‘വർണ വസന്തം’: സ്​കൂൾ അധികൃതർ അട്ടിമറിച്ച ഒരു മികച്ച വിദ്യാർഥിപക്ഷ പദ്ധതിയെക്കുറിച്ച്​...

കേരളത്തിലെ പൊതുവിദ്യാഭ്യാസരംഗം ആവിഷ്‌കരിച്ച ഏറ്റവും മികച്ച പദ്ധതികളിലൊന്നായ, 'വർണ വസന്തം' സ്‌കൂൾ അധികൃതരുടെ തന്നെ മുൻകൈയിൽ അട്ടിമറിക്കപ്പെടുന്നതിന്റെ ആശങ്കാജനകമായ ഒരു അനുഭവമാണ് 'ട്രസ്​പാസേഴ്‌സ്' എന്ന ചിത്രകാരസംഘം പറയുന്നത്. കേരളത്തിന്റെ കല, സംസ്‌കാരം, ചരിത്രം, നവോത്ഥാനം, പ്രാദേശിക ചരിത്രം തുടങ്ങിയ വിഷയങ്ങളിലൂന്നിയുള്ള ചുമർചിത്രം കുട്ടികളാൽ അവരുടെ ദൃശ്യഭാഷയിലൂടെ പ്രതിഫലിപ്പിക്കുക എന്ന പദ്ധതിയാണ്, ആരോ പകർത്തിവച്ച ചിത്രങ്ങൾക്കുമുന്നിൽ കുട്ടികളെ ബ്രഷും പിടിപ്പിച്ച് നിർത്തി ഫോട്ടോ എടുപ്പിച്ച് അട്ടിമറിച്ചത്. നമ്മുടെ വിദ്യാഭ്യാസ സ്ഥാപങ്ങളിൽ ചൈൽഡ് ആർട്ടുമായി ബന്ധപ്പെട്ട ഗൗരവമായ സംവാദങ്ങളും, അവബോധവുമുണ്ടാകേണ്ടതിന്റെ പ്രാധാന്യം കൂടി ചർച്ചക്കുവെക്കുകയാണ് 'ട്രസ്​പാസേഴ്‌സ്.'

വിദ്യാർത്ഥികളുടെ ആലോചനകൾക്കും, നോട്ടങ്ങൾക്കും, ഭാഷക്കും പ്രാധാന്യം നൽകി കുട്ടികളുടെ സർഗാത്മകതകളെ വികസിപ്പിക്കുന്നതിന് വലിയ പ്രാധാന്യത്തോടെ ആസൂത്രണം ചെയ്ത പദ്ധതിയായിരുന്നു എറണാകുളം ജില്ലാ പഞ്ചായത്തിനുകീഴിൽ, സ്‌കൂൾ തലങ്ങളിൽ നടപ്പാക്കി വരുന്ന ‘വർണവസന്തം'. കേരളത്തിന്റെ കല, സംസ്‌കാരം, ചരിത്രം, നവോത്ഥാനം, പ്രാദേശിക ചരിത്രം എന്നിങ്ങനെ നാനാ വിഷയങ്ങളിലൂന്നി ഏകദേശം 1500 ചതുരശ്ര അടി ചുമർചിത്രം കുട്ടികളാൽ അവരുടെ ദൃശ്യ ഭാഷയിലൂടെ പ്രതിഫലിപ്പിക്കുക എന്നതായിരുന്നു പദ്ധതിയുടെ സാമാന്യ ഉള്ളടക്കം.

ഈ പദ്ധതിയുമായി ചെറുവട്ടൂർ ജി.എം.എച്ച്​.എസ്​.എസിൽ നമുക്ക് നേരിടേണ്ടി വന്ന ചില അനിഷ്ട സംഭവങ്ങൾ, 2022 മാർച്ച്​ നാലിന്​ പങ്കുവെച്ചിരുന്നുവല്ലോ. അത്​ ഇങ്ങനെയായിരുന്നു: ‘വർണവസന്തം’ എന്ന പദ്ധതിയുടെ ഭാഗമായി വർക്ക് ചെയ്യണം എന്നാവശ്യപ്പെട്ട് ഒരു മാസം മുമ്പ് ജി.എം.എച്ച്. എസ്. എസ്. ചെറുവട്ടൂരിൽ നിന്ന്​ അറിയിപ്പ് ലഭിച്ചു. കേരള നവോത്ഥാനം, കല, പ്രാദേശിക ചരിത്രം, സാഹിത്യം എന്നിവയിലൂന്നി രചന നടത്താനാണ് ഞങ്ങളോട് പറഞ്ഞത്. തുടർന്നുള്ള വിശദമായ ചർച്ചകളിൽ നിന്ന്​ ഈ പദ്ധതി വിദ്യാർത്ഥികളുടെ സർഗ്ഗശേഷി പ്രകടിപ്പിക്കാനുള്ളതാണെന്നും, എന്നാൽ കുട്ടികൾ വരച്ചാൽ നന്നാകില്ല എന്ന തോന്നലുകൊണ്ട് നമ്മളെ കൊണ്ട് വർക്കു ചെയ്യിക്കാനാണ് അവർ ഉദ്ദേശിക്കുന്നതെന്നും അറിഞ്ഞു.

സ്‌കൂൾ അധികൃതരുടെ വാക്കുകൾ ഇങ്ങനെ: അവർ വരച്ചാൽ പെർഫെക്ഷൻ ഉണ്ടാകില്ല. അതുകൊണ്ട് നിങ്ങൾ വരച്ചാൽ മതി, അവരെ വെറുതെ ബ്രഷ് പിടിപ്പിച്ച് നിർത്തി നമുക്ക് ഫോട്ടോ എടുക്കാം. അപ്പോഹ അവരെ കൊണ്ട് വരപ്പിച്ചു എന്നാകുമല്ലോ?

സ്​കൂൾ ചുമരിൽ കുട്ടികൾ ചിത്രം വരയ്​ക്കുന്നു

ഇത് ഒരുതരത്തിലും അംഗീകരിക്കാനാകുന്നതായിരുന്നില്ല. അതുകൊണ്ട്​അതിനെ എതിർക്കുകയും ചൈൽഡ് ആർട്ടിനെ കുറിച്ച് പറഞ്ഞ് ബോധിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. അങ്ങനെ ചെയ്യുന്നത് ആ പദ്ധതിയുടെ ഉദ്ദേശങ്ങളെ തന്നെ തകർക്കുന്നതാണെന്നും, ആയതിനാൽ കുട്ടികളെ കൊണ്ട് വരപ്പിക്കുകയാണെങ്കിൽ മാത്രമേ ഞങ്ങൾ ഈ ഉത്തരവാദിത്വം ഏറ്റെടുക്കുന്നൊള്ളൂ എന്നും, അവർക്ക് വേണ്ട പിന്തുണയും സഹായങ്ങളും ഞങ്ങൾ നൽകാമെന്നും അറിയിച്ചു.

ആലോചിച്ചിട്ട് പറയാം എന്ന് സ്‌കൂൾ അധികൃതർ പറഞ്ഞു.
ഒരു മാസത്തിനു ശേഷം വീണ്ടും നമ്മളെ കോൺടാക്റ്റ് ചെയ്തു. നിങ്ങൾ പറഞ്ഞ കാര്യങ്ങൾ ഞങ്ങൾ അംഗീകരിച്ചു, പ്രവൃത്തി ആരംഭിക്കാം എന്നറിയിച്ചു.
എറണാകുളം ഉപ വിദ്യാഭ്യാസ ഡയറക്ടറുടെ നടപടി ഉത്തരവ്
C2/401/22/DDE/ Dated 04.02.2021 പ്രകാരമാണ് പ്രവൃത്തി നടക്കുന്നത് . ഉത്തരവിൽ പറയുന്ന പ്രകാരം കുട്ടികളുടെ സർഗ്ഗശേഷി ഏവർക്കും ആസ്വദിക്കാനുതകുന്ന ഇടങ്ങൾ കണ്ടെത്തി, മാർച്ച്​ രണ്ടിന്​ കുട്ടികൾ വരച്ചു തുടങ്ങി. കുട്ടികളുടെ ഉത്സാഹവും , നിറങ്ങളുടെ പ്രയോഗവുമെല്ലാം കണ്ട് ഒരു പാട് അധ്യാപകർ സന്തോഷം പങ്കുവെച്ചു.

സ്​കൂൾ ചുമരിൽ കുട്ടികൾ വരച്ച ചിത്രങ്ങൾ

പക്ഷേ വൈകുന്നേരമായപ്പോൾ പ്രിൻസിപ്പൽ, പി.ടി.എ പ്രസിഡൻറ്​ എന്നിവർ വരുകയും ഇത്തരത്തിൽ ഇത് മുന്നോട്ടുപോകാൻ കഴിയില്ലെന്നും, ഇനി കുട്ടികളെ കൊണ്ട് ചെയ്യിക്കേണ്ടൗ നിങ്ങൾ ചെയ്താൽ മതി എന്ന് ആജ്ഞാപിക്കുകയും ചെയ്തു. പി.ടി.എ പ്രസിഡൻറ്​ പറഞ്ഞത്​ ഇങ്ങനെ: ‘‘ഈ വരച്ച ഒരെണ്ണത്തിനും വരക്കാൻ അറിയില്ല. ഈ പരിപാടി നിർത്തിക്കോ, ഞങ്ങൾ കുറച്ച് ഫോട്ടോ തരും, അത് അതേപടി പകർത്താൻ പറ്റുമെങ്കിൽ മതി. അതിനേക്കാളേറെ ഒരു വരപോലും വരക്കണ്ട.’’
കൂടെ ഉണ്ടായിരുന്നവർ അതിന് പിന്തുണ കൊടുത്തു.
നമ്മൾ ഏറ്റവും അപമാനിതരായ നിമിഷം കൂടിയായിരുന്നുഅത്.
ആയതിനാൽ അവർ പറഞ്ഞത് സാധ്യമാകില്ല എന്ന് അറിയിച്ച് നമ്മൾ തിരിച്ചു പോന്നു.

നമ്മുടെ ആലോചനകളുടെ കൂടെ പിന്തുണയുമായി നിന്ന പ്രസ്തുത വിദ്യാലയത്തിലെ മിക്ക അദ്ധ്യാപകരുടേയും അഭിപ്രായങ്ങളെ കൂടി തള്ളിക്കളഞ്ഞു കൊണ്ടാണ് പ്രിൻസിപ്പലും പി.ടി.എ പ്രസിഡൻറും ഹെഡ്​മാസ്​റ്ററും വിദ്യാർത്ഥി വിരുദ്ധ നിലപാട്​ സ്വീകരിച്ചത്. തീർച്ചയായും അവർ മറ്റാരെയെങ്കിങ്കിലും എൽപ്പിച്ച് അവർക്കാവശ്യമായ ഫോട്ടോകൾ പകർത്തിവെക്കുകയും, കുട്ടികളെ നിർത്തി ഫോട്ടോ എടുപ്പിച്ച് ഫണ്ട് കൈപ്പറ്റുകയും ചെയ്യും.

ഒരുപക്ഷേ കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗം ആവിഷ്‌കരിച്ച ഏറ്റവും മികച്ച പദ്ധതികളിലൊന്ന് തകർക്കപ്പെടുന്നതാണ് ഇവിടെ കാണുന്നത്.
കുട്ടികളുടെ ദൃശ്യഭാഷക്കോ, സർഗ്ഗാത്മകൾക്കോ, നോട്ടങ്ങൾക്കോ ഒന്നും യാതൊരു വിലയും കല്പിക്കാതെ പുച്ഛിച്ചു തള്ളിക്കൊണ്ടാണ് സ്‌കൂൾ അധികാരികൾ ഈ പദ്ധതി അട്ടിമറിച്ചത്.

അദ്ധ്യാപകർക്ക് അവരുടെ കണ്ണ് മാത്രം പോരാ, കുട്ടികളുടെ കണ്ണ് കൂടി വേണ്ടതാണ്. അതില്ലാത്തവർ നേതൃസ്ഥാനങ്ങളിൽ ഇരിക്കുന്നത് ഈ കാലത്തിന് അപമാനവും , ഒരു തലമുറയോട് ചെയ്യുന്ന അനീതിയുമാണ്.

കുട്ടികൾ വരച്ചത്​ മാച്ചുകളഞ്ഞു, പകരം ഫോ​ട്ടോകൾ പകർത്തി

​​മേൽ സൂചിപ്പിച്ച അനുഭവത്തിൽനിന്ന്​, ഈ പദ്ധതി അട്ടിമറിക്കപ്പെടാനുള്ള ആശങ്ക മുൻകൂട്ടി കാണുകയും അധികാരികൾക്ക് പരാതി നൽകുകയും ചെയ്തിരുന്നു. എന്നാൽ പരിഹാരമുണ്ടായില്ലെന്നു മാത്രമല്ല, നമ്മുടെ ആശങ്കകൾ പതിന്മടങ്ങ് വർദ്ധിക്കുന്ന തരത്തിൽ ഇപ്പോൾ ആ പദ്ധതി പ്രത്യക്ഷത്തിൽ അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്.

പ്രവൃത്തിയുടെ ആദ്യഘട്ടത്തിൽ മാർച്ച് രണ്ടിന്​ പല ചുമരുകളിലായി കുട്ടികൾ അവരുടെ ദൃശ്യഭാഷയിൽ വരച്ചുതുടങ്ങിയ ചിത്രങ്ങൾ മുഴുവൻ മായ്ച്ചു കളഞ്ഞാണ് മറ്റേതോ ആളുകൾ പുതിയ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. മുമ്പ് സ്‌കൂൾ അധികൃതർ പറഞ്ഞപ്രകാരം അവർ നൽകിയ ഫോട്ടോകൾ അതു പോലെ പകർത്തുകയും, കുട്ടികളെ അതിനുമുമ്പിൽ ബ്രഷ് പിടിപ്പിച്ച് നിർത്തി അഭിനയിപ്പിച്ച്​ ഫോട്ടോകളെടുത്ത്​, ഞങ്ങൾ ഈ ചിത്രങ്ങൾ വിദ്യാർത്ഥികളെ കൊണ്ട് വരപ്പിച്ചതാണെന്ന് വരുത്തി തീർക്കാനുള്ള കഠിന പരിശ്രമത്തിലാണ് പി.ടി.എയും സ്‌കൂൾ അധികൃതരും.

അതിനൊപ്പം, ജൂലൈ 17ന്​ പി.ടി.എ പ്രസിഡൻറ്​, ആദ്യഘട്ടത്തിൽ നമ്മുടെ കുട്ടികൾ വരച്ച ചിത്രം കാണിച്ച്​ ഫേസ്​ബുക്കിൽ പോസ്റ്റും ഇട്ടു. അതിൽ അദ്ദേഹം, കുട്ടികളുടെ ചിത്രത്തിനോടൊപ്പം എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്: ‘‘ഇവന്റെ വീടിന്റെ മുൻവശത്താണേൽ ഇവൻ ഈ പണി ചെയ്യുമോ?’’

നോക്കൂ എന്തുമാത്രം അസഹനീയമാണ് ഈ വാക്കുകൾ. നമ്മളെ അധിക്ഷേപിക്കലാണ് ഈ വാക്കുകളുടെ ഉദ്ദേശ്യമെങ്കിലും കുട്ടികളുടെ സർഗ്ഗാത്മകതയെ ഒന്നാക്കെ പുച്​ഛിച്ചുതള്ളുകയല്ലേ ഇദ്ദേഹം ചെയ്യുന്നത്.
പക്ഷേ ഇത് ഒരു സ്‌കൂളിന്റേയോ, ഒരു പി.ടി.എയുടെ​യോ മാത്രം പ്രശ്‌നമായി കാണാനല്ല നമ്മളാഗ്രഹിക്കുന്നത്, പകരം ഇതിവിടെ നിലനിൽക്കുന്ന പൊതുബോധത്തിന്റെ കൂടി തുടർച്ചയാണെന്ന് പറഞ്ഞു വെക്കാനാണ്.

ചിത്രം വരക്കുക എന്നാൽ കാണുന്നത് അതുപോലെ പകർത്തി വെക്കലാണെന്നും, അതിൽ പരിശീലനം നൽകുകയെന്നാൽ യാഥാതഥമായി വരക്കാൻ പഠിപ്പിലാണെന്നുമാണല്ലോ പൊതുവേ ധാരണ. ഇത് നമുക്കിടയിൽ നിലനിൽക്കുന്ന ദൃശ്യഭാഷാ നിരക്ഷരതയുടേയും കൂടെ പ്രശ്‌നമാകാം.
എന്നാൽ ചൈൽഡ് ആർട്ടുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ അതിൽ മാത്രം ഒതുങ്ങി നിൽക്കുന്നതാണെന്ന് തോന്നുന്നില്ല. അത് കുട്ടികളോടുള്ള നമ്മുടെ സമീപനങ്ങൾ മുതൽ ആരംഭിക്കുന്നതല്ലേ?

ട്രസ്​​പാസേഴ്​സ്​ നേതൃത്വം നൽകിയ ക്യാമ്പുകളിൽ കുട്ടികൾ വരച്ച ചുമർചിത്രങ്ങൾ

നാം അവരുടെ കർത്തൃത്വത്തെ മനസിലാക്കാനോ, അനന്യതയെ ഉൾക്കൊള്ളാനോ ശ്രമിക്കാറുണ്ടോ? അവരുടെ ചോദ്യങ്ങൾക്ക്, ആശങ്കകൾക്ക് വേണ്ട വിധം പരിഗണന നൽകാറുണ്ടോ?
അവരുടെ അഭിപ്രായങ്ങളെ മാനിക്കാറുണ്ടോ?
നമ്മുടെ കയ്യിലുള്ള അച്ചുകൾ വെച്ച് അവരെ ആ അച്ചിൽ അടക്കം ചെയ്യാനല്ലെ നാം മിക്കവാറും ശ്രമിക്കാറ്​.
ഇതിന്റെ തുടർച്ച തന്നെയല്ലേ നമ്മുടെ ചൈൽഡ് ആർട്ടിനെ കുറിച്ചുള്ള ധാരണകളിലും കാണാനാകുന്നത്.

കുട്ടികളുടെ ചിത്രങ്ങൾ കാണുമ്പോൾ നമ്മൾ പലപ്പോഴും പറയാറുള്ളത് എന്തൊക്കെയോ കുത്തിവരച്ചിരിക്കുന്നു എന്നാണല്ലോ, (അന്ന് കുട്ടികളുടെ ചിത്രങ്ങൾ കണ്ടിട്ട് പ്രസ്തുത സ്‌കൂളിലെ പി.ടി.എ പ്രസിഡന്റും അത് ആവർത്തിച്ചു; ‘‘ഇവറ്റകൾക്ക് വരക്കാനൊന്നും അറിയില്ല വെറുതേ എന്തൊക്കെയോ കുത്തി വരച്ചിരിക്കുകയാണ്’’ എന്ന്).

മൂന്നുവയസ്സുകാരി കുഞ്ഞി വരച്ച മലവെള്ളം

ഈ അവസരത്തിൽ നിലമ്പൂരിലെ അപ്പൻകാപ്പ് ഊരിൽ നടന്ന ഒരു അനുഭവം പങ്കുവെക്കുവാൻ ആഗ്രഹിക്കുകയാണ്.

ക്യാമ്പിന്റെ അവസാന ദിവസം മൂന്നു വയസ്സുള്ള കുഞ്ഞി ഒരു ചിത്രം വരച്ചു. കറുത്ത ഓയിൽ പേസ്റ്റിൽ കൊണ്ടുള്ള കുറേ കുത്തിവരകളും ചെറിയ ചെറിയ വട്ടങ്ങളുമായിരുന്നു അതിൽ നിറയെ ഉണ്ടായിരുന്നത്. വരകളുടെ ഒഴുക്കും, ഫോഴ്‌സും കണ്ട് കൗതുകം തോന്നിയപ്പോൾ ഞങ്ങൾ അവളോട് ഇതെന്താണെന്ന് ചോദിച്ചു. അവൾ അവളുടെ അമ്മയുടെ ചെവിയിൽ മെല്ലെ പറഞ്ഞു, ‘മലവെള്ളം’.

ശേഷം അമ്മ തുടർന്നു; ‘‘കഴിഞ്ഞ രണ്ടു ദിവസം മുമ്പ് മലയിൽ മണ്ണിടിച്ചിലുണ്ടായി പുഴയിൽ നല്ലോണം വെള്ളം വന്നു. പിറ്റേദിവസമായപ്പോഴേക്കും വെള്ളത്തിന്റെ ഒഴുക്ക് കുറേ കുറയുകയും ചെയ്തു, ഞങ്ങൾക്ക് ഇവിടെ പാലം അല്ല, ഉയരത്തിലുള്ള ഒരു ബണ്ടാണ്. അതിനു മുകളിലൂടെ ഞങ്ങൾ നടക്കുകയായിരുന്നു. പക്ഷേ ആ ഒഴുക്ക് താങ്ങാൻ പറ്റാതെ അവൾ വെള്ളത്തിൽ ഒലിച്ചുപോയി. അപ്പോഴേക്കും ആൾക്കാർ വന്ന് പിടിച്ച് കേറ്റി.’’

അവളുടെ മുഖത്തും, കയിലും , കാലിലുമെല്ലാം നിറയെ കോറലുകളുണ്ടായിരുന്നു. അവളുടെ കുത്തിവരകൾ വീണ്ടും നോക്കി.
ആ കുത്തിവരകൾക്ക് അവളോളം ആഴമുണ്ടായിരുന്നു. ഒരു കുത്തിവരകളേയും / കുട്ടി വരകളേയും കേവലമായി കണ്ടുകൂടാ. അതിലവരുടെ ചോദ്യങ്ങളും, ആശങ്കകളും, കൗതുകങ്ങളും, കുസൃതികളും, സ്വപ്നങ്ങളുമെല്ലാം അലിഞ്ഞുചേർന്നിട്ടുണ്ട്.

ചെറുവട്ടൂരിലെ കുട്ടികൾ ആദ്യഘട്ടത്തിൽ വരച്ചുതുടങ്ങിയ ചിത്രങ്ങളും അത്തരത്തിലുള്ളവയായിരുന്നു. അതിലവർ വരച്ചുചേർത്ത ഓരോ ചെടികളും സവിശേഷമായിരുന്നു. അതവരുടെ അനന്യത കൂടി വെളിപ്പെടുത്തുന്നുണ്ട് എന്നാണ് നാം ഉൾക്കൊള്ളേണ്ടത്.

‘‘ഇവറ്റകൾക്കൊന്നും വരക്കാനറിയില്ല’’ എന്നുപറഞ്ഞ് ഇനിയെങ്കിലും ആ അടയാളപ്പെടുത്തലുകളെ മായ്ച്ചു കളയാതിരിക്കാം. നമ്മുടെ പൊതുമണ്ഡലത്തിൽ ദൃശ്യകലകളുമായി ബന്ധപ്പെട്ട ചർച്ചകൾ വലിയ രീതിയിൽ ഇനിയും സജീവമാകേണ്ടതുണ്ട്. അതിനാദ്യപടിയെന്ന നിലയിൽ വിദ്യാഭ്യാസ സ്ഥാപങ്ങളിലെങ്കിലും ചൈൽഡ് ആർട്ടുമായി ബന്ധപ്പെട്ട ഗൗരവമായ സംവാദങ്ങളും, അവബോധവും നടത്തേണ്ടതാണെന്ന് തോന്നുന്നു. അല്ലാത്ത പക്ഷം കുട്ടികളുടെ ഇടങ്ങളിൽ നിന്ന്​ അവർ നിരന്തരം അകറ്റപ്പെട്ടു കൊണ്ടേയിരിക്കും. അവർക്കവരുടെ ശബ്ദം നഷ്ടമായികൊണ്ടേയിരിക്കും. അത് ആവർത്തിക്കാതിരിക്കാൻ നമുക്കെന്തെല്ലാം ചെയ്യാനാകുമെന്ന ആലോചനകൾക്ക് കൂട്ടാകാൻ ഈ കുറിപ്പൊരു സാധ്യതയാകട്ടെ.

Comments