ജനസംഖ്യാവളർച്ചാ നിരക്കിനേക്കാൾ വിദ്യാർഥി ആത്മഹത്യ നിരക്ക്, കണക്കുകൾ ഭയപ്പെടുത്തുമ്പോൾ

കഴിഞ്ഞ ദശകത്തിൽ 0-24 വയസ് പ്രായമുള്ളവരുടെ ജനസംഖ്യ 582 ദശലക്ഷത്തിൽ നിന്ന് 581 ദശലക്ഷമായി കുറഞ്ഞപ്പോൾ വിദ്യാർഥികളുടെ ആത്മഹത്യകളുടെ എണ്ണം 6,654 ൽ നിന്ന് 13,044 എന്ന നിലയിലേക്ക് വർധിച്ചിട്ടുണ്ട് എന്നാണ് ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണ്ടെത്തൽ.

രാജ്യത്തെ വിദ്യാർഥികളുടെ ആത്മഹത്യ നിരക്ക് ജനസംഖ്യാ വളർച്ചാ നിരക്കിനെ മറികടന്നതായി ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണ്ടെത്തൽ. അക്കാദമിക് സമ്മർദം, സാമൂഹിക വിവേചനം, തൊഴിലില്ലായ്മ, സാമ്പത്തിക പ്രശ്‌നങ്ങൾ, സാമൂഹിക അവഗണന, റാഗിങ്, ഒറ്റപ്പെടൽ, പ്രണയ പരാജയം, തുടങ്ങിയവയെല്ലാം ആത്മഹത്യ കൂടുന്നതിനുള്ള കാരണങ്ങളായി കണ്ടെത്തുന്ന പഠനത്തിൽ കഴിഞ്ഞ പത്ത് വർഷത്തിനിടെ 57 ശതമാനം വരെ വർധനവുണ്ടായതായി പറയുന്നു. ഐ.സി 3 വാർഷികത്തിലും 2024 എക്‌സ്‌പോയിലുമാണ് വിദ്യാർഥി ആത്മഹത്യ: ഇന്ത്യയെ തുടച്ചു നീക്കുന്നു ( 'Student suicides: An epidemic sweeping India') എന്ന റിപ്പോർട്ട് എൻ.സി.ആർ.ബി പുറത്തു വിട്ടത്. രാജ്യത്തെ ആത്മഹത്യാ നിരക്ക് പ്രതിവർഷം രണ്ട് ശതമാനം വർധിക്കുമ്പോൾ വിദ്യാർഥി ആത്മഹത്യാ നിരക്ക് നാല് ശതമാനം വർധിച്ചതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ 20 വർഷത്തിനുള്ളിൽ വിദ്യാർഥി ആത്മഹത്യകൾ ദേശീയ ശരാശരിയുടെ ഇരട്ടിയായി വർധിച്ചിട്ടുണ്ടെന്ന ഞെട്ടിപ്പിക്കുന്ന കണക്കുകൾ ബുധനാഴ്ചയാണ് നാഷണൽ ക്രൈം റെക്കോർഡ് ബ്യൂറോ പുറത്തു വിട്ടത്. 2022ൽ വിദ്യാർഥി ആത്മഹത്യകളിൽ 53 ശതമാനം ആൺകുട്ടികളാണ്. കഴിഞ്ഞ ദശകത്തിൽ 0-24 വയസ് പ്രായമുള്ളവരുടെ ജനസംഖ്യ 582 ദശലക്ഷത്തിൽ നിന്ന് 581 ദശലക്ഷമായി കുറഞ്ഞപ്പോൾ വിദ്യാർഥികളുടെ ആത്മഹത്യകളുടെ എണ്ണം 6,654 ൽ നിന്ന് 13,044 എന്ന നിലയിലേക്ക് വർദ്ധിച്ചു. 2012 - 21 കാലഘട്ടത്തിൽ 97571 വിദ്യാർഥി ആത്മഹത്യകളാണ് റിപ്പോർട്ട് ചെയ്തത്. 2002-2011 ലേതിനേക്കാൾ 57 ശതമാന വർധനവ്.

മഹാരാഷ്ട്ര, തമിഴ്‌നാട്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ വിദ്യാർഥി ആത്മഹത്യകൾ നടക്കുന്നത്. ആകെ ആത്മഹത്യനിരക്കിന്റെ മൂന്നിലൊന്നും ഈ സംസ്ഥാനങ്ങളിൽ നിന്നാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

2012 - 21 കാലഘട്ടത്തിൽ 97571 വിദ്യാർഥി ആത്മഹത്യകളാണ് റിപ്പോർട്ട് ചെയ്തത്. 2002-2011 ലേതിനേക്കാൾ 57 ശതമാന വർധനവ്.

മഹാരാഷ്ട്രയിൽ 1834 വിദ്യാർഥികളാണ് ആത്മഹത്യ ചെയ്തത്. മധ്യപ്രദേശ് (1308), തമിഴ്‌നാട്(1246), കർണാടക (855),ഒഡീഷ (834) വിദ്യാർഥികളും ആത്മഹത്യ ചെയ്തു. രാജ്യത്തെ വിദ്യാർഥി ആത്മഹത്യയുടെ 46 ശതമാനവും സംഭവിക്കുന്നത് ഈ അഞ്ച് സംസ്ഥാനങ്ങളിലാണ്.

ആശങ്കപ്പെടുത്തുന്നതെന്ന് രാഹുൽ ഗാന്ധി

വിദ്യാർഥി ആത്മഹത്യ നിരക്കിലെ വർധനവ് സാമൂഹികമായും സാമ്പത്തികമായും മാനസികമായും വളരെ ആഴത്തിലുള്ള പ്രശ്‌നങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. തൊഴിലില്ലായ്മ, ചോദ്യപ്പേപർ ചോർച്ച, വിദ്യഭ്യാസ മേഖലകളിലെ അഴിമതി, വിദ്യാഭ്യാസത്തിനുള്ള വലിയ ചിലവ്, സാമൂഹികമായ അടിച്ചമർത്തൽ, സാമ്പത്തിക അസമത്വം, രക്ഷിതാക്കളുടെ സമ്മർദ്ദം തുടങ്ങി വലിയ സമ്മർദ്ദങ്ങൾക്കിടയിൽ വിജയം കണ്ടെത്താനുള്ള ശ്രമത്തിലാണ് വിദ്യാർഥികളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദ്യാർഥികൾക്കിടയിലെ ആത്മഹത്യാ നിരക്ക് വർധിക്കുന്നത് ആശങ്കയുണ്ടാക്കുന്നതാണെന്നും വിദ്യാർഥികളുടെയും യുവാക്കളുടെയും സമ്മർദ്ദങ്ങൾ ലഘൂകരിക്കാൻ സർക്കാർ ഇടപെടലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

രാഹുൽ ഗാന്ധി
രാഹുൽ ഗാന്ധി

നാഷനൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ നേതൃത്വത്തിൽ നടന്ന പഠനറിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ വിദ്യഭ്യാസ കേന്ദ്രങ്ങളിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ ആവശ്യകതയുമായി ബന്ധപ്പെട്ട ചർച്ചകൾ വ്യാപകമായിട്ടുണ്ട്. സമ്മർദ്ദങ്ങൾ നിറഞ്ഞ പഠനാന്തരീക്ഷത്തിൽ നിന്ന് മാറി വിദ്യാർഥികളുടെ മാനസികാരോഗ്യം സംരക്ഷിക്കാൻ വേണ്ട നടപടികൾ കോളജുകൾ സ്വീകരിക്കണമെന്ന് ഈ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്.

പഠനം ഓർമശക്തി നിർണയം മാത്രമാവുന്നത് കൊണ്ട് കുട്ടികൾക്ക് വലിയ ടെൻഷൻ ഉണ്ടാക്കുന്നതായി ചരിത്രകാരനും അധ്യാപകനുമായ രാജൻ ഗുരുക്കൾ ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു. “അറിവിന്റെ വിസ്തൃതി കുറവായിരുന്ന കാലത്ത് ഓർത്ത് വെക്കലും മനസിലാക്കലും പ്രയാസമുള്ള കാര്യമായിരുന്നില്ല. പക്ഷെ ഇന്ന് അങ്ങനെയല്ല. കുട്ടികൾ എപ്പോഴും വിദ്യാഭ്യാസം ഓർത്ത് വെക്കേണ്ട രീതിയായിട്ടാണ് കാണുന്നത്. അതെ സമയം മനസിലാക്കി പഠിക്കാനുള്ള സംവിധാനമുണ്ടെങ്കിൽ ഇത്ര ഭാരമായി മാറുകയില്ല. വിദ്യാഭ്യാസ സമ്പ്രദായത്തിലും മൂല്യനിർണയത്തിലുമെല്ലാം ഓർമശക്തി നിർണയത്തിലുള്ള കാര്യമായത് കൊണ്ട് അവർ മെമ്മറൈസ് ചെയ്യാനുള്ള ബുദ്ധിമുട്ടിലാണ്. അത് കുട്ടികൾക്ക് വലിയ ടെൻഷൻ ഉണ്ടാക്കുന്നു. നാഷണൽ ലെവലിലുള്ള എൻട്രൻസ് പരീക്ഷകൾ ഒ.എം.ആർ ടെസ്റ്റുകൾ എന്ന് പറയുന്നുണ്ടെങ്കിലും അത് ആവശ്യപ്പെടുന്നത് ഓർത്തുവെക്കലിലാണ്. അനാലിസിസിന്റെ തലത്തിലുള്ള ചോദ്യങ്ങൾ എത്ര വേഗത്തിൽ കാര്യങ്ങൾ അനാലിസിസ് ചെയ്ത് ശരിയായ ഉത്തരം കണ്ടെത്താം എന്നാണ് നോക്കുന്നത്. ഉത്തരം കണ്ടെത്തുന്നതിലുള്ള വേഗതയാണ് അവിടെ പരിശോധിക്കുന്നത്. ഇത്തരം സംഗതികൾ കഴിവും വിമർശനാത്മകമായി കാര്യങ്ങളെ സമീപിക്കുന്നതും സർഗാത്മക ശക്തിയുള്ള കുട്ടികളെ മനസിലാക്കാനുള്ള സംവിധാനം നമുക്കില്ല. അതെസമയം യാന്ത്രികമായും വേഗത്തിലും ഉത്തരം കണ്ടെത്താനുള്ള കഴിവിനെ മാത്രമാണ് പരിശോധിക്കുന്നത്. ഇത് ക്രിയേറ്റീവായതും മെമ്മറി പവർ കുറഞ്ഞതുമായ കുട്ടികൾക്ക് വലിയൊരു ഭാരമായി മാറും.

രാജൻ ഗുരുക്കൾ
രാജൻ ഗുരുക്കൾ

അറിവ് ആർജ്ജിക്കുന്ന പ്രക്രിയയിൽ ആരുടെയും സമ്മർദ്ദം ഉണ്ടാവാൻ പാടില്ല. ആർക്കും വഴങ്ങേണ്ട സാഹചര്യവും ഉണ്ടാവാൻ പാടില്ല. അപ്പഴേ ആഴത്തിലുള്ള അറിവും വളരെ ക്രിയാത്മകമായ രീതിയിലുള്ളതുമായ ജ്ഞാനസംമ്പാദനം നടക്കുകയുള്ളൂ. എന്നാൽ വലിയ നിർബന്ധിത സാഹചര്യങ്ങളിലാണ് കുട്ടികൾ പഠിക്കുന്നത്. ഭൂരിഭാഗം കുട്ടികളുടെയും ഗതി നിർണയിക്കുന്നത് രക്ഷിതാക്കളാണ്. രക്ഷിതാക്കൾ കാണുന്ന ചില സാമൂഹിക പദവിയാണ് കുട്ടികളെ ചില മേഖലകളിലേക്ക് തള്ളിവിടുന്നത്. അത് ആ കുട്ടികളുടെ താൽപര്യമോ അഭിരുചിയോ നോക്കിയിട്ടല്ല.”

ഹയർസെക്കണ്ടറി പാസായി ദേശീയതലത്തിലുള്ള മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്ന കുട്ടിക്ക് തീർത്തും  അന്യവൽക്കരിക്കപ്പെട്ട സാഹചര്യത്തിലാണ് പരിശീലനം നടക്കുന്നത്
ഹയർസെക്കണ്ടറി പാസായി ദേശീയതലത്തിലുള്ള മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്ന കുട്ടിക്ക് തീർത്തും അന്യവൽക്കരിക്കപ്പെട്ട സാഹചര്യത്തിലാണ് പരിശീലനം നടക്കുന്നത്

രാജ്യത്തെ പ്രധാന കോച്ചിങ്ങ് ഹബ്ബായ രാജസ്ഥാനിലെ കോട്ടയിൽ വിദ്യാർഥി ആത്മഹത്യകൾ കാരണം ഹോസ്റ്റൽ റൂമുകളിൽ കർശന നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു. 2015 മുതൽ 2023 വരെ 110 വിദ്യാർഥികളാണ് കോട്ടയിൽ നിന്ന് മാത്രം ആത്മഹത്യ ചെയ്തത്. ഹോസ്റ്റൽ റൂമിലെ ഫാനിൽ തൂങ്ങിമരണങ്ങൾ പതിവായതോടെ കോട്ടയിൽ ഫാൻ അഴിച്ചുമാറ്റേണ്ട സ്ഥിതി ഉണ്ടായിട്ടുണ്ട്. റൂമിൽ നിന്ന് സീലിങ്ങ് ഫാൻ അഴിച്ചു മാറ്റിയാൽ മാത്രം വിദ്യാർഥി ആത്മഹത്യ തടയാമെന്നാണ് കോട്ടയിലെ ജില്ലാ ഭരണകൂടം ചിന്തിച്ചത്.

2015 മുതൽ 2023 വരെ 110 വിദ്യാർഥികളാണ് കോട്ടയിൽ നിന്ന് മാത്രം ആത്മഹത്യ ചെയ്തത്. ഹോസ്റ്റൽ റൂമിലെ ഫാനിൽ തൂങ്ങിമരണങ്ങൾ പതിവായതോടെ കോട്ടയിൽ ഫാൻ അഴിച്ചുമാറ്റേണ്ട സ്ഥിതി ഉണ്ടായിട്ടുണ്ട്.

കോച്ചിങ്ങ് സെന്ററുകളിലെ വിദ്യാർഥികളുടെ ആത്മഹത്യ നിരക്ക് വർധിക്കുന്നതിൽ യാതൊരു അത്ഭുതവുമില്ലെന്ന് രാജൻ ഗുരുക്കൾ തിങ്കിനോട് പറഞ്ഞു.

“സ്വയം അഭിരുചി ബോധ്യപ്പെടാനുള്ള സാഹചര്യം ഉന്നതവിദ്യാഭ്യാസ മേഖലയില്ല. ഹയർസെക്കണ്ടറി കഴിഞ്ഞ കുട്ടികളുടെ പഠനം പോകുന്നത് അഭിരുചിക്ക് പ്രാധാന്യം കൊടുത്തുകൊണ്ടല്ല. കുട്ടികൾക്ക് അവരുടെ അഭിരുചി തിരിച്ചറിയാനും അത് വളർത്തിയെടുക്കാനുമുള്ള അവസരം ഒരു ഘട്ടത്തിലും കിട്ടുന്നില്ല. അങ്ങനെ വരുമ്പോൾ ഹയർസെക്കണ്ടറി പാസായി ദേശീയതലത്തിലുള്ള മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്ന കുട്ടിക്ക് തീർത്തും അന്യവൽക്കരിക്കപ്പെട്ട സാഹചര്യത്തിലാണ് പരിശീലനം നടക്കുന്നത്. ഇവിടെയാണ് കോച്ചിങ്ങ് സെന്ററുകളുടെ ആപൽകരമായ രീതിയിലുള്ള സമീപനം വരുന്നത്. കോച്ചിങ്ങ് സെന്ററുകളിലെ വിദ്യാർഥികളുടെ ആത്മഹത്യ നിരക്ക് വർധിക്കുന്നതിൽ യാതൊരു അത്ഭുതവുമില്ല. കാരണം ഈ കേന്ദ്രങ്ങളെല്ലാം മിലിറ്റിറസ്റ്റിക് ഡിസ്പ്ലിനിലിലാണ് കുട്ടികളെ സമീപിക്കുന്നത്. പഠന ഭാരം അനുഭവിക്കുന്നവരും രക്ഷിതാക്കളുടെയും സ്ഥാപനത്തിന്റെയും സമ്മർദ്ദങ്ങൾക്ക് വഴങ്ങി സ്വന്തം താൽപര്യങ്ങൾ മുഴുവൻ ഉപേക്ഷിച്ചിട്ടാണ് പഠിക്കേണ്ടി വരുന്നത്. ഇത് അവരെ ഒരു കെണിയിൽ അകപ്പെടുത്തുകയാണ്. അവർക്ക് വീട്ടിൽ ചെന്നാലും സമാധാനം കിട്ടുന്നില്ല. സ്ഥാപനത്തിൽ നിന്നുള്ള സമ്മർദ്ദം കൂടിയാകുമ്പോൾ നിലനിൽപിന് ഇടമില്ലാതെയാകുമ്പോഴാണ് കുട്ടികൾ ജീവനൊടുക്കുന്നത്.”

കോട്ടയിലെ കോച്ചിങ്ങ് സെന്ററുകളിലെ മാത്രം ആത്മഹത്യ നിരക്കുകൾ ഞെട്ടിപ്പിക്കുന്നതാണ്. 2015 (17), 2016 (16), 2017(7), 2018(20),2019 (8), 2020 (4), 2022 (15), 2023 (26) എന്നതാണ് കഴിഞ്ഞ വർഷങ്ങളിൽ കോട്ടയിൽ നിന്നും മാത്രമുള്ള ആത്മഹത്യ നിരക്ക്. 2020 ൽ കോവിഡ് മഹാമാരിയും ലോക്ഡൗണും കാരണം ഒരു മരണ വാർത്ത പോലും ഉണ്ടായില്ല. ഈ വർഷം ജൂലൈ വരെയുള്ള കണക്കുകൾ പ്രകാരം 12 വിദ്യാർഥികളാണ് ആത്മഹത്യ ചെയ്തത്. സമ്മർദ്ദം നിറഞ്ഞ പഠനാന്തരീക്ഷം കാരണം കരിയർ സുരക്ഷതിമാക്കാൻ പാടുപെടുന്ന വിദ്യാർഥികൾ പാതിവഴിയിൽ മരണക്കെണിയിൽ അകപ്പെടുന്നത് രാജ്യത്തിന് വലിയ തിരിച്ചടിയാണ് നൽകുന്നത്.

Comments