വിദ്യാലയങ്ങളിൽ സൂംബ ഡാൻസ് കൊണ്ടുവരുന്നതിനെ കുറിച്ചുള്ള ചർച്ച കൊടുമ്പിരികൊള്ളുമ്പോഴാണ് കേരളത്തിലെ പ്രധാനപ്പെട്ട ഒരു സർവകലാശാല, വിദ്യാർത്ഥികളോട് രാത്രി പുറത്തിറങ്ങരുതെന്ന തിട്ടൂരം ഇറക്കുന്നത്. അടുത്ത കാലത്തായി ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല ഏറ്റവും കൂടുതൽ ഖ്യാതി നേടിയിരിക്കുന്നത് വിദ്യാർത്ഥി വിരുദ്ധതയുടെ പേരിലാണ്.
കഴിഞ്ഞ ദിവസം സർവ്വകലാശാല ഒരു സർക്കുലർ പുറപ്പെടുവിച്ചു. വിചിത്രമായ കുറെയധികം കാര്യങ്ങളുണ്ടിതിൽ. യഥാർത്ഥത്തിൽ, 2025 ഏപ്രിൽ 3 ന് സർവകലാശാല പുറത്തിറക്കിയ ഓർഡറിൻ്റെ വകഭേദമാണ് പുതിയ സർക്കുലർ. ലഹരി ഉപയോഗം നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായാണ് ആ ഉത്തരവ് സർവകലാശാല പുറത്തിറക്കിയത്.
ഭരണപരമായ ‘അച്ചടക്കം’ എന്ന മുഖംമൂടി നിലനിർത്തുമ്പോൾ അക്കാദമിക് ജീവിതം ഉള്ളിൽ നിന്ന് തന്നെ ഇല്ലാതാകുന്നു. ഇത് അവഗണനയല്ല. ഉന്നത വിദ്യാഭ്യാസ മേഖലയെ അകമേ തകർക്കാനായുള്ള തന്ത്രമാണ്.
ഉത്തരവിലെ ആദ്യത്തെ തീരുമാനം രാത്രി പത്തു മണിക്കുശേഷം വിദ്യാർഥികൾക്ക് സർവകലാശാലയുടെ പുറത്തിറങ്ങാൻ അനുവാദമുണ്ടാകില്ല എന്നതാണ്. പുതിയതായി വന്ന ഉത്തരവിൽ, ഹോസ്റ്റലിൽ 9.30 നുശേഷം പ്രവേശനമുണ്ടാകില്ലെന്നാണ് പറയുന്നത്. വിയോജിപ്പിനെ അപ്പാടെ ഇല്ലാതാക്കുന്ന ഭീഷണിയുടെ സ്വരം ഈ ഉത്തരവുകളിലുണ്ട്.
ഹോസ്റ്റലിൽ വൈകിയാൽ രക്ഷിതാക്കളെ വിളിച്ചറിയിക്കുമെന്നൊക്കെ പറഞ്ഞ് പ്രായപൂർത്തിയായ വിദ്യാർത്ഥികളെയാണ് ഇക്കൂട്ടർ പേടിപ്പിക്കുന്നത്. അതേസമയം, ഇതിന് സമാന്തരമെന്നോണം സർവകലാശാല വിജ്ഞാന ഉൽപ്പാദനത്തിലേക്കുള്ള ഊന്നലിൽ നിന്നും നിരന്തരം നിക്ഷേപം പിൻവലിക്കുന്നുമുണ്ട്. ലൈബ്രറിയിലേക്ക് പുതിയ പുസ്തകങ്ങളൊന്നും വാങ്ങിയിട്ടില്ല. ഗൗരവമേറിയ ഗവേഷണങ്ങൾക്ക് അത്യാവശ്യമായ ജേണൽ സബ്‌സ്‌ക്രിപ്‌ഷനുകൾ വെട്ടിക്കുറച്ചിരിക്കുന്നു. ക്ലാസ് മുറികൾ വേണ്ടത്ര സജ്ജമല്ല. വിദ്യാർത്ഥികൾക്ക് ഹോസ്റ്റൽ സൗകര്യമില്ല. മെസ് കൃത്യമായ രീതിയിൽ നടക്കുന്നില്ല. ഒട്ടും ഗുണനിലവാരമില്ലാത്ത സർട്ടിഫിക്കറ്റാണ് കോഴ്‌സ് കഴിഞ്ഞുപോകുന്ന വിദ്യാർത്ഥികൾക്ക് നൽകുന്നത്. ഗവേഷക ഫെലോഷിപ്പുകൾ വർഷങ്ങളോളം വൈകുന്നു. ഭരണപരമായ ‘അച്ചടക്കം’ എന്ന മുഖംമൂടി നിലനിർത്തുമ്പോൾ അക്കാദമിക് ജീവിതം ഉള്ളിൽ നിന്ന് തന്നെ ഇല്ലാതാകുന്നു. ഇത് അവഗണനയല്ല. ഉന്നത വിദ്യാഭ്യാസ മേഖലയെ അകമേ തകർക്കാനായുള്ള തന്ത്രമായി തന്നെ ഈ ശ്രമങ്ങളെ മനസ്സിലാക്കണം.

സർവകലാശാലകൾ വിജ്ഞാനോൽപാദനത്തിൻ്റെ ഇടങ്ങളാണ്. ഈ ഇടങ്ങളിൽ പ്രായപൂർത്തിയായ വിദ്യാർത്ഥികളാണുള്ളത്. ഈ വിദ്യാർഥികളെ സ്‌കൂൾ വിദ്യാർത്ഥികളെ പോലെയാണ് സർവകലാശാല അധികാരികൾ പരിഗണിക്കുന്നത്.
ഉന്നതവിദ്യാഭ്യാസ മേഖലയെയാകെ അരാഷ്ട്രീയവത്കരിക്കാനുള്ള ശ്രമം തകൃതിയായി നടക്കുന്നുണ്ട്. ഇന്ത്യയിലുടനീളമുള്ള സർവകലാശാലകൾ വ്യവസ്ഥാപിതമായ അവഗണനയും ആക്രമണങ്ങളും നേരിടുന്ന കാലമാണിത്. അപ്പോഴാണ് സംസ്കൃത സർവകലാശാല അക്കാദമിക് ഊന്നലുകൾക്കും ജനാധിപത്യ ഇടപെടലിനും പകരം വിദ്യാർത്ഥികളുടെ നിരീക്ഷണത്തിനും നിയന്ത്രണത്തിനും മുൻഗണന നൽകാൻ മുന്നിട്ടിറങ്ങുന്നത്. ഈ ഉത്തരവുകളുടെ കാതൽ വിദ്യാർത്ഥികളോടും അവരുടെ അവകാശങ്ങളോടുമുള്ള ആഴത്തിലുള്ള അവിശ്വാസമാണ്. അധികാരികൾ സുരക്ഷയുടെയും അച്ചടക്കത്തിന്റെയും ഭാഷയിലൂടെ ഈ നിയന്ത്രണങ്ങളെ ന്യായീകരിക്കുന്നു. പക്ഷേ ഇക്കൂട്ടർ യഥാർത്ഥത്തിൽ സദാചാര പോലീസിംഗിനെ സാധാരണവൽക്കരിക്കുകയാണ് ചെയ്യുന്നത്.
ഗൗരവമേറിയ ഗവേഷണങ്ങൾക്ക് അത്യാവശ്യമായ ജേണൽ സബ്‌സ്‌ക്രിപ്‌ഷനുകൾ വെട്ടിക്കുറച്ചിരിക്കുന്നു. ക്ലാസ് മുറികൾ വേണ്ടത്ര സജ്ജമല്ല. വിദ്യാർത്ഥികൾക്ക് ഹോസ്റ്റൽ സൗകര്യമില്ല. മെസ് കൃത്യമായ രീതിയിൽ നടക്കുന്നില്ല. ഒട്ടും ഗുണനിലവാരമില്ലാത്ത സർട്ടിഫിക്കറ്റാണ് കോഴ്‌സ് കഴിഞ്ഞുപോകുന്ന വിദ്യാർത്ഥികൾക്ക് നൽകുന്നത്. ഗവേഷക ഫെലോഷിപ്പുകൾ വർഷങ്ങളോളം വൈകുന്നു.
ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല ഹോസ്റ്റൽ ഫീസുകൾ ഇരട്ടിയാക്കിയത് ഈയിടെയാണ്. ഗവേഷക വിദ്യാർഥികൾക്ക് മേൽ ബോണ്ട് സമ്പ്രദായം ഏർപ്പെടുത്തുന്ന രീതിയെയും ഫീസ് വർധനവിനെയും ചോദ്യംചെയ്തുകൊണ്ട് വിദ്യാർത്ഥി പ്രസ്ഥാനം വന്നതിൻ്റെ ഭാഗമായാണ് ഈ വിഷയത്തിൽ വിശദ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ അഡ്വ. കെ എസ് അരുൺ കുമാറിൻ്റെ അധ്യക്ഷതയിലുള്ള കമ്മിറ്റിയെ നിയോഗിച്ചത്. പ്രസ്തുത കമ്മിറ്റിയുടെ റിപ്പോർട്ടാണ് ഇപ്പോൾ പുറത്തെത്തിയിരിക്കുന്നത്. ഈ റിപ്പോർട്ടിൽ ഈ സുപ്രധാന വിഷയങ്ങളെ കുറിച്ച് ഒരക്ഷരം പോലുമില്ല. പകരം വിദ്യാർഥികൾക്കുമേൽ പുതിയ തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന സ്ഥിതിയാണുണ്ടായിട്ടുള്ളത്.
രാത്രി 9. 30- നുശേഷം സർവകലാശാലയിൽ
വിദ്യാർത്ഥികൾ എന്തൊക്കെ ചെയ്യും?
രാത്രി വിദ്യാർത്ഥികൾ എന്താണ് ചെയ്യുന്നത് എന്ന ചോദ്യത്തിന്, വിദ്യാർത്ഥികൾക്ക് രാത്രി എന്താണ് ചെയ്തുകൂടാത്തത് എന്ന മറു ചോദ്യമാണ് ചോദിക്കാനുള്ളത്. സർവ്വകലാശാലകൾ സജീവമായ ചലനങ്ങളുടെ ഇടങ്ങളാണ്. രാത്രി അവിടെ വിദ്യാർത്ഥികൾ തോരണങ്ങളും കൊടികളും കെട്ടിയേക്കാം. അധികാരികൾക്കും ഭരണകൂടത്തിനും എതിരെ പോസ്റ്ററുകൾ എഴുതിയേക്കാം. സമരം കിടന്നേക്കാം. ഒരുമിച്ച് കഞ്ഞിയും പയറും വേവിച്ച് തിന്നേക്കാം. സിനിമകൾ പ്രദർശിപ്പിച്ചേക്കാം. ചർച്ച ചെയ്തേക്കാം. നാടകങ്ങൾ അവതരിപ്പിച്ചേക്കാം. പ്രേമിച്ചേക്കാം. ഇതൊന്നും സർവകലാശാല അധികാരികളെ ബാധിക്കുന്ന കാര്യങ്ങളല്ല.

ഡാൻസ്, തിയറ്റർ, ഫൈൻ ആർട്സ് തുടങ്ങിയ കോഴ്സുകൾ സർവകലാശാലയിലുണ്ട്. രാത്രി ഉൾപ്പെടെ പ്രാക്ടീസ് നടക്കാറുണ്ട്. ഒരു സർവകലാശാലയെ ചലനാത്മകമാക്കുന്നത് ഈ ബഹളാന്തരീക്ഷമാണ്. സർവകലാശാലയിൽ ഗവേഷകവിദ്യാർത്ഥികളുണ്ട്. 24 മണിക്കൂർ പ്രവർത്തിക്കുന്ന ഒരു റീഡിംഗ് റൂം നിരന്തരമായ വിദ്യാർത്ഥി സമരത്തിൻ്റെ ഭാഗമായാണ് നേടിയെടുത്തിട്ടുള്ളത്. മിക്ക ഹോസ്റ്റലുകളിലും പഠിക്കാൻ സ്വസ്ഥമായ അന്തരീക്ഷവും ഭൗതിക സൗകര്യങ്ങളും ഇല്ലാത്തതിനാൽ വിദ്യാർത്ഥികൾ ആശ്രയിക്കുന്നത് ഈ ഇടങ്ങളെയാണ്. വിദ്യാർത്ഥികളുടെ ചലന സ്വാതന്ത്ര്യത്തെ നിരോധിക്കുക വഴി മുൻകാലങ്ങളിൽ സമരം വഴി നേടിയെടുത്ത ഇത്തരം ഇടങ്ങൾ അടച്ചുപൂട്ടാൻ കൂടിയാണ് സർവ്വകലാശാല അധികാരികൾ ശ്രമിക്കുന്നതെന്ന് വ്യക്തം.
J Stor പോലുള്ള പ്രധാനപ്പെട്ട ഓൺലൈൻ ജേണലുകൾ പോലും സർവകലാശാല നിർത്തലാക്കി. ഇതിനെല്ലാം ന്യായം സാമ്പത്തിക ബുദ്ധിമുട്ടുകളാണ്. അതേസമയം സർവകലാശാലയിലെ അധികാരികളുടെ കാറുകൾ പാർക്ക് ചെയ്യാൻ ഒരു വലിയ പാർക്കിംഗ് സമുച്ചയം ഈയിടെ ലക്ഷങ്ങൾ ചിലവിട്ട് നിർമ്മിക്കുകയുമുണ്ടായി.
വായിക്കാതെ വളരുക;
വെട്ടിക്കുറക്കുന്ന പുസ്തകങ്ങൾ, ജേണലുകൾ
ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല ലൈബ്രറിയിലേക്ക് അവസാനമായി പുസ്തകങ്ങൾ എന്നാണ് വാങ്ങിയതെന്നത് ഒരു ചോദ്യമാണ്. വിജ്ഞാനോൽപാദനത്തിൻ്റെ കേന്ദ്രമായി മാറേണ്ട സർവകലാശാലാ ലൈബ്രറിയിൽ അഞ്ചുവർഷമായി പുസ്തകങ്ങൾ വാങ്ങിയിട്ട്. കഴിഞ്ഞ വർഷങ്ങളിൽ ലൈബ്രറിയിലെ പല ജേണലുകളുടെയും വരവ് വെട്ടിക്കുറച്ചു. J Stor പോലുള്ള പ്രധാനപ്പെട്ട ഓൺലൈൻ ജേണലുകൾ പോലും സർവകലാശാല നിർത്തലാക്കി. ഇതിനെല്ലാം ന്യായം സാമ്പത്തിക ബുദ്ധിമുട്ടുകളാണ്. അതേസമയം സർവകലാശാലയിലെ അധികാരികളുടെ കാറുകൾ പാർക്ക് ചെയ്യാൻ ഒരു വലിയ പാർക്കിംഗ് സമുച്ചയം ഈയിടെ ലക്ഷങ്ങൾ ചിലവിട്ട് നിർമ്മിക്കുകയുമുണ്ടായി. ഒന്നര വർഷത്തോളം കാലം സർവകലാശാലയുടെ ഫെലോഷിപ്പ് ലഭിക്കാതെ ഗവേഷകർ അനിശ്ചിതകാലം സമരമിരിക്കുമ്പോഴാണ് ഈ പാർക്കിംഗ് ഏരിയ പണിയുന്നത്. ഒരു സർവകലാശാലയുടെ മുഖ്യപരിഗണന അവിടത്തെ വിദ്യാർഥികളിൽ നിന്നും മാറി അധികാരിവർഗ്ഗമാകുന്നതിൻ്റെ സൂചനകൾ ഇതുപോലെ നിരവധിയുണ്ട്.

അധികാരികളുടെ
സദാചാര പോലീസിങ്
കോവിഡിൻ്റെ സാഹചര്യത്തിൽ എങ്ങനെയാണ് ഭരണകൂടം സുരക്ഷയുടെ പേരും പറഞ്ഞ് വലിയ പ്രതിഷേധങ്ങളെയും സമരങ്ങളെയും അടിച്ചമർത്തിയതെന്ന് നമുക്കറിയാം. ശരീരങ്ങളെ വലിയ തോതിൽ നിരീക്ഷണങ്ങൾക്ക് വിധേയമാക്കാനും നിയന്ത്രിക്കാനും ഈ സാഹചര്യം ഉപയോഗിക്കപ്പെട്ടു. ലഹരി ഉപയോഗത്തെ മുൻനിർത്തിയുള്ള ആഖ്യാനങ്ങളെ ഉപയോഗപ്പെടുത്തിയാണ് സർവ്വകലാശാല വിദ്യാർഥികളുടെ അവകാശങ്ങൾ ഹനിക്കാൻ ഒരുങ്ങുന്നത്. വിദ്യാർത്ഥികളുടെ സ്വതന്ത്രമായ സഞ്ചാരത്തെ വിലക്കാൻ പുതിയ സാഹചര്യം പ്രയോജനപ്പെടുന്നു. ശരീരങ്ങൾക്ക് മേൽ നിയന്ത്രണം ഏർപ്പെടുത്താൻ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് സുരക്ഷയെ കേന്ദ്രീകരിച്ചുള്ള ആഖ്യാനങ്ങളാണ്. രാത്രിയിൽ അപകടം ഒളിഞ്ഞിരിക്കുന്നുണ്ട്. ഈ സന്ദർഭത്തിൽ തന്തയാകേണ്ട ബാധ്യത സർവകലാശാല സ്വയം ഏറ്റെടുക്കുന്നു. വിദ്യാർത്ഥികളെ സംരക്ഷിക്കാനെന്ന വ്യാജേനെയാണ് വിദ്യാർഥിവിരുദ്ധ നിലപാടുകളധികവും മുന്നോട്ടുവരുന്നത്. ഹോസ്റ്റൽ കർഫ്യൂ വഴി വിദ്യാർത്ഥികൾക്ക് സുരക്ഷ നൽകുമെന്ന് അധികാരികൾ കരുതുന്നു. അതേസമയം വിദ്യാർഥികൾക്ക് സുരക്ഷ വേണ്ടത് ഈ അധികാരികളുടെ സദാചാര കണ്ണുകളിൽ നിന്നാണ്. രാത്രിയിൽ ആൺകുട്ടികളും പെൺകുട്ടികളും ഇടകലരുമെന്ന ഭീതിയിലാണ് ഈ നിയമങ്ങളെല്ലാം പ്രയോഗിക്കുന്നതെന്ന് വ്യക്തം.

ഈ ഉത്തരവുകൾ തീർച്ചയായും സുരക്ഷയെക്കുറിച്ചല്ല, നിയന്ത്രണത്തെക്കുറിച്ചാണ്. വിദ്യാർത്ഥികളുടെ ക്ഷേമത്തിൽ യഥാർത്ഥത്തിൽ ആശങ്കയുണ്ടെങ്കിൽ, ആദ്യം ലൈബ്രറിക്ക് ധനസഹായം നൽകാനും, ജേണൽ ആക്‌സസ് പുനഃസ്ഥാപിക്കാനും, ഗവേഷകർക്ക് ഫെലോഷിപ്പുകൾ ഉറപ്പാക്കാനും, ഹോസ്റ്റൽ മെസ് സൗകര്യങ്ങൾ നൽകാനും സർവകലാശാല തയ്യാറാകുക. പൊതു ഇടങ്ങളിൽ വിദ്യാർത്ഥികളുടെ സാന്നിധ്യത്തെ ഇല്ലാതാക്കിയല്ല സുരക്ഷ ഒരുക്കേണ്ടത്. വിദ്യാർത്ഥികൾക്ക് ആവശ്യമായ വിഭവങ്ങളും സ്വാതന്ത്ര്യവും ഒരുക്കിയാണ്. ഗവേഷക വിദ്യാർത്ഥികൾക്ക് ഫെല്ലോഷിപ്പ് നൽകാതെയും ഫീസ് കുത്തനെ ഉയർത്തിയുമല്ല സുരക്ഷ ഉറപ്പാക്കേണ്ടത്. വിദ്യാർത്ഥികളുടെ ആവശ്യങ്ങളെ പരിഗണിച്ചും വേണ്ടത്ര പിന്തുണ നൽകിയുമാണ്. കർഫ്യൂവിനെ ചെറുക്കുന്നതിലൂടെ, വിദ്യാർത്ഥികൾ വൈകിയും പുറത്തുനിൽക്കാൻ ആവശ്യപ്പെടുക മാത്രമല്ല ചെയ്യുന്നത്. ചിന്തിക്കുന്ന വ്യക്തികളായി, ക്യാമ്പസിലെ പൂർണ്ണ പൗരന്മാരായി പരിഗണിക്കപ്പെടാനുള്ള അവകാശമാണ് അവർ ആവശ്യപ്പെടുന്നത്. ഒരു സർവകലാശാല ആശയങ്ങളുടെ ഇടമായിരിക്കണം, അല്ലാതെ സദാചാര നിരീക്ഷണങ്ങളുടെയല്ല.
വിദ്യാർത്ഥികളുടെ ചാരിത്ര്യം സംരക്ഷിക്കേണ്ട ജോലി സർവകലാശാല ഏറ്റെടുക്കേണ്ട.
