വയനാട്ടിലെ ഗോത്രബന്ധു പദ്ധതി വിജ്ഞാപനം മണിക്കൂറുകൾക്കകം പിൻവലിച്ചത് ആർക്കുവേണ്ടി?

വയനാട് ജില്ലയിൽ പ്രൈമറി ക്ലാസുകളിൽ പഠിക്കുന്ന പട്ടിക വർഗ വിദ്യാർത്ഥികളുടെ കൊഴിഞ്ഞു പോക്ക് തടയാനുള്ള ഗോത്ര ബന്ധു പദ്ധതിക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിച്ച് ഇറക്കിയ വിജ്ഞാപനം വിവാദമായിരിക്കുകയാണ്. ഗോത്രബന്ധു തസ്തികയിലേക്ക് അടിയ, പണിയ, കാട്ടുനായ്ക്ക വിഭാഗത്തിലെ ടി.ടി.സി, ഡി.എഡ്, ഡി,എൽ,എഡ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് പുറ​പ്പെടുവിച്ച പുതിയ വിജ്ഞാപനം മണിക്കൂറുകൾക്കുള്ളിൽ പിൻവലിച്ചു. ഇതിനുപുറകിൽ രാഷ്ട്രീയ ലക്ഷ്യമാണെന്ന ആരോപണമുയരുന്നു.

News Desk

യനാട് ജില്ലയിൽ പ്രൈമറി ക്ലാസുകളിൽ പഠിക്കുന്ന പിന്നാക്ക പട്ടിക വർഗ വിദ്യാർത്ഥികളുടെ കൊഴിഞ്ഞു പോക്ക് തടയുക, ഗോത്ര വിദ്യാർത്ഥികളുടെ ഭാഷാ പ്രശ്നം പരിഹരിക്കുക തുടങ്ങി ആദിവാസി വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ഉന്നമനമടക്കം ലക്ഷ്യമാക്കിയാണ് 2017-ൽ സംസ്ഥാന സർക്കാർ ഗോത്ര ബന്ധു എന്ന പദ്ധതിക്ക് തുടക്കം കുറിച്ചത്. ഗോത്രഭാഷയിൽ നിന്നും മലയാളഭാഷയിലേയ്ക്ക് ആദിവാസി കുട്ടികളെ പറിച്ചുനടുമ്പോൾ കുട്ടികൾ നേരിടുന്ന ഭാഷാ പ്രശ്നം പരിഹരിക്കാനും സാമൂഹിക വിവേചനങ്ങൾ ഇല്ലാതാക്കാനും ഗോത്ര ബന്ധു പദ്ധതിയിലൂടെ കഴിയുമെന്നും അതിലൂടെ ഗോത്ര വിദ്യാർത്ഥികളുടെ കൊഴിഞ്ഞു പോക്ക് ഒരു പരിധിവരെ തടയാം എന്നതായിരുന്നു പദ്ധതിയിലൂടെ ലക്ഷ്യമിട്ടത്.

വയനാട് ജില്ലയിലെ 241 സ്കൂളുകളിലാണ് ഗോത്ര ബന്ധു പദ്ധതി പ്രകാരം മെന്റർ ടീച്ചർമാരെ നിയമിച്ചത്. ആദിവാസി കുട്ടികളെ സ്കൂളുകളിലേക്ക് എത്തിക്കുക, കൊഴിഞ്ഞു പോക്ക് തടയുക, ഊരും സ്കൂളുമായി നല്ല ബന്ധം ഉണ്ടാക്കിയെടുക്കുക തുടങ്ങിയവയായിരുന്നു ഈ ടീച്ചർമാരുടെ പ്രധാന ചുമതലകൾ. എയ്ഡഡ്/ഗവൺമെന്റ് സ്കൂളുകളിൽ പ്രൈമറി വിഭാഗത്തിലായി പട്ടികവർഗ വികസന വകുപ്പ് മുഖേനയാണ് ഗോത്രബന്ധു അദ്ധ്യാപകരെ നിയമിച്ചത്. 2017-ലെ ഗോത്രബന്ധു നിയമനത്തിന് ശേഷം 2019-20 വർഷത്തിൽ വൈത്തിരി, മാനന്തവാടി താലൂക്കുകളിൽ ഗോത്രബന്ധു നിയമനത്തിനായി വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഗോത്രബന്ധു മെന്റേഴ്സിനെ ആദിവാസി മേഖലകളിലെ സ്കൂളുകളിൽ നിയമിച്ചത് വഴി ഗോത്ര വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് പൂർണമായും അവസാനിച്ചില്ലെങ്കിലും ഗോത്രവിദ്യാർത്ഥികളുടെ അടിസ്ഥാന പ്രശ്നങ്ങളിലൊന്ന് പരിഹരിക്കാനുള്ള ഫലപ്രദമായൊരു ഇടപെടലായി വിലയിരുത്തപ്പെട്ട പദ്ധതി കൂടിയായിരുന്നു ഇത്.

വയനാട് ജില്ലയിലെ 241 സ്കൂളുകളിലാണ് ഗോത്ര ബന്ധു പദ്ധതി പ്രകാരം മെന്റർ ടീച്ചർമാരെ നിയമിച്ചത്. ആദിവാസി കുട്ടികളെ സ്കൂളുകളിലേക്ക് എത്തിക്കുക, കൊഴിഞ്ഞു പോക്ക് തടയുക, ഊരും സ്കൂളുമായി നല്ല ബന്ധം ഉണ്ടാക്കിയെടുക്കുക തുടങ്ങിയവയായിരുന്നു ഈ ടീച്ചർമാരുടെ പ്രധാന ചുമതലകൾ.

എന്നാൽ, ഈ പദ്ധതിയുമായി ബന്ധപ്പെട്ട് 7-8-2024ന് കൽപ്പറ്റ ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസറുടെ ഒപ്പോടുകൂടി ഉദ്യോഗാർത്ഥികളെ ക്ഷണിച്ചുകൊണ്ട് ഇറക്കിയ ഒരു വിജ്ഞാപനം വിവാദമായിരിക്കുകയാണിപ്പോൾ. ഗവൺമെന്റ്/ എയ്ഡഡ് സ്‌കൂളുകളിൽ പ്രൈമറി വിഭാഗത്തിലായി പട്ടികവർഗ്ഗ വികസന വകുപ്പ് മുഖേന ഗോത്ര ബന്ധു തസ്തികയിലേക്ക് അടിയ, പണിയ, കാട്ടുനായ്ക്ക വിഭാഗത്തിലെ ടി.ടി.സി, ഡി.എഡ്, ഡി,എൽ,എഡ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് വേണ്ടി പുതിയ വിജ്ഞാപനം പുറപ്പെടുവിക്കുകയും എന്നാൽ മണിക്കൂറുകൾക്കുള്ളിൽ തന്നെ ഈ വിജ്ഞാപനം പിൻവലിക്കുകയും ചെയ്തതാണ് വിവാദത്തിനാധാരം.

“സർക്കാർ / എയ്ഡഡ് പ്രൈമറി സ്‌കൂളുകളിൽ ഗോത്രബന്ധു പദ്ധതി പ്രകാരം ടി.ഡി.സി ടിഎസ് യോഗ്യതയുള്ള 01-01-2024 ന് 18 വയസ് പൂർത്തിയായവരും 40 വയസ് കവിയാത്തവരുമായ, പട്ടിക വർഗ വിഭാഗക്കാരിൽനിന്നും മെന്റർ ടീച്ചർമാരെ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിക്കുന്നു. പിന്നാക്ക ഗോത്ര വിഭാഗങ്ങളിൽപ്പെടുന്ന പണിയ, അടിയ, കാട്ടുനായ്ക്ക വിഭാഗങ്ങൾക്ക് മുൻഗണനയുണ്ടായിരിക്കുന്നതാണ്. ഇവരുടെ അഭാവത്തിൽ മറ്റ് പട്ടിക വിഭാഗക്കാരെയും പരിഗണിക്കുന്നതാണ്. ഗോത്ര വർഗ ഭാഷ സംസ്ക്കാരം, ഗോത്രവർഗ കലാരൂപങ്ങളിൽ പ്രാവീണ്യം എന്നിവ അധിക യോഗ്യതയായി പരിഗണിക്കുന്നതാണ്,” വയനാട് ഐറ്റിഡിപി ഓഫീസ് കാര്യാലയത്തിന്റെ ലെറ്റർപാഡിൽ പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ പറയുന്നു. വാട്സാപ്പ് ഗ്രൂപ്പുകളിലാണ് വിജ്ഞാപനം ആദ്യം പ്രത്യക്ഷപ്പെട്ടത്. ഷെയർ ചെയ്ത് കിട്ടിയ വിജ്ഞാപനം കണ്ട് നിരവധി ഉദ്യോഗാർത്ഥികൾ ട്രൈബൽ വകുപ്പിന്റെ വിവിധ താലൂക്ക് ഓഫീസുകളിൽ അപേക്ഷ ഫോമിനായി ചെന്നപ്പോഴാണ് ഈ വിജ്ഞാപനം പിൻവലിച്ച കാര്യം ഉദ്യോഗാർത്ഥികൾ അറിയുന്നത്. വാട്സാപ്പിൽ അറിയാതെ വന്നതാണ്, പത്രത്തിലൊന്നും വന്നിട്ടില്ലല്ലോ പത്രത്തിൽ വന്നാൽ മാത്രമാണ് ഇത് ഔദ്യോഗിക വിജ്ഞാപനമായി പരിഗണിക്കുകയുള്ളൂ എന്നാണ് അപേക്ഷ ഫോം വാങ്ങാനായി സുൽത്താൻ ബത്തേരിയിലെ ഐ.റ്റി.ഡി.പി ഓഫീസിൽ ചെന്നപ്പോൾ ലഭിച്ച മറുപടിയെന്ന് പ്രകൃതി എൻ.വി. എന്ന ഉദ്യോഗാർത്ഥി ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു.

കൂടുതൽ ചോദ്യം ചോദിച്ചപ്പോൾ ഇത് തൽക്കാലം നിർത്തിവെച്ചിരിക്കുകയാണെന്നും മുകളിൽ നിന്ന് ഉത്തരവ് കിട്ടിയില്ലെന്നും ഓഫീസർ മറുപടി നൽകി. കാരണം ചോദിച്ചെങ്കിലും ഒഴിഞ്ഞുമാറുകയാണ് ഉണ്ടായത്. തൽക്കാലം അപേക്ഷ ഫോം തരാൻ പറ്റില്ലെന്നായിരുന്നു മറുപടി, വിജ്ഞാപനം കണ്ട് നിരവധി പേർ ഇങ്ങനെ വിവിധ ഓഫീസുകളിലേക്ക് പോയിട്ടുണ്ട്. അവർക്കെല്ലാം നിരാശയോടെ മടങ്ങേണ്ടി വരികയായിരുന്നു.- പ്രകൃതി എൻ.വി പറഞ്ഞു.

ഗോത്രവിഭാഗത്തിൽപ്പെട്ട ടി.ഡി.സി, ടി.എസ്, ഡി.എൽ.എഡ് (D.El.Ed) കഴിഞ്ഞ ഉദ്യോഗാർത്ഥികളെ നിയമിക്കുക എന്ന ലക്ഷ്യം കൂടി ഈ പദ്ധതിക്കുണ്ടായിരുന്നു. എന്നാൽ 2017ൽ ഈ അലോട്മെന്റ് വരുന്ന സമയത്ത് ഈ പറയുന്ന യോഗ്യതയുള്ളവർ ഗോത്രവിഭാഗത്തിലുള്ളവർ കുറവായിരുന്നു.

വയനാട് ജില്ലയിലെ സർക്കാർ/എയ്ഡഡ് സ്കൂളുകളിൽ 240-ഓളം ആദിവാസി അധ്യാപകരാണ് നിലവിൽ ഗോത്ര ബന്ധു പ്രോജക്ടിന്റെ ഭാഗമായി ജോലി ചെയ്യുന്നത്. എന്നാൽ പ്രസ്തുത വിജ്ഞാപനത്തിൽ പറയുന്നത് പ്രകാരം ടി.ടി.സി/ഡി.എൽ.എഡ് കോഴ്‌സ് പൂർത്തീകരിച്ച അടിയ, പണിയ, കാട്ടുനായ്ക്ക, ഊരാളി എന്നീ വിഭാഗക്കാരുടെ അഭാവത്തിൽ കോഴ്‌സ് പൂർത്തീകരിക്കാത്തവരെയും പ്രൈമറി തലത്തിൽ അദ്ധ്യാപനം നടത്താൻ യോഗ്യതയില്ലാത്ത മേൽ പറഞ്ഞ സമുദായങ്ങളിൽ ഉൾപെടാത്തവരുമായ ആളുകൾ നിലവിൽ തസ്തികയിൽ ജോലി ചെയ്യുന്നുണ്ടെന്നും ഇവരെ സംരക്ഷിക്കാൻ വേണ്ടിയാണ് ഐടിഡിപി ഓഫീസ് വിജ്ഞാപനം പിൻവലിച്ചതെന്നും ഉദ്യോഗാർത്ഥികൾ ആരോപിക്കുന്നു.

വിജ്ഞാപനം പിൻവലിച്ചതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമെന്ന് ആദിശക്തി സമ്മർസ്കൂൾ കോഡിനേറ്റർ മണിക്കുട്ടൻ പണിയൻ ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു.

ഗോത്രവിഭാഗത്തിൽപ്പെട്ട ടി.ഡി.സി, ടിഎസ്, ഡി.എൽ.എഡ് (D.El.Ed) കഴിഞ്ഞ ഉദ്യോഗാർത്ഥികളെ നിയമിക്കുക എന്ന ലക്ഷ്യം കൂടി ഈ പദ്ധതിക്കുണ്ടായിരുന്നു. എന്നാൽ 2017ൽ ഈ അലോട്മെന്റ് വരുന്ന സമയത്ത് ഈ പറയുന്ന യോഗ്യതയുള്ളവർ ഗോത്രവിഭാഗത്തിലുള്ളവർ കുറവായിരുന്നു. അങ്ങനെയാണ് പണിയ, അടിയ, കാട്ടുനായ്ക്ക വിഭാഗങ്ങൾക്ക് പുറത്ത് നിന്നുള്ളവരെയും നിയമിക്കാൻ നിർബന്ധിതമായത്. അതുകൊണ്ട് തന്നെ യോഗ്യതയില്ലാത്തവരും ആ ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നു. എന്നാൽ ഏറ്റവും ഒടുവിൽ ഇറക്കിയ വിഞ്ജാപനം എല്ലാം കൊണ്ടും പദ്ധതിയുടെ സ്ഥാപിത ലക്ഷ്യം നിറവേറ്റാൻ ഉതകുന്നതായിരുന്നു. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ അത് പിൻവലിച്ചതോടെ ഇതിന് പിന്നിൽ വ്യക്തമായ രാഷ്ട്രീയ ഉദ്ദേശമുണ്ടെന്ന് ആരോപിക്കേണ്ടി വരും. യോഗ്യത നേടിയ നിയമനത്തിന് അർഹരായവർ പുറത്ത് നിൽക്കുമ്പോൾ അയോഗ്യരായവരെ നിയമിക്കാനും രാഷ്ട്രീയ നിയമനങ്ങൾ നടത്താനും ശ്രമിക്കുന്നതിന്റെ ഭാഗമാണ് വിജ്ഞാപനം പിൻവലിച്ചതെന്നും മണിക്കുട്ടൻ പറഞ്ഞു.

ഗോത്രവിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് നിർബാധം തുടരുന്ന സാഹചര്യത്തിലാണ് വിജ്ഞാപനം പിൻവലിച്ചത് എന്നതും വിഷയത്തിന്റെ ഗൗരവം വർധിപ്പിക്കുന്നുണ്ട്. അടിയ, പണിയ, കാട്ടുനായ്ക്ക, ഊരാളി എന്നീ വിഭാഗത്തിൽപ്പെട്ട യഥാർത്ഥ ഗുണഭോക്താക്കളെ പുറത്ത് നിർത്തി കൊഴിഞ്ഞുപോക്കിൽ മുന്നിലുള്ള ഈ വിഭാഗത്തിലെ തന്നെ യോഗ്യരായ ഉദ്യോഗാർത്ഥികളുടെ അവസരം നിഷേധിക്കുക വഴി ഡ്രോപ്പ് ഔട്ട് എന്ന യഥാർത്ഥ പ്രശ്‌നം പരിഹാരമില്ലാതെ പോവുകയാണിവിടെ.

ഗോത്രവിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് നിർബാധം തുടരുന്ന സാഹചര്യത്തിലാണ് വിജ്ഞാപനം പിൻവലിച്ചത് എന്നതും വിഷയത്തിന്റെ ഗൗരവം വർധിപ്പിക്കുന്നുണ്ട്.

ഗോത്രബന്ധു അദ്ധ്യാപകരുടെ പ്രധാന ലക്ഷ്യം എന്നത് വളരെയധികം പിന്നാക്കക്കാരായി നിൽക്കുന്ന ഗോത്ര വിദ്യാർത്ഥികൾക്ക് വിദ്യാലയത്തിൽ സൗഹാർദ്ദപരമായ അന്തരീക്ഷം സൃഷ്ടിച്ച് ഊരുകളിൽ നിന്നും വിദ്യാർത്ഥികളെ വിദ്യാലയങ്ങളിൽ എത്തിക്കുക എന്നതാണ്. എന്നാൽ വയനാട് ജില്ലയിൽ ഇത് എത്രത്തോളം പ്രാവർത്തികമാക്കാൻ സാധിച്ചിട്ടുണ്ടോ എന്നത് ഇപ്പോഴും ചോദ്യ ചിഹ്നമായി നിലനിൽക്കുന്നുണ്ട്.

സംസ്ഥാനത്തെ സ്കൂളുകളിൽനിന്ന് 2023- 24 ൽ കൊഴിഞ്ഞുപോയ 468 ആദിവാസി വിദ്യാർഥികളിൽ പകുതിയും വയനാട്ടിൽ നിന്നാണെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് ശേഖരിച്ച വിവരങ്ങൾ വ്യക്തമാക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഗോത്ര ബന്ധു പദ്ധതിയിലെ നിയമനവുമായി ബന്ധപ്പെട്ട പുതിയ വിവാദം കൂടുതൽ ഗൗരവം അർഹിക്കുന്നത്. 274 ആദിവാസി വിദ്യാർഥികളാണ് വയനാട്ടിൽ സ്കൂൾ പഠനം അവസാനിപ്പിച്ചത്. ഇടുക്കിയിൽ- 44, കണ്ണൂരിൽ -37പാലക്കാട് - 32, എറണാകുളം- 21 കോട്ടയം- 15, കാസർകോട് -13, പത്തനംതിട്ട- എട്ട്, മലപ്പുറം- എട്ട്, തൃശ്ശൂര്-ഏഴ് കോഴിക്കോട്- അഞ്ച്, കൊല്ലം- നാല് എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കൊഴിഞ്ഞുപോക്കിന്റെ കണക്ക്.

വിദ്യാഭ്യാസ രംഗത്തെ ഉന്നമനത്തിനായി ഗോത്ര ബന്ധു, ഗോത്ര സാരഥി, ഊരുകൂട്ടം വിദ്യാഭ്യാസ സമതി, പഠനമുറികൾ പണിയുവാനുള്ള സഹായം തുടങ്ങി ഭാവനാപൂർണമായ പല നൂതന പദ്ധതികളും ഈ സർക്കാർ നടപ്പാക്കിയിട്ടുണ്ടെന്ന് അവകാശപ്പെടുമ്പോഴും ഈ പദ്ധതികൾക്കൊക്കെ വേണ്ടി കോടികൾ ചെലവിടുമ്പോഴും ഗ്രൗണ്ട് ലെവലിൽ അത് എത്രമാത്രം ഫലപ്രദമാകുന്നുണ്ടെന്നും എവിടെയൊക്കെയാണ് പാളിച്ചകൾ സംഭവിച്ചതെന്നും സർക്കാർ വിലയിരുത്താൻ തയ്യാറാവേണ്ടതുണ്ട്.

ഓരോ ഗോത്ര ബന്ധു അധ്യാപകരും ഊരുകളിലും വിദ്യാലയങ്ങളിലും എന്തെല്ലാം പ്രവർത്തനങ്ങൾ ആണ് നടത്തുന്നത് എന്ന് വകുപ്പിനുപോലും അറിയില്ല. ട്രൈബൽ വകുപ്പ് വഴിയുള്ള യാതൊരു വിധ അന്വേഷണങ്ങളും നടത്തിയിട്ടില്ല.

പ്രൈമറി തലങ്ങളിലെ കൊഴിഞ്ഞുപോക്ക് പോലും സർക്കാറിന് തടയാനായിട്ടില്ല. ഏറ്റവും കൂടുതൽ കൊഴിഞ്ഞുപോക്ക് നടക്കുന്നത് ഹൈസ്കൂൾ തലത്തിൽ ആണ്. ഇവിടെയൊന്നും ഗോത്രബന്ധു അധ്യാപകരെ പ്രയോജനപ്പെടുത്തി നിലവിൽ ജോലി ചെയ്യുന്ന അധ്യാപകരുടെ പ്രവർത്തനങ്ങളെക്കുറിച്ചും വകുപ്പ് വഴി വിലയിരുത്തലുകൾ നടത്തിയിട്ടില്ല. അധ്യാപകർ അവരുടെ പ്രവർത്തന റിപ്പോർട്ടുകളാക്കി വകുപ്പിലേക്ക് സമർപ്പിച്ചിട്ടുമില്ല. ഓരോ ഗോത്ര ബന്ധു അധ്യാപകരും ഊരുകളിലും വിദ്യാലയങ്ങളിലും എന്തെല്ലാം പ്രവർത്തനങ്ങളാണ് നടത്തുന്നത് എന്ന് വകുപ്പിനുപോലും അറിയില്ല. ട്രൈബൽ വകുപ്പ് വഴിയുള്ള യാതൊരു വിധ അന്വേഷണങ്ങളും നടത്തിയിട്ടില്ല. നിയമനം നേടിയ ഗോത്ര ബന്ധു അധ്യാപകർ വേതനം കൈപറ്റുന്നവർ മാത്രമാണെന്ന ആരോപണം നിഷേധിക്കാനാവില്ല- തുടങ്ങി നിരവധി ആരോപണങ്ങളാണ് ഉദ്യോഗാർത്ഥികൾ ഉന്നയിക്കുന്നത്.

ആദിവാസി ഊരുകളിൽ നിന്ന് സ്കൂളുകളിലേക്കുള്ള ദൂരം വർഷന്തോറും കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലെങ്കിലും കൊഴിഞ്ഞുപോക്ക് തടയാൻ ആവിഷ്‌ക്കരിച്ച ഭാവനാപൂർണമായ ആ നൂതന പദ്ധതികൾക്ക് എന്തു സംഭവിച്ചു എന്ന് സർക്കാർ ഗൗരവമായി ആലോചിക്കുകയും ബദൽ പരിപാടികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കേണ്ടതുണ്ടെന്നുമാണ് ഇത് തെളിയിക്കുന്നത്.

————————————————————————

കേരളീയ സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിലുള്ള ഗോത്ര വിദ്യാർത്ഥികളെ ഉൾക്കൊള്ളാനും അവരെ മുന്നോട്ടുനയിക്കാനും നമ്മുടെ മുഖ്യധാരാ കരിക്കുലത്തിന് എന്തുകൊണ്ട് സാധിക്കുന്നില്ല എന്ന ഗൌരവമേറിയ ചോദ്യം ഉന്നയിച്ചുകൊണ്ട് ആദിവാസി വിഭാഗത്തിലെ കൊഴിഞ്ഞു പോക്കിനെ കുറിച്ച് കഴിഞ്ഞ വർഷം ട്രൂകോപ്പി ചെയ്ത ഡോക്യുമെന്ററി.

Comments