പി.പി. ഷാനവാസ്​

ചരിത്രം തീരുമ്പോൾ
ഒരു കിളി പറന്നുപോകുന്നു

ബ്യൂറോക്രാറ്റുകളുടെയും ടെക്നോക്രാറ്റുകളുടെയും സൃഷ്ടിയെയാണ് വിദ്യാഭ്യാസം ലക്ഷ്യമിടുന്നത്. അങ്ങനെ ടെക്നോ- ഫ്യൂഡലിസമായി നമ്മുടെ കാലം മാറുന്നു. ഇത് ഉദ്യോഗസ്ഥ പ്രഭുത്വവും ടെക്‌നോളജിയും കൈകോർക്കുന്ന ഒരു വ്യവസ്ഥ നിലവിൽ വരുത്തുന്നു- പി.പി. ഷാനവാസ് എഴുതുന്നു.


‘‘പരമ്പരാഗത വിദ്യാഭ്യാസം ഒരു വരേണ്യവൃന്ദത്തിനുള്ളതായിരുന്നു (oligarchic). ഒരു പുതിയ ഭരണവർഗത്തെ വാർത്തെടുക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ളത്. അതേസമയം, അതിന്റെ അധ്യാപന രീതികൾ ഒലിഗാർകിക് ആണ് എന്നു പറയാൻ കഴിയില്ല. എങ്ങനെ ഭരിക്കണം എന്നല്ല പഠിപ്പിക്കുന്നത്. വിദ്യാഭ്യാസം വിദ്യാസമ്പന്നരായ ഒരു വിഭാഗത്തെ സൃഷ്ടിക്കുന്നു എന്ന നിലയിലുമല്ല. അത്തരം ഒരു സാമൂഹ്യസ്വഭാവവും മനോഭാവവും വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെ ആർജിക്കുന്നു എന്ന അർത്ഥത്തിലാണത് പ്രവർത്തനക്ഷമമായത്. പരമ്പരാഗതമായ ഒരു കർത്തവ്യം നിർവഹിക്കുന്നതോ; ഭരണമോ അല്ലെങ്കിൽ വ്യവസ്ഥയ്ക്ക് കീഴ്പ്പെടലോ എന്ന നിലയിലുള്ള സ്ഥാനനിർണ്ണയം ഉദ്ദേശിക്കുന്ന നിലയിലുള്ള ഒരു വിദ്യാഭ്യാസ സമ്പ്രദായം, ഓരോ സാമൂഹ്യവർഗ്ഗവും സൃഷ്ടിക്കുന്നു. ഈ നിലയിലാണ് അത് ഒലിഗാർകിക് ആകുന്നത്. ഈ സ്ഥിതി മറികടക്കണമെങ്കിൽ, തൊഴിലധിഷ്ഠിത സ്കൂളുകളുടെ വിവിധ രൂപങ്ങളെ വിന്യസിപ്പിക്കുകയും തരംതിരിക്കുകയുമല്ല ചെയ്യേണ്ടത്. പകരം വിദ്യാർത്ഥിയുടെ അവബോധ രൂപീകരണതലത്തിൽ ഏകാത്മകതയെ സൃഷ്ടിക്കുകയാണു വേണ്ടത്. അതായത് പ്രാഥമിക-ദ്വിതീയ തലത്തിലുള്ള പൊതു സ്കൂളുകളുടെ സ്ഥാപനം. ഇത് വിദ്യാർത്ഥിയെ തന്റെ സ്വന്തം ജോലി തെരഞ്ഞെടുക്കാൻ പ്രാപ്തമാക്കുന്നു. ചിന്തിക്കുകയും പഠിക്കുകയും ഭരണനേതൃത്വം വഹിക്കാൻ തയ്യാറാക്കുകയും ചെയ്യുന്ന വിദ്യാർത്ഥിയെ സൃഷ്ടിക്കുന്നു. അല്ലെങ്കിൽ ഭരിക്കുന്നവരെ നിയന്ത്രിക്കുന്നതിനുള്ള കഴിവ് നൽകുന്നു. (പ്രതിരോധ ചിന്തയുടെ ഒരു പ്രത്യശാസ്ത്രം കൈമുതലാക്കുന്നു.)

പരമ്പരാഗത സാമൂഹ്യ വ്യത്യാസങ്ങളെയും (വർഗ വിഭജനങ്ങളെയും), തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ വൈവിധ്യവൽക്കരണം മറികടക്കുന്ന പ്രവണതകൾ കാണിക്കുന്നുണ്ട്. ഈ വ്യത്യാസങ്ങൾക്കിടയിൽ നിലനിന്നുകൊണ്ടുതന്നെ, അത് ആന്തരികമായ വൈവിധ്യവൽക്കരണത്തിനും പ്രേരണ നൽകുന്നു. ജനാധിപത്യത്തിന്റെ പ്രവണത എന്ന ഒരു പ്രതീതി ഇതുളവാക്കുന്നുണ്ട്. തൊഴിലാളിക്ക് ഇതിലൂടെ ഒരു വിദഗ്ധ തൊഴിലാളിയാകാം. അതേസമയം, അവിദഗ്ധനായ ഒരു തൊഴിലാളിയെ വിദഗ്ധനാക്കുന്നു എന്നു മാത്രമല്ല ജനാധിപത്യം കൊണ്ടർത്ഥമാക്കുന്നത്. പൗരന് ഭരണപരമായ നേതൃത്വത്തിലേക്ക് വരാനും (ഭരണവ്യവഹാരത്തിൽ പങ്കാളിയാകാനുമുള്ള) സാധ്യത മുന്നോട്ട് വയ്ക്കുന്നു എന്നതാണ് അത് നിർദ്ദേശിക്കുന്നത്. ഒരു (സാമൂഹ്യ) പദവി നേടിയെടുക്കാൻ അങ്ങനെ പൊതുപശ്ചാത്തലമൊരുക്കുന്നു.

എന്നാൽ, ഈ പ്രതിവിധി ഉണ്ടാക്കുന്നതിനു പോലും ആധുനിക വിദ്യാഭ്യാസം പരാജയപ്പെടുകയാണ് എന്നു കാണാം. സാങ്കേതികമായ കഴിവുള്ള ഭരണതലത്തെ തെരഞ്ഞെടുക്കുന്നതിനുവേണ്ടി മാത്രമായി അത് സംഘടിപ്പിക്കപ്പെട്ട നിലയാണ് ഇന്നുള്ളത്. അത്തരം പാഠങ്ങളും "സാങ്കേതിക-രാഷ്ട്രീയ" തയ്യാറെടുപ്പും, നേടിയെടുക്കാനുള്ള വ്യക്തിഗത ദിശാബോധം നൽകുന്നതിനെ തടയപ്പെടുന്ന രാഷ്ട്രീയ സാഹചര്യത്തിലാണ്, അവ പ്രവർത്തിക്കുന്നത്. നിയമപരമായി നിജപ്പെടുത്തിയ, "രൂപീകൃതമായ എസ്റ്റേറ്റുകൾ" എന്ന വിഭജനത്തിലേക്കാണ്, അവ നയിക്കുന്നത്. വർഗ്ഗ വിഭജനത്തെ അതിവർത്തിക്കുന്ന ചലനദിശയല്ല അവയ്ക്കുള്ളത്. കുട്ടിയുടെ വിദ്യാഭ്യാസ പരിശീലനത്തിൽ തുടക്കം മുതലേ ദൃശ്യമാകുന്ന ഈ പ്രവണതയുടെ ശ്രദ്ധേയമായ പ്രതിഫലനമാണ്, തൊഴിലധിഷ്ഠിത സ്കൂളുകളുടെ വൈവിധ്യവൽക്കരണം കാണിക്കുന്നത്. അധ്യാപനത്തിലും വസ്തുനിഷ്ഠ വിവരങ്ങൾ പഠിപ്പിക്കുന്നതിലുമുള്ള ഒരു "ഡോഗ്മാറ്റിസ’’ത്തിലാണ് അധ്യാപന സമ്പ്രദായം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. മറുവശത്ത് ഈ "ഡോഗ്മാറ്റിസം" മതാത്മക ചിന്തയുടെ മണ്ഡലത്തിലും കൊണ്ടുവരുന്ന കാഴ്ചയാണുള്ളത്. അതുകൊണ്ടുതന്നെ, തത്വചിന്തയുടെ ചരിത്രം തന്നെ അസംബന്ധങ്ങളുടെയും മിഥ്യകളുടെയും ഈ ഒരു തുടർച്ചയായാണ് ഇന്നു കണക്കാക്കുന്നത്.

വിവരണാത്മകവും നിർവചനപരവുമായ തത്വചിന്ത ഒരുപക്ഷേ "ഡോഗ്മാറ്റിക് അബ്സ്ട്രാക്ഷൻ" ആകും. വ്യാകരണവും ഗണിതശാസ്ത്രവും പോലെ. എന്നാൽ അത് വിദ്യാഭ്യാസപരവും പ്രബോധനപരവുമായ അനിവാര്യതയാണ്. സാധാരണ യുക്തിയുടെ നിയമങ്ങളും ഇത്തരം കേവലവൽക്കരണങ്ങൾ തന്നെയാണ്. എന്നാൽ അവയും പഠിച്ചെടുക്കേണ്ടതുണ്ട്. കാരണം സാമാന്യ യുക്തിയും, അന്തർഹിതമായി ആദ്യമേ നിലനിൽക്കുന്ന ഒന്നല്ല. അത് പ്രവർത്തിയിലൂടെയും പ്രതിഫലനത്തിലൂടെയും ആർജിക്കേണ്ടതാണ്. അങ്ങനെയാണ് പ്രയോഗത്തിൽ അത് അന്തർഹിതമായി ഭവിക്കുന്നത്. സാമാന്യയുക്തി എന്നത് വ്യാകരണം പോലെയാണ്. അതൊരു ജീവിത രീതിയിലൂടെ സാംശീകരിക്കേണ്ടതാണ്, അതിന്റെ ശരിയായ പഠനം വ്യവസ്ഥാപിതവും കേവല രൂപത്തിലും ഉള്ളതാണെന്ന് വരികിലും. പഠിതാവ് നിശ്ചേഷ്ടമായ യാന്ത്രികമായ ഒരു സ്വീകർത്താവല്ല. ഒരു ഗ്രാമഫോൺ റെക്കോർഡല്ല. ഈ വിദ്യാഭ്യാസ രൂപങ്ങളും കുട്ടിയുടെ മനഃശാസ്ത്രവും തമ്മിലുള്ള ബന്ധം എല്ലായ്പ്പോഴും സജീവവും ക്രിയാത്മകവുമായ ഒന്നാണ്’’.
(അന്റോണിയോ ഗ്രാംഷി, വിദ്യാഭ്യാസത്തെപ്പറ്റി, പ്രിസൺ നോട്ട് ബുക്സ്).

അറിവിനെ അധികാരത്തിന്റെ അനുബന്ധമാക്കിക്കൊണ്ട്, അറിവ് ഒരു അധികാരപ്രയോഗമായി, കീഴടക്കലിന്റെ തന്ത്രമായി, മേൽക്കോയ്മയ്ക്കുള്ള ഉപാധിയായി പരിവർത്തനം ചെയ്യുന്നു.

ആധുനിക വിദ്യാഭ്യാസം ഇന്ത്യയിൽ കടന്നുവന്നത് മെക്കാളോ പ്രഭുവിന്റെ നയ ശുപാർശകളിലൂടെയാണ്. ബ്രിട്ടീഷ് വാഴ്ച്ചയ്ക്ക് അനുകൂലമായി, ഇന്ത്യൻ മണ്ണിനു യോജിച്ച ഒരു ഭരണവൃന്ദത്തെ രൂപീകരിച്ചെടുക്കുക എന്നതിന്റെ ഭാഗമായിരുന്നു അത്. ബ്യൂറോക്രാറ്റുകളുടെ സൃഷ്ടിയായിരുന്നു അതിന്റെ ലക്ഷ്യം. നിയോ കൊളോണിയലിസത്തിന്റെ കാലത്ത്, ബ്യൂറോക്രാറ്റുകളെയും ടെക്നോക്രാറ്റുകളുടെയും സൃഷ്ടിയെയാണ് വിദ്യാഭ്യാസം ലക്ഷ്യമിടുന്നത്. അങ്ങനെ ടെക്നോ- ഫ്യൂഡലിസമായി നമ്മുടെ കാലം മാറുന്നു. ഇത് ഉദ്യോഗസ്ഥ പ്രഭുത്വവും ടെക്‌നോളജിയും കൈകോർക്കുന്ന ഒരു വ്യവസ്ഥ നിലവിൽ വരുത്തുന്നു. ശാസ്ത്രവിദ്യാഭ്യാസം സാങ്കേതികവിദഗ്ധരെ നിർമ്മിക്കുന്നതിലേക്കു ചുരുങ്ങുന്നു. ശുദ്ധശാസ്ത്രത്തിനും അതിലെ ഗവേഷണത്തിനും ഭരണകൂട ഫണ്ട്‌ നിർത്തലാക്കപ്പെടുന്നു. അതുകൊണ്ടുതന്നെ, ആഗോളീകരണ വിദ്യാഭ്യാസ നയപരിപാടികളിൽ, തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിനും സാങ്കേതിക പരിജ്ഞാനത്തിനും പ്രാധാന്യം നൽകുന്നു. ഉപകരണാധിഷ്ഠിതമായ ഒരു യുക്തിചിന്ത വാഴുന്ന സമൂഹമായി നാം പതുക്കെ പരിവർത്തിക്കപ്പെട്ടതിന്റെ അടയാളങ്ങളാണ് ഇത്.

ആധുനിക വിദ്യാഭ്യാസം ഇന്ത്യയിൽ കടന്നുവന്നത് മെക്കാളോ പ്രഭുവിന്റെ നയ ശുപാർശകളിലൂടെയാണ്.
ആധുനിക വിദ്യാഭ്യാസം ഇന്ത്യയിൽ കടന്നുവന്നത് മെക്കാളോ പ്രഭുവിന്റെ നയ ശുപാർശകളിലൂടെയാണ്.

എല്ലാം പ്രയോജനാധിഷ്ഠിതമായി കാണുന്ന ഒരു യുക്തി, "യുക്തിയുടെ ഒരു യുഗത്തെ" നിർമ്മിക്കുന്നു. ധിഷണയുടെ സാധ്യതകൾ, കേവല യുക്തി ഭരിക്കുന്ന ഒരു ഇടവേളയായിത്തീർന്ന്, ചരിത്രം അതിന്റെ കരാള രൂപം കൈകൊണ്ടിരിക്കുന്നു. അറിവിനെ അധികാരത്തിന്റെ അനുബന്ധമാക്കിക്കൊണ്ട്, അറിവ് ഒരു അധികാരപ്രയോഗമായി, കീഴടക്കലിന്റെ തന്ത്രമായി, മേൽക്കോയ്മയ്ക്കുള്ള ഉപാധിയായി പരിവർത്തനം ചെയ്യുന്നു. വിമോചനത്തിന്റെയല്ല, പുതിയ അടിമത്തത്തിനും ഭരണകൂട ദാസ്യവേലയ്ക്കുമാണ് അതു മണ്ണൊരുക്കുന്നത്. ജ്ഞാനോദയം, അറിവിനെ ഒരു വിമോചനോപാധിയായി കണ്ടപ്പോൾ, സാങ്കേതിക വിപ്ലവം അറിവിനെ രാഷ്ട്ര നിർമ്മാണത്തിന്റെ ഫാഷിസ്റ്റുവൽക്കരണത്തിനാണ് തയ്യാറെടുപ്പിക്കുന്നത്. "കർതൃത്വത്തിന്റെ സൈനികവൽക്കരണമാണ്" അതിന്റെ പ്രത്യാഘാതം. സാങ്കേതിക വിദ്യാഭ്യാസത്തിനും തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിനും ഐ.ടി മേഖല വലിയൊരു ആവേഗം കൊണ്ടുവന്നിരിക്കുന്നു. ഈ പരിതോവസ്ഥയുടെ പ്രാഗ് രൂപങ്ങൾ തന്നെ, ഏകാധിപത്യത്തിനും ഫാഷിസ്റ്റ് ഭരണവാഴ്‌ച്ചക്കും സമഗ്രാധിപത്യത്തിനും വലയൊരുക്കുന്നു. ഈ പ്രവണതകളാകണം, "സാങ്കേതിക ഡോഗ്മാറ്റിസം" ഭരിക്കുന്ന വിദ്യാഭ്യാസ സമ്പ്രദായങ്ങളെയും പ്രവണതകളെയും പറ്റി ഗ്രാംഷി നൽകുന്ന സൂചനകൾ.

തത്വചിന്തയെ മതപുരാണങ്ങൾക്കും തിയോളജിക്കും കീഴ്‌പ്പെടുത്തിയിരിക്കും പോലെ, ചരിത്രത്തെ കെട്ടുകഥകൾക്കും ഐതിഹ്യങ്ങൾക്കും സാഹിത്യത്തിനും അടിയറവ് വെച്ചിരിക്കുന്നു.

വ്യാകരണവും ഭാഷയും തത്വചിന്തയും ചരിത്രവും പൗരന്റെ അവബോധ രൂപീകരണത്തിൽ വഹിക്കുന്ന പങ്കിനെ പാടെ നിരാകരിക്കുന്നു പുതിയ കരിക്കുലങ്ങൾ. എന്നുമാത്രമല്ല, ഐടിയുടെ വരവോടെ, അറിവ് കൂടുതൽ കൂടുതൽ, സാങ്കേതിക പരിജ്ഞാനവും തൊഴിൽ വൈദഗ്ധ്യവും നേടുന്ന സമ്പ്രദായമായിരിക്കുന്നു. "എന്തിനാണ് നമുക്ക് ഒരു അവബോധം? സാങ്കേതികവിദ്യാ പരിജ്ഞാനം കൊണ്ട് തൊഴിൽ ചെയ്തു ജീവിക്കാമല്ലോ’’ എന്ന ചിന്ത, ക്ലാസിക്കൽ വിദ്യാഭ്യാസ കരിക്കുലങ്ങളെ അട്ടിമറിച്ചിരിക്കുന്നു. കേരളത്തിൽ വിദ്യാലയങ്ങളിൽ ഡി പി ഇ പി സമ്പ്രദായം കൊണ്ടുവന്നതിലൂടെ തികച്ചും ഉപകരണാധിഷ്ഠിതവും പ്രോജക്ട് കേന്ദ്രീകൃതവുമായ വിദ്യാഭ്യാസമാണ് നടപ്പിൽ വരുത്തിയിരിക്കുന്നത്. വൈദഗ്ധ്യമുള്ള തൊഴിൽപ്പടയെ സൃഷ്ടിക്കുന്ന ഐ.ടി അധിഷ്ഠിത വിദ്യാഭ്യാസവും വ്യവസായവും എന്ന കാഴ്ചപ്പാട്. വിദ്യാഭ്യാസം സമ്പൂർണ്ണമായും സാങ്കേതികവൽക്കരിക്കപ്പെട്ടിരിക്കുന്നു എന്നർത്ഥം. പരമ്പരാഗത ഭാഷ, തത്വചിന്ത, ചരിത്രം, സാമൂഹ്യ ശാസ്ത്രം, കലാപരിശീലനം എന്നിവയിലെല്ലാം, ഗ്രാംഷി നിരീക്ഷിക്കും പോലെ, "ഡോഗ്മാറ്റിസത്തിന്റെ" ഘടകങ്ങൾ ആധിപത്യം വഹിക്കുന്നു. തത്വചിന്തയ്ക്കും ചരിത്രത്തിനും മേൽ, ഊഹങ്ങളും ഐതിഹ്യങ്ങളും പുരാണങ്ങളും മിത്തുകളും മേൽക്കൈ നേടുന്നു. സാമൂഹ്യശാസ്ത്ര മേഖലയെ മുഖ്യധാര അരികുവൽക്കരിച്ച്, സാങ്കേതിക പരിജ്ഞാനത്തിനും യന്ത്ര ശാസ്ത്രപഠനത്തിനും എൻജിനീയറിങിനും മെഡിക്കൽ സയൻസിന്റെ ഉപകരണവാദത്തിനും സമഗ്രാധിപത്യമുള്ള വിദ്യാഭ്യാസ കരിക്കുലം നടപ്പിൽ വരുത്തിയിരിക്കുന്നു. ഇതുവഴി തത്വചിന്തയും ചരിത്രവും മാനവിക വിഷയങ്ങളും രണ്ടാംതരം ആയപ്പോൾ, ആ മേഖലയിൽ അന്വേഷണം സ്തംഭിക്കുകയും, തത്വചിന്തയുടെയും ചരിത്രത്തിന്റെയും മേഖലകളിൽ "ഡോഗ്മാറ്റിസം" മേൽക്കൈ നേടുകയും ചെയ്തു. ഇത് സാങ്കേതികവിദ്യയിലൂടെ ഭരണകൂട സമഗ്രാധിപത്യത്തിന് പരിസരമൊരുക്കുന്ന പ്രത്യയ ശാസ്ത്ര മണ്ഡലം പ്രദാനം ചെയ്തു. ഫാസിസത്തിന്റെ അടിസ്ഥാനം സാങ്കേതികവിദ്യയുടെ ഈ കേവലവൽക്കരണവും ജഡിലോക്തികൾ ഉത്പാദിപ്പിക്കുന്ന "ഡോക്മാറ്റിസ"വുമാണ്. നിർഭാഗ്യകരമെന്നു പറയട്ടെ, ഭരണകൂട സംഘടനകൾ തന്നെ തത്വചിന്തയെയും ചരിത്രത്തെയും ഇകഴ്ത്തി അവതരിപ്പിക്കുന്ന നിലയാണ് എങ്ങും കാണുന്നത്.

ചരിത്ര പുരുഷന്മാർക്ക് പകരം വീരാരാധന എന്ന മധ്യകാല പ്രതിഭാസങ്ങൾ ഉടലെടുക്കുന്നത് ഈ സാഹചര്യത്തിലാണ്. തത്വചിന്തയെ മതപുരാണങ്ങൾക്കും തിയോളജിക്കും കീഴ്‌പ്പെടുത്തിയിരിക്കും പോലെ, ചരിത്രത്തെ കെട്ടുകഥകൾക്കും ഐതിഹ്യങ്ങൾക്കും സാഹിത്യത്തിനും അടിയറവ് വെച്ചിരിക്കുന്നു. സാങ്കേതിക പരിജ്ഞാനത്തിനും ആധുനിക വൈദ്യശാസ്ത്രത്തിനും പാശ്ചാത്യ എൻജിനീയറിങ്ങിനും പ്രാധാന്യം നൽകുന്ന വിദ്യാഭ്യാസ വ്യവസ്ഥിതി, തത്വചിന്തയെയും ചരിത്രത്തെയും മറ്റ് സാമൂഹ്യശാസ്ത്രങ്ങളെയും ഗൗരവമായെടുക്കാത്തതിനെ തുടർന്നുണ്ടായ പ്രതിസന്ധികളാണിത്. ഇതിന് ആഴമേറിയ പ്രതിഫലനങ്ങളും പ്രത്യാഘാതങ്ങളുമുണ്ട്. "ന്യൂറോട്ടിക്കായ" പൗരരെ വാർത്തെടുക്കുന്നതിലേക്കാണ് ഇതു നയിക്കുന്നത്. പാവ്ലോവിന്റെ നായയെപ്പോലെ, ചില നിശ്ചിത കരണ-പ്രതികരണങ്ങളിലൂടെ മാത്രം പ്രവർത്തിക്കുന്ന അടിമകളുടെ, സൈബർ അടിമകളുടെ ലോകത്തെയാണ് ഇതു ലക്ഷ്യം വെയ്ക്കുന്നത്. "ബിഹേവിയറൽ മനഃശാസ്ത്ര’’ത്തിന്റെ ഈ പ്രയോഗസാധ്യതകൾ മനുഷ്യനെ യന്ത്രമായി കണ്ട് പരിചരിക്കുകയും യന്ത്രങ്ങളുടെ കൂട്ടത്തിൽ ഒരു യന്ത്രമായി മനുഷ്യനെ പ്രവർത്തനക്ഷമമാക്കുകയും ചെയ്യുന്നു. ഈ മനുഷ്യന് ആശയങ്ങളും പ്രത്യയങ്ങളും പ്രത്യയശാസ്ത്രം പോലും പ്രദാനം ചെയ്യുന്നത് "അൽഗൊരിതം ലോജിക്കി’’ന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഒരു സൈബർ വ്യവസ്ഥയാണെന്നു വരുന്നു. കൃത്രിമ ബുദ്ധിയും റോബോട്ടുകളും യന്ത്രങ്ങളും മനുഷ്യന്റെ തീരുമാനങ്ങളും പ്രശ്നങ്ങളുടെ വിശകലനങ്ങളും നടത്തുന്ന, ഒരു "നിയോ നാസി സൈനിക വൃന്ദ’’മായി സമൂഹം പതുക്കെ ക്രമപ്പെടുകയാണ് ഇതിന്റെ ഫലം.

പാവ്ലോവിന്റെ നായയെപ്പോലെ, ചില നിശ്ചിത കരണ-പ്രതികരണങ്ങളിലൂടെ മാത്രം പ്രവർത്തിക്കുന്ന അടിമകളുടെ, സൈബർ അടിമകളുടെ ലോകത്തെയാണ് ഇതു ലക്ഷ്യം വെയ്ക്കുന്നത്.
പാവ്ലോവിന്റെ നായയെപ്പോലെ, ചില നിശ്ചിത കരണ-പ്രതികരണങ്ങളിലൂടെ മാത്രം പ്രവർത്തിക്കുന്ന അടിമകളുടെ, സൈബർ അടിമകളുടെ ലോകത്തെയാണ് ഇതു ലക്ഷ്യം വെയ്ക്കുന്നത്.

ഒരു നിശ്ചിത പ്ലാനിൽ പ്രവർത്തിക്കുന്ന, ചോദനയുടെയും ഡിമാന്റിന്റെയും സാമ്പത്തിക വ്യവസ്ഥയിൽ ചലിക്കുന്ന, ചിന്താശൂന്യമായ ശരീരമായി സമൂഹം മാറുമ്പോൾ, അവിടെ കവിത, സാഹിത്യം, സർഗ്ഗാത്മകത, ചരിത്രം, തത്വചിന്ത, ഭാഷ, വ്യാകരണം തുടങ്ങിയ സാമൂഹ്യശാസ്ത്ര ഗണങ്ങളുടെ "അവബോധ പരിസരങ്ങൾ" അസ്തമിക്കുകയും, നിശ്ചിത ലക്ഷ്യത്തിലേക്ക് ചലിക്കുന്ന സമൂഹഗാത്രമായി മനുഷ്യരാശി അതിന്റെ ദുരന്തപൂർണമായ അന്ത്യം കാത്തു കഴിയുകയും ചെയ്യുന്ന സ്ഥിതി. സാമൂഹ്യഘടനയുടെ സ്വയം പൂർണ്ണ ശരീരത്തെ റിപ്പയർ ചെയ്യുന്ന ജോലിയായി എൻജിനീയറിങ്ങും വൈദ്യശാസ്ത്രവും കൂലി അടിമ ജോലി നിർവഹിക്കുന്ന വ്യവഹാരങ്ങളായിത്തീരുന്നു. ഇവിടെ കലാപ്രവർത്തനം പോലും അതിന്റെ ക്രിയേറ്റിവിറ്റിയെ യന്ത്രങ്ങളുടെ തെരഞ്ഞെടുപ്പിനും തീരുമാനങ്ങൾക്കും സമർപ്പിക്കുന്നു. സ്വാഭാവികമായും ചരിത്രം എന്ന ഗണം ഇവിടെ അപ്രത്യക്ഷമാവുന്നു. സമൂഹം ഒരർത്ഥത്തിൽ ഫിനോമിനോളജിക്കൽ ആയിത്തീരുന്നു. പ്രതിഭാസങ്ങളുടെയും വ്യവഹാരങ്ങളുടെയും പരസ്പര ബന്ധമൊന്നുമില്ലാത്ത ഒരാകത്തുകയായി സമൂഹം മാറുമ്പോൾ, അതിന്, ചരിത്രത്തിന്റെ "അനലോഗിക്കായ" ഒരു തുടർച്ചയെ സംബന്ധിച്ച അവബോധം ആവശ്യമില്ലാതായിത്തീരുന്നു.

ചരിത്രം എല്ലായ്പ്പോഴും രാഷ്ട്രീയവും അധികാരവും ഭരണകൂടവുമായി ബന്ധപ്പെട്ട ഒരു "പാഠ നിർമ്മി"തിയാണ്. സാഹിത്യവും തത്വചിന്തയും അങ്ങനെ തന്നെ. ഉപരിഘടനാ (superstructural) സംബന്ധിമായ ഒരു സ്വതന്ത്ര്യത്തിലൂടെ അവ നൈരന്തര്യം സൂക്ഷിക്കുന്നു എന്നു വരികിലും, ആത്യന്തികമായി വർത്തമാനവുമായി ബന്ധപ്പെട്ടാണ് ചരിത്രവും തത്വചിന്തയും വിന്യസിക്കുകയും വികസിക്കുകയും നിർമ്മിക്കപ്പെടുകയും ചെയ്യുന്നത്. സാമൂഹ്യ നിയമങ്ങളെ യുക്തികൊണ്ട് വിശകലനം ചെയ്യുന്ന ഒരു പരിപ്രേക്ഷ്യത്തിന്റെ മുന്നോടിയാണ് ചരിത്രം. വർത്തമാനവുമായുള്ള ബന്ധമാണ് ചരിത്രത്തെ പ്രസക്തമാക്കുന്നത്. അതിലൂടെയാണ് ചരിത്രം സാമൂഹികമായ പ്രവർത്തനക്ഷമത കൈവരിക്കുന്നത്. നിലനിൽപ്പിനെ നിർവചിക്കുകയും യുക്തിസഹമാക്കുകയും ചെയ്യുന്ന ധിഷണയുടെ ഒരു പ്രവർത്തനമാണത്. മനുഷ്യനെ, ന്യൂറോണുകളുടെയും കോശ വ്യവസ്ഥകളുടെയും ഒരു ആകെത്തുകയായി മാത്രം കാണുമ്പോൾ, ബോധം, അവബോധം എന്നിവ പുറത്തുനിന്നു വന്നുചേരുന്ന ഒന്നായാണ് കണക്കാക്കപ്പെടുക. ഭൗതികാർത്ഥത്തിൽ, "സാമൂഹികമായ ചുറ്റുപാടുകളാണ് ബോധത്തെ നിർണയിക്കുന്നത്" എന്നർത്ഥത്തിലും ഇതു ശരിയാണെന്നു വരുന്നു.

തത്വചിന്തയെ മതങ്ങളുടെ മൃതതത്വങ്ങൾ (dogma) കയ്യാളുന്നു. ചരിത്രത്തെ ഐതിഹ്യങ്ങളും കെട്ടുകഥകളും. ഇത്തരമൊരു ഇല്യൂഷണറി ലോകത്തേക്ക്, അല്ലെങ്കിൽ തലത്തിലേക്ക് മനുഷ്യൻ മാറുന്നു.

ദേശീയതയെയും അത് സാധ്യമാക്കുന്ന മനുഷ്യന്റെ രാഷ്ട്രീയമായ നിലനിൽപ്പിന്റെയും അനിവാര്യത ഇല്ലാത്ത ഒരു സമൂഹത്തേയും, സാങ്കേതികവിദ്യാ പരിജ്ഞാനത്തിലും തൊഴിൽ കർതൃത്വത്തിലൂന്നിയ മനുഷ്യനെയും, വിദ്യാഭ്യാസം വിഭാവനം ചെയ്യുമ്പോൾ, അത് മനുഷ്യനെ ഒരു സാമ്പത്തിക വ്യവസ്ഥയുടെ ഉപകരണങ്ങൾ എന്ന നിലയിലേ പരിഗണിക്കുന്നുള്ളൂ എന്നു വരുന്നു. അവിടെ പൗരർക്ക് രാഷ്ട്രീയമോ പ്രത്യയശാസ്ത്രമോ ചരിത്രമോ ആവശ്യമില്ല. ചിന്താസ്വരൂപങ്ങൾ ഇവിടെ അസ്തമിക്കുന്നു. തത്വചിന്ത മനുഷ്യരാശിയുടെ ഒരു ബാധ്യതയായിത്തീരുന്നു. തത്വചിന്ത മതത്തിന്റെയും തിയോളജിയുടെയും മധ്യകാലത്തേക്കു മടങ്ങുന്നു. എളുപ്പം ദഹിക്കുന്നതിനേയും ഉപരിപ്ലവമായതിനെയും, വർത്തമാനത്തിൽ കാലൂന്നി പ്രയോജനപരമാകുന്നതിനെയും മാത്രം ശരിയായി എണ്ണുന്നു. തത്വചിന്തയെ മതങ്ങളുടെ മൃതതത്വങ്ങൾ (dogma) കയ്യാളുന്നു. ചരിത്രത്തെ ഐതിഹ്യങ്ങളും കെട്ടുകഥകളും. ഇത്തരമൊരു ഇല്യൂഷണറി ലോകത്തേക്ക്, അല്ലെങ്കിൽ തലത്തിലേക്ക് മനുഷ്യൻ മാറുന്നു. സ്വപ്നലോകത്തിലെ ബാലഭാസ്കരന്മാരായി നമ്മുടെ യൗവനം പരിണമിക്കുന്നു. ഒരു സമൂഹം ഫാഷിസ്റ്റ് വാഴ്ചയ്ക്ക് സമ്മതം (consent) നൽകാൻ ഇതിലപ്പുറം മറ്റെന്തു വേണം?

ചരിത്ര പഠനം തന്നെ സിലബസുകളിൽ നിന്ന് അപ്രത്യക്ഷമാകുന്നു. ചരിത്രത്തിൽ നിന്ന് ചരിത്രം ഡിലീറ്റ് ചെയ്യപ്പെടുന്നു. ചരിത്രം കേവല ദൈനദിന, നൈമിത്തിക വർത്തമാനാവശ്യങ്ങളിൽ നിന്നുള്ള ഒരു നിർമ്മിതിയാകുമ്പോൾ, അതിന് അതിന്റെ ശാസ്ത്രീയ യുക്തിപഥം നഷ്ടപ്പെടുമ്പോൾ, അത് സങ്കുചിത രാഷ്ട്രീയ ആവശ്യങ്ങളിലേക്ക് വെട്ടിച്ചുരുക്കപ്പെടുന്നു. ദേശീയതയുടെ ദീർഘകാലഭാവി പോലും അവിടെ പരിഗണിക്കപ്പെടുന്നില്ല. എല്ലാം താൽക്കാലികാവശ്യങ്ങക്കനുസരിച്ചുള്ള "ആർക്കിടെക്ച്ചർ നിർമ്മിതി’’യാകുന്നു. മുഗൾ ഭരണകാലവും സ്വാതന്ത്ര്യ സമരത്തിന്റെ ദേശീയ ചരിത്രവും മായ്ച്ചുകളയുകയും വക്രീകരിക്കപ്പെടുകയും ചെയ്യുമ്പോൾ, ഒരു ദേശീയതയ്ക്കുള്ളിലെ ജനങ്ങളുടെ സ്ഥല-കാല ബോധങ്ങൾ തന്നെയാണ് അട്ടിമറിക്കപ്പെടുന്നത്. സ്ഥല-കാലങ്ങളെ ഇങ്ങനെ ഫന്റാസ്മിക്കായ (fantasmic) ഒരു കെട്ടുകഥയുടെ സ്പേസിലേക്ക് മാറ്റുമ്പോൾ, യാഥാർത്ഥ്യങ്ങൾ അറിയാനുള്ള മനുഷ്യന്റെ ജിജ്ഞാസയെ തന്നെ ഇല്ലാതാക്കുകയാണ് ഫലം.

കേരളത്തിൽ വിദ്യാലയങ്ങളിൽ ഡി പി ഇ പി സമ്പ്രദായം കൊണ്ടുവന്നതിലൂടെ തികച്ചും ഉപകരണാധിഷ്ഠിതവും പ്രോജക്ട് കേന്ദ്രീകൃതവുമായ വിദ്യാഭ്യാസമാണ് നടപ്പിൽ വരുത്തിയിരിക്കുന്നത്.
കേരളത്തിൽ വിദ്യാലയങ്ങളിൽ ഡി പി ഇ പി സമ്പ്രദായം കൊണ്ടുവന്നതിലൂടെ തികച്ചും ഉപകരണാധിഷ്ഠിതവും പ്രോജക്ട് കേന്ദ്രീകൃതവുമായ വിദ്യാഭ്യാസമാണ് നടപ്പിൽ വരുത്തിയിരിക്കുന്നത്.

ഇങ്ങനെ ചരിത്രം നൽകുന്ന സ്ഥല- കാലങ്ങളെ സംബന്ധിച്ച അവബോധത്തെ, അതിന്റെ ലഭ്യമായ ശാസ്ത്രീയ യുക്തിയുടെ വിശകലന സ്ഥലികളിൽ നിന്നും അടർത്തിമാറ്റുമ്പോൾ, മതങ്ങളുടെ മൃതതത്വത്തിന്റെ ചരിത്രരഹിതവും "സനാതനവുമായ" സൈബർസ്പേസിൽ അവയ്ക്ക് അതിർത്തി രേഖകൾ നഷ്ടപ്പെടുന്നു. നമ്മുടെ ദേശീയതയെ സംബന്ധിച്ച സ്ഥല- കാല ബോധങ്ങൾ തന്നെയാണ് ഇവിടെ നാശോന്മുഖമാകുന്നത്. ആ നിലയിൽ രാഷ്ട്രവും രാഷ്ട്രീയവും വേരുകൾ നഷ്ടപ്പെട്ട ആകാശകുസുമങ്ങളായിത്തീരുന്നു. ദേശീയതയെ സംബന്ധിച്ച ഒരു ജനതയുടെ ചരിത്രബോധവും തത്വവും ധർമ്മചിന്തയും അട്ടിമറിക്കപ്പെടുമ്പോൾ, ചരിത്രം നഷ്ടപ്പെട്ട ഒരവ്യവസ്ഥിത (amorphous) ഗണമായി, ആൾക്കൂട്ടമായി, ന്യൂറോ- സൈക്കിക്കായ ഒരു നാടകത്തിലെ നടീനടന്മാരായി നാം മാറുന്നു. ചരിത്രത്തിന്റെ ഈ നഷ്ടമാണ് നാമിന്ന് പലവിധത്തിൽ നേരിടുന്നത്.

മനുഷ്യരുടെ, ദേശീയ പൗരർ എന്നുള്ള അവബോധവും അവകാശവും ഇവിടെ ദേശാതിർത്തികളും മനോഭൂമികകളും നഷ്ടപ്പെട്ട് അവ്യവസ്ഥമായിത്തീരുന്നു. കർതൃത്വത്തിന് അതിന്റെ അരികുകളും മുഖഛായയും (contour) നഷ്ടപ്പെടുന്നു. ചുറ്റുപാടുകളിൽ നിന്നും കാലബോധത്തിൽ നിന്നും വെട്ടിമാറ്റപ്പെട്ട ഒരു കൃത്രിമ ജീവിയായി മനുഷ്യർ മാറുന്നു. മായികമായ ഒരു ലോകത്തിൽ, എവിടെയോ വെച്ച് നിയന്ത്രിക്കപ്പെടുന്ന ഒരാൾക്കൂട്ടമായി നമ്മുടെ ജീവിതചര്യകൾ മാറിപ്പോകുന്നു. അഭയാർത്ഥികളും ആൾക്കൂട്ടങ്ങളുമായി, കുറ്റവാളികളും കുടിയൊഴിപ്പിക്കപ്പെട്ടവരുമായി, തിരസ്കൃതരും ദേശമില്ലാത്തവരുമായി നാം ഒരു "പലസ്തീൻ ജീവിതം" ആടുന്നു എന്നു പറയാം.

Comments