പയ്യന്നൂർ AKAS സ്കൂളിന്റെ
പൊളിച്ച ശതാബ്ദി കെട്ടിടവും
സ്കൂളുകളുടെ വികസനത്തെക്കുറിച്ച്
ചില ചോദ്യങ്ങളും

പയ്യന്നൂർ എ കുഞ്ഞിരാമൻ അടിയോടി സ്മാരക ഗവ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ ശതാബ്ദി പിന്നിട്ട പ്രധാന കെട്ടിടം ഇടിച്ചുനിരപ്പാക്കിയിരിക്കുന്നു. സ്കൂളിന്റെ സമഗ്രവികസനത്തിനുതകുന്ന മാസ്റ്റർ പ്ലാൻ സ്കൂൾ അലമാരയിൽ പെടിപിടിച്ചു കിടക്കുമ്പോഴാണ് ഈ പൊളിക്കൽ നടന്നത് എന്ന് ചൂണ്ടിക്കാട്ടുന്നു, ആ മാസ്റ്റർ പ്ലാനുമായി ബന്ധപ്പെട്ട് ഇ​ടപെട്ടിരുന്ന അധ്യാപകനായിരുന്ന പി. പ്രേമചന്ദ്രൻ. സ്കൂൾ വികസനം എന്നത് അക്കാദമികമായ സമഗ്രലക്ഷ്യത്തിനുള്ള പരിവർത്തനത്തിന്റെ ഒരു പടിയാണ് എന്ന പാഠം മറന്നുപോകുന്നതിന്റെ ഉദാഹരണം കൂടിയായി ഈ കെട്ടിടം പൊളിക്കലിനെ കാണാം എന്നും അദ്ദേഹം എഴുതുന്നു.

യ്യന്നൂർ എ. കുഞ്ഞിരാമൻ അടിയോടി സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ ശതാബ്ദി പിന്നിട്ട പ്രധാന കെട്ടിടം ഇടിച്ചു നിരപ്പാക്കിയിരിക്കുകയാണ്. 1923- ലായിരുന്നു ആ കെട്ടിടം നിർമ്മിച്ചത് എന്ന് അതിൽ കൃത്യമായി രേഖപ്പെടുത്തിയിരുന്നു. 100 വർഷം കഴിഞ്ഞ കെട്ടിടങ്ങൾ എളുപ്പം പൊളിക്കാൻ കഴിയാത്തതാണ്. അതുകൊണ്ടുതന്നെ ഈ പൊളിക്കലിനു പിന്നിലും പ്രമാണിമാർ തീർച്ചയായും ഇടപെട്ടിരിക്കും എന്നൂഹിക്കാം. നഗരസഭ അറിയാതെയും ഈ കാര്യം നടക്കാനിടയില്ല.

നേരത്തെ പഴയ പയ്യന്നൂർ പോലീസ് സ്റ്റേഷൻ ഇങ്ങനെ പൊളിച്ചുനീക്കാൻ നഗര പരിഷ്കരണ വിദഗ്ധന്മാർ കച്ചകെട്ടിയപ്പോൾ 'ചില വികസന വിരോധികൾ' ആണ് അതിനെതിരെ ശബ്ദമുയർത്തിയത്. അന്നതുകൊണ്ട് ചരിത്രത്തിന്റെ സുപ്രധാന അടയാളമായ ആ കെട്ടിടം രക്ഷപ്പെട്ടു. സ്വാതന്ത്ര്യസമരവുമായി നാഭീനാള ബന്ധമുണ്ടായിരുന്ന ആ കെട്ടിടമാണ് ഇപ്പോൾ ഗാന്ധി സ്മാരക മന്ദിരമായി പ്രവർത്തിക്കുന്നത്. ചരിത്രപരമായി അത്രയും പ്രാധാന്യം പഴയ പയ്യന്നൂർ ഹൈസ്കൂളിനും കാണണം. ആളറിയുന്നതിനു മുൻപ് അതുകൊണ്ട് പൊളി നടന്നു.

മൂന്നര കോടി രൂപയുടെ പുതിയ നിർമ്മാണം നടത്തുന്നതിനാണ് ഈ പൊളിക്കൽ. സ്കൂളിന്റെ മുഖമുദ്രയായ പഴയ കെട്ടിടം പൊളിക്കാനുണ്ടായ ഉത്സാഹം, നിർമ്മിതിയിലെ പ്രശ്നങ്ങൾ കാരണം വളരെ നേരത്തെ പൊളിച്ചുമാറ്റാൻ നിർദ്ദേശിക്കപ്പെട്ട, പല സംഗതികളായി തകർന്നു വീണുകൊണ്ടിരിക്കുന്ന, റോഡിനോട് ചേർന്ന കെട്ടിടം പൊളിച്ചുമാറ്റാനുണ്ടായിട്ടില്ല. ആ കെട്ടിടത്തിൽ ക്ലാസുകൾ പ്രവർത്തിക്കാൻ ആവശ്യമായ അനുവാദം തന്നെ ഇപ്പോഴുണ്ടോ എന്നും അറിയില്ല.

പയ്യന്നൂർ എ. കുഞ്ഞിരാമൻ അടിയോടി സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെഉപയോഗശൂന്യമായ കെട്ടിടം പൊളിച്ചുമാറ്റാത്ത നിലയില്‍
പയ്യന്നൂർ എ. കുഞ്ഞിരാമൻ അടിയോടി സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെഉപയോഗശൂന്യമായ കെട്ടിടം പൊളിച്ചുമാറ്റാത്ത നിലയില്‍

ഈ കെട്ടിടം പൊളിക്കൽ സവിശേഷം സ്കൂളിന്റെ നവീകരണത്തെ മുന്നിൽ കണ്ട് നിർമ്മിച്ച ഒരു വിപുലമായ പദ്ധതി കൂടിയാണ്. അത് ഒരു സ്കൂളിന്റെ മാത്രം പ്രശ്നമല്ലാത്തതിനാലാണ് ഈ കുറിപ്പ് എഴുതുന്നത്.

2017 അവസാനമാണ് ഞാൻ ബോയ്സ് സ്കൂളിൽ (AKAS GVHSS നേരത്തെ അറിയപ്പെട്ടത് ആ പേരിലാണല്ലോ, ഇന്നത് ബോയ്സ് സ്കൂളുമല്ല) എത്തുന്നത്, സ്കൂളിൽ കുറച്ചുവർഷം മുൻപ് ആരംഭിച്ച ഹയർ സെക്കന്ററി വിഭാഗത്തിൽ അധ്യാപകനായി. പ്രിയപ്പെട്ട രണ്ടുപേരായിരുന്നു ഹൈസ്കൂളിന്റെയും ഹയർ സെക്കന്ററിയുടെയും തലവന്മാർ. ഹൈസ്കൂൾ ആയിരുന്നു പ്രബലം. ഹയർ സെക്കന്ററി പ്രിൻസിപ്പൽ വന്നപ്പോൾ ഹയർ സെക്കന്ററിക്കാർക്കായുള്ള സ്റ്റാഫ് റൂമിന്റെ ഒരു മൂലയിലായിരുന്നു പ്രിൻസിപ്പാളിന് കസേര നൽകിയത്. പത്തോളം വരുന്ന സ്റ്റാഫും പ്രിൻസിപ്പലും ഒരു ചെറിയ റൂമിലെ സൗകര്യത്തിൽ ഞെരുങ്ങി. ഹൈസ്കൂൾ ഹെഡ്മാസ്റ്റർ സ്കൂൾ തലവന്റെ വിശാലമായ വലിയ മുറിയിൽ പണ്ടെന്നതുപോലെ രാജകീയ പ്രൌഡിയോടെ ഒന്നോ രണ്ടോ ഓഫീസ് മുറികളുമൊക്കെയായി പ്രതാപത്തിലും. അദ്ദേഹം റിട്ടയർ ചെയ്ത തക്കത്തിൽ പ്രിൻസിപ്പാൾ തന്റെ ഇരിപ്പിടം ആ മുറിയിലേക്ക് മാറ്റി. ഇങ്ങനെ പലതലങ്ങളിൽ മൂപ്പിളമ തർക്കം രൂക്ഷമായിരുന്ന ഒരു കാലമായിരുന്നു അത്. അടുത്ത സുഹൃത്തുക്കളായതുകൊണ്ട് രണ്ടുപേരോടും സ്നേഹപൂർവ്വം ഇടപെടാൻ സാധിച്ചിരുന്നു.

സ്കൂളിന്റെ സമഗ്രവികസനം വലിയ ഭാവന വേണ്ട ഒന്നാണ്. ദിശാബോധമില്ലാത്ത സ്കൂൾ അധികാരികൾക്കും നാളെയുടെ ആവശ്യങ്ങളെ മുൻകൂട്ടി കാണാൻ കെൽപ്പില്ലാത്ത മനുഷ്യർക്കും അതിൽ ഒന്നും ചെയ്യാൻ കഴിയില്ല.

സ്കൂൾ വികസനവുമായി ബന്ധപ്പെട്ട് ഹെഡ്മാസ്റ്ററുമായി എന്തോ സംസാരിക്കുന്നതിനിടയിലാണ് സ്കൂൾ മാസ്റ്റർ പ്ലാൻ എന്ന ആശയം മുന്നോട്ടുവരുന്നത്. അങ്ങനെ ഒന്ന് നേരത്തെ ഇവിടെയുണ്ടാക്കിയിരുന്നു, എവിടെയോ കാണണം എന്ന് അദ്ദേഹം പറയുകയും ചെയ്തു. അന്വേഷിച്ച് ഒടുവിൽ അത് കണ്ടെത്തി. അക്ഷരാർത്ഥത്തിൽ അതിമനോഹരവും സമഗ്രവുമായ ഒന്ന്. ആ മാസ്റ്റർ പ്ലാൻ പലവട്ടം പഠിച്ചു. ശരിക്കും അക്കാദമികമായി ഒരു സ്കൂളിനുണ്ടാവേണ്ട സകല സൗകര്യങ്ങളെയും വിഭാവനം ചെയ്യുന്ന ഒന്ന്. അത് തയ്യാറാക്കിയതും സവിശേഷം ശ്രദ്ധിക്കേണ്ടതാണ്. കൺസ്ട്രക്ഷൻ, പ്ലാൻ, ഡിസൈനിംഗ് മേഖലയിൽ പ്രവർത്തിക്കുന്ന പയ്യന്നൂരിലെ പ്രമുഖരായ, പയ്യന്നൂർ ബോയ്സ് ഹൈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളായ ടി.സി.വി. ദിനേശൻ, എ. മഹേഷ്‌, എ. മുകുന്ദൻ, കെ. കമലാക്ഷൻ എന്നിവരുടെ കൂട്ടായ്മയാണ് അതിനു പിറകിലുണ്ടായിരുന്നത്. അതിന്റെ ഡിസൈൻ തയ്യാറാക്കിയതും പൂർണ്ണമായും അത് ആസൂത്രണം ചെയ്തതും അതിൽ ഒരാളായ ടി.സി.വി. ദിനേശന്റെ മകനും ആർക്കിടെക്റ്റുമായ അലോക് ദിനേശും. ഏകദേശം നാലുമാസം മുഴുവൻ എടുത്താണ് അലോക് മാസ്റ്റർ പ്ലാൻ തയ്യാറാക്കിയത്. ഹൈസ്കൂളിലെ മുഴുവൻ സ്ഥലവും അളന്നും ഓരോ അടിയുടെയും പ്രയോജനം ഉറപ്പിച്ചും ആണ് സമഗ്രമായ ആ പ്ലാനുണ്ടാക്കുന്നത്. അതിന്റെ പലവിധ ചർച്ചകൾക്കായി പലകുറി അലോകുമയി അക്കാലത്ത് സംസാരിക്കുന്നുണ്ട്.

പയ്യന്നൂർ എ. കുഞ്ഞിരാമൻ അടിയോടി സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ ശതാബ്ദി പിന്നിട്ട പ്രധാന കെട്ടിടത്തിന്റെ പൊളിച്ച ഭാഗം.
യ്യന്നൂർ എ. കുഞ്ഞിരാമൻ അടിയോടി സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ ശതാബ്ദി പിന്നിട്ട പ്രധാന കെട്ടിടത്തിന്റെ പൊളിച്ച ഭാഗം.

നാല് ഘട്ടങ്ങളിലായി അഞ്ചുകോടി രൂപയുടെ പദ്ധതിയായിരുന്നു അത്. രണ്ടു പുതിയ കെട്ടിടങ്ങൾ. വി എച്ച് എസ് ഇ കെട്ടിടത്തെ പുതിയ രീതിയിൽ മാറ്റിയെടുത്ത് ഇതിനോട് അനുബന്ധിക്കും. പഴയ കെട്ടിടം പൂർണ്ണമായും അതുപോലെ സംരക്ഷിച്ചും പുതുക്കിയും അതിൽ ഓഫീസ് സമുച്ചയവും മറ്റും വരും. സ്റ്റേഡിയം ഓരോ ഘട്ടത്തിലും ഈ നവീകരണത്തിന്റെ ഭാഗമായി പുതുക്കപ്പെടും. ഗംഭീരമായ ലബോറട്ടറികൾ, ലൈബ്രറി, മൾട്ടിമീഡിയ റൂമുകൾ, ടോയിലറ്റ് സമുച്ചയങ്ങൾ, റസ്റ്റ് റൂമുകൾ, ഭക്ഷണശാല, അടുക്കള, ജലവിതരണം, ഡ്രൈനേജ് സംവിധാനങ്ങൾ തുടങ്ങി സർവ്വതും അതിന്റെ ഭാഗമായി വികസിപ്പിക്കും. അതിലെ ഏറ്റവും മനോഹരമായ സങ്കല്പം നിലവിലെ ഓഫീസ് പ്രവർത്തിക്കുന്ന പഴയ കെട്ടിടം നവീകരിക്കുകയും കാലഹരണപ്പെട്ട റോഡിനു സമീപമുള്ള കെടിടം കളഞ്ഞ് അവിടെ തീർക്കുന്ന ഉദ്യാനവും പ്രവേശന കവാടവും ആയിരുന്നു.

വ്യക്തിപരമായും അത് അങ്ങേയറ്റം ആകർഷിച്ചിരുന്നു. അന്താരാഷ്ട്ര നിലവാരത്തിനു അന്ന് പേരുകേട്ടിരുന്ന നടക്കാവ് സ്കൂളിന്റെയും കാരപ്പറമ്പ് സ്കൂളിന്റെയും ഒരു വിസ്മയം അതിലുണ്ടായിരുന്നു. ഇനി പണിയുന്ന വിവിധ ഫണ്ടുകൾ ഉപയോഗിച്ചുള്ള ഓരോ കെട്ടിടവും ആ മാസ്റ്റർ പ്ലാനിന്റെ ഭാഗമായി വരണമായിരുന്നു. അക്കാലത്ത് മുനിസിപ്പൽ ചെയർമാനായിരുന്ന അഡ്വ. ശശി വട്ടക്കൊവ്വലുമായി ഈ കാര്യം സംസാരിക്കുന്നുണ്ട്. അങ്ങനെയാണ് ഒരിക്കൽ അന്ന് എം എൽ എ ആയിരുന്ന സി. കൃഷ്ണനെ പങ്കെടുപ്പിച്ച് സ്കൂളിൽ ഈ മാസ്റ്റർ പ്ലാനിന്റെ വിശദമായ അവതരണവും അതിനായുള്ള ശ്രമങ്ങളുടെ തുടക്കവും കുറിക്കുന്നത്. അലോക് വന്ന് അതിന്റെ ഓരോ ഘട്ടത്തിലും വേണ്ട ഫണ്ടും പ്ലാനിങ്ങും വിശദമായി പവർ പോയിന്റ് പ്രസന്റേഷനിലൂടെ പി ടി എ യുടെയും വികസന സമിതിയുടെയും ജനപ്രതിനിധികളുടെയും ശ്രദ്ധയിൽ പെടുത്തുകയും ചെയ്തു. അതിനെല്ലാം മുന്നിൽ നിൽക്കാൻ സാധിച്ചിരുന്നു.

പഴയ കെട്ടിടങ്ങൾ എല്ലാം പൊളിച്ചുകളയേണ്ടവയല്ല. അവയാണ് ഒരു കാലത്തിന്റെ ഓർമ്മകളുടെ ബാക്കിപത്രം. ആധുനിക രീതിയിൽ തന്നെ അവ നിലനിർത്താൻ ഇന്നു സാധിക്കും.

അതിനൊന്നും വേണ്ട ഉത്സാഹമുള്ള ഒരു ടീം നിഭാഗ്യവശാൽ പയ്യന്നൂർ ഗവ. ബോയ്സ് സ്കൂളിൽ ഉണ്ടായിരുന്നില്ല. ഏതാനും മാസങ്ങൾക്കുശേഷം സ്ഥലം മാറ്റമായി എനിക്ക് മറ്റൊരു സ്കൂളിലേക്ക് മാറേണ്ടിവന്നു. ജനപ്രതിനിധികളോ സ്കൂൾ അധികാരികളോ ആ മാസ്റ്റർ പ്ലാൻ പ്രകാരമുള്ള നിർമ്മാണം മാത്രമാണ് ഇനി അവിടെ നടക്കേണ്ടത് എന്നതിന് പിന്നിൽ ഉണ്ടായിരുന്നില്ല. പിന്നീട് ലഭിച്ച ഒരു കോടിയുടെ ഫണ്ട് ഉപയോഗിച്ച് ആ മാസ്റ്റർ പ്ലാനിനെ അപ്രസക്തമാക്കുമാറുള്ള ഒരു നിർമ്മാണം സ്കൂളിൽ നടന്നു. പിന്നീടും പല ഫണ്ടുകളും വന്നു. അവിടെയും ഇവിടെയും ഒന്നോ രണ്ടോ മുറികൾ എവിടെയൊക്കെയോ പണിതു. ഇനിയൊരിക്കലും ആ മാസ്റ്റർപ്ലാൻ നടപ്പാകാൻ കഴിയാത്ത രീതിയിൽ! ഈ അടുത്ത ദിവസങ്ങളിലാണ്, സ്കൂളിന്റെ അടയാളമായ പഴയ കെട്ടിടത്തിന്റെ പ്രധാനഭാഗം മുഴുവൻ പൊളിച്ചുനീക്കി വെടിപ്പാക്കയത് ശ്രദ്ധയിൽ പെട്ടത്.

സ്കൂളിന്റെ സമഗ്രവികസനം വലിയ ഭാവന വേണ്ട ഒന്നാണ്. എന്തെങ്കിലും ചെയ്തു എന്നുവരുത്താൻ മാത്രം എന്തൊക്കെയോ ചെയ്യുന്ന ദിശാബോധമില്ലാത്ത സ്കൂൾ അധികാരികൾക്കും നാളെയുടെ ആവശ്യങ്ങളെ മുൻകൂട്ടി കാണാൻ കെൽപ്പില്ലാത്ത മനുഷ്യർക്കും അതിൽ ഒന്നും ചെയ്യാൻ കഴിയില്ല. പി ടി എക്കാരായാലും അധ്യാപകരായാലും ജനപ്രതിനിധികളായാലും ഇത് ബാധകമാണ്.

പഴയ കെട്ടിടങ്ങൾ എല്ലാം പൊളിച്ചുകളയേണ്ടവയല്ല. അവയാണ് ഒരു കാലത്തിന്റെ ഓർമ്മകളുടെ ബാക്കിപത്രം. ആധുനിക രീതിയിൽ തന്നെ അവ നിലനിർത്താൻ ഇന്നു സാധിക്കും. അവ നിരപ്പാക്കിയ ചിത്രം കാണുമ്പോൾ സത്യത്തിൽ ഞാൻ ആലോചിച്ചത്, മനോഹരമായ ഒരു പദ്ധതിയിൽ തന്റെ ഹൃദയം അർപ്പിച്ചു പ്രവർത്തിച്ച ഒരു യുവ ആർക്കിടെക്റ്റിനെ കൂടിയാണ്. മാസങ്ങളോളമുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെയാണ്. അഞ്ചു കോടിയൊന്നുമല്ല; അതിലധികം പണം ബോയ്സ് സ്കൂളിനായി പിന്നീട് അനുവദിക്കപ്പെട്ടിട്ടുണ്ട്. അവ തലങ്ങും വിലങ്ങും തീപ്പെട്ടിക്കൂടുപോലുള്ള ക്ലാസ് മുറികളായി ഭാവനയില്ലാത്ത കോൺട്രാക്റ്റർമാരുടെ മേൽനോട്ടത്തിൽ പണിതിട്ടും ഉണ്ട്; അലമാരയിൽ സ്കൂളിന്റെ സമഗ്രവികസനത്തിനുതകുന്ന മാസ്റ്റർ പ്ലാൻ പെടിപിടിച്ചു കിടക്കുമ്പോൾ തന്നെ. പ്രിയപ്പെട്ട അലോകും ആ വഴിയേ പോകുമ്പോൾ, ഈ തീപ്പെട്ടി ക്കൂടുകൾ കാണുമ്പോൾ തന്റെ മാസങ്ങളോളമുള്ള സമയവും ഭാവനയും അന്വേഷണങ്ങളും സമന്വയിച്ച് നിർമ്മിച്ച ആ മാസ്റ്റർ പ്ലാൻ ഓർക്കുന്നുണ്ടാവണം.

AKAS GVHSS- ന്റെ നവീകരണത്തിന് തയ്യാറാക്കിയ മാസ്റ്റർ പ്ലാൻ
AKAS GVHSS- ന്റെ നവീകരണത്തിന് തയ്യാറാക്കിയ മാസ്റ്റർ പ്ലാൻ

പുതിയ നിർമ്മിതികളും പഴയവയുടെ പൊളിച്ചുമാറ്റലും വലിയ സാമ്പത്തിക ഇടപാടുകൾ കൂടി നടക്കുന്ന ഒരു മണ്ഡലമാണ്. കമീഷനുകളും കോൺട്രാക്റ്റുകളും അതിന്റെ ഭാഗവും. അതുകൊണ്ട് ഇത്തരം കാര്യങ്ങളിൽ ഇടപെടുന്നത് സൂക്ഷിച്ചുവേണം. സ്കൂൾ വികസനം എന്നത് അക്കാദമികമായ സമഗ്രലക്ഷ്യത്തിനുള്ള പരിവർത്തനത്തിന്റെ ഒരു പടിയാണ് എന്ന ബോധമുള്ള മനുഷ്യർ സ്കൂൾ മതിൽകെട്ടിനുള്ളിലും അതിനെ പിന്തുണയ്ക്കാൻ പുറത്തും ഉണ്ടാവുമ്പോഴേ അക്കാദമിക മാസ്റ്റർ പ്ലാനുകൾ ഉണ്ടാക്കിയിട്ട് കാര്യമുള്ളൂ എന്ന വലിയ പാഠമാണ് പയ്യന്നൂർ എ കുഞ്ഞിരാമൻ അടിയോടി സ്മാരക ഗവ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ കേരളത്തിനു പകർന്നുനൽകുന്നത്.

AKAS GVHSS- ന്റെ നവീകരണത്തിന്
തയ്യാറാക്കിയ മാസ്റ്റർ പ്ലാനിൽനിന്ന്:

Comments