വിദ്യാർഥികളുടെ ജീവനെടുക്കുന്ന ഐ.ഐ.ടികൾ, എൻ.ഐ.ടികൾ

2023 ഫെബ്രുവരി 12 ന് മുംബൈ ഐ.ഐ.ടിയിൽ ഒരു ദലിത് വിദ്യാർത്ഥി ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ തുടരുകയാണ്. ഫെബ്രുവരി 13 ന് മദ്രാസ് ഐ.ഐ.ടിയിൽ ഒരു ബിരുദാനന്തര വിദ്യാർത്ഥി കൂടി ആത്മഹത്യ ചെയ്തു. രക്ഷപ്പെട്ട മറ്റൊരാൾ ചികിത്സയിലാണ്. കോഴിക്കോട് എൻ.ഐ.ടിയിൽ വിദ്യാർഥി ആത്മഹത്യ ചെയ്​തു. നാലു ദിവസത്തിനുള്ളിൽ മൂന്നു വിദ്യാർഥികളാണ് പാതിവഴിയിൽ യാത്ര പറഞ്ഞത്. വിവരാവകാശ രേഖകൾ പ്രകാരം കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ മദ്രാസ് ഐ.ഐ.ടിയിൽ മാത്രം 14 ആത്മഹത്യ നടന്നിട്ടുണ്ട്.

ന്ത്യയിലെ ഐ.ഐ.ടികളും ഐ.ഐ.എമ്മുകളും ഐസറുകളും സെൻട്രൽ യൂണിവേഴ്‌സിറ്റികളും സമൂഹത്തിലെ എല്ലാ മനുഷ്യരെയും ഉൾക്കൊള്ളുന്ന ഇടങ്ങളല്ലാതായി മാറിയിരിക്കുന്നു. അവയുടെ എലൈറ്റിസവും എക്‌സ്‌ക്ലൂസീവ്‌നെസും ഹൈറാർക്കിയും രാജ്യത്തെ വിദൂര ഗ്രാമങ്ങളിൽ നിന്നും ഉൾപ്രദേശങ്ങളിൽ നിന്നും പാർശ്വവത്കൃത വിഭാഗങ്ങളിൽ നിന്നുമെത്തുന്ന വിദ്യാർഥികളെ അസ്വസ്ഥരും അസംതൃപ്തരുമാക്കുക തന്നെ ചെയ്യും. ഒരുപക്ഷേ, സമ്മർദ്ദങ്ങളിൽ ഉലഞ്ഞ് അവർ വിദ്യാഭ്യാസം തന്നെ വേണ്ടെന്നു വെച്ചേക്കാം. നിസ്സഹായരും നിരാലംബരുമായ ചിലർ പ്രാദേശികവും, ജാതീയവും, സാമുദായികവും, ലിംഗപരവും, സാമ്പത്തികവുമായ വിവേചനങ്ങളിൽ മനംനൊന്ത് ജീവിതം തന്നെ പാതിവഴിയിൽ ഉപേക്ഷിക്കുകയും ചെയ്യുന്നു. ആത്മഹത്യകളെ കേവലമായ മാനസിക- വൈകാരിക പ്രശ്‌നങ്ങളായി അധികാരികൾ ലഘൂകരിക്കുക കൂടി ചെയ്യുന്നതോടെ യഥാർത്ഥ പ്രശ്‌നങ്ങൾ അഭിമുഖീകരിക്കപ്പെടാതെ പോവുന്നു. പരീക്ഷകൾ യുദ്ധവും പരീക്ഷാർത്ഥികൾ എക്‌സാം വാരിയേഴ്‌സുമായി മാറുന്ന ഹിംസാത്മകമായ വിദ്യാഭ്യാസ വ്യവസ്ഥയിൽ നിന്ന് ആർദ്രതയും, സഹഭാവവും, സർഗാത്മകതയും പ്രതീക്ഷിക്കുന്നതിലർത്ഥമില്ല.

കോൺസൻട്രേഷൻ ക്യാമ്പുകളോ?

2023 ഫെബ്രുവരി 12 ന് മുംബൈ ഐ.ഐ.ടിയിൽ ഒരു ദലിത് വിദ്യാർത്ഥി ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ തുടരുകയാണ്. ഫെബ്രുവരി 13 ന് മദ്രാസ് ഐ.ഐ.ടിയിൽ ഒരു ബിരുദാനന്തര വിദ്യാർത്ഥി കൂടി ആത്മഹത്യ ചെയ്തു. രക്ഷപ്പെട്ട മറ്റൊരാൾ ചികിത്സയിലാണ്. കേരളത്തിലും ഇത്തരം സംഭവമുണ്ടായി. കോഴിക്കോട് എൻ.ഐ.ടിയിൽ വിദ്യാർഥി ആത്മഹത്യ ചെയ്​തു നാലു ദിവസത്തിനുള്ളിൽ മൂന്നു വിദ്യാർഥികളാണ് പാതിവഴിയിൽ യാത്ര പറഞ്ഞത്. വിവരാവകാശ രേഖകൾ പ്രകാരം കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ മദ്രാസ് ഐ.ഐ.ടിയിൽ മാത്രം 14 ആത്മഹത്യ നടന്നിട്ടുണ്ട്.

2019 ലാണ് മദ്രാസ് ഐ.ഐ.ടി. പ്രവേശന പരീക്ഷയിൽ ഒന്നാം റാങ്കു നേടിയെത്തിയ മലയാളി വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫ് കുറിപ്പെഴുതി വെച്ച് ജീവനൊടുക്കിയത്. സോഷ്യൽ സയൻസ് വിഭാഗത്തിലെ ഒരു അധ്യാപകന്റെ മുൻവിധികളിലൂന്നിയ പെരുമാറ്റവും സാമൂഹ്യവിവേചനവുമാണ് മരണകാരണമെന്ന് ആ പെൺകുട്ടി സൂചിപ്പിച്ചിരുന്നു. എന്നാൽ ഫാത്തിമയുടെ മരണത്തെ മാനസിക- വൈകാരിക സമ്മർദ്ദങ്ങളാക്കി മാറ്റുകയാണ് അന്വേഷണ ഏജൻസികളുൾപ്പെടെ ചെയ്തത്. ഐ.ഐ.ടി മദ്രാസിന്റെ പ്രധാന കോഴ്‌സുകളിലൊന്നായ ഡവലപ്പ്‌മെൻറ്​ സ്റ്റഡീസിന്റെ പ്രവേശന പരീക്ഷയായ ഹ്യുമാനിറ്റീസ് ആൻറ്​ സോഷ്യൽ സയൻസ് എൻട്രൻസ് എക്‌സാമിനേഷനിൽ ഒന്നാമതെത്തുകയും പഠന പ്രവർത്തനങ്ങളിൽ അസാധാരണ മികവു പുലർത്തുകയും ചെയ്ത പെൺകുട്ടിയുടെ മരണത്തെയാണ് മാനസിക പ്രശ്‌നങ്ങളുടേതാക്കി മാറ്റാൻ ഐ.ഐ.ടി അധികൃതർ വ്യഗ്രതപ്പെട്ടത്.

   ഫാത്തിമ ലത്തീഫ്
ഫാത്തിമ ലത്തീഫ്

രോഹിത് വെമുല, വീണ്ടും...

ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്‌സിറ്റിയിലെ രോഹിത് വെമുലയുടെ ആത്മഹത്യയ്ക്കുശേഷം ഇന്ത്യയിലെ വിവിധ കാമ്പസുകളിൽ ജീവനൊടുക്കിയ വിദ്യാർത്ഥികൾ നിരവധിയാണ്. ‘എന്റെ ജനനമാണ് എന്റെ കുറ്റം' എന്ന് ആത്മഹത്യ കുറിപ്പിൽ ചൂണ്ടിക്കാട്ടി ചെറുപ്പംമുതൽ താൻ അനുഭവിച്ചുവരുന്ന വിവേചനം എടുത്തുപറഞ്ഞാണ് രോഹിത് വ്യവസ്ഥയുടെ നേരെ ചോദ്യങ്ങളുയർത്തിയത്. ‘വിദ്യാർത്ഥികൾക്ക് അഡ്മിഷൻ നൽകുമ്പോൾ പത്തു മില്ലിഗ്രാം സയനൈഡ് കൊടുക്കുക, അല്ലെങ്കിൽ അവരുടെ ഹോസ്റ്റൽ മുറികളിൽ കയറുകൾ എത്തിച്ചുകൊടുക്കുക’ എന്ന് ആത്മഹത്യാ കുറിപ്പിൽ രോഹിത് പറയുമ്പോൾ ദലിത് പിന്നാക്ക വിഭാഗത്തിൽപ്പെടുന്ന കുട്ടികൾ കാമ്പസിൽ അഭിമുഖീകരിക്കുന്ന മാനസിക- ശാരീരിക പീഡനത്തിൽനിന്നുയരുന്ന ആത്മരോദനവും രോഷവും എത്ര തീവ്രമാണ് എന്ന് മനസ്സിലാക്കാനാകും.

ഹൈദരാബാദ് സർവ്വകലാശാലയിൽ കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ ആത്മഹത്യ ചെയ്ത ഒമ്പതാമത്തെ ദലിത് വിദ്യാർത്ഥിയായിരുന്നു രോഹിത് എന്ന്​കണക്കുകളിലൂടെ വ്യക്തമായതാണ്. ഭാവിസമൂഹത്തിന് വഴികാട്ടികളാകേണ്ട ശാസ്ത്രജ്ഞരേയും എഴുത്തുകാരേയും ചിന്തകരേയും അധ്യാപകരേയും കരുതലോടെ വാർത്തെടുക്കേണ്ടുന്ന ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങൾ ഇന്ന് വിദ്യാർത്ഥികളുടെ കുരുതിനിലമായി മാറിക്കൊണ്ടിരിക്കുന്നു.

   രോഹിത് വെമുല
രോഹിത് വെമുല

ഏതെങ്കിലും ഫോബിയയുടേയോ, മാനിയയുടെയോ ഫലമായി ഉണ്ടായതല്ല ഈ ആത്മഹത്യകൾ. ഇന്ത്യൻ രാഷ്ട്രീയത്തിലും വിദ്യാഭ്യാസക്രമത്തിലും സംഭവിച്ച വാണിജ്യവത്ക്കരണവും തീവ്രവലതുപക്ഷവത്ക്കരണവും ഘടനാപരവും സാംസ്‌കാരികവുമായ ഹിംസയും അസമത്വങ്ങളും കാമ്പസുകളിൽ കടുത്ത ധ്രുവീകരണങ്ങൾക്കും വിവേചനങ്ങൾക്കും വഴി തെളിച്ചിട്ടുണ്ട്. മെറിറ്റോക്രസിയെ സംബന്ധിക്കുന്ന ചർച്ചകളും, സ്ഥാപനങ്ങൾ തമ്മിലും,അധ്യാപകർ തമ്മിലും ഉയർന്ന സ്‌കോർ നേടിയെടുക്കുന്നതിനായി നടക്കുന്ന കിടമത്സരങ്ങളും മിക്കപ്പോഴും ബാധിക്കുന്നത് പാർശ്വവത്കൃത വിഭാഗങ്ങളിലെ കുട്ടികളെയാണ്.

ഇൻസ്റ്റിറ്റൂഷണൽ ഹറാസ്‌മെൻറ്​ കുട്ടികൾക്കു മാത്രമല്ല നേരിടേണ്ടി വരുന്നതെന്ന് മദ്രാസ് ഐ.ഐ.ടിയിൽ നിന്ന് പുറത്തുപോകേണ്ടി വന്ന വിപിൻ എന്ന മലയാളി അധ്യാപകന്റെ അനുഭവം ബോധ്യപ്പെടുത്തുന്നു. അമേരിക്കയിലെ ജോർജ് മേസൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം പൂർത്തിയാക്കുകയും ‘കോവിഡ് കാലയളവിലെ സാമ്പത്തികാഘാതം’ എന്ന വിഷയത്തിൽ പ്രബന്ധം പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്ന വിപിന്റെ രാജി ഐ.ഐ.ടികളിലെ ജാതിവിവേചനങ്ങളെക്കുറിച്ചും അസമത്വങ്ങളെക്കുറിച്ചുമുള്ള കൂടുതൽ അന്വേഷണങ്ങൾക്കും ചർച്ചകൾക്കു വഴി തെളിക്കേണ്ടതായിരുന്നെങ്കിലും ഒറ്റപ്പെട്ട പ്രശ്‌നമായി അവസാനിക്കുകയാണുണ്ടായത്. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരുടെ പോലും സ്ഥിതി ഇങ്ങനെയൊക്കെയാണെങ്കിൽ വിദ്യാർഥികളുടേത് പറയേണ്ടതില്ല.

  വിപിൻ. പി. വീട്ടിൽ
വിപിൻ. പി. വീട്ടിൽ

അക്കാദമിക സമ്മർദ്ദമായും മാനസിക പ്രശ്‌നങ്ങളായും നിസാരവത്ക്കരിക്കുകയാണ് സ്ഥാപനങ്ങൾ വിദ്യാർത്ഥി ആത്മഹത്യകളെ. റെമിഡിയൽ കോച്ചിംഗും കൗൺസലിംഗും മെന്ററിംഗുമൊക്കെയാണ് നിർദ്ദേശിക്കപ്പെടുന്ന പരിഹാര മാർഗ്ഗങ്ങൾ. അതിനപ്പുറം അധ്യാപകരിലുൾപ്പെടെ അരിച്ചിറങ്ങിയ ജാതി - മത - പ്രാദേശിക സങ്കുചിതത്വവും അതിന്റെ ഫലമായ അന്യവത്ക്കരണവും അപരവത്ക്കരണവും കൗമാരക്കാരായ കുട്ടികളിലേൽപ്പിക്കുന്ന സംഘർഷങ്ങളാണ് ആത്മഹത്യയുടെ യഥാർത്ഥ കാരണങ്ങളെന്നത് തുറന്നുകാട്ടപ്പെടുന്നില്ല.

ന്യൂനപക്ഷ -ദലിത് - ദരിദ്ര വിദ്യാർത്ഥികൾക്കു മാത്രമായി എന്തുകൊണ്ട് ഒറ്റപ്പെടലും സമ്മർദ്ദവും വൈകാരിക പ്രശ്‌നങ്ങളും ഉണ്ടാകുന്നുവെന്ന് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ വ്യക്തമാക്കണം. എന്തു പഠനമാണ് വിദ്യാർഥികളുടെ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് അവർ നടത്തിയിട്ടുള്ളത്? ചരിത്രപരമായി അവഗണനയും അന്യവൽക്കരണവും നേരിടുന്ന അരികുകളിലെ കുട്ടികളുടെ പ്രശ്‌നങ്ങൾ സെൻസിറ്റൈസ് ചെയ്യാൻ അധ്യാപകരെ പ്രാപ്തരാക്കാൻ ഐ.ഐ.ടികളും കേന്ദ്ര സർവകലാശാലകളും ശ്രമിക്കുന്നില്ലയെന്നാണ് ആത്മഹത്യാ തുടർച്ചകൾ സൂചിപ്പിക്കുന്നത്. കുട്ടികളുടെ റൂമുകളിലെ സീലിംഗ് ഫാനുകൾ അഴിച്ചു മാറ്റിയാൽ ആത്മഹത്യകൾ തടയാനാവുമെന്ന ഐ.ഐ.ടി അധികൃതരുടെ കണ്ടെത്തൽ വിചിത്ര തമാശ മാത്രമാണ്.

ആത്മഹത്യാ മുനമ്പിലേക്ക് നയിക്കുന്ന കേന്ദ്രീകൃത പരീക്ഷകൾ

‘ഒരു രാജ്യം, ഒരു പരീക്ഷ’ എന്ന ലക്ഷ്യത്തോടെയാണ് 2017-ൽ മെഡിക്കൽ പ്രവേശന പരീക്ഷയായ ‘നീറ്റ്’ തുടങ്ങുന്നത്. ദേശീയപരീക്ഷകൾ സംസ്ഥാന സിലബസുകളെ പരിഗണിക്കുന്നില്ലെന്നും ഇന്ത്യയിലെ വൈവിധ്യപൂർണമായ വിദ്യാഭ്യാസ വ്യവസ്ഥയെ കേന്ദ്രീകരിക്കാൻ ശ്രമിക്കുന്നുവെന്നും അന്നേ വിമർശനമുയർന്നതാണ്. പ്രധാനമായും ഹിന്ദി മാതൃഭാഷയല്ലാത്ത സംസ്ഥാനങ്ങളാണ് കേന്ദ്രീകൃത പരീക്ഷയ്‌ക്കെതിരെ തിരിഞ്ഞത്. എന്നാൽ ഡിഗ്രി പ്രവേശനത്തിനു കൂടി കേന്ദ്രീകൃത പരീക്ഷയായ സി.യു.ഇ.ടി ഏർപ്പെടുത്തിയാണ് കേന്ദ്ര ഗവൺമെൻറ്​ ഇതിനോടു പ്രതികരിച്ചത്. കേന്ദ്ര സിലബസിനെ അടിസ്ഥാനമാക്കിയുള്ള ദേശീയ പരീക്ഷകൾ സംസ്ഥാന സിലബസും പാഠപുസ്തകങ്ങളും പിന്തുടരുന്ന സംസ്ഥാനങ്ങളിലെ കുട്ടികളെ പുറന്തള്ളാനുള്ള ഉപാധിയാവുകയാണ്.

മെഡിക്കൽ പ്രവേശനത്തിനുള്ള കേന്ദ്രീകൃത പരീക്ഷയായ ‘നീറ്റ്’ ഓരോ വർഷവും തമിഴ്‌നാട്ടിലെ നിരവധി കൗമാരക്കാരുടെ ജീവനെടുക്കുകയാണ്. തമിഴ് മീഡിയത്തിൽ പഠിക്കുന്ന സമൂഹത്തിലെ താഴെക്കിടയിലുള്ളവരും കോച്ചിംഗ് സെന്ററുകളിൽ ചേരാൻ സാമ്പത്തിക ശേഷിയില്ലാത്തവരുമായ കുട്ടികൾ ഓരോ വർഷവും ‘നീറ്റ്’ റിസൾട്ട് വരുന്നതോടെ ആത്മഹത്യയിൽ ഭയം തേടുന്നു. ‘നീറ്റി’ന്റെ ഘടന സംസ്ഥാന സിലബസിൽ പഠിക്കുന്ന കുട്ടികൾക്ക് അനുയോജ്യമല്ലെന്നും, കോച്ചിംഗ് സെന്ററുകളുടെ പരിശീലനരീതിക്കനുസരിച്ചാണെന്നും തമിഴ്നാട് സർക്കാർ നിയോഗിച്ച ജസ്റ്റിസ് എ.കെ. രാജൻ കമ്മീഷൻ നിരീക്ഷിച്ചിരുന്നു. ‘നീറ്റി’നു പകരം പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ അടിസ്ഥാനത്തിൽ മെഡിക്കൽ പ്രവേശനം നൽകണമെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്രീകൃത പരീക്ഷകളിൽ നിന്ന് തമിഴ്‌നാടിനെ ഒഴിവാക്കണമെന്ന് നിയമസഭയിൽ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ പ്രമേയം അവതരിപ്പിച്ചിരുന്നു. പ്രാദേശികവും,സാമ്പത്തികവും സാമൂഹികവുമായ അസമത്വവും , വിവേചനങ്ങളും വൈവിധ്യങ്ങളും നിലനിൽക്കുന്ന ഇന്ത്യയിൽ അവയൊന്നും പരിഗണിക്കാതെ ഏകീകൃതമായ പരീക്ഷകൾ അടിച്ചേൽപ്പിക്കുമ്പോൾ അടിസ്ഥാന വിഭാഗങ്ങളിലെ കുട്ടികൾക്ക് ഉന്നതപഠനം നിഷേധിക്കപ്പെടുകയും അവർ ജീവിതം തന്നെ ഉപേക്ഷിക്കാൻ തീരുമാനിക്കുകയും ചെയ്യുന്നു. ‘നീറ്റി’ന്റെ കാര്യത്തിൽ സംഭവിക്കുന്നത് ഭാവിയിൽ സി.യു. ഇ.ടി യുടെ കാര്യത്തിലും സംഭവിച്ചേക്കാം.

കോട്ടയിലെ ജീവനെടുക്കുന്ന കോച്ചിംഗ് ക്ലാസുകൾ

ചേതൻ ഭഗത്തിന്റെ റവല്യൂഷൻ 2020 എന്ന നോവലിന്റെ കഥാപരിസരം രാജസ്ഥാനിലെ കോട്ടയാണ്. കോട്ടയിൽ പരീക്ഷാ പരിശീലനത്തിനെത്തുന്ന ഒരു ചെറുപ്പക്കാരന്റെ ജീവിതാവസ്ഥകളാണ് ചേതൻ ഭഗത് നോവലിലൂടെ പറയാൻ ശ്രമിക്കുന്നത്.

ജെ.ഇ.ഇ , നീറ്റ് പരീക്ഷകളുടെ കോച്ചിംഗ് കേന്ദ്രമാണ് കോട്ട. ഇന്ത്യയെമ്പാടുമുള്ള ലക്ഷക്കണക്കിനു കുട്ടികളാണ് ഓരോ വർഷവും മികച്ച ഭാവി തേടി കോട്ടയിലെത്തുന്നത്. കടം വാങ്ങിയും ബാങ്ക് ലോണെടുത്തും മക്കളെ ഉന്നത വിദ്യാഭ്യാസാവസരം മുന്നിൽക്കണ്ട് രക്ഷിതാക്കൾ കോച്ചിംഗ് കേന്ദ്രങ്ങളിലെത്തിക്കുകയാണ്. പ്രതിവർഷം 500 കോടിയിലധികം രൂപയുടെ ടേൺ ഓവറുള്ള വൻ ബിസിനസ് സംരംഭമാണ് കോട്ടയിലെ കോച്ചിംഗ് സെന്ററുകൾ.

കോട്ടയിലെ കോച്ചിംഗ് സെന്ററുകൾ കോൺസൻട്രേഷൻ ക്യാമ്പുകളായി മാറുന്നുവെന്ന് തുടർച്ചയായ വിദ്യാർത്ഥി ആത്മഹത്യകൾ സൂചിപ്പിക്കുന്നു. കൗമാരപ്രായക്കാരായ 14 കുട്ടികളാണ് കഴിഞ്ഞവർഷം ആത്മഹത്യ ചെയ്തത്. കഴിഞ്ഞ വർഷം ഡിസംബർ 11 ന് മൂന്നുപേരും ഡിസംബർ 23 ന് മറ്റൊരു കുട്ടിയും ജീവനൊടുക്കി. കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ 56 കുട്ടികൾ ആത്മഹത്യ ചെയ്തുവെന്ന്​ കണക്കുകൾ പറയുമ്പോൾ പഠനമെന്നത് കൊടിയ പീഢനമായി മാറുന്നുവെന്നുവേണം കരുതാൻ. പ്രതിവർഷം ശരാശരി മൂന്നു ലക്ഷത്തിനും നാലു ലക്ഷത്തിനുമിടയിൽ ഫീസിനും ഭക്ഷണത്തിനും താമസത്തിനുമായി ചെലവഴിക്കുന്ന രക്ഷിതാക്കൾക്ക് കുട്ടികളുടെ ചെറിയ വീഴ്ചകളോ പരാജയമോ താങ്ങാനാവുന്നില്ല. എൻജിനീയറിംഗിനോ മെഡിസിനോ അഭിരുചിയില്ലാത്ത കുട്ടികൾ രക്ഷിതാക്കളുടെയും സമൂഹത്തിന്റെയും സമ്മർദ്ദം ഏറ്റുവാങ്ങി ഫർണസുകളായി തിളയ്ക്കുയാണ്. അമിത സംഘർഷത്തിന്റെയും അതുണ്ടാക്കുന്ന വിഷാദത്തിന്റെയും ഇരകളാണ് കോട്ടയിലെ കുട്ടികൾ.

കൗമാരത്തിന്റെ എല്ലാ കുതൂഹലങ്ങളും സന്തോഷങ്ങളും നിഷേധിക്കപ്പെട്ട് ഫാക്ടറി സമാനമായ കോച്ചിംഗ് കേന്ദ്രങ്ങളിൽ, ദിവസം മുഴുവൻ ചെലവഴിക്കേണ്ടി വരുന്ന വിദ്യാർഥികൾക്ക് ചെറിയ പരാജയം പോലും ആഘാതമായി മാറും. അസൈൻമെന്റുകളും ടാർജറ്റുകളും തുടർപരീക്ഷകളും അമിതമായ പഠനഭാരവും വൻപ്രതീക്ഷകളുമേൽപ്പിക്കുന്ന സമ്മർദ്ദങ്ങളാണ് കോട്ടയിലെ ആത്മഹത്യകളുടെ പ്രധാന കാരണം. നയങ്ങളിലും രേഖകളിലും, പരീക്ഷാ സമീപനങ്ങളിൽ ഉണ്ടാവേണ്ട മാറ്റങ്ങളെക്കുറിച്ചുള്ള ആലങ്കാരികമായ വിവരണങ്ങൾ ഉണ്ടാവാറുണ്ടെങ്കിലും പ്രായോഗിക തലത്തിൽ നമ്മുടെ പരീക്ഷകൾ മന:പാഠമാക്കുന്നതിനെയും ഉരുവിട്ടു പഠിക്കുന്നതിനെയും പ്രോത്സാഹിപ്പിക്കുന്നവയാണ്. പരീക്ഷാസമ്പ്രദായത്തിൽ വലിയ മാറ്റങ്ങളുണ്ടാക്കിയെന്ന് അവകാശപ്പെടുന്ന കേരളത്തിലുൾപ്പെടെ എല്ലാ പ്രവേശന പരീക്ഷകളും ഓർമശക്തി പരീക്ഷകളായി തുടരുന്നുവെന്നതാണ് അവസ്ഥ.

ജീവിതത്തെ പ്രസാദാത്മകമായും സർഗ്ഗാത്മകമായും സമീപിക്കാനും , പ്രതിസന്ധികളെ ധീരമായി നേരിടാനുമുതകുന്നതാവണം പഠനമെന്ന ആശയങ്ങളെയാകെ കടപുഴക്കുകയാണ് തുടർച്ചയായ വിദ്യാർഥി ആത്മഹത്യകൾ. കാരണങ്ങളെന്തു തന്നെയായാലും വിദ്യാഭ്യാസമെന്നത് ആത്മഹത്യാമുനമ്പിലേക്കുള്ള യാത്രയാവാൻ പാടില്ല. ന്യായീകരണങ്ങളല്ല, പരിഹാരങ്ങളാണ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുണ്ടാവേണ്ടത്.


Summary: 2023 ഫെബ്രുവരി 12 ന് മുംബൈ ഐ.ഐ.ടിയിൽ ഒരു ദലിത് വിദ്യാർത്ഥി ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ തുടരുകയാണ്. ഫെബ്രുവരി 13 ന് മദ്രാസ് ഐ.ഐ.ടിയിൽ ഒരു ബിരുദാനന്തര വിദ്യാർത്ഥി കൂടി ആത്മഹത്യ ചെയ്തു. രക്ഷപ്പെട്ട മറ്റൊരാൾ ചികിത്സയിലാണ്. കോഴിക്കോട് എൻ.ഐ.ടിയിൽ വിദ്യാർഥി ആത്മഹത്യ ചെയ്​തു. നാലു ദിവസത്തിനുള്ളിൽ മൂന്നു വിദ്യാർഥികളാണ് പാതിവഴിയിൽ യാത്ര പറഞ്ഞത്. വിവരാവകാശ രേഖകൾ പ്രകാരം കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ മദ്രാസ് ഐ.ഐ.ടിയിൽ മാത്രം 14 ആത്മഹത്യ നടന്നിട്ടുണ്ട്.


കെ.വി. മനോജ്

എസ്.സി.ഇ.ആർ.ടി മുൻ റിസർച്ച് ഓഫീസർ.ദേശീയ വിദ്യാഭ്യാസനയം -ചരിത്രം, ദർശനം, രാഷ്ട്രീയം, ഓൺലൈൻ വിദ്യാഭ്യാസം - പ്രയോഗം, പ്രതിവായന എന്നീ പുസ്തകങ്ങളുടെ എഡിറ്റർ.

Comments