എ പ്ലസുകാര്‍ ആരോടാണ് ജയിക്കുന്നത്?

ഈ സ്കോർ കാർഡുകളുടെ തിളക്കങ്ങൾക്കുമപ്പുറത്ത്, വൈവിധ്യപൂർണ്ണവും എല്ലാറ്റിനെയും ഉൾക്കൊള്ളുന്നതുമായൊരു ആവാസ വ്യവസ്ഥയും അനുബന്ധ ഘടകങ്ങളുമാണ് ഒരു മികച്ച മനുഷ്യനെ രൂപപ്പെടുത്താൻ ആവശ്യം എന്ന് നമ്മൾ ഇനി എപ്പോഴാണ് മനസ്സിലാക്കുക?

കുട്ടികളും രക്ഷിതാക്കളും വെട്ടിത്തിളങ്ങുന്ന എപ്ലസ് മാർക് ലിസ്റ്റും വീശി വരുന്ന നാളുകൾ വീണ്ടും എത്തിയിരിക്കുന്നു.

എ പ്ലസ്സിലോ എ ഗ്രേഡിലോ കുറഞ്ഞ എന്തു കണ്ടാലും "അയ്യോ എന്തേ മാർക്ക് ഇത്ര കുറഞ്ഞു പോയത് " എന്ന മട്ടിലാവും ആളുകളുടെ നോട്ടം. എ പ്ലസ് കുട്ടികളുടെയും രക്ഷിതാക്കളുടെയും മുഖത്തെ ആ സന്തോഷത്തിന്റെയും , 'ഞാൻ ഇതാ എല്ലാം നേടിക്കഴിഞ്ഞിരിക്കുന്നു' എന്ന ഭാവത്തിന്റെയും കാര്യം പിന്നെ പറയേണ്ടല്ലോ.

സ്കോറുകളിലും ഗ്രേഡുകളിലുമുള്ള ഈ കുതിച്ചു കയറ്റം ഏതാണ്ട് രണ്ടു പതിറ്റാണ്ടു കാലം മുമ്പാണ് തുടങ്ങിയതെന്ന് തോന്നുന്നു. എൺപതോ എൺപത്തഞ്ചോ ശതമാനമൊക്കെ ആയിരുന്നു ഒരു കാലത്ത് നമ്മുടെ ടോപ്പ് സ്കോർ . ഇന്ന് അത് 98 ഉം 99 ഉം ഒക്കെ ആയിരിക്കുന്നു. 90 ശതമാനത്തിൽ കുറഞ്ഞതൊന്നും സ്വീകാര്യമല്ല - കുട്ടികൾക്കായാലും രക്ഷിതാക്കൾക്കായാലും അധ്യാപകർക്കായാലും.

കുട്ടികളുടെ വൻവിജയത്തെക്കുറിച്ച് മാതാപിതാക്കൾക്ക് പൊങ്ങച്ചം പറയാമെന്നല്ലാതെ, കുട്ടിയുടെ സമഗ്രമായ വളർച്ചയ്ക്ക് ഈ മാർക്കിനെക്കൊണ്ട് ഒരു ഉപകാരവുമില്ലെന്ന കാര്യം അവർക്ക് അറിഞ്ഞുകൂടാ. സത്യത്തിൽ, കുട്ടിയുടെ വൈജ്ഞാനിക ആവശ്യങ്ങൾക്ക് ഈ മാർക്കുകൾ ദോഷമാണ് ചെയ്യുക.

ആരാണ് ഈ പ്രവണത ആരംഭിച്ചത്? ഈ ഉയർന്ന ഗ്രേഡുകൾ എന്ത് ലക്ഷ്യമാണ് നിറവേറ്റുന്നത്?

വിദ്യാഭ്യാസത്തിന്റെ ലക്ഷ്യത്തെക്കുറിച്ച് നമ്മൾ ചിന്തിക്കുകയെങ്കിലും ചെയ്യുന്നുണ്ടോ? നമുക്കിനി തിരിച്ചു പോകാനും, ഈ സ്‌കോർ കാർഡുകൾക്കും ഗ്രേഡുകൾക്കും അപ്പുറം വിദ്യാഭ്യാസത്തെക്കുറിച്ച് സമഗ്രമായി ചിന്തിക്കാനും കഴിയുമോ?

സ്കൂളുകളിലെ ഈ അനാരോഗ്യകരമായ സമ്പ്രദായങ്ങളുടെയും മത്സരങ്ങളുടെയും പ്രത്യാഘാതങ്ങൾ, പ്രത്യേകിച്ച്, കഴിഞ്ഞ ചില വർഷങ്ങളിൽ നമ്മൾ കടന്നുവന്ന വെല്ലുവിളി നിറഞ്ഞതും അസ്വസ്ഥതയുളവാക്കുന്നതുമായ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ, നമ്മുടെ കുട്ടികളെ കൂടുതൽ നിരാശാഭരിതരാക്കുകയാണ് ചെയ്യുന്നത്. മുമ്പെങ്ങുമില്ലാത്തവിധം അവരെ ദോഷകരമായി ബാധിക്കുന്നുണ്ട് ഇതെല്ലാം.

ഉയർന്ന ഗ്രേഡുകളോടുള്ള ഈ അഭിനിവേശം മൂലം വിദ്യാർത്ഥികൾ ഇപ്പോൾ സദാ സമയവും പരീക്ഷകളിലും കാണാപ്പാഠങ്ങളിലും മുഴുകിയിരിക്കുന്നു. അധ്യാപകരാകട്ടെ പാഠഭാഗങ്ങൾ അടയാളപ്പെടുത്തി കുട്ടികളുടെ മുമ്പിലെത്തിക്കാൻ പണിയോട് പണിയെടുത്ത് അമിതഭാരം പേറുന്നു. രക്ഷിതാക്കളോ കുട്ടികളുടെ എന്ത് ആവശ്യവും നിറവേറ്റിക്കൊടുക്കാനുള്ള കാരണമായാണ് ഈ ഗ്രേഡുകളെ കാണുന്നത്. തങ്ങൾക്ക് എന്തോ വലുത് കിട്ടിക്കഴിഞ്ഞുവെന്നാവും അപ്പോൾ കുട്ടികൾക്ക് തോന്നുക. കിട്ടിയത് പോരാ എന്ന് വീണ്ടും വീണ്ടും തോന്നുകയും ചെയ്യും. രക്ഷിതാക്കളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയർന്ന മാർക്കും ഗ്രേഡും കിട്ടിയാലേ തങ്ങളുടെ ആഗ്രഹങ്ങൾ നിറവേറ്റിക്കിട്ടൂ എന്ന് വിശ്വസിക്കാൻ അത് കുട്ടികളെ പ്രേരിപ്പിക്കുന്നു.

ഇത് കുട്ടികളിലുണ്ടാക്കുന്ന മാനസിക സമ്മർദ്ദത്തിന്റെ ഭീകരത നമ്മൾ ഒട്ടും തിരിച്ചറിഞ്ഞിട്ടില്ല. കുട്ടികൾ അനുഭവിക്കുന്ന ഏകാന്തതയും, സാമൂഹ്യബന്ധങ്ങളിൽ അവർക്കുണ്ടാവുന്ന പരാജയങ്ങളും നമ്മൾ കാണുന്നുണ്ടെങ്കിലും.

നൂറ് ശതമാനവും അതിനടുത്തും മാർക്ക് വാരിക്കോരി നൽകുന്ന ഈ അനാരോഗ്യകരമായ സമ്പ്രദായം അവസാനിപ്പിച്ചില്ലെങ്കിൽ ഏതു സമയവും ആത്മഹത്യകളും വിഷാദരോഗവും മഹാമാരി പോലെ പടർന്നു പിടിച്ചേക്കാമെന്ന് മാനസികാരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്.

ക്ലാസിൽ ഉയർന്ന റാങ്ക് നേടാൻ വിദ്യാർത്ഥികൾ നിർബന്ധിക്കപ്പെടുമ്പോൾ, മികവ് പുലർത്തേണ്ടതിന്റെ ആവശ്യകത അവരുടെ മനസ്സിലേക്ക് തുളച്ചുകയറുകയാണ് ചെയ്യുന്നത്. ജീവിതത്തിന്റെ മറ്റു പല വശങ്ങളും ത്യജിച്ച്, മാർക്കിൽ മാത്രമാണ് കാര്യം എന്ന ചിന്ത ഊട്ടിയുറപ്പിക്കുന്ന തരം പഠനങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് അത് ഇടയാക്കും.

വളരുന്ന പ്രായത്തിൽ അവർ സാമൂഹിക ശേഷികളിലും യഥാർത്ഥ നൈപുണ്യ നിർമ്മാണത്തിലും വട്ടപ്പൂജ്യമായി മാറുകയാവും അതിന്റെ ഫലം എന്ന യാഥാർത്ഥ്യത്തെ നമ്മൾ അവഗണിക്കുകയാണ്. സ്കോർ ഷീറ്റിലെ തിളക്കം മാത്രം സ്വപ്നം കാണുന്ന രക്ഷിതാക്കൾ കുട്ടികളോട് അവരുടെ അടിസ്ഥാന ആവശ്യങ്ങൾക്ക് ഉപകരിക്കുന്ന സാമൂഹിക ശേഷികളെക്കുറിച്ച് വേണ്ട വിധം പറഞ്ഞു കൊടുക്കുന്നില്ല.

ദൈനംദിന ജോലികൾ, വീട്ടിലെ ഉത്തരവാദിത്തങ്ങൾ പങ്കിടൽ, സ്വതന്ത്ര വ്യക്തിത്വം രൂപപ്പെടുത്തൽ തുടങ്ങിയ നിത്യജീവിതാവശ്യങ്ങൾ നിറവേറ്റുന്നതിൽ കുട്ടികൾ പരാജയപ്പെടുകയാവും അതിന്റെ ഫലം. സ്വന്തം വികാരങ്ങൾ പ്രകടിപ്പിക്കേണ്ടി വരുന്ന ഘട്ടങ്ങളിൽ അവർ കഷ്ടപ്പെടേണ്ടിവരും എന്നതാണ്

ഏറ്റവും ദുഃഖകരം. അഥവാ ആ കുട്ടികൾ അവർക്കറിയാവുന്ന വഴികളിൽ ആ വികാരങ്ങൾ പ്രകടിപ്പിച്ചാലോ, പന്തയത്തിൽ തോറ്റുപോവുമെന്ന് ഭയന്ന് രക്ഷിതാക്കൾ അത് കണ്ടില്ലെന്ന് നടിക്കുന്നു.

കുട്ടികളെ പരസ്പരം താരതമ്യം ചെയ്ത് സംസാരിക്കുന്നത് അവരെ മികച്ച പ്രകടനം നടത്താൻ പ്രേരിപ്പിക്കുമെന്ന് പലരും വിശ്വസിക്കുന്നുണ്ട്. കുട്ടികൾക്കിടയിൽ ഈഗോ വളർത്താനും അനാരോഗ്യകരമായ ബന്ധങ്ങളിലേക്ക് നയിക്കാനും മാത്രമേ അത് ഉപകരിക്കൂ. താരതമ്യങ്ങൾ കുട്ടിയുടെ പഠിക്കാനുള്ള അന്തർലീനമായ കഴിവിനെ ബാധിക്കുകയും അത്യാഗ്രഹം നിറഞ്ഞ പെരുമാറ്റത്തിലേക്ക് നയിക്കുകയും ചെയ്യും. സമപ്രായക്കാരുമായോ സുഹൃത്തുക്കളുമായോ ബന്ധുക്കളുമായോ താരതമ്മ്യം ചെയ്യപ്പെടുമ്പോൾ, അവരുമായി ശത്രുത വളർത്തിയെടുക്കാൻ കുട്ടികൾ നിർബന്ധിതരാവുന്നു. അങ്ങനെ, വളരെ ചെറുപ്പം മുതലേ അനാരോഗ്യകരമായ ബന്ധങ്ങൾ ഉണ്ടാവുന്നു.

ചിലരുടെ ആത്മാഭിമാനത്തിന് ജീവിതകാലം മുഴുവൻ ക്ഷതമേൽക്കുക വരെ ചെയ്യാം. തങ്ങളുടെ കുട്ടികളെ ‘സൂപ്പർ ചിൽഡ്രൻ’ ആയി മറ്റുള്ളവർക്കു മുമ്പിൽ പ്രദർശിപ്പിക്കാനുള്ള തിരക്കിനിടെ മാതാപിതാക്കൾ കുട്ടിയുടെ വൈകാരികാവസ്ഥയെ അവഗണിക്കുന്നു. കുട്ടികളുടെ , വളർന്നു വരുന്ന പ്രായത്തിലെ സാമൂഹികവും വൈകാരികവുമായ ആവശ്യങ്ങൾ കൂടിയാണ് അതിലൂടെ നിരാകരിക്കപ്പെടുന്നത്. മത്സരത്തിൽ തങ്ങൾക്ക് ഭീഷണിയാകുന്ന "എതിരാളികളുടെ" പ്രവർത്തനങ്ങളെയും പെരുമാറ്റങ്ങളെയും അനുകരിക്കാൻ കുട്ടികൾ ശ്രമിക്കുന്നു. അതുവഴി അവരുടെ സ്വതന്ത്ര വ്യക്തിത്വബോധം നഷ്‌ടപ്പെടുന്നു. മുഖ്യധാരാ മാധ്യമങ്ങളിലെ റിയാലിറ്റി ഷോകളിൽ അതാണ് നമ്മൾ കാണുന്നത്.

അങ്ങനെ, സമപ്രായക്കാരേക്കാൾ കുറഞ്ഞ ഗ്രേഡുകൾ നേടുന്ന കുട്ടികൾ എല്ലായ്പ്പോഴും സാമൂഹികമായ ഒറ്റപ്പെടലിനും മുൻവിധികൾക്കും സ്റ്റീരിയോടൈപ്പ് കുറ്റപ്പെടുത്തലുകൾക്കും വിധേയരാകുന്നു.

അക്കാദമിക് പഠനങ്ങൾ മാത്രമാണ് ഭാവിജീവിതത്തിന്റെ ലക്ഷ്യവും മാർഗവും എന്ന് വിശ്വസിക്കുന്ന രക്ഷിതാക്കൾ കുട്ടികളെ കൂടുതൽ അക്കാദമിക് കേന്ദ്രീകൃതമായ സ്ഥാപനങ്ങളിൽ ചേർക്കാനാണ് താൽപ്പര്യപ്പെടുക. കുട്ടികളുടെ കൂട്ടായ കഴിവുകളിലോ നൈപുണ്യ വികസനത്തിലോ അവർ ശ്രദ്ധിക്കുന്നില്ല. അക്കാദമിക് ശേഷികൾക്ക് മാത്രം മുൻഗണന നൽകാനുള്ള ശ്രമത്തിൽ അവർ കുട്ടികൾക്ക് മേൽ നിരവധി നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നുമുണ്ട്. സ്വയം കണ്ടെത്താനോ , സ്വാതന്ത്ര്യം അനുഭവിക്കാനോ കഴിയാതെ ആ കുട്ടികൾക്ക് ശ്വാസം മുട്ടും. ഒടുവിൽ, പ്രായത്തിനു ചേരാത്ത പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യും.

കുട്ടികൾക്ക് അക്കാദമിക്സിന് പുറമേയുള്ള താൽപ്പര്യങ്ങളും കഴിവുകളും എന്തൊക്കെയാണെന്ന് കണ്ടെത്താനോ മനസ്സിലാക്കാനോ കർക്കശക്കാരായ രക്ഷിതാക്കൾ ശ്രമിക്കാറില്ല. അവർ അത് ഇഷ്ടപ്പെടുന്നുമില്ല.

കുട്ടികളുമായി അടുത്ത് ഇടപഴകി പ്രവർത്തിക്കുന്ന ഒരു വ്യക്തി എന്ന നിലയിൽ പറയട്ടെ, കുട്ടികളുടെ മൃദുലമായ ആവശ്യങ്ങൾ പോലും മനസ്സിലാക്കാൻ മടിക്കുന്ന മാതാപിതാക്കളുടെ പിടിവാശിക്കു മുമ്പിൽ, ആ കഞ്ഞുങ്ങളെ വൈകാരികമായോ സാമൂഹികമായോ സഹായിക്കാൻ കഴിയാതെ, സ്വന്തം നിസ്സഹായത ഓർത്ത് പലതവണ ഞാൻ പൊട്ടിക്കരഞ്ഞു പോയിട്ടുണ്ട്. കൂടാതെ, സിലബസിനെ ‘ഓടിപ്പിടിക്കാനുള്ള’ പരക്കംപാച്ചിലിനിടയിൽ, പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് വീട്ടിൽ നിന്നുള്ള പിന്തുണയില്ലാതെ സ്വന്തം കാര്യം ഒറ്റയ്ക്കു തന്നെ നോക്കേണ്ടി വരും.

സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളിൽ നിന്നുള്ള കുട്ടികളെയാണ് പുതിയ കാലത്തെ വേഗമേറിയ പഠനരീതികൾ ഏറ്റവും കൂടുതൽ പ്രതികൂലമായി ബാധിക്കുന്നത്. അവർക്കായിരിക്കുമല്ലോ വീട്ടിൽ നിന്നുള്ള സഹായം ഏറ്റവും കുറവ്. വിദ്യാർഥികളുടെ മാനസിക വികാസത്തെ ഇതെല്ലാം എങ്ങനെയാണ് ബാധിക്കുക എന്നാലോചിക്കാതെ സിലബസ് തീർക്കാൻ പരക്കം പായുന്ന അധ്യാപകരാകട്ടെ സ്ഥിതി കൂടുതൽ വഷളാക്കുകയാണ്. കുട്ടികളുടെ സമഗ്രമായ വികസനത്തിൽ തെല്ലും ശ്രദ്ധിക്കാതെ, ‘നൂറിൽ നൂറ്’ വിജയങ്ങളും നൂറു മേനി സർട്ടിഫിക്കറ്റുകളും മാത്രമാണ് അവരുടെ പ്രതിഭയുടെയും നൈപുണ്യത്തിന്റെയും സൂചകം എന്ന് അത്തരം അധ്യാപകർ കരുതുന്നു.

അക്കാദമിക് രംഗത്തെ ഈ രോഗാതുരമായ പ്രവണത കുട്ടികളുടെ ജീവിതത്തിലുണ്ടാക്കുന്ന മാനസികവും വൈകാരികവുമായ പ്രത്യാഘാതങ്ങളെ രക്ഷിതാക്കളും വിദ്യാഭ്യാസ വിദഗ്ധരും സർക്കാരുകളും ഒരുപോലെ അവഗണിക്കുകയാണ്.

സ്വന്തമായ വ്യക്തിത്വമില്ലാത്ത പ്രദർശനവസ്തുക്കൾ മാത്രമായി കുട്ടികളെ മാറ്റുന്നതിലൂടെ അവരുടെ മനോനിലയ്ക്കും വൈജ്‌ഞാനിക ശേഷികൾക്കും വരുത്തിവയ്ക്കുന്ന നാശനഷ്ടം എത്രയെന്ന് തിരിച്ചറിയാൻ പോലും കഴിയാത്തൊരു ലോകത്തിലേക്കാണോ നമ്മുടെ ഈ പോക്ക്?

സാഹചര്യങ്ങളോട് പൊരുത്തപ്പെടാനുള്ള കുട്ടികളുടെ കഴിവും അവരുടെ വിശേഷബുദ്ധിയും വിലയിരുത്താൻ ഗ്രേഡിങ്ങിനുമപ്പുറം മാനുഷിക രീതികളും പ്രായോഗിക ലോകവീക്ഷണങ്ങളും ഉപയോഗപ്പെടുത്താൻ നമ്മൾ തയ്യാറാവേണ്ടിയിരിക്കുന്നു.

ഈ സ്കോർ കാർഡുകളുടെ തിളക്കങ്ങൾക്കുമപ്പുറത്ത്, വൈവിധ്യപൂർണ്ണവും എല്ലാറ്റിനെയും ഉൾക്കൊള്ളുന്നതുമായൊരു ആവാസ വ്യവസ്ഥയും അനുബന്ധ ഘടകങ്ങളുമാണ് ഒരു മികച്ച മനുഷ്യനെ രൂപപ്പെടുത്താൻ ആവശ്യം എന്ന് നമ്മൾ ഇനി എപ്പോഴാണ് മനസ്സിലാക്കുക? രക്ഷിതാക്കളുടെ ആശകളുടെയും അഭിലാഷങ്ങളുടെയും അന്തസിന്റെയും തുടർച്ച മാത്രമായി കുട്ടികളെ കാണാതെ, കുട്ടികളെ അവരുടെ സ്വന്തം വ്യക്തിത്വത്തിന്റെ അടിസ്ഥാനത്തിൽ ഉൾക്കൊള്ളാൻ നമ്മൾ എന്നാണ് പഠിക്കുക ?

ഉയർന്ന മാർക്കുകളും ഗ്രേഡുകളും മാത്രം ലക്ഷ്യമാക്കുന്നതിന്റെ ഏറ്റവും നിർഭാഗ്യകരമായ ഫലം എന്താണെന്ന് വച്ചാൽ, യഥാർത്ഥ പ്രതിഭയും വിശേഷബുദ്ധിയും ആവശ്യമായി വരുന്ന മത്സരങ്ങളിൽ ഈ കുട്ടികൾ ദയനീയമായി പരാജയപ്പെടുന്നു. തങ്ങൾ നേടിയ ഉയർന്ന മാർക്കുകളോട് നീതി പുലർത്താൻ അവർക്ക് കഴിയാതെ പോവുകയും ചെയ്യുന്നു.

Comments