ഭാഷാസമരം മുറുകുമ്പോൾ കേരളത്തിലെ മലയാള ഭാഷാനയത്തെക്കുറിച്ച്
ചില ആശങ്കകൾ

കേന്ദ്ര സർക്കാർ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന ഭാഷാനയത്തിന്റെ പേരിൽ കേന്ദ്രവും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും തമ്മിൽ ഭിന്നത രൂക്ഷമാകുകയാണ്. സംസ്ഥാനങ്ങൾക്ക് സ്വന്തം ഭാഷകൾ തെരഞ്ഞെടുക്കാൻ അവകാശം വേണമെന്നാണ് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ ആവശ്യം. ഈ സന്ദർഭത്തിൽ കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ പിന്തുടരുന്ന ഭാഷാനയത്തിന്റെ പ്രതിസന്ധികൾ വിശകലനം ചെയ്യുകയാണ് വൈഷ്ണവി വി.

നിലപാടുകൾ കൊണ്ടും തീരുമാനങ്ങളിലെ വ്യക്തത കൊണ്ടും സാമൂഹികമായി നമ്മൾ കെട്ടിപ്പടുത്ത മൂല്യങ്ങൾ കൊണ്ടും മറ്റ് ഇടങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ സമഗ്ര മേഖലകളിലുമുള്ള മുന്നേറ്റം കേരളം സവിശേഷ പ്രാധാന്യത്തോടെ അടയാളപ്പെടുത്തപ്പെടുന്നു. വ്യക്തിപരമായി ആർക്കെങ്കിലും ഒറ്റയ്ക്ക് അവകാശപ്പെടാവുന്ന നേട്ടമല്ല, ഒരു സമൂഹം കൂട്ടായി രൂപപ്പെടുത്തിയ ഘടനയാണ് കേരളം. പലപ്പോഴും, വിമർശനാത്മകമായും അവകാശവാദമെന്ന നിലയ്ക്കും ‘കേരള മോഡൽ' എന്ന് വിശേഷിപ്പിക്കപ്പെടാറുണ്ട്. കേരളം മുന്നോട്ട് വയ്ക്കുന്ന അടിസ്ഥാന സങ്കൽപങ്ങളിൽ നിന്നാണ് അത്തരമൊരു വിശേഷണം രൂപപ്പെട്ടിട്ടുള്ളത് എന്ന് കാണാം. നമ്മുടെ നേട്ടങ്ങളിലോ മുന്നേറ്റങ്ങളിലോ അമിതമായി 'അഭിരമി'ക്കുന്നതിനുപകരം വിമർശനാത്മകമായി അതിനെ പഠിച്ച്, തിരുത്തേണ്ട ഇടങ്ങളിൽ തിരുത്തി, ഇനിയും എത്രയോ ദൂരം മുന്നോട്ടു സഞ്ചരിക്കാനുണ്ടെന്നാണ് വിശ്വാസം.

പൊതുവിദ്യാലയങ്ങളിലെ
ഭാഷാനയം

ദേശീയതലത്തിൽ ഏറ്റവും ചർച്ചാവിഷയമാണ് ഭാഷനയം. ഒരു സമൂഹം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നത് ഭാഷയിലൂടെയാണ്. ദേശീയതലത്തിൽ പ്രാദേശിക ഭാഷകൾക്കു നേരെയുള്ള കടന്നുകയറ്റങ്ങളെ കേരളമടക്കമുള്ള സംസ്ഥാനങ്ങൾ ശക്തമായി എതിർക്കുന്ന ഘട്ടങ്ങൾ ഉണ്ടായിട്ടുണ്ട്. നിലവിൽ തമിഴ്നാട് ഒറ്റക്കെട്ടായി അവരുടെ ഭാഷാവിഷയത്തിൽ എടുത്തിട്ടുള്ള നിലപാട് ഇപ്പോൾ ചർച്ചാവിഷയമാണ്, അതിലെ ശരി തെറ്റുകൾ മനസ്സിലാക്കി തന്നെ പോകേണ്ടതുണ്ട്. നമുക്ക് നമ്മുടെ ഭാഷാനയത്തിലേക്ക് കടക്കാം.

ഒരു കാലംവരെ, പലരും ‘അമ്മ’യിൽ നിന്ന് രൂപപ്പെട്ട ഭാഷയായാണ് മാതൃഭാഷയെ അടയാളപ്പെടുത്തിയിരുന്നത്. എന്നാൽ, എല്ലാവരും ഉൾപ്പെടുന്ന ഒരു സമൂഹത്തിൽ നിന്നാണ് ഒരു വ്യക്തിയുടെ ഭാഷ രൂപപ്പെടുന്നത് എന്നതാണ് യാഥാർത്ഥ്യം. അത് ശരീരത്തിന്റെ ജനിതക ശാസ്ത്രമനുസരിച്ച് രൂപപ്പെടുന്നതുമല്ല, സാമൂഹിക ജനിതക ശാസ്ത്രത്തിന്റെ ആകെ തുകയാണ്. കേരളത്തിൽ മലയാളത്തെ കൂടാതെ ന്യൂനപക്ഷ ഭാഷകളും ഗോത്ര ഭാഷകളും നിലനിൽക്കുന്നു. ന്യൂനപക്ഷ - ഗോത്ര ഭാഷാവകാശങ്ങളെ ഒരുതരത്തിലും കേരളത്തിന്റെ മലയാളഭാഷാ നയം ബാധിക്കരുത്.

കേരളത്തിൽ പ്രവർത്തിക്കുന്ന എല്ലാ സ്കൂളുകളിലും നിർബന്ധമായും പത്താം ക്ലാസ് വരെ മലയാളം ഒരു വിഷയമായി പഠിപ്പിക്കണം എന്നാണ് നിയമം.
കേരളത്തിൽ പ്രവർത്തിക്കുന്ന എല്ലാ സ്കൂളുകളിലും നിർബന്ധമായും പത്താം ക്ലാസ് വരെ മലയാളം ഒരു വിഷയമായി പഠിപ്പിക്കണം എന്നാണ് നിയമം.

ഭാഷയെ പ്രോത്സാഹിപ്പിക്കുന്നതിൽ പൊതു വിദ്യാലയങ്ങൾക്ക് വലിയ പങ്കുണ്ടെന്നാണ് വിശ്വാസം.

കേരളത്തിൽ ആകെ 4700 പൊതുവിദ്യാലയങ്ങൾ പ്രവർത്തിക്കുന്നു. 7202 എയ്ഡഡ് വിദ്യാലയങ്ങൾ, 1043 അൺ എയ്ഡഡ് വിദ്യാലയങ്ങൾ, 1370 സി ബി എസ് ഇ വിദ്യാലയങ്ങൾ, 167 ഐ. സി. എസ്. ഇ വിദ്യാലയങ്ങൾ, 40 കേന്ദ്രീയ വിദ്യാലയങ്ങൾ, 14 നവോദയ വിദ്യാലയങ്ങൾ എന്നിവയാണ് പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ കണക്കനുസരിച്ച് പ്രവർത്തിക്കുന്നത്.

2017- ലാണ് സംസ്ഥാന സർക്കാർ മലയാള ഭാഷാപഠന ആക്ട് (മലയാള പഠനനിയമം ) കൊണ്ടുവരുന്നത്. 2018-ൽ അതിന്റെ ചട്ടങ്ങൾ നിലവിൽ വന്നു. കേരളത്തിൽ പ്രവർത്തിക്കുന്ന എല്ലാ സ്കൂളുകളിലും നിർബന്ധമായും പത്താം ക്ലാസ് വരെ മലയാളം ഒരു വിഷയമായി പഠിപ്പിക്കണം എന്നാണ് നിയമം. ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ കീഴിലുള്ള എല്ലാ സ്കൂളുകളിലും മലയാളം പഠിപ്പിക്കുന്നുണ്ടോ എന്ന് അദ്ധ്യയന വർഷം ആരംഭിച്ച് മൂന്ന് മാസത്തിനുള്ളിൽ അദ്ധ്യാപകരുടെ പാനൽ പരിശോധിച്ച് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർക്ക് റിപ്പോർട്ട് നൽകേണ്ടതാണെന്നും ചട്ടത്തിന്റെ വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതിൽ വീഴ്ച വരുത്തുന്ന സ്കൂളുകൾക്കെതിരെ ലൈസൻസ് റദ്ദാക്കുന്നത് അടക്കമുള്ള വ്യവസ്ഥകൾ മലയാള പഠനനിയമത്തിന്റെ ചട്ടങ്ങളിൽ പറയുന്നുണ്ട്. മലയാള പഠനനിയമം നടപ്പിലാക്കാത്ത എത്രയോ വിദ്യാലയങ്ങൾ കേരളത്തിലുണ്ട്. മലയാളം പഠിപ്പിക്കാത്ത പൊതു വിദ്യാലയങ്ങളും, മലയാളം മീഡിയം ഡിവിഷനുകൾ ഇല്ലാത്ത പൊതു വിദ്യാലയങ്ങളുമുണ്ട്. സ്വാഭാവികമായും സി ബി എസ് ഇ അടക്കമുള്ള മറ്റു വിദ്യാലയങ്ങളിലെ സാഹചര്യം നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. മലയാള പഠനനിയമത്തിന്റെ ഭാഗമായി അത്തരം സ്കൂളുകൾക്കെതിരെ എന്ത് നടപടിയെടുത്തുവെന്ന് പൊതു വിദ്യാഭ്യാസവകുപ്പ് വ്യക്തമാക്കേണ്ടതുണ്ട്. ഇത്തരം വിദ്യാലയങ്ങളില്ലെല്ലാം പരിശോധനകളും നടപടികളും അടിയന്തര പ്രാധാന്യത്തോടെ പൊതു വിദ്യാഭ്യാസവകുപ്പ് നടത്തുകയും, വീഴ്ച ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കുകയും വേണം.

2018- 2025 കാലയളവിൽ ഒരു വിദ്യാർത്ഥിക്കും ഭാഷാപഠന സ്കോളർഷിപ്പ് നൽകിയിട്ടില്ല, നൽകാനുള്ള നടപടികൾ സ്വീകരിച്ചിട്ടില്ല എന്നാണ് ലഭ്യമായ വിവരം. ഭാഷാപഠനത്തിന് ചെറിയൊരു തുക മാറ്റിവയ്ക്കാൻ പോലും സാധിക്കാത്ത സ്ഥിതിയാണത്രേ.

‘സംസ്ഥാനത്തെ സ്കൂളുകളിൽ മലയാള പഠനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി, പത്താം ക്ലാസിൽ മലയാളത്തിന് മികച്ച വിജയം നേടുന്ന വിദ്യാർത്ഥികൾ തുടർന്നുള്ള രണ്ട് വർഷം മലയാളം ഒരു വിഷയമായി പഠിക്കുന്നപക്ഷം, ഓരോ സ്കൂളിലും മലയാളം പഠിക്കുന്ന അഞ്ച് ശതമാനം കുട്ടികൾക്ക് സർക്കാർ അതതുസമയം നിശ്ചയിക്കുന്ന നിരക്കുകളിൽ ഒരു തുക സ്കോളർഷിപ്പ് നൽകേണ്ടതാണെ'ന്ന മലയാള പഠനനിയമത്തിന്റെ ഭാഗമായുള്ള ചട്ടം ഇതുവരെ സർക്കാർ പാലിച്ചിട്ടില്ല. 2018 മുതൽ 2025 വരെയുള്ള കാലയളവിൽ ഒരു വിദ്യാർത്ഥിക്കും ഇത്തരത്തിലുള്ള ഭാഷാപഠന സ്കോളർഷിപ്പ് നൽകിയിട്ടില്ല, നൽകാനുള്ള നടപടികൾ സ്വീകരിച്ചിട്ടില്ല എന്നാണ് ലഭ്യമായിട്ടുള്ള വിവരം. ഭാഷാപഠനത്തിനായി ചെറിയൊരു തുക മാറ്റിവയ്ക്കാൻ പോലും സാധിക്കാത്ത സ്ഥിതിയാണത്രേ.

2017- ലാണ് സംസ്ഥാന സർക്കാർ മലയാള ഭാഷാപഠന ആക്ട് (മലയാള പഠനനിയമം ) കൊണ്ടുവരുന്നത്.
2017- ലാണ് സംസ്ഥാന സർക്കാർ മലയാള ഭാഷാപഠന ആക്ട് (മലയാള പഠനനിയമം ) കൊണ്ടുവരുന്നത്.

മലയാള പഠനനിയമ പ്രകാരം വിദ്യാർത്ഥികൾക്ക് ലഭ്യമാകേണ്ട സ്കോളർഷിപ്പ് ലഭ്യമാക്കാൻ ഭാഷാധ്യാപകരും അധ്യാപക സംഘടനകളും എന്താണ് ചെയ്തതെന്ന ചോദ്യം പ്രസക്തമാണ്. രക്ഷിതാക്കളെ ബോധവൽക്കരിച്ചോ അധ്യാപക സംഘടനകൾ വഴിയോ പൊതു വിദ്യാഭ്യാസ വകുപ്പിനെയോ, വിദ്യാഭ്യാസമന്ത്രിയോ സമീപിച്ച് അർഹർക്ക് സ്കോളർഷിപ്പ് ലഭ്യമാക്കാൻ ഇടപെട്ടിട്ടില്ലെന്ന വസ്തുത കൂടി നിലനിൽക്കുന്നുണ്ട്. മറ്റു സ്കോളർഷിപ്പുകൾ വിദ്യാർത്ഥികൾക്ക് ലഭ്യമാക്കാൻ അധ്യാപകർ ശ്രമിക്കുമ്പോൾ, സംസ്ഥാന സർക്കാരിന്റെ തന്നെ സ്കോളർഷിപ്പ് അർഹതപ്പെട്ട വിദ്യാർത്ഥികൾക്ക് നേടിക്കൊടുക്കാൻ ഒരു ഭാഷാധ്യാപകരും സംഘടനകളും ശ്രമിക്കുന്നില്ല. സ്കോളർഷിപ്പ് മാത്രമല്ല, മലയാള പഠനനിയമം കൃത്യമായി നടപ്പിലാക്കപ്പെടാൻ ഭാഷാ അധ്യാപകരും അധ്യാപക സംഘടനകളും ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ പരിതാപകരമായ അവസ്ഥകളിലേക്കായിരിക്കും നമ്മുടെ പൊതു വിദ്യാഭ്യാസരംഗം പോവുക എന്നോർക്കുക.

മലയാളം മീഡിയം ഡിവിഷനുകൾ ഇല്ലാത്ത,
ഇംഗ്ലീഷിൽ മാത്രം പ്രവർത്തിക്കുന്ന പൊതുവിദ്യാലയങ്ങൾ:

  • എൽ. പി: 7.
    ഹൈസ്കൂൾ: 14.
    ആകെ: 21.

എയ്ഡഡ് വിദ്യാലയങ്ങൾ:

  • എൽ പി: 19.
    യു പി: 5.
    ഹൈസ്കൂൾ: 10.
    ആകെ: 34.

അൺ എയ്ഡഡ് വിദ്യാലയങ്ങൾ:

  • എൽ പി: 273.
    യുപി: 202.
    ഹൈസ്കൂൾ: 360.
    ആകെ: 835.

  • ഇംഗ്ലീഷ് മീഡിയം മാത്രമുള്ള ആകെ എൽ പി വിദ്യാലയങ്ങൾ: 299

  • യുപി വിദ്യാലയങ്ങൾ: 207

  • ഹൈസ്കൂൾ വിദ്യാലയങ്ങൾ: 384

  • ആകെ: 890 ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങൾ

  • പൂർണ്ണമായും തമിഴ് മീഡിയത്തിൽ മാത്രം പഠിപ്പിക്കുന്ന 71 സ്കൂളുകൾ.
    പൂർണമായും കന്നട മീഡിയത്തിൽ മാത്രം പഠിപ്പിക്കുന്ന 73 സ്കൂളുകൾ.

ഇംഗ്ലീഷ് മീഡിയത്തിന്റെ
വക്കാലത്തുകാർ

പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ പക്കൽ ലഭ്യമായ കണക്കുകളാണിത്. ഒന്നുകൂടി പഠനം നടത്തിയാൽ മലയാളം മീഡിയം ഇല്ലാത്ത, മലയാളം ഒരു വിഷയമായി പഠിപ്പിക്കാത്ത സ്കൂളുകളുടെ എണ്ണം വർദ്ധിക്കാനാണ് സാധ്യത. ഈ സ്കൂളുകളിലൊന്നും മലയാളം മീഡിയത്തിൽ കുട്ടികൾ ആഗ്രഹിച്ചാൽ പോലും പഠിക്കാനുള്ള സാഹചര്യം നിലവിലില്ല. നിലനിൽപ്പിന്റെ ഭാഗമാണെന്ന വ്യാജേന മലയാളം മീഡിയത്തെ ഒഴിവാക്കി ഇംഗ്ലീഷ് മീഡിയത്തെ സ്ഥാപിക്കലാണ് പലയിടത്തും നടക്കുന്നത്. വിദ്യാർത്ഥികളും രക്ഷിതാക്കളും ആഗ്രഹിച്ചാൽ പോലും നമ്മുടെ ഭാഷയിൽ, മലയാളം മീഡിയത്തിൽ കുട്ടികൾക്ക് പഠിക്കാൻ പലയിടങ്ങളിലും അവസരം ലഭ്യമല്ല.

ചിലയിടങ്ങളിലെങ്കിലും മലയാളം മീഡിയത്തിൽ പഠിക്കുന്ന വിദ്യാർത്ഥികളെ ക്ലാസ് തുടങ്ങി കുറച്ചു ദിവസത്തിനുള്ളിൽ ഇംഗ്ലീഷ് ഡിവിഷനുകളിലേക്ക് മാറ്റുന്നുണ്ട് എന്നതാണ് വാസ്തവം.

മലയാളം മീഡിയത്തിൽ വിദ്യാർത്ഥികളെ ചേർക്കുന്ന മാതാപിതാക്കളെ അധ്യാപകർ പിന്തിരിപ്പിക്കുന്ന കാഴ്ച പല സ്കൂളുകളിലും നടക്കുന്നുണ്ട്. വിദ്യാഭ്യാസപരമായും സാമൂഹികമായും പിന്നാക്കാവസ്ഥയിലുള്ള വിദ്യാർത്ഥികളാണ് മലയാളം മീഡിയത്തിൽ പഠിക്കുന്നതെന്ന പൊതു ‘നറേഷൻ' സൃഷ്ടിച്ചെടുക്കുന്നതിലും വിദ്യാർത്ഥികളിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നതിലും ഇത്തരം 'നറേഷനു'കൾ ബോധപൂർവം ശ്രമിക്കുന്നു. ചില അധ്യാപകരുടെയെങ്കിലും താല്പര്യങ്ങൾക്ക് വിരുദ്ധമായി രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും നിർബന്ധത്തോടെ മലയാളം മീഡിയം ഡിവിഷനുകളിൽ ചേർക്കുന്ന വിദ്യാർത്ഥികളെ ചില അധ്യാപകരെങ്കിലും സമീപിക്കുന്ന രീതിയും പുരോഗമന വിദ്യാഭ്യാസ സമൂഹത്തിന് ചേർന്നതല്ല. വളരെ മോശമായ രീതിയിലാണ് പല അധ്യാപകരും വിദ്യാർത്ഥികളെ സമീപിക്കുന്നത്. ചിലയിടങ്ങളിലെങ്കിലും മലയാളം മീഡിയത്തിൽ പഠിക്കുന്ന വിദ്യാർത്ഥികളെ ക്ലാസ് തുടങ്ങി കുറച്ചു ദിവസത്തിനുള്ളിൽ ഇംഗ്ലീഷ് ഡിവിഷനുകളിലേക്ക് മാറ്റുന്നുണ്ട് എന്നതാണ് വാസ്തവം. നമ്മുടെ ഭാഷയിൽ നമ്മുടെ ചുറ്റുപാടിലല്ലാതെ മറ്റെവിടെയാണ് നമ്മൾ എല്ലാ അവകാശങ്ങളോടുകൂടിയും നമ്മുടെ ഭാഷയിൽ തന്നെ പഠിക്കുക എന്നത് പ്രധാനപ്പെട്ട ചോദ്യമാണ്. പൊതുവിദ്യാഭ്യാസത്തിന്റെ കാവൽക്കാരാവേണ്ട ആളുകൾ തന്നെയാണ് പൊതുവിദ്യാഭ്യാസത്തെ തുരങ്കം വെച്ചുകൊണ്ടിരിക്കുന്നതെന്ന് പറയാതെ വയ്യ.

‘‘മിക്ക വിദ്യാലയങ്ങളിലും ഇംഗ്ലീഷ് മീഡിയം ബോർഡുകൾ വച്ചാണ് നമ്മൾ വിദ്യാലയങ്ങൾ നടത്തുന്നത്. ആ കുട്ടികൾ എങ്ങനെയാണ് പഠിക്കുന്നത്? എങ്ങനെയാണ് പഠിക്കാത്തത്? ഇംഗ്ലീഷിലാണോ മലയാളത്തിലാണോ? കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതിയുടെ ഇൻഡിക്കറ്റേഴ്സ് വരും വർഷങ്ങളിൽ താഴേക്ക് പോകാൻ സാധ്യതയുണ്ടെന്ന് പറയുന്നതിൽ ഒരു കാരണം, ഇംഗ്ലീഷ് മീഡിയം ബോർഡുകൾ വെക്കുകയും ഇംഗ്ലീഷ് മീഡിയത്തിലുള്ള ടെക്സ്റ്റുകൾ നമ്മളുണ്ടാക്കുകയും അതിനെ മലയാളം മീഡിയത്തിൽ പഠിപ്പിക്കുകയും ചെയ്യുന്ന ക്ലാസ് മുറികൾ ഉണ്ടാകുമ്പോൾ കുട്ടിക്ക് സ്വാഭാവികമായും മലയാളവുമറിയില്ല ഇംഗ്ലീഷും അറിയില്ല’’- AKSTU സംസ്ഥാന സമ്മേളനത്തിൽ ഈ ആശങ്ക പങ്കുവെച്ചത് മറ്റാരുമല്ല, എസ് സി ഇ ആർ ടി ഡയറക്ടർ ഡോ. ആർ. കെ. ജയപ്രകാശാണ്. ഇതുമായി ബന്ധപ്പെട്ട വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ഡോ. ആർ. കെ ജയപ്രകാശ്
ഡോ. ആർ. കെ ജയപ്രകാശ്

പൊതുവിദ്യാഭ്യാസമേഖലയിലെ ഇത്തരമൊരു പ്രവണത വേരോടെ പിഴുതെടുക്കാൻ ശ്രമിക്കുന്നുണ്ടെങ്കിൽ അതിൽ ആശങ്കപ്പെടുക മാത്രം ചെയ്യാതെ, പ്രായോഗിക പ്രശ്നപരിഹാരത്തിനുള്ള ശ്രമം കൂടി വേണം. പൊതുവിദ്യാഭ്യാസ മേഖലയിലെ സംബന്ധിക്കുന്ന ആശങ്കകൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തന്നെ ഇത്തരത്തിൽ പങ്കുവയ്ക്കുമ്പോൾ, മറ്റുള്ളവർ സ്വാഭാവികമായും എന്താണ് കരുതുന്നതെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഇത്തരം ധാരണകളെ മറികടക്കാൻ കൃത്യമായ വിദ്യാഭ്യാസ വ്യവസ്ഥ പൊതുവിദ്യാഭ്യാസ മേഖലയിൽ കൊണ്ടുവരാൻ ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് ബാധ്യതയുണ്ട്. വിദ്യാർത്ഥികളെ പരീക്ഷണ വസ്തുവാക്കുന്ന യാതൊരു പ്രവണതകളോടും ഐക്യപ്പെടാനാവില്ല.

കാരപ്പറമ്പ് സ്കൂ​ൾ ​മോഡൽ

കോഴിക്കോട് ജില്ലയിലെ കാരപ്പറമ്പ് സ്കൂൾ മാതൃഭാഷാ വിദ്യാലയമെന്ന രീതിയിൽ മാത്രമല്ല, ഭൗതിക നിലവാരം, അക്കാദമിക നിലവാരം, സാമ്പ്രദായികമായ വിദ്യാഭ്യാസ സമീപനങ്ങളിൽ നിന്ന് മാറിയുള്ള സമീപനം തുടങ്ങി മികച്ച മാതൃകയാണ് കേരളത്തിന് നൽകുന്നത്. തിങ്ങിനിറഞ്ഞ ക്ലാസ് റൂം സങ്കൽപ്പത്തിൽ നിന്നും മാറി ചിന്തിക്കുകയും, ആർട്ട് ഗാലറി, ആംഫി തീയേറ്റർ , സിന്തറ്റിക് ട്രാക്കുള്ള ഇൻഡോർ സ്റ്റേഡിയം തുടങ്ങി നിരവധി വിശാലമായ സൗകര്യങ്ങളും, വിദ്യാർത്ഥികൾക്ക് നൽകുന്ന മികച്ച പഠനാന്തരീക്ഷവും, വിദ്യാർത്ഥികളുടെ മുന്നോട്ടുള്ള വളർച്ചയും പഠനനിലവാരത്തെയും ഉയർത്തുന്നുണ്ട്. എ പ്രദീപ് കുമാർ, എം. എൽ. എ ആയിരുന്ന കാലത്ത് ‘പ്രിസം’ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച ഈ സ്കൂൾ കേരളത്തിലെ സാമ്പ്രദായിക സ്കൂൾ സങ്കൽപ്പങ്ങളിൽ നിന്നും മാറി ചിന്തിക്കുന്നതും, മാതൃഭാഷ പഠിച്ചതുകൊണ്ട് കുട്ടികൾക്ക് മറ്റ് ഭാഷകളിൽ പ്രാവീണ്യം തെളിയിക്കാൻ ആവില്ലെന്ന 'കെട്ടുകഥ'കളെ ചോദ്യം ചെയ്യുന്നതുമാണ്.

അക്കാദമികമായും ഭൗതിക സാഹചര്യങ്ങൾ കൊണ്ടും മികച്ചൊരു മാതൃകയാണ് കാരപ്പറമ്പ്. അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും മുൻ എം എൽ എ പ്രദീപ് കുമാറും കൂട്ടായി സ്വീകരിച്ച നിലപാടിന്റെ ഭാഗമായാണ് അന്താരാഷ്ട്ര നിലവാരത്തിൽ വിഭാവനം ചെയ്യപ്പെട്ട 'കാരപ്പറമ്പ് മാതൃക' ഇന്നും മാതൃഭാഷാ വിദ്യാലയമായി തുടരുന്നത്. ഇംഗ്ലീഷ് മീഡിയം ഇല്ലാത്തത് മാത്രമാണ് 'ചിലർ'ക്കെങ്കിലും ഈ സ്കൂളിനോട് അനിഷ്ടം. മാതൃഭാഷയിൽ മാത്രം പഠിപ്പിക്കുന്നത് സ്കൂളിന്റെ നിലനിൽപ്പിനെ ബാധിക്കും തുടങ്ങിയുള്ള ധാരാളം ഉപദേശങ്ങളും അഭിപ്രായങ്ങളും അവർക്ക് ലഭിക്കുന്നുണ്ട്. അപ്പോഴും പൊതുവായി ആ കൂട്ടായ്മയെടുത്ത തീരുമാനം കേരളത്തിലെ പൊതു വിദ്യഭ്യാസ സാധ്യതകൾക്ക് മികച്ച മാതൃകയാണ്. ഒരിക്കലെങ്കിലും നമ്മുടെ വിദ്യാഭ്യാസ പ്രവർത്തകർ ആ സ്കൂൾ നേരിൽ കാണണമെന്നാണ് അഭിപ്രായം.

അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും മുൻ എം എൽ എ പ്രദീപ് കുമാറും കൂട്ടായി സ്വീകരിച്ച നിലപാടിന്റെ ഭാഗമായാണ് അന്താരാഷ്ട്ര നിലവാരത്തിൽ വിഭാവനം ചെയ്യപ്പെട്ട 'കാരപ്പറമ്പ് മാതൃക' ഇന്നും മാതൃഭാഷാ വിദ്യാലയമായി തുടരുന്നത്.
അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും മുൻ എം എൽ എ പ്രദീപ് കുമാറും കൂട്ടായി സ്വീകരിച്ച നിലപാടിന്റെ ഭാഗമായാണ് അന്താരാഷ്ട്ര നിലവാരത്തിൽ വിഭാവനം ചെയ്യപ്പെട്ട 'കാരപ്പറമ്പ് മാതൃക' ഇന്നും മാതൃഭാഷാ വിദ്യാലയമായി തുടരുന്നത്.

ഓറിയന്റൽ സ്കൂളുകൾ എത്ര?

കേരളത്തിലെ ഓറിയന്റൽ സ്കൂളുകൾ പ്രാദേശിക ഭാഷകളിലാണ് ഓരോ വിഷയങ്ങളും പഠിപ്പിക്കേണ്ടത്. കേരളത്തിലെ പെരുമുടിയൂർ ഓറിയന്റൽ സ്കൂളടക്കം എത്രയോ ഓറിയന്റൽ വിദ്യാലയങ്ങളിൽ ഇംഗ്ലീഷിലാണ് അധ്യായനം നടക്കുന്നത്. അങ്ങനെയാണെങ്കിൽ ഓറിയന്റൽ സ്കൂളെന്ന പദവിയുടെ ആവശ്യം തന്നെ അവിടെയില്ല. കേരളത്തിൽ എത്ര ഓറിയന്റൽ സ്കൂളുകൾ പ്രവർത്തിക്കുന്നുവെന്ന കണക്ക് പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ കൈവശമില്ല. നിലവിൽ ഏറ്റവും അടിസ്ഥാനപരമായി കേരളത്തിൽ ഓറിയന്റൽ വിദ്യാലയങ്ങൾ എത്രയെണ്ണം പ്രവർത്തിക്കുന്നുവെന്ന് ചോദിക്കുമ്പോൾ പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റിന് മറുപടിയില്ല എന്നതാണ് വാസ്തവം.

അധ്യാപകർക്കുതന്നെ
വിശ്വാസമില്ലാത്ത സംവിധാനം

കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ (സർക്കാർ- എയ്ഡഡ് ) 6123 മലയാളം അധ്യാപകരാണുള്ളത്. ഈ മലയാളം അധ്യാപകരിൽ തന്നെ എത്ര അധ്യാപകരുടെ മക്കൾ പൊതുവിദ്യാലയങ്ങളിൽ, മലയാളം മീഡിയം ഡിവിഷനിൽ പഠിക്കുന്നുവെന്ന് നോക്കുക. സ്വാഭാവികമായും വളരെ കുറച്ച് അധ്യാപകരായിരിക്കും മക്കളെ പൊതുവിദ്യാലയങ്ങളിൽ പഠിപ്പിക്കാനും മലയാളം മീഡിയം ഡിവിഷനുകളിൽ പഠിപ്പിക്കാനും തയ്യാറായിട്ടുണ്ടാവുക. മൊത്തം അധ്യാപകരുടെ കണക്കെടുക്കുകയാണെങ്കിൽ പരമദൈന്യമായിരിക്കും അവസ്ഥ.

ഇവിടെയൊരു വാദം വരാൻ സാധ്യതയുണ്ട്: 'പൊതു വിദ്യാലയങ്ങളിൽ ജോലി ചെയ്യുന്ന അധ്യാപകരായതുകൊണ്ട് മക്കൾ പൊതുവിദ്യാലയത്തിൽ തന്നെ പഠിക്കണമെന്ന് പറയുന്നത് ശരിയല്ല'.
സ്വയം ജോലിചെയ്യുന്ന ഘടനയിൽ വിശ്വാസമില്ലാത്തതു കൊണ്ടുകൂടിയായിരിക്കുമല്ലോ അധ്യാപകർ മറ്റു 'മികച്ച' വിദ്യാഭ്യാസ വ്യവസ്ഥകളിലേക്ക് മക്കളെ അയക്കുന്നത്. മക്കളെ തങ്ങൾക്ക് ഇഷ്ടമുള്ള വിദ്യാലയങ്ങളിലേക്ക് മികച്ച വിദ്യാഭ്യാസ അവസരങ്ങൾക്കായി അയക്കുകയും ഈ നാട്ടിലെ മറ്റ് വിദ്യാർത്ഥികൾ പൊതുവിദ്യാലയങ്ങളിലേക്ക് വരണമെന്ന് പറയുന്നതിലും 'ലോജിക്' ഇല്ല എന്നാണ് നിലപാട്.

പൊതുവിദ്യാലയങ്ങൾ ഇന്ന് നേരിടുന്ന, മലയാളം മീഡിയം സ്കൂളുകൾ ഇന്ന് നേരിടുന്ന നിലനിൽപ്പിന്റെ ഭീഷണിയിൽനിന്ന് പുറത്തേക്ക് വരാൻ അധ്യാപകരും, സർക്കാർ സംവിധാനവും അടങ്ങുന്ന സമൂഹത്തിന്റെ മാതൃകാപരമായ ഇടപെടൽ വഴിയൊരുക്കും എന്നതാണ് യാഥാർത്ഥ്യം. പൊതുവിദ്യാഭ്യാസ മേഖലയെ തകർക്കാനുള്ള കപട കുടില ശ്രമങ്ങളെ ഇല്ലാതാക്കാൻ ഓരോരുത്തരും ബാധ്യസ്ഥരാണ്.

മക്കളെ പൊതുവിദ്യാലയങ്ങളിൽ ചേർക്കാത്ത അധ്യാപകരുടെ ലിസ്റ്റ് തയ്യാറാക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി പറഞ്ഞതിൽ സന്തോഷം. മന്ത്രിമാരുടെയും എം എൽ എമാരുടെയും മറ്റു ജനപ്രതിനിധികളുടെയും സർക്കാർ ജീവനക്കാരുടെയും ലിസ്റ്റ് കൂടി വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കണം, പുറത്തുവിടണം.

പൊതു വിദ്യാഭ്യാസത്തെക്കുറിച്ചും മലയാള മാധ്യമ വിദ്യാഭ്യാസത്തെ കുറിച്ചും നാഴികയ്ക്ക് നാൽപതുവട്ടം വാചകക്കസർത്ത് നടത്തുന്ന എത്രയോ ജനപ്രതിനിധികളുടെ മക്കൾ പൊതുവിദ്യാലയങ്ങളിലല്ല പഠിക്കുന്നത് / പഠിപ്പിച്ചിരുന്നത് എന്നതാണ് യാഥാർത്ഥ്യം. മക്കളെ പൊതുവിദ്യാലയങ്ങളിൽ ചേർക്കാത്ത അധ്യാപകരുടെ ലിസ്റ്റ് തയ്യാറാക്കുമെന്ന് പൊതുവിദ്യാഭ്യാസമന്ത്രി പറഞ്ഞതിൽ സന്തോഷം. മന്ത്രിമാരുടെയും എം എൽ എമാരുടെയും മറ്റു ജനപ്രതിനിധികളുടെയും സർക്കാർ ജീവനക്കാരുടെയും ലിസ്റ്റ് കൂടി വിദ്യാഭ്യാസവകുപ്പ് തയ്യാറാക്കണം, പുറത്തുവിടണം. പൊതു വിദ്യാലയങ്ങളിൽ നിന്ന് മാറി ചിന്തിക്കുന്ന അധ്യാപകരുടെ പ്രവർത്തനം മാത്രമല്ല സർക്കാരിന്റെ പ്രവർത്തനവും, മറ്റു ജനപ്രതിനിധികളുടെ പ്രവർത്തനവും പൊതു വിദ്യാഭ്യാസമേഖലയുടെ വിശ്വാസ്യതയെ ബാധിക്കാതിരിക്കുന്നതിന് വേണ്ടിയാണത്.
ഇത്തരമൊരു സോഷ്യൽ ഓഡിറ്റിങ്ങിന് വിധേയമാകാൻ സംസ്ഥാന സർക്കാർ തയ്യാറാണോ എന്നതാണ് പൊതുവിദ്യാഭ്യാസ ഘടനയിൽ പഠിച്ചുവന്ന ഒരു വിദ്യാർത്ഥി എന്ന നിലയിൽ, സർക്കാർ സർവകലാശാലയിൽ തന്നെ പഠിക്കുന്ന എന്റെ ചോദ്യം. സംസ്ഥാന സർക്കാറിന് അത്തരമൊരു സോഷ്യൽ ഓഡിറ്റിങ്ങിന് വിധേയമാക്കാനുള്ള നിശ്ചയദാർഢ്യവും ആർജ്ജവമുണ്ടോ?
ഉണ്ടെങ്കിൽ പൂർണ പിന്തുണ.

പൊതു വിദ്യാഭ്യാസമേഖലയെക്കുറിച്ച് അവമതിപ്പുണ്ടാക്കുന്ന രീതിയിൽ മക്കളെ മറ്റു വിദ്യാലയങ്ങളിൽ ചേർക്കുന്ന അധ്യാപകർക്കു നേരെ നടപടി ഉണ്ടാകുമെന്ന് പറയുമ്പോൾ മന്ത്രിമാരും എം എൽ എമാരും മറ്റു ജനപ്രതിനിധികളും സർക്കാർ ഉദ്യോഗസ്ഥരും എന്ത് ചെയ്യുന്നുവെന്നു പരിശോധിക്കപ്പെടണം. അധ്യാപകർക്കുനേരെ എടുക്കുമെന്ന് പറഞ്ഞ നടപടി ബന്ധപ്പെട്ട എല്ലാവർക്കും നേരെയും എടുക്കാനുള്ള നിശ്ചയദാർഢ്യവും സർക്കാർ മാതൃകാപരമായി കാണിക്കേണ്ടതുണ്ട്. ഒരു വിഭാഗത്തെ മാത്രം കുറ്റക്കാരായി ചിത്രീകരിക്കുന്നതിൽ അർത്ഥമില്ല. അധ്യാപകരെ മാത്രം കുറ്റക്കാരായി ചിത്രീകരിച്ച് മുന്നോട്ടുപോകാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിൽ അത് അംഗീകരിക്കാനാകില്ല. പൊതുവിദ്യാഭ്യാസമേഖലയോടുള്ള കൂട്ടുത്തരവാദിത്വം 'കൂട്ടുത്തരവാദിത്വം' തന്നെയാണ്. നിയമങ്ങൾ, നിർദ്ദേശങ്ങൾ മുന്നോട്ടുവയ്ക്കുന്നവർ തന്നെ അത് പാലിച്ചു കാണിച്ചാലാണ് മറ്റുള്ളവർക്ക് അത് പാലിക്കാനും, പൊതുവിദ്യാഭ്യാസ മേഖലയിലേക്ക് ധാരാളം വിദ്യാർഥികൾ കടന്നുവരാനും അവസരമുണ്ടാവുക എന്ന യാഥാർത്ഥ്യം തിരിച്ചറിയാതെ പോകരുത്.

പൊതുവിദ്യാഭ്യാസം സംരക്ഷിക്കേണ്ടത് സമൂഹത്തിന്റെ കടമയാണ്, സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്വമാണ്.
പൊതുവിദ്യാഭ്യാസം സംരക്ഷിക്കേണ്ടത് സമൂഹത്തിന്റെ കടമയാണ്, സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്വമാണ്.

പൊതുവിദ്യാഭ്യാസം സംരക്ഷിക്കേണ്ടത് സമൂഹത്തിന്റെ കടമയാണ്, സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്വമാണ്. ഏത് സാമ്പത്തിക- സാമൂഹിക സാഹചര്യങ്ങളിൽ നിന്ന് വരുന്ന വിദ്യാർത്ഥികൾക്കും മികച്ച വിദ്യാഭ്യാസാന്തരീക്ഷമാണ് പൊതുവിദ്യാഭ്യാസം നൽകുന്നത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തെ അതുകൊണ്ടുകൂടിയാണ് ജനങ്ങൾ ഏറ്റെടുത്തതും. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ നിലവിലെ സ്ഥിതി വാഗ്ദാനങ്ങളിൽ ഒതുങ്ങിപ്പോകാതെ കൃത്യമായി പരിശോധിക്കാനും, വീഴ്ച പറ്റിയിട്ടുള്ള ഇടങ്ങളുണ്ടെങ്കിൽ, അത് തിരുത്തി മുന്നോട്ടുപോകാനും പൊതു വിദ്യാഭ്യാസ വകുപ്പ് തയ്യാറാകണം.

വിവരശേഖരണത്തിന്റെ ഘട്ടത്തിൽ അനുഭവപ്പെട്ട കാര്യം, കേരളത്തിലെ വിദ്യാലയങ്ങളെ സംബന്ധിച്ചും, മലയാള പഠനനിയമത്തെ സംബന്ധിച്ചും പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിനോട് വിവരവകാശ നിയമപ്രകാരം വിവരങ്ങൾ ആവശ്യപ്പെട്ടപ്പോൾ കൃത്യമായി അത് ലഭ്യമാക്കാൻ ഡയറക്ടറേറ്റിന് കഴിഞ്ഞിട്ടില്ല.

വിവരവകാശത്തിന്റെ നിയമപരമായ സമയപരിധി 30 ദിവസമായിരുന്നിട്ടും ബോധപൂർവ്വം വൈകിയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് അതിനോട് പ്രതികരിച്ചതുപോലും. 56 ദിവസമാകുമ്പോഴും കേരള സർക്കാർ പാസാക്കിയ മലയാള പഠനനിയമത്തെ സംബന്ധിക്കുന്ന ചോദ്യങ്ങൾക്ക് (ആകെ ചോദിച്ച ചോദ്യങ്ങളിൽ മലയാള പഠനനിയമത്തെ സംബന്ധിക്കുന്ന ചോദ്യങ്ങൾക്ക് ഒന്നും ഉത്തരം നൽകിയിട്ടില്ല, നൽകാമെന്നാണ് സ്ഥിരം പല്ലവി.) ഉത്തരം ലഭ്യമാക്കുമെന്ന് പറഞ്ഞിട്ടും ബോധപൂർവ്വം വൈകിപ്പിക്കുന്ന നയമാണ് വിദ്യാഭ്യാസ ഡയറക്ടറേറ്റ് സ്വീകരിക്കുന്നത്. സ്വാഭാവികമായും അവരുടെ ഭാഗത്തുനിന്ന് മലയാള പഠനനിയമത്തെ ഗൗനിക്കാത്ത സമീപനം ആയതുകൊണ്ടുതന്നെയാണ്, അതിന്റെ നിലവിലെ സ്ഥിതി ആവശ്യപ്പെട്ടിട്ടുള്ള ചോദ്യങ്ങൾക്ക് പ്രതികരിക്കാതെ പോയിട്ടുള്ളത് എന്ന് വിശ്വസിക്കുന്നതിൽ തെറ്റില്ല.

കേരളത്തിലെ വിദ്യാലയങ്ങളെ സംബന്ധിച്ചും, മലയാള പഠനനിയമത്തെ സംബന്ധിച്ചും പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിനോട് വിവരവകാശ നിയമപ്രകാരം വിവരങ്ങൾ ആവശ്യപ്പെട്ടപ്പോൾ കൃത്യമായി അത് ലഭ്യമാക്കാൻ ഡയറക്ടറേറ്റിന് കഴിഞ്ഞിട്ടില്ല.

സ്കൂൾ വിദ്യാഭ്യാസ മേഖല മുതൽ ഉന്നത വിദ്യാഭ്യാസ തലം വരെ സ്വന്തം ഭാഷയിൽ വിദ്യാർത്ഥികളെ പഠിക്കുന്നതിൽ നിന്ന് വിലക്കുന്ന സ്ഥിതിയുണ്ട്. പ്രാദേശിക ഭാഷകൾക്കു നേരെ ദേശീയ- അന്തർദേശീയ തലങ്ങളിൽ നടക്കുന്ന അധിനിവേശ പ്രവണതകളെ ചോദ്യം ചെയ്യുകയും സ്വന്തം നാട്ടിൽ അത്തരം അധിനിവേശ പ്രവണതകളെ പിന്തുണയ്ക്കുകയും ചെയ്യുന്ന വിരോധാഭാസമാണ് കേരളത്തിൽ കാണുന്നത്. ഇത്തരം ഇരട്ടത്താപ്പ് സമീപനത്തിൽ നിന്ന് മാറി ചിന്തിച്ചില്ലെങ്കിൽ ‘വിജ്ഞാന സമൂഹനിർമ്മിതി' വെള്ളത്തിൽ വരച്ച വര പോലെ തകർന്ന് തരിപ്പണമാകും.

കേരളത്തിൽനിന്ന് വിദേശങ്ങളിലേക്ക് വിദ്യാർത്ഥികൾ തൊഴിൽ തേടി പോകുന്നുവെന്ന് ആശങ്കപ്പെടുമ്പോൾ നമ്മുടെ നാട്ടിൽ തൊഴിൽ സാധ്യതകൾ രൂപപ്പെടുത്തിയെടുക്കാൻ എന്തുകൊണ്ട് പറ്റുന്നില്ലെന്ന ചോദ്യത്തിന്റെ ഉത്തരം കൂടി തെരയേണ്ടിവരും. വ്യാവസായിക മുന്നേറ്റത്തെക്കുറിച്ച് വലിയ അവകാശവാദങ്ങൾ ഉന്നയിക്കപ്പെടുമ്പോൾ, കേരളത്തിന് ഒരു വ്യാവസായിക ഹബ്ബായി മാറാൻ സാധിക്കാതെ പോകുന്നതും അതുകൊണ്ടൊക്കെ തന്നെയാണ്. ജർമ്മനിയിലും സ്പെയിനിലുമൊക്കെ വിദ്യാഭ്യാസത്തിനും തൊഴിലിനും പോകുന്നവർ അവരുടെ ഭാഷ പഠിക്കണം, ഇവിടെയാണെങ്കിൽ ഉള്ള ഭാഷാനയം പോലും നടപ്പിലാക്കാൻ ശേഷിയില്ലാത്തവരും. ഇരട്ടത്താപ്പ് നയം അവസാനിപ്പിച്ച് കൃത്യമായ പ്രവർത്തന പദ്ധതിയോടെ മുന്നോട്ടു പോകാൻ സാധിച്ചാൽ കേരളത്തിന് ഇനിയും അവസരങ്ങൾ നമ്മുടെ ഭാഷയിലൂടെ തന്നെയുണ്ടാവും.

മറുപടിയില്ലാത്ത
ചോദ്യങ്ങൾ

മലയാള പഠനനിയമത്തിന്റെ വ്യവസ്ഥകൾ നടപ്പിലാക്കിയിട്ടുണ്ടോ, നടത്തുന്നതിൽ വീഴ്ച വരുത്തിയിട്ടുള്ള സ്കൂളുകൾക്കെതിരെയോ ഉദ്യോഗസ്ഥർക്കെതിരെയോ ചട്ട പ്രകാരം നടപടി എടുത്തിട്ടുണ്ടോ, മലയാളപഠന നിയമപ്രകാരം വിദ്യാർത്ഥികൾക്ക് നൽകുമെന്ന് പറഞ്ഞ സ്കോളർഷിപ്പ്, മലയാളഭാഷാ പഠനത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് ചെയ്തുവരുന്ന പരിപാടികൾ, തുടങ്ങിയ ചോദ്യങ്ങൾക്കൊന്നും മറുപടി തരാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിന് ഇത്ര ദിവസമായിട്ടും സാധിച്ചിട്ടില്ല. നിരന്തര ഇടപെടലിന്റെ ഫലമായി ലഭിച്ചിട്ടുള്ള വിവരങ്ങളാണ് മുകളിൽ നൽകിയിട്ടുള്ളത്. ഡയറക്ടറേറ്റിൽ ബന്ധപ്പെട്ട ഘട്ടത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ ചില ഉദ്യോഗസ്ഥർക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ തന്നെ മലയാള പഠനനിയമത്തെ കുറിച്ച് ധാരണയോ അറിവോ ഇല്ല എന്ന് മനസ്സിലായതാണ്. അവരിൽ ചിലർ ചോദിച്ചത് പോലെ, എന്നോട് ചോദിക്കുകയല്ല സ്വയം ജോലിചെയ്യുന്ന സ്ഥാപനത്തോട് / വ്യവസ്ഥയോട് കൂറുപുലർത്തി, ഇത്തരം വിഷയങ്ങൾ പഠിക്കൂ, പ്രവർത്തിക്കൂ എന്നു മാത്രമേ പറയാൻ സാധിക്കുകയുള്ളൂ.

നിലവിലെ മലയാള പഠനനിയമത്തിന്റെ സ്ഥിതി, പഠന നിയമം പരിശോധിക്കുവാനുള്ള ജില്ലാ സമിതികൾ കൂടുന്നുണ്ടോ? എന്തുതരം പരിശോധനകളാണ് സ്കൂളുകളിൽ നടന്നിട്ടുള്ളത്, വീഴ്ച കണ്ടെത്തിയിട്ടുള്ള സ്കൂളുകളിൽ എന്ത് നടപടി സ്വീകരിച്ചു, പരിശോധന നടത്തുന്നതിൽ വീഴ്ച വരുത്തിയവർക്കെതിരെ എന്ത് നടപടി സ്വീകരിച്ചു? വിദ്യാർത്ഥികളുടെ സ്കോളർഷിപ്പിന്റെ നിലവിലെ സ്ഥിതി തുടങ്ങിയ ഓരോ ചോദ്യങ്ങൾക്കും പൊതുജനങ്ങളോട് മറുപടി പറയാൻ വിദ്യാഭ്യാസ വകുപ്പ് ബാധ്യസ്ഥമാണ്. മലയാളം ഒരു വിഷയമായി പഠിക്കാൻ പോലും സാധിക്കാത്ത എത്രയോ വിദ്യാലയങ്ങൾ നമ്മുടെ നാട്ടിൽ ഉണ്ടെന്ന യാഥാർത്ഥ്യം മറക്കരുത്.

ഇതുവരെയുള്ള സർക്കാരുകൾ കൈകൊണ്ടിട്ടുള്ള എത്രയോ മികച്ച തീരുമാനങ്ങൾ ഇത്തരത്തിലുള്ള 'ഉദ്യോഗസ്ഥ നിസ്സഹകരണം' മൂലം വെറും പേപ്പറുകളായി തീർന്നിട്ടുണ്ടെന്ന യാഥാർത്ഥ്യം കൂടി നിലനിൽക്കുന്നുണ്ട്. കൃത്യമായി ഇടവേളകളിൽ പരിശോധന നടത്താനും സർക്കാർ തീരുമാനങ്ങൾ നടപ്പിലാക്കുന്നതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ നടപടിയെടുക്കാനും സംസ്ഥാന സർക്കാർ തയ്യാറാവണം.

എത്രാമത്തെ ഭാഷയാണ്
മലയാളം?

ഇതര സംസ്ഥാനങ്ങളിൽ നിന്നോ വിദേശത്തു നിന്നോ വന്ന് സംസ്ഥാനത്തെ സ്കൂളുകളിൽ പഠനം തുടരുന്ന വിദ്യാർത്ഥികൾ, മുൻ വർഷങ്ങളിൽ മലയാളം ഒരു ഭാഷയായി പഠിച്ചിട്ടില്ലാത്ത വിദ്യാർത്ഥികൾ എന്നിവർ പത്താം ക്ലാസിൽ മലയാളത്തിന് പകരം സ്പെഷ്യൽ ഇംഗ്ലീഷ് പഠിച്ച് പരീക്ഷ എഴുതുന്നതിനുള്ള അനുമതിക്കായി സമീപിക്കേണ്ട രീതിയെ സംബന്ധിച്ച് മുമ്പ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം ഉണ്ടായിരുന്നു.

2017-ൽ മലയാള പഠനനിയമം നിലവിൽ വന്നതിനുശേഷം എല്ലാ സ്കൂളുകളിലും മലയാളം പഠിപ്പിച്ചിരിക്കണം എന്നാണ് വ്യവസ്ഥ.
2017-ൽ മലയാള പഠനനിയമം നിലവിൽ വന്നതിനുശേഷം എല്ലാ സ്കൂളുകളിലും മലയാളം പഠിപ്പിച്ചിരിക്കണം എന്നാണ് വ്യവസ്ഥ.

2017-ൽ മലയാള പഠനനിയമം നിലവിൽ വന്നതിനുശേഷം എല്ലാ സ്കൂളുകളിലും മലയാളം പഠിപ്പിച്ചിരിക്കണം എന്നാണ് വ്യവസ്ഥ. കേരളത്തിന് പുറത്തുനിന്ന് എത്തിയ വിദ്യാർത്ഥികളുടെ കാര്യം മാറ്റിവെച്ച് പരിശോധിച്ചാൽ, അപ്പോൾ എങ്ങനെയാണ് മലയാള പഠനനിയമത്തെ മറികടന്നുകൊണ്ട് സ്പെഷ്യൽ ഇംഗ്ലീഷിലൂടെ ചില വിദ്യാർത്ഥികൾക്കെങ്കിലും മലയാളം പഠിച്ചിട്ടില്ല എന്ന കാരണം പറഞ്ഞ് മലയാളം പത്താം ക്ലാസ് വരെ പഠിക്കാതെ മുന്നോട്ടുപോകാൻ സാധിക്കുന്നത്. 2017- 18 കാലഘട്ടത്തിനു മുമ്പ് എല്ലാ സ്കൂളുകളിലും മലയാളം പഠിക്കാനുള്ള സാഹചര്യം ഉറപ്പാക്കാനായിരുന്നില്ലെങ്കിൽ, 2017നു ശേഷം വരുന്ന വിദ്യാർത്ഥികൾക്ക് മലയാളം പഠിക്കാനുള്ള സാഹചര്യം ഒരുക്കേണ്ടിയിരുന്നതും പഠിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടിയിരുന്നതും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിയമപരമായ ബാധ്യതയാണ്. അല്ലാതെ സ്പെഷ്യൽ ഇംഗ്ലീഷ് വ്യവസ്ഥകൾ ദുരുപയോഗം ചെയ്യുകയല്ല വേണ്ടത്. സ്പെഷ്യൽ ഇംഗ്ലീഷ് വ്യവസ്ഥകൾ ദുരുപയോഗം ചെയ്യാൻ കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നിയമപരമായ നടപടിയിലേക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് കടക്കണം. സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ പത്താം ക്ലാസുവരെ മലയാളം നിർബന്ധ ഭാഷയായും, കന്നട, തമിഴ്, ഗുജറാത്തി എന്നിവ മാതൃഭാഷയായുള്ള കുട്ടികൾക്ക് അവരുടെ മാതൃഭാഷ ഒന്നാം ഭാഷയായി തന്നെ പഠിക്കുവാൻ നിലവിലുള്ള സംവിധാനം തുടരുന്നതാണെന്നും, അവർക്ക് നിലവിലുള്ള ഭാഷക്കു പുറമെ മലയാളം കൂടി പഠിക്കാൻ സാഹചര്യം ഒരുക്കുന്നതാണെന്നും, എല്ലാതരം സ്കൂളുകളിലും മലയാളം നിർബന്ധമായും പഠിപ്പിക്കണം തുടങ്ങി 01/09/2011- ൽ വന്ന നിർബന്ധിത ഒന്നാം ഭാഷാ ഉത്തരവ് കണ്ടില്ലെന്ന് നടിക്കുന്ന സ്ഥിതിയും.

മലയാളം മീഡിയത്തിൽ പഠിക്കുന്ന വിദ്യാർത്ഥികൾ പലപ്പോഴും ചില അധ്യാപകരുടെയും, കോർപ്പറേറ്റ് താല്പര്യങ്ങളുടെയും അത് സൃഷ്ടിച്ചെടുക്കുന്ന സാമൂഹിക ധാരണകളുടെയും ഇടയിൽപ്പെട്ട് സംഘർഷം അനുഭവിക്കുന്ന ഒരുപാട് ഉദാഹരണങ്ങൾ നമുക്ക് ചുറ്റുമുണ്ട്.

പ്രാദേശിക ഭാഷകൾക്കുമേലുള്ള കടന്നുകയറ്റങ്ങളെക്കുറിച്ച് നമ്മൾ സംസാരിക്കുമ്പോൾ, നമ്മൾ എന്താണ് നമ്മുടെ ഭാഷയോട് ചെയ്യുന്നതെന്ന് ബോധപൂർവം മറക്കുന്ന സ്ഥിതി ശരിയല്ല. ഹിന്ദിയുടെ അടിച്ചേൽപ്പിക്കലിനെ കുറിച്ച് സംസാരിക്കുന്ന നമുക്ക് തദ്ദേശീയ ഭാഷയുടെ മേലുള്ള ഇംഗ്ലീഷിന്റെ അധിനിവേശത്തെക്കുറിച്ച് സംസാരിക്കാനാകുന്നില്ല. സ്കൂൾ തലം മുതൽ ഉന്നത വിദ്യാഭ്യാസ തലം വരെ മലയാള മാധ്യമ വിദ്യാഭ്യാസത്തെ ഇല്ലാതാക്കിയാണ് ഇംഗ്ലീഷിൽ മാത്രമേ പഠിക്കാവൂ എന്ന് വിദ്യാർത്ഥികളെ ചട്ടം കെട്ടുന്നത്. നമ്മുടെ ഭാഷ മോശമാണെന്നും, ജോലിസാധ്യതയില്ലെന്നും, മലയാളം പഠിച്ചതുകൊണ്ട് ഒരു വിദ്യാർത്ഥിക്ക് മുന്നേറാനാകില്ലെന്നും സ്ഥാപിച്ചെടുക്കാനാണ് ചില ശക്തികൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. മലയാളത്തിൽ പഠിക്കണമെന്ന് പറയുന്നതിനർത്ഥം ഇംഗ്ലീഷോ ഹിന്ദിയോ പഠിക്കരുത് എന്നല്ല. മാതൃഭാഷയിലൂടെയുള്ള പഠനത്തിലൂടെ, വിദ്യാർത്ഥികൾ ബഹുഭാഷയിലേക്ക് കടക്കട്ടെ. കേരളത്തിലെ ബഹുഭൂരിപക്ഷം ജനതയുടെയും സംസാരഭാഷയായ, ഭരണഭാഷയായ, ശ്രേഷ്ഠഭാഷാപദവി ലഭിച്ചിട്ടുള്ള, വികസിച്ചുകൊണ്ടിരിക്കുന്ന ഒരു ഭാഷയെയാണ് ചില കുടിലതാല്പര്യങ്ങൾ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്നത്. എസ് എസ് എൽ സി സർട്ടിഫിക്കറ്റിൽ ഒന്നാം ഭാഷ മലയാളമെന്നോ, രണ്ടാം ഭാഷ മലയാളമെന്നോ എഴുതാൻ പോലും നമ്മുടെ സോക്കോൾഡ് 'അഭിമാനബോധം' സമ്മതിക്കുന്നില്ല.

ഇംഗ്ലീഷും ഹിന്ദിയും മറ്റു ഭാഷകളും വിദ്യാർത്ഥികൾ പഠിക്കുന്നതിലും ഉപയോഗിക്കുന്നതിലും ആർക്കും തെറ്റ് പറയാൻ അവകാശമില്ല. ഇംഗ്ലീഷ് പഠനം / ഇംഗ്ലീഷ് മീഡിയം മികച്ച വ്യവസ്ഥയാണെന്ന രീതിയിൽ അവതരിപ്പിക്കപ്പെടുന്നതിനോട് യോജിക്കാനാവില്ല. മലയാളം മീഡിയത്തിൽ പഠിക്കുന്ന വിദ്യാർത്ഥികൾ പലപ്പോഴും ചില അധ്യാപകരുടെയും കോർപ്പറേറ്റ് താല്പര്യങ്ങളുടെയും അത് സൃഷ്ടിച്ചെടുക്കുന്ന സാമൂഹിക ധാരണകളുടെയും ഇടയിൽപ്പെട്ട് സംഘർഷം അനുഭവിക്കുന്ന ഒരുപാട് ഉദാഹരണങ്ങൾ ചുറ്റുമുണ്ട്. അത്തരം അവസ്ഥകളെ മറികടക്കാൻ കൂട്ടായ ഇടപെടലുകൾ അനിവാര്യമാണ്. സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വ്യവസ്ഥയെ പരിഷ്കരിക്കുന്നതിനു പകരം, പൊതുവിദ്യാഭ്യാസ മേഖലയിൽ നിന്നുകൊണ്ടോ, കോർപ്പറേറ്റ് താല്പര്യങ്ങളുടെ ഭാഗമായോ പൊതുവിദ്യാഭ്യാസ മേഖലയെ ഇല്ലാതാക്കാൻ നടക്കുന്ന എല്ലാ ശ്രമങ്ങളെയും പൂർണമായും നിർമാർജനം ചെയ്യാൻ കൂട്ടായ ഇടപെടൽ അനിവാര്യമാണ്.

Comments