പി. പ്രേമചന്ദ്രന് പിന്തുണയുമായി വാല്വേഷൻ ക്യാമ്പിൽ അധ്യാപക സമൂഹത്തിന്റെ പ്രതിഷേധം

വിദ്യാഭ്യാസ നയത്തിലെ പാളിച്ചകളെ വിമർശിച്ച്​ ട്രൂ കോപ്പി തിങ്കിൽ ലേഖനമെഴുതിയതിന്​ നടപടിക്ക്​ വിധേയനായ പി. പ്രേമചന്ദ്രന്​ പിന്തുണയർപ്പിച്ച്​ കേരളത്തിലെ എല്ലാ ഹയർസെക്കൻഡി മൂല്യനിർണയ ക്യാമ്പുകളിലും അധ്യാപകരുടെ വൻ പ്രതിഷേധം

Think

ർക്കാറിന്റെ വിദ്യാഭ്യാസ നയത്തിലെ പാളിച്ചകൾ തുറന്നുകാട്ടി ലേഖനമെഴുതിയതിന് നടപടിക്ക് വിധേയനായ പയ്യന്നൂർ ഗവൺമെൻറ്​ ഗേൾസ് ഹയർ സെക്കന്ററി സ്‌കൂളിലെ മലയാളം ഹയർ സെക്കന്ററി അധ്യാപകനായ പി.പ്രേമചന്ദ്രന് പിന്തുണയുമായി, ഹയർസെക്കൻഡറി മൂല്യനിർണയ ക്യാമ്പുകളിൽ അധ്യാപക സമൂഹം പ്രതിഷേധിച്ചു.

ട്രൂ കോപ്പി തിങ്കിൽലേഖനമെഴുതിയതിന്റെ പേരിൽ സർവ്വീസ് ചട്ടലംഘനം ആരോപിച്ച് വിദ്യാഭ്യാസ വകുപ്പ് നൽകിയ കാരണം കാണിക്കൽ നോട്ടീസിന്, പ്രേമചന്ദ്രൻ നൽകിയ മറുപടി തൃപ്തികരമല്ലെന്നുചൂണ്ടിക്കാട്ടി അന്വേഷണം തുടരാനാണ് സർക്കാർ തീരുമാനം. ഇതിന്റെ ഭാഗമായുള്ള ഹിയറിങ് ഇന്ന് തിരുവനന്തപുരത്ത് നടക്കുകയാണ്.

പയ്യന്നൂരിലെ ക്യാമ്പ് ഓഫീസർ കൂടിയായ പ്രേമചന്ദ്രൻ ഹിയറിങ്ങിന്​ ഹാജരാകുന്ന സമയത്താണ് കേരളത്തിലെ എല്ലാ ഹയർസെക്കൻഡി മൂല്യനിർണയ ക്യാമ്പുകളിലും മാഷിന് പിന്തുണയർപ്പിച്ചും അക്കാദമിക് സ്വാതന്ത്ര്യം അധ്യാപകരുടെ അവകാശമാണ് എന്ന് പ്രഖ്യാപിച്ചും അധ്യാപകർ അടിമകളല്ല എന്ന മുദ്രവാക്യമെഴുതിയ ബാഡ്ജുകൾ ധരിച്ചും അധ്യാപകർ പ്രതിഷേധിക്കുന്നത്.

പ്രതീക്ഷിച്ചതിലും ആവേശകരമായ പങ്കാളിത്തമാണ് അധ്യാപകരുടെ ഭാഗത്തുനിന്നുണ്ടായതെന്ന് പ്രതിഷേധത്തിൽ പങ്കെടുത്ത കണ്ണൂർ പെരളശ്ശേരി സ്‌കൂളിലെ ഹയർ സെക്കൻഡറി അധ്യാപിക സ്മിത പന്ന്യൻ ട്രൂ കോപ്പിയോട് പറഞ്ഞു. സംസ്ഥാനത്തുടനീളമുള്ള ക്യാമ്പുകളിൽ എല്ലാ വിഷയങ്ങളിലെയും അധ്യാപകർ ബാഡ്​ജ്​ ധരിച്ച് രംഗത്തുവന്നു. സർക്കാർ അനുകൂല സംഘടനകളുടെ അംഗങ്ങളും ബാഡ്​ജ്​ ധരിച്ചാണ് എത്തിയത്. ക്യാമ്പിലെ ചുമരുകളിലും നോട്ടീസ്‌ബോർഡുകളിലുമെല്ലാം പ്രതിഷേധ മുദ്രാവാക്യങ്ങൾ പതിച്ചു. ക്ലാസുകളിൽ കയറി ഈ വിഷയത്തെക്കുറിച്ച് സംസാരിച്ചു. അധ്യാപക സമൂഹം ഒന്നടങ്കം ഈ വിഷയത്തിനൊപ്പമുണ്ടെന്ന് തെളിയിച്ച ഒരു പ്രതിഷേധമാണ് നടക്കുന്നത്.

തലശ്ശേരി ക്യാമ്പിൽ അധ്യാപകർ നടത്തിയ പ്രതിഷേധം
തലശ്ശേരി ക്യാമ്പിൽ അധ്യാപകർ നടത്തിയ പ്രതിഷേധം

പ്രേമചന്ദ്രനെതിരെ നടപടിയുണ്ടാകമെന്ന മട്ടിൽ വിദ്യാഭ്യാസ മന്ത്രി നേരത്തെ നൽകിയ സൂചന അധ്യാപകരെ ഒന്ന് ഭയപ്പെടുത്തിയിരുന്നു. എന്നാൽ, ഇന്ന് നടന്ന പ്രതിഷേധത്തിൽ അധ്യാപകർ ഒരു ഭയവും കൂടാതെ പങ്കാളികളാകുന്നതാണ് കണ്ടതെന്ന്​ സ്​മിത പന്ന്യൻ പറഞ്ഞു. സോഷ്യൽ മീഡിയയിൽ പ്രതികരിച്ചവരുടെ എണ്ണം കുറവായിരുന്നുവെങ്കിലും ഇപ്പോൾ, പരസ്യമായി തന്നെ പ്രതികരിക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്.

ക്യാമ്പിലെ പ്രതിഷേധത്തിനെതിരെ അധികൃതരുടെ ഭാഗത്തുനിന്ന് പ്രതികരണമുണ്ടായിട്ടില്ല.

സർക്കാറിന്റെ വിദ്യാഭ്യാസ നയത്തിന് ചേരാത്ത രീതിയിലാണ് ഇത്തവണത്തെ ചോദ്യഘടന എന്നും ഫോക്കസ് ഏരിയക്കു പുറത്തു നിന്നുമുള്ള നിർബന്ധിത ചോദ്യങ്ങൾ പൊതു വിദ്യാലയത്തിലെ കുട്ടികളുടെ മികച്ച വിജയസാദ്ധ്യതകളെ പ്രതികൂലമായി ബാധിക്കുമെന്നും അത് ഫലത്തിൽ സി.ബി.എസ്.ഇക്ക് സഹായകരമാവുമെന്നുമായിരുന്നു പ്രേമചന്ദ്രന്റെ വിമർശനം. വിദ്യാഭ്യാസ നയത്തിനും പാഠ്യപദ്ധതിക്കും ചോദ്യരീതികൾക്കും നിരക്കാത്ത ഘടനയിലേക്ക് ഇത്തവണത്തെ പരീക്ഷകൾ മാറുന്നു എന്ന വിഷയം ഉന്നയിക്കുകയും ഗുണാത്മകമായ മാറ്റങ്ങൾക്കുവേണ്ടി സംസാരിക്കുകയും ചെയ്തതിനാണ് അദ്ദേഹത്തിനെതിരെ കുറ്റാരോപണവും ഹിയറിങ്ങും നടപടി നീക്കവും നടക്കുന്നത്.
















































Summary: വിദ്യാഭ്യാസ നയത്തിലെ പാളിച്ചകളെ വിമർശിച്ച്​ ട്രൂ കോപ്പി തിങ്കിൽ ലേഖനമെഴുതിയതിന്​ നടപടിക്ക്​ വിധേയനായ പി. പ്രേമചന്ദ്രന്​ പിന്തുണയർപ്പിച്ച്​ കേരളത്തിലെ എല്ലാ ഹയർസെക്കൻഡി മൂല്യനിർണയ ക്യാമ്പുകളിലും അധ്യാപകരുടെ വൻ പ്രതിഷേധം


Comments