പാഠപുസ്തകത്തിൽ നിന്നും മുഗൾ ചരിത്രം ഒഴിവാക്കുമ്പോൾ?

ഇന്ത്യയിലെ മുസ്ലീം, മുഗൾ പ്രതിനിധാനങ്ങൾ സംവഹിക്കുന്ന സ്ഥലനാമങ്ങൾ പുരാണ വൽക്കരിക്കുന്നതിലൂടെ ഇന്ത്യയുടെ ചരിത്ര ഭൂതകാലത്തെ ഏകപക്ഷീയമായി ബ്രാഹ്‌മണ്യ വൈദിക മതത്തിന്റെ സംസ്‌കാരത്തിനനുസരണമായി മാറ്റിയെടുക്കുകയാണ് ചെയ്യുന്നത്. വിപുലമായ ഈ ഹിന്ദുത്വ ബ്രാഹ്‌മണ്യ വൽക്കരണത്തിന്റെ പാതയിലെ ഒരു തുടർച്ചയാണ് പാഠപുസ്തകങ്ങളിൽ നിന്നും മുസ്ലീം - ഇസ്ലാം - മുഗൾ ചരിത്രങ്ങൾ ഒഴിവാക്കുന്നത്

രിത്രത്തിൽ നിന്നും ഒരു ജനതയെ ഉന്മൂലനം ചെയ്യുന്നതിനുള്ള ഏറ്റവും എളുപ്പമുള്ള മാർഗങ്ങളിലൊന്നായി ബ്രാഹ്‌മണ്യ ശക്തികൾ കാണുന്നത് ആ ജനതയുടെ സാംസ്‌കാരിക സ്മരണകളെയും സാംസ്‌കാരിക ചിഹ്നങ്ങളെയും ചരിത്രത്തെയും സമ്പൂർണമായി നിർമൂലനം ചെയ്യുക എന്നതാണ്. സാംസ്‌കാരിക സ്മരണകളുടെ സമ്പൂർണ വിനാശം സാധ്യമാക്കുന്നതിലൂടെ ഒരു ജനതയെ തന്നെ പൂർണ നിശബ്ദതയിലേക്ക് തള്ളിയിടുകയാണ് ചെയ്യുന്നത്. സാംസ്‌കാരിക സ്മരണകളുടെ ഉന്മൂലനം ഒരു ജനതയുടെ ചരിത്രത്തെ തന്നെ ഉന്മൂലനം ചെയ്യാനുള്ള ഉപാധിയായി ഉപയോഗിക്കപ്പെടുന്നതായി റൊമില ഥാപ്പർ The Past as Present എന്ന ഗ്രന്ഥത്തിൽ നിരീക്ഷിക്കുന്നുണ്ട്.

രാജ്യത്താകമാനം ചരിത്രത്തെ വസ്തുതാ വിരുദ്ധമായി കീഴ്‌മേൽ മറിച്ചിടുന്ന പ്രക്രിയക്ക് ആർജ്ജവം കൂടി വരികയാണ്. ബാബറി മസ്ജിദ് ഇല്ലാതാക്കിയത് തന്നെ ഒരു ജനതതിയുടെ ചരിത്ര വർത്തമാനങ്ങളെ പ്രതിസന്ധിയിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപ്പിൽ വരുത്തിയത്. ഇന്ത്യയിലെ പുരാതനങ്ങളായ മുസ്ലിം മോസ്‌കുകളിൽ മേൽ അവകാശ വാദം ഉന്നയിക്കുന്നതിലൂടെ ചരിത്രത്തെ മണ്ണിട്ട് മൂടാനാണ് ഹിന്ദുത്വ വരേണ്യ ശക്തികൾ ശ്രമിക്കുന്നത്. ആത്യന്തികമായി ഇതിലൂടെ ഇന്ത്യയെന്നാൽ വരേണ്യ ബ്രാഹ്‌മണമതത്തിന്റെ സൃഷ്ടിയാണെന്ന് സ്ഥാപിക്കുകയാണ് ഇതിന്റെ ലക്ഷ്യം. ഇന്ത്യയിലെ മുസ്ലീം, മുഗൾ പ്രതിനിധാനങ്ങൾ സംവഹിക്കുന്ന സ്ഥലനാമങ്ങൾ പുരാണ വൽക്കരിക്കുന്നതിലൂടെ ഇന്ത്യയുടെ ചരിത്ര ഭൂതകാലത്തെ ഏകപക്ഷീയമായി ബ്രാഹ്‌മണ്യ വൈദിക മതത്തിന്റെ സംസ്‌കാരത്തിനനുസരണമായി മാറ്റിയെടുക്കുകയാണ് ചെയ്യുന്നത്. വിപുലമായ ഈ ഹിന്ദുത്വ ബ്രാഹ്‌മണ്യ വൽക്കരണത്തിന്റെ പാതയിലെ ഒരു തുടർച്ചയാണ് പാഠപുസ്തകങ്ങളിൽ നിന്നും മുസ്ലീം - ഇസ്ലാം - മുഗൾ ചരിത്രങ്ങൾ ഒഴിവാക്കുന്നത്. ഇതിലൂടെ ഇന്ത്യയെ ഒരു "ഹിന്ദു ഇന്ത്യയാക്കി ' മാറ്റാനാണ് വരേണ്യ ശക്തികൾ ലക്ഷ്യമിടുന്നത്.

കർസേവകർ ബാബറി മസ്ജിദ് തകർക്കുന്നു

NCERT യുടെ പന്ത്രണ്ടാം ക്ലാസിലെ പാഠപുസ്തകത്തിൽ നിന്നും മുഗൾ ചരിത്രത്തെ ഒഴിവാക്കുന്നത് സാംസ്‌കാരിക സ്മരണകളുടെ നിർമൂലനം ലക്ഷ്യമാക്കി അവതരിപ്പിക്കപ്പെട്ടിട്ടുള്ളതാണ്. എക്കണോമിക്ക് ടൈംസിന്റെ റിപ്പോർട്ട് അനുസരിച്ച് മുഗൾ ഭരണം മാത്രമല്ല ജനാധിപത്യത്തെ സംബന്ധിച്ചും ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യത്തെ സംബന്ധിച്ച പാഠ ഭാഗങ്ങളും പത്താം ക്ലാസിലെയും പന്ത്രണ്ടാം ക്ലാസിലെയും പാഠപുസ്തകത്തിൽ നിന്നും NCERT ഒഴിവാക്കിയിരിക്കുന്നു. പൂണൂൽ പരിവാരികൾ ബ്രാഹ്‌മണ്യ ചാതുർവർണ്യ രാഷ്ട്രം സ്ഥാപിക്കാൻ ലക്ഷ്യമിടുമ്പോൾ പാഠപുസ്തകങ്ങളും അതിന്റെ സുപ്രധാന ഉപകരണമായിത്തീരുന്നു എന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണിത്. കർണാടകയിലെ പാഠപുസ്തകങ്ങളിൽ നിന്നും ടിപ്പു സുൽത്താന്റെയും നാരായണ ഗുരുവിന്റെയും മറ്റും ചരിത്രം ഒഴിവാക്കിയത് ഇതിന്റെ ഭാഗമാണ്.

രാജ്യത്തെ കൂടുതൽ ഭീതിദമാം വിധം വിഭജിക്കുന്നതിനും അതുവഴി ഭൂരിപക്ഷ ബ്രാഹ്‌മണമതത്തെ സൃഷ്ടിക്കുന്നതിനും കൂടിയാണ് ചരിത്ര ഭൂതകാലത്തിലെ സാംസ്‌കാരിക സ്മരണകളെ നിർമൂലനം ചെയ്യുന്നത്. മറ്റൊരു സുപ്രധാന വിഷയം ഇന്ത്യാ ചരിത്രത്തിലെ വൈവിധ്യങ്ങളെ നിരസിച്ച് ഒരു ഏകാത്മക ഹിന്ദു രാഷ്ട്രത്തെ സ്ഥാപിക്കുകയാണ് ലക്ഷ്യം. വൈവിധ്യ പൂർണമായ ഇന്ത്യാ ചരിത്രത്തിന്റെ നിരാസം ഫലത്തിൽ ഹിന്ദുത്വത്തിന്റെ വിജയത്തെ വേഗത്തിലാക്കും. അതുകൊണ്ടു തന്നെയാണ് മന:പൂർവം ഇന്ത്യയുടെ വൈവിധ്യപൂർണമായ സാംസ്‌കാരിക ചരിത്രത്തെ ഇല്ലായ്മ ചെയ്യാൻ പൂണൂൽ പരിവാരികൾ അതിയത്‌നം ചെയ്യുന്നത്.

ഇന്ത്യ വൈവിധ്യ പൂർണമാണെന്ന് വിദ്യാർത്ഥികളെ പഠിപ്പിക്കാൻ തയ്യാറാകേണ്ട ഒരു ദേശീയ സ്ഥാപനം വൈവിധ്യങ്ങളെ നിരസിക്കാൻ മുതിരുന്നത് ഇന്ത്യ അഭിമുഖീകരിക്കുന്ന ജനാധിപത്യ വ്യവസ്ഥയുടെ പ്രതിസന്ധിയുടെ ആഴത്തെയാണ് അടയാളപ്പെടുത്തുന്നത്. എത്രയും വേഗം ഇതിന് പരിഹാരം കാണാൻ കഴിയുന്നില്ലെങ്കിൽ ഭരണഘടനാ ജനാധിപത്യത്തെ തന്നെ സാംസ്‌കാരിക നിർമൂലനത്തിന്റെ വരേണ്യ രാഷ്ട്രീയം കാർന്നു തിന്നാൻ തുടങ്ങും. വളരെ മുൻപു തന്നെ ആരംഭിച്ചു കഴിഞ്ഞ ഈ കാർന്നു തിന്നൽ വിനാശ രാഷ്ട്രീയത്തിൽ നിന്നും ഇന്ത്യയെ രക്ഷിക്കാൻ അക്കാദമിക സമൂഹവും ജനാധിപത്യ വിശ്വാസികളും ഉണർന്ന് പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പാഠപുസ്തകങ്ങൾ കേവലം പരീക്ഷക്കുള്ള മുന്നുപാധി മാത്രമല്ല അത് ഒരു ജനാധിപത്യരാഷ്ട്രത്തെ സംബന്ധിച്ച പൗരനിർമാണത്തിൽ അതുല്യമായ പങ്കു വഹിക്കുന്നു എന്നതിനാൽ തന്നെ പാഠപുസ്തകങ്ങളിൽ സാംസ്‌കാരിക വൈവിധ്യം നിലനിർത്താനായി പോരാടേണ്ടത് ഇന്ത്യയുടെ അതിജീവനത്തിന് അതി നിർണായകമാണ്.

Comments