Photo: RTE

ആമയും മുയലും ഒരേ പരീക്ഷ എന്തിന് വീണ്ടുമെഴുതണം?

ആമയെ വിജയിയായും മുയലിനെ തോറ്റതായും പ്രഖ്യാപിക്കുന്ന ഈസോപ്പ് വേർഷന് ചാൾസ് ബെന്നറ്റ് തന്റെ ഇല്ലസ്ട്രേഷനിലൂടെ നൽകിയ പുനരാഖ്യാനം കഥയുടെ ഒരു പോസ്റ്റ് മോഡേൺ രാഷ്ട്രീയവായനയാണ്. ആമയെ ഒരു ആഗോള മുതലാളിയായും മുയലിനെ ഒരു സ്കിൽഡ് വർക്കറായുമാണ് കഥയിൽ അവതരിപ്പിച്ചിട്ടുള്ളത്. ആമയുടെ വിജയത്തേക്കാൾ മുയലിന്റെ വേഗതയ്ക്കാണ് പൊതുബോധ സ്വീകാര്യത. ആ പൊതുസമ്മതിയെ പ്രതിസ്ഥാനത്തുനിർത്തിയുള്ള രാഷ്ട്രീയവ്യാഖ്യാനമാണ് ബെന്നറ്റിന്റെ ഇല്ലസ്ടേഷനിലുള്ളത്.

നമ്മൾ മനുഷ്യരെ മിടുക്കരാക്കേണ്ടതില്ല. അവർ ജന്മനാ മിടുക്കരാണ്. അവരെ വിഡ്ഡികളാക്കി മാറ്റുന്ന കാര്യങ്ങൾ ചെയ്യുന്നത് നിർത്തുക എന്നതാണ് നാം ചെയ്യേണ്ടത്.
- ജോൺ ഹോൾട്ട്

രു ജനപ്രിയ നാടോടിക്കഥയിലെ വിശ്വവിഖ്യാത എതിരാളികളായ ‘ആമയും മുയലും’ കാലാതിവർത്തിയാകുന്നത് അതിന്റെ ഉത്ഭവകാല ഗുണപാഠത്തെ ബ്രേക്ക് ചെയ്തുകൊണ്ടാണ്. ‘Slow and study wins the race’ എന്ന കേവല പാഠരൂപീകരണത്തിന് മാത്രമായി കഥക്ക് സമീപകാലത്ത് വലിയ പ്രസക്തിയുണ്ട് എന്നു തോന്നുന്നില്ല. ആമയും മുയലും എന്ന വിരുദ്ധ പ്രതിരൂപങ്ങളുടെ ഒത്തുവായന (juxtaposition) പുതിയ സാമൂഹ്യ- രാഷ്ട്രീയ പശ്ചാത്തലത്തിൽ ഉത്പാദിപ്പിക്കുന്ന ‘അർത്ഥശാസ്ത്ര’ത്തിന് വലിയ പ്രസക്തിയുണ്ട്. ആമയെ വിജയിയായും മുയലിനെ തോറ്റതായും പ്രഖ്യാപിക്കുന്ന ഈസോപ്പ് വേർഷന് ചാൾസ് ബെന്നറ്റ് തന്റെ ഇല്ലസ്ട്രേഷനിലൂടെ നൽകിയ പുനരാഖ്യാനം കഥയുടെ ഒരു പോസ്റ്റ് മോഡേൺ രാഷ്ട്രീയവായനയാണ്. ആമയെ ഒരു ആഗോള മുതലാളിയായും മുയലിനെ ഒരു സ്കിൽഡ് വർക്കറായുമാണ് കഥയിൽ അവതരിപ്പിച്ചിട്ടുള്ളത്. മുയലിനെ ഒരു സ്ത്രീഇന്റലക്ച്വലായും കൂടി ചിത്രീകരിച്ചതിന് വലിയ സാമൂഹ്യ രാഷ്ട്രീയമാനമുണ്ട്.

പഴയ കഥയിലെ ആമയെ ഒരു ആഗോള മുതലാളിയായും മുയലിനെ ഒരു സ്കിൽഡ് വർക്കറായും അവതരിപ്പിക്കുന്ന ചാൾസ് ബെന്നറ്റിന്റെ ഇലസ്ട്രേഷന്‍

അതിലുപരി ആമയും മുയലും കഥയിൽ സ്ഥായിയായ, കാതലായ ഒരു പെഡഗോജിക്കൽ ഇഷ്യൂ കൂടിയുണ്ട്. ആമയെയും മുയലിനെയും മത്സരിപ്പിക്കാനുള്ള, താരതമ്യം ചെയ്യാനുള്ള സൂചകം വേഗതയാകുന്നു എന്നതാണത്. പക്ഷേ വേഗതയുടെ കാര്യത്തിൽ മുയലിനെ തോൽപ്പിക്കാൻ ആമയ്ക്ക് യഥാർത്ഥത്തിൽ കഴിയില്ലെന്ന യാഥാർത്ഥ്യം കൂടി പഴയ കഥയുടെയുള്ളിൽ ഒളിപ്പിച്ചിട്ടുണ്ട്. ഗുണപാഠത്തിനപ്പുറം സാമാന്യമായ ഈ യാഥാർത്ഥ്യ ബോധ്യം കൂടി കഥയിൽ പ്രവർത്തിക്കുന്നുണ്ട്. മുയലിന് ജയിക്കാൻ കഴിയാതെ പോയതിലുള്ള നിരാശയും മുയലിനോടുള്ള സഹാനുഭൂതിയും വായനക്കാരിൽ അല്ലെങ്കിൽ ശ്രോതാക്കളിൽ ജനിക്കുന്നത് ഈ ആർക്കിടൈപ്പൽ സ്വാധീനം കൊണ്ടാണ്. ആമയുടെ വിജയത്തേക്കാൾ മുയലിന്റെ വേഗതയ്ക്കാണ് പൊതുബോധ സ്വീകാര്യത. ആ പൊതുസമ്മതിയെ പ്രതിസ്ഥാനത്തുനിർത്തിയുള്ള രാഷ്ട്രീയവ്യാഖ്യാനമാണ് ബെന്നറ്റിന്റെ ഇല്ലസ്ടേഷനിലുള്ളത്.

നമ്മുടെ അക്കാദമിക് നിലവാര സൂചകങ്ങളൊന്നും തന്നെ ആമയ്ക്ക് പൊതുവേ ബാധകമാകുന്നതല്ല. പക്ഷേ ബുദ്ധിജീവിയായ മുയലിന് തൊഴിൽ നൽകാൻ പാകത്തിലുള്ള മുതലാളിയായി മന്ദജീവിയായ ആമ വളരുന്നുണ്ട്. പക്ഷേ ആമയുടെ വളർച്ച ഡൊക്യുമെന്റഡ് അല്ല. അതിനൊരു അക്കാദമിക് ട്രാക്കില്ല. ഈയൊരു പരിവർത്തനത്തിന് സൂക്ഷ്മമായ സാമ്പത്തിക ശാസ്ത്ര തലമുണ്ടെന്നതിനേക്കാൾ വലിയൊരു ബോധനശാസ്ത്രവിചാരമുണ്ട്. റോബർട്ടോ കിയോസാക്കിയുടെ നിരീക്ഷണങ്ങളോടാണ് അതിന് കൂടുതൽ സാദൃശ്യം തോന്നിയിട്ടുള്ളത്. Rich Dad Poor Dad എന്ന ബെസ്റ്റ് സെല്ലറിന്റെ എഴുത്തുകാരനായ കിയോസാക്കിയുടെ 'Why A students work for C students' എന്ന പുസ്തകത്തിന്റെ ടൈറ്റിൽ തന്നെ ബെന്നെറ്റിന്റെ ചിത്രത്തിന്റെ വ്യാഖ്യാനമാകുന്നുണ്ട്. വിജയത്തെയും പരാജയത്തെയും കുറിച്ചുള്ള സാമൂഹ്യ സങ്കൽപ്പനങ്ങളെയെല്ലാം കിയോസാക്കിയുടെ വാദങ്ങൾ തിരുത്തുന്നുണ്ട്. ആമ യഥാർത്ഥത്തിൽ ഒരു C സ്റ്റുഡന്റും മുയൽ ഒരു A സ്റ്റുഡന്റുമാണ്. മുയൽ തൊഴിലെടുക്കുന്നത് ആമയുടെ സ്ഥാപനത്തിനകത്താണ്. A സ്‌റ്റുഡൻ്റായ മുയലിന്റെ തൊഴിൽദാതാവായും ആഗോള മുതലാളിയായും മാറാൻ വെറും C സ്റ്റുഡൻ്റായ ആമയ്ക്ക് കഴിയുന്നതെതെങ്ങനെയെന്നതാണ് കാതലായൊരു ചോദ്യം.

റോബര്‍ട്ട് കിയോസാക്കി

കുട്ടികൾ ജന്മനാ പല കഴിവുകളും ഉള്ളവരാണ്. വ്യക്തിഗതമായി ഓരോരുത്തരുടേയും മികവുകളും അഭിരുചികളും കണ്ടെത്താനും ഉചിതമായ പിന്തുണ നൽകാനും കഴിയുന്നില്ലെന്നതാണ് നമ്മുടെ വിദ്യാഭ്യാസ സംവിധാനത്തിൻ്റെ പ്രശ്നം. സാമ്പ്രദായിക ക്ലാസ് റൂം പഠനത്തിനും പരീക്ഷ വഴിയുള്ള അരിച്ചുമാറ്റലിനും കൂടുതൽ ഊന്നൽ ലഭിക്കുന്നതിൻ്റെയൊരു ഫലമാണിത്. തോമസ് ആൽവ എഡിസൺ സ്കൂളിൽ ഒരു മോശപ്പെട്ട കുട്ടിയായിരുന്നു. വേണ്ടത്ര പിന്തുണ കിട്ടാത്തത് കൊണ്ട് സ്കൂൾ പഠനം പൂർത്തിയാക്കാൻ കഴിയാതിരുന്ന ഒരു കുട്ടി. എന്നാൽ ലോകത്തിന്റെ മുഖച്ഛായ തന്നെ മാറ്റിമറിച്ച നിരവധി കണ്ടുപിടിത്തങ്ങളുടെ സൃഷ്ടാവായി തോമസ് ആൽവ എഡിസനും അദ്ദേഹം സ്ഥാപിച്ച ജനറൽ ഇലക്ട്രിക് എന്ന കമ്പനിയും മാറിയത് ചരിത്രം. ആൽബർട്ട് ഐൻസ്റ്റീൻ പഠനകാലത്ത് ഒരു മികച്ച കുട്ടിയേ ആയിരുന്നില്ല. അമേരിക്കൻ പ്രസിഡണ്ടുമാരായ ജോർജ് വാഷിംഗ്ടണും അബ്രഹാം ലിങ്കനും ഹാരി ട്റൂമാനും ആൻഡ്രൂ ജോൺസണും ബ്രിട്ടീഷ് പ്രധാനമന്ത്രിയായ വിൻസ്റ്റൺ ചർച്ചിലും സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയിരുന്നില്ല. റോബർട്ട് ഫ്രോസ്റ്റ് മികച്ച കവിതകൾ എഴുതിയതും ജോർജ് ബർണാഡ് ഷായും മാർക്ക് ട്വയിനും ചാൾസ് ഡിക്കൻസും ബഷീറും മികച്ച എഴുത്തുകാരായതും സ്കൂളിലെ മിടുക്കൻമാരായതു കൊണ്ടല്ല. ഫെറാറിയും ഹെൻറി ഫോഡും ജോർജ് ഈസ്റ്റ്മാനും ലോക പ്രശസ്ത സംരംഭകരായത് ഔപചാരിക വിദ്യാഭ്യാസത്തിന്റെ തണലിലായിരുന്നില്ല. ഫേസ്ബുക്ക് സ്ഥാപകനായ മാർക്ക് സുക്കർബർഗ്, ആപ്പിളിന്റെ സ്ഥാപകനായ സ്റ്റീവ് ജോബ്സ്, മൈക്രോസോഫ്റ്റ് സ്ഥാപകരായ ബിൽ ഗേറ്റ്സ്, പോൾ അലൻ എന്നിവർ ലോകഗതിയെത്തന്നെ വഴിതിരിച്ചുവിട്ടത് ബിരുദങ്ങളുടെ പിൻബലത്തിലല്ല.

വ്യക്തിഗതമായി ഓരോരുത്തരുടേയും മികവുകളും അഭിരുചികളും കണ്ടെത്താനും ഉചിതമായ പിന്തുണ നൽകാനും കഴിയുന്നില്ലെന്നതാണ് നമ്മുടെ വിദ്യാഭ്യാസ സംവിധാനത്തിൻ്റെ പ്രശ്നം.

സ്കൂളിൽ പരാജയപ്പെടുകയോ സ്കൂൾ വിദ്യാഭ്യാസം പൂർത്തീകരിക്കാൻ സാധിക്കാതിരിക്കുകയോ ഉന്നത വിദ്യാഭ്യാസം ലഭിക്കാതിരിക്കുകയോ ചെയ്ത ഇവരെല്ലാം തങ്ങളുടെ ജീവിതം മാത്രമല്ല, തങ്ങൾക്ക് ചുറ്റുമുളള ജീവിതം കൂടി മാറ്റിമറിച്ചവരാണ്. അവർ തങ്ങളുടേതായ ഒരു ലോകം സ്വപ്നം കാണുകയും ആ ലോകം നിർമിക്കുന്നതിൽ ആദ്യം തങ്ങളെത്തന്നെ സ്വയം നിർമിക്കുകയും ചെയ്തവരാണ്. ഇത്തരത്തിലുള്ള സ്വയം നിർമാണമാണ് വിദ്യാഭ്യാസത്തിൻ്റെ ആത്യന്തികലക്ഷ്യമായി വിവിധ ദാർശനികന്മാർ വിശദീകരിക്കാൻ ശ്രമിച്ചത്. ഗാന്ധിജിയും വിവേകാനന്ദനും സെൽഫ് റിയലൈസേഷൻ എന്നും അബ്രഹാം മാസ്ലോ സെൽഫ് ആക്ച്വലൈസേഷൻ എന്നും അർത്ഥമാക്കിയതും ഇതേ സ്വയം നിർമാണം തന്നെയാണ്.

ആല്‍ബട്ട് ഐന്‍സ്റ്റീന്‍, തോമസ് ആല്‍വ എഡിസണ്‍

സ്വന്തം താല്പര്യങ്ങളും കഴിവുകളും കണ്ടെത്തി അതിൽ മുന്നേറാൻ ഭൂരിഭാഗം കുട്ടികൾക്കും നമ്മുടെ വിദ്യാഭ്യാസ സംവിധാനത്തിനകത്ത് കഴിയാതെ പോകുന്നത് എന്തുകൊണ്ട് എന്ന ചോദ്യത്തിന് സാമാന്യം വിശദമായ അവലോകനമാണ് How children fail എന്ന പുസ്തകത്തിൽ പ്രമുഖ വിദ്യാഭ്യാസ ചിന്തകനായ ജോൺ ഹോൾട്ട് നൽകുന്നത്. കുട്ടികൾ പൂർണസമതത്തോടെയോ താല്പര്യത്തോടെയോ പോകുന്ന ഒരിടമായി ഇപ്പോഴും വിദ്യാലയങ്ങൾ മാറാത്തതിന്റെ കാരണങ്ങൾ അദ്ദേഹം പരിശോധിക്കുന്നുണ്ട്. വിദ്യാലയത്തെ കുട്ടികൾ ഭയപ്പെടുന്നു എന്നതാണ് അടിസ്ഥാനപരമായ പ്രശ്നം. പരീക്ഷയിൽ പരാജയപ്പെടുമോ എന്ന പേടി, വിഡ്ഢിയായി മുദ്രകുത്തപ്പെടുമോ എന്നുള്ള പേടി, ഒന്നിനും കൊള്ളാത്തവരായി മാറുമോ എന്ന പേടി, രക്ഷിതാക്കൾ ഭീഷണിപ്പെടുത്തുമോ എന്ന പേടി; അങ്ങനെ പലതരം സമ്മർദ്ദങ്ങൾക്കിടയിലാണ് കുട്ടികൾ വിദ്യാലയത്തിൽ പോയിവരുന്നത്. തങ്ങൾക്ക് പൂർണ സ്വാതന്ത്ര്യവും പങ്കാളിത്തവുമുള്ള സ്വാഭാവികമായ പഠനത്തിലേക്ക് കുട്ടികൾ ഒരിക്കലും മോട്ടിവേറ്റ് ചെയ്യപ്പെടുന്നില്ല. കുട്ടികളുടെ നൈസർഗികമായ കഴിവുകളും മികവുകളും വികസിക്കാൻ തക്ക പ്രചോദനം ലഭിക്കുന്ന ഇടങ്ങളായി വിദ്യാലയങ്ങൾ മാറുന്നില്ല. സാമ്പ്രദായികമായ പരീക്ഷാരീതിയെയാണ് ജോൺ ഹോൾട്ട് ഇതിൽ പ്രതിസ്ഥാനത്ത് നിർത്തുന്നത്.

കുട്ടികളുടെ പഠനത്തിലുള്ള ജയപരാജയങ്ങളെ സൂക്ഷ്മമായി ജോൺ ഹോൾട്ട് അപഗ്രഥിക്കുന്നുണ്ട്. വിജയത്തേയും പരാജയത്തേയും കൃത്യമായി വേർതിരിക്കുന്ന ഒരു ബോർഡർ ലൈൻ ഇല്ല. ഓരോ പ്രാവശ്യവും നാം എങ്ങനെയാണ് കൂടുതൽ മെച്ചപ്പെടേണ്ടത് എന്ന തിരിച്ചറിവിനെ കാര്യമായി തന്നെ പരിക്കേൽപ്പിക്കുകയാണ് ഈ രണ്ടു വാക്കുകൾ ചെയ്യുന്നത്.

വിജയം, പരാജയം എന്നിവ മുതിർന്നവർ കുട്ടികളിൽ അടിച്ചേൽപ്പിക്കുന്ന ആശയങ്ങളാണ്. സാധാരണയായി വിജയത്തിനേക്കാൾ കൂടുതൽ തോൽവികളായിരിക്കും പലരുടേയും ജീവിതത്തിൽ സംഭവിച്ചിട്ടുണ്ടാവുക. പരാജയം അപമാനമാണ്, ആത്യന്തികമാണ് എന്നതിനുപകരം അംഗീകരിക്കത്തക്കതും സൃഷ്ടിപരവും ആണെന്ന് ബോധ്യപ്പെടേണ്ടതുണ്ട്. നിലവിൽ അവ ഒട്ടും തന്നെ സൃഷ്ടിപരമല്ല. മറിച്ച്, വിജയം എന്നത് ഒരു തടസ്സത്തെ മറികടക്കലാണ്. വിജയിക്കില്ല എന്ന ചിന്തയെ മറികടക്കലാണ്. എനിക്ക് കഴിയില്ല എന്നതിനുപകരം എനിക്ക് കഴിയും എന്നാക്കി മാറ്റുന്നതാണ്. അതിനെയാണ് ജീവിതോന്മുഖത എന്ന് വിളിക്കുന്നത്. നമ്മുടെ പാഠ്യപദ്ധതിയുടെ വിശാലലക്ഷ്യം ഇതു തന്നെയാണാകേണ്ടത്. 1983- ൽ ഫ്രെയിംസ് ഓഫ് മൈൻഡ്: ദ തിയറി ഓഫ് മൾട്ടിപ്പിൾ ഇന്റലിജൻസ് എന്ന പുസ്തകത്തിൽ ഹൊവാർഡ് ഗാർഡ്നർ മനുഷ്യന്റെ വിജയോത്സാഹത്തെ ഒരു ബുദ്ധിവിശേഷമായാണ് വ്യാഖ്യാനിച്ചത്. Intra personal intelligence അഥവാ ആന്തരിക വൈയക്തിക ബുദ്ധിയെന്നാണതിനെ വിളിച്ചത്. ഇത് സ്വയം പ്രതിഫലനാത്മകവും (reflective) അന്തർജ്ഞാനപരവുമായ (Introspective) മനുഷ്യശേഷിയാണ്.

തന്നിലേക്കു തന്നെ നോക്കാനും തന്റെ ശക്തിദൗർബല്യങ്ങൾ തിരിച്ചറിയാനും തന്റെ പ്രതികരണങ്ങളേയും വികാരങ്ങളേയും സമർത്ഥമായി കൈകാര്യം ചെയ്യാനുമുള്ള സിദ്ധിയാണ്. അതുകൊണ്ട് ഇത് വൈകാരികബുദ്ധി അഥവാ ഇമോഷണൽ ഇന്റലിജൻസ് ആണ്. സമ്മർദ്ദങ്ങളെ അതിജീവിക്കുന്നതിനും പ്രതിസന്ധികളെ തരണം ചെയ്യുന്നതിനും പ്രാപ്തരാക്കുന്നതിനാൽ സക്സസ് ഇന്റലിജൻസ് എന്നാണ് കിയോസാക്കി വിശേഷിപ്പിക്കുന്നത്. നമ്മുടെ വിദ്യാഭ്യാസസംവിധാനത്തിനകത്ത് ഈയൊരു കാഴ്ച്ചപ്പാടിന് വേണ്ടത്ര പ്രാമുഖ്യം ലഭിച്ചു എന്ന് കരുതാൻ കഴിയില്ല. പരീക്ഷാകേന്ദ്രിതവും അമിത മത്സരാധിഷ്ഠിതവുമായ പഠനരീതി സമ്മർദ്ദവും നിരാശയും ജനിപ്പിക്കുന്നതിനാൽ അത് ഒട്ടും ജീവിതോന്മുഖമല്ല. അത്തരത്തിൽ ജീവിതവിജയം സാധ്യമാക്കുന്ന വിദ്യാഭ്യാസം ഉറപ്പാക്കാൻ കഴിയേണ്ടതുണ്ട്. പഠന പ്രവർത്തനങ്ങളുടെ ഉദ്ഗ്രഥിതസ്വഭാവത്തിലും വിലയിരുത്തൽ രീതികളിലും ഇനിയും സമഗ്രമായ അന്വേഷണങ്ങൾ അനിവാര്യമാണ്.

സമൂഹത്തിൽ നടന്നുകൊണ്ടിരിക്കുന്ന ദ്രുതഗതിയിലുള്ള മാറ്റങ്ങൾക്കാനുപാതികമായി നമ്മുടെ വിദ്യാഭ്യാസ സംവിധാനവും അതിന് ആധാരമായ കാഴ്ചപ്പാടുകളും മാറാത്തതാണ് നാമഭിമുഖീകരിക്കുന്ന സുപ്രധാന പ്രശ്നം. വർഷങ്ങൾക്കു മുമ്പുതന്നെ ജയത്തിലും തോൽവിയിലും അതുപോലെ മാർക്കിലും റാങ്കിലും അടിയുറച്ചു പോയ വിശ്വാസം തന്നെയാണ് ഇന്ന് പലർക്കും പഠനം. അതുകൊണ്ടാണ് ആരും തോൽക്കാത്ത പരീക്ഷ എന്തിനാണ് എന്ന് ചില ബുദ്ധിജീവികൾ ഇടക്കിടെ വിളിച്ചു ചോദിച്ചു കൊണ്ടിരിക്കുന്നത്. തോൽപ്പിക്കുന്നതാണ് പഠനമെന്നും അതിനാണ് പരീക്ഷയെന്നും ഉറച്ചു വിശ്വസിക്കുന്നവർക്ക് എന്തുകൊണ്ടാണ് തോൽക്കുന്നതെന്നോ എങ്ങനെയാണ് തോൽക്കുന്നതെന്നോ ആരാണ് തോറ്റു പോകുന്നതെന്നോ വിഷയമേയല്ല. കുട്ടികളുടെ സമഗ്രവും സൂക്ഷ്മവുമായ കഴിവുകൾ വിലയിരുത്താൻ പറ്റുന്നതും അവരെ ആത്മവിശ്വാസത്തോടെ ജീവിതവിജയത്തിലേക്ക് കൈപിടിച്ചുയർത്താൻ സഹായിക്കുന്നതുമായ ഒരു പരീക്ഷാരീതി ഉണ്ടാകേണ്ടതും ഇവരുടെ വിഷയമല്ല.

കുട്ടികളുടെ കഴിവിലും മികവിലുമുള്ള വിശ്വാസ്യത നിലനിർത്തുന്ന പഠനത്തിനും വിലയിരുത്തൽ രീതിയ്ക്കും പകരം പരീക്ഷയുടെ വിശ്വാസ്യത നിലനിർത്തുകയെന്ന മനുഷ്യവിരുദ്ധതയാണ് ഇത്തരം നിലപാടുകളുടെ കാതലായി പ്രവർത്തിക്കുന്നത്. അതുകൊണ്ട് ലേഖനത്തിൻ്റെ തുടക്കത്തിൽ ഉന്നയിച്ച, എന്തുകൊണ്ട് C സ്റ്റുഡൻ്റായ ആമ A സ്റ്റുഡൻ്റായ മുയലിൻ്റെ തൊഴിൽ ദാതാവാകുന്നു എന്ന കിയോസാക്കിയൻ ചോദ്യത്തിന്, മുയലിന് പഠിക്കാൻ കഴിയാത്ത ചില പാഠങ്ങൾ ആമ പഠിച്ചെടുക്കുന്നുണ്ട് എന്നത് ഏറ്റവും ലളിതമായ ഉത്തരമായിത്തീരുന്നത്.

Comments