ദൽഹിയിലെ ചെങ്കോട്ടയ്ക്കടുത്ത് 2025 സെപ്റ്റംബറിൽ സാക്കിർ ഹുസൈൻ ഡൽഹി കോളേജിലെ രണ്ടു മലയാളി വിദ്യാർഥികളെ മുണ്ട് ധരിച്ചതിനും ഹിന്ദി നന്നായി സംസാരിക്കാത്തതിനും പോലീസും ഏതാനും പേരും ചേർന്ന് മർദ്ദിച്ച വാർത്തയുണ്ടായിരുന്നു. ഈ വിഷയത്തിൽ പ്രതിഷേധിച്ചും നടപടി ആവശ്യപ്പെട്ടും മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയക്കുകയും ചെയ്തു.
ചെങ്കോട്ട പൊതുസ്ഥലമാണ്. മറ്റേതൊരു ഇന്ത്യൻ പൗരരെയും പോലെ അവിടെ സഞ്ചരിക്കാനും, തങ്ങളുടേതായ ഭാഷയിൽ സംസാരിക്കാനുമുള്ള അവകാശം മലയാളികൾക്കുമുണ്ട്. പ്രസ്തുത സംഭവത്തിൽ ആക്രമിക്കപ്പെട്ട വിദ്യാർഥികളെ ആ പൊതുയിടത്ത് കൂടിയിരിക്കുന്നവരിൽ നിന്ന് വ്യത്യസ്തരാക്കുന്ന ഘടകം, അവർ ഡൽഹി എന്ന നഗരത്തിലെ കുടിയേറ്റക്കാരായ മനുഷ്യരാണ് എന്നതാണ്. സുപ്രധാനമായ ഒരു ചോദ്യമാണ് ഇവിടെ ഉരുത്തിരിയുന്നത്. കുടിയേറ്റക്കാരായ മനുഷ്യർക്ക് നഗരത്തിലെ പൊതുസ്ഥലങ്ങൾ എങ്ങനെയാണ് അനുഭവവേദ്യമാകുന്നത്? ഈ ചോദ്യമാവട്ടെ മലയാളികളെ സംബന്ധിച്ച് മാത്രമല്ല, ലോകമെങ്ങുമുള്ള കുടിയേറ്റക്കാരായ മനുഷ്യരെ സംബന്ധിച്ചും പ്രധാനമാണ്.
ഈ വിഷയത്തെ ചുറ്റിപ്പറ്റി നടക്കുന്ന / നടക്കേണ്ടുന്ന ചർച്ചകളിലേക്ക് ഡൽഹിയുടെ പശ്ചാത്തലത്തിൽ, കുടിയേറ്റക്കാരായ മലയാളികളുടെ അനുഭവങ്ങളുടെ വെളിച്ചത്തിൽ, കുറച്ചു ചിന്തകൾ പങ്കുവയ്ക്കാനാണ് ശ്രമിക്കുന്നത്.
പൊതുസ്ഥലങ്ങളുമായുള്ള ഇടപെടലുകൾ കുടിയേറ്റക്കാരുടെ ജീവിതങ്ങളെ സ്വാധീനിക്കുന്നതിനൊപ്പം, അത്തരം ഇടങ്ങളുടെ രൂപീകരണത്തിൽ, കുടിയേറ്റക്കാരും പ്രധാന പങ്കുവഹിക്കുന്നു. നഗരങ്ങളുടെ നിർമ്മാണത്തിൽ കുടിയേറ്റക്കാർക്കും കുടിയേറ്റം എന്ന പ്രക്രിയയ്ക്കുമുള്ള പങ്ക് ആരും ചോദ്യം ചെയ്യാനിടയില്ല. വ്യവസായ വിപ്ലവത്തിനുശേഷം ലോകത്തിന്റെ എല്ലാ ഭാഗത്തും അരങ്ങേറിയ ഗ്രാമങ്ങളിൽ നിന്നും നഗരങ്ങളിലേക്കുള്ള വലിയ കുടിയേറ്റത്തിന്റെ ഉത്പന്നമാണല്ലോ നഗരങ്ങൾ.
വിവിധ സംസ്കാരങ്ങളിൽ നിന്നുമുള്ള മനുഷ്യർ ഒരുമിച്ചുവരുന്നു എന്നതാണ് പൊതുസ്ഥലങ്ങളുടെ അനേകം സവിശേഷതകളിൽ ഒന്ന്. താമസസ്ഥലങ്ങൾ ഉൾപ്പടെയുള്ള സ്വകാര്യഇടങ്ങളിൽ നിന്ന് പൊതുസ്ഥലങ്ങളെ വ്യത്യസ്തമാക്കുന്നതും ഈ ഘടകം തന്നെയാണ്. പൊതുസ്ഥലത്തായിരിക്കുമ്പോൾ വ്യക്തികൾ അവരുടെ സ്വത്വത്തിലായിരിക്കണമെന്നില്ല. പൊതുസ്ഥലങ്ങൾ ആവശ്യപ്പെടുന്ന, എല്ലാവർക്കും യോജ്യമായ ഒരു സദാചാരബോധത്തിലേക്ക് വ്യക്തികൾ എത്തുന്നു, അതിനനുസരിച്ച് അവരുടെ ഇടപെടലുകളെ ക്രമീകരിക്കുന്നു.
വ്യവസായ വിപ്ലവത്തിനുശേഷം ലോകത്തിന്റെ എല്ലാ ഭാഗത്തും അരങ്ങേറിയ ഗ്രാമങ്ങളിൽ നിന്ന് നഗരങ്ങളിലേക്കുള്ള വലിയ കുടിയേറ്റത്തിന്റെ ഉത്പന്നമാണ് നഗരങ്ങൾ.
എല്ലാവർക്കും യോജ്യമായതെന്ന് പറയപ്പെടുന്ന ഇടപെടൽരീതി ക്രമീകരിക്കുന്നതിലെ അധികാരപ്രയോഗങ്ങളും പരിഗണിക്കാതെ തരമില്ല. മിക്കവാറും സാഹചര്യങ്ങളിൽ അധികാരപദവികളിലുള്ള / നിർമ്മാണോപാധികൾ കൈവശമുള്ള വിഭാഗങ്ങളുടെ സംസ്കാരത്തിന് അനുയോജ്യമായ ഒന്നായിരിക്കും പൊതുയിടങ്ങളിൽ പാലിക്കപ്പെടേണ്ട രീതികളെ നിർണയിക്കുന്നത്. ഇവിടെയാണ് വ്യക്തികളുടെ സാംസ്കാരിക പശ്ചാത്തലം സുപ്രധാനമാവുന്നത്. വ്യത്യസ്ത സംസ്കാരങ്ങളിൽ നിന്നുമുള്ള മനുഷ്യർ ഒരുമിച്ച് ചേരുന്ന ഒരു പൊതുസ്ഥലത്തായിരിക്കുമ്പോൾ വ്യക്തികൾക്ക് അവർ കാലങ്ങളായി ശീലിച്ചു പോന്ന സംസ്കാരം അവരുടെ മേൽ ചെലുത്തിയിട്ടുള്ള സ്വാധീനത്തെ, ആ സ്വാധീനം മൂലമുള്ള ശീലങ്ങളെ മറികടക്കാൻ സാധിക്കുമോ? പൊതുയിടങ്ങൾ ആവശ്യപ്പെടുന്ന, അവയ്ക്ക് അനുയോജ്യമായ സംസ്കാരവും വ്യക്തികളുടെ സാംസ്കാരികപശ്ചാത്തലവും അവരിൽ രൂപപ്പെടുത്തിയിട്ടുള്ള ശീലങ്ങളും തമ്മിലുണ്ടാവുന്ന ആന്തരിക സംഘർഷമാണ് പലപ്പോഴും പൊതുയിടങ്ങളിലെ സംഘർഷങ്ങളായി മാറാറുള്ളത്.

കുടിയേറ്റക്കാരുടെ ദൽഹി,
ദൽഹിയുടെ കുടിയേറ്റക്കാർ
ദൽഹിയെ കുടിയേറ്റക്കാരായ ജനങ്ങളുടെ നാടായാണ് പൊതുവിൽ കണക്കാക്കുന്നത്. ദൽഹിയിലെ വലിയൊരു ശതമാനം ജനങ്ങളോടും സംവദിക്കുമ്പോൾ ഇത് അനുഭവപ്പെടും. ഏത് നാട്ടുകാരാണ് എന്ന ചോദ്യത്തിന് ‘ദൽഹി തന്നെ’ എന്ന് പറഞ്ഞശേഷം, ‘പക്ഷേ ശരിക്കും നാട് ബീഹാർ / ഉത്തർപ്രദേശ് / ഹരിയാന / ആസ്സാം (തുടങ്ങി ഏത് സംസ്ഥാനവും) ആണ്’ എന്ന് മിക്കവാറും പേർ കൂട്ടിച്ചേർക്കും. ഇത് ചരിത്രപരമായി സംഭവിച്ച പ്രക്രിയയാണ്. പ്രാചീന കാലഘട്ടം മുതലേ സമീപപ്രദേശങ്ങളിൽ നിന്നും, ദൂരദേശങ്ങളിൽ നിന്നും ദൽഹിയിലേക്ക് ഉയർന്ന തോതിൽ കുടിയേറ്റമുണ്ടായിരുന്നു. വിവിധ രാജവംശങ്ങളുടെ തലസ്ഥാനമായി വർത്തിച്ച നഗരം ഉദ്യോഗസ്ഥ സമൂഹത്തെയും, കച്ചവടക്കാരെയും, തൊഴിലാളികളെയുമെല്ലാം ഇങ്ങോട്ടാകർഷിച്ചു കൊണ്ടേയിരുന്നു.
കൊളോണിയൽ ഭരണാധികാരികൾ അവരുടെ തലസ്ഥാനം കൊൽക്കത്തയിൽ നിന്ന് ദൽഹിയിലേക്ക് മാറ്റിസ്ഥാപിച്ചത് ഈ പ്രക്രിയയെ ത്വരിതഗതിയിലാക്കി. രാജ്യം സ്വതന്ത്രമായ വേളയിലും ദൽഹി അനുഭവിച്ചത് വിഭജനാനന്തരമായി ഉണ്ടായ വൻ കുടിയേറ്റമായിരുന്നു. അത്തരത്തിൽ കുടിയേറിയ ജനവിഭാഗങ്ങൾ ഇന്നും നഗരത്തിന്റെ പല സ്ഥലങ്ങളിലും ജീവിച്ചുപോരുന്നു. ദൽഹിയുടെ സമീപസംസ്ഥാനങ്ങളിൽ നിന്ന് ഉയർന്ന തോതിലുള്ള കുടിയേറ്റമാണ് സ്വാതന്ത്ര്യാനന്തരം ഉണ്ടായത്. ദൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വ്യവസായ യൂണിറ്റുകൾ തൊഴിലാളികളെ ഈ സംസ്ഥാനങ്ങളിൽ നിന്ന് ഇങ്ങോട്ട് ആകർഷിച്ചു. കേരളത്തിൽ നിന്നടക്കം ദൽഹിയിലേക്ക് കുടിയേറി വന്ന ജനങ്ങൾ ഏറെയാണ്.
2000-മാണ്ട് തുടക്കത്തിൽ വായുമലിനീകരണം മുൻനിർത്തി കോടതിവിധികളുടെ പശ്ചാത്തലത്തിൽ ഒട്ടേറെ ഫാക്ടറി യൂണിറ്റുകൾ പൂട്ടിയപ്പോൾ ഇത്തരം മനുഷ്യരുടെ ജീവിതം ചോദ്യചിഹ്നത്തിലായി. ഇത്തരത്തിൽ ഫാക്ടറി ജോലി നഷ്ടപ്പെട്ട ഒരു മലയാളി, ജോലി നഷ്ടപ്പെട്ട സുഹൃത്തുക്കളോടൊപ്പം ചേർന്ന് കേരള ഭക്ഷണശാല ആരംഭിച്ചതിന്റെ അനുഭവം പങ്കുവെച്ചത് ഓർക്കുന്നു.
2022-ലെ ദൽഹി ഇക്കണോമിക് സർവേ പ്രകാരം 2021-ലെ ദൽഹിയിലെ ജനസംഖ്യയിലേക്ക് കുടിയേറ്റത്തിലൂടെ ചേർക്കപ്പെട്ടത് 2,83,000 ആളുകളാണ്. ജനന- മരണങ്ങൾ സംഭാവന ചെയ്ത സംഖ്യയുടെ ഇരട്ടിയിലധികമാണിത്. അപ്പോൾ സ്വാഭാവികമായ ജനസംഖ്യാ വർദ്ധനവിനേക്കാൾ രാജ്യതലസ്ഥാനത്തെ ജനസംഖ്യയുടെ തോത് കുടിയേറ്റക്കാരുടെ എണ്ണത്തിൽ കേന്ദ്രീകൃതമാണ് എന്നു വേണം മനസ്സിലാക്കാൻ. ഇത്തരത്തിൽ വർദ്ധിച്ചു കൊണ്ടിരിക്കുന്ന കുടിയേറ്റപ്രക്രിയ ദൽഹിയിലെ നഗരപ്രദേശത്തെ, അതിലെ തന്നെ വിവിധ ഘടകങ്ങളെ എങ്ങനെയെല്ലാമാണ് ബാധിക്കുന്നത് എന്നതിനെ സംബന്ധിച്ച് വിവിധ പഠനങ്ങൾ നടന്നിട്ടുണ്ട്.
വലതുപക്ഷ ആശയങ്ങൾ പ്രചരിപ്പിക്കുന്ന സംഘടനകൾ ദൽഹി മലയാളികൾക്കിടയിൽ സജീവമാണ്. വർഗീയതയും, ജാതിസ്പർദ്ധയും, യാഥാസ്ഥികത്വവും പ്രചരിപ്പിക്കുന്ന ഇത്തരം സംഘടനകൾ നിർമ്മിക്കുന്ന പൊതുവിടങ്ങളും അത്തരം ആശയങ്ങളുടെ പ്രചാരണത്തിനാണ് നിലകൊള്ളുന്നത്.
ഉദാഹരണത്തിന് ദൽഹിയിലെ ഭവനമേഖലയിൽ കുടിയേറ്റം ചെലുത്തിയ സ്വാധീനം വളരെ വലുതാണ്. സമാനമായി നഗരത്തിന്റെ പൊതുസ്ഥലങ്ങളുടെ സ്വഭാവം ക്രമീകരിക്കുന്നതിലും കുടിയേറ്റക്കാർ വലിയ പങ്കാണ് വഹിക്കുന്നത്. അത് നഗരാസൂത്രണം നിർവഹിക്കുന്ന വിദഗ്ദ്ധരും ഉദ്യോഗസ്ഥരും മനസ്സിലാക്കുന്നുണ്ടോ എന്ന ചോദ്യം മറുവശത്ത് അവശേഷിക്കുന്നു എങ്കിലും.
ഇത്തരത്തിൽ ദൽഹിയിലേക്ക് കുടിയേറിയ മനുഷ്യർ, അവർ ചെയ്യുന്ന തൊഴിൽ / പ്രവർത്തി എന്നിവയോടനുബന്ധിച്ച്, പ്രത്യേക സ്ഥലങ്ങളിലായിരിക്കും കേന്ദ്രീകരിക്കപ്പെടുന്നത്. വിദ്യാഭ്യാസ്യാവശ്യങ്ങൾക്കായി കുടിയേറുന്നവർ, വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പരിസരങ്ങളിൽ താമസിക്കുന്നു, സ്വയം കേന്ദ്രീകരിക്കുന്നു. ദൽഹിയുടെ പ്രാന്തപ്രദേശങ്ങളിലെ ഫാക്ടറി യൂണിറ്റുകളിൽ തൊഴിലെടുക്കുന്നവർ അത്തരം പ്രദേശങ്ങളിൽ ജീവിതം രൂപീകരിക്കുന്നു. അങ്ങനെ, ദൽഹിയുടെ ഓരോ മേഖലയ്ക്കും, അവിടങ്ങളിൽ താമസിക്കുന്ന ജനവിഭാഗത്തിന്റെ ഇടപെടലുകൾക്കനുസരിച്ച്, ഓരോ സ്വഭാവം കൈവരുന്നു.
ദൽഹിയുടെ തെക്കേ ഭാഗത്തുള്ള മുനീർക്കയിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരുടെ എണ്ണം കൂടുതലാണ്. അതുകൊണ്ടുതന്നെ, ഈ പ്രദേശത്ത് ഒട്ടനവധി ‘നോർത്ത്- ഈസ്റ്റ് ഷോപ്പുക’ളും, ഭക്ഷണശാലകളും പ്രവർത്തിക്കുന്നു. ദൽഹിയിലെ വിവിധ ബിസിനസ് പ്രോസസ് ഔട്ട്‌സോഴ്‌സിംഗ് (BPO) സ്ഥാപനങ്ങളിലും, സമീപപ്രദേശങ്ങളിലെ ചെറുകിട സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന വടക്കു കിഴക്കൻ സംസ്ഥാനക്കാർ മുനീർക്ക തെരഞ്ഞെടുക്കാൻ കാരണം, അവരുടെ സംസ്കാരത്തിനിണങ്ങുന്ന ഷോപ്പുകളും ഭക്ഷണശാലകളും, അവരുടെ സംസ്ഥാനത്തിലെ ജനങ്ങൾ ഉൾപ്പെടുന്ന സാമൂഹ്യശൃംഖലയും അവിടെ നിലനിൽക്കുന്നു എന്നതുകൊണ്ടാണ്. ഈ രീതിയിലുള്ള കടകളും, ഭക്ഷണശാലകളും കേവലം സ്ഥാപനങ്ങൾ എന്നതിനും അപ്പുറത്ത് മനുഷ്യർ തമ്മിലുള്ള ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്ന, സാമൂഹ്യശൃംഖലകൾ നിർമ്മിക്കുന്ന പൊതുയിടങ്ങളായും വർത്തിക്കുന്നു. ഇത് മറ്റു കുടിയേറ്റ സമൂഹങ്ങളെ സംബന്ധിച്ചും നിരീക്ഷിക്കാം.

കുടിയേറ്റക്കാരുടെ ജീവിതത്തിൽ സുപ്രധാന പങ്കു വഹിക്കുന്ന മറ്റൊരു ഘടകം, വിവിധ സംഘടനകളാണ്. ഓരോ സംസ്ഥാനങ്ങളിൽ നിന്നുമുള്ള ജനങ്ങളെ സംഘടിപ്പിക്കാനായി വിവിധ സംഘടനകൾ പ്രവർത്തിക്കുന്നു. രാഷ്ട്രീയ- പ്രത്യയശാസ്ത്ര സംഘടനകളും മത-ജാതി സംഘടനകളും അനവധിയാണ്. കുടിയേറ്റക്കാരുടെ പൊതുസ്ഥലങ്ങളുമായുള്ള ബന്ധത്തെ നിർണയിക്കുന്നതിൽ ഇത്തരം സംഘടനകളുമായുള്ള ബന്ധം പ്രധാനമാണ്. ഈ സംഘടനകൾ തുടർച്ചയായ ഇടവേളകളിൽ സംഘടിപ്പിക്കുന്ന പരിപാടികൾ, സാമാന സംസ്കാരത്തിൽ നിന്നുമുള്ള മനുഷ്യരെ ഒരുമിച്ചു കൊണ്ടുവരുന്നു. ഒട്ടുമിക്ക സംഘടനകളും അതാത് സംസ്ഥാനങ്ങളിലെ ആഘോഷങ്ങൾ ദൽഹിയിൽ വിപുലമായി സംഘടിപ്പിക്കാൻ ശ്രമിക്കുന്നു. അത്തരം ആഘോഷങ്ങൾ വഴി ജനങ്ങൾക്ക് അവരുടെ ഗൃഹാതുരത്വത്തെ ശമിപ്പിക്കാൻ സാധിക്കുന്നതിനോടൊപ്പം മറ്റുള്ളവരുമായി ഇടപഴകാൻ സാധിക്കുന്ന പൊതുസ്ഥലങ്ങളിലേക്കുള്ള പ്രവേശനവും ലഭിക്കുന്നു. ചില സാഹചര്യങ്ങളിൽ ഔപചാരികമായ സംഘടനകളുടെ പിന്തുണയില്ലാതെ തന്നെ മനുഷ്യർ ഒത്തൊരുമിക്കാൻ ഇത്തരത്തിലുള്ള ആഘോഷങ്ങൾ കാരണമാവുന്നതും കാണാം.
പാർക്കുകൾ, കളിസ്ഥലങ്ങൾ എന്നിങ്ങനെയുള്ള പൊതുസ്ഥലങ്ങൾ കുടിയേറ്റക്കാരുടെ ജീവിതങ്ങളെ വ്യത്യസ്ത രീതികളിൽ സ്വാധീനിക്കുന്നുണ്ട്. സമയം ചെലവഴിക്കാനുള്ള ഇടങ്ങൾ എന്നതിനപ്പുറം, സാമാന സാംസ്കാരിക പശ്ചാത്തലമുള്ള മനുഷ്യരുമായി ഇടപഴകാനുള്ള അവസരവും പലപ്പോഴും ഈ പൊതുസ്ഥലങ്ങൾ തുറന്നു കൊടുക്കുന്നു. ജാർഖണ്ഡ്, ബീഹാർ, ഛത്തീസ്ഗഡ്, ആസാം, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ഒറാവോ, മുണ്ട, സാന്താൾ വിഭാഗങ്ങളിലെ മനുഷ്യർക്കിടയിലെ ആഘോഷമായ ‘കർമ്മ'യെ കുറിച്ച്, ദൽഹി അംബേദ്കർ സർവകലാശാലയിലെ അധ്യാപകനായ പ്രൊഫ. ബാബു പി. രമേഷ് പങ്കു വെച്ച നിരീക്ഷണം പ്രസക്തമാണ്.
മലയാളികളുടെ ഓണത്തിന് സമാനമായ ഈ ആഘോഷം, ദൽഹിയിൽ ജീവിക്കുന്നവരും ആഘോഷിക്കാൻ ശ്രമിക്കുന്നു. പ്രധാന പാർക്കുകളായ നെഹ്രു പാർക്കിലും, ലോധി ഗാർഡനിലും മറ്റും ഇവർ ഒത്തുകൂടി തനതായ രീതിയിൽ ആഘോഷിക്കുന്നു. ഈ രീതിയിലുള്ള ആഘോഷങ്ങളിലൂടെ പൊതുയിടമായ ‘പാർക്കി’ന് പുതിയ മാനം കൂടിയാണ് കൈവരുന്നത്.
വലതുപക്ഷ രാഷ്ട്രീയത്തിന്റെ ഭാഗത്തുനിന്ന് മലയാളി കുടിയേറ്റക്കാരുടേതായ പൊതുയിടങ്ങളിലേക്ക് സംഭവിക്കുന്ന കടന്നുകയറ്റത്തെ വെല്ലുവിളിയായി തന്നെയാണ് കാണേണ്ടത്. അത് ഇടങ്ങളെ കൂടുതൽ ഏകതാനമാക്കി തീർക്കും.
ഡൽഹി മലയാളികൾ,
അവരുടെ പൊതുസ്ഥലങ്ങൾ
ദൽഹിയിലേയ്ക്കുള്ള മലയാളി കുടിയേറ്റത്തിന് വർഷങ്ങളുടെ ചരിത്രമുണ്ട്. 2023- ലെ കേരള കുടിയേറ്റ പഠനം (Kerala Migration Study) സൂചിപ്പിക്കുന്നത് കർണാടക, തമിഴ്നാട്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങൾക്കുശേഷം കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ കുടിയേറ്റം നടക്കുന്നത് ദൽഹിയിലേക്കാണ് എന്നാണ് (മൊത്തം അന്തർ സംസ്ഥാന കൂടിയേറ്റത്തിന്റെ 10 ശതമാനം). ദൽഹിയിലേയ്ക്കുള്ള മലയാളി കുടിയേറ്റത്തെ ഏകതാനമായ പ്രക്രിയയായല്ല മനസ്സിലാക്കേണ്ടത്. അഥവാ, ദൽഹിയിലെ മലയാളി കുടിയേറ്റക്കാരിലെ വ്യത്യസ്ത വിഭാഗങ്ങളെ തിരിച്ചറിയുന്നത് അവരുടെ പൊതുയിടങ്ങളുമായുള്ള ഇടപെടലിനെ മനസ്സിലാക്കുന്നതിന് സഹായകരമാകും എന്ന് തോന്നുന്നു.
ദൽഹിയിൽ ഇന്നുള്ള മലയാളി കുടിയേറ്റക്കാരിൽ ഒരു വിഭാഗം വർഷങ്ങൾക്കുമുമ്പ് സർക്കാർ ജോലി കിട്ടി എത്തിയവരും, അവരുടെ കുടുംബവുമാണ്. പലരുടെയും അടുത്ത തലമുറ ജനിച്ചതും വളർന്നതും ദൽഹിയിൽ തന്നെയായിരിക്കും. ഇങ്ങനെ കുടിയേറി വന്ന പലരുടെയും ജീവിതപങ്കാളികൾ മറ്റു തൊഴിൽ മേഖലകളിലേക്കും എത്തിപ്പെടുന്നു.
മറ്റൊരു വിഭാഗം, വർഷങ്ങൾക്കുമുമ്പേ വ്യവസായ മേഖലയിൽ തൊഴിൽ ചെയ്യാൻ എത്തിയവരുടേതാണ്. അവരിൽ ചിലർ വ്യവസായ സ്ഥാപനങ്ങൾ പൂട്ടിയശേഷം, മറ്റു തൊഴിലുകളിലേക്കോ, കച്ചവടരംഗത്തേക്കോ ചേക്കേറിയതായി കാണാം.
മറ്റൊരു വിഭാഗം, വിദ്യാഭ്യാസാവശ്യങ്ങൾക്കായി എത്തുന്നവരാണ്. ദൽഹി സർവകലാശാല, ജവഹർലാൽ നെഹ്രു സർവകലാശാല, ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാല എന്നിങ്ങനെയുള്ള വിദ്യാഭ്യാസ- ഗവേഷണ സ്ഥാപനങ്ങളും, സിവിൽ സർവീസ് പോലുള്ള പരീക്ഷകൾക്ക് പരിശീലനം നല്കുന്ന കേന്ദ്രങ്ങളും ദൽഹിയെ വിദ്യാർത്ഥികളുടെ പ്രധാന ആകർഷണ കേന്ദ്രമാക്കുന്നു. ഇങ്ങനെ കുടിയേറുന്ന വിദ്യാർഥികളിൽ ചിലരെങ്കിലും വിദ്യാഭ്യാസത്തിനു ശേഷവും തൊഴിൽ നേടി ദൽഹിയിൽ തന്നെ തുടരുന്നു.

കുറച്ചു വർഷങ്ങളിലായി ദൽഹിയുടെ സമീപപ്രദേശങ്ങളായ ഗുഡ്ഗാവോൺ, നോയിഡ എന്നിവടങ്ങളിലെ ഐ.ടി മേഖലയിൽ ജോലി ചെയ്യുന്ന മലയാളികളുടെ കുടിയേറ്റവും വർദ്ധിച്ചു വരുന്നത് മറ്റൊരു വിഭാഗം കൂടിയേറ്റക്കാരെയും ഇവിടെ സൃഷ്ടിക്കുന്നു. മേൽപ്പറഞ്ഞ ഓരോ വിഭാഗവും, തങ്ങളുടെ ജീവിത സാഹചര്യങ്ങൾക്കാനുസരിച്ച്, അവർക്കനുസൃതമായ രീതിയിലാണ് പൊതുസ്ഥലങ്ങളെ മനസ്സിലാക്കുന്നതും, അവയുമായി ഇടപഴകുന്നതും.
മലയാളി വിദ്യാർഥികളുടെ കാര്യമെടുക്കാം. ദൽഹിയിൽ മലയാളികൾ പഠിക്കുന്ന സ്ഥാപനങ്ങളെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മലയാളി ഭക്ഷണശാലകൾ, കേരള സ്റ്റോറുകൾ അനവധിയാണ്. ഇവയിൽ പലതും പത്തു വർഷത്തിനുള്ളിൽ, വർദ്ധിക്കുന്ന മലയാളി വിദ്യാർഥികളുടെ എണ്ണവും, അത് ഉദ്പാദിപ്പിക്കുന്ന സാമ്പത്തിക സാധ്യതകളും കണ്ട് തുടങ്ങിയതുമാണ്. എന്നാൽ, സാമ്പത്തിക ഇടപാടുകൾക്കപ്പുറം, ഈ സ്ഥാപനങ്ങൾ, സാംസ്കാരിക കേന്ദ്രങ്ങളായും വർത്തിക്കുന്നു.
സുരക്ഷയുടെ പേരിലും മറ്റും മുൻകാലങ്ങളിൽ ഇഷ്ടാനുസരണം പൊതുജനങ്ങൾക്ക് ഉപയോഗിക്കാൻ സാധിച്ചിരുന്ന പൊതുസ്ഥലങ്ങളിലേക്കുള്ള പ്രവേശനവും, ഉപയോഗവും നിയന്ത്രിക്കപ്പെടുന്നു. പാർക്കുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ക്യാമ്പസുകൾ, ഗ്രൌണ്ടുകൾ തുടങ്ങിയ ഇടങ്ങളിൽ പൊതുജനപ്രവേശനം നിയന്ത്രിക്കപ്പെടുന്നു.
ഈയടുത്ത് വിദ്യാർഥികൾ തിങ്ങിപ്പാർക്കുന്ന വിജയനഗറിലെ ഒരു നോർത്ത് ഈസ്റ്റ് സ്റ്റോർ, പശുവിറച്ചി വിൽക്കുന്നു എന്ന ആരോപണത്തിന്റെ പേരിൽ ആക്രമിച്ചതും, തുടർന്ന് പൂട്ടിയതും, ഈ പശ്ചാത്തലത്തിൽ മനസ്സിലാക്കാം. ദൽഹി പോലുള്ള ഒരു നഗരത്തിൽ ഒരു വ്യവസായ സംരംഭം തുടങ്ങി വിജയമാക്കുന്നത് ഏറെ കടമ്പകൾ നിറഞ്ഞ പ്രക്രിയയാണ് എന്ന് അനുഭവസ്ഥർ പറയുന്നു. ദൽഹി നിവാസികളായ കച്ചവടക്കാരോടും, വ്യവസായികളോടുമുള്ള നിരന്തര സംഘർഷം ഈ പ്രക്രിയയുടെ ഭാഗമായി വരും.
ദൽഹി മലയാളികളുടെ പൊതുവിടങ്ങളുമായുള്ള മറ്റൊരു ഇടപെടൽ സാംസ്കാരിക, രാഷ്ട്രീയ, മത-ജാതി സംഘടനകളിലൂടെയാണ്. കേരള ഹൗസ് പോലെയുള്ള സർക്കാർ സ്ഥാപനങ്ങളും കേരള സ്കൂളുകളും, കൊണാട്ട് പ്ലേസിലെ കേരള ക്ലബ് പോലുള്ള സാംസ്കാരിക കേന്ദ്രങ്ങളും പല രീതികളിൽ ഇത്തരം പൊതുയിട നിർമ്മാണത്തിൽ ഭാഗമാകുന്നു. ജനസംസ്കൃതി, ദൽഹി മലയാളി അസ്സോസിയേഷൻ, മലയാളി വെൽഫെയർ അസോസിയേഷൻ എന്നിങ്ങനെയുള്ള സംഘടനകളുടെ പരിപാടികൾ പൊതുയിടങ്ങൾ സൃഷ്ടിക്കുന്ന പ്രക്രിയയിൽ ഭാഗമാകുന്നു. ഈ പ്രക്രിയയിൽ രാഷ്ട്രീയ- പ്രത്യയശാസ്ത്ര സ്വാധീനവും കാണാതെ പോവാൻ തരമില്ല. സംഘടനകളെ നയിക്കുന്ന പ്രത്യയശാസ്ത്രം, അവർ സൃഷ്ടിക്കുന്ന ഇടങ്ങളുടെ പ്രത്യയശാസ്ത്രത്തെയും സ്വാധീനിക്കുന്നു. ആ ഇടങ്ങളിൽ ഇടപെടുന്ന മനുഷ്യർ, പ്രത്യക്ഷമായോ പരോക്ഷമായോ ആ പ്രത്യയശാസ്ത്രങ്ങളുടെ നിർമ്മാണത്തിലും പുനർനിർമ്മാണത്തിലും ഭാഗമാകുന്നു.
ജനസംസ്കൃതി വർഷാവർഷം സംഘടിപ്പിക്കുന്ന സർഗോത്സവത്തിൽ പങ്കെടുത്ത അനുഭവം ഇവിടെ പങ്കുവെക്കുന്നത് ഉചിതമായിരിക്കും. കേരളത്തിലെ സ്കൂൾ കലോത്സവത്തിന് സമാനമായ അനുഭവം സമ്മാനിച്ചു എന്നതിനൊപ്പം, മലയാളി കുടുംബങ്ങൾക്ക് ഒരുമിച്ചുകൂടുവാനുള്ള അവസരവും, മലയാളികളായ കുട്ടികൾക്ക് സമപ്രായക്കാർക്കൊപ്പം കലയിലൂടെ സംവദിക്കാനുള്ള അവസരവുമാണ് ഇത്തരം പരിപാടികൾ ഉണ്ടാക്കുന്നത്. സർഗോത്സവത്തിന്റെ ഭാഗമായി പബ്ലിക് പാർക്കുകളിൽ വൈകുന്നേരങ്ങളിൽ ഒത്തുകൂടി നടക്കുന്ന റിഹേഴ്സലുകൾ പോലുള്ള പ്രവർത്തനങ്ങൾ ആ ഇടങ്ങളെ യഥാർഥ അർഥത്തിൽ പൊതുസ്ഥലങ്ങളായി മാറ്റിത്തീർക്കുന്നു.

മത- ജാതി അടിസ്ഥാനത്തിലുള്ള സംഘടനകളും ദൽഹിയിൽ സജീവമാണ്. ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങളിലാണ് അത്തരം സംഘടനകൾ പ്രധാനമായും വ്യാപൃതരാവുന്നത്. ഈ ആരാധനാലയങ്ങൾ ചുറ്റിപ്പറ്റിയാണ് മറ്റൊരു തരത്തിലുള്ള പൊതുവിടങ്ങളുടെ നിർമ്മാണം. പല ആരാധനാലയങ്ങളിലെയും ആഘോഷങ്ങൾ ആയിരക്കണക്കിന് മലയാളികളെ അങ്ങോട്ട് ആകർഷിക്കുന്നു. സംസ്ഥാനത്തിനുപുറത്ത് താമസിക്കുന്നവരെ സംബന്ധിച്ച്, ഈ ആരാധനാലയങ്ങൾ, ഭക്തർക്കുള്ള ഇടം എന്നതിനോടൊപ്പം, ഗൃഹാതുരവികാരം ഉദ്പാദിപ്പിക്കുന്ന സാംസ്കാരിക കേന്ദ്രങ്ങൾ കൂടിയാകുന്നു. അതുകൊണ്ടുതന്നെ, തങ്ങൾ നേരത്തേ പറഞ്ഞ പ്രത്യയശാസ്ത്രങ്ങളുടെ നിർമ്മാണത്തിലും, നിർമ്മാർജനത്തിലും കൂടിയാണ് പങ്കാളികളാവുന്നതെന്ന് പലരും മനസ്സിലാക്കാനിടയില്ല.
രാജ്യം മുഴുവനും വേരാഴ്ത്തുന്ന വലതുപക്ഷ ആശയങ്ങൾ പ്രചരിപ്പിക്കുന്ന സംഘടനകൾ ദൽഹി മലയാളികൾക്കിടയിൽ സജീവമാണ്. വർഗീയതയും, ജാതിസ്പർദ്ധയും, യാഥാസ്ഥികത്വവും പ്രചരിപ്പിക്കുന്ന ഇത്തരം സംഘടനകൾ നിർമ്മിക്കുന്ന പൊതുവിടങ്ങളും അത്തരം ആശയങ്ങളുടെ പ്രചാരണത്തിന് വേണ്ടിയായിരിക്കുമല്ലോ നിലകൊള്ളുന്നത്. കുടിയേറ്റക്കാരുടെ സംവേദനക്ഷമതയെ മുതലെടുക്കാൻ അത്തരം സംഘടനകൾ ശ്രമിക്കുന്നതിന്റെ ഭാഗമാണ് ദൽഹിയിലെ മലയാളികൾക്കിടയിൽ പ്രചാരം നേടുന്ന പല പരിപാടികളും. ആ പരിപാടികൾ വഴി സൃഷ്ടിച്ചെടുക്കുന്ന പൊതുയിടങ്ങളുടെ സ്വഭാവം മതേതരത്വത്തിലോ പുരോഗമന ആശയങ്ങളിലോ അല്ല അടിസ്ഥാനപ്പെടുത്തിയിരിക്കുക എന്നും ഓർക്കേണ്ടിയിരിക്കുന്നു. വലതുപക്ഷ രാഷ്ട്രീയത്തിന്റെ ഭാഗത്തുനിന്ന് മലയാളി കുടിയേറ്റക്കാരുടേതായ പൊതുയിടങ്ങളിലേക്ക് സംഭവിക്കുന്ന കടന്നുകയറ്റത്തെ വെല്ലുവിളിയായി തന്നെയാണ് കാണേണ്ടത്. അത് ഇടങ്ങളെ കൂടുതൽ ഏകതാനമാക്കി തീർക്കുമെന്നും, എല്ലാ വിഭാഗങ്ങളിൽ നിന്നുമുള്ള മനുഷ്യർക്ക് സൌകര്യപൂർവം ഇടപഴകാനുള്ള പൊതുയിടങ്ങളുടെ സ്വഭാവത്തെ ചോദ്യചിഹ്നത്തിലാക്കുമെന്നും പൂർവകാല ഉദാഹരണങ്ങൾ കാണിക്കുന്നുണ്ടല്ലോ. കഴിഞ്ഞ ഡിസംബറിൽ രാജ്യത്താകമാനം ക്രിസ്തുമസ് കരോളുകൾ ആക്രമിക്കപ്പെട്ടു. അത്തരമൊരു ആക്രമണം അരങ്ങേറിയത് ദൽഹിയിലെ ലജ്പത് നഗറിലാണ് എന്നതുതന്നെ, വലതുപക്ഷം മലയാളികളായ കുടിയേറ്റക്കാരുടെ പൊതുയിടങ്ങളെ, ആഘോഷങ്ങളെ എങ്ങനെയാണ് പരിഗണിക്കുന്നത് എന്നത് വ്യക്തമാക്കുന്നുണ്ട്.
ഏതൊരു നഗരത്തെയും ഇന്ന് മനസ്സിലാക്കുന്ന രീതിയിൽ കെട്ടിപ്പടുത്തത് അവിടങ്ങളിലെ കുടിയേറ്റക്കാരായ മനുഷ്യർ കൂടിയാണ്. നഗരങ്ങൾ ആസൂത്രണം ചെയ്ത് നിർമ്മിക്കുമ്പോൾ പലപ്പോഴും അവഗണിക്കപ്പെടുന്നതും അവരാണ്.
പൊതുയിടങ്ങളിലേക്കുള്ള, മലയാളികൾ അടക്കമുള്ള കുടിയേറ്റക്കാരുടെ പ്രവേശനത്തെ, ഇടപെടലിനെ നിയന്ത്രിക്കുന്ന പുതിയ രീതികളും നിലവിൽ വരുന്നുണ്ട്. സുരക്ഷയുടെ പേരിലും മറ്റും മുൻകാലങ്ങളിൽ ഇഷ്ടാനുസരണം പൊതുജനങ്ങൾക്ക് ഉപയോഗിക്കാൻ സാധിച്ചിരുന്ന പൊതുസ്ഥലങ്ങളിലേക്കുള്ള പ്രവേശനവും, ഉപയോഗവും നിയന്ത്രിക്കപ്പെടുന്നു. പാർക്കുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ക്യാമ്പസുകൾ, ഗ്രൌണ്ടുകൾ തുടങ്ങിയ ഇടങ്ങളിൽ പൊതുജനപ്രവേശനം നിയന്ത്രിക്കപ്പെടുന്നു. അവയ്ക്ക് ബദലായി പുതിയ പൊതുയിടങ്ങൾ നിർമ്മിക്കപ്പെടുന്നുമില്ല.
കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് കേരള ഹൗസിൽ ഒരാഴ്ച നീളുന്ന സിനിമാപ്രദർശനം നടക്കാറുണ്ടായിരുന്നത് വർഷങ്ങളായി ഇവിടെ ജീവിച്ച ഒരു മലയാളി ഓർത്തെടുക്കുന്നു. ഒപ്പം, കേരള ഹൗസ് ക്യാന്റീനിൽ നിന്ന് പൊറോട്ടയും, ബീഫും, കപ്പയും, പഴംപൊരിയും, വടയുമെല്ലാം കഴിച്ചശേഷം, സുഹൃത്തുക്കളുടെയും, കുടുംബത്തിന്റെയും കൂടി സിനിമ ആസ്വദിക്കാൻ കഴിഞ്ഞതിന്റെ ആനന്ദവും. എന്നാൽ, കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഈ സിനിമാപ്രദർശനം നടക്കുന്നില്ല.
ഈ അനുഭവം പങ്കുവെച്ച മലയാളിയുടെ ഒരു വിനോദോപാധി മാത്രമല്ല അവിടെ ഇല്ലാതായത്. മലയാളികൾക്ക് ഒരുമിച്ചു കൂടുവാനുള്ള പൊതുയിടം കൂടിയാണ്. മാറിയ OTT കാലഘട്ടത്തിൽ അത്തരം സിനിമാപ്രദർശനങ്ങൾക്ക് പണ്ടുണ്ടായിരുന്ന ജനപ്രീതിയുണ്ടാവുമോ എന്ന സംശയം നിലനിൽക്കുന്നുണ്ട്. എന്നിരുന്നാലും അത്തരം ഇടങ്ങൾ മതേതരമായ ഇടങ്ങൾ കൂടിയാണ് എന്ന് ഓർക്കേണ്ടിയിരിക്കുന്നു.

ഏതൊരു നഗരത്തെയും ഇന്ന് മനസ്സിലാക്കുന്ന രീതിയിൽ കെട്ടിപ്പടുത്തത് അവിടങ്ങളിലെ കുടിയേറ്റക്കാരായ മനുഷ്യർ കൂടിയാണ്. നഗരങ്ങൾ ആസൂത്രണം ചെയ്ത് നിർമ്മിക്കുമ്പോൾ പലപ്പോഴും അവഗണിക്കപ്പെടുന്നതും അവരാണ്. നഗരങ്ങളിലെ പൊതുയിടങ്ങളിലേക്ക് കുടിയേറ്റക്കാർക്കുള്ള അവകാശത്തെ അംഗീകരിക്കുന്നത്, മറ്റാരേയും പോലെ അവർക്കും സുരക്ഷിതമായി പൊതുസ്ഥലങ്ങൾ ഉപയോഗിക്കാനാകും എന്ന് ഉറപ്പു വരുത്തുന്നത്, നമ്മുടെ നഗരങ്ങളെ കൂടുതൽ നീതിയുക്തമായ ഇടങ്ങളാക്കി തീർക്കുന്ന പ്രക്രിയയിലേക്ക് വലിയ സംഭാവന ചെയ്യും. ഇതിനായി നമ്മുടെ നഗരങ്ങളെ, നഗരസൂത്രണ സമീപനങ്ങളെ, വിമർശനാത്മകമായി നോക്കിക്കണ്ടുള്ള ചർച്ചകളും പഠനങ്ങളും ഉണ്ടാവേണ്ടത് പ്രധാനമാണ്. വിവിധ മത- ജാതി-ലിംഗ ന്യൂനപക്ഷങ്ങൾക്ക് പൊതുയിടങ്ങൾ എങ്ങനെയെല്ലാമാണ് അനുഭവേദ്യമാവുന്നത് എന്ന് മനസ്സിലാക്കുവാനും, അനിവാര്യമായ നടപടികൾക്ക് തുടക്കം കുറിക്കാനും അത്തരം ഇടപെടലുകളിലൂടെ സാധിക്കട്ടെ.
