മൂന്നു ലക്ഷത്തിലേറെ വിദ്യാർഥികളുടെ വിലപ്പെട്ട പഠനസമയം നഷ്​ടമാക്കിയത്​ എന്തിനായിരുന്നു?

മാനുഷികമായ നിസ്സാരതെറ്റുകൾക്കു പോലും ഇംക്രിമെൻറ്​ ബാർ ചെയ്യുക, തലസ്ഥാനത്തേക്കു വിളിപ്പിച്ച് തേജോവധം ചെയ്യുക തുടങ്ങിയ ശിക്ഷകളിലൂടെ പ്രിൻസിപ്പൽമാരെയും അധ്യാപകരെയും മുൾമുനയിൽ നിർത്തുന്ന ഒരു സിസ്റ്റമാണ് ഇവിടെയുള്ളത്. സ്‌കൂൾ വിദ്യാഭ്യാസത്തിനിടയിൽ ലക്ഷക്കണക്കിന് വിദ്യാർഥികളെ അഞ്ചു മാസത്തെ ഇടവേളയുണ്ടാക്കി വീട്ടിലിരുത്തിയതിനും അവരുടെ അക്കാദമിക് കലണ്ടറിൽ നിന്നും വിലപ്പെട്ട പഠനദിനങ്ങളെ നഷ്ടപ്പെടുത്തിയതിനും വിദ്യാഭ്യാസ വകുപ്പിന് എന്ത് സമാധാനമാണ് പറയാനുള്ളത്?

ഴിഞ്ഞ വർഷത്തെ എസ്.എസ്.എൽ.സി കുട്ടികൾക്ക് വളരെ കുറച്ച് പഠനദിനങ്ങൾ മാത്രമേ ലഭിച്ചിരുന്നുള്ളു. നവംബർ മുതൽ​ ഫെബ്രുവരി വരെ ആഴ്ചയിൽ മൂന്നു ദിവസം ഉച്ചവരെയുള്ള സമയം മാത്രം. സാഹചര്യം കണക്കിലെടുത്ത് നവംബർ അവസാനം ഫോക്കസ് ഏരിയ നിർണയിച്ചു. എന്നാൽ നോൺ ഫോക്കസ് ഏരിയയിൽ നിന്ന്​ ചോദ്യങ്ങളുണ്ടാവും എന്നത് കുട്ടികളെ അറിയിച്ചത് ജനുവരി അവസാനം മാത്രമായിരുന്നു. ഫോക്കസ് ഏരിയയിൽ ഊന്നി, പരീക്ഷയ്ക്ക് ഒരുങ്ങാനിരുന്ന വിദ്യാർഥികൾക്കുമേൽ ഒരു മുന്നറിയിപ്പുമില്ലാതെയാണ് ഇത്തരമൊരു ഉദ്യോഗസ്ഥ തീരുമാനം പൊട്ടിവീണത്.

കുട്ടികളും രക്ഷാകർത്താക്കളും അധ്യാപകരും ഒന്നുപോലെ സമ്മർദ്ദത്തിലായ ഒരു കാലം. ഫോക്കസ് ഏരിയ ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചാൽ കുട്ടികൾ ആ പാഠഭാഗങ്ങളിലൂന്നി പഠിക്കുകയാണ്​ ചെയ്യുക. അങ്ങനെയാണ് സ്‌കൂൾ തുറന്ന നവംബർ മുതൽ സർക്കാർവൃത്തങ്ങളും പറഞ്ഞുകൊണ്ടിരുന്നത്. എന്നാൽ, നോൺ ഫോക്കസ് ഏരിയയിൽ നിന്നും, പലതിലും ഓപ്ഷനുകൾ കൂടി ഇല്ലാതെ ചോദ്യങ്ങൾ പ്രത്യേക വിഭാഗമായി പൊതുപരീക്ഷയിൽ ചോദിക്കുമെന്നും, അവക്കുകൂടി ഉത്തരമെഴുതിയില്ലെങ്കിൽ 30% സ്‌കോർ നഷ്ടപ്പെടുമെന്നും അവർ അറിയുന്നത്​ പൊതുപരീക്ഷക്ക് ​വെറും ഒന്നരമാസം മുമ്പായിരുന്നു. ഇത്​ വിദ്യാർഥികളുടെ മാനസികാരോഗ്യത്തെ പോലും ഗുരുതരമായി ബാധിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതേതുടർന്ന്​, പഠനസമയം ഒരുമാസം കൂടി നീട്ടണം എന്ന ആവശ്യം പലരും മുന്നോട്ടു വെച്ചു.

അതുകൊണ്ട് ഒന്നും സംഭവിക്കില്ലായിരുന്നു. കുട്ടികൾക്ക് കുറച്ചു കൂടി ആശ്വാസത്തോടെ പരീക്ഷയെ സമീപിക്കാമായിരുന്നു. പ്ലസ് വൺ പരീക്ഷ നടന്നത് മെയ് മാസത്തിലായിരുന്നല്ലോ. പക്ഷേ വിദ്യാഭ്യാസവകുപ്പ് കുട്ടികൾക്കെതിരെ തീർത്തും അനാവശ്യമായ വാശിയിലായിരുന്നു.

എന്തിനായിരുന്നു ഈ തിടുക്കം?

ഇത്രയും തിടുക്കപ്പെട്ടു പരീക്ഷ നടത്തുമ്പോൾ സാമാന്യ ബുദ്ധി വെച്ച് നമ്മളെന്താവും ചിന്തിക്കുക? സമയബന്ധിതമായി കാര്യങ്ങൾ മുന്നോട്ടു നീക്കുന്നതിനുള്ള ഒരുക്കം എന്നല്ലേ? കുട്ടികൾക്ക് ഇതിന്റെ ഗുണഫലം ഭാവിയിൽ ഉണ്ടാകുമെന്നല്ലേ? പൊതുവെ പ്ലസ് വൺ ക്ലാസുകൾ മുമ്പൊക്കെ വളരെ വൈകി ഓഗസ്റ്റ്, സെപ്തംബറിലൊക്കെയായിരുന്നു തുടങ്ങിയിരുന്നത്. പ്രൊഫ. സി. രവീന്ദ്രനാഥ്​ വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത് അത് ക്രമത്തിൽ മുന്നോട്ടുകൊണ്ടുവന്ന് 2019 ആകുമ്പഴേക്കും മെയ് മാസത്തിൽ തന്നെ പ്രവേശന നടപടികൾ പൂർത്തിയാക്കി ജൂൺ 3 ന് പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ചിരുന്നു.

പ്രൊഫ. സി. രവീന്ദ്രനാഥ്​
പ്രൊഫ. സി. രവീന്ദ്രനാഥ്​

20 ദിവസം കൊണ്ടാണ് അന്ന് പ്രവേശന നടപടികൾ പൂർത്തിയാക്കിയിരുന്നത്. എന്നാൽ ഇത്തവണ കുട്ടികളെ സമ്മർദ്ദത്തിൽ നിർത്തി മാർച്ചിൽ തന്നെ പരീക്ഷ നടത്തിയിട്ടും എസ്. എസ്. എൽ. സി റിസൽട്ട് പ്രഖ്യാപിച്ചത് ജൂൺ 15 ന്. പക്ഷേ പ്രവേശന നടപടികൾ ആരംഭിച്ചതോ ജൂലൈ 7 നും. പ്രവേശന നടപടികൾക്കു ശേഷം ക്ലാസുകൾ ആരംഭിച്ചത് ഓഗസ്റ്റ് 25 ന്. എസ്. എസ്. എൽ. സി പരീക്ഷ മാർച്ചിൽ തന്നെ നടത്തിയതിനു പറയാവുന്ന ഒരൊറ്റ ലക്ഷ്യം ജൂണിൽ പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുക എന്നതു മാത്രമായിരുന്നു.

മൂന്നു ലക്ഷത്തിലധികം വരുന്ന പൊതുവിദ്യാലയത്തിലെ കുട്ടികൾക്ക് ലഭിക്കേണ്ട വിലപ്പെട്ട പഠനസമയം ഇത്തവണ നഷ്ടപ്പെടുത്തിയതിന് ആരാണ് ഉത്തരവാദി? എന്തിനുവേണ്ടിയായിരുന്നു ഒന്നര മാസത്തോളം കാര്യങ്ങൾ ഇങ്ങനെ വൈകിച്ചത്? സി.ബി.എസ്.സിയിൽ നിന്നും വരുന്ന കുട്ടികൾക്കു വേണ്ടിയുള്ള കാത്തിരിപ്പായിരുന്നോ?

മാർച്ചിൽ പരീക്ഷ നടത്തിയിട്ടും കുട്ടികൾക്ക് സർട്ടിഫിക്കറ്റ് ഇതുവരെയും ലഭിച്ചില്ല എന്നത് മറ്റൊരു കാര്യം. ഇത്തവണ എസ്. എസ്. എൽ. സിയുടെ ഓണപ്പരീക്ഷ ആരംഭിക്കാനിരിക്കുന്നു. ആദ്യത്തെ പരീക്ഷ കണക്കാണ്. പുതിയൊരു മാറ്റമാണിത്. സാങ്കേതികമായി അതിൽ ഒരു ശരികേടുമില്ല. ഏതു പരീക്ഷയും ആദ്യം തുടങ്ങാം. പക്ഷേ കുട്ടികളുടെ പക്ഷത്തുനിന്നു നോക്കുന്നവർക്ക് അതിൽ വിയോജിപ്പും തോന്നാം. പൊതുവെ കണക്കിനോട് ഭയമുള്ളവരാണ് അധികം കുട്ടികളും. അത്തരത്തിൽ അവരുടെ മനോഭാവം കൂടി കണക്കിലെടുത്താണ് മുമ്പ് പരീക്ഷകൾ ക്രമീകരിച്ചിരുന്നത്. ഇപ്പോളത് പെട്ടെന്ന് മാറ്റിയിരിക്കുന്നു. ഉദ്യോഗസ്ഥർക്കെന്ത് കുട്ടികളുടെ മനശ്ശാസ്ത്രം.

സംഘടനകൾ നിശ്ശബ്​ദരാണ്​

പരീക്ഷകൾ നടത്തുകയല്ല മറിച്ച് പഠനാനുഭവങ്ങൾ നൽകുക എന്നതാണ് ഏറ്റവും പ്രധാനം. അത്തരത്തിൽ അക്കാദമികമായ എന്ത് ഉണർവാണ് വിദ്യാഭ്യാസ മേഖലയിലുണ്ടായിട്ടുള്ളത്? കുറ്റം പറഞ്ഞുകൂടാ, വിമർശനങ്ങൾക്കെതിരെ വാളെടുത്തുകൊണ്ട് ഭയത്തിന്റെ ഒരന്തരീക്ഷം സൃഷ്ടിക്കുന്നതിൽ വകുപ്പ് വിജയിച്ചിട്ടുണ്ട്. കുട്ടികൾക്ക് പഠനത്തിനുള്ള സമയം കിട്ടിയോ എന്നതല്ല, പഠനസമയം വെട്ടിക്കുറച്ച്, പരീക്ഷയ്ക്ക് തൊട്ടു മുമ്പ് നോൺ ഫോക്കസ് ഏരിയയിൽ നിന്നും ചോദ്യങ്ങൾ വരുമെന്നറിയിച്ച് സമ്മർദ്ദത്തിലാക്കിയതാവും കുട്ടികളുടെ മനസ്സിൽ ബാക്കിയാവുക.

വിദ്യാർഥികൾക്കു മാത്രമല്ല, അധ്യാപകരുടെ മനസ്സിലും കഴിഞ്ഞ ഒരു വർഷം എന്താവും ബാക്കിയാക്കുക? ഹയർ സെക്കന്ററി കെമിസ്ട്രി പരീക്ഷയ്ക്ക് വിദഗ്ദരായ അധ്യാപകർ ഒത്തുചേർന്ന് ഉണ്ടാക്കിയ ഉത്തരസൂചിക വലിച്ചെറിഞ്ഞ് ചോദ്യകർത്താവ് ഉണ്ടാക്കിയ തെറ്റായ ഉത്തര സൂചിക യാതൊരു തത്വദീഷയുമില്ലാതെ അടിച്ചേൽപ്പിച്ചു. ആദ്യം തയാറാക്കിയ ഉത്തരസൂചികയിൽ ഒരു തെറ്റും ഉണ്ടായിരുന്നില്ലെന്നും ചില കാര്യങ്ങൾ കൂടി ചേർത്താണ് പുതുതായി ഉത്തര സൂചിക ഇറക്കിയതെന്നും പറഞ്ഞ മന്ത്രി വി. ശിവൻകുട്ടി, ഉത്തര സൂചിക തയാറാക്കിയ അധ്യാപകർക്കെതിരായ നടപടി സെക്രട്ടറിയുടെ റിപ്പോർട്ട് ലഭിച്ചശേഷം പരിഗണിക്കുമെന്നും പറഞ്ഞുവച്ചു. ഇതിന്റെ അർഥമെന്താണ്? ഉത്തര സൂചിക തയാറാക്കിയതിൽ ക്രമക്കേട് സംഭവിച്ചിട്ടുണ്ട് എന്നല്ലേ? ക്ഷിരാഷ്ട്രീയ ഭേദമെന്യേ ആ അധ്യാപകർ ഒറ്റക്കെട്ടായി നിന്ന് സമരം ചെയ്​താണ്​ ഉത്തര സൂചികയിലെ നീതികേടിനെ ചെറുത്തു തോൽപ്പിച്ചത്​. കുട്ടികളെയും അധ്യാപകരെയും വിദ്യാഭ്യാസ വകുപ്പ് ശത്രുരാജ്യമായി പ്രഖ്യാപിച്ചു. 13 ഉത്തര പേപ്പറുകൾ മൂല്യനിർണയം ചെയ്തിടത്ത് അത് 17 ആക്കി വർദ്ധിപ്പിച്ചു. ഒരു ചർച്ചയും കൂടാതെ. വിവർശനം ഉയർന്നപ്പോൾ അത് 15 ആക്കി. മൂല്യനിർണയത്തിൽ നിന്നും എത്രയോ കാലമായി വിട്ടുനിൽക്കുന്ന പ്രിൻസിപ്പൽമാരെ ചേർത്ത് സ്‌ക്വാഡു രൂപീകരിച്ച് അവരെ മൂല്യനിർണയ ക്യാമ്പുകളിലേക്കയച്ച് അധ്യാപകരിലും സമ്മർദ്ദമുണ്ടാക്കി.

എന്നാൽ, അധ്യാപകർ പ്രതിഷേധിച്ച് മൂല്യനിർണയ ക്യാമ്പ് ബഹിഷ്‌കരിച്ചതിനും മിന്നൽ പണിമുടക്ക് നടത്തിയതിനും പിന്നിൽ ഗൂഢാലോചനയുണ്ട് എന്നായിരുന്നു മന്ത്രിയുടെ കണ്ടെത്തൽ. ‘സർക്കാർ എന്ത് ചെയ്യണമെന്ന് തീരുമാനിക്കേണ്ടത് അധ്യാപകരല്ല, അതിന് തെരഞ്ഞെടുക്കപ്പെട്ട സർക്കാറും വിദ്യാഭ്യാസ മന്ത്രിയുമുണ്ട്, ഇവർക്കുപുറമേ പ്രിൻസിപ്പൽ സെക്രട്ടറിയും വിദ്യാഭ്യാസ ഡയറക്ടറുമുണ്ട്' എന്നും മന്ത്രി അധ്യാപകർക്ക് മുന്നറിയിപ്പുനൽകി. അധ്യാപകർ പഠിപ്പിച്ചാൽ മതി എന്ന പ്രസ്താവനയിൽ അടങ്ങിയിട്ടുള്ള സന്ദേശം പ്രയോഗത്തിൽ വരുത്താനുള്ള ശ്രമങ്ങളാണ് സത്യത്തിൽ ഒരു വർഷം കൊണ്ട് വിദ്യാഭ്യാസ വകുപ്പിൽ നടന്നു കൊണ്ടിരിക്കുന്നത്.

കുട്ടികൾക്ക് മാർക്ക് എങ്ങിനെ കുറയ്ക്കാം എന്നതിൽ ഗവേഷണം നടത്തുകയായിരുന്നു വിദ്യാഭ്യാസ വകുപ്പ്. കഴിഞ്ഞ വർഷം കൂടുതൽ എ പ്ലസ് കിട്ടിയവരെ മന്ത്രി തന്നെ പരിഹസിച്ചു. കഴിഞ്ഞവർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ 1,25,509 കുട്ടികൾ എ പ്ലസ് നേടിയത് ദേശീയാടിസ്ഥാനത്തിൽ വലിയ തമാശയായിരുന്നു എന്നാണ് വി. ശിവൻകുട്ടി പരിഹസിച്ചത്.

വി. ശിവൻകുട്ടി
വി. ശിവൻകുട്ടി

എന്നാൽ, ഇത്തവണ എസ്.എസ്.എൽ.സിക്ക് 99 ശതമാനം വിജയമായിരുന്നുവെങ്കിലും എ പ്ലസിന്റെ കാര്യത്തിൽ നിലവാരമുള്ള ഫലമാണുണ്ടായതെന്നും അതിനായി വകുപ്പ് ജാഗ്രത പാലിച്ചുവെന്നും കൂടി മന്ത്രി പറഞ്ഞുവച്ചു.

അക്കാദമികമായ ചർച്ചകൾ, ബഹുസ്വരങ്ങൾ, ഉയരേണ്ടതിനു പകരം ഭയം ആണ് നിറഞ്ഞുനിൽക്കുന്നത്. വിമർശനത്തിന്റെ ചെറുവിരൽ പോലും ഉയരുന്നില്ല. എല്ലാ സംഘടനകളും നിശ്ശബ്ദരാണ്.

പൊതുവിദ്യാഭ്യാസ സംവിധാനം ആരെയാണ് മുഖ്യമായും പരിഗണിക്കേണ്ടത്? അതിനെ വിശ്വാസത്തിലെടുത്തുകൊണ്ട് ഒപ്പം നിന്ന വിദ്യാർഥികളെയും രക്ഷിതാക്കളെയുമല്ലേ? അതോ അതിൽ വിശ്വാസമില്ലാതെ മറ്റൊരു സമാന്തര ധാരയിൽ സഞ്ചരിച്ച് ഒരു പ്രത്യേക ഘട്ടത്തിൽ തികച്ചും പ്രായോഗിക വാദികളായി കരിയറിസ്റ്റിക് സമീപനത്തോടെ തിരിച്ചു വരുന്നവരെയോ? അത്തരത്തിൽ സി. ബി. എസ്. സി ധാരയിലെ ഒരു ചെറിയ ശതമാനത്തിനു ചാടിക്കയറാനായി പൊതുവിദ്യാഭ്യാസത്തിന്റെ വണ്ടി അനന്തമായി നിർത്തിയിട്ടതിനെക്കുറിച്ച് എന്തെങ്കിലും ഒരു വിമർശനം എവിടെയെങ്കിലും ഉയർന്നോ? അതേസമയം വളരെ വൈകി റിസൽട്ട് പ്രഖ്യാപിച്ച സി.ബി.എസ്. സി അവരുടെ ക്ലാസുകൾ നേരത്തേ തുടങ്ങുകയും ചെയ്തു.

മാനുഷികമായ നിസ്സാരതെറ്റുകൾക്കു പോലും ഇംക്രിമെൻറ്​ ബാർ ചെയ്യുക, തലസ്ഥാനത്തേക്കു വിളിപ്പിച്ച് തേജോവധം ചെയ്യുക തുടങ്ങിയ ശിക്ഷകളിലൂടെ പ്രിൻസിപ്പൽമാരെയും അധ്യാപകരെയും മുൾമുനയിൽ നിർത്തുന്ന ഒരു സിസ്റ്റമാണ് ഇവിടെയുള്ളത്. സ്‌കൂൾ വിദ്യാഭ്യാസത്തിനിടയിൽ ലക്ഷക്കണക്കിന് വിദ്യാർഥികളെ അഞ്ചു മാസത്തെ ഇടവേളയുണ്ടാക്കി വീട്ടിലിരുത്തിയതിനും അവരുടെ അക്കാദമിക് കലണ്ടറിൽ നിന്നും വിലപ്പെട്ട പഠനദിനങ്ങളെ നഷ്ടപ്പെടുത്തിയതിനും വിദ്യാഭ്യാസ വകുപ്പിന് എന്ത് സമാധാനമാണ് പറയാനുള്ളത്?

മന്ത്രിമാരടക്കമുള്ള പ്രമുഖരുടെ മക്കളും ചെറുമക്കളും പഠനത്തിനായി സി.ബി.എസ്. ഇ സ്‌കൂളുകൾ തിരഞ്ഞെടുക്കുന്നതു മൂലം പൊതുസമൂഹത്തിന് കേരള സിലബിനോടുണ്ടായ താല്പര്യക്കുറവിനെ പർവതീകരിക്കുന്ന വിധമാണ് സർക്കാരിന്റെ ഈ നടപടി. പൊതു മത്സരപരീക്ഷകളുടെ കാലത്ത് അർഹമായ പഠനസന്ദർഭങ്ങൾ നഷ്ടപ്പെടുന്ന കുട്ടികൾ വലിയ മാനസിക സമ്മർദ്ദം അനുഭവിക്കേണ്ടി വരുന്നു. പൊതുഫണ്ട് ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്ന സർക്കാർ സ്‌ക്കൂളുകളിൽ സി.ബി.എസ്. ഇ ബാച്ചുകൾ കൂടെ ആരംഭിക്കണമെന്ന മുറവിളി അധികം വൈകാതെ തന്നെ ഉണ്ടായേക്കാം.

വേണം, നവ്യമായ പഠനാനുഭവങ്ങൾ

അക്കാദമികസ്ഥാപനങ്ങളെ നോക്കുകുത്തിയാക്കി ഉദ്യോഗസ്ഥ സംവിധാനങ്ങൾ തീരുമാനമെടുക്കുന്ന അവസ്ഥ വിദ്യാഭ്യാസത്തിന് ഗുണം ചെയ്യില്ല. കഴിഞ്ഞ പരീക്ഷാ നടത്തിപ്പിലൊക്കെ നാമത് കണ്ടതാണ്. അക്കാദമികമായ ലക്ഷ്യങ്ങൾ പൂർത്തീകരിക്കാനുള്ള പിന്തുണാ സംവിധാനങ്ങൾ ഒരുക്കുകയാണ് ഉദ്യോഗസ്ഥ സംവിധാനം ചെയ്യേണ്ടത്. എസ് സി ഇ ആർ ടി പോലുള്ള ഉന്നത ഗവേഷണ സ്ഥാപനങ്ങളെ ശാക്തീകരിക്കുകയാണ് അതിനുള്ള മാർഗം.

വിദ്യാഭ്യാസത്തിന്റെ ആത്യന്തിക ലക്ഷ്യം പരീക്ഷ പാസാകലല്ല. വിദ്യാഭ്യാസ വകുപ്പിന്റെ ലക്ഷ്യം പരീക്ഷാ നടത്തിപ്പു മാത്രവുമല്ല. കുട്ടികളെയാണ് നമ്മൾ വിദ്യാഭ്യാസത്തിന്റെ കേന്ദ്രസ്ഥാനത്തു നിർത്തുന്നതെങ്കിൽ പരീക്ഷയ്ക്കു നൽകുന്ന അമിത പ്രാധാന്യം ഒഴിവാക്കി അവർക്ക് ഏറ്റവും നവ്യമായ പഠനാനുഭവങ്ങൾ ഒരുക്കുക എന്നതായിരിക്കണം പ്രധാനം. അത്തരം പഠനാനുഭവങ്ങളിലൂടെ കുട്ടികളെ കടത്തിവിടാനുള്ള അവസരങ്ങൾ ഒരുക്കുന്നതിനായി നിരന്തര പരിശീലനങ്ങൾ നൽകുക എന്നതിനാണ് പരമപ്രാധാന്യം നൽകേണ്ടത്.


Summary: മാനുഷികമായ നിസ്സാരതെറ്റുകൾക്കു പോലും ഇംക്രിമെൻറ്​ ബാർ ചെയ്യുക, തലസ്ഥാനത്തേക്കു വിളിപ്പിച്ച് തേജോവധം ചെയ്യുക തുടങ്ങിയ ശിക്ഷകളിലൂടെ പ്രിൻസിപ്പൽമാരെയും അധ്യാപകരെയും മുൾമുനയിൽ നിർത്തുന്ന ഒരു സിസ്റ്റമാണ് ഇവിടെയുള്ളത്. സ്‌കൂൾ വിദ്യാഭ്യാസത്തിനിടയിൽ ലക്ഷക്കണക്കിന് വിദ്യാർഥികളെ അഞ്ചു മാസത്തെ ഇടവേളയുണ്ടാക്കി വീട്ടിലിരുത്തിയതിനും അവരുടെ അക്കാദമിക് കലണ്ടറിൽ നിന്നും വിലപ്പെട്ട പഠനദിനങ്ങളെ നഷ്ടപ്പെടുത്തിയതിനും വിദ്യാഭ്യാസ വകുപ്പിന് എന്ത് സമാധാനമാണ് പറയാനുള്ളത്?


ഉമ്മർ ടി.കെ.

അധ്യാപകൻ, എഴുത്തുകാരൻ

Comments