വിദ്യാഭ്യാസം വെറും അഭ്യാസവും ശിക്ഷണം വെറും ശിക്ഷയുമായി മാറിക്കൊണ്ടിരിക്കുന്ന സ്ഥിതിയാണ് കേരളത്തിലെ ഹയർ സെക്കണ്ടറി വകുപ്പിലുള്ളതെന്നാണ് വകുപ്പിന്റെ ചില സമീപകാല ചെയ്തികൾ സാക്ഷ്യപ്പെടുത്തുന്നത്. പരീക്ഷാ നടത്തിപ്പിൽ വന്ന അപാകതകളെക്കുറിച്ച് കഴിഞ്ഞ വർഷം വലിയ വിവാദമുണ്ടായതാണ് ‘ഫോക്കസ് ഏരിയ', ‘നോൺ ഫോക്കസ് ഏരിയ' എന്നൊക്കെ വേർതിരിച്ച് ചോദ്യമുണ്ടാക്കിയതിലൂടെ. ഇക്കൊല്ലം ചോദ്യക്കടലാസ് ചുവപ്പക്ഷരത്തിൽ അച്ചടിച്ച് കാഴ്ചക്ക് പ്രശ്‌നമുള്ള കുട്ടികൾക്ക് വിഷമം സൃഷ്ടിച്ചതും വിവാദമായി. ഇതുരണ്ടും കുട്ടികളെ നേരിട്ട് ബാധിച്ച വിഷമങ്ങളായിരുന്നെങ്കിൽ ഏറ്റവുമൊടുവിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത് ഇംഗ്ലീഷ് അദ്ധ്യാപകരെ നേരിട്ട് ബാധിക്കുന്ന പ്രശ്‌നമാണ്.
ഇംഗ്ലീഷ് പഠിപ്പിക്കുന്ന 67 ജൂനിയർ അധ്യാപകരെ പിരിച്ചുവിട്ടുകൊണ്ടുള്ള ഒരുത്തരവ് പൊതു വിദ്യാഭ്യാസ വകുപ്പ് ഇറക്കിയിരിക്കയാണ്. (ഉത്തരവ് നമ്പർ എഡിബി 4/ 194397/2021/ഡി.ജി.ഇ dt 31-3-2023. 7 മുതൽ 14 വരെ പീരീഡ് വർക്ക് ലോഡില്ലാത്ത സൂപ്പർ ന്യൂമററി തസ്തികകളിൽ ജോലി ചെയ്യുന്ന അദ്ധ്യാപകരെ 1958ലെ I KSR ഭാഗം 11 ചട്ടം 7 പ്രകാരം പിരിച്ചുവിടുന്ന ഉത്തരവ് )[PDF]. അർഹമായ യോഗ്യതകൾ നേടി മത്സരപരീക്ഷകളിൽ വിജയിച്ച് പി. എസ്. സി തിരഞ്ഞെടുത്ത് 2021 മുതൽ ജോലിയിൽ പ്രവേശിച്ചവരും സേവനം റെഗുലറൈസ് ചെയ്യപ്പെട്ടവരുമായ അദ്ധ്യാപകരെയാണ് 2022-23 സാമ്പത്തിക വർഷത്തിന്റെ അവസാന ദിവസമായ 2023 മാർച്ച് 31ന് ഇറക്കിയ ഈ ഉത്തരവിലൂടെ സ്ഥാനഭ്രഷ്ടരാക്കിയിരിക്കുന്നത്.
ഇതിന് രണ്ടു ദിവസം മുമ്പാണ്, അതായത് മാർച്ച് 29 നാണ് ഈ അദ്ധ്യാപകരെ മുഴുവൻ നിലവിലുള്ള സ്‌കൂളുകളിൽ നിന്ന് സ്ഥലംമാറ്റി മറ്റു ചില സ്‌കൂളുകളിൽ പോയി 31 നുതന്നെ ചേരാനുള്ള സ്ഥലംമാറ്റ ഉത്തരവ് വന്നത് (മതിയായ വർക്ക് ലോഡുള്ള സ്‌കൂളുകളിലേക്ക് സീനിയർ ഹാൻഡ്‌സ് ആയ അധ്യാപകരെ മാറ്റി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് എഡിബി 4/23619/2022/ ഡി.ജി.ഇ.dt 28/0 3/2023)[PDF]. ഇതിനുമുമ്പ് ഈ ചേരേണ്ട സ്ഥലത്തുള്ള ജൂനിയർ അധ്യാപക പോസ്റ്റുകൾ സൂപ്പർ ന്യൂമററിയായി അവർ പ്രഖ്യാപിച്ചിരുന്നു. പരീക്ഷാ ഡ്യൂട്ടിക്കിടയിലായിട്ടുപോലും ഏറെ ബുദ്ധിമുട്ടു സഹിച്ച് അവസാന അദ്ധ്യയന ദിവസമായ 31 നുതന്നെ, മാറ്റിയ സ്ഥലത്ത് ഹാജരായി ജോയിൻ ചെയ്യാനുള്ള ബാധ്യത തിരുവനന്തപുരം മുതൽ മഞ്ചേശ്വരം വരെയുള്ള, തലങ്ങും വിലങ്ങും മാറ്റപ്പെട്ട, എല്ലാ ബന്ധപ്പെട്ട അദ്ധ്യാപകർക്കും വന്നു ചേർന്നു. ഉറക്കമൊഴിച്ച് യാത്ര ചെയ്തും സ്‌പെഷൽ വാഹനങ്ങളെടുത്തും അവർ എങ്ങിനെയൊക്കെയോ പുതിയ സ്ഥലത്തെത്തി ജോലിക്ക് ചേർന്നു. അതേ ദിവസം വൈകുന്നേരമാണ് സൂപ്പർ ന്യൂമററി തസ്തികകൾ (അതായത് അവർ അന്നു രാവിലെ പുതുതായി ചേർന്ന തസ്തികകൾ) മുഴുവൻ റദ്ദാക്കിയും, അധ്യാപകരെ പിരിച്ചുവിട്ടുമുള്ള ഉത്തരവ് അവിചാരിതമായി ഷോക്കേല്പിക്കുന്ന ആഘാതമായി അവരുടെ മേൽ പതിക്കുന്നത്.
മാത്രമല്ല, പിരിച്ചുവിടൽ വരെയുള്ള നടപടികളുടെ അതിവേഗം തന്നെ അമ്പരപ്പിക്കുന്ന ഒന്നാണ്. വേണമെങ്കിൽ വകുപ്പ് എത്ര വേഗത്തിലും ‘കാര്യക്ഷമ’മായും ചലിക്കും എന്നതിന്റെ ദൃഷ്ടാന്തം:
- HSST ഇംഗ്ലീഷ് (ജൂനിയർ) അധ്യാപക നിയമനം 2021 ൽ ( പി.എസ്.സി ലിസ്റ്റ് പ്രകാരം).
- 110 സ്‌കൂളുകളിൽ ഇംഗ്ലീഷ് അധ്യാപക തസ്തികകൾ സൂപ്പർ ന്യൂമററിയായി പ്രഖ്യാപിക്കുന്ന HSE ഉത്തരവ് - 2023 മാർച്ച് 2.
- അധ്യാപകരെ മതിയായ വർക്ക് ലോഡുള്ള സ്‌കൂളുകളിലേക്ക് സ്ഥലം മാറ്റി നിയമിക്കുന്ന DGE ഉത്തരവ് - 2023 മാർച്ച് 28ന് വൈകുന്നേരം.
- 67 അധ്യാപരെ ഒഴിവില്ലാത്തതിനാൽ പിരിച്ചുവിടുന്ന DGE ഉത്തരവ് - 2023 മാർച്ച് 31 ( ലാസ്റ്റ് വർക്കിങ്ങ് ദിവസം)വൈകുന്നേരം.
(ഈ ഉത്തരവുകളുടെ കോപ്പി വെബ്‌സൈറ്റിലുണ്ട്.)
നാടകീയ സ്ഥലം മാറ്റം, പിന്നെ പിരിച്ചുവിടൽ
ജോലിഭാരത്തിന്റെ കാര്യത്തിൽ ഓരോ അധ്യാപകർ കൈകാര്യം ചെയ്യേണ്ട മിനിമം പീരിയഡുകളുടെ എണ്ണം ഏഴായി മാനദണ്ഡം പുതുക്കി നിശ്ചയിച്ചതിന്റെ അടിസ്ഥാനത്തിലാണ് നിർദ്ദിഷ്ട ഒഴിവുകളെക്കാൾ എണ്ണത്തിൽ കൂടുതൽ അധ്യാപകർ വന്നതത്രെ. വിചിത്രമായ സംഗതി, ഒഴിവുകളുടെ എണ്ണം കണക്കാക്കിയത് നിയമനം നടത്തിയതിനുശേഷമാണ് എന്നതാണ്. (സൂപ്പർ ന്യൂമററി തസ്തികകൾ നിലനില്ക്കുന്ന സ്‌കൂളുകൾ പ്രഖ്യാപിച്ച് ഉത്തരവു വന്നത് മാർച്ച് രണ്ടിനാണ്. എച്ച്.എസ്.ഇ/193497/23/എ ഡി.ബി 4 dt O2/03/2023). ഏതായാലും, പിരിച്ചുവിടപ്പെട്ട അധ്യാപകർ ഒരു തരത്തിലും ഇതിന് ഉത്തരവാദികളല്ല എന്ന് വ്യക്തമാണ്. ഉദ്യോഗാർത്ഥികൾക്ക് കഷ്ടപ്പെട്ടു പഠിച്ച് മത്സരപ്പരീക്ഷകളുടെ കടമ്പകൾ കടന്ന്, കോവിഡ് കാലത്തെ നിയമന നിരോധ കാലവും പിന്നിട്ടാണ് നിയമനം ലഭിച്ചത്. പിന്നീട് അവരെ ചട്ടപ്രകാരം റഗുലറൈസ് ചെയ്തിട്ടുമുണ്ട്. അവരെ റിക്രൂട്ട് ചെയ്തത് സൂപ്പർ ന്യൂമററി ഒഴിവുകളിലേക്കല്ല താനും. തന്നെയുമല്ല, ഇവരെല്ലാം ജോലി ചെയ്ത സ്‌കൂളുകളിൽ പിടിപ്പത് ജോലി ഭാരം അവർക്കുണ്ടായിരുന്നു എന്നാണറിവ്. പിന്നെന്തിനാണ് അസാമാന്യമായ ധൃതി പിടിച്ചുള്ള നാടകീയമായ ഈ സ്ഥലം മാറ്റവും പിരിച്ചുവിടലും?
എയിഡഡ് സ്ഥാപനങ്ങളിൽ പ്രത്യേകിച്ച് എൽ.പി, യു.പി., ഹൈസ്‌കൂൾ വിഭാഗങ്ങളിൽ മുമ്പ് ഇതേപോലെ സൂപ്പർ ന്യൂമററി അധ്യാപകർ ഉണ്ടായപ്പോൾ അവരെയെല്ലാം പെൻഷൻകാലം വരെയും സംരക്ഷിക്കാനാണ് ഡിപ്പാർട്ട്‌മെൻറ് ഉത്തരവുകളിറക്കിയിരുന്നത്; പിരിച്ചുവിടാനല്ല. സ്വകാര്യ മാനേജ്‌മെന്റുകൾ ലക്ഷങ്ങൾ കോഴ വാങ്ങി നിയമിച്ച അധ്യാപകർ പോലും ഇങ്ങനെ സംരക്ഷിക്കപ്പെടുകയും സർക്കാർ മേഖലയിലേക്ക് അവരെ പുനരധിവസിപ്പിച്ച് ഒഴിവുകൾ നികത്തുകയും ചെയ്ത ചരിത്രം കേരളത്തിനുണ്ട്.
ഹയർ സെക്കണ്ടറികളിലായാലും എയ്ഡഡ് സ്‌കൂളുകളിൽ ഏഴു പീര്യഡുകളിൽ താഴെ ജോലിയുള്ള ജൂനിയർമാർ ഇപ്പോഴും പ്രതിബന്ധമേതുമില്ലാതെ തുടരുന്നുമുണ്ടത്രെ. ഈ കീഴ്വഴക്കമുണ്ടായിരിക്കെ, ഇപ്പോളെന്തിനാണ് നിയമപരമായി സാധുവായ മാർഗ്ഗങ്ങളിലൂടെ ജോലിയിൽ പ്രവേശിച്ച് സർക്കാർ വിദ്യാലയങ്ങളിൽ പഠിപ്പിച്ചുപോന്ന ജൂനിയർ അധ്യാപകരെ മാത്രം പിരിച്ചുവിടാൻ ഉത്തരവിറക്കിയത്? ദീർഘകാലത്തെ കാത്തിരിപ്പിന് ശേഷം പി.എസ്.സി വഴി കിട്ടിയ നിയമനം ഇങ്ങനെ റദ്ദായിപ്പോയാൽ പ്രായക്കൂടുതൽ കാരണം മത്സരപ്പരീക്ഷകളെഴുതാൻ ഇക്കൂട്ടത്തിൽ മിക്കവർക്കും ഇനി അവസരമുണ്ടാവില്ല എന്നത് ഗുരുതര പ്രശ്‌നമാണ്.
ശമ്പളം, സർവീസ് തുടർച്ച; ചോദ്യങ്ങൾ ബാക്കി
അധ്യാപകരുടെ അവകാശങ്ങളോ വ്യക്തികൾ എന്ന നിലയിലുള്ള അവരുടെ കേവലമായ അഭിമാനമോ അന്തസ്സോ ഒന്നും മാനിക്കാത്ത ഹീനമായ ഒരു നടപടിയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഇപ്പോൾ സ്വീകരിച്ചിട്ടുള്ളത്. ആറ്റു നോറ്റിരുന്ന് ജോലി ലഭിച്ച് പലതരത്തിലുള്ള പ്രയാസങ്ങളെയും മറികടക്കാൻ ശ്രമിക്കുന്ന ചെറുപ്പക്കാരാണ് ജോലിയിൽ രണ്ട് വർഷം പോലും പൂർത്തിയാക്കുന്നതിനുമുമ്പ് നിഷ്‌കരുണം പുറത്താക്കപ്പെടുന്നത്. ഇത് അവർക്ക് സൃഷ്ടിക്കുന്ന കടുത്ത മാനസികാഘാതവും സാമ്പത്തിക പ്രയാസങ്ങളും എത്രയായിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പിലെ ‘മാടമ്പി’കൾക്ക് വല്ല നിശ്ചയവുമുണ്ടോ?
ഇത്രയധികം ആളുകളെ പിരിച്ചുവിട്ട്, തുടർന്ന് ക്ലാസ് നടത്താൻ വേണമെങ്കിൽ ഗസ്റ്റ് ടീച്ചർമാരെ റിക്രൂട്ട് ചെയ്യുന്നതിൽ വകുപ്പിന് വിരോധമില്ല. ഗസ്റ്റ് ടീച്ചർമാർ കഴിഞ്ഞ വർഷവും ഉണ്ടായിരുന്നു. സ്ഥിരനിയമനം ലഭിച്ചവരെ ഒഴിവാക്കി അവിടെ ഗസ്റ്റുകളെ കുടിയിരുത്താൻ ശ്രമിക്കുന്നതിന്റെ പിന്നിലെ യുക്തിയെന്താണ്? സാമ്പത്തിക ലാഭമോ?
ഇനി, ഒഴിവുവരുന്ന മുറയ്ക്ക് സീനിയോറിറ്റിയനുസരിച്ച്, പിരിച്ചുവിട്ടവരെ തിരിച്ച് സർവീസിലെടുക്കും എന്നൊരാശ്വസിപ്പിക്കൽ ഉത്തരവിലുണ്ട്. പക്ഷെ ഇനി വെക്കേഷൻ കഴിഞ്ഞ് സ്‌കൂളുകൾ ജൂണിൽ തുറന്ന് ഒഴിവു കണക്കാക്കി പുനഃപ്രവേശം നടത്തുന്നതുവരെ ഇവർക്ക് ശമ്പളം ലഭിക്കുമോ? അവരുടെ സർവീസിന്റെ തുടർച്ച നഷ്ടപ്പെടാതെ സംരക്ഷിക്കുമോ? ഇതൊന്നും ഉത്തരവിൽ പറയുന്നില്ല.
ഈയൊരു വിഭാഗം അദ്ധ്യാപകർ ന്യൂനപക്ഷമായത് കൊണ്ടുതന്നെ അവർക്ക് നീതിക്കായി വൻ സമരം നടത്തി വിജയിപ്പിക്കാനുള്ള സംഘടിതശക്തിയോ അധികാരത്തിന്റെ ഉന്നത ശ്രേണികളിൽ സ്വാധീനമോ ഉണ്ടെന്ന് തോന്നുന്നില്ല. മാത്രമല്ല, ജനാധിപത്യ ബോധം തൊട്ടു തീണ്ടാത്തവർ വാഴുന്ന ഒരു വകുപ്പിനെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകാൻ പോലും അവർ ഭയപ്പെടുന്നു. പ്രതികാരവും പകയുമാണ് വകുപ്പ് പിന്തുടരുന്ന രീതി എന്ന് പറയപ്പെടുന്നു. നേരത്തേ ഇത്തരം അനീതിക്കെതിരെ കോടതിയിൽ കേസു കൊടുത്ത എത്രയോ അധ്യാപകർക്ക് ഇപ്പോഴും ദീർഘകാലത്തെ ശമ്പള കുടിശ്ശിക ഇതുവരെയും കൊടുക്കാതെ വൈകിക്കുന്നത് ഇങ്ങനെയുള്ള പ്രതികാര നടപടിയുടെ ഭാഗമാണെന്നും പറയപ്പെടുന്നുണ്ട്.
സർക്കാർ ഹയർ സെക്കണ്ടറി സ്‌കൂളുകളിലെ ഇംഗ്ലീഷ് ജൂനിയർ അധ്യാപകരെ പിരിച്ചുവിട്ട് ഇറക്കിയ ഉത്തരവ് അനീതി നിറഞ്ഞതാണ്; അത് തൊഴിലവകാശത്തിന്റെ നഗ്‌നമായ ലംഘനവുമാണ്. ഇത്തരമൊരു ഡ്രാക്കോ ണിയൻ ഉത്തരവ് പൊതുവിദ്യാഭ്യാസ വകുപ്പിറക്കിയത് തന്നെ അഭൂതപൂർവമായതും ഞെട്ടിപ്പിക്കുന്നതുമായ ഒരു സംഭവമാണ്. ഏകപക്ഷീയമായി, തങ്ങൾക്ക് സംഭവിച്ച ഏതോ വീഴ്ച മറച്ചുവെച്ച്നിരപരാധികളെ ബലിയാടുകളാക്കാനുള്ള ദുരുപദിഷ്ട ശ്രമമായേ ഇതിനെ മനസ്സിലാക്കാൻ കഴിയൂ. കടുത്ത ജനാധിപത്യ നിഷേധമാണ് ഉത്തരവിൽ പ്രതിഫലിക്കുന്നത്. ഇതിനെതിരെ സമൂഹ മനഃസ്സാക്ഷി ഉണർന്ന് പ്രതികരിക്കേണ്ടത് ആവശ്യമാണ്.
ഫലം സാമൂഹിക അരക്ഷിതാവസ്ഥ
ഇത് വിദ്യാഭ്യാസ വകുപ്പിൽ മാത്രം സംഭവിക്കുന്ന ഒറ്റപ്പെട്ട കാര്യമായി ഗൗനിക്കാതെ വിട്ടാൽ മറ്റു വകുപ്പുകളിലും ഈ പ്രവണത ആവർത്തിച്ചേക്കാം. അഭ്യസ്തവിദ്യരായ തൊഴിലില്ലാപ്പട പെരുകുമ്പോൾ ഉള്ള തൊഴിലുകൾ പോലും സാങ്കേതികതയുടെയും കാലഹരണപ്പെട്ട ചട്ടങ്ങളുടെയും പേരുപറഞ്ഞ് ഇല്ലാതാക്കുന്നത് ഭാവിയിൽ സാമൂഹിക അരക്ഷിതാവസ്ഥ സൃഷ്ടിക്കും. തൊഴിൽ മാനദണ്ഡങ്ങൾ മാറ്റി അതിന്റെ പേരിൽ ഒഴിവില്ലെന്ന് പറഞ്ഞ് ആളുകളെ പിരിച്ചുവിടുന്നത് ഭാവിയിൽ സർക്കാർ സേവനമേഖലയിൽ കഴിവുള്ള ചെറുപ്പക്കാർ കടന്നുവരുന്നതിനെ നിരുത്സാഹപ്പെടുത്തുകയും ചെയ്യും. ലാഭമുണ്ടാക്കുക എന്നതല്ല, മറിച്ച് സാമൂഹികമായ ബാദ്ധ്യത നിറേവേറ്റുക എന്ന ധർമ്മമാണ് വിദ്യാഭ്യാസം പോലുള്ള സർക്കാർ സേവനമേഖലകൾക്കുള്ളത് എന്നത് മറന്നുപോവരുത്.
അന്യായമായി ഇറക്കിയ ഉത്തരവുകൾ ഉടൻ പിൻവലിക്കുകയും പിരിച്ചുവിടപ്പെട്ട എല്ലാ അധ്യാപകരെയും അവരുടെ തസ്തികകളിൽ തുടരാനുവദിക്കുകയും ചെയ്യാൻ സർക്കാർ വിദ്യാഭ്യാസ വകുപ്പിന് അടിയന്തിര നിർദ്ദേശം നൽകണം. കുട്ടികളുടെ ഭാവിയോർത്ത്, അധ്യാപകരുടെ മനോവീര്യം തകർക്കുന്ന തരത്തിലുള്ള സമീപനം പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടായിക്കൂടാത്തതാണ്. ഏതെങ്കിലും സാങ്കേതിക പ്രശ്‌നത്തിന്റെ പേരിൽ കേരളത്തിന്റെ സാമൂഹിക- രാഷ്ട്രീയ നീതിബോധത്തിന്റെ പാരമ്പര്യം ഉദ്യോഗസ്ഥവൃന്ദവും സർക്കാരും ചേർന്ന് തകർക്കുന്നത് തടയുവാൻ സിവിൽ സമൂഹവും ജാഗ്രത പുലർത്തേണ്ടതുണ്ട്.
Also Watch: