ഡോ. ആർ. ബിന്ദു

യു.ജി.സി വഴി ഗവർണർമാരിലൂടെ
സർവകലാശാലകളിലേക്കെത്തുന്നഖാപ്​ പഞ്ചായത്ത്

സർവകലാശാലകളെ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ താവളങ്ങളാക്കാനാണ് സംഘ്​പരിവാർ പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്. കൗശലത്തോടെയുള്ള ഇൻഫിൽട്രേഷനാണ് നടക്കുന്നത്. അഖിലേന്ത്യ തലത്തിൽ തന്നെ ആസൂത്രിതവും ഗൂഢവുമായ പ്ലാനിങ് അതിന് നടക്കുന്നുണ്ട്. ഇതിനായി, കേന്ദ്ര ഭരണകൂടത്തിന്റെ ഭാഗമായ ഏജൻസികളെ സമർഥമായി ഉപയോഗിക്കുന്നുണ്ട്.

​​

മനില സി. മോഹൻ: ഭരണഘടനാ ദിനമായ നവംബർ 26ന് ‘ഇന്ത്യ: ജനാധിപത്യത്തിന്റെ മാതാവ്' എന്ന വിഷയത്തിൽ 90 സർവകലാശാലകളിലായി 90 പ്രഭാഷണം നടത്താൻ യു.ജി.സി നിർദേശിച്ചിരിക്കുകയാണ്. വേദകാലം മുതൽ ഇന്ത്യയിൽ ജനാധിപത്യം നിലനിന്നിരുന്നു എന്ന ആശയമായിരിക്കും ഈ പ്രഭാഷണങ്ങളിലൂടെ മുന്നോട്ടുവക്കുക. ഭഗവത് ഗീത അടക്കമുള്ള പൗരാണിക സ്‌ക്രിപ്റ്റുകളെയും കൗടില്യന്റെ അർഥശാസ്ത്രം പോലുള്ള കൃതികളെയും മുൻനിർത്തി വൈദിക ബ്രാഹ്മണ്യം അടിസ്ഥാനമായ ഒരു ഭരണസംവിധാനത്തെ, ജനാധിപത്യത്തിന്റെ മാതൃക എന്ന നിലയ്ക്ക് അവതരിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം. ഖാപ് പഞ്ചായത്തിനെയാണ് ജനാധിപത്യത്തിന്റെ ആദ്യകാല മാതൃകയായി സ്ഥാപിച്ചെടുക്കുന്നത്. ഇത്തരം ഇടപെടലുകൾക്കായി ഉന്നത വിദ്യാഭ്യാസ മേഖലയെ ഉപയോഗപ്പെടുത്തുന്നതിനെ എങ്ങനെയാണ് കാണുന്നത്?

ഡോ. ആർ. ബിന്ദു: ആർ.എസ്.എസും ബി.ജെ.പിയുമൊക്കെ ചേരുന്ന സംഘപരിവാര ശക്തികൾ ജനാധിപത്യം എന്നു പറഞ്ഞ് വ്യാഖ്യാനിക്കുന്നത് ഉച്ചനീചത്വങ്ങളിൽ അധിഷ്ഠിതമായ, അസമത്വ ജഡിലമായ അധികാര ഘടനയെയാണ്. അതിനെയാണ് ഇവർ തിരിച്ചുകൊണ്ടുവന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നത്. ഖാപ് പഞ്ചായത്തുകൾ ആളുകളെ അടിച്ചുകൊല്ലാനും ശരീരത്തിൽ പുള്ളി കുത്തി കഴുതപ്പുറത്തുകയറ്റാനുമൊക്കെയാണ് വിധിച്ചിരുന്നത്. എന്നോ കാലഹരണപ്പെട്ട മൂല്യവ്യവസ്ഥകളുടെ പുനഃസ്ഥാപനമാണ് അവരുടെ ലക്ഷ്യം. ഹിന്ദു രാഷ്ട്രം എന്നൊരു സംഗതിയിലേക്ക് വിദ്യാഭ്യാസം അടക്കമുള്ള എല്ലാ കൾചറൽ എലമെന്റുകളെയും കൊണ്ടുപോകുകയാണ്. പെട്ടെന്ന് പിടിമുറുക്കാൻ കഴിയുക ഇതിലൂടെയൊക്കെയാണല്ലോ. അവരുടെ രാഷ്ട്രീയവും ഭരണപരവുമൊക്കെയായ കേന്ദ്രീകരണശ്രമങ്ങൾക്ക് പലതരം ഏജസികളെ ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ആശയപരവും പ്രത്യയശാസ്ത്രപരവുമായ സംസ്ഥാപനത്തിലൂടെയാണ് രാഷ്ട്രീയമായ അധികാരം പിടിച്ചെടുക്കാൻ അവർ വളരെ കൗശലപൂർവം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. അതിന് ഏറ്റവും അനിവാര്യം, വിദ്യാഭ്യാസമേഖലയിലേക്കും യൂണിവേഴ്‌സിറ്റികളിലേക്കുമുള്ള കടന്നുകയറ്റമാണ്.

സർവകലാശാകലകളുടെ ചാൻസലർമാർ കൂടിയായ ഗവർണർമാർക്കാണ് യു.ജി.സി ചെയർമാൻ, ഈ പ്രഭാഷണ പരിപാടിയുടെ നടത്തിപ്പിനുള്ള നിർദേശം നൽകിയിരിക്കുന്നത് എന്നത്, ഇതിനുപുറകിലെ ഗൂഢനീക്കം വെളിപ്പെടുത്തുന്നുണ്ട്. തങ്ങളുടെ ഭരണപരവും പ്രത്യയശാസ്ത്രപരവുമായ അജണ്ടകൾ സംസ്ഥാനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാനുള്ള ഉപകരണങ്ങളായി കേന്ദ്രസർക്കാർ ഗവർണർമാരെ ഉപയോഗപ്പെടുത്തുന്നത് കേരളത്തിലടക്കം നാം കണ്ടുകൊണ്ടിരിക്കുകയാണ്. വിദ്യാഭ്യാസമേഖലയിൽ ഇതിന്റെ പ്രത്യാഘാതമെന്തായിരിക്കും?

വിദ്യാഭ്യാസരംഗത്ത് വളരെ അമിതമായ കേന്ദ്രീകരണമാണ് ദേശീയ വിദ്യാഭ്യാസ നയം കൊണ്ട് ലക്ഷ്യമാക്കുന്നത്. അങ്കണവാടി മുതൽ റിസർച്ച് വരെയുള്ള കാര്യങ്ങളിൽ വിശദാംശങ്ങൾ തീരുമാനിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന സംവിധാനം, പ്രധാനമന്ത്രി അധ്യക്ഷനായ രാഷ്ട്രീയ ശിക്ഷാ ആയോഗ് ആണെന്നാണ് ദേശീയവിദ്യാഭ്യാസ നയം പറയുന്നത്. റിസർച്ചിന്റെ റഗുലേഷനുപോലും അത്തരത്തിൽ കേന്ദ്രീകൃത സംവിധാനമുണ്ടാക്കുകയാണ്. ഇന്നയിന്ന കാര്യങ്ങളിലാണ് റിസർച്ച് ചെയ്യേണ്ടത് എന്ന് തീരുമാനിക്കാനുള്ള കേന്ദ്രീകൃത സംവിധാനമുണ്ടാക്കുകയാണ്- ഒരു കേന്ദ്രീകൃത റിസർച്ച് അതോറിറ്റി. നമ്മുടെ സർവകലാശാലകളെ കൃത്യമായും ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ താവളങ്ങളാക്കാനാണ് ഇത്തരം നീക്കങ്ങളിലൂടെ അവർ പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്. കേന്ദ്ര സർവകലാശാലകളിൽ അവർ എങ്ങനെയാണ് പിടിമുറുക്കുന്നത് എന്ന് കുറച്ചുനാളുകളായി നമ്മൾ കണ്ടുകൊണ്ടിരിക്കുകയാണ്. കൗശലത്തോടെയുള്ള ഇൻഫിൽട്രേഷനാണ് നടക്കുന്നത്. ഫാഷിസ്റ്റ് നിലപാടുള്ള ഒരു ഭരണസംവിധാനമായി ഇത് പ്രവർത്തിക്കുന്നു എന്നു പറയുന്നത് വെറുതെയല്ല, വളരെ സൂക്ഷ്മതലത്തിൽ തന്നെ അത് പ്രവർത്തിക്കുന്നുണ്ട്. അതിങ്ങനെ കിനിഞ്ഞിറങ്ങുകയാണ്. എവിടെയൊക്കെയോ കയറിപ്പറ്റാം, അവിടെയൊക്കെ കയറിപ്പറ്റുകയാണ്. അഖിലേന്ത്യ തലത്തിൽ തന്നെ ആസൂത്രിതവും ഗൂഢവുമായ പ്ലാനിങ് അതിന് നടക്കുന്നുണ്ട്. ഇതിനായി, കേന്ദ്ര ഭരണകൂടത്തിന്റെ ഭാഗമായിട്ടുള്ള ഏജൻസികളെ സമർഥമായി ഉപയോഗിക്കുന്നുണ്ട്. കേരളത്തിലും അതിന്റെ പ്രതിഫലനമാണ് കാണാനാകുക.

റിസർച്ച് ആക്ടിവിറ്റീസും അതുപോലെ അധ്യാപകരെന്ന നിലയ്ക്ക് ഏറ്റെടുക്കേണ്ട മറ്റു ചുമതലകളുമൊക്കെ അധ്യാപനത്തിന്റെ ഭാഗമായി കണക്കാക്കില്ല എന്നൊരു സ്ഥിതി വന്നാൽ, ആ ചുമതലകൾ നിർവഹിക്കാൻ ഇനി അധ്യാപകർ മടിക്കും. തങ്ങളുടെ അധ്യാപന ജീവിതത്തെ റിഫ്രഷ് ചെയ്യാൻ റിസർച്ച് ആക്റ്റിവിറ്റീസ് തുടരേണ്ട ഒരു പ്രക്രിയയാണ്. പുത്തൻ ശാസ്ത്ര- സാങ്കേതികവിദ്യകളുടെ അനുസ്യൂതമായ കുതിച്ചുചാട്ടത്തിനിടയിൽ, റിസർച്ച് മാറ്റിവച്ച് അധ്യാപനം മുന്നോട്ടുകൊണ്ടുപോകാനും പറ്റില്ല. മുൻകാലങ്ങളിലെ നിലപാടുകളിൽനിന്ന് യു.ജി.സി വഴുതിമാറിയത് എന്തുകൊണ്ടാണ് എന്ന് പരിശോധിക്കേണ്ടിവരും. ▮

Comments