃത്ത്. ചരിത്രഗാഥ, ഉഷ്ണകാലം, വാണിഭം, അടുക്കള, സങ്കടമോചനത്തിന് ഒരു കൈപ്പുസ്തകം (നാടകങ്ങൾ),കഥ കാലം പോലെ (പഠനം) തുടങ്ങിയവയാണ് പ്രമുഖ കൃതികൾ. നെയ്​ത്തുകാരൻ എന്ന സിനിമയുടെ തിരക്കഥ, പുലിജന്മം എന്ന സിനിമയുടെ തിരക്കഥ എൻ.​ പ്രഭാകരനോടൊപ്പം.

Comments