ഇപ്പോൾ ഓൺലൈനിൽ ചെയ്തുകൊണ്ടിരിക്കുന്നതല്ല ഇ- ലേണിങ്

ചോദ്യപ്പേപ്പർ വാട്സ്ആപ്പിൽ നൽകി കടലാസിൽ ഉത്തരമെഴുതി അത് സ്‌കാൻ ചെയ്ത് പി.ഡി.എഫ്. ആക്കി തിരിച്ചയക്കുന്ന നടപ്പുരീതി ഇ-ലേണിംഗിലെ വിലയിരുത്തലോ മൂല്യനിർണയമോ അല്ല. മൾട്ടി മീഡിയ സാധ്യതകൾ പ്രയോജനപ്പെടുത്തുന്ന ചോദ്യങ്ങളുടെയും ഉത്തരങ്ങളുടെയും ആവിഷ്‌കാരങ്ങൾ ഉണ്ടാവണം.

മ്മൾ ആഗ്രഹിക്കാതെയും പ്രതീക്ഷിക്കാതെയും ഒരുങ്ങാതെയും നമ്മുടെ ക്ലാസ്മുറിയെ മണ്ണിൽനിന്ന് ഡിജിറ്റൽ സ്‌ക്രീനിലേക്ക് പറിച്ചുനടാൻ നിർബന്ധിതമാക്കിയ ഒരു സാഹചര്യത്തെ കേരളം പിന്നിട്ടുകഴിഞ്ഞു. നമ്മൾ ചെയ്തുകൊണ്ടിരുന്നത് ഇ-ലേണിങ് ആണ് അഥവാ ഓൺലൈൻ പഠനമാണെന്ന് മേനി നടിക്കുകയും ചെയ്തിരുന്നു. അത്തരം പഠനത്തിന്റെ ഫലപ്രാപ്തിയെ സംബന്ധിച്ച് നടന്ന പരിമിതമായ പഠനങ്ങൾ പുറത്തുവിട്ട ഫലങ്ങളാവട്ടെ നിരാശാജനകവുമാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് ഫലപ്രദമായ ഇ-ലേണിങ് രീതികളെക്കുറിച്ചുള്ള അന്വേഷണം പ്രസക്തമാകുന്നതും സർക്കാർ ഓരോ വിദ്യാഭ്യാസ സ്ഥാപനത്തിനും ഒരു ലേണിങ് മാനേജ്മെന്റ് സിസ്റ്റം (LMS) എന്ന പ്രശ്നപരിഹാര മാർഗത്തിലേക്ക് എത്തുന്നതും. ഉന്നത വിദ്യാഭ്യാസ വകുപ്പും പൊതു വിദ്യാഭ്യാസ വകുപ്പും ഇതിനായി അധ്യാപകർക്ക് പരിശീലനവും നൽകിവരുന്നു.

അധ്യാപനം എത്രത്തോളം ഇ- ലേണിങ്ങായി?

മുമ്പില്ലാത്തവിധം അധ്യാപകസമൂഹവും പൊതുസമൂഹവും സാങ്കേതികവിദ്യയെ ഏറ്റവും കൂടുതൽ സ്വായത്തമാക്കുകയും ചേർത്തുപിടിക്കുകയും ചെയ്ത സന്ദർഭമാണിത്. കരയിലും വെള്ളത്തിലും എന്നപോലെ റിയലായും വിർച്വലായും ജീവിക്കുന്ന ഉഭയജീവികളായി നമ്മൾ മാറി. വാട്സ്ആപ്പ്, ഗൂഗിൾ ക്ലാസ് റൂം, ഗൂഗിൾ മീറ്റ്, വെബെക്സ്, സൂം തുടങ്ങി നിരവധി പ്ലാറ്റ്ഫോമുകൾ ദിനേന ഉപയോഗിക്കുന്നവരായി അധ്യാപക-വിദ്യാർഥി സമൂഹം മാറി. യൂ- റ്റ്യൂബ് ചാനൽ സ്വന്തമായുള്ള മുതലാളിമാരാണ് നമ്മളിൽ പലരും. ക്ലാസുകൾ ശബ്ദമായും ദൃശ്യമായും ലൈവായും പുരോഗമിക്കുന്നുമുണ്ട്. ടെക്സ്റ്റുകൾ പി.ഡി.എഫ് ഫയലുകളായി തേരാപ്പാര നടക്കുകയും നമ്മൾ ചെയ്തുകൊണ്ടിരിക്കുന്നതാണ് ഓൺലൈൻ പഠനമെന്ന വലിയ തെറ്റിദ്ധാരണയിൽ നമ്മൾ നിലനിൽക്കുകയും ചെയ്യുന്നു.

കരയിലും വെള്ളത്തിലും എന്നപോലെ റിയലായും വിർച്വലായും ജീവിക്കുന്ന ഉഭയജീവികളായി നമ്മൾ മാറി.
കരയിലും വെള്ളത്തിലും എന്നപോലെ റിയലായും വിർച്വലായും ജീവിക്കുന്ന ഉഭയജീവികളായി നമ്മൾ മാറി.

ഈയൊരു ഘട്ടത്തിൽ പഠനത്തെയും വിദ്യാഭ്യാസത്തെയും സംബന്ധിച്ച് മൗലികമായ ചില ചോദ്യങ്ങൾ അഭിമുഖീകരിച്ചേ മതിയാവൂ. പൂച്ച കറുത്തതാണോ വെളുത്തതാണോ എന്നതല്ല അത് എലിയെ പിടിക്കുന്നുണ്ടോ എന്നതാണ് മൗലിക ചോദ്യം. പഠനം ഓൺലൈനിൽ ആവട്ടെ ഓഫ് ലൈനിൽ ആവട്ടെ അതല്ലെങ്കിൽ ഇതുരണ്ടും ഇടകലർത്തിയ ബ്ലെൻഡഡ് ലേണിംഗ് ആവട്ടെ; പഠിതാവ് പാഠ്യപദ്ധതി ലക്ഷ്യം നേടിയെന്ന് ഉറപ്പുവരുത്താൻ സാധിച്ചിട്ടുണ്ടോ എന്നതാണ് ആ ചോദ്യത്തിന്റെ വിവക്ഷ.
ഞാൻ ഓൺലൈനിൽ ചെയ്തുകൊണ്ടിരിക്കുന്നത് തന്നെയാണോ ഇ- ലേണിങ് എന്ന് ഉറപ്പുവരുത്താൻ ചില അനുബന്ധ ചോദ്യങ്ങൾ കൂടി പരിഗണിക്കേണ്ടതുണ്ട്.

• നമ്മുടെ ഓൺലൈൻ ക്ലാസിലെ കുട്ടിയെ തിരിച്ചറിയാനും അവരുടെ പഠന നിലവാരത്തെ സംബന്ധിച്ച് വസ്തുനിഷ്ഠമായ വിവരങ്ങൾ പങ്കുവെയ്ക്കാനും ആകുമോ?
• നമ്മൾ ക്ലാസെടുക്കുമ്പോൾ ഏതു നിലവാരത്തിലുള്ള കുട്ടിയെയാണ് മുന്നിൽ കാണുന്നത്?
• ക്ലാസിനെ ഡിജിറ്റൽ സാധ്യത പരിഗണിച്ച് ആസൂത്രണം ചെയ്തിട്ടുണ്ട? അഥവാ ഡിസൈൻ ചെയ്തിട്ടുണ്ടോ?
• ഓരോ കുട്ടിക്കും അവരുടെ പ്രകടനത്തെ സംബന്ധിച്ച് നമ്മളിൽ നിന്ന് എന്ത് ഫീഡ്ബാക്കാണ് കിട്ടിയിട്ടുള്ളത്? ആ ഫീഡ്ബാക്കുകൾ അവരുടെ പഠനത്തെ എങ്ങനെയാണ് മെച്ചപ്പെടുത്തിയത്?
• നമ്മുടെ പഠിതാവിന്റെ പഠനപുരോഗതിയെ സംബന്ധിച്ച് പഠിതാവുമായോ രക്ഷിതാവുമായോ പൊതുസമൂഹവുമായോ ആശയവിനിമയം സാദ്ധ്യമായിട്ടുണ്ടോ?

ഞാൻ ക്ലാസിൽ നടത്താറുള്ള പ്രസംഗം അല്ലെങ്കിൽ ചർച്ച ഗൂഗിൾ മേറ്റ് വഴി നടത്തുന്നു, അതിനു കഴിഞ്ഞില്ലെങ്കിൽ എന്റെ ക്ലാസ് റെക്കോർഡ് ചെയ്ത് ശബ്ദമായി ഗൂഗിൾ ക്ലാസ്‌റൂമിലോ വാട്‌സ്ആപ്പിലോ പോസ്റ്റ് ചെയ്യുന്നു. കുട്ടികൾക്ക് പാഠപുസ്തകവും റഫറൻസ് സാമഗ്രികളും ഇല്ലാത്തതിനാൽ കഷ്ടപ്പെട്ട് അവയെല്ലാം സ്‌കാൻ ചെയ്ത് പി.ഡി.എഫ്. ഫയലുകളാക്കി നൽകുന്നു. പവർ പോയിന്റ് പ്രസന്റേഷൻ ഉപയോഗിച്ച് ക്ലാസ് ഭംഗിയാക്കുന്നു കവിതയും കവിതയും ഗണിതവും പഠിപ്പിക്കാൻ ഇംഗ്ലീഷ്, ഹിന്ദി, മലയാളം കവിതകൾ തുടങ്ങി ടെക്സ്റ്റുകൾ കണ്ടുകൊണ്ട് പഠിക്കേണ്ട സാഹചര്യത്തിൽ അവയെ സ്‌ക്രീൻ റെക്കോർഡ് ചെയ്ത് വീഡിയോകളാക്കി അപ്‌ലോഡ് ചെയ്യുന്നു. ഇതൊക്കെ നമ്മൾ ചെയ്യുന്നുണ്ടെങ്കിലും നമ്മുടെ അധ്യാപനം ഇ-ലേണിംഗിന്റെ തലത്തിലേക്ക് ഉയർന്നിട്ടുണ്ടോ എന്ന് നിർണയിക്കുന്നത് മുകളിൽ കൊടുത്ത ചോദ്യങ്ങളും അവയുടെ ഉത്തരവുമാണ്.

വാട്‌സ്ആപ്പും പി.ഡി.എഫും അല്ല ഇ- ലേണിങ് ടൂളുകൾ

ഡിജിറ്റൽ സാധ്യത പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള കൃത്യമായ ആസൂത്രണം അഥവാ ഡിസൈനിങ് ആണ് ഇ-ലേണിംഗിന്റെ ഏറ്റവും പ്രധാന പ്രക്രിയ. അങ്ങനെ ആസൂത്രണം ചെയ്യുമ്പോൾ നമ്മൾ പരിഗണിക്കേണ്ടത് ആസൂത്രണം ക്ലാസിലെ ശരാശരിക്കാരനോ പിന്നാക്കക്കാരനോ പ്രതിഭാശാലിക്കോ വേണ്ടി മാത്രമുള്ളതല്ലെന്നും ഓരോ കുട്ടിക്കും വേണ്ടിയുള്ളതാണെന്നുമാണ്. Individualised Learning അഥവാ Personalised Learning ആണ് ഇ-ലേണിങ് ലക്ഷ്യം വയ്ക്കുന്നത്. ഓരോ കുട്ടിക്കും പഠനവേഗ (learning pace) ത്തിനനുസരിച്ച് മുന്നോട്ട് വരാനുള്ളതാണത്. പഠനസമയം പഠിതാവിന് തിരഞ്ഞെടുക്കാൻ കഴിയണം.

അവർക്കനുയോജ്യമായ ഡിജിറ്റൽ രൂപത്തിലുള്ള ഉള്ളടക്കവും തിരഞ്ഞെടുക്കാൻ കഴിയണം. ഒന്നുകൂടി വ്യക്തമാക്കിയാൽ പാഠ്യപദ്ധതി ലക്ഷ്യത്തെ മുന്നിൽക്കണ്ട് ഡിജിറ്റൽ പഠനാനുഭവങ്ങൾ തിരഞ്ഞെടുത്ത് ബഹുമുഖമായി ആസൂത്രണം നിർവഹിക്കേണ്ടിവരും. ഒരേ ഉള്ളടക്കത്തിന്റെ ഓഡിയോ അനുഭവവും വീഡിയോ അനുഭവവും പാഠാ (Text) നുഭവവും കുട്ടിക്ക് ഇഷ്ടമനുസരിച്ച് തിരഞ്ഞെടുക്കാൻ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ ലഭ്യമാക്കണം. അതുകൊണ്ടുതന്നെ ഇ-ലേണിംഗ് ലക്ഷ്യം വെക്കുന്നത് ലൈവ് ക്ലാസുകൾ നൽകുന്ന ഗൂഗിൾ മീറ്റ് പോലുള്ള പ്ലാറ്റ്ഫോമുകൾ അല്ല, non synchronised സംവിധാനങ്ങളായ ഗൂഗിൾ ക്ലാസ് റൂമിന്റെ ചെറിയ സാധ്യതയിൽ തുടങ്ങി മൂഡിൽ (self modular design) പോലുള്ള വലിയ സാധ്യതകളെയാണ്. ഇന്റർനെറ്റിൽ ഗ്ലോബലായി ലഭ്യമാവുന്ന റിസോഴ്സുകൾ ഉപയോഗിച്ച് പാഠഭാഗത്തെ അല്ലെങ്കിൽ പാഠ്യപദ്ധതി മൊഡ്യൂളുകളെ പാഠ്യപദ്ധതി ലക്ഷ്യത്തെ മുൻനിർത്തി രീതിശാസ്ത്രം അനുസരിച്ച് വിന്യസിക്കേണ്ടി വരും. അതിനുള്ള വൈദഗ്ദ്ധ്യമാണ് ഡിജിറ്റൽ ലേണിംഗിനായാലും ബ്ലെൻഡഡ് ലേണിംഗിനായാലും അധ്യാപകരിൽനിന്ന് പ്രതീക്ഷിക്കുന്നത്.

പഠിതാവിന്റെ മുന്നറിവ് പരിശോധന, ചിന്തയെ ഉദ്ദീപിപ്പിച്ച് ആദ്യാവസാനം ശ്രദ്ധ നിലനിർത്തൽ, ഉള്ളടക്കം സ്വാംശീകരിക്കാനുള്ള പ്രചോദനം നൽകൽ, വിവിധ ടാസ്‌കുകളുമായി താൽപര്യത്തോടെ ഇടപഴകാൻ അവസരമൊരുക്കൽ, നിരന്തരം വിലയിരുത്തി ആവശ്യ സന്ദർഭങ്ങളിൽ കൈത്താങ്ങു നൽകൽ എന്നിവയെല്ലാം പരസ്പര ബന്ധിതമായും രീതിശാസ്ത്രമനുസരിച്ചും ഡിജിറ്റൽ സാധ്യത ഉപയോഗിച്ച് നിർവ്വഹിക്കുമ്പോഴാണ് ഇ-ലേണിങ് നടക്കുക. പഠിതാവിന്റെ വിലയിരുത്തലിനും മൂല്യനിർണയത്തിനും ഡിജിറ്റൽ സാധ്യത തന്നെ ഉപയോഗിക്കണം. ചോദ്യപ്പേപ്പർ വാട്സ്ആപ്പിൽ നൽകി കടലാസിൽ ഉത്തരമെഴുതി അത് സ്‌കാൻ ചെയ്ത് പി.ഡി.എഫ്. ആക്കി തിരിച്ചയക്കുന്ന നടപ്പുരീതി ഇ-ലേണിംഗിലെ വിലയിരുത്തലോ മൂല്യനിർണയമോ അല്ലെന്നർത്ഥം. മൾട്ടി മീഡിയയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്ന ചോദ്യങ്ങളുടെയും ഉത്തരങ്ങളുടെയും ആവിഷ്‌കാരങ്ങൾ ഉണ്ടാവണം.

ലേണിങ് മാനേജ്മെന്റ് സിസ്റ്റം

ലേണിങ് മാനേജ്മെന്റ് സിസ്റ്റം (എൽ.എം.എസ്) യാഥാർഥ്യമാകുമ്പോഴാണ് ഇ- ലേണിംഗിന്റെ അനന്തമായ സാധ്യതകൾ പ്രയോജനപ്പെടുത്താനും പരമാവധി പഠനനേട്ടം ഉറപ്പുവരുത്താനും കഴിയുക. ഇത്തരമൊരു ക്ലാസ്മുറിയിൽ പഠന നേട്ടത്തെ അല്ലെങ്കിൽ പുരോഗതിയെ വിലയിരുത്തേണ്ടത് മാനകമായ മാനദണ്ഡങ്ങൾ കൊണ്ടോ ഇതര പഠിതാക്കളുടെ ഗ്രേഡുകൾ കൊണ്ടോ അല്ല, പഠിതാവിന്റെ തന്നെ മുൻനിലകൾ വെച്ചാണ്. മൂഡിൽ പോലുള്ള എൽ.എം.എസ് ഉപയോഗിക്കുമ്പോൾ അനന്തമായ ആക്ടിവിറ്റികളെ അതിൽ സർഗാത്മകമായും ആകർഷകമായും വിന്യസിക്കാൻ കഴിയും. കുട്ടിക്കും അധ്യാപകനും രക്ഷിതാവിനും എക്സിബിഷനിലെ സ്റ്റാളുകൾ പോലെ അവയെല്ലാം നോക്കി കാണാനാകും. മറ്റൊരു തരത്തിൽ പറഞ്ഞാൽ, അധ്യാപകന്റെയും കുട്ടിയുടെയും അക്കാദമിക ജീവിതത്തിന്റെ ഓരോ നിമിഷങ്ങളും അവിടെ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടാകും.

പഠിതാവിന്റെ ഉൽപ്പന്നങ്ങൾ, പ്രതികരണങ്ങൾ, അതുമായി ബന്ധപ്പെട്ട് ഓരോ പഠിതാവിനും അധ്യാപകൻ നൽകിയ ഫീഡ്ബാക്കുകൾ, സഹപഠിതാക്കളുടെ അഥവാ ഗ്രൂപ്പിന്റെ വിലയിരുത്തലുകൾ, അവരുടെ ആവിഷ്‌കാരങ്ങൾ, ചാറ്റ്‌റൂമുകളിലും ഡിസ്‌കഷൻ ഫോറത്തിലും നടന്ന ആശയ സംവാദങ്ങൾ, അധ്യാപകൻ അപ്ലോഡ് ചെയ്ത മൾട്ടിമീഡിയ ഫയലുകൾ ആരൊക്കെ എങ്ങനെയെല്ലാം ഉപയോഗിച്ചു എന്നിവയെല്ലാം അവിടെ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടാവും. അഥവാ സെമസ്റ്റർ - വാർഷിക പരീക്ഷകളെ അപ്രസക്തമാക്കുന്ന വിധം പഠിതാവിന്റെയും അധ്യാപകന്റെയും അക്കാദമിക ജീവിതത്തിന്റെ ഇ- പോർട്ട്ഫോളിയോ വസ്തുനിഷ്ഠവും വ്യക്തവും കൃത്യവുമായ മൂർത്തതെളിവായി ഏതുതരം വിലയിരുത്തലിനും സദാ സന്നദ്ധമായി എൽ.എം.എസിൽ ഉണ്ടാകുമെന്നർത്ഥം. പഠിതാവിന് ഗ്രേഡ് നൽകാൻ മാത്രമല്ല അധ്യാപകന് പ്രമോഷനും പ്ലെയ്സ്മെന്റും കൊടുക്കാനും ഇതു ധാരാളം മതി. അധ്യാപകരെ സോഷ്യൽ ഓഡിറ്റിങ്ങിന് വിധേയമാക്കാൻ തുടങ്ങി സ്ഥാപന മേധാവിക്കും നിയമനാധികാരിക്കും ക്ലാസുകൾ പരിശോധിക്കാൻ വരെ LM S എന്ന ഈ ‘ഇ-പോർട്ട്ഫോളിയോ' ധാരാളം മതി. മാത്രമല്ല ഒരു സ്ഥാപനത്തിന് അതിന്റെ ഗുണഭോക്താക്കളുമായി അനായാസം ആശയവിനിമയം നടത്താനും പഠിതാവിന്റെ പഠനത്തെളിവുകൾ പങ്കുവെക്കാനുമാകും.

അധ്യാപകനും പഠിതാവും തമ്മിൽ ക്ലാസ്മുറിയുടെ സ്വകാര്യതയിൽ സ്വതന്ത്രമായി നടന്ന പഠനബോധന പ്രക്രിയ എൽ.എം.എസ് എന്ന പ്രോഗ്രാമിന്റെ നിരീക്ഷണത്തിൽ മറ്റൊരുതരത്തിൽ ഡിജിറ്റലായി രേഖപ്പെടുത്തുന്ന സുതാര്യവും തുറന്നതുമായ പ്രക്രിയയായിമാറും. മറ്റെല്ലാ നിരീക്ഷണോപകരണങ്ങൾ പോലെ അക്കാദമിക ജീവിതവും നാളെ നിയന്ത്രിക്കപ്പെട്ടേക്കാം.


Summary: ചോദ്യപ്പേപ്പർ വാട്സ്ആപ്പിൽ നൽകി കടലാസിൽ ഉത്തരമെഴുതി അത് സ്‌കാൻ ചെയ്ത് പി.ഡി.എഫ്. ആക്കി തിരിച്ചയക്കുന്ന നടപ്പുരീതി ഇ-ലേണിംഗിലെ വിലയിരുത്തലോ മൂല്യനിർണയമോ അല്ല. മൾട്ടി മീഡിയ സാധ്യതകൾ പ്രയോജനപ്പെടുത്തുന്ന ചോദ്യങ്ങളുടെയും ഉത്തരങ്ങളുടെയും ആവിഷ്‌കാരങ്ങൾ ഉണ്ടാവണം.


Comments