എൻ.ഐ.ടി അധ്യാപികയോട് നാളെ
സ്‌റ്റേഷനിൽ നേരിട്ട് ഹാജരാകണമെന്ന് പോലീസ്

ഇന്ത്യൻ ഭൂപടത്തെ കാവിവൽക്കരിച്ച് വികൃതമാക്കിയതിനെതിരെ പ്രതിഷേധിച്ച് വിദ്യാർഥിയെ സസ്‌പെൻഡ് ചെയ്യുന്നതിൽ ഉത്സാഹം കാണിച്ച എൻ.ഐ.ടി അധികൃതർ, അദ്ധ്യാപികക്കെതിരായ നടപടി മനഃപൂർവ്വം വൈകിപ്പിക്കുന്നതായി വിദ്യാർഥികൾ ആരോപിക്കുന്നു.

Think

മൂഹ മാധ്യമത്തിൽ ഗോഡ്‌സെയെ പിന്തുണച്ച് കമന്റിട്ട കേസിൽ കോഴിക്കോട് എൻ.ഐ.ടി അധ്യാപിക ഷൈജ ആണ്ടവനോട് സ്റ്റേഷനിൽ നേരിട്ട് ഹാജരാകാൻ നിർദ്ദേശിച്ച് പോലീസ്. കഴിഞ്ഞ ദിവസം ഷൈജ ആണ്ടവന്റെ വീട്ടിലെത്തി കുന്ദമംഗലം പോലീസ് അവരെ ചോദ്യം ചെയ്തിരുന്നു. അദ്ധ്യാപികക്കെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ വിവാദങ്ങളെ തുടർന്ന് അദ്ധ്യാപിക അവധിയിൽ പ്രവേശിച്ചതോടെ ചോദ്യം ചെയ്യൽ വൈകി. കുന്ദമംഗലം ഇൻസ്‌പെക്ടർ എസ്.ശ്രീകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ജനുവരി 13 ന് അദ്ധ്യാപികയോട് പോലീസ് സ്‌റ്റേഷനിൽ നേരിട്ട് ഹാജരാകാൻ നിർദ്ദേശിച്ചതായി പോലീസ് അറിയിച്ചു.

നാഥുറാം വിനായക് ഗോഡ്‌സെയെ പ്രകീർത്തിച്ച് കമന്റിട്ടത് താൻ തന്നെയാണെന്ന് അദ്ധ്യാപിക ചോദ്യംചെയ്യലിനിടെ സമ്മതിച്ചതായി പോലീസ് പറയുന്നു. മഹാത്മാഗാന്ധി രക്തസാക്ഷിദിനത്തിൽ ഗോഡ്‌സെയെ പ്രകീർത്തിച്ച് അഡ്വ. കൃഷ്ണരാജ് പങ്കുവെച്ച പോസ്റ്റിന് താഴെയാണ് 'ഇന്ത്യയെ രക്ഷിച്ച ഗോഡ്‌സെ അഭിമാനം' എന്ന കമന്റ് അദ്ധ്യാപികയിടുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉയരുമ്പോഴും അഭിപ്രായത്തിൽ ഉറച്ചുനിൽക്കുകയാണെന്ന നിലപാടിലായിരുന്നു ഇവർ. രാഷ്ട്രീയ സംഘടനകൾ, വിഷയം ഏറ്റെടുത്ത് പ്രതിഷേധം ശക്തമാക്കിയതോടെയാണ് അദ്ധ്യാപിക ഒളിവിൽ പോയത്. അദ്ധ്യാപികക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എൻ.ഐ.ടി വിദ്യാർഥി യൂണിയനും ഡയറക്ടർക്ക് പരാതി നൽകിയിട്ടുണ്ട്. വിഷയത്തെക്കുറിച്ച് അന്വേഷിക്കാൻ ഇന്റേണൽ അന്വേഷണ സമിതിയെ നിയമിച്ചതായി എൻ.ഐ.ടി അധികൃതർ അറിയിച്ചിട്ടുണ്ട്. അദ്ധ്യാപികയുടെ അഭിപ്രായത്തെ പിന്തുണക്കുന്നില്ലെന്നും അന്വേഷണ സമിതിയുടെ റിപ്പോർട്ട് കിട്ടിയാൽ ഉചിതമായ നടപടിയെടുക്കുമെന്നുമാണ് അധികൃതർ പറയുന്നത്.

അദ്ധ്യാപികക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എൻ.ഐ.ടി ഡയറക്ടർക്ക് വിദ്യാർഥിയൂണിയൻ നൽകിയ പരാതി

ഇന്ത്യൻ ഭൂപടത്തെ കാവിവൽക്കരിച്ച് വികൃതമാക്കിയതിനെതിരെ പ്രതിഷേധിച്ച് വിദ്യാർഥിയെ സസ്‌പെൻഡ് ചെയ്യുന്നതിൽ ഉത്സാഹം കാണിച്ച എൻ.ഐ.ടി അധികൃതർ, അദ്ധ്യാപികക്കെതിരായ നടപടി മനഃപൂർവ്വം വൈകിപ്പിക്കുന്നതായാണ് വിദ്യാർഥികൾ ആരോപിക്കുന്നത്. അദ്ധ്യാപികക്കെതിരെ എത്രയും പെട്ടെന്ന് നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കാമ്പസിന് പുറത്ത് വിദ്യാർഥി-രാഷ്ട്രീയ സംഘടനകളുടെ പ്രതിഷേധം തുടരുകയാണ്.

Comments