കോഴിക്കോട് താമരശ്ശേരിയിൽ ഷഹബാസ് എന്ന കൗമാരക്കാരൻ സമപ്രായക്കാരായ വിദ്യാർത്ഥികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ദുഃഖകരമായ സംഭവത്തെത്തുടർന്ന് പത്ര- ദൃശ്യ-ഓൺലൈൻ മാധ്യമങ്ങളും ഭൂരിപക്ഷ പൊതു സമൂഹവും കൗമാര ജനസമൂഹത്തെ സാമാന്യവൽക്കരിച്ച് നടത്തിയ ആഖ്യാനങ്ങളും ആക്രോശങ്ങളും ഹിംസാത്മകമായ ഉള്ളടക്കമുള്ള പ്രശ്ന വിശകലന /പരിഹാര സങ്കൽപ്പനങ്ങളും ഞെട്ടലോടെ കണ്ട ഒരാളാണ് ഞാൻ. കേരളത്തിലെ കൗമാരക്കാരെ ഒന്നടങ്കം പ്രതിസ്ഥാനത്തു നിർത്തുന്ന ആഖ്യാനങ്ങൾ അവിശ്വസനീയമായ ഹിംസാമനഃസ്ഥിതിയിൽ നിന്നുടലെടുത്തതായിരുന്നു.
മാനുഷിക മൂല്യങ്ങളും അലിവും സാമൂഹ്യബോധവും ധാർമികതയും ലവലേശമില്ലാത്ത, ലഹരിക്കും വയലൻസിനും സമ്പൂർണ്ണമായി അടിപ്പെട്ട ജനവിഭാഗമായി കൗമാരക്കാരെ ചിത്രീകരിക്കുന്ന നറേഷനുകൾ സർവ്വ മേഖലകളിൽനിന്നും നിർമിക്കപ്പെട്ടു. മുതിർന്നവർ കുട്ടികളുടെ വീഴ്ച്ചയ്ക്ക് കാത്തിരിക്കുകയായിരുന്നു എന്നത് ഞെട്ടലോടെയാണ് കണ്ടത്. മുടി വളർത്തിയവരും കൂട്ടംകൂടിയിരിക്കുന്നവരും ലിംഗഭേദമന്യേ അടുത്തു പെരുമാറുന്നവരും വ്യത്യസ്തമായ സംഗീത / ദൃശ്യ അഭിരുചി പുലർത്തുന്നവരും കാതിൽ ആഭരണം ധരിച്ചവരുമായ കൗമാരക്കാരെ കുറ്റവാളികളായി മനസ്സിലാക്കുന്ന പൊതുബോധത്തിന് സ്വീകാര്യതയേറി.
ഷഹബാസ് കേസിൽ കുറ്റാരോപിതരായ പ്രായപൂർത്തിയെത്തിയിട്ടില്ലാത്ത കൗമാരക്കാർക്ക് പരീക്ഷയെഴുതാൻ അവസരം കൊടുക്കുന്നതിൽ ഹിംസാക്രാന്തമായ ആൾക്കൂട്ട നീതിബോധം ധാർമിക നാട്യത്തോടെ സാമൂഹ്യ മാധ്യമങ്ങളിൽ വിഷം തുപ്പി. സർക്കാരും വിദ്യാഭ്യാസ വകുപ്പും നിലവിലുള്ള നിയമങ്ങളെയും മനുഷ്യാവകാശ ധാരണകളെയും കുറ്റകൃത്യങ്ങളെ മനഃപരിവർത്തനത്തിന്റെ പ്രത്യാശാപരിപ്രേക്ഷ്യത്തിൽ നോക്കിക്കാണുന്ന ആധുനിക സങ്കൽപ്പങ്ങളെയും പിൻപറ്റി പ്രവർത്തിച്ചപ്പോൾ ആൾക്കൂട്ട ഹിംസ അതിനെ കടന്നാക്രമിച്ചു. അടിസ്ഥാന മനുഷ്യാവകാശങ്ങളെ സംബന്ധിച്ച പ്രാഥമിക സാക്ഷരത പോലുമില്ലാത്ത വിധത്തിൽ ചാനലുകൾ കുറ്റാരോപിതരെ പരീക്ഷയെഴുതാൻ അനുവദിക്കണോ എന്ന വിഷയത്തിൽ വൈകുന്നേര ചർച്ചകൾ നടത്തി.

കേരള സമൂഹം മുതിർന്നവരെന്നും കുട്ടികളെന്നും രണ്ടായിപ്പിരിഞ്ഞു. ഒരു ജനവിഭാഗത്തെയാകെ ക്രിമിനലുകളായി സാമാന്യവൽക്കരിച്ച് നടത്തുന്ന മുതിർന്നവരുടെ പൊതുബോധ ചിന്തയെ ശക്തമായി വിമർശിച്ചുകൊണ്ട് വിദ്യാർത്ഥി സംഘടനകളുടെ വക്താക്കളും അല്ലാത്തതുമായ ചിന്തിക്കുന്ന കൗമാരക്കാർ രംഗത്തുവന്നു. കേരളത്തിൽ ഇന്നോളം കണ്ടിട്ടില്ലാത്ത, സ്വത്വ രാഷ്ട്രീയാടിത്തറയുള്ള വിഭാഗോദയമായിരുന്നു അത്. കൗമാരക്കാർ അവർക്കുവേണ്ടി പൊതു സമൂഹത്തിൽ സംസാരിക്കുന്ന അത്യപൂർവ്വമായ സംഭവത്തിന് നാം സാക്ഷികളായി. പിതൃസംഘടനകളുടെ താളത്തിൽ സംസാരിക്കുകയായിരുന്നില്ല അവർ. സ്വയോൽഭവരായ ഒരു ജനവിഭാഗമെന്നതുപോലെ കൗമാരക്കാരെ അപരവൽക്കരിച്ച് വോട്ടവകാശവും പോലീസും ജുഡീഷ്യറിയും മാധ്യമ സ്ഥാപനങ്ങളും അധികാരവും എല്ലാം കയ്യാളുന്ന മുതിർന്നവർ നിർലജ്ജം ഉറക്കെയാക്രോശിക്കുന്നത് കണ്ടപ്പോൾ പാതി പൗരരും, അധികാരശൂന്യരുമായ ജനവിഭാഗത്തിന്റെ പ്രതിനിധികൾ, ചരിത്രപരമായ ആ അനിവാര്യതയിൽ വിവേകത്തോടെ തങ്ങളുടെ ജനവിഭാഗത്തിനു വേണ്ടി ഉറച്ച ശബ്ദത്തിൽ സംസാരിച്ചു എന്നത് ഉജ്വലമായ കാഴ്ചയായിരുന്നു.
മുതിർന്നവരും കൗമാരക്കാരും തമ്മിലുള്ള സംഘർഷത്തിൽ അവരെ കേൾക്കുക, വിശ്വാസത്തോടെയും ബഹുമാനത്തോടെയും അവരുടെ കാഴ്ചപ്പാടുകളെ പരിഗണിച്ചു മുന്നോട്ടു പോവുക എന്നതാണ് വിദ്യാഭ്യാസ വകുപ്പും പൊതു സമൂഹവും ചെയ്യേണ്ടത്.
രണ്ട്
കൗമാരക്കാർ സൃഷ്ടിച്ച ലോകത്തല്ല അവർ ജീവിച്ചു വരുന്നത്. പ്രാദേശികമായും ദേശീയമായും അന്തർദ്ദേശീയമായും അതിഭീകരമായി ഹിംസ സ്വാഭാവികമെന്നോണം അരങ്ങുവാഴുന്ന ലോകത്തിലാണ് അവർ ബാല്യ- കൗമാരങ്ങൾ ജീവിച്ചത്. ഒരു രാജ്യത്തിലെ ജനതയെ അപ്പാടെ ലോകത്തിന്റെ മൗനാനുവാദത്തോടെ ഉൻമൂലനം ചെയ്തു വരുന്ന മാപ്പർഹിക്കാത്ത വർത്തമാനകാലത്തിരുന്നു കൊണ്ടാണ് ആത്മവഞ്ചനയോടെ നമ്മൾ കൗമാരക്കാരുടെ വയലൻസിനെ പർവ്വതീകരിച്ച് സംസാരിക്കുന്നത്.
മതപരമായി ധ്രുവീകരിക്കപ്പെട്ട, ഹിന്ദുത്വം അതിന്റെ അജണ്ടകൾ പടിപടിയായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന, ന്യൂനപക്ഷങ്ങളെ വേട്ടയാടിക്കൊണ്ടിരിക്കുന്ന സമകാലീന ഇന്ത്യയിലിരുന്നു കൊണ്ടാണ് നാം കൗമാരക്കാരുടെ രാഷ്രീയബോധശൂന്യതയെ വിചാരണ ചെയ്യുന്നത്. കുടുംബത്തിനകത്തും പുറത്തും മുമ്പൊന്നുമില്ലാത്ത വിധം ഉൻമൂലനത്തിന്റെയും അടിച്ചമർത്തലിന്റെയും ഹിംസോൻമാദം അഭംഗുരം പ്രകാശിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്ന മുതിർന്നവരുടെ കേരളത്തിലിരുന്നു കൊണ്ടാണ് നാം കുട്ടികളിലെ താരതമ്യേന ലഘുവായ വയലൻസിനെ മുഖ്യവെല്ലുവിളിയായി ചിത്രീകരിക്കുന്നത്. മൂലധന താൽപ്പര്യത്തിന് ഇടതുവലതു ഭേദമന്യേ ലോകം കീഴ്പ്പെട്ടു ജീവിക്കുന്ന, മനുഷ്യാന്തസ്സത്തയും ആത്മീയതയും ചോർന്ന, ദരിദ്രർ അതിവേഗം പരമദരിദ്രരായി പരിണമിക്കുന്ന, രാഷ്ട്രീയവർത്തമാനത്തിലിരുന്നു കൊണ്ടാണ് നമ്മൾ കൗമാരക്കാരുടെ ധാർമികച്ചോർച്ചയിൽ ഞെട്ടൽ പ്രകടിപ്പിക്കുന്നത്. സഹവർത്തിത്വത്തിന്റെ ജനാധിപത്യ മാതൃകയിൽ സഹിഷ്ണുതയോടെ പ്രവർത്തിക്കേണ്ട രാഷ്ട്രീയ പാർട്ടികൾക്കിടയിലെ കൊലവെറി മറന്നുകൊണ്ട് വിദ്യാർത്ഥികൾക്കിടയിലെ വയലൻസിനെ അത്യപൂർവ്വമായ സാമൂഹ്യ പ്രതിഭാസമായി വിശകലനം ചെയ്യുന്നതിൽ ആത്മപരിശോധനാ ശൂന്യതയുടെ ഉള്ളില്ലായ്മയുണ്ട്.

ഈ ലോകം നിർമിച്ചത് അവരല്ല. നമ്മൾ സൃഷ്ടിച്ച ലോകത്തിൽ നമ്മുടെ രോഗലക്ഷണങ്ങൾ അവരിലും കാണപ്പെടുന്നുണ്ടെങ്കിൽ ചികിൽസ ആവശ്യമുള്ളത് മുതിർന്നവർക്കാണ് എന്ന ലളിതയാഥാർത്ഥ്യം തിരിച്ചറിയാതെ ചൂരൽ ഭൂതകാലത്തിന്റെ മഹത്വത്തെക്കുറിച്ച് നെടുവീർപ്പിടുകയും ശിക്ഷണത്തിന്റെ പ്രാചീന മാതൃക പുന:സ്ഥാപിക്കാൻ മാർഗ്ഗങ്ങളന്വേഷിക്കുകയും ചെയ്യുന്നത് സഹതാപത്തോടെ മാത്രമേ കാണാൻ കഴിയൂ.
മൂന്ന്
വർഷങ്ങൾ കഴിയുന്തോറും നമ്മുടെ കൗമാര ക്ലാസ് റൂമുകൾ കൂടുതൽ കൂടുതൽ അസ്വസ്ഥമായി വരുന്നുണ്ട്. അധ്യാപകർക്ക് ക്ലാസ്സെടുക്കാൻ കഴിയാത്തവിധത്തിൽ ക്ലാസ് മുറികൾ ശബ്ദമുഖരിതമാണ്. ശ്രദ്ധ നഷ്ടപ്പെട്ട ഒരു തലമുറയെന്ന് അധ്യാപകർ കുട്ടികളെക്കുറിച്ച് പരാതി പറയുന്നു. തൊഴിലിടത്തിൽ തൊഴിലെടുക്കാൻ കഴിയാത്ത ധർമ്മസങ്കടം മിക്കവാറും സ്കൂളുകളിൽ അധ്യാപകർ അനുഭവിക്കുന്നുണ്ട്. ഒരേസമയം അധ്യാപകരും വിദ്യാർത്ഥികളും വ്യവസ്ഥയുടെ ഇരകളായി മാറി. ശത്രുചേരികൾക്കിടയിലെ ബന്ധമാണ് ഏറെക്കുറെ അധ്യാപക വിദ്യാർത്ഥികൾക്കിടയിൽ ഉള്ളത്.
എന്റെ അനുഭവവും മറിച്ചല്ല. മുൻകാലങ്ങളിൽ മുന്നിലിരിക്കുന്ന വിദ്യാർത്ഥികളും ഞാനും ബെല്ലടിച്ചത് അറിയാതെ ഞങ്ങളുടെ സംവാദം തുടരുമായിരുന്നു. അടുത്ത കാലത്തായി സമയം ഏറ്റവുമധികം ഇഴഞ്ഞുനീങ്ങുന്നത് ക്ലാസ് മുറിയിലാണ്. മണിയടിക്ക് കാതോർത്തുകൊണ്ടാണ് അധ്യാപകരും വിദ്യാർത്ഥികളും ക്ലാസിലിരിക്കുന്നത്. ‘മണി മുഴങ്ങുന്നതാർക്കുവേണ്ടി’യെന്ന ഹെമിങ്ങ് വേയുടെ ചോദ്യത്തിന് ഇപ്പോൾ കൃത്യമായ ഉത്തരമുണ്ട്. എന്താണ് നമ്മുടെ ക്ലാസ് മുറികൾക്ക് സംഭവിച്ചത് എന്ന ചോദ്യത്തെ മുൻവിധിയില്ലാതെ നേരിട്ടുകൊണ്ടല്ലാതെ നമുക്കീ സങ്കടകരമായ അവസ്ഥയെ മറികടക്കാനാവില്ല.

ഏറ്റവുമസഹനീയമായ സമയം ക്ലാസ് മുറിയിലെ ഇഴഞ്ഞുനീങ്ങുന്ന സമയമാണ് എന്ന് അധ്യാപകരും വിദ്യാർത്ഥികളും ഒരുപോലെ അനുഭവിക്കുന്ന യാഥാർത്ഥ്യത്തെ സാമൂഹ്യശാസ്ത്രത്തിന്റെയും മനഃശാസ്ത്രത്തിന്റെയും വെളിച്ചത്തിൽ നേരിടാതെ നമുക്കിനി ഒരടി മുന്നോട്ടു പോകാൻ കഴിയില്ല. മനുഷ്യ, വന്യജീവി സംഘർഷം പോലെ രൂക്ഷമായ സംഘർഷമാണ് ക്ലാസ് മുറികളിൽ നടക്കുന്നത്. എന്റെ ഉപമയെ നിങ്ങൾക്ക് ആക്രമിക്കാം.
ഈ ദുരവസ്ഥയ്ക്ക് എന്റെ കയ്യിൽ തയ്യാറാക്കിയ പരിഹാര പദ്ധതികളില്ല. വാസ്തവത്തിൽ ആരുടെ കയ്യിലും ഇല്ല. മുമ്പൊന്നുമില്ലാത്ത തീവ്രമാനങ്ങൾ തലമുറകൾക്കിടയിലെ സംഘർഷത്തിന് ഉണ്ടായിട്ടുണ്ട്. ഈ സംഘർഷം അധ്യാപക വിദ്യാർത്ഥികൾക്കിടയിൽ മാത്രമല്ല ഉള്ളത്. നമ്മുടെ വീടുകളിലും രക്ഷകർത്താക്കളും കുട്ടികളും തമ്മിലുള്ള സംഘർഷം പൊട്ടിത്തെറിയുടെ വക്കിലാണ്. അത്യാഹിതങ്ങൾ എപ്പോൾ വേണമെങ്കിലും സംഭവിക്കാം. കുട്ടികൾക്കിടയിലെ ലഹരിയുപയോഗവും ആത്മഹത്യയും വർദ്ധിച്ചു വരികയാണ് എന്നത് ഭീതിദമായ സത്യമാണ്. കേരളത്തിൽ സമീപകാലത്ത് കൗമാരക്കാർക്കിടയിൽ നടക്കുന്ന ഭയാനകമായ അളവിലുള്ള ആത്മഹത്യകളെക്കുറിച്ച് ഗൗരവമുള്ള പഠനങ്ങളൊന്നും നടന്നിട്ടില്ല.
എന്താണ് നമ്മുടെ കുട്ടികൾ ഇത്രയും അശാന്തരും ആഹ്ലാദ ശൂന്യരുമായി മാറിയത് എന്ന അടിസ്ഥാനപരമായ ചോദ്യത്തെ വിദ്യാഭ്യാസ വകുപ്പും പൊതുസമൂഹവും ശ്രദ്ധയോടെയും അവരുടെ പക്ഷത്ത് നിന്നുകൊണ്ടും നേരിടാതെ നമുക്കിനി മുമ്പോട്ടു പോവാനാവില്ല.
ക്ലാസ് മുറികളിലെ കുട്ടികളിലുണ്ടോയിട്ടുള്ള മാറ്റത്തെ രണ്ട് നറേറ്റീവിലൂടെ ലളിതമായാണ് നമ്മൾ മനസ്സിലാക്കുന്നത്.

1) കോവിഡ് കാലത്ത് വീട്ടിലിരുന്ന പുതു തലമുറയ്ക്ക് ദീർഘനേരം ക്ലാസിലിരിക്കാൻ കഴിയാത്തവിധം അവരുടെ ശ്രദ്ധാശേഷി നഷ്ടപ്പെട്ടിരിക്കുന്നു.
2) പുതിയ സാങ്കേതികവിദ്യകളും ഓൺലൈൻ ജീവിതവും പുതുതലമുറയുടെ മസ്തിഷ്കത്തെയും പെരുമാറ്റങ്ങളെയും വൈകാരികഘടനയെയും ബാധിച്ചിരിക്കുന്നു.
മേൽ സൂചിപ്പിച്ച രണ്ടു ഘടകങ്ങളും പഠിക്കപ്പെടേണ്ടതുണ്ട്.
ഓഫ് ലൈൻ ക്ലാസ് മുറികൾക്ക് പ്രസക്തിയവസാനിച്ചു എന്നു വിശ്വസിക്കുന്ന ആളല്ല ഞാൻ. ബൗദ്ധികതയുടെ പല നിലവാരമുള്ള വിദ്യാർത്ഥികളുണ്ട്.
ആദിമധ്യാന്തപ്പൊരുത്തമുള്ള നിമിഷദൃശ്യകലയുടെ ഹ്രസ്വകാലത്തിന് നമ്മുടെയെല്ലാം മനോഘടന പാകപ്പെട്ടിട്ടുണ്ട്. പക്ഷേ അതൊരു തിയറിയായി പറയാൻ കഴിയില്ല. ആളുകൾ ദൈർഘ്യമുള്ള സിനിമകൾ ഇപ്പോഴും കാണുന്നുണ്ട്. ടെസ്റ്റ് മൽസരങ്ങൾ കാണുന്നില്ലെങ്കിലും 20-20 മൽസരങ്ങൾ കാണുന്നുണ്ട്. കൗമാരക്കാർ നിലവാരമുള്ള വെബ് സീരീസുകൾ കാണുന്നുണ്ട്. ക്ലാസ് മുറികളിൽ അവർ ശകലിത ചിത്തരാണെങ്കിലും ഒരു വിഭാഗം കുട്ടികൾ ഓൺലൈൻ പഠന സാധ്യതകൾ ആശ്രയിച്ച് പഠനത്തിൽ മുമ്പോട്ടു പോകുന്നുണ്ട്. ഗൂഗിളും ചാറ്റ് ജി.പി.ടിയും അധ്യാപക വിദ്യാർത്ഥി ബന്ധത്തിന്റെ ഹൈറാർക്കിയില്ലാതെ വിജ്ഞാന വിതരണം ചെയ്യുന്നുണ്ട്. ഗൂഗിൾ കണ്ണുരുട്ടില്ല. ചാറ്റ് ജി.പി.ടി ശ്രദ്ധയുടെ ഉത്തരവാദിത്തം അടിച്ചേൽപ്പിക്കില്ല. ഓൺലൈൻ ക്ലാസ് റൂമുകളിൽ കുറേക്കൂടി സ്വാഛന്ദ്യമുണ്ട്. ഇടയ്ക്ക് മുങ്ങാനും പൊങ്ങാനും കഴിയുന്ന ഫ്ലക്സിബിളായ ക്ലാസ് മുറികളാണ് ഓൺലൈൻ ക്ലാസ് മുറികൾ.
ഓഫ് ലൈൻ ക്ലാസ് മുറികൾക്ക് പ്രസക്തിയവസാനിച്ചു എന്നു വിശ്വസിക്കുന്ന ആളല്ല ഞാൻ. ബൗദ്ധികതയുടെ പല നിലവാരമുള്ള വിദ്യാർത്ഥികളുണ്ട്. മുഖദാവിലെ ക്ലാസ്മുറികൾ അനുപേക്ഷണീയമായ വിദ്യാർത്ഥികളുണ്ട്. നമ്മുടെ ക്ലാസ് മുറി സങ്കൽപ്പം മാറാതെ രക്ഷയില്ല. ദൈവവും എഴുത്തുകാരനും മാത്രമല്ല മരിച്ചത്. പരമ്പരാഗത അർത്ഥത്തിലുള്ള അധ്യാപകനും മരിച്ചു.
മനുഷ്യരുടെ അന്യോന്യങ്ങൾക്ക് അർത്ഥം നഷ്ടപ്പെട്ടിട്ടൊന്നുമില്ല. കൂടെ നിൽക്കാനും പ്രചോദിപ്പിക്കാനും തുല്യതാബോധത്തോടെ വിജ്ഞാനം പങ്കുവെക്കാനും അവശ്യ സന്ദർഭങ്ങളിൽ അധികാരപ്രയോഗമെന്ന നിലയിലല്ലാതെ ചേർത്തുപിടിക്കാനും കഴിയുന്ന അധ്യാപകരുടെ പ്രസക്തി അവസാനിക്കുന്നില്ല.

നാല്
ദൗർഭാഗ്യവശാൽ ക്ലാസ് സമയം ദീർഘിപ്പിച്ച് വിദ്യാഭ്യാസ നിലവാരം ഉയർത്താം എന്ന പരിമാണത്തെ ഗുണമേൻമയായി സങ്കൽപ്പിക്കുന്ന വിദ്യാഭ്യാസ സങ്കൽപ്പമാണ് നമ്മെ ഭരിക്കുന്നത്. ഒൻപതു മണി മുതൽ നാല് മുപ്പതുവരെയാണ് പ്ലസ് ടു ക്ലാസുകളിലെ പഠനസമയം. നമ്മുടെ പൊതുവിദ്യാലയങ്ങളിൽ എല്ലാ സൗകര്യങ്ങളുമുണ്ട്. സ്മാർട്ട് ക്ലാസ് മുറിയുണ്ട്. ആവശ്യത്തിന് കമ്പ്യൂട്ടർ ഉണ്ട്. വെളിച്ചമുണ്ട്. പങ്കയുണ്ട്. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ള അധ്യാപകരുണ്ട്. വൃത്തിയുള്ള ടോയ്ലെറ്റുകൾ ഉണ്ട്. കളി മൈതാനമുണ്ട്. സമയമില്ല. ഇടവേളകൾ വളരെ ചെറുത്.
600 വിദ്യാർത്ഥികൾ പഠിക്കുന്ന (അതിൽ പകുതി പെൺകുട്ടികൾ, അവരിൽ ചിലർക്ക് ചില ദിവസങ്ങളിൽ കൂടുതൽ സമയം വേണ്ടിവരും) സ്കൂളിൽ 10 മിനിറ്റ് ഇൻ്റർവെൽ പ്രാഥമിക ആവശ്യങ്ങൾ എല്ലാവർക്കും നിറവേറ്റാൻ മാത്രമുള്ള സമയമാണോ എന്ന ലളിതമായ ആലോചന പോലും നമ്മുടെ സങ്കൽപ്പത്തിൽ ഇല്ല. രാവിലെയും വൈകുന്നേരവുമായി ട്യൂഷൻ കൂടിയുണ്ടെങ്കിൽ നരകം പൂർത്തിയായി.
പ്ലസ് ടുവോടെ കൊഴിഞ്ഞു പോകുന്നതിൽ ഭൂരിഭാഗവും ആൺകുട്ടികളാണ്. കൂടുതലും സാമൂഹ്യമായും സാമ്പത്തികമായും ജാതീയമായും പിന്നാക്കം നിൽക്കുന്നവർ. പെൺകുട്ടികളിലെ ലക്ഷ്യബോധം അവരിൽ താരതമ്യന കുറവാണ്.
ഒന്നിനുപിറകെ ഒന്നായി ക്ലാസുകൾ, ക്ലാസുകൾ, ക്ലാസുകൾ.
രാഷ്ട്രീയമില്ല. കളിസ്ഥലമുണ്ടെങ്കിലും നേരമില്ല. ആഴ്ചയിൽ 2 പിരീഡ് ലഭിക്കുന്ന കളിസമയത്തും പഠിപ്പാണ്. സ്പോർട്ട്സ് ഡേയ്ക്ക് മാത്രം മൈതാനത്തിലിറങ്ങുന്ന കായിക താരങ്ങൾ. യുവജനോൽസവ ദിനങ്ങളിൽ മാത്രം പിറക്കുന്ന കലാകാരികൾ. മൽസരങ്ങളിൽ മാത്രം എഴുതപ്പെടുന്ന കവിതകൾ. പരിസ്ഥിതിദിനത്തിൽ മാത്രം പ്രവർത്തനക്ഷമമാകുന്ന പ്രകൃതി സ്നേഹം. ഹിരോഷിമദിനത്തിൽ അണപൊട്ടിയൊഴുകുന്ന യുദ്ധവിരുദ്ധത. ഗ്രേസ് മാർക്കിനെ ലക്ഷ്യം വെക്കുന്ന സാമൂഹ്യ സേവനം. ബഷീർ ദിനത്തിലെ പ്രസംഗവേദികളിൽ മാത്രം കാണപ്പെടുന്ന പ്രപഞ്ച സ്നേഹം. പറയാതെ നിർവ്വാഹമില്ല. ആചാരാനുഷ്ഠാനങ്ങൾ പാലിക്കാൻ ശീലിക്കപ്പെടുന്ന ഇതിവൃത്ത സംവിധാനമാണ് സ്കൂളുകൾ.
അഞ്ച്
നമ്മുടെ പുതുതലമുറയിൽ ആൺകുട്ടികളുടെ സ്ഥിതി പൊതുവേ ആശാവഹമല്ല. ഇതൊരു സാമാന്യ പ്രസ്താവനയായി മനസിലാക്കരുത്. സാമാന്യവൽക്കരണം പോലെ കുറ്റകരമായ ചിന്താ സമീപനം മറ്റൊന്നില്ല. പ്ലസ് ടുവോടെ കൊഴിഞ്ഞു പോകുന്നതിൽ ഭൂരിഭാഗവും ആൺകുട്ടികളാണ്. കൂടുതലും സാമൂഹ്യമായും സാമ്പത്തികമായും ജാതീയമായും പിന്നാക്കം നിൽക്കുന്നവർ. പെൺകുട്ടികളിലെ ലക്ഷ്യബോധം അവരിൽ താരതമ്യന കുറവാണ്.

ക്ലാസ് മുറികളിലെ സംവാദങ്ങളിൽ മിക്ക ആൺകുട്ടികൾക്കും ഭാഷയില്ല. ഒരു ഫെമിനിസ്റ്റു ഗ്രന്ഥവും വായിക്കാതെ തന്നെ പാട്രിയാർക്കിയോടും വിവാഹമെന്ന സ്ഥാപനത്തോടും മതങ്ങളിലെ ആൺകോയ്മയോടും നിലപാടെടുത്തു കൊണ്ടാണ് പെൺകുട്ടികൾ വളരുന്നത് എന്നത് ആഹ്ലാദകരമാണ്. എന്നാൽ ആൺകുട്ടികളിൽ ഭൂരിഭാഗവും യാഥാസ്ഥിതികമായ മൂല്യങ്ങളെ മുറുകെ പിടിക്കുന്നവരാണ്. ഭാവിയിൽ സംഭവിക്കാനിടയുള്ള അസമതുലിതവും സംഘർഷാത്മകവുമായ ആൺ - പെൺ ബന്ധങ്ങളുടെ വേരുകൾ ഇപ്പോൾ തെളിഞ്ഞു കാണാം. കേരളത്തിലങ്ങോളമിങ്ങോളം വ്യാപകമായി കാണുന്ന വിദ്യാർത്ഥികൾക്കിടയിലെ ഏറ്റുമുട്ടൽ കൗമാരക്കാരായ ആൺകുട്ടികൾക്കിടയിലാണ്. ആണത്തത്തിന്റെ സംഘർഷങ്ങൾ. അത്യന്തം സൂക്ഷ്മമായി പഠിക്കപ്പെടേണ്ട സംഗതിയാണിത്. സാംസ്കാരിക ഭാവുകത്വത്തിൽ റാഡിക്കലായ മാറ്റങ്ങൾ പെൺകുട്ടികളിൽ ഉണ്ടെങ്കിലും ആൺകുട്ടികളിൽ താരതമ്യേന ഇത് ദുർബലമാണ്. ആലോചനാശേഷി കൊണ്ടും തൊഴിൽ കൊണ്ടും താഴേക്ക് പോകാനിടയുള്ള ഒരു വിഭാഗം ആൺകുട്ടികൾ ഭാവിയിൽ സൃഷ്ടിക്കാനിടയുള്ള പ്രശ്നങ്ങൾ ഗൗരവത്തോടെ കാണേണ്ടതുണ്ട്.
ജെൻ്റർ വ്യത്യാസങ്ങളേ പരിഗണിക്കാത്ത ആൺ- പെൺ സൗഹൃദങ്ങൾ കൗമാരക്കാർക്കിടയിൽ സ്വാഭാവികമാണ്. അവർ ട്രാൻസ് ഫോബിക്കല്ല. ജാതിയെയും മതത്തെയും മുൻതലമുറയെക്കാൾ അവർ മറികടന്നിട്ടുണ്ട്.
ആറ്
പുതിയ തലമുറയുടെ രാഷ്ട്രീയ / സാമൂഹ്യ / ധാർമിക നിലവാരത്തെ അടച്ചാക്ഷേപിക്കുന്നവർ സൂക്ഷ്മദർശികളല്ല. ആശങ്കപ്പെടുത്തുന്ന കാര്യങ്ങൾ ഉണ്ട്, സംശയമൊന്നുമില്ല. ജെൻ്റർ ഡയല്യൂട്ടഡായ ഒരു തലമുറ വളർന്നു വരുന്നുണ്ട്. വസ്ത്രധാരണത്തിലും ശരീരഭാഷയിലും പെരുമാറ്റങ്ങളിലും ഇതു കാണാം. ഇത് ഇന്ന് ഒരു ന്യുനപക്ഷമാണ്. പക്ഷേ ആ ഭാവുകത്വ സൗന്ദര്യം പ്രതീക്ഷയുണർത്തുന്നതാണ്. സോകോൾഡ് ആണത്തവും പെണ്ണത്തവും നേർത്തു വരുന്നതിന്റെ രാഷ്ട്രീയ ഭംഗി മുമ്പൊരിക്കലും നമ്മൾ കേരളത്തിൽ കണ്ടിട്ടില്ല. അവർ കാണുന്ന സിനിമകളിലും കേൾക്കുന്ന സംഗീതത്തിലും അതുണ്ട്. പുതിയ തലമുറ മുഴുവൻ മാർക്കോ ആരാധകരല്ല.
ജെൻ്റർ വ്യത്യാസങ്ങളേ പരിഗണിക്കാത്ത ആൺ- പെൺ സൗഹൃദങ്ങൾ കൗമാരക്കാർക്കിടയിൽ സ്വാഭാവികമാണ്. അവർ ട്രാൻസ് ഫോബിക്കല്ല. ജാതിയെയും മതത്തെയും മുൻതലമുറയെക്കാൾ അവർ മറികടന്നിട്ടുണ്ട്. വേടന്റെ സംഗീതത്തെയും അയാൾ പറയുന്ന രാഷ്ട്രീയത്തെയും ആഘോഷിക്കുന്നതിൽ വലിയൊരു വിഭാഗവും നമ്മുടെ കൗമാരക്കാരാണ്. അവരെല്ലാവരും ദലിതരല്ല. അടിച്ചമർത്തപ്പെട്ട ഒരു വിഭാഗത്തിന്റെ ശബ്ദം വിസിബിളായി വേദിയിലെത്തിയപ്പോൾ ഐക്യദാർഢ്യവുമായി വന്നത് പുതിയ തലമുറയാണ്. ഇനിയും വിവിധ തരം ഒപ്രസ്സ്ഡ് ശബ്ദങ്ങൾ അവരിലൂടെ ഉയരും. മനുഷ്യരിലെ രാഷ്ട്രീയം ഏതെങ്കിലും തലമുറയിൽ അവസാനിക്കില്ല.

മുതിർന്നവരും കൗമാരക്കാരും തമ്മിലുള്ള സംഘർഷത്തിൽ അവരെ കേൾക്കുക, വിശ്വാസത്തോടെയും ബഹുമാനത്തോടെയും അവരുടെ കാഴ്ചപ്പാടുകളെ പരിഗണിച്ചു മുന്നോട്ടു പോവുക എന്നതാണ് വിദ്യാഭ്യാസ വകുപ്പും പൊതു സമൂഹവും ചെയ്യേണ്ടത്. നമ്മുടെ വിദ്യാഭ്യാസ മന്ത്രിയും വകുപ്പിലെ ഉത്തരവാദിത്തമുള്ള സ്ഥാനങ്ങൾ വഹിക്കുന്നവരും അധ്യാപക സംഘടനകളും വിദ്യാർത്ഥികളുടെ പ്രതിനിധികളുമായി സംവദിക്കണം. കുട്ടിപ്പോലീസ് ശക്തമാക്കിക്കൊണ്ടും അപരിഷ്കൃത കാലത്തിന്റെ ശിക്ഷണ സമ്പ്രദായത്തെ തിരിച്ചു കൊണ്ടുവന്നും സന്മാർഗ ക്ലാസ്സുകൾ നടത്തിക്കൊണ്ടും പരിഹരിക്കാവുന്നതല്ല വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ.
അവർക്ക് വോട്ടവകാശമില്ലെന്നേയുള്ളൂ, അഭിപ്രായങ്ങളുണ്ട്.
