AI-generated image

സ്കൂളിൽ പോകാൻ
പേടിക്കുന്ന അധ്യാപകർ

ഇന്ന് ഒട്ടുമിക്ക അധ്യാപകരും ബൗദ്ധികമായ ആവേശത്തോടെയോ ആത്മവിശ്വാസത്തോടെയോ അല്ല ക്ലാസ് മുറികളിലേക്ക് നടക്കുന്നത്; നിതാന്ത ജാഗ്രതയോടും, പ്രതിരോധമനോഭാവത്തോടും, ഭയത്തോടും കൂടിയാണ്. ഈ ഭയം നമ്മുടെ വിദ്യാഭ്യാസ വ്യവസ്ഥിതിക്ക് സംഭവിച്ച ആഴത്തിലുള്ള സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക, സാങ്കേതിക പരിവർത്തനങ്ങളുടെ അനന്തരഫലമാണ്- താജ്മൻസൂർ ടി. എഴുതുന്നു.

'സ്കൂളിൽ പോകാൻ പേടിക്കുന്ന അധ്യാപകർ'- കേൾക്കുമ്പോൾ വിരോധാഭാസമായി തോന്നാം. കാരണം, വിദ്യാലയവും ഭയവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള നമ്മുടെ പരമ്പരാഗത ബോധം എപ്പോഴും കുട്ടികളിലാണ് കേന്ദ്രീകരിച്ചിരുന്നത്. കുട്ടികൾ പരീക്ഷയെ പേടിക്കുന്നു, അധ്യാപകരുടെ ചൂരലിനെ പേടിക്കുന്നു, ശിക്ഷകളെ ഭയപ്പെടുന്നു; ഇതായിരുന്നു വിദ്യാഭ്യാസത്തിന്റെ ക്ലാസിക്കൽ ചിത്രം.

എന്നാൽ, 21-ാം നൂറ്റാണ്ടിന്റെ മൂന്നാം ദശകത്തിലെ ഇന്ത്യൻ വിദ്യാഭ്യാസ യാഥാർത്ഥ്യം ആ ദൃശ്യവൽക്കരണത്തെ തലകീഴായി മറിച്ചിടുകയാണ്. ഇന്ന് ക്ലാസ് മുറികളിലും ഫാക്കൽറ്റി മുറികളിലും വർദ്ധിച്ച തോതിലുള്ള ആശങ്ക നിശ്ശബ്ദമായി പടരുന്നുണ്ട്. മികച്ച സർവകലാശാലകളിൽ നിന്നുള്ള പ്രഭാഷണങ്ങൾ ഓൺലൈനായി ആക്‌സസ് ചെയ്യാൻ വിദ്യാർത്ഥികൾക്ക് കഴിയുമെങ്കിൽ, കൃത്രിമബുദ്ധി (AI) ഉപയോഗിച്ച് പ്രശ്‌നങ്ങൾ പരിഹരിക്കാനും നിമിഷങ്ങൾക്കുള്ളിൽ വിശദീകരണങ്ങൾ നേടാനും അവർക്ക് സാധിക്കുമെങ്കിൽ, അധ്യാപകർക്ക് എന്താണ് ചെയ്യാൻ ബാക്കിയുള്ളത്? അധ്യാപകരുടെ പങ്ക് അതിന്റെ പരിധിയിലെത്തിയോ എന്ന ചോദ്യം ഇവിടെ ഉയർന്നുവരുന്നു.

കൃത്രിമബുദ്ധി ഉപയോഗിച്ച് പ്രശ്‌നങ്ങൾ പരിഹരിക്കാനും നിമിഷങ്ങൾക്കുള്ളിൽ വിശദീകരണങ്ങൾ നേടാനും വിദ്യാർത്ഥികൾക്ക് സാധിക്കുമെങ്കിൽ, അധ്യാപകർക്ക് എന്താണ് ചെയ്യാൻ ബാക്കിയുള്ളത്? (Representative image)
കൃത്രിമബുദ്ധി ഉപയോഗിച്ച് പ്രശ്‌നങ്ങൾ പരിഹരിക്കാനും നിമിഷങ്ങൾക്കുള്ളിൽ വിശദീകരണങ്ങൾ നേടാനും വിദ്യാർത്ഥികൾക്ക് സാധിക്കുമെങ്കിൽ, അധ്യാപകർക്ക് എന്താണ് ചെയ്യാൻ ബാക്കിയുള്ളത്? (Representative image)

ഇന്ന്, ഒട്ടുമിക്ക അധ്യാപകരും ബൗദ്ധികമായ ആവേശത്തോടെയോ ആത്മവിശ്വാസത്തോടെയോ അല്ല ക്ലാസ് മുറികളിലേക്ക് പോകുന്നത്; നിതാന്ത ജാഗ്രതയോടും, പ്രതിരോധമനോഭാവത്തോടും, ഭയത്തോടും കൂടിയാണ്. ഈ ഭയം കേവലം വ്യക്തിപരമായ മനോവിഷമം മൂലമുള്ളതോ തൊഴിൽപരമായ തളർച്ച മൂലമുള്ളതോ മാത്രമല്ല. നമ്മുടെ വിദ്യാഭ്യാസ വ്യവസ്ഥിതിക്ക് സംഭവിച്ച ആഴത്തിലുള്ള സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക, സാങ്കേതിക പരിവർത്തനങ്ങളുടെ അനന്തരഫലമാണ്.

അധ്യാപകരുടെ പരമ്പരാഗത അധികാരസ്ഥാനത്തിന്റെ തകർച്ച, വിദ്യാഭ്യാസത്തിന്റെ നവലിബറൽ ഉപഭോക്തൃവൽക്കരണം, ഡിജിറ്റൽ നിരീക്ഷണ സംസ്കാരം, നിയമപരമായ സങ്കീർണ്ണതകൾ, തൊഴിൽപരമായ അനിശ്ചിതത്വം എന്നിവയ്ക്കു പുറമെ ഇന്ന് രൂപപ്പെട്ടിരിക്കുന്ന 'വിവരവിടവും' (Information Gap) ഈ പ്രതിസന്ധിയെ ആഴമുള്ളതാക്കുന്നു.

മിഷേൽ ഫൂക്കോ വിഭാവനം ചെയ്ത 'പാനോപ്റ്റിക്കൺ' എന്ന നിരന്തര നിരീക്ഷണ സംവിധാനത്തിന്റെ സമകാലിക രൂപങ്ങളായി ഇന്നത്തെ ക്ലാസ് മുറികൾ മാറിയിരിക്കുന്നു.

പാനോപ്റ്റിക്കൺ ക്ലാസ് മുറികളും
ഡിജിറ്റൽ നിരീക്ഷണവും

ഇന്ത്യൻ സാമൂഹിക പശ്ചാത്തലത്തിൽ അധ്യാപകർ അറിവിന്റെ ധാർമ്മിക പ്രതിനിധിയായിരുന്നു. ഗുരു എന്ന സങ്കൽപ്പത്തിന് നൈതികമായ ഒരാധികാരികതയും സാമൂഹികമായ ബഹുമാനവും ലഭിച്ചിരുന്നു. എന്നാൽ, ആധുനിക അവകാശബോധവും ജനാധിപത്യവൽക്കരണവും വികസിച്ചതോടെ ഈ അധികാരസ്ഥാനം ചോദ്യം ചെയ്യപ്പെടാൻ തുടങ്ങി. അത് സ്വാഭാവികവും ആവശ്യവുമായ പ്രക്രിയയായിരുന്നു എങ്കിൽപ്പോലും, പിൽക്കാലത്ത് അത് വിദ്യാലയ അന്തരീക്ഷത്തെ നിരന്തര സംശയത്തിന്റെ സംസ്കാരത്തിലേക്ക് നയിക്കുകയാണുണ്ടായത്. അധ്യാപകർ ഇന്ന് വിശ്വസിക്കപ്പെടുന്ന വഴികാട്ടിയല്ല; മറിച്ച് നിരന്തരം പരീക്ഷിക്കപ്പെടുകയും നിരീക്ഷിക്കപ്പെടുകയും ചെയ്യുന്ന നിർമ്മിതിയാണ്.

മിഷേൽ ഫൂക്കോ വിഭാവനം ചെയ്ത 'പാനോപ്റ്റിക്കൺ' എന്ന നിരന്തര നിരീക്ഷണ സംവിധാനത്തിന്റെ സമകാലിക രൂപങ്ങളായി ഇന്നത്തെ ക്ലാസ് മുറികൾ മാറിയിരിക്കുന്നു. വിദ്യാർത്ഥികളുടെ മൊബൈൽ ക്യാമറകൾ, രക്ഷിതാക്കളുടെ വാട്‌സ്ആപ്പ് കൂട്ടായ്മകൾ, സ്കൂൾ മാനേജ്മെന്റുകളുടെ ഡിജിറ്റൽ നിരീക്ഷണക്കണ്ണുകൾ, സോഷ്യൽ മീഡിയയിലെ തൽക്ഷണ വിചാരണകൾ, രാഷ്ട്രീയ സംഘടനകളുടെ ഇടപെടലുകൾ എന്നിവയുടെ നടുവിലാണ് ഇന്നത്തെ അധ്യാപകർ നിലകൊള്ളുന്നത്. ക്ലാസ് മുറിയിലെ സ്വാഭാവികമായ ഒരു തിരുത്തൽ, ഒരു ശാസനം, അല്ലെങ്കിൽ ഒരു തമാശ പോലും സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത് ഡിജിറ്റൽ ലോകത്ത് വലിയൊരു പൊതുവിവാദമാക്കി മാറ്റാൻ നിമിഷങ്ങൾ മതിയാകും.

ഭയം അധ്യാപകനെ ബൗദ്ധികമായി സെൻസർ ചെയ്യുമ്പോൾ, അവിടെ ഇല്ലാതാകുന്നത് കുട്ടികളിൽ വളരേണ്ട വിമർശനാത്മകചിന്തയാണ്. (AI-generated image)
ഭയം അധ്യാപകനെ ബൗദ്ധികമായി സെൻസർ ചെയ്യുമ്പോൾ, അവിടെ ഇല്ലാതാകുന്നത് കുട്ടികളിൽ വളരേണ്ട വിമർശനാത്മകചിന്തയാണ്. (AI-generated image)

മുമ്പ് ക്ലാസ് മുറി എന്നത് ഒരു സ്വകാര്യ സാമൂഹിക ഇടമായിരുന്നു. അവിടെ സംഭവിക്കുന്ന തെറ്റുകളും തിരുത്തലുകളും ആ ചുവരുകൾക്കുള്ളിൽ തന്നെ പരിഹരിക്കപ്പെട്ടിരുന്നു. എന്നാൽ ഇന്ന് ഓരോ ക്ലാസും രേഖപ്പെടുത്തപ്പെടാവുന്ന ഒരു 'പ്രകടനമായി' മാറി. ഇതോടെ അധ്യാപകർ സുരക്ഷിതമായ മൗനം തിരഞ്ഞെടുക്കാൻ നിർബന്ധിതരാകുന്നു. വിവാദ സാധ്യതയുള്ള സാഹിത്യങ്ങൾ, ചരിത്രവസ്തുതകൾ, ജാതി- മത- ലിംഗ രാഷ്ട്രീയങ്ങൾ എന്നിവ ചർച്ച ചെയ്യുന്നതിൽനിന്ന് അവർ ബോധപൂർവ്വം പിന്മാറുന്നു. ഭയം അധ്യാപകനെ ബൗദ്ധികമായി സെൻസർ ചെയ്യുമ്പോൾ, അവിടെ ഇല്ലാതാകുന്നത് കുട്ടികളിൽ വളരേണ്ട വിമർശനാത്മകചിന്തയാണ്. പരീക്ഷാകേന്ദ്രീകൃതമായ ചില യാന്ത്രികവിവരങ്ങൾ കൈമാറുന്ന ഇടങ്ങളായി വിദ്യാലയങ്ങൾ ചുരുങ്ങാൻ ഇത് കാരണമാകുന്നു.

അറിവിന്റെ കുത്തകാവകാശം നഷ്ടപ്പെടലും ആൽഫായുഗത്തിലെ വിവരവിടവും

പാനോപ്റ്റിക്കൺ ഭീതിയെ കൂടുതൽ സങ്കീർണ്ണമാക്കുന്നത് ആധുനിക മൊബൈൽ- AI സാങ്കേതികവിദ്യകളിൽ അധ്യാപകർ നേരിടുന്ന ജ്ഞാനപരമായ പരിമിതിയാണ്. പരമ്പരാഗത ക്ലാസ് മുറികളിൽ അധ്യാപകരായിരുന്നു അറിവിന്റെ ഏക കുത്തകാവകാശി. പുസ്തകങ്ങൾ പരിമിതമായിരുന്നു, ജേണലുകൾ എളുപ്പം ലഭ്യമായിരുന്നില്ല, അറിവിലേക്കുള്ള പ്രവേശനം അസമവുമായിരുന്നു. എന്നാൽ ഇന്ന് ക്ലാസ് മുറികളിലിരിക്കുന്ന 'ആൽഫാ തലമുറ’യിലെ കുട്ടികൾ ഡിജിറ്റൽ ജീവികളാണ്. സ്മാർട്ട്ഫോണുള്ള വിദ്യാർത്ഥിക്ക് വിപുലമായ വിഷയങ്ങൾ പര്യവേക്ഷണം ചെയ്യാനും കോഡ് സൃഷ്ടിക്കാൻ പോലും കഴിയും. അധ്യാപകർ ഒരു വിഷയം ക്ലാസിൽ പറയുന്ന ആ നിമിഷം, ബെഞ്ചിനടിയിൽ ഒളിപ്പിച്ചിരിക്കുന്ന സ്മാർട്ട്ഫോണിലൂടെയോ AI ടൂളുകളിലൂടെയോ കുട്ടികൾക്ക് അത് 'ഫാക്ട് ചെക്ക്' ചെയ്യാൻ സാധിക്കും. താൻ പറയുന്ന വിവരങ്ങളിൽ വരുന്ന ചെറിയൊരു പിഴവ് പോലും തൽസമയം ചോദ്യം ചെയ്യപ്പെടുമോ, അതോടെ കുട്ടികൾക്കുമുന്നിൽ തന്റെ ബൗദ്ധികമായ അധികാരം തകരുമോ എന്ന ഭയം ഇന്ന് പല അധ്യാപകരെയും വേട്ടയാടുന്നുണ്ട്.

കുട്ടികൾ സമർപ്പിക്കുന്ന അസൈൻമെന്റുകളും പ്രോജക്ടുകളും അവർ സ്വന്തമായി ചെയ്തതാണോ അതോ AI ടൂളുകൾ ഉപയോഗിച്ച് നിമിഷങ്ങൾക്കകം നിർമ്മിച്ചതാണോ എന്ന് തിരിച്ചറിയാൻ പരമ്പരാഗത അധ്യാപകർക്ക് കഴിയുന്നില്ല.

മൂല്യനിർണ്ണയരംഗത്തും ഇത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. കുട്ടികൾ സമർപ്പിക്കുന്ന അസൈൻമെന്റുകളും പ്രോജക്ടുകളും അവർ സ്വന്തമായി ചെയ്തതാണോ അതോ AI ടൂളുകൾ ഉപയോഗിച്ച് നിമിഷങ്ങൾക്കകം നിർമ്മിച്ചതാണോ എന്ന് തിരിച്ചറിയാൻ പരമ്പരാഗത അധ്യാപകർക്ക് കഴിയുന്നില്ല. AI എഴുത്തിനെ കണ്ടെത്താനുള്ള സാങ്കേതികജ്ഞാനം ഇല്ലാത്തതിനാൽ അവർ വിദ്യാർത്ഥികൾക്കുമുന്നിൽ നിസ്സഹായരാകുന്നു. ഇവിടെ വലിയൊരു അപകടസാധ്യതയുണ്ട്; വിദ്യാർത്ഥികൾ ചിന്തിക്കുന്നതിനുപകരം വെറുതെ പകർത്താൻ തുടങ്ങിയേക്കാം. പലർക്കും തങ്ങൾ എന്താണ് സമർപ്പിക്കുന്നതെന്ന് പൂർണ്ണമായി മനസ്സിലാകുന്നില്ല. ഇത് യഥാർത്ഥ ധാരണയില്ലാതെ പഠനത്തിന്റെ ഒരു മിഥ്യാധാരണ സൃഷ്ടിക്കുന്നു.

കൂടാതെ, സാങ്കേതികവിദ്യയുടെ ഈ വളർച്ച അധ്യാപകർക്കുനേരെ അദൃശ്യമായ ആയുധമായി ഉപയോഗിക്കപ്പെടാനുള്ള സാധ്യതയുമുണ്ട്. ക്ലാസ് മുറിയിലെ അധ്യാപകരുടെ ഓഡിയോ റെക്കോർഡ് ചെയ്ത് AI ഉപയോഗിച്ച് ശബ്ദവും ഭാവവും വികലമാക്കി ഡീപ് ഫേക്ക് വീഡിയോകളോ സൈബർ ട്രോളുകളോ നിർമ്മിക്കാൻ ഇന്നത്തെ കുട്ടികൾക്ക് അനായാസം സാധിക്കും. ഡിജിറ്റൽ സാധ്യതകളെക്കുറിച്ച് പൂർണ്ണ അറിവില്ലാത്ത അധ്യാപകർ, കുട്ടികളുടെ കയ്യിലെ ഉപകരണങ്ങളെ കടുത്ത ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. തങ്ങൾ സംസാരിക്കുന്ന ഡിജിറ്റൽ ഭാഷയോ സൈബർ സ്ലാംഗുകളോ അധ്യാപകർക്ക് മനസ്സിലാകുന്നില്ലെന്ന് കാണുമ്പോൾ കുട്ടികൾക്കിടയിലുണ്ടാകുന്ന പരിഹാസവും, അധ്യാപകരിൽ കടുത്ത അപകർഷബോധവും ഭയവും വളർത്തുന്നു.

ഈ ആശങ്ക മനസ്സിലാക്കാവുന്നതേയുള്ളൂ, പക്ഷേ അത് ദുർബലമായ ഒരനുമാനത്തിലാണ് നിലകൊള്ളുന്നത്. വിവരങ്ങൾ ഇന്ന് സമൃദ്ധമാണ്, പക്ഷേ അതിലൂടെയുള്ള മനസ്സിലാക്കലോ ചിന്തിക്കലോ ഇനിയും പൂർണ്ണമായി രൂപപ്പെട്ടിട്ടില്ല. വിവരവും അറിവും തമ്മിലുള്ള വ്യത്യാസം ആദ്യം മനസ്സിലാക്കണം.

അധ്യാപകൻ ഇനി വെറും വിവര സ്രോതസ്സല്ല, മറിച്ച്, വിദ്യാർത്ഥികളെ വ്യക്തമായി ചിന്തിക്കാനും ആത്മവിശ്വാസം നേടാനും സഹായിക്കുന്ന ഒരു മെന്ററാണ്.  (Representative image)
അധ്യാപകൻ ഇനി വെറും വിവര സ്രോതസ്സല്ല, മറിച്ച്, വിദ്യാർത്ഥികളെ വ്യക്തമായി ചിന്തിക്കാനും ആത്മവിശ്വാസം നേടാനും സഹായിക്കുന്ന ഒരു മെന്ററാണ്. (Representative image)

നമുക്ക് ആക്‌സസ് ചെയ്യാൻ കഴിയുന്ന വെറും ഡാറ്റയാണ് വിവരങ്ങൾ (Information). ആ ഡാറ്റ മനസ്സിലാക്കുമ്പോഴാണ് അത് അറിവാകുന്നത് (Knowledge). യഥാർത്ഥ സാഹചര്യങ്ങളിൽ ആ ധാരണ ഉപയോഗിക്കാനുള്ള കഴിവാണ് ജ്ഞാനം (Wisdom). കൃത്രിമബുദ്ധിക്ക് വിവരങ്ങൾ കാര്യക്ഷമമായി ക്രമീകരിക്കാൻ കഴിയും, പക്ഷേ അതിന് മനുഷ്യന്റെ വിവേചനബുദ്ധി, സംശയം, പ്രതിഫലനം എന്നിവയെ മാറ്റിസ്ഥാപിക്കാൻ കഴിയില്ല.
ഇത് കൂടുതൽ ആഴത്തിലുള്ള ഒരു ചോദ്യം ഉയർത്തുന്നു: കൃത്രിമബുദ്ധി യഥാർത്ഥത്തിൽ ബുദ്ധി ആണോ, അതോ ശ്രദ്ധിച്ചുശേഖരിച്ച വിവരങ്ങളുടെ നൂതന രൂപമാണോ? ഇതിന് വലിയ അളവിലുള്ള ഡാറ്റ പ്രോസസ്സ് ചെയ്യാനും പാറ്റേണുകൾ തിരിച്ചറിയാനും ബുദ്ധിപരമെന്ന് തോന്നുന്ന പ്രതികരണങ്ങൾ സൃഷ്ടിക്കാനും കഴിയും. എന്നാൽ മനുഷ്യബുദ്ധിയുടെ തലത്തിൽ അർത്ഥം മനസ്സിലാക്കാൻ അതിന് കഴിയില്ല. അതിന് ജിജ്ഞാസയോ ഉദ്ദേശ്യമോ ഉത്തരവാദിത്തമോ ഇല്ല. AI-ക്ക് ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ കഴിയും, പക്ഷേ അധ്യാപകർക്കേ ശരിയായ ചോദ്യങ്ങൾ ചോദിക്കാനുള്ള കഴിവ് കുട്ടികളിൽ രൂപപ്പെടുത്താൻ കഴിയൂ.

ലളിതമായ ഒരുദാഹരണമെടുക്കുക. ഒരു വിദ്യാർത്ഥിക്ക് ഒരു ഡിഫറൻഷ്യൽ സമവാക്യം പരിഹരിക്കാൻ AI ഉപയോഗിക്കാം, നിമിഷങ്ങൾക്കുള്ളിൽ ഉത്തരം നേടുകയും ചെയ്യാം. എന്നിരുന്നാലും, വെള്ളത്തിൽ മലിനീകരണം വ്യാപിക്കുന്നതോ ഒരു വസ്തുവിലെ താപപ്രവാഹം പോലെയോ ഉള്ള യഥാർത്ഥ സാഹചര്യം മാതൃകയാക്കാനാവശ്യപ്പെടുമ്പോൾ, പലരും സമവാക്യം രൂപീകരിക്കാൻ പോലും പാടുപെടുന്നു. ഇവിടെയാണ് അധ്യാപകൻ അത്യാവശ്യമായി വരുന്നത്. അധ്യാപകൻ ഇനി വെറും വിവര സ്രോതസ്സല്ല, മറിച്ച്, വിദ്യാർത്ഥികളെ വ്യക്തമായി ചിന്തിക്കാനും ആത്മവിശ്വാസം നേടാനും സഹായിക്കുന്ന ഒരു മെന്ററാണ്.
പ്രത്യേകിച്ച് എഞ്ചിനീയറിംഗ്, സാങ്കേതിക വിദ്യാഭ്യാസ മേഖലകളിൽ ഈ പങ്ക് കൂടുതൽ പ്രാധാന്യമർഹിക്കുന്നു.

വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്നങ്ങൾ ലളിതമായ പാഠപുസ്തകവ്യായാമങ്ങളല്ല. അവ തുറന്നതും, വിവിധ വിഷയങ്ങൾ ഉൾക്കൊള്ളുന്നതും, പലപ്പോഴും വ്യക്തമല്ലാത്തതുമാണ്. ഒരു ജലശുദ്ധീകരണ സംവിധാനം രൂപകൽപ്പന ചെയ്യുന്നതിനോ പുതിയ വസ്തുക്കൾ വികസിപ്പിക്കുന്നതിനോ വ്യത്യസ്ത മേഖലകളിൽ നിന്നുള്ള അറിവും യഥാർത്ഥ ലോകത്തിന്റെ അനന്തരഫലങ്ങളെക്കുറിച്ചുള്ള ധാരണയും ആവശ്യമാണ്.

സർക്കാർ വിദ്യാലയങ്ങളിൽ അധ്യാപകൻ പഠിപ്പിക്കുന്നതിനേക്കാൾ കൂടുതൽ സമയം ചെലവഴിക്കുന്നത് ഓൺലൈൻ അപ്ഡേറ്റുകൾ, ഡാറ്റാ എൻട്രികൾ, വിവിധ സർവേകൾ, തിരഞ്ഞെടുപ്പ് ഡ്യൂട്ടി, സെൻസസ്, ക്ഷേമപദ്ധതി വിവരശേഖരണം എന്നിവയ്ക്കാണ്.

ഉപഭോക്തൃ സംസ്കാരവും
സേവനദാതാവായി മാറുന്ന അധ്യാപകനും

നവലിബറൽ സാമ്പത്തികക്രമം, വിദ്യാഭ്യാസത്തെ ഒരു സാമൂഹിക അവകാശത്തിൽ നിന്ന് വിപണിയിലെ കച്ചവടച്ചരക്കാക്കി മാറ്റിത്തീർത്തു. വിദ്യാലയങ്ങൾ കോർപ്പറേറ്റ് രീതിയിലുള്ള ബ്രാൻഡുകളായി മാറിയപ്പോൾ വിദ്യാർത്ഥികളും രക്ഷിതാക്കളും കസ്റ്റമർമാരായി. ഈ ഉപഭോക്തൃ യുക്തിയിൽ അധ്യാപകൻ കേവലം സേവനദാതാവ് (Service Provider) മാത്രമാണ്.
ഈ മാറ്റം അധ്യാപകരുടെമേൽ ഇരട്ട സമ്മർദ്ദമാണ് ചെലുത്തുന്നത്. സ്വകാര്യമേഖലയിൽ റാങ്ക് മേക്കിംഗ്, നൂറു ശതമാനം വിജയം, അഡ്മിഷൻ വർദ്ധിപ്പിക്കൽ, ഫീസ് പിരിവ്, സോഷ്യൽ മീഡിയ ഇമേജ് തുടങ്ങിയ കച്ചവടലക്ഷ്യങ്ങൾക്കായി അധ്യാപകരെ റിസൾട്ട് മെഷീനുകൾ പോലെ ഉപയോഗിക്കുമ്പോൾ, സർക്കാർ വിദ്യാലയങ്ങളിൽ അധ്യാപകൻ പഠിപ്പിക്കുന്നതിനേക്കാൾ കൂടുതൽ സമയം ചെലവഴിക്കുന്നത് ഓൺലൈൻ അപ്ഡേറ്റുകൾ, ഡാറ്റാ എൻട്രികൾ, വിവിധ സർവേകൾ, തിരഞ്ഞെടുപ്പ് ഡ്യൂട്ടി, സെൻസസ്, ക്ഷേമപദ്ധതി വിവരശേഖരണം എന്നിവയ്ക്കാണ്. അധ്യാപകർ ബൗദ്ധിക പ്രവർത്തകരിൽനിന്ന് കേവലം ഡാറ്റാ മാനേജരായി മാറുന്ന കാഴ്ചയാണ് കാണുന്നത്.

താത്കാലിക നിയമനങ്ങൾ, കരാർ അടിസ്ഥാനത്തിലുള്ള ജോലികൾ, കുറഞ്ഞ ശമ്പളം, സ്ഥിരതയില്ലാത്ത സേവനവ്യവസ്ഥകൾ എന്നിവ അധ്യാപകരെ ആത്മവിശ്വാസരഹിതനാക്കുന്നു.      (Representative image)
താത്കാലിക നിയമനങ്ങൾ, കരാർ അടിസ്ഥാനത്തിലുള്ള ജോലികൾ, കുറഞ്ഞ ശമ്പളം, സ്ഥിരതയില്ലാത്ത സേവനവ്യവസ്ഥകൾ എന്നിവ അധ്യാപകരെ ആത്മവിശ്വാസരഹിതനാക്കുന്നു. (Representative image)

കുട്ടിക്ക് മാർക്ക് കുറയുന്നതോ, ഡിജിറ്റൽ അഡിക്ഷൻ കാരണം പഠനത്തിൽ പിന്നോട്ട് പോകുന്നതോ എന്തുതന്നെയായാലും അതിന്റെ അന്തിമ ഉത്തരവാദിത്തം അധ്യാപകരുടെ വ്യക്തിപരമായ പരാജയമായി ചിത്രീകരിക്കപ്പെടുന്നു. അതോടെ അവർ സ്ഥിരമായൊരു പ്രതിരോധാവസ്ഥയിലേക്ക് നീങ്ങുന്നു. താത്കാലിക നിയമനങ്ങൾ, കരാർ അടിസ്ഥാനത്തിലുള്ള ജോലികൾ, കുറഞ്ഞ ശമ്പളം, സ്ഥിരതയില്ലാത്ത സേവനവ്യവസ്ഥകൾ എന്നിവ അധ്യാപകരെ ആത്മവിശ്വാസരഹിതനാക്കുന്നു. പ്രത്യേകിച്ച് സ്വകാര്യ സ്കൂളുകളിൽ ഒരു ചെറിയ പരാതി പോലും ജോലിനഷ്ടത്തിലേക്ക് നയിക്കുമെന്ന ആശങ്ക ശക്തമാണ്. ചോദ്യം ചെയ്യാൻ പോലും ഭയക്കുന്ന അധ്യാപകൻ എങ്ങനെയാണ് സ്വതന്ത്രമായി ക്ലാസ് മുറികളെ നയിക്കുക?

അധ്യാപകരുടെ സുരക്ഷിതത്വമില്ലായ്മയ്ക്ക് നിയമപരമായ പശ്ചാത്തലം കൂടിയുണ്ട്. കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി കൊണ്ടുവന്ന നിയമങ്ങൾ പലപ്പോഴും ദുരുപയോഗം ചെയ്യപ്പെടുമ്പോൾ, അത് അധ്യാപകരുടെ കൈകാലുകൾ കെട്ടിയിടുന്നതിന് തുല്യമായി മാറുന്നു. ഇന്ത്യയിലെ കോടതി ഇടപെടലുകൾ പരിശോധിച്ചാൽ ഈ വിഷയത്തിലുള്ള സൂക്ഷ്മമായ വൈരുദ്ധ്യങ്ങൾ ദൃശ്യമാകും.

Parents Forum for Meaningful Education vs Union of India കേസിൽ സുപ്രീംകോടതി വിദ്യാലയങ്ങളിലെ ശാരീരികശിക്ഷകൾ നിരോധിച്ചത് കുട്ടികളുടെ മനുഷ്യാവകാശ സംരക്ഷണത്തിൽ വിപ്ലവകരമായ ചുവടുവെപ്പായിരുന്നു. എന്നാൽ, ഇതിന്റെ പ്രായോഗികതലത്തിൽ, കുട്ടിയെ തിരുത്താനായി നടത്തുന്ന സാധാരണ ശാസനകൾ പോലും മാനസിക പീഡനം എന്ന ഗണത്തിൽപ്പെടുത്തി അധ്യാപകർക്കെതിരെ ക്രിമിനൽ കേസുകൾ എടുക്കുന്ന പ്രവണത രാജ്യത്താകെ വർദ്ധിച്ചു. ഒരു ശാസന പോലും കേസായി മാറുമോ എന്ന ഭയത്തിലാണ് പലരും ജീവിക്കുന്നത്.

അതേസമയം, കോടതികൾ അധ്യാപകരുടെ ഈ നിസ്സഹായാവസ്ഥയെ പിൽക്കാലത്ത് തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്. ‘Geo Varghese vs State of Rajasthan’ കേസിൽ സുപ്രീംകോടതി നടത്തിയ നിരീക്ഷണം ശ്രദ്ധേയമാണ്:

"സ്കൂളിൽ അച്ചടക്കം നിലനിർത്തുന്നതിനായി ഒരു അധ്യാപകൻ നടത്തുന്ന സാധാരണ ഇടപെടലുകളെയോ ശാസനകളെയോ എപ്പോഴും ക്രിമിനൽ കുറ്റമായി (ആത്മഹത്യാ പ്രേരണാക്കുറ്റം പോലെയുള്ളവ) കാണാൻ കഴിയില്ല. വിദ്യാർത്ഥിയെ തിരുത്താനുള്ള അധ്യാപകരുടെ സ്വാഭാവികമായ അധികാരം ഇല്ലാതായാൽ അത് വിദ്യാലയാന്തരീക്ഷത്തെ പൂർണ്ണമായും തകർക്കും".

എങ്കിലും, മറ്റൊരു വശത്ത് അധ്യാപകരുടെ ഭാഗത്തുനിന്നുണ്ടാകുന്ന അധികാര ദുരുപയോഗങ്ങളെയും വിദ്യാർത്ഥിപ്രീണനങ്ങളെയും ലൈംഗികാതിക്രമങ്ങളെയും ദൽഹി ഹൈക്കോടതി ഉൾപ്പെടെയുള്ള ഉന്നത കോടതികൾ കർശനമായി വിമർശിച്ചിട്ടുമുണ്ട്. ദൽഹി ഹൈക്കോടതി ചില കേസുകളിൽ അധ്യാപകരുടെ അധികാര ദുരുപയോഗത്തെ 'Abuse of Power' എന്ന് വിശേഷിപ്പിച്ചത് ഈ പശ്ചാത്തലത്തിലാണ്. അതിനാൽ പ്രശ്നം ഏകപക്ഷീയമല്ല. ഇന്ത്യൻ വിദ്യാഭ്യാസരംഗം ഇന്ന് അധികാര ദുരുപയോഗം എന്നും അധികാരരഹിതത്വം എന്നും ഉള്ള രണ്ട് അറ്റങ്ങൾക്കിടയിൽ കുടുങ്ങിയിരിക്കുകയാണ്.

അധ്യാപകർ വിദ്യാർത്ഥിയെ സാങ്കേതികമായും സാമൂഹികമായും ഭയത്തോടും സംശയത്തോടും കൂടി നോക്കുകയും, വിദ്യാർത്ഥി അധ്യാപകരെ പ്രതിരോധ മനോഭാവത്തോടെ സമീപിക്കുകയും ചെയ്യുന്നിടത്ത് യഥാർത്ഥ ജ്ഞാനനിർമ്മിതി നടക്കുകയില്ല.

വിദ്യാഭ്യാസനയങ്ങളും
അക്കാദമിക യാഥാർത്ഥ്യവും

നിലവിലെ വിദ്യാഭ്യാസരീതിയിലെ ഒരു പ്രധാന ബലഹീനത ശ്രദ്ധ അർഹിക്കുന്നുണ്ട്. അടിസ്ഥാനപരമായി ശക്തമായ അടിത്തറ കെട്ടിപ്പടുക്കാതെ പ്രശ്നാധിഷ്ഠിതപഠനത്തിൽ (Problem-based learning) ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രവണത വർദ്ധിച്ചുവരികയാണ്. അടിസ്ഥാന ആശയങ്ങൾ ആദ്യം മനസ്സിലാക്കാതെ തന്നെ പ്രശ്നങ്ങൾ പരിഹരിക്കാൻ വിദ്യാർത്ഥികളോട് ആവശ്യപ്പെടുന്നു. പാഠപുസ്തകപ്രശ്നങ്ങൾ പതിവ് രീതിയായിരിക്കാം, പക്ഷേ അവ അത്യാവശ്യമാണ്. പ്രശ്നങ്ങൾ എങ്ങനെ രൂപപ്പെടുത്താമെന്ന് അവ വിദ്യാർത്ഥികളെ പഠിപ്പിക്കുന്നു. അപ്പോൾ മാത്രമേ യഥാർത്ഥ ജീവിതസാഹചര്യങ്ങളിൽ പ്രശ്നങ്ങളെ സമീപിക്കാൻ വിദ്യാർത്ഥികൾക്ക് പഠിക്കാൻ കഴിയൂ. ഈ അടിത്തറയില്ലാതെ, സങ്കീർണ്ണ വെല്ലുവിളികൾ കൈകാര്യം ചെയ്യാനുള്ള അവരുടെ കഴിവ് പരിമിതമായി തുടരും.

ഭയമുള്ള അധ്യാപകൻ ചോദ്യം ചോദിക്കുന്ന കുട്ടികളെയല്ല, പകരം യാന്ത്രികമായി അനുസരിക്കുന്ന കുട്ടികളെ മാത്രമേ ആഗ്രഹിക്കൂ. ഇത് സമൂഹത്തിന്റെ ജനാധിപത്യപരമായ വളർച്ചയെയും സ്വതന്ത്രചിന്തയെയും തളർത്തും. (AI-generated image)
ഭയമുള്ള അധ്യാപകൻ ചോദ്യം ചോദിക്കുന്ന കുട്ടികളെയല്ല, പകരം യാന്ത്രികമായി അനുസരിക്കുന്ന കുട്ടികളെ മാത്രമേ ആഗ്രഹിക്കൂ. ഇത് സമൂഹത്തിന്റെ ജനാധിപത്യപരമായ വളർച്ചയെയും സ്വതന്ത്രചിന്തയെയും തളർത്തും. (AI-generated image)

2020-ലെ ദേശീയ വിദ്യാഭ്യാസനയം (NEP 2020) ഈ മാറ്റങ്ങളെ അംഗീകരിക്കുന്നുണ്ട്. ഇത് വഴക്കമുള്ള പഠനം, ബഹുമുഖ വിദ്യാഭ്യാസം, മനഃപാഠപഠനത്തിന് കുറഞ്ഞ പ്രാധാന്യം എന്നിവ പ്രോത്സാഹിപ്പിക്കുന്നു. ഇവ പ്രധാനപ്പെട്ട ഘട്ടങ്ങളാണ്.

എന്നാൽ നയങ്ങൾക്കുമാത്രം വിദ്യാഭ്യാസത്തെ പരിവർത്തനം ചെയ്യാൻ കഴിയില്ല. യഥാർത്ഥ മാറ്റം സംഭവിക്കുന്നത് ക്ലാസ് മുറികളിലും അധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള ഇടപെടലിലുമാണ്. അധ്യാപകർക്ക് പിന്തുണയും വിശ്വാസവും ലഭിക്കുകയും അത് നന്നായി ഉപയോഗിക്കുമെന്ന് സിസ്റ്റം വിശ്വസിക്കുകയും ചെയ്യുമ്പോൾ മാത്രമേ വഴക്കമുള്ള പാഠ്യപദ്ധതി പ്രവർത്തിക്കൂ. പ്രോജക്ട് പ്രവർത്തനങ്ങൾ, കേസ് സ്റ്റഡികൾ, സഹകരണ പഠനം എന്നിവയ്ക്ക് സമയവും സ്ഥാപനപരമായ പിന്തുണയും ആവശ്യമാണ്. ഇതില്ലാതെ, ഒരു നല്ല പാഠ്യപദ്ധതിപോലും വെറും ആശയം മാത്രമായി അവശേഷിക്കും.

അതുപോലെ സിദ്ധാന്തത്തിനും (Theory) പ്രയോഗത്തിനും (Practice) ഇടയിൽ സന്തുലിതാവസ്ഥ ഉണ്ടായിരിക്കണം. പ്രായോഗിക പ്രവർത്തനങ്ങൾക്ക് ഇപ്പോൾ കൂടുതൽ പ്രാധാന്യം ലഭിച്ചിട്ടുണ്ട്- ചിലപ്പോഴൊക്കെ ആശയപരമായ വ്യക്തതയ്ക്ക് വില നൽകിക്കൊണ്ടുപോലും. ഇതൊരു തെറ്റായ പ്രവണതയാണ്. ശക്തമായ സൈദ്ധാന്തിക അടിത്തറയാണ് വിദ്യാർത്ഥികളെ ഫലങ്ങൾ വിശകലനം ചെയ്യാനും, പ്രശ്നങ്ങൾ പരിഹരിക്കാനും, നവീകരിക്കാനും സഹായിക്കുന്നത്. അടിസ്ഥാനകാര്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയില്ലാതെ, പ്രായോഗിക പ്രവർത്തനങ്ങൾ വെറും യാന്ത്രികമായി മാറും.

മൂല്യനിർണ്ണയമാണ് മറ്റൊരു വെല്ലുവിളി. സർഗ്ഗാത്മകതയെയും പ്രശ്നപരിഹാരത്തെയും വിലമതിക്കുന്നുവെന്ന് പറയുമ്പോഴും, ഓർമ്മശക്തിയും എഴുത്തിന്റെ വേഗതയും മാത്രമാണ് നമ്മൾ പരീക്ഷിക്കുന്നത്. പരീക്ഷാ രീതികളിൽ പുനർവിചിന്തനം നടത്തിയാൽ മാത്രമേ അധ്യാപനത്തിലും യഥാർത്ഥ മാറ്റമുണ്ടാകൂ.

വിദ്യാലയങ്ങളിൽ നഷ്ടപ്പെട്ടുപോയ ജനാധിപത്യ അന്തരീക്ഷം പുനഃസ്ഥാപിക്കുകയാണ് പ്രശ്നപരിഹാരത്തിനുള്ള ആദ്യ പടി.

അധ്യാപക- വിദ്യാർത്ഥി ബന്ധത്തിന്റെ തകർച്ച

ഭയത്തിന്റെ ഏറ്റവും മാരകമായ സാമൂഹിക പ്രത്യാഘാതം, പൗലോ ഫ്രെയർ വിഭാവനം ചെയ്ത 'വിമോചന വിദ്യാഭ്യാസം' ഇവിടെ അസാധ്യമാകുന്നു എന്നതാണ്. വിദ്യാഭ്യാസം എന്നത് അടിസ്ഥാനപരമായി പരസ്പര വിശ്വാസത്തിന്മേൽ പടുത്തുയർത്തേണ്ട ഒന്നാണ്. എന്നാൽ അധ്യാപകർ വിദ്യാർത്ഥിയെ സാങ്കേതികമായും സാമൂഹികമായും ഭയത്തോടും സംശയത്തോടും കൂടി നോക്കുകയും, വിദ്യാർത്ഥി അധ്യാപകരെ പ്രതിരോധ മനോഭാവത്തോടെ സമീപിക്കുകയും ചെയ്യുന്നിടത്ത് യഥാർത്ഥ ജ്ഞാനനിർമ്മിതി നടക്കുകയില്ല.
ഭയമുള്ള അധ്യാപകൻ ചോദ്യം ചോദിക്കുന്ന കുട്ടികളെയല്ല, പകരം യാന്ത്രികമായി അനുസരിക്കുന്ന കുട്ടികളെ മാത്രമേ ആഗ്രഹിക്കൂ. ഇത് സമൂഹത്തിന്റെ ജനാധിപത്യപരമായ വളർച്ചയെയും സ്വതന്ത്രചിന്തയെയും തളർത്തും. ചിന്താശേഷിയുള്ള ഒരു ഉപദേഷ്ടാവിന്റെ സാന്നിധ്യം മാത്രമാണ് വിദ്യാർത്ഥികളെ ഈ അനിശ്ചിതത്വത്തിൽ നിന്ന് കരകയറാൻ സഹായിക്കുന്നത്.

എന്തു ചെയ്യണം?

വിദ്യാലയങ്ങളിൽ നഷ്ടപ്പെട്ടുപോയ ജനാധിപത്യ അന്തരീക്ഷം പുനഃസ്ഥാപിക്കുകയാണ് പ്രശ്നപരിഹാരത്തിനുള്ള ആദ്യ പടി. മറ്റു ചില നിർദ്ദേശങ്ങൾ:

  • ഡിജിറ്റൽ സാക്ഷരത:

സർക്കാർ തലത്തിൽ അധ്യാപകർക്ക് നിർബന്ധിത AI-ഡിജിറ്റൽ സാക്ഷരതാ പരിശീലനം നൽകണം. സാങ്കേതികവിദ്യയെ പേടിക്കേണ്ട ഒന്നായല്ല, മറിച്ച് അധ്യാപനവും മൂല്യനിർണ്ണയവും എളുപ്പമാക്കാനുള്ള ഉപകരണമായി കാണാൻ അവരെ പ്രാപ്തരാക്കണം.

  • പഠനരീതിയിലെ മാറ്റം:

പ്രഭാഷണങ്ങൾ ഉപയോഗപ്രദമാണ്, പക്ഷേ അവ ഒരേയൊരു രീതിയാകരുത്. ചോദ്യം ചോദിക്കാനും ചർച്ച ചെയ്യാനും പര്യവേക്ഷണം ചെയ്യാനും വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കണം. ഉള്ളടക്കം നൽകുക മാത്രമല്ല, അർത്ഥവത്തായ പഠനാനുഭവങ്ങൾ രൂപകൽപ്പന ചെയ്യുക എന്നതാണ് അധ്യാപകരുടെ പങ്ക്. അടിസ്ഥാനതലത്തിൽ, വിദ്യാർത്ഥികൾ മൂന്ന് ലളിതമായ ചോദ്യങ്ങൾ ചോദിക്കാൻ പഠിക്കണം: എന്ത് പഠിക്കണം, എന്തുകൊണ്ട് പഠിക്കണം, എങ്ങനെ പഠിക്കണം.

  • മാനസിക പിന്തുണയും തൊഴിൽ സുരക്ഷയും:

അധ്യാപകരും വിദ്യാർത്ഥികളും നേരിടുന്ന കടുത്ത മാനസിക സമ്മർദ്ദങ്ങൾ പരിഹരിക്കാൻ സ്കൂളുകളിൽ പ്രൊഫഷണൽ സൈക്കോളജിക്കൽ കൗൺസിലിംഗ് ലഭ്യമാക്കണം. കരാർ നിയമനങ്ങൾ അവസാനിപ്പിച്ച് അധ്യാപകർക്ക് തൊഴിൽ സുരക്ഷ ഉറപ്പാക്കണം.

  • പി.ടി.എകളുടെ ജനാധിപത്യവൽക്കരണം:

പി.ടി.എ മീറ്റിംഗുകൾ കേവലം മാർക്കുകൾ വിലയിരുത്തുന്ന ഇടങ്ങളാകാതെ, വിദ്യാഭ്യാസം ഒരു വിപണി ഉൽപ്പന്നമല്ലെന്ന ബോധ്യത്തോടെ അധ്യാപകരും രക്ഷിതാക്കളും തമ്മിലുള്ള ആരോഗ്യകരമായ പങ്കാളിത്തവേദികളാക്കി മാറ്റണം.

  • മത്സരമല്ല, പങ്കാളിത്തം:

വിദ്യാഭ്യാസത്തിന്റെ ഭാവി അധ്യാപകരും സാങ്കേതികവിദ്യയും തമ്മിലുള്ള ഒരു മത്സരമല്ല; അതൊരു പങ്കാളിത്തമാണ്. കൃത്രിമബുദ്ധിക്ക് പതിവ് ജോലികൾ കൈകാര്യം ചെയ്യാനും വിവരങ്ങളിലേക്ക് വേഗത്തിൽ പ്രവേശനം നൽകാനും കഴിയും. ഇത് അധ്യാപകരെ മെന്ററിംഗ്, ഗൈഡിംഗ്, വിമർശനാത്മക ചിന്ത വികസിപ്പിക്കൽ എന്നിവയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അനുവദിക്കും. AI-യുമായി മത്സരിക്കുകയല്ല, മറിച്ച് അതിന് ചെയ്യാൻ കഴിയാത്ത മാനുഷികമായ ഇടപെടലുകൾ നടത്തുക എന്നതാണ് അധ്യാപകരുടെ വെല്ലുവിളി. ഈ മാറ്റവുമായി പൊരുത്തപ്പെടുന്ന അധ്യാപകർ കൂടുതൽ പ്രാധാന്യമുള്ളവരായി മാറും. അവർ പഠനത്തെ നയിക്കുകയും ചിന്തയെ രൂപപ്പെടുത്തുകയും അക്കാദമിക് സമഗ്രത ഉയർത്തിപ്പിടിക്കുകയും ചെയ്യും.

AI-യുമായി മത്സരിക്കുകയല്ല, മറിച്ച് അതിന് ചെയ്യാൻ കഴിയാത്ത മാനുഷികമായ ഇടപെടലുകൾ നടത്തുക എന്നതാണ് അധ്യാപകരുടെ വെല്ലുവിളി. ഈ മാറ്റവുമായി പൊരുത്തപ്പെടുന്ന അധ്യാപകർ കൂടുതൽ പ്രാധാന്യമുള്ളവരായി മാറും. (Representative image)
AI-യുമായി മത്സരിക്കുകയല്ല, മറിച്ച് അതിന് ചെയ്യാൻ കഴിയാത്ത മാനുഷികമായ ഇടപെടലുകൾ നടത്തുക എന്നതാണ് അധ്യാപകരുടെ വെല്ലുവിളി. ഈ മാറ്റവുമായി പൊരുത്തപ്പെടുന്ന അധ്യാപകർ കൂടുതൽ പ്രാധാന്യമുള്ളവരായി മാറും. (Representative image)

ഒരു സമൂഹത്തിന്റെ വിദ്യാഭ്യാസനിലവാരം അളക്കേണ്ടത് കുട്ടികൾ നേടുന്ന മാർക്കുകളുടെയോ റാങ്കുകളുടെയോ എണ്ണം നോക്കിയല്ല; മറിച്ച് അവിടുത്തെ അധ്യാപകർ എത്രത്തോളം സ്വാതന്ത്ര്യത്തോടെയും, ആത്മവിശ്വാസത്തോടെയും, സാങ്കേതിക മികവോടെയും ക്ലാസ് മുറികളിൽ നിൽക്കുന്നു എന്ന് നോക്കിയാണ്. പേടിക്കുന്ന അധ്യാപകൻ പേടിക്കുന്ന ഒരു തലമുറയെ മാത്രമേ സൃഷ്ടിക്കൂ.

ശ്രദ്ധാപൂർവ്വം വായിക്കുക, ആഴത്തിൽ ചിന്തിക്കുക, സ്വന്തം വാക്കുകളിൽ ആശയങ്ങൾ പ്രകടിപ്പിക്കുക എന്നിവ കുട്ടികളിൽ അത്യാവശ്യ ശീലങ്ങളായി വളർത്തണം. പഠനത്തിൽ കടലാസ്, പേന, തലച്ചോറ്, പുസ്തകങ്ങൾ തുടങ്ങിയ ലളിതമായ ഉപകരണങ്ങൾ എക്കാലത്തെയും പോലെ ഇന്നും പ്രസക്തമായി തുടരുന്നു.

മനുഷ്യ ഇടപെടലുകൾ തന്നെയാണ് പഠനത്തിന്റെ കേന്ദ്രബിന്ദു. ചിന്തനീയമായ ഒരു ചോദ്യം, നന്നായി സ്ഥാപിക്കപ്പെട്ട ഒരു വെല്ലുവിളി, അല്ലെങ്കിൽ ഏതാനും പ്രോത്സാഹജനകമായ വാക്കുകൾ-ഇവയ്ക്കേ ഒരു വിദ്യാർത്ഥി ചിന്തിക്കുന്ന രീതിയെ മാറ്റിമറിക്കാൻ കഴിയൂ. ഈ നിമിഷങ്ങൾ അധ്യാപകരുടെ അനുഭവത്തിൽ നിന്നും യഥാർത്ഥ ഇടപെടലിൽ നിന്നുമാണ് ഉണ്ടാകുന്നത്. അധ്യാപകർ ഇപ്പോൾ വിവരങ്ങളുടെ ഒരു ഉറവിടം മാത്രമല്ല, അച്ചടക്കമുള്ള ചിന്തയുടെ ശിൽപ്പിയാണ്. അവർ വിദ്യാർത്ഥികളെ ഉത്തരങ്ങൾ കണ്ടെത്താൻ മാത്രമല്ല, ഏതൊക്കെ ചോദ്യങ്ങൾക്കാണ് യഥാർത്ഥത്തിൽ പ്രാധാന്യമുള്ളതെന്ന് മനസ്സിലാക്കാനും സഹായിക്കുന്നു. ആ പ്രതീക്ഷയ്ക്ക് ആവശ്യമായ സുരക്ഷിതത്വവും ആദരവും സാങ്കേതിക പിന്തുണയും നൽകാൻ കഴിയുന്ന ഒരു സംസ്കാരം രൂപപ്പെടുത്തിയെടുക്കാൻ പൊതുസമൂഹം ഒന്നിച്ച് നിൽക്കേണ്ടതുണ്ട്.


Summary: Most teachers walk into classrooms not with intellectual enthusiasm or confidence; but with constant vigilance, defensiveness, and fear, Taj Mansoor T writes.


താജ്മൻസൂർ ടി.

റിട്ട. പ്രിൻസിപ്പൽ, WOHSS പിണങ്ങോട്, വയനാട്. മുൻ ഹയർ സെക്കണ്ടറി ജില്ലാ കോർഡിനേറ്റർ, വയനാട്. ’മഴ വന്നുപോയതും മരം നിന്നു പെയ്തതും‘ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments