അഞ്ച് അധ്യാപികമാരുടെ കഴുത്തിന് കൃത്യം പാകത്തിന് പ്രിൻസിപ്പൽ ഒരുക്കിയ കുരുക്കും ഇടതുസർക്കാറിന്റെ ‘തുല്യം ചാർത്തലും’

ചങ്ങനാശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ അഞ്ച് അധ്യാപികമാരെ വയനാട്, കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് സ്ഥലം മാറ്റിക്കൊണ്ടുള്ള പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്, അക്കാദമിക / സാംസ്കാരിക കേരളത്തിന്റെ സ്ത്രീവിരുദ്ധതയുടെ പൈശാചിക മുഖം മറനീക്കിക്കാണിക്കുന്ന ഒന്നാണെന്നുമാത്രമല്ല, സർക്കാർ ശിക്ഷാനടപടികളിൽ പാലിക്കേണ്ട ചട്ടങ്ങളുടെയെല്ലാം നഗ്നമായ ലംഘനവുമാണ്- പി.​പ്രേമചന്ദ്രൻ എഴുതുന്നു.

സമകാലിക മലയാളം വാരികയുടെ ഈ ആഴ്ചയിലെ (2024 ജൂലായ് 8) എഡിറ്റോറിയൽ ഹയർ സെക്കന്ററി വകുപ്പിൽ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തിറങ്ങിയ വിവാദമായ സ്ഥലംമാറ്റ നടപടിയെക്കുറിച്ചാണ്. 'അവരെ പഠിപ്പിക്കാൻ ഇവർ മതി' എന്ന ശീർഷകത്തിലുള്ള എഡിറ്റോറിയൽ സ്ഥലംമാറ്റ കാരണങ്ങളെക്കുറിച്ചല്ല പരിശോധിക്കുന്നത്.
അതിൽ പേരെടുത്തു പറയുന്ന അഞ്ചു അധ്യാപികമാർ ചെയ്ത കടുപ്പപ്പെട്ട കുറ്റങ്ങൾ എണ്ണിപ്പറയുന്ന പ്രസ്തുത സ്ഥലംമാറ്റ ഉത്തരവ് അവർക്കുമുന്നെതന്നെ അവർ പോകേണ്ട സ്കൂളുകളിൽ എത്തിയിരുന്നു. ആ സ്കൂളുകളിലെല്ലാം പി ടി എയും വിദ്യാർത്ഥികളും വലിയ പ്രതിഷേധത്തിലാണെന്ന് മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു. ഇത്തരം അധ്യാപകരെ, താരതമ്യേന ഇപ്പോൾ തന്നെ വിദ്യാഭ്യാസ നിലവാരം കുറഞ്ഞ വയനാടുപോലുള്ള പ്രദേശങ്ങളിലേക്ക് മാറ്റുന്നതിലുള്ള നൈതികപ്രശ്നമാണ് മുഖപ്രസംഗം ഉയർത്തുന്നത്. അത് സ്വാഭാവികവുമാണ്.

എന്നാൽ ഒരു തരത്തിലുള്ള സർവ്വീസ് ചട്ടങ്ങളും പാലിക്കാതെയിറക്കിയ, അതിൽ പറയുന്ന അധ്യാപികമാരുടെ വ്യക്തിത്വത്തെ ആകമാനം ഹനിച്ചുകളയുന്ന പ്രസ്തുത ഉത്തരവ്, നാളെ ഒരു പക്ഷേ ഏതെങ്കിലും ഹിയറിംഗിന്റെ അല്ലെങ്കിൽ കോടതിയുത്തരവിന്റെ പുറത്ത് റദ്ദായാൽ പോലും, അതിൽ പേരു പറഞ്ഞ് അധിക്ഷേപിക്കപ്പെട്ട അധ്യാപികമാർക്ക് നഷ്ടമായ അവരുടെ അഭിമാനവും വ്യക്തിത്വവും തിരിച്ചു പിടിക്കാനാവുമോ? ഈ ഉത്തരവിലൂടെ അവരെ മനസ്സിലാക്കിയ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും കാഴ്ച്ചപ്പാടുകളെ തിരുത്താൻ ഇനി ആർക്കെങ്കിലും സാധിക്കുമോ?

ചങ്ങനാശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ
ചങ്ങനാശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ

പ്രസിദ്ധനായ ഡാനിഷ് താരം മാഡ്സ് മിക്കൽസെന് കാനിൽ മികച്ച അഭിനേതാവിനുള്ള പുരസ്കാരം നേടിക്കൊടുത്ത, തോമസ് വിന്റർബെർഗ് സംവിധാനം ചെയ്ത ചിത്രമാണ് 'ദ ഹണ്ട്’. മിക്കൽസെൻ അവതരിപ്പിക്കുന്ന കിന്റർഗാർട്ടൻ അധ്യാപകനായ ലൂക്കാസ് എന്ന കഥാപാത്രം, അയാളോട് വല്ലാത്തൊരിഷ്ടം തോന്നുന്ന ഒരു കുഞ്ഞ് പിന്നീടൊരു ഘട്ടത്തിൽ ഉന്നയിക്കുന്ന ലൈംഗികാരോപണത്തിന് വിധേയനാവുന്നതാണ് ഇതിവൃത്തം. പിന്നീട് അന്വേഷണത്തിൽ അദ്ദേഹത്തിന്റെ സ്വഭാവവൈശിഷ്ട്യവും പരാതിയുടെ നിജസ്ഥിതിയും വ്യക്തമാകുന്നു, കുഞ്ഞിന്റെ അയാളോടുള്ള വെറുമൊരു പരിഭവമാണ്, അതിന്റെ ഭവിഷ്യത്തുകൾ ഒന്നും അറിയാത്ത അവളെക്കൊണ്ട് അങ്ങനെ പറയിച്ചിരുന്നത്. പക്ഷേ, അപ്പോഴേക്കും സമൂഹം അയാളെ വിചാരണ ചെയ്തുകഴിഞ്ഞിരുന്നു. സ്കൂളിൽ നിന്ന് അയാളെ പിരിച്ചുവിടും. ഭാര്യ നഷ്ടപ്പെട്ട അയാൾക്കൊപ്പണ്ടായിരുന്ന ഏകമകൻ അയാളെ വെറുക്കും. ഒരു സൂപ്പർമാർക്കറ്റിൽ ചെന്ന അയാളെ ജനങ്ങൾ അടിച്ചോടിക്കും. സുഹൃത്തുക്കൾ അകലും. അയൽവീടുകളിൽ പ്രവേശനം നിഷേധിക്കപ്പെടും. പെൺകുഞ്ഞുങ്ങൾ അയാളുടെ മുന്നിൽ വരാൻ ഭയപ്പെടും. ആ ആരോപണത്തിനു ശേഷം പൊതുസമൂഹത്തിന്റെ വേട്ടയാടലുകൾക്ക് നിരന്തരം ഇരയാകേണ്ടിവരുന്ന ഒരധ്യാപകന്റെ ജീവിതമാണ് 'ഹണ്ട്' കാട്ടിത്തരുന്നത്.

ഒരു സർക്കാർ ഹയർ സെക്കന്ററി സ്കൂളിൽ ക്ലാസ് മുറികളിലും സ്റ്റാഫ് റൂമിലും സി സി ടി വി ക്യാമറ സ്ഥാപിക്കാനും കുട്ടികളെയും അധ്യാപകരെയും സർവൈലൻസിന് വിധേയമാക്കാനും ആരാണ് പ്രിൻസിപ്പലിന് അധികാരം നൽകിയത്?

മറ്റൊരു തരത്തിൽ, സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഷലിപ്തമായ കമന്റുകൾ മുതൽ പ്രധാനപ്പെട്ട ഒരാഴ്ചപ്പതിപ്പിന്റെ മുഖപ്രസംഗം വരെ നടത്തിക്കൊണ്ടിരിക്കുന്നത്, ആ ഉത്തരവിൽ പേരെടുത്തു പറഞ്ഞ അധ്യാപികമാർക്കു നേരെയുള്ള വേട്ടയാണ്.

സ്ഥലമാറ്റ ഉത്തരവിൽ കലാശിച്ച
സി സി ടി വി ക്യാമറകൾ

അധ്യാപികമാർക്കുനേരെ ഉന്നയിക്കപ്പെട്ട ഗുരുതര ആരോപണങ്ങൾ ഇവയാണ്.

• സ്പെഷ്യൽ ക്ലാസുകൾ എടുക്കാൻ വിസമ്മതിച്ചു.
• ഓൺലൈൻ ക്ലാസുകൾ എടുക്കുന്നില്ല.
• നന്നായി പഠിപ്പിക്കുന്നില്ല.
• പഠിപ്പിക്കുന്നത് കുട്ടികൾക്ക് ഒന്നും മനസ്സിലാകുന്നില്ല.
• പഠിപ്പിക്കുന്ന വിഷയങ്ങളിലെ റിസൽട്ട് കുറവാണ്.
• ക്ലാസെടുക്കാൻ മടിയുള്ള അധ്യാപികമാരാണ്.
• മാർക്ക് നൽകുന്നതിൽ കുട്ടികളോട് വിവേചനം കാട്ടുന്നു.
• റെക്കോർഡ് ബുക്കുകളുടെ പേരിൽ കുട്ടികളെ കഷ്ടപ്പെടുത്തുന്നു.
• കുട്ടികളെ പുച്ഛഭാവത്തിൽ (ഉത്തരവിൽ 'പുശ്ചഭാവം') കാണുന്നു.
• അക്കാദമിക പ്രവർത്തനങ്ങളിൽ സഹകരിക്കുന്നില്ല.
• പി ടി എ പ്രസിഡണ്ടിനോടും എസ് എം സി ചെയർമാനോടും ദാർഷ്ട്യത്തോടെ പെരുമാറുന്നു.
• അധ്യാപകരുടെ പദവിക്ക് ചേരാത്തവിധത്തിൽ വിലകുറഞ്ഞ പെരുമാറ്റമുള്ളവരാണ്.
• പി ടി എ, എസ് എം സി എന്നിവർ എടുത്ത തീരുമാനങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നു.
• പി ടി എ അംഗങ്ങളെയും പ്രിൻസിപ്പാളിനെയും പുച്ഛിച്ചു കൊണ്ട് സംസാരിക്കുന്നു.
• എം എൽ എ തയ്യാറാക്കിയ സ്പെഷ്യൽ ക്ലാസിനുള്ള ടൈംടേബിൾ അനുസരിക്കാൻ തയ്യാറാകാത്ത 'വനിതാ'ധ്യാപകരാണ്.
• കുട്ടികളെ നല്ല വഴിക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങളെ തകർക്കുന്ന പ്രവർത്തനങ്ങൾ നടത്തുന്നവരാണ്.
• ക്ലാസുള്ള സമയങ്ങളിൽ പോലും സ്റ്റാഫ് റൂമിൽ മേശമേൽ തലവെച്ച് കിടന്നുറങ്ങുന്നു.
• കൃത്യവിലോപം വരുത്തുന്നവരും കാര്യക്ഷമതയില്ലാത്തവരുമാണ്.
• പ്രിൻസിപ്പലിനെയും പി ടി എ അംഗങ്ങളെയും എസ് എം സി ചെയർമാനെയും അംഗീകരിക്കുന്നില്ലെന്നുമാത്രമല്ല, സ്വന്തം ജോലിയിൽ പോലും വീഴ്ചവരുത്തുന്നു.
• ഇവർ കൂട്ടമായി എം എൽ എ യുടെയും പി ടി എ , എസ് എം സി അംഗങ്ങളുടെയും നിർദ്ദേശങ്ങളെ അവഗണിക്കുന്നു.

സമകാലിക മലയാളം വാരികയുടെ എഡിറ്റോറിയൽ
സമകാലിക മലയാളം വാരികയുടെ എഡിറ്റോറിയൽ

ഇത്രയും കാരണങ്ങളാൽ ‘ചങ്ങനാശ്ശേരി ഗവ: ഹയർസെക്കന്ററി സ്കൂളിന്റെ നല്ല നിലയിലുള്ള പ്രവർത്തനങ്ങൾക്ക് വിഘാതമായി തുടരുന്നതിനാലാണ്’ ഈ ഉത്തരവിൽ പേരെടുത്തു പറഞ്ഞ അഞ്ച് അധ്യാപികമാരിൽ മൂന്നുപേരെ വയനാട്ടിലേക്കും ഒരോരുത്തരെ വീതം കണ്ണൂർ, കോഴിക്കോട് ജില്ലകളിലേക്കും സ്ഥലം മാറ്റിയിരിക്കുന്നത്. ഇവരെ ട്രാൻസ്ഫർ ചെയ്യാനായി എം എൽ എ ആവശ്യപ്പെട്ടതായും ഉത്തരവിലുണ്ട്. ഇതത്രയും വാസ്തവമാണെങ്കിൽ നേരത്തെ മുഖപ്രസംഗത്തിൽ ചൂണ്ടിക്കാട്ടിയപോലെ ഇവരെ മലബാറിലെ സ്കൂളുകളിലേക്ക് അയക്കുന്നത് കടുപ്പം തന്നെയാണ്. ശിക്ഷ അവർക്കല്ല; ശിക്ഷയുമായി ഇവെരെത്തുന്ന സ്കൂളുകൾക്കും കുട്ടികൾക്കും രക്ഷിതാക്കൾക്കുമാണ്.

എന്നാൽ വാസ്തവമെന്താണ്?

ചങ്ങനാശ്ശേരി ഗവ. ഹയർ സെക്കന്ററി സ്കൂളിൽ ഒരു സയൻസ് ബാച്ചും ഒരു കൊമേഴ്സ് ബാച്ചും മാത്രമാണുള്ളത്. സപ്ലിമെന്ററി ലിസ്റ്റ് പൂർത്തിയാകുമ്പോൾ മാത്രം കുട്ടികൾ നിറയുന്ന സ്കൂൾ. ഈ സ്കൂളിലെ അഞ്ച് അധ്യാപകരെ സ്ഥലം മാറ്റുന്നതിലേക്ക് എത്തിച്ച സംഭവ പരമ്പരകളുടെ പ്രത്യക്ഷമായ തുടക്കം സ്റ്റാഫ്റൂമിൽ സ്ഥാപിക്കപ്പെടുന്ന സി സി ടി വി ക്യാമറയിൽ നിന്നാണ്.

സ്റ്റാഫ്റൂമിൽ സി സി ടി വി ക്യാമറകൾ വെക്കുന്നതിന് മുമ്പുതന്നെ സ്കൂളിലെ എല്ലാ ക്ലാസ് മുറികളിലും വരാന്തകളിലും അവ സ്ഥാപിച്ചിരുന്നു. ഏറ്റവും ഒടുവിലാണ് സ്റ്റാഫ് റൂമിൽ വളരെ ശക്തമായ, ദൃശ്യവും ശബ്ദവും ഒപ്പിയെടുക്കാൻ കഴിയുന്ന സൂം ചെയ്യാവുന്ന മുന്തിയ ക്യാമറ സ്ഥാപിക്കുന്നത്. സ്കൂളിലെ അധ്യാപികമാർ മാത്രമാണ് സ്റ്റാഫ്റൂമിൽ ഉണ്ടാവുക. പ്രിൻസിപ്പലും സീനിയർ അസിസ്റ്റന്റും മറ്റൊരധ്യാപകനും മാത്രമേ പുരുഷന്മാരായി സ്കൂളിൽ ഉള്ളൂ. പ്രിൻസിപ്പലും സീനിയർ അസിസ്റ്റന്റും മിക്കപ്പോഴും പ്രിൻസിപ്പലിന്റെ റൂമിലും ഓഫീസിലും ആയിരിക്കുന്നതുകൊണ്ടാണിത്. ആ മുറിയിലാണ് അതിശക്തമായ ക്യാമറ സ്ഥാപിക്കുന്നത്. അതിനെ ഇവിടുത്തെ അധ്യാപികമാർ തങ്ങളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായി തിരിച്ചറിയുകയും അത് മാറ്റണമെന്ന് പ്രിൻസിപ്പലിനോട് ആവശ്യപ്പെടുകയും ചെയ്തു. ധിക്കാരപൂർവ്വം അത് നിഷേധിക്കപ്പെട്ടു.

സി സി ടി വി ക്യാമറയ്ക്കെതിരെ അധ്യാപികമാർ നൽകിയ പരാതി അന്വേഷിച്ച് സംസ്ഥാന വനിതാ കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടിൽനിന്ന്. സ്ത്രീകളുടെ സ്വകാര്യതയെ ഭംഗം ചെയ്യുന്ന നടപടിയാണിതെന്നും അതിനാൽ ക്യാമറ എടുത്തു മാറ്റണമെന്നും റിപ്പോർട്ട് പറയുന്നു.
സി സി ടി വി ക്യാമറയ്ക്കെതിരെ അധ്യാപികമാർ നൽകിയ പരാതി അന്വേഷിച്ച് സംസ്ഥാന വനിതാ കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടിൽനിന്ന്. സ്ത്രീകളുടെ സ്വകാര്യതയെ ഭംഗം ചെയ്യുന്ന നടപടിയാണിതെന്നും അതിനാൽ ക്യാമറ എടുത്തു മാറ്റണമെന്നും റിപ്പോർട്ട് പറയുന്നു.

ഒരു സർക്കാർ ഹയർ സെക്കന്ററി സ്കൂളിൽ ക്ലാസ് മുറികളിലും സ്റ്റാഫ് റൂമിലും സി സി ടി വി ക്യാമറ സ്ഥാപിക്കാനും കുട്ടികളെയും അധ്യാപകരെയും സർവൈലൻസിന് വിധേയമാക്കാനും ആരാണ് പ്രിൻസിപ്പലിന് അധികാരം നൽകിയത്? സർക്കാർ അത് അനുവദിക്കുന്നുണ്ടോ? അത് എത്ര മാത്രം വിദ്യാർത്ഥി വിരുദ്ധമായ, അക്കാദമിക സമീപനങ്ങൾക്ക് നിരക്കാത്ത നടപടിയാണ് ? സ്കൂൾ ഫണ്ടുകൾ ഇത്തരം കാര്യങ്ങൾക്കാണോ ചെലവഴിക്കേണ്ടത്? പ്രിൻസിപ്പലിന്റെ മുറിയിലെ വലിയ ടി വി യിലാണ് ദൃശ്യങ്ങൾ കാണാൻ കഴിയുക. ഓഫീസിൽ വരുന്നവരും പോകുന്നവരും അതു കാണും. പി ടി എ അംഗങ്ങളും സ്കൂൾ മാനേജ്മെന്റ് കമ്മറ്റി അംഗങ്ങളും അവിടെയിരിക്കുമ്പോൾ വിശദമായി കണ്ടാസ്വദിക്കും. പ്രിൻസിപ്പൽ അടക്കമുള്ളവരുടെ മൈബൈൽ ഫോണിലും ഈ ദൃശ്യങ്ങൾ ലഭ്യമാവുന്നുണ്ടാവും. എത്രമാത്രം ദുരുപയോഗ സാധ്യതയുള്ളതാണ് ഇന്ന് ക്ലാസ് മുറികളിലെയും സ്റ്റാഫ്റൂമുകളിലെയും ദ്യശ്യങ്ങളും സംഭാഷണങ്ങളും എന്ന് പറയേണ്ടതില്ലല്ലോ. തങ്ങൾ സ്കൂളിൽ മുഴുവൻ സമയവും നിരീക്ഷണത്തിലാണ് എന്ന ബോധത്തിൽ വേണം അധ്യാപകരും വിദ്യാർത്ഥികളും കഴിയേണ്ടുന്നത്. ഉടുത്തിരിക്കുന്ന വസ്ത്രം നേരെയാക്കുമ്പോൾ, നിൽക്കുമ്പോൾ, നടക്കുമ്പോൾ, കുനിയുമ്പോൾ, കൈയുയർത്തുമ്പോൾ തങ്ങളെ ഇപ്പോൾ ആരാണ് ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നത് എന്ന ഭീതിയിലായിരിക്കും അവർ. ഈ മാനസികാവസ്ഥയിൽ കുട്ടികളും അധ്യാപകരും ഇരിക്കുമ്പോൾ എന്ത് അധ്യയനമാണ് ആ വിദ്യാലയത്തിൽ നടക്കുക? എന്ത് സ്വതന്ത്രമായ ആവിഷ്കാരമാണ് സാധ്യമാവുക? ക്ലാസ് മുറിയിൽ സംഭവിക്കുന്ന ഒരു സാധാരണ തമാശയോ, ചെറിയ ശാസനകളോ പോലും നാളെ സാമൂഹികമാധ്യമങ്ങളിൽ എത്താമെന്ന ഉത്കണ്ഠ അവരുടെ സ്വാഭാവികമായ ആവിഷ്കാരങ്ങൾക്ക്, അവതരണങ്ങൾക്ക്, വാക്കുകൾക്ക് കൂച്ചുവിലങ്ങിടില്ലേ?യാന്ത്രികമായ ഒരു പഠനം മാത്രമല്ലേ അവിടെ നടക്കുകയുള്ളൂ? ക്ലാസ് മുറികളിൽ സി സി ടി വി ക്യാമറകൾ സ്ഥാപിക്കുന്നത് സർക്കാർ നയമല്ലെങ്കിൽ ആദ്യം നടപടിയെടുക്കേണ്ടത് സ്കൂൾ പ്രിൻസിപ്പലിന് എതിരെയല്ലേ?

നിരന്തരം സ്പെഷൽ ക്ലാസുകൾ എടുക്കുകയും സ്കൂളിലെ എല്ലാ അക്കാദമിക പ്രവർത്തനങ്ങളിലും മുന്നിൽ നിൽക്കുകയും ചെയ്യുന്ന അധ്യാപികമാരെയാണ് ഇത്രയും നീചമായ കുറ്റങ്ങൾ ചാർത്തി പ്രിൻസിപ്പൽ പലവിധ വളഞ്ഞ വഴികളിലൂടെ ഇപ്പോൾ ട്രാൻസ്ഫർ ചെയ്യിച്ചിരിക്കുന്നത്.

ലേഡീസ് സ്റ്റാഫ് റൂമിലും കൂടി ക്യാമറ വെക്കുന്നതോടെ അധ്യാപികമാർക്ക് അവിടെയും സ്വതന്ത്രമായി ഇരിക്കാനും സംസാരിക്കാനും വയ്യാതായി. അവർ ഇരിക്കുമ്പോൾ, സംസാരിക്കുമ്പോൾ, ക്ഷീണിക്കുമ്പോഴോ അല്ലെങ്കിൽ ശാരീരികാസ്വാസ്ഥ്യങ്ങൾ ഉണ്ടാകുമ്പോഴോ മേശമേൽ തലവെച്ച് ഒന്നുകിടക്കുമ്പോൾ അത് പകർത്തപ്പെടുന്നു. അതെല്ലാം കടുത്ത കുറ്റകൃത്യങ്ങളാവുന്നു. സ്കൂൾ പ്രിൻസിപ്പാൾ തന്റെ അധികാരം സ്ഥാപിക്കാനായിരിക്കും ഇക്കാര്യങ്ങൾ ചെയ്യുന്നത് എന്നത് ഊഹിക്കാവുന്നതേയുള്ളൂ. പി ടി എയും എസ് എം സിയും പ്രിൻസിപ്പലിന്റെ താളത്തിനൊത്തു തുള്ളുന്ന വ്യക്തികളെ കുത്തിനിറച്ച് രൂപീകരിച്ചിരിച്ചതാവാനും മതി. അത് സ്കൂളിൽ അന്വേഷണത്തിനെത്തിയ വനിതാ കമ്മീഷന്റെ റിപ്പോർട്ടിൽ കൃത്യമായി എടുത്തു പറയുന്നുണ്ട്: ‘സർക്കാർ നിഷ്കർഷിച്ചിരിക്കുന്ന മാനദണ്ഡങ്ങൾക്ക് അനുസൃതമായിട്ടല്ല കമ്മിറ്റികൾ രൂപീകരിച്ചിട്ടുള്ളത്. അതുപ്രകാരമല്ല പ്രവർത്തിക്കുന്നത്. ഇത് കമ്മീഷന് ബോധ്യമായിട്ടുണ്ട്’.

സി സി ടി വി ക്യാമറയ്ക്കെതിരെ സ്കൂളിലെ ഇന്റേണൽ കമ്മറ്റിക്കു നൽകിയ പരാതിക്ക് പരിഹാരമില്ലാതായപ്പോഴാണ് അധ്യാപികമാർ സംസ്ഥാന വനിതാ കമ്മീഷന് പരാതി സമർപ്പിച്ചത്. സ്കൂളിലെ അധ്യാപികമാരായ മഞ്ജു ടി.ആർ അടക്കം നാലുപേർ ചേർന്ന് സമർപ്പിച്ച പരാതിയെത്തുടർന്ന് 2024 ഏപ്രിൽ 17ന് കമ്മീഷൻ അധ്യക്ഷ, മെമ്പർമാർ, ഡയറക്ടർ ഉൾപ്പെടെ സ്കൂൾ സന്ദർശിക്കുകയും പരാതിക്കാരുടെയും പ്രിൻസിപ്പൽ ഇൻ ചാർജ് അടക്കമുള്ളവരുടെയും മൊഴിയെടുക്കുകയും അന്വേഷണം നടത്തുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തിൽ നൽകിയ ഉത്തരവ് പൊതുസമൂഹത്തിൽ വലിയ ചർച്ചയായിട്ടുണ്ട്: ‘‘പ്രിൻസിപ്പലിന്റെ മുറിയിൽ പുറത്തുനിന്നുള്ള ഏതൊരാൾക്കും കടന്നുവന്ന് വീക്ഷിക്കാവുന്ന വിധത്തിലാണ് എല്ലാ ക്യാമറകളും സ്ഥാപിച്ചിരിക്കുന്നത്. ക്ലാസ് റൂമുകൾ ഉൾപ്പെടെയുള്ള എല്ലാ മുറികളിലെയും ദൃശ്യങ്ങൾ പ്രിൻസിപ്പലിന് ക്യാമറയിലൂടെ കൃത്യമായി വീക്ഷിക്കാൻ സാധിക്കും. കമ്മീഷൻ മുമ്പാകെ മൊഴി നൽകിയ അധ്യാപകരെല്ലാം സ്റ്റാഫ് റൂമിലുള്ള സിസിടിവി ക്യാമറ മാറ്റുന്നതാണ് ഉചിതം എന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. സൂം ചെയ്യാനും വളരെ സൂക്ഷ്മമായി കാണുവാനും സാധിക്കുന്നതാണ് സ്റ്റാഫ് റൂമിൽ സ്ഥാപിച്ച ക്യാമറ. അധ്യാപികമാർക്ക് ഇത് തങ്ങളുടെ സ്വകാര്യതയ്ക്ക് ഭംഗം വരുത്തുന്നു എന്ന പരാതിയുണ്ട്. ഇത് തീർച്ചയായും സ്ത്രീകളുടെ സ്വകാര്യതയെ ഭംഗം ചെയ്യുന്ന നടപടിയാണ്. അതിനാൽ ക്യാമറ അവിടെനിന്ന് എടുത്തു മാറ്റേണ്ടതാണ്’’.
വനിതാ കമ്മീഷൻ ഉത്തരവിൽ കൃത്യമായും പറയുന്ന ഇക്കാര്യം ഇപ്പോഴെങ്കിലും സ്കൂളിൽ നടപ്പാക്കിയിട്ടുണ്ടോ എന്ന് പരിശോധിക്കണം. ഇല്ലെങ്കിൽ കമ്മീഷൻ ഉത്തരവ് ലംഘിച്ച സ്ഥാപനത്തിന്റെ ഉത്തരവാദിത്വപ്പെട്ടവർക്കെതിരെ ശക്തമായ നടപടി സർക്കാർ കൈക്കൊള്ളണം.

ചങ്ങനാശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ അഞ്ച് അധ്യാപികമാരെ വയനാട്, കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് സ്ഥലം മാറ്റിക്കൊണ്ടുള്ള  പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് (പൂർണ്ണരൂപം വായിക്കാം - PDF)
ചങ്ങനാശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ അഞ്ച് അധ്യാപികമാരെ വയനാട്, കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് സ്ഥലം മാറ്റിക്കൊണ്ടുള്ള പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് (പൂർണ്ണരൂപം വായിക്കാം - PDF)

കമ്മീഷൻ ഉത്തരവിൽ തുടർന്നുപറയുന്നത്, ഇത്തരം നടപടികൾ സ്കൂളിന്റെ പ്രവർത്തനങ്ങളെ എങ്ങിനെ ബാധിക്കും എന്നതാണ്: ‘‘പ്രിൻസിപ്പലിന്റെ മുറിയിൽ വച്ചിരിക്കുന്ന സി സി ടി വി ക്യാമറയിൽ നോക്കി അധ്യാപികമാർ ഏത് ക്ലാസിലാണ് പഠിപ്പിക്കുന്നത് എന്ന് മനസ്സിലാക്കി അവരുടെ പ്രവർത്തനങ്ങളെയും നടപടികളെയും കുറിച്ച് ആക്ഷേപം പറയുകയും അവരെ നിയന്ത്രിക്കാൻ ശ്രമിക്കുകയും ചെയ്യുന്നതായും പരാതിയുണ്ട്. ആവശ്യമില്ലാത്ത സംവാദങ്ങളിൽ പി ടി എയിലുള്ള ചിലരെയെങ്കിലും ഇതിന്റെയടിസ്ഥാനത്തിൽ ഏർപ്പെടുന്നതായുള്ള ആക്ഷേപവും അധ്യാപികമാർ ഉന്നയിച്ചു. ഈ നടപടികളെല്ലാം ക്ലാസിന്റെ / സ്കൂളിന്റെ സുഗമമായ നടത്തിപ്പിനെ ബാധിക്കുന്നതാണ്’’.

സ്കൂളിൽ ‘പോഷ്’ നിയമപ്രകാരമുള്ള (തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് നേരെയുണ്ടാകുന്ന ലൈംഗികാതിക്രമം തടയുന്നതിനും എല്ലാ സ്ത്രീകൾക്കും സുരക്ഷിതത്വ ബോധത്തോടെ ജോലി ചെയ്യുന്നതിനുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമായി നടപ്പിലാക്കിയ നിയമമാണ് 2013 ലെ POSH ACT) ഇന്റേണൽ കമ്മിറ്റി രൂപീകരിച്ചതായും അതിന്റെ അധ്യക്ഷയായി സീനിയർ വനിതാധ്യാപികയെ നിയമിച്ചതായും പറയുന്നുണ്ടെങ്കിലും ആ അധ്യാപികയോട് കമ്മീഷൻ ചോദിച്ചപ്പോൾ അതിലെ മറ്റ് കമ്മിറ്റി അംഗങ്ങൾ ആരാണെന്നു പോലും അവർക്കറിയില്ല. ഒരുതവണപോലും യോഗം ചേർന്നില്ല എന്നും പരാതി സ്കൂളിൽ ചർച്ച ചെയ്തില്ല എന്നും അവർ പറയുകയുണ്ടായി എന്നും കമ്മീഷൻ ഉത്തരവിൽ എടുത്തുപറയുന്നു.

സ്റ്റാഫ് റൂമിൽ അധ്യാപികമാരുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും അവരുടെ സ്വകാര്യഭാഷണങ്ങൾ പിടിച്ചെടുക്കാനും ക്യാമറകൾ സ്ഥാപിക്കുന്ന സ്കൂൾ പ്രിൻസിപ്പലിന്റെ പ്രവൃത്തി ഒരു സൂചന മാത്രമാണ്. അത് അദ്ദേഹത്തിന്റെ സ്വഭാവത്തിന്റെ, പ്രവർത്തനങ്ങളുടെ രീതിയെ പ്രതിഫലിപ്പിക്കുന്നുണ്ട്. ഇതേ പ്രിൻസിപ്പാലാണ് സ്കൂളിന്റെ അക്കാദമിക നിലവാരം ഉയർത്താനെന്ന വ്യാജേന ഈ അധ്യാപികമാരെ ദ്രോഹിക്കാനായിമാത്രം ഏകപക്ഷീയമായി സ്പെഷ്യൽ ക്ലാസുകൾക്ക് ടൈം ടേബിൾ നിശ്ചയിക്കുന്നത്. കേരളത്തിൽ എല്ലാ ഹയർ സെക്കന്ററി സ്കൂളുകളിലും സ്പെഷ്യൽ ക്ലാസുകൾ നടക്കുന്നുണ്ട്. പ്രിൻസിപ്പൽമാർ മുഴുവൻ അധ്യാപകരുടെയും സ്നേഹപൂർണമായ സഹകരണത്തോടെ, ക്ലാർക്ക്, പ്യൂൺ തുടങ്ങിയ ഒരൊറ്റ ഓഫീസ് സ്റ്റാഫുമില്ലാതെ എല്ലാ പ്രവർത്തനങ്ങളും മാതൃകാപരമായി പൂർത്തീകരിക്കുന്നുണ്ട്. ഒരു സ്കൂൾ മേലധികാരി എങ്ങനെയാണ് തന്റെ സഹപ്രവർത്തകരെ പ്രചോദിപ്പിക്കുകയും അവരുടെ പ്രവർത്തനങ്ങളെ വിലയിരുത്തുകയും അവരെ അംഗീകരിക്കുകയും അഥവാ എന്തെങ്കിലും പ്രശ്നങ്ങൾ കണ്ടെത്തിയാൽ അവ സൗഹാർദ്ദപൂർവ്വം പരിഹരിക്കുകയും ചെയ്യേണ്ടതെന്നതിന് ക്ലാസുകളും കോഴ്സുകളും കിട്ടിയ ആളായിരിക്കും ചങ്ങനാശ്ശേരി ഗവ. ഹയർ സെക്കന്ററി സ്കൂളിലെ പ്രിൻസിപ്പലും. എന്നാൽ തന്റെ സംഘടനാസ്വാധീനങ്ങളും എം എൽ എ അടക്കമുള്ള അധികാര കേന്ദ്രങ്ങളിലുള്ള ബന്ധവും കാരണം തനിക്ക് അവയൊന്നും പ്രശ്നമല്ല എന്നദ്ദേഹം കരുതുന്നുണ്ടാവും. അതുകൊണ്ടായിരിക്കാം തന്റെ ഇംഗിതങ്ങൾക്ക് എതിരു നിൽക്കുന്ന അധ്യാപികമാരെ അപമാനകരമാം വിധം കുറ്റംചുമത്തി ദൂരെ ജില്ലകളിലേക്ക് സ്ഥലം മാറ്റാൻ പോലും അദ്ദേഹത്തിന് നിഷ്പ്രയാസം കഴിയുന്നത്.

ഒരു സ്കൂൾ സ്റ്റാഫ് റൂം ചർച്ചയിൽ തീർക്കേണ്ടുന്ന വിഷയം പി ടി എയിലും എം എൽ എക്കുമുന്നിലും എത്തിക്കുകയും അധ്യാപികമാരെ ട്രാൻസ്ഫർ ചെയ്യിക്കാൻ എം എൽ എ തന്നെ ആവശ്യപ്പെടുകയും ചെയ്യുന്ന അവസ്ഥ കേരളത്തിൽ ഇന്നത്തെ ഒരക്കാദമിക ജനാധിപത്യ വ്യവസ്ഥയിൽ സംഭവിക്കുന്നത് ഊഹിക്കാൻ കഴിയാത്തതാണ്.

നിരന്തരം സ്പെഷൽ ക്ലാസുകൾ എടുക്കുകയും സ്കൂളിലെ എല്ലാ അക്കാദമിക പ്രവർത്തനങ്ങളിലും മുന്നിൽ നിൽക്കുകയും ചെയ്യുന്ന അധ്യാപികമാരെയാണ് ഇത്രയും നീചമായ കുറ്റങ്ങൾ ചാർത്തി പ്രിൻസിപ്പൽ പലവിധ വളഞ്ഞ വഴികളിലൂടെ ഇപ്പോൾ ട്രാൻസ്ഫർ ചെയ്യിച്ചിരിക്കുന്നത്. സ്പെഷ്യൽ ക്ലാസുകൾ പൊതുവിൽ സ്റ്റാഫ്റൂമിൽ ചർച്ച ചെയ്യുകയും അധ്യാപകർക്കു കൂടി സൗകര്യപ്രദമായ തീയ്യതിയും സമയവും നിശ്ചയിച്ച് ക്രമീകരിക്കാറുമാണ് പതിവ്. അത് സ്കൂൾ മേലധികാരിക്ക് പി ടി എയുടെയോ എം എൽ എ യുടെയോ സഹായത്തോടെ ഉണ്ടാക്കി അധ്യാപകരുടെ മേൽ അടിച്ചേൽപ്പിക്കാൻ കഴിയുന്നതല്ല. ആരുടെയും നിർബന്ധത്താലോ സമ്മർദ്ദത്താലോ എടുക്കേണ്ടതല്ല സ്പെഷ്യൽ ക്ലാസുകൾ. അത് തന്റെ വിഷയത്തിൽ താൻ പഠിപ്പിക്കുന്ന കുഞ്ഞുങ്ങൾക്ക് പരമാവധി അറിവു ലഭിക്കണം, സ്കോർ ലഭിക്കണം എന്ന തന്റെതന്നെ ഉള്ളിൽ നിന്നുള്ള ആഗ്രഹത്താൽ അധ്യാപകരിൽ ഉണ്ടാവേണ്ടതാണ്. അത് സ്വാഭാവികമായും അധ്യാപകർക്കുണ്ടാകും. എന്നാൽ അതിനെ അധ്യാപകരെ പീഡിപ്പിക്കാനുള്ള ഉപാധിയാക്കുകയും വ്യക്തിപരമായി അങ്ങേയറ്റം അസൗകര്യമുള്ള ദിവസങ്ങളിൽ നിശ്ചയിക്കുകയുമൊക്കെ ചെയ്യുന്നത് അധികാരത്തിന്റെ ധാർഷ്ട്യപ്രകടനമാണ്. അതിന് വഴങ്ങിക്കൊടുക്കാൻ ആത്മാഭിമാനമുള്ളവർക്ക് കഴിയണമെന്നില്ല.

ചങ്ങനാശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ ഒന്നാംവർഷ ഹയർ സെക്കന്ററി റിസൾട്ട്
ചങ്ങനാശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ ഒന്നാംവർഷ ഹയർ സെക്കന്ററി റിസൾട്ട്

ഒരു സ്കൂൾ സ്റ്റാഫ് റൂം ചർച്ചയിൽ തീർക്കേണ്ടുന്ന വിഷയം പി ടി എയിലും എം എൽ എക്കുമുന്നിലും എത്തിക്കുകയും അധ്യാപികമാരെ ട്രാൻസ്ഫർ ചെയ്യിക്കാൻ എം എൽ എ തന്നെ ആവശ്യപ്പെടുകയും ചെയ്യുന്ന അവസ്ഥ കേരളത്തിൽ ഇന്നത്തെ ഒരക്കാദമിക ജനാധിപത്യ വ്യവസ്ഥയിൽ സംഭവിക്കുന്നത് ഊഹിക്കാൻ കഴിയാത്തതാണ്.
‘‘എം എൽ എ തയ്യാറാക്കിയ സ്പെഷ്യൽ ക്ലാസിനുള്ള ടൈംടേബിൾ അനുസരിക്കാൻ തയ്യാറാകാത്ത 'വനിതാ'ധ്യാപകരാണ്’’ എന്ന കുറ്റാരോപണത്തിന് ആഴമേറെയാണ്. എം എൽ എ യാണോ ഒരു സ്കൂളിലെ ടൈംടേബിൾ തയ്യാറാക്കുന്നത്? അതുപോലും ഉത്തരവിൽ ഇതെഴുതിവെക്കുന്ന ഹയർ സെക്കന്ററി വിദ്യാഭ്യാസവകുപ്പിന് അറിയില്ലേ? കുറ്റത്തിന്റെ ഗൗരവം കൂട്ടാനായി മുഖ്യമന്ത്രി തയ്യാറാക്കിയ ടൈംടേബിൾ എന്ന് പറയാത്തത് ഭാഗ്യം. അതു മാത്രമല്ല, വനിതാ അധ്യാപകർ അതു ചെയ്തു എന്നതാണ് ഈ പ്രശ്നത്തിലെ ഏറ്റവും മർമ്മപ്രധാനമായ ഒരുവശം.

അനുസരിക്കുന്നില്ല, അവഗണിക്കുന്നു, പുച്ഛിച്ചു സംസാരിക്കുന്നു, വിലകുറഞ്ഞ രീതിയിൽ പെരുമാറുന്നു, ധാർഷ്ട്യത്തോടെ പെരുമാറുന്നു തുടങ്ങി നിരവധി പെരുമാറ്റദൂഷ്യങ്ങൾ അവരിൽ ഈ ഉത്തരവ് ആരോപിക്കുന്നുണ്ട്. അതെല്ലാം അവർ 'വനിതാ അധ്യാപകരായതുകൊണ്ടാണ്’ ഗുരുതര കുറ്റമാവുന്നത്. കൃത്യമായ ആണധികാരത്തിന്റെയും സ്ത്രീവിവേചനത്തിന്റെയും ഭാഷ ആ ഉത്തരവിലെ ഓരോ വരിയിലും മസിലെടുത്തുനിൽക്കുന്നുണ്ട്. ജെൻഡർ സൗഹൃദ ടോയ്ലറ്റുകൾ, യൂണിഫോമുകൾ… എന്തെല്ലാം വിപ്ലവമാണ് വിദ്യാഭ്യാസ രംഗത്തെക്കുറിച്ചുള്ള പ്രസംഗങ്ങളിൽ. എന്നാൽ സ്വന്തം സ്വകാര്യതയിലേക്ക് നിങ്ങളുടെ ക്യാമറക്കണ്ണുകൾ വെച്ചേക്കരുത് എന്ന് പറഞ്ഞതിനാണ് ഈ അനുസരണക്കേടിന്റെ മഹാഭാരതം അധ്യാപികമാർക്ക് അടിച്ചു കൊടുത്തിരിക്കുന്നത്. ഇതെല്ലാം കേവലം ഉദ്യോഗസ്ഥ ദുഷ്തീരുമാനം മാത്രമല്ല. എം എൽ എ കൂടി ഇടപെട്ടാണ് ഈ പണിഷ്മെന്റ് ട്രാൻസ്ഫർ എന്നതുകൊണ്ട് അത് രാഷ്ട്രീയ തീരുമാനം തന്നെയാകുന്നു. അക്കാദമിക / സാംസ്കാരിക കേരളത്തിന്റെ സ്ത്രീവിരുദ്ധതയുടെ പൈശാചിക മുഖം മറനീക്കിക്കാണിക്കുന്ന ഈ ഉത്തരവ് ഒരിടതുപക്ഷ സർക്കാരിൽനിന്നുണ്ടാവുന്നു എന്നത് വിചിത്രമാണ്.

റിസൽട്ട് വർദ്ധിപ്പിക്കാൻ സ്പെഷ്യൽ ക്ലാസുകൾ എടുക്കുന്ന, സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളിലും സഹകരിക്കുന്ന അധ്യാപികമാരെ, അവർ തങ്ങളുടെ സ്വകാര്യതയെ ഭംഗിക്കുന്ന ഒരു ക്യാമറക്കാഴ്ചയെ തടയാനുദ്യമിച്ചതിന് ഏകപക്ഷീയമായും വ്യാജ ആരോപണങ്ങൾ ഉന്നയിച്ചും പൊതുസമൂഹത്തിനുമുന്നിൽ അപമാനിക്കുകയാണ് ചെയ്യുന്നത്.

പഠനനിലവാരത്തിലെ
ഇരട്ടത്താപ്പ്

സ്പെഷ്യൽ ക്ലാസുകളും ഓൺലൈൻ ക്ലാസുകളും എടുക്കുന്നില്ല, നന്നായി പഠിപ്പിക്കുന്നില്ല, പഠിപ്പിക്കുന്നത് കുട്ടികൾക്ക് ഒന്നും മനസ്സിലാകുന്നില്ല, പഠിപ്പിക്കുന്ന വിഷയങ്ങളിലെ റിസൾട്ട് കുറവാണ്, ക്ലാസെടുക്കാൻ മടിയുള്ള അധ്യാപികമാരാണ്, ക്ലാസുള്ള സമയങ്ങളിൽ പോലും സ്റ്റാഫ് റൂമിൽ മേശമേൽ തലവെച്ച് കിടന്നുറങ്ങുന്നു, കൃത്യവിലോപം വരുത്തുന്നവരും കാര്യക്ഷമതയില്ലാത്തവരുമാണ്, സ്വന്തം ജോലിയിൽ പോലും വീഴ്ച വരുത്തുന്നവരാണ് എന്നിങ്ങനെ ശിക്ഷാസ്ഥലംമാറ്റ ഉത്തരവിൽ എണ്ണിപ്പറഞ്ഞിട്ടുള്ള, അധ്യാപകരെ സംബന്ധിച്ച് അവരെ തൊഴിലിൽ നിന്നു പോലും അയോഗ്യരാക്കത്തക്ക കുറ്റങ്ങൾ ചെയ്തവരാണ് ഇവരെങ്കിൽ അത് പ്രത്യക്ഷമായും തെളിയേണ്ടത് കുട്ടികൾ ഹയർ സെക്കന്ററി പൊതുപരീക്ഷയിൽ നേടിയ സ്കോർ ഷീറ്റിലാണല്ലോ.

നേരത്തെ പറഞ്ഞതുപോലെ സപ്ലിമെന്ററി ലിസ്റ്റിൽ പ്രവേശനം നേടുന്നവരാണ് സ്കൂളിലെ വലിയ ശതമാനം കുട്ടികളും. എസ് എസ് എൽ സിക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ കുട്ടികളുടെ റിസൽറ്റ് തീർച്ചയായും ഇവിടെ ഉണ്ടാവണമെന്നില്ല. എങ്കിലും അവിടെ ഏറ്റവും താഴെ റിസൽട്ട് നേടിയ വിഷയങ്ങൾ പഠിപ്പിച്ചവരെയാണോ ഈ കുറ്റങ്ങൾ ചാർത്തി ശിക്ഷാസ്ഥലം മാറ്റം കൊടുത്തിട്ടുള്ളത് എന്നന്വേഷിക്കുമ്പോഴാണ് ഈ പറഞ്ഞതെല്ലാം അവരുടെ ആത്മാഭിമാനത്തിനുമേൽ ചെളിവാരിയെറിയാനുള്ള പ്രതികാരബുദ്ധിയുടെ കുടിലവചസ്സുകളാണ് എന്ന് മനസ്സിലാവുക. സത്യവുമായിട്ട് അവയ്ക്ക് പുലബന്ധം പോലുമില്ലെന്നും,

ചങ്ങനാശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ രണ്ടാം വർഷത്തെ ഹയർ സെക്കന്ററി റിസൾട്ട്
ചങ്ങനാശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ രണ്ടാം വർഷത്തെ ഹയർ സെക്കന്ററി റിസൾട്ട്

ഒന്നാംവർഷ ഹയർ സെക്കന്ററി റിസൾട്ട് നോക്കാം (ബ്രാക്കറ്റിൽ രണ്ടാംവർഷം). ഈ കുറ്റങ്ങൾ ചാർത്തി സ്ഥലംമാറ്റപ്പെട്ട ലക്ഷ്മി എ.ആർ പഠിപ്പിക്കുന്ന ഹിന്ദിയിൽ 100% (98%) കുട്ടികളും പാസായിട്ടുണ്ട്, സ്റ്റേറ്റ് ആവറേജിനെക്കാളും എത്രയോ മുകളിലാണ് അത് (ബ്രാക്കറ്റിൽ സ്റ്റേറ്റ് ആവറേജ്): ഇംഗ്ലീഷ് 70% (70%), ബയോളജി 87% (92%), ബിസിനസ് സ്റ്റഡീസ് 87% (72%), ഫിസിക്സ് 74% (58%) എന്നിങ്ങനെയാണ് ട്രാൻസ്ഫർ ചെയ്യപ്പെട്ട മറ്റധ്യാപികമാർ പഠിപ്പിക്കുന്ന വിഷയത്തിലെ സ്കോറുകൾ. പലതും സ്റ്റേറ്റ് ആവറേജിന്റെ അടുത്തൊക്കെ നിൽക്കുന്നു. സ്കൂളിലെ ഏറ്റവും ദയനീയമായ റിസൽറ്റ് പ്രിൻസിപ്പലായ പ്രകാശ്കുമാർ പഠിപ്പിക്കുന്ന കണക്കിനാണ്. ഒന്നാംവർഷം 50 കുട്ടികൾ പരീക്ഷയെഴുതിയതിൽ 26 കുട്ടികളും പരാജയപ്പെട്ടു. വിജയശതമാനം 48. സംസ്ഥാന ശരാശരി 79%. രണ്ടാംവർഷം പരീക്ഷയെഴുതിയ 60- ൽ 32 കുട്ടികളും പാസായില്ല. 47% മാത്രം വിജയം. സ്റ്റേറ്റ് ആവറേജ് അപ്പോൾ 92%. ഈ കുറ്റപത്രത്തിൽ ആരോപിക്കപ്പെട്ട വിശേഷണങ്ങളെല്ലാം ആർക്കാണ് ചേരുന്നതെന്ന് അരിഭക്ഷണം കഴിക്കുന്നവരോട് വിശദീകരിക്കേണ്ടല്ലോ. ‘തന്റെ കണ്ണിലെ കോല് കാണാതെ ആരാന്റെ കണ്ണിലെ കരട് കാണുന്ന’ ഇതേ പ്രിൻസിപ്പലാണ് ഈ അച്ചടക്കനടപടികളുടെയെല്ലാം കാതൽ. ഇതിന്റെ പേരിൽ സ്ഥലംമാറ്റപ്പെടുന്നുണ്ടെങ്കിൽ കർണ്ണാടകത്തിലേക്കോ മഹാരഷ്ട്രയിലേക്കോ പോകേണ്ടി വരിക അയാളാണ്. അപ്പോൾ ഇതെല്ലാം തന്റെ വാക്കുകൾ ധിക്കരിച്ച, തന്റെ തീരുമാനത്തെ ചോദ്യം ചെയ്ത വനിതകളോടുള്ള പ്രതികാരമാണ്. അവരെ വ്യക്ത്യാധിക്ഷേപം നടത്തി നാണം കെടുത്താൻ ഇയാൾക്ക് കൂട്ടുനിൽക്കുന്നത് ആർ ഡി ഡിയും ഹയർ സെക്കന്ററി വകുപ്പും. സഹായിക്കാൻ എം എൽ എ യും അധ്യാപക സംഘടനയും. ഇതെന്താ വെള്ളരിക്കാപട്ടണമോ?

സർവീസ് ചട്ടമെന്ന
നോക്കുകുത്തി

അഞ്ച് അധ്യാപികമാർക്കെതിരെ പരസ്യമായി ഇത്തരം കുറ്റം ചുമത്തി ശിക്ഷിക്കുന്നതിനുമുമ്പ് സർക്കാർ ശിക്ഷാനടപടികളുടെ എന്തെങ്കിലും ചട്ടങ്ങൾ പാലിക്കപ്പെട്ടോ? അവർക്ക് ആദ്യം കാരണം കാണിക്കൽ നോട്ടീസ് നൽകിയോ? അവരുടെ രേഖാമൂലമുള്ള മറുപടി വാങ്ങിയോ? ആ മറുപടി തൃപ്തികരമല്ലാഞ്ഞ് അവരെ ഹിയറിംഗിന് വിളിപ്പിച്ചോ? കുറ്റപത്രം നൽകി അതിൽ അവർക്ക് പറയാനുള്ളത് കേട്ടോ? ഒന്നുമില്ല. ശിക്ഷിക്കപ്പെട്ട ഈ അധ്യാപികമാരാണ് ഈ വിഷയത്തിലെ പരാതിക്കാർ. അതന്വേഷിക്കാനാണ് ആർ ഡി ഡി സ്കൂളിൽ എത്തിയത്. അദ്ദേഹം പരാതി നൽകിയ അധ്യാപികമാരെ സവിശേഷം കേൾക്കുകയുണ്ടായോ? അവ എവിടെയെങ്കിലും രേഖപ്പെടുത്തിയിട്ടുണ്ടോ? കുഞ്ഞുങ്ങളുടെ കയ്യിൽ നിന്ന് വെള്ളക്കടലാസിൽ ഒപ്പിട്ടുവാങ്ങി പ്രിൻസിപ്പലിന്റെ നേതൃത്വത്തിൽ നടത്തിയ വ്യാജപരാതികളെക്കുറിച്ച് കുട്ടികളോട് അന്വേഷിച്ചോ? ഒന്നുമുണ്ടായില്ല. ആരുടെയൊക്കെയോ സമ്മർദ്ദങ്ങൾക്കും ഭീഷണികൾക്കും വഴങ്ങി അദ്ദേഹം പ്രിൻസിപ്പലും മറ്റു ചിലരും എഴുതിക്കൊടുത്ത റിപ്പോർട്ട് മേലോട്ടയച്ചു. അത്രമാത്രം.

ഒരു കൊടുംകുറ്റവാളിയായാൽപ്പോലും അയാൾക്ക് ലഭിക്കേണ്ട ഒരു നീതിയുണ്ട്, അയാൾക്ക് പറയാനുള്ളതും കേൾക്കാനുള്ള ഒരു സംവിധാനം ഈ രാജ്യത്തുണ്ട്. അപ്പോഴാണ്, സ്കൂളിൽ തങ്ങളുടെ കുഞ്ഞുങ്ങളുടെ റിസൽട്ട് വർദ്ധിപ്പിക്കാൻ സ്പെഷ്യൽ ക്ലാസുകൾ എടുക്കുന്ന, സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളിലും സഹകരിക്കുന്ന അധ്യാപികമാരെ, അവർ തങ്ങളുടെ സ്വകാര്യതയെ ഭംഗിക്കുന്ന ഒരു ക്യാമറക്കാഴ്ചയെ തടയാനുദ്യമിച്ചതിന് ഏകപക്ഷീയമായും വ്യാജ ആരോപണങ്ങൾ ഉന്നയിച്ചും പൊതുസമൂഹത്തിനുമുന്നിൽ അപമാനിക്കുന്നത്! അവർക്കെതിരെ ഏകപക്ഷീയമായ ശിക്ഷാനടപടികൾ എടുക്കുന്നത്. അതും ഒരു ഇടതു ജനാധിപത്യ സർക്കാർകാലത്ത്.

ആനന്ദിന്റെ ഗോവർദ്ധന്റെ യാത്രയിലെ ചൗപട് രാജാവിന്റെ കഥയാണ് ഓർമ വരുന്നത്. ഒരു രാജ്യത്തെ ഒരു സ്കൂളിലെ ഏകശാസനനായ പ്രിൻസിപ്പൽ രാജാവിന് എന്തു തെറ്റും ചെയ്യാം. കുട്ടികളെ, അതും ഭിന്നശേഷിക്കാരായ കുട്ടികളെവരെ എന്ത് ക്രൂരതയ്ക്കും വിധേയമാക്കാം. തന്റെ സിൽബന്തികളുമായി സ്കൂൾ ഓഫീസ് വിനോദകേന്ദ്രമാക്കാം. ക്ലാസ് മുറികളിലും സ്റ്റാഫ് റൂമിലും എല്ലാം സസൂക്ഷ്മം നിരീക്ഷിക്കാവുന്ന ക്യാമറകൾ സ്ഥാപിക്കാം. മറ്റുള്ളവരുടെ സ്വകാര്യതയിൽ ഇടിച്ചുകയറാം. സ്കൂളിന്റെ അക്കാദമിക നിലവാരത്തെ തൃണവത്ഗണിച്ച് എപ്പോൾ വേണമെങ്കിലും പോവുകയും വരികയും ചെയ്യാം. അപ്പോൾ അയാൾക്കെതിരെ സഹികെട്ട് അതിന് വിധേയരാകുന്നവർ പരാതി നൽകും. അധികാരികൾ വിചാരണ കൂടാതെ ശിക്ഷവിധിക്കും. ആർക്ക്? കുരുക്ക് പാകമാകുന്ന കഴുത്തുകൾക്ക്. ഇവിടെ അത് അഞ്ച് അധ്യാപികമാർ ആകുന്നു എന്നേയുള്ളൂ. കുരുക്ക് പരാതിക്കാരുടെ കഴുത്തുകൾക്ക് കൃത്യം പാകം. ഉടൻ അവരെ തൂക്കിലേറ്റുക.

Comments