കേരളത്തിൽ കോളജ് വിദ്യാഭ്യാസം അനിശ്ചിതാവസ്ഥയിലേക്ക് നീങ്ങുകയാണെന്നും സാധാരണ ക്ലാസുകളും ഓൺലൈൻ ക്ലാസുകളും തമ്മിലുള്ള അടിസ്ഥാന വ്യത്യാസം പോലും മനസ്സിലാക്കാതെ അക്കാദമിക് കലണ്ടർ അനുസരിച്ചു ക്ലാസുകൾ നടത്തണം, ഹാജർ രേഖപ്പെടുത്തണം തുടങ്ങിയ അസ്വീകാര്യമായ നിർദ്ദേശങ്ങളാണ് സർക്കാർ പുറപ്പെടുവിച്ചിരിക്കുന്നതെന്നും അധ്യാപക സംഘടനയായ എ.കെ.പി.സി.ടി.എ ആരോപിച്ചിരിക്കുകയാണല്ലോ. എന്റെ സർവകലാശാലയിൽ ഓൺലൈൻ പഠനത്തിനുകൂടി ഉതകുന്ന രീതിയിൽ അടുത്ത സെമസ്റ്റർ ക്രമീകരിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ രൂപീകരിക്കുന്നതിനെക്കുറിച്ച് ചർച്ചചെയ്തു വരികയുമാണ്. കൂടാതെ എനിക്ക് എഡ്യൂക്കേഷണൽ മൾട്ടിമീഡിയ റിസർച് സെന്ററുകൾ വഴി ഓൺലൈൻ പഠനം വിപുലീകരിക്കുന്നതിന്റെ ചില ദേശീയതല പ്രവർത്തനങ്ങളിലും പങ്കെടുക്കേണ്ടി വരുന്നുണ്ട്. ഔദ്യോഗികമായിത്തന്നെ ഓൺലൈൻ പഠനസന്ദർഭത്തിന്റെ സാഹചര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുന്നതിന്റെ കൂടുന്ന ചൂട് എന്നെയും ബാധിച്ചിരിക്കുകയാണ്.
അധ്യാപകരും ഗവേഷകരും ഇതിന്റെ പല മാനങ്ങളെക്കുറിച്ചുള്ള തങ്ങളുടെ അഭിപ്രായങ്ങൾ ഇപ്പോൾ വ്യാപകമായി അവതരിപ്പിക്കുന്നു. വിദ്യാർഥി യൂണിയനുകളും മറ്റും ഇതേക്കുറിച്ച് വിപുലമായ നിവേദനങ്ങൾ പല സർവകലാശാലകളിലും അധികൃതർക്ക് സമർപ്പിക്കുന്നുണ്ട്. പരീക്ഷണങ്ങളുടെ കേവലമായ ഇരകളാവുക എന്നതിൽ കവിഞ്ഞ് ഈ മാറ്റത്തിന്റെ ഉപഭോക്താക്കൾ എന്ന നിലക്ക് ഇക്കാര്യത്തിൽ തങ്ങൾക്കുള്ള വ്യക്തമായ അഭിപ്രായങ്ങളും ആവശ്യങ്ങളുമാണ് അവർ അവതരിപ്പിക്കുന്നത്.
ഓൺലൈൻ പഠനത്തിന്റെ സാധ്യതകളെക്കുറിച്ചുള്ള അന്വേഷണം നടക്കുമ്പോൾ സ്വാഭാവികമായും വിദ്യാഭ്യാസ മേഖലയിൽ നിലനിൽക്കുന്ന ഡിജിറ്റൽ വിഭജനത്തെ ആസ്പദമാക്കിയുള്ള പുതിയ ചർച്ചകൾക്കും കോവിഡാനന്തരകാലം സാക്ഷ്യംവഹിക്കേണ്ടി വരുന്നുണ്ട്. പല സർവകലാശാലകളും ഡിജിറ്റൽ സൗകര്യങ്ങൾ വിദ്യാർത്ഥികൾക്ക് ലഭ്യമാണോ എന്നതിനെക്കുറിച്ച് സർവേകൾ നടത്താനും നിഗമനങ്ങളിൽ എത്താനും തയ്യാറായിട്ടുണ്ട്. ഹൈദരാബാദ് സർവ്വകലാശാല വിശദമായ ഒരു സർവേ നടത്തുകയും അതിന്റെ വിവരങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തു. യു.ജി.സി തന്നെ ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കുകയും ഈയിടെ സർവകലാശാലകൾക്കായി നൽകിയ മാർഗനിർദ്ദേശങ്ങളിൽ ഡിജിറ്റൽ അസമത്വം കണക്കിലെടുക്കണം എന്ന് ശക്തമായി സൂചിപ്പിക്കുകയും ചെയ്തു.
ഡിജിറ്റൽ അസമത്വത്തെ പലതലങ്ങളിൽ കാണുവാൻ ശ്രമിക്കുന്ന ചർച്ചകളിൽ വളരെക്കാലമായി ഇടപെടാൻ അവസരമുണ്ടായ ഒരാൾ എന്ന നിലയിൽ പഴയ ചർച്ചകളേയും പുതിയ ചർച്ചകളേയും അല്പം ആത്മചരിത്രപരമായിക്കൂടി ആലോചിക്കുകയാണ് ഈ കുറിപ്പിൽ.
സുഗതാ മിത്രയുടെ 1999 -ൽ ആരംഭിച്ച The Hole in the Wall ദൽഹിയിലെ ഒരു ചേരിയിൽ ചുവരിൽ സ്ഥാപിച്ച കമ്പ്യൂട്ടർ പ്രവർത്തിപ്പിക്കുന്ന വിധങ്ങൾ അവിടുത്തെ കുട്ടികൾ തനിയെ സ്വായത്തമാക്കുന്നു എന്ന് കണ്ടെത്തുകയുണ്ടായി.
ഡിജിറ്റൽ വിഭജനത്തെക്കുറിച്ചുള്ള ചർച്ചകളിൽ സജീവമായിരുന്നതിന്റെ പശ്ചാത്തലത്തിൽ കോവിഡ് ലോക്ക്ഡൗൺ സൃഷ്ടിച്ച സാഹചര്യത്തിൽ ഉണ്ടാവുന്ന ഡിജിറ്റൽ വിഭജന ചർച്ചകളെ ചരിത്രപരമായ ഒരു കാഴ്ചപ്പാടിലൂടെ സമീപിക്കുമ്പോൾ ആദ്യം ശ്രദ്ധയിൽപെടുന്നത് ആദ്യകാല ചർച്ചകളിൽ നിന്ന് ഉരുത്തിരിഞ്ഞ രണ്ടു സവിശേഷ ധാരണകൾ ഈ കോവിഡ് കാല ചർച്ചകളിൽ വീണ്ടും സജീവമായിട്ടുണ്ട് എന്നതാണ്. ആദ്യകാല ചർച്ചകളിൽ ഐ.ടി മേഖലയിൽ നിന്നുള്ള വിദഗ്ധന്മാർ ആഗോള മുതലാളിത്ത താൽപ്പര്യങ്ങൾക്ക് മുൻതൂക്കം നൽകിക്കൊണ്ട് പൊതുവിലുള്ള സാങ്കേതിക വിദ്യാവിഭജനത്തേയും ഡിജിറ്റൽ വിഭജനത്തേയും രണ്ടായി കാണണം എന്ന് അഭിപ്രായപ്പെട്ടിരുന്നു. ലോകബാങ്ക് അടക്കമുള്ള അന്താരാഷ്ട്ര ഏജൻസികളും എൻ.ജി.ഓ ഫണ്ടിംഗ് മേഖലയിൽ സജീവമായ അന്താരാഷ്ട്ര സംഘടനകളുമെല്ലാം ഈയൊരു വാദമാണ് മുന്നോട്ടുവച്ചിരുന്നത്. ഇങ്ങനെ വ്യത്യസ്തമായി കാണേണ്ടതിന്റെ ആവശ്യകതയിലേക്ക് അവർ വിരൽചൂണ്ടിയത് ഡിജിറ്റൽ സാങ്കേതികവിദ്യയുടെ വ്യാപനവും പ്രസരണവും ദ്രുതഗതിയിലാണെന്നും ഡിജിറ്റൽ വിഭവങ്ങൾ പണക്കാർ-ദരിദ്രർ എന്ന് രാഷ്ട്രഭേദമില്ലാതെ പ്രാപ്യമാവാനുള്ള സാധ്യത ഉണ്ടെന്നും അവകാശപ്പെട്ടുകൊണ്ടായിരുന്നു. ഡിജിറ്റൽ വിഭജനത്തെ തള്ളിക്കളയാതിരിക്കുക, എന്നാൽ അത് വേഗത്തിൽ മറികടക്കാവുന്ന ഒന്നാണ് എന്ന പ്രതീതി സൃഷ്ടിക്കുക- ഇതായിരുന്നു അവർ പൊതുവിൽ സ്വീകരിച്ചിരുന്ന സമീപനം.
Hole in the Wall, തരാഹത്, ഗ്യാൻദൂത്, സിമ്പ്യൂട്ടർ, കോർഡക് വെൽ തുടങ്ങി നിരവധി ഇന്ത്യൻ പരീക്ഷണങ്ങൾ അക്കാലത്തു വ്യാപകമായി കൊണ്ടാടപ്പെട്ടു. അവയിൽ ചിലതെല്ലാം പ്രസക്തമായവ തന്നെ ആയിരുന്നു. എന്നാൽ അവയുടെ മഹത്വവൽക്കരണം ഒരു ഡിജിറ്റൽ പ്രത്യയശാസ്ത്രം തന്നെയായി അക്കാലത്തു വളർന്നിരുന്നു. സുഗതാ മിത്രയുടെ 1999 -ൽ ആരംഭിച്ച The Hole in the Wall ദൽഹിയിലെ ഒരു ചേരിയിൽ ചുവരിൽ സ്ഥാപിച്ച കമ്പ്യൂട്ടർ പ്രവർത്തിപ്പിക്കുന്ന വിധങ്ങൾ അവിടുത്തെ കുട്ടികൾ തനിയെ സ്വായത്തമാക്കുന്നു എന്ന് കണ്ടെത്തുകയുണ്ടായി. മിത്രയുടെ "The Hole in the Wall: Self-organising Systems in Education' (2006) എന്ന പുസ്തകം ആ പരീക്ഷണത്തെ അടിസ്ഥാനപ്പെടുത്തി ആയിരുന്നു തയ്യാറാക്കിയിരുന്നത്. അത് അതിശയോക്തിപരമാണെന്ന വിമർശനം ശക്തമായിരുന്നു. ഇതേക്കുറിച്ച് ഗവേഷണം നടത്തുകയും സുഗത മിത്രയുമായി ആശയവിനിമയം ചെയ്യുകയും അതിനുശേഷം British Journal of Educational Technology-യിൽ 2010-ൽ വിശദമായ ഒരു ലേഖനം എഴുതുകയും ചെയ്ത പായൽ അറോറയുമായി ഇക്കാര്യം ഞാൻ പലതവണ ചർച്ചചെയ്തിട്ടുണ്ട് (Hope in the Wall? A digital promise for free learning, British Journal of Educational Technology, 41 (5), 689-702). അത്തരത്തിലുള്ള "unmediated computer literacy'- അശിക്ഷിതമായ കംപ്യൂട്ടർ സാക്ഷരത വ്യാമോഹപരമാണ് എന്ന് സ്പീവാക്കും സൂചിപ്പിച്ചിരുന്നു. എന്നാൽ ഇതിൽ നിന്നെല്ലാം ചിലതൊക്കെ തീർച്ചയായും പഠിക്കാനും ഉണ്ടായിരുന്നു എന്നതിൽ തർക്കമില്ല. പക്ഷെ ആ കാലത്തേ ചർച്ചയിൽനിന്നു ഇന്ന് എന്ത് പഠിക്കാനുണ്ട് എന്നതിനാണ് പ്രാധാന്യം.
ഡിജിറ്റൽ സാങ്കേതികവിദ്യ മുൻസംവിധാനങ്ങളെ അപേക്ഷിച്ച് താരതമ്യേന സാർവലൗകികമാണ് എന്ന സാമാന്യയുക്തിയിൽ അധിഷ്ടിതമായിരുന്നു ശക്തമായ ഉപകരണവാദ നിലപാടുകൾ. ഞാൻ ഡിജിറ്റൽ വിഭജനവുമായി ബന്ധപെട്ട പഠനങ്ങൾ ആരംഭിച്ച 1999-2000 കാലത്ത് ആഗോളതലത്തിൽ സജീവമായിരുന്ന മുഖ്യധാരാ നിലപാടും ഇതുതന്നെ ആയിരുന്നു. ഡിജിറ്റൽ വിഭജനം വംശീയമായും വർഗ്ഗപരമായുമൊക്കെ ഒരു പ്രശ്‌നമാണ് എന്ന് പൊതുവേ എല്ലാവരും സമ്മതിച്ചിരുന്നു. എന്നാൽ അങ്ങേയറ്റം ഉപകരണവാദപരമായ ഒരു സമീപനത്തിൽ നിന്നുകൊണ്ട് ഇത് വളരെ വേഗം മറികടക്കാവുന്ന ഒരു പ്രതിഭാസമാണ് എന്ന ശുഭചിന്ത വളർത്താനാണ് കോർപ്പറേറ്റ്-എൻ.ജി.ഒ ലോബികൾ ശ്രമിച്ചുകൊണ്ടിരുന്നത്. ഞാൻ ഇതേക്കുറിച്ചുള്ള ഗവേഷണം ആരംഭിക്കുന്ന 1999-2000 കാലത്തിനു മുൻപുള്ള വർഷങ്ങളിൽ തന്നെ ഡിജിറ്റൽ വിഭജനത്തെക്കുറിച്ച് നൂറുകണക്കിന് പുസ്തകങ്ങളും ലേഖനങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടു കഴിഞ്ഞിരുന്നു. അവയിൽ ഏറിയപങ്കും ഡിജിറ്റൽ അസമത്വങ്ങളെ അംഗീകരിക്കുന്നവയും എന്നാൽ തങ്ങൾ മുന്നോട്ടുവയ്ക്കുന്ന പ്രായോഗികവഴികളിലൂടെ അതിനെ മറികടക്കാൻ കഴിയുമെന്ന് അവകാശപ്പെടുന്നവയുമായിരുന്നു.
ഒരു ചെറിയ പരിധിവരെയെങ്കിലും ഡിജിറ്റൽ സാങ്കേതികവിദ്യയുടെ മഹത്വവൽക്കരണത്തിന് പിന്നിലെ രാഷ്ട്രീയത്തെ വിമർശിക്കാനും വ്യത്യസ്തമായ ഒരു അനേഷണ സമീപനത്തിന് രൂപം കൊടുക്കാനുമുള്ള ശ്രമമായിരുന്നു എന്റേത്. അന്ന് ഞാൻ മുഖ്യധാരയിൽ നിന്ന് അകറ്റി നിർത്തപ്പെട്ടു
ഓപ്പൺസോഴ്‌സ്/ ഡിജിറ്റൽ കോമൺസ് ചിന്തകൾ പ്രചരിപ്പിച്ചിരുന്നവരും ഊന്നിയിരുന്നത് സാങ്കേതികവിദ്യയുടെ അതിരുകൾ ഇല്ലാത്ത വ്യാപനത്തിലും അതിന്റെ സ്വകാര്യതാനയം മാറ്റി അത് എല്ലാവർക്കും ലഭ്യമാവുന്ന സാധ്യത സൃഷ്ടിക്കുന്നതിലും ആയിരുന്നു. ഇതിന്റെ സാധൂകരണം എന്ന രീതിയിലായിരുന്നു പല അന്താരാഷ്ട്ര ഫണ്ടിംഗ് ഏജൻസികളും ഇന്ത്യ അടക്കമുള്ള മൂന്നാംലോക രാജ്യങ്ങളിൽ അന്ന് ഐ.സി.ടി വികസനത്തിന് ഊന്നൽ നൽകി ഗ്രാമീണ കിയോസ്‌കുകൾ അടക്കമുള്ള എൻ.ജി.ഒ സംരംഭങ്ങൾക്ക് സാമ്പത്തിക പിന്തുണ നൽകി രംഗത്തുവന്നത്.
2004 -ൽ പൂർത്തിയാക്കിയ എന്റെ പി.എച്ച്.ഡി പ്രബന്ധം ആഗോളതലത്തിൽ തന്നെ ശക്തമായിക്കൊണ്ടിരുന്ന ഈ ഡിജിറ്റൽ സാർവലൗകികവാദത്തിന്റെ യുക്തിലോകത്തെ ചോദ്യം ചെയ്യുന്നതായിരുന്നു. അതിന്റെ രാഷ്ട്രീയ അടിത്തറയായിവർത്തിച്ച സൈബർ ലിബർട്ടെറിയൻ പ്രത്യയശാസ്ത്രത്തെ വിശദീകരിക്കാൻ ശ്രമിക്കുന്നതുമായിരുന്നു. അക്കാലത്ത് കേരളം, പോണ്ടിച്ചേരി, മധ്യപ്രദേശിലെ ധാർ ജില്ല, പഞ്ചാബിലെ ഭട്ടിണ്ട എന്നീ പ്രദേശങ്ങളിലെ ഗ്രാമ-നഗര പ്രവിശ്യകളിൽ ഇതുമായി ബന്ധപ്പെട്ടു ഞാൻ ഫീൽഡ് വർക്കും നടത്തിയിരുന്നു. വലിയ വൈപുല്യം അവകാശപ്പെടാൻ കഴിയില്ല എങ്കിലും സൈദ്ധാന്തികമായുള്ള അന്വേഷണങ്ങളോടൊപ്പം പ്രസക്തമായ ഫീൽഡ് ഡേറ്റയും കൂടി ശേഖരിച്ചുള്ള ഒരു പഠനമാണ് അന്ന് ലഭ്യമായ ചില ഉപാദാനങ്ങൾ ഉപയോഗിച്ച് നടത്താൻ ശ്രമിച്ചത്. പുസ്തക രൂപത്തിൽ ആവുന്നതിനു മുമ്പ് തന്നെ അതിലെ രണ്ടു മൂന്നു ഭാഗങ്ങൾ ഞാൻ അന്താരാഷ്ട്ര ജേർണലുകളിൽ പ്രസിദ്ധീകരിച്ചിരുന്നു.
ഒരു ചെറിയ പരിധിവരെയെങ്കിലും ഡിജിറ്റൽ സാങ്കേതികവിദ്യയുടെ മഹത്വവൽക്കരണത്തിന് പിന്നിലെ രാഷ്ട്രീയത്തെ വിമർശിക്കാനും വ്യത്യസ്തമായ ഒരു അനേഷണ സമീപനത്തിന് രൂപം കൊടുക്കാനുമുള്ള ശ്രമമായിരുന്നു എന്റേത്. അന്ന് ഞാൻ മുഖ്യധാരയിൽ നിന്ന് അകറ്റി നിർത്തപ്പെട്ടു എങ്കിലും എന്റെ വിമർശനങ്ങൾ പ്രധാനമാണ് എന്ന് ചുരുക്കം ചിലരെങ്കിലും അഭിപ്രായപ്പെടുകയും ചെയ്തു.
2010-ൽ പ്രമുഖ നരവംശശാസ്ത്രജ്ഞനായ വില്യം മാസറെല (William Mazzarella) ഡിജിറ്റൽ വിഭജനത്തെക്കുറിച്ചുള്ള ഒരു പ്രധാന ലേഖനം "അമേരിക്കൻ എത്‌നോളജി'സ്റ്റിൽ പ്രസിദ്ധീകരിക്കുമ്പോൾ (AMERICANETHNOLOGIST, Vol.37, No.4, pp.783-804) ഇതേക്കുറിച്ച് ഞാൻ എഴുതിയ രണ്ടു ലേഖനങ്ങൾ (De-Hyping ICTs, Information For Development, May-June:22-27 2003; ICTs and Development: Revisiting the Asian Experience, Science, Technology and Society 13(2):159-174, 2008 എന്നിവ). തുടക്കത്തിൽ തന്നെ ഉദ്ധരിക്കുന്നുണ്ട്. "Many of the ICT experiments aimed at poverty reduction are woundering. In fact,their performance has been dismal and most of these projects have ...failed to deliver on their promises. Anecdotal evidence showing the success of these projects crumbles under rational and critical scrutiny'എന്നും In its glory years, though, ICT4D promised to revolutionize development communication. In the language of Alexander Linden and Jackie Fenn's Hype Cycle Model (as adapted by Sreekumar 2003), those years around the millennium might be categorized as an early "peak of inflated expectations,' followed by a downward curve of 'disillusionment' and then a gradual upward movement toward "increasing realism' and perhaps even, ultimately, a 'plateau of productivity.' എന്നും അദ്ദേഹം എന്റെ നിരീക്ഷണങ്ങൾ ഉദ്ധരിക്കുന്നുണ്ട്.
ഭരണകൂട സമീപനവും കോർപറേറ്റ് സമീപനവും സിവിൽ സമൂഹത്തിലെ സ്റ്റേറ്റിസ്റ്റ് സമീപനവും ഒന്ന് ചേർന്ന് സൃഷ്ടിച്ച ഒരു മഹത്വവൽക്കരണ വ്യവഹാരത്തെ പൂർണമായും ചെറുക്കുക സാധ്യമായിരുന്നില്ല. അതിന്റെ ചില വിള്ളലുകൾ ചൂണ്ടിക്കാണിക്കുന്ന വിനീതമായ ഒരു വിമർശനാത്മക സമീപനമായിരുന്നു അന്ന് മുന്നോട്ടുവെക്കാൻ ശ്രമിച്ചത്. പച്ചക്കുതിര, മാതൃഭൂമി, മാധ്യമം, തുടങ്ങിയ വാരികകളിലും അക്കാലത്തു വിവരസമൂഹത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ച് ഞാൻ എഴുതാനിടയായത് ഈ പശ്ചാത്തലത്തിലായിരുന്നു. മാസറെലയെക്കൂടാതെ നിരവധി ഗവേഷകരും പഠിതാക്കളും ഡിജിറ്റൽ വിഭജനത്തിന്റെ മുഖ്യധാര നിലപാടുകളോടുള്ള എന്റെ വിമർശനത്തോട് പ്രതികരിച്ചിരുന്നു. പ്രധാനചിന്തകരിൽ ചിലരെങ്കിലും ആ ലേഖനങ്ങൾ ശ്രദ്ധിക്കുകയും പരാമർശിക്കുകയും ചെയ്തിട്ടുണ്ട്.
സമൂഹത്തിലെ മറ്റു അസമത്വങ്ങളുമായി ബന്ധമില്ലാതെ, ഭൗതിക-നൈതിക സംവിധാനങ്ങളുമായി ബന്ധമില്ലാതെ സംഭവിക്കുന്ന ഒന്നല്ല ഡിജിറ്റൽ സാങ്കേതികവിദ്യയുടെ വ്യാപനവും പ്രചാരവും.
അന്ന് ഞാൻ ഊന്നൽ നൽകിയ രണ്ടു പ്രധാന കാര്യങ്ങൾ ഇപ്പോഴും പ്രസക്തമാണ് എന്നാണ് എന്റെ വിശ്വാസം. ഒന്ന്, സമൂഹത്തിലെ മറ്റു അസമത്വങ്ങളുമായി ബന്ധമില്ലാതെ, ഭൗതിക-നൈതിക സംവിധാനങ്ങളുമായി ബന്ധമില്ലാതെ സംഭവിക്കുന്ന ഒന്നല്ല ഡിജിറ്റൽ സാങ്കേതികവിദ്യയുടെ വ്യാപനവും പ്രചാരവും. ആ ചർച്ചയിൽ പ്രധാനമായും പ്രസക്തമായത് ജാതി/വർഗ/ ലിംഗ അസമത്വങ്ങൾ എങ്ങനെ ഡിജിറ്റൽ മേഖലയിൽ അനുഭവപ്പെടുന്നു എന്ന അന്വേഷണമായിരുന്നു. ആക്‌സസ് എന്നത് കേവലമായ ഒരു സാങ്കേതിക പ്രശ്‌നമല്ല. മൂലധനവും, സാമൂഹിക മൂലധനവും, അമർത്യ സെൻ മുന്നോട്ടുവച്ച ആശയങ്ങളായ കേപ്പബിലിറ്റി, എൻടിറ്റിൽമെന്റ് എന്നെ സങ്കല്പ്പനങ്ങളുമെല്ലാം ചേർത്തുവച്ചുകൊണ്ടുവേണം ഇക്കാര്യം ചർച്ച ചെയ്യേണ്ടത് തന്നെ. Inclusion/exclusion എന്ന പ്രശ്‌നം ഈയൊരു പരിപ്രേക്ഷ്യത്തിലാണ് ഉന്നയിക്കപ്പെടേണ്ടത് എന്ന ധാരണയിലാണ് അക്കാലത്തു ഞാൻ എഴുതിയിരുന്നത്. ഇതു കൂടുതൽ വിശദീകരിച്ചുകൊണ്ട് ഒരു ലേഖനം 2007-ൽ ഞാൻ പ്രസിദ്ധീകരിച്ചിരുന്നു (Cyber kiosks and dilemmas of social inclusion in rural India, Media Culture & Society, 29 (6), 869-89).
രണ്ടാമതായി ചർച്ചയിൽ ഉന്നയിച്ച പ്രശ്‌നം ഡിജിറ്റൽ പൗരത്വവുമായി ബന്ധപ്പെട്ടതായിരുന്നു. അതിലെത്തന്നെ കാതലായ ഒരു പ്രശ്‌നമാണ് നവമാധ്യമ സാങ്കേതികവിദ്യയുടെ വ്യാപനവുമായി ബന്ധപ്പെട്ടു വരുന്ന ഇ-ഗവർണൻസ്/ഇ-വിദ്യാഭ്യാസ മേഖലകളിലെ ആക്‌സസ് എന്നു പറയുന്നത്. 2007- ൽ തന്നെയാണ് ഇതിനെക്കുറിച്ചുള്ള ഒരു ലേഖനവും എഴുതിയത്. (Decrypting E governance: Narratives, power play and participation, Electronic Journal for Information Systems in Developing Countries. 32(4), 1-24). പലപ്പോഴും സംഭവിക്കുന്നത്, ഡിജിറ്റൽ സാങ്കേതികവിദ്യയുടെ വ്യാപനം സാങ്കേതികവിദ്യയുടെ ലഭ്യതയിലുള്ള അന്തരം കുറക്കുകയല്ല, മറിച്ചു വർദ്ധിപ്പിക്കുകയാണ് എന്നുള്ളതാണ്. അതുമാത്രമല്ല, അത് ചില സന്ദർഭങ്ങളിൽ എങ്കിലും നിലനിൽക്കുന്ന അസമത്വങ്ങളെ ഇല്ലാതാക്കുകയല്ല പകരം അവയെ ദൃഢീകരിക്കുകയാണ് ചെയ്യുക എന്നതും അവഗണിക്കാൻ വയ്യാത്ത പ്രവണത തന്നെ ആയിരുന്നു. അന്നത്തെ ചർച്ചകളിൽ പ്രബലമായിരുന്ന സാങ്കേതിക നിർണ്ണയവാദത്തെയും ഉപകരണാത്മക ചിന്തയേയും ഭേദിക്കുന്ന ഒരു ചർച്ചക്ക് സാധ്യത ആരായുക എന്നത് വളരെ പ്രധാനമായിരുന്നു. അന്ന് കേരളത്തിൽ ഐ.ടി സ്‌കൂൾ, അക്ഷയ തുടങ്ങിയ പദ്ധതികൾ ആരംഭിച്ചിരുന്നു. സ്വാഭാവികമായും ആ ചർച്ചയിൽ കേരളവും കടന്നു വന്നു. 2007-ൽ തന്നെ ഇതിനെ കുറിച്ച് ഒരു ലേഖനവും എഴുതിയിരുന്നു (ICTs for governance and development: A critical review of Kerala's recent experiences. In A. Palackal & W. Shrum (Eds.), Information society and development: The Kerala experience (pp. 109-132).
ഡിജിറ്റൽ സാങ്കേതികവിദ്യയുടെ വ്യാപനം സാങ്കേതികവിദ്യയുടെ ലഭ്യതയിലുള്ള അന്തരം കുറക്കുകയല്ല, മറിച്ചു വർദ്ധിപ്പിക്കുകയാണ് എന്നുള്ളതാണ്. അതുമാത്രമല്ല, അത് ചില സന്ദർഭങ്ങളിൽ എങ്കിലും നിലനിൽക്കുന്ന അസമത്വങ്ങളെ ഇല്ലാതാക്കുകയല്ല പകരം അവയെ ദൃഢീകരിക്കുകയാണ്
കോവിഡാനന്തര കാലത്ത് ഈ ചർച്ചകൾ കൂടുതൽ സജീവമായിട്ടുണ്ട്. വിശേഷിച്ചും ഓൺലൈൻ പഠനം എന്നത് ഒരു ജീവിതയാതാർത്ഥ്യമായി അംഗീകരിക്കാൻ അദ്ധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും നിർബന്ധിക്കപ്പെടുന്ന പുതിയ സാഹചര്യം. എന്നാൽ എന്നെ സംബന്ധിച്ചിടത്തോളം കോവിഡ് ലോക്ക്ഡൗൺ അനുഭവം ഇക്കാര്യത്തിൽ അത്തരത്തിലുള്ള ആദ്യത്തെ അനുഭവമല്ല. സാർസ് പടർന്നു പിടിച്ച 2003 കാലത്ത് ഞാൻ ഇതേ അനുഭവങ്ങൾ പൊള്ളിക്കുന്ന ഒരു രാജ്യത്തു ഗവേഷണവും അധ്യാപനവും നിർവഹിക്കുക ആയിരുന്നു. ഏതാണ്ട് ഒരു സെമസ്റ്റർ കാലം മുഴുവനും ഓൺലൈൻ അധ്യാപനം നിർവഹിക്കേണ്ടി വന്നു. അക്കാലത്തു ഹോങ്കോങ്ങ് ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ ഞാൻ പഠിപ്പിച്ചിരുന്ന മോഡ്യൂൾ തന്നെ "Information Technology and Society' എന്നതായിരുന്നു.
അന്നെനിക്ക് ഓൺലൈൻ പഠനത്തിനു സ്വീകരിക്കേണ്ടി വന്ന ചില മാർഗ്ഗങ്ങളെക്കാൾ ശക്തവും ഫലപ്രദവുമായ ചില സാങ്കേതിക വിദ്യകൾ ഇന്ന് ലഭ്യമാണ്. എന്നാൽ അതിനോടുള്ള പ്രാപ്യതയുടെ പ്രശ്‌നം ഇന്ത്യൻ അവസ്ഥകളിൽ ഹോങ്കോങ്ങിൽ നിന്നും വളരെ വ്യത്യസ്തമാണ്. ഇത്രയും കാലത്തെ ചർച്ചകൾക്ക് ശേഷം ഈ കോവിഡ് കാലത്താണ് ഇന്ത്യൻ യൂണിവേഴ്സിറ്റികൾ പെട്ടെന്ന് ഡിജിറ്റൽ വിഭജനത്തിന്റെ പ്രശ്‌നത്തിലേക്ക് റിപ് വാൻ റിങ്കിലിനെപ്പോലെ ഞെട്ടിയുണരുന്നത്.
ഞാനിതെഴുതുന്നതിനു തൊട്ടുമുമ്പായി സൈബോർഗ്യൻ സാങ്കേതികവിദ്യയെക്കുറിച്ച് ഒന്ന് രണ്ടു കുറിപ്പുകൾ എഴുതിയിരുന്നു. പുതിയ ഡിജിറ്റൽ വിഭജനത്തിന്റെ സന്ദർഭത്തിനു ഇത് ആക്കം കൂട്ടുന്നുവെന്നു പലപ്പോഴും പോസ്റ്റ് ഹ്യുമൻ ചർച്ചകളിൽ സൂചിപ്പിച്ചിട്ടുമുണ്ട്. ഇപ്പോൾ The Coming Disruption എന്ന ഒരു അഭിമുഖത്തിൽ സ്‌കോട്ട് ഗലോവെ (Scott Galloway) ഏതാനും വരേണ്യ സൈബോർഗ് സർവ്വകലാശാലകൾ ഉന്നത വിദ്യാഭ്യാസ മേഖലയിൽ കുത്തക സ്ഥാപിക്കുകയാണ് എന്ന് വ്യാകുലപ്പെട്ടിരിക്കുന്നു (Intelligencer, May 11, 2020). ഇവിടെയാണ് നാം ഇപ്പോൾ എത്തിച്ചേർന്നിരിക്കുന്നത്. ഡിജിറ്റൽ വിഭജനത്തെയല്ല, വിവിധതരത്തിലുള്ള ഡിജിറ്റൽ വിഭജനങ്ങളെയാണ് നാം എക്കാലത്തും നേരിട്ടുട്ടുള്ളത്. ആ പ്രക്രിയ അവസാനിച്ചിട്ടില്ല. ഉടൻ അവസാനിക്കും എന്ന് തോന്നുന്നുമില്ല. അതുകൊണ്ട് തന്നെ ലോക്കൽ- ഗ്ലോബൽ തലങ്ങളിലുള്ള പരസ്പര ബന്ധിതമായ ഡിജിറ്റൽ വിഭജനത്തിന്റെ യുക്തിക്കുള്ളിൽ നിന്നുകൊണ്ടാല്ലാതെ അതിനെ ശാശ്വതമായി പരിഹരിച്ചു മുന്നോട്ടുപോകാൻ കഴിയുന്ന രാഷ്ട്രീയ - രാഷ്ട്രീയ സമ്പദ്ശാസ്ത്ര സാഹചര്യം ഉരുത്തിരിഞ്ഞിട്ടില്ല.
ഓരോ സർവകലാശാലയിലും ഇപ്പോൾ വ്യത്യസ്തമായ രീതികളിൽ ഡിജിറ്റൽ അസമത്വങ്ങൾ പഠനത്തിന്റെയും വിദ്യാഭ്യാസ ഭരണത്തിന്റെയും ഘടനയെ മാറ്റാൻ തുടങ്ങുകയാണ്. ഏറ്റവും ലളിതമായ രീതിയിൽ ആരംഭിക്കുക, എല്ലാവരെയും ഉൾക്കൊള്ളിക്കൽ (inclusion) എന്നത് പരമപ്രധാനമായ ലക്ഷ്യമായി സ്വീകരിക്കുക, വിദ്യാർഥി-അദ്ധ്യാപക ബന്ധത്തിന്റെ നൈസർഗ്ഗികതകൾ പൂർണ്ണമായും ചോർത്തിക്കളയാത്ത പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുക തുടങ്ങിയ കാര്യങ്ങൾ പരമപ്രധാനമാണ്. അതുപോലെ വെർച്വൽ നെറ്റുവർക്കുകൾ, മറ്റു ഓൺലൈൻ വിദ്യാഭ്യാസ വിഭവങ്ങൾ എന്നിവയുടെ പ്രാപ്യത സൗജന്യമായി എല്ലാവർക്കും ഉറപ്പുവരുത്തുക എന്നതും പ്രധാനമാണ്.
കൊട്ടിഘോഷിച്ച നിരവധി പരീക്ഷണങ്ങൾ പരാജയപ്പെട്ട ചരിത്രമുണ്ട്. നിരവധി പരീക്ഷണങ്ങൾ വെറും പൊള്ളത്തരങ്ങൾ ആയിരുന്നു എന്ന് പിന്നീട് തിരിച്ചറിയപ്പെട്ടിട്ടുണ്ട്. പരാജയങ്ങളും അപചയങ്ങളും മൂടിവയ്ക്കുകയും ചെറിയ വിജയങ്ങളെ അമിതമായി ഉൽഘോഷിച്ചുകൊണ്ട് കപടസാധൂകരണങ്ങൾ ചമക്കപ്പെട്ടിട്ടുണ്ട്.
പാർശ്വവൽക്കരിക്കപ്പെട്ടവർക്കും മറ്റു തരത്തിലുള്ള അസമത്വങ്ങൾ അനുഭവിക്കുന്നവർക്കും വളരെ വേഗത്തിൽ ഇപ്പോൾ വിദ്യാഭ്യാസ മേഖലയിൽ സംഭവിക്കുന്ന സാങ്കേതികവിദ്യാപരമായ മാറ്റങ്ങളെ തങ്ങൾക്കുകൂടി അനുകൂലമാക്കുക എന്നത് എളുപ്പമല്ല. നമ്മുടെ ജീവിതസമരങ്ങളുടെ ഒരു ഭാഗമായി അതിനായുള്ള സമരങ്ങളും കൂടുതൽ തീവ്രതയോടെ ഉയർന്നുവരേണ്ടതുണ്ട്. ഇതേക്കുറിച്ച് കൂടുതൽ തുടർചർച്ചകൾ ആവശ്യമാണ് എന്ന നിലപാടാണ് എനിക്കുള്ളത്. അതോടൊപ്പംതന്നെ ഇതുവരെ നടന്ന ചർച്ചകളിൽ നിന്നുള്ള പാഠങ്ങളും അപ-പാഠങ്ങളും കൂടി സ്വാശീകരിക്കുക എന്നതും ഒഴിവാക്കാനാവുന്ന കാര്യമല്ല. അതിലേറ്റവും പ്രധാനം മിന്നുന്നതെല്ലാം പൊന്നല്ല എന്ന ഈ മേഖലയിൽ വളരെ നേരത്തെ തന്നെ ഉണ്ടായിട്ടുള്ള തിരിച്ചറിവ് ഉൾക്കൊള്ളുക എന്നതാണ്. കൊട്ടിഘോഷിച്ച നിരവധി പരീക്ഷണങ്ങൾ പരാജയപ്പെട്ട ചരിത്രമുണ്ട്. നിരവധി പരീക്ഷണങ്ങൾ വെറും പൊള്ളത്തരങ്ങൾ ആയിരുന്നു എന്ന് പിന്നീട് തിരിച്ചറിയപ്പെട്ടിട്ടുണ്ട്. പരാജയങ്ങളും അപചയങ്ങളും മൂടിവയ്ക്കുകയും ചെറിയ വിജയങ്ങളെ അമിതമായി ഉൽഘോഷിച്ചുകൊണ്ട് കപടസാധൂകരണങ്ങൾ ചമക്കപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ രണ്ടു ദശാബ്ദക്കാലം ഈ ചർച്ചകളോടോപ്പം ആശയപരമായി സഞ്ചരിക്കാനും ചിലതൊക്കെ പ്രായോഗികമായി ചെയ്യാനും കഴിഞ്ഞ ഒരാൾ എന്നനിലയിൽ ഞാൻ കൂടുതൽ കരുതലോടെയാണ് ഈ പ്രശ്‌നത്തെ സമീപിക്കുന്നത്. ഓൺലൈൻ പഠനം മെച്ചപ്പെടുത്താൻ അവധാനതയോടെയും ക്ഷമയോടെയുമുള്ള കൂട്ടായ പ്രവർത്തനങ്ങൾ ആവശ്യമാണ്. അതിനുതകുന്ന സ്വതന്ത്രചിന്തയുടെ ഒരു സാഹചര്യം സൃഷ്ടിക്കേണ്ട ബാധ്യത ഭരണകർത്താക്കൾക്കുണ്ട്. അധികാര കേന്ദ്രീകരണത്തിന്റെയും അമിതാധികാര പ്രയോഗത്തിന്റെയും ഒരു സംസ്‌കാരം കോവിഡ് മാനേജ്‌മെന്റിന്റെ ഭാഗമായി ഉരുത്തിരിഞ്ഞു വന്നിട്ടുണ്ട്. അതിന്റെ ചുവടുപിടിച്ചുള്ള ജനാധിപത്യ വിരുദ്ധമായ നീക്കങ്ങൾ കൂട്ടായ സംരംഭങ്ങൾക്കാവശ്യമായ സർഗ്ഗാത്മകതയെ മുളയിൽത്തന്നെ നശിപ്പിക്കാനിടയുണ്ട്. അങ്ങനെ സംഭവിക്കാതിരിക്കട്ടെ എന്ന് ഞാൻ പ്രത്യാശിക്കുന്നു.