എം. ഗീതാനന്ദൻ

പട്ടിക വർഗ വിദ്യാർഥികളുടെ പഠന നിലവാരം ഉറപ്പാക്കാൻ
​സർക്കാർ പദ്ധതികളുണ്ട്​ എന്നത്​ തെറ്റിധാരണയാണ്​

പട്ടിക വർഗ വിദ്യാർഥികളുടെ പഠനനിലവാരത്തിൽ കേരളം കേന്ദ്ര ശരാശരിയയേക്കാളും താഴെയാണെന്ന് വ്യക്തമാക്കുന്ന ദേശീയ പഠന നിലവാര സർവേയിലെ കണ്ടെത്തലുകൾ ഒരു ഗുരുതര പ്രശ്​നമാണ്​. പട്ടിക വർഗ വിദ്യാർഥികളുടെ പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസത്തിന്റെ നിലവാരം ഉറപ്പുവരുത്താൻ സവിശേഷമായ പദ്ധതികൾ വിദ്യാഭ്യാസവകുപ്പിനുണ്ട്​ എന്നത്​ ഒരു തെറ്റിധാരണ മാത്രമാണ്​ എന്നാണ്​ ഈ കണ്ടെത്തലുകൾ സൂചിപ്പിക്കുന്നത്​.

കെ. കണ്ണൻ: പട്ടിക വർഗ വിദ്യാർഥികളുടെ പഠനനിലവാരത്തിൽ കേരളം കേന്ദ്ര ശരാശരിയയേക്കാളും താഴെയാണെന്ന് വ്യക്തമാക്കുന്ന ദേശീയ പഠന നിലവാര സർവേ (എൻ.എ.എസ്​) പുറത്തുവന്നിട്ടുണ്ടല്ലോ. കോവിഡുകാലത്തിനുശേഷം നടന്ന സർവേയിലാണ് ഈ കണ്ടെത്തലുള്ളത്. ഭാഷ, കണക്ക്, സാമൂഹിക ശാസ്ത്രം, ശാസ്ത്രം എന്നീ വിഷയങ്ങളിൽ നടന്ന പരിശോധനയിൽ ഓരോ ക്ലാസിലും പഠനമികവ് ദേശീയ ശരാശരിയേക്കാൾ കുറവാണ്. കേരളത്തിൽ ആദിവാസി വിഭാഗങ്ങളുടെ വിദ്യാഭ്യാസ നിലവാരം ഉറപ്പാക്കാൻ നിരവധി സർക്കാർ സംവിധാനങ്ങളുണ്ട്. അത്തരം ഔദ്യോഗിക സംവിധാനങ്ങളുടെയും പദ്ധതികളുടെയും കാര്യക്ഷമതയെക്കുറിച്ച് ഗുരുതരമായ സംശയങ്ങളുയർത്തുന്ന കണ്ടെത്തലല്ലേ ഇത്?

എം. ഗീതാനന്ദൻ: ഔദ്യോഗിക സംവിധാനങ്ങളുടെ കാര്യക്ഷമതയുമായി ബന്ധപ്പെട്ട ഒരു പ്രശ്‌നം ഇതിലുണ്ട്. അതേസമയം, ഒരു തെറ്റിധാരണയും കൂടിയുണ്ട്, അതായത്, പട്ടിക വർഗ വിദ്യാർഥികളുടെ പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസത്തിന്റെ നിലവാരം ഉറപ്പുവരുത്താൻ സവിശേഷമായ പദ്ധതികൾ വിദ്യാഭ്യാസവകുപ്പിനുണ്ട്​ എന്ന തെറ്റിധാരണ. അത്തരം പദ്ധതികൾ ഉണ്ട്​ എന്നത് പൊതുധാരണ മാത്രമാണ്. ഈ വിഭാഗത്തിന്റെ പിന്നാക്കാവസ്ഥ പരിഗണിച്ച് അവരുടെ വിദ്യാഭ്യാസ നിലവാരം ഉയർത്തുക, കൊഴിഞ്ഞുപോക്ക് തടയുക തുടങ്ങിയ വിഷയങ്ങൾ കൈകാര്യം​ ചെയ്യാൻ വിദ്യാഭ്യാസ വകുപ്പിന് യാതൊരു പദ്ധതികളുമില്ല. 2016ൽ തുടങ്ങിയ എഡ്യുക്കേഷൻ മിഷൻ എന്നൊരു പരിപാടിയാണ്​ (Public Education Rejuvenation Mission) സംസ്ഥാന സർക്കാർ അവസാനമായി തുടങ്ങിയ ബ്രഹദ് പദ്ധതി. അതിന് 1000 കോടിയിലധികം രൂപയായിരുന്നു വകയിരുത്താൻ ആലോചന. നല്ല കെട്ടിടങ്ങൾ, ലാബ്, ശീതീകരിച്ച മുറി, കമ്പ്യൂട്ടർ അടക്കമുള്ള സൗകര്യങ്ങൾ തുടങ്ങിയ സംവിധാനങ്ങൾ കൊണ്ടുവന്ന്​ സർക്കാർ സ്‌കൂളുടെ നിലവാരം ഉയർത്തുക, അങ്ങനെ പൊതുവിദ്യാഭ്യാസ മേഖലയിൽനിന്ന് സ്വകാര്യ എയ്ഡഡ് മേഖലയിലേക്കുള്ള ഒഴുക്ക് തടയുക എന്നതായിരുന്നു ലക്ഷ്യം.

പട്ടിക വർഗ വിദ്യാർഥികളുടെ പഠനനിലവാരത്തിൽ കേരളം കേന്ദ്ര ശരാശരിയയേക്കാളും താഴെയാണെന്ന് വ്യക്തമാക്കുന്ന ദേശീയ പഠന നിലവാര സർവേയിലെ കണക്കുകൾ

പക്ഷെ, വലിയൊരു വിഭാഗം വിദ്യാർഥികൾ പ്രൈമറി മുതൽ സെക്കൻഡറി തലം വരെ ഘട്ടംഘട്ടമായി കൊഴിഞ്ഞുപോകുന്നതായി കണക്കുണ്ട്. സർക്കാർ രേഖകളിൽ ഇതിനെ ‘ഡ്രോപ്പൗട്ട് സിൻഡ്രോം' എന്നാണ് വിശേഷിപ്പിക്കുന്നത്. ഒന്നാം ക്ലാസിൽ എൻറോൾ ചെയ്യുന്ന ആദിവാസി വിഭാഗത്തിൽ പെടുന്ന കുട്ടികളിൽ 90 ശതമാനവും പത്താം ക്ലാസ് കഴിയുന്ന മുറയ്ക്ക് വിദ്യാഭ്യാസം അവസാനിപ്പിക്കുന്നു. ഇത് പരിഹരിക്കാൻ, സവിശേഷമായ നടപടി വിദ്യാഭ്യാസ വകുപ്പിനില്ല. ആദിവാസികളിൽ, ഏറ്റവും പിന്നാക്ക വിഭാഗക്കാരാണ് ഭൂരിപക്ഷവും. രണ്ടും മൂന്നും തലമുറകൾ വിദ്യാസമ്പന്നരായ ചെറു കമ്യൂണിറ്റി ഇവർക്കിടയിലുണ്ട്. കുറിച്യ, കുറുമ, മലയരയ വിഭാഗക്കാർ മാത്രമാണ് പൊതുസമൂഹത്തോട് കിടപിടക്കാവുന്ന വിദ്യാഭ്യാസ നിലവാരത്തിലേക്ക് എത്തിയിട്ടുള്ളൂ. പണിയ, അടിയ, കാട്ടുനായ്ക്ക, ഊരാളി പോലുള്ള വലിയ വിഭാഗങ്ങൾ, ഭൂമിയുണ്ടെങ്കിലും വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ പിന്നിലുള്ള മുതുവാൻ, അട്ടപ്പാടിയിലുള്ള കുറുമ്പ എന്നീ വിഭാഗങ്ങളാണ് ‘ഡ്രോപ്പൗട്ട് സിൻഡ്രോം' എന്ന പ്രതിഭാസത്തിന് വിധേയരാകുന്നത്.

നമ്മൾ ദേശീയ ശരാശരിയേക്കാൾ താഴെയാണ് എന്നത് ഗുരുതര വെല്ലുവിളിയാണ്. നമ്മൾ ഇതുവരെ ഈ പ്രശ്‌നം വിദ്യാഭ്യാസ മണ്ഡലത്തിൽ അഡ്രസ് ചെയ്തിട്ടില്ല എന്നാണ്​ ഇത്​ തെളിയിക്കുന്നത്​. 25 വർഷമായി, ‘ഡ്രോപ്പൗട്ട്​ സിൻഡ്രോം’ എന്നത് സർക്കാർ അംഗീകരിച്ചിട്ടുണ്ടെങ്കിലും പരിഹാര നടപടിയൊന്നുമുണ്ടായില്ല.

ഈ പ്രശ്​നത്തിന്​ സവിശേഷമായ പരിഹാരം ഇതുവരെ കണ്ടെത്തിയിട്ടില്ല. പറയാവുന്ന ഒന്ന്, വയനാട്, നിലമ്പൂർ മേഖലയിൽ 300- ഓളം ട്രൈബൽ വളണ്ടിയർ ടീച്ചർമാരെ- മെന്റർ ടീച്ചർമാർ- നിയോഗിച്ചിട്ടുണ്ട്​. കുട്ടികൾ സ്‌കൂളിൽ വരുന്നത് ഉറപ്പാക്കുക, ഗോത്രഭാഷാ പിന്തുണ നൽകുക തുടങ്ങിയ ലക്ഷ്യങ്ങളുള്ള വളണ്ടിയർമാരാണിവർ. ഇവർക്ക്​ 20,000 രൂപ ഓണറേറിയം കൊടുക്കും. ഈ സംവിധാനം കൊണ്ട്​ ഈ പ്രതിഭാസത്തിന് മാറ്റമുണ്ടാക്കാനായിട്ടില്ല. ഇത് ചെയ്തതുതന്നെ ബഡ്ജറ്ററി ഫണ്ടു കൊണ്ടല്ല, മറ്റു ഫണ്ടുകളിൽനിന്ന് ഡൈവർട്ട് ചെയ്തിട്ടാണ് ഇത് ചെയ്യുന്നത്. അതുകൊണ്ട്, സ്ഥിരനിയമനം ഇതുപയോഗിച്ചുണ്ടാകില്ല.

ഞങ്ങളുടെ പക്ഷത്തുനിന്ന് ഇതിന് പല പരിഹാരങ്ങളും നിർദേശിച്ചിട്ടുണ്ട്. ഒന്ന്, ലോക്കൽ ലെവൽ ലേണിംഗ് സെന്റർ വേണം. ഗോത്ര ഭാഷയെ ഒന്നാം ഭാഷയായി പരിഗണിക്കുന്ന ബഹുഭാഷാ കരിക്കുലം വേണം. ഊരുകളിൽ തന്നെ പ്രാദേശികമായി പാഠശാലകൾ വേണം. കാരണം, ഈ കുട്ടികളിലാരും തന്നെ പൊതുസമൂഹത്തിലെ കുട്ടികളെപ്പോലെ എൽ.കെ.ജി- യു.കെ.ജി പോലുള്ള പ്രീ പ്രൈമറി എഡ്യുക്കേഷൻ ട്രെയിനിംഗ് കിട്ടുന്നവരല്ല. അതുകൊണ്ട് ഒന്നാം ക്ലാസിൽ ചേരുമ്പോൾ തന്നെ അക്ഷരമാലകൾ അറിയുന്നവരോ കൂട്ടാനോ കിഴിക്കാനോ ശേഷിയുള്ളവരോ ആയിരിക്കില്ല.

എൻ.എ.എസ്​ റിപ്പോർട്ട് വച്ച് നോക്കുമ്പോൾ, ദേശീയതലത്തിൽ കാട്ടിൽ കഴിയുന്ന ആദിവാസികളാണ് ഭൂരിപക്ഷവും. കേരളത്തിൽ ഭൂരിപക്ഷവും കാട്ടിൽ കഴിയുന്നവരല്ല, അർബൻ സാമീപ്യമുള്ള കുട്ടികളാണ് എന്നതും ഒരു പ്രധാന കാര്യമാണ്. വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ വളരെ മുന്നിലുള്ള പൊതുസമൂഹമാണ് നമ്മുടേത്​. സ്‌കൂൾ ശൃംഖല എല്ലായിടത്തുമുണ്ട്. എന്നിട്ടും, നമ്മൾ ദേശീയ ശരാശരിയേക്കാൾ താഴെയാണ് എന്നത് ഗുരുതര വെല്ലുവിളിയാണ്, നമ്മൾ ഇതുവരെ ഈ പ്രശ്‌നം വിദ്യാഭ്യാസ മണ്ഡലത്തിൽ അഡ്രസ് ചെയ്തിട്ടില്ല എന്നാണ്​ ഇത്​ തെളിയിക്കുന്നത്​. 25 വർഷമായി, ‘ഡ്രോപ്പൗട്ട്​ സിൻഡ്രോം’ എന്നത് സർക്കാർ അംഗീകരിച്ചിട്ടുണ്ടെങ്കിലും പരിഹാര നടപടിയൊന്നുമുണ്ടായില്ല.

കേരളത്തിൽ, പാഠ്യപദ്ധതി പരിഷ്‌കരണ ചർച്ചകളിൽ ജന്റർ ന്യൂട്രൽ പോലുള്ള വിഷയങ്ങൾ ചർച്ച ചെയ്യപ്പെടുന്നുണ്ട്​. അത് വിവാദത്തിലേക്കും വർഗീയവൽക്കരണത്തിലേക്കും വികസിക്കുകയും ചെയ്യുന്നുണ്ട്. ഉടൻ ഇക്കാര്യത്തിൽ അഭിപ്രായം പറയേണ്ടത് കാന്തപുരമൊക്കെയായി മാറും. പ്രശ്‌നങ്ങളുടെ വഴിതിരിച്ചുവിടലാണിത്.

ഏറ്റവും ചുരുങ്ങിയത് പ്രീ പ്രൈമറി എഡ്യുക്കേഷൻ മൾട്ടി ല്വിംഗൽ ആയിരിക്കണം. അതായത്, ബോധന മാധ്യമത്തിൽ ഗോത്രഭാഷയും കൂടി ഉൾപ്പെടുത്തണം. ഒന്നാം ക്ലാസിലെത്തുമ്പോൾ, തികച്ചും അന്യമായ ഒരു ഭാഷ സംസാരിക്കുന്ന അധ്യാപകരും മറ്റുമായിരിക്കും ഇവർക്കുമുന്നിലുണ്ടാകുക. സ്‌കൂളിലേക്ക് വരുന്നതിനുമുമ്പ് ഈ കുട്ടികൾ മലയാളം വീട്ടിൽ സംസാരിക്കുന്നവരല്ല. ഈ വിഷയം അഡ്രസ് ചെയ്യുന്നവരല്ല അധ്യാപകർ. അവർ എഴുത്തും വായനയും അറിയുന്നവരെ പ്രമോട്ട് ചെയ്തുകൊണ്ടിരിക്കും. വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ ഏറെ മുന്നോട്ടുപോയ സംസ്ഥാനമാണ് കേരളം എങ്കിലും ഇത്തരം വശങ്ങൾ ഇതുവരെ പരിഗണിക്കപ്പെടാത്ത ഒരു സമൂഹമാണ് എന്നതിന്റെ വൈരുധ്യമുണ്ട്.

എൻ.എ.എസ്​ റി​പ്പോർട്ട്​ നോക്കിയാൽ, പത്താം ക്ലാസിന്റെ അടുത്തെത്തുമ്പോൾ ദേശീയ ശരാശരിക്ക് അടുത്തുവരുന്നുണ്ട്. മാത്രമല്ല, ഇംഗ്ലീഷിന്റെ കാര്യത്തിൽ തത്തുല്യമാണ് നിലവാരം. പ്രാദേശിക ഭാഷയേക്കാളേറെ ഇംഗ്ലീഷിൽ ഇവർക്ക് വഴക്കമുണ്ടാകാം.

പുതിയ ദേശീയ വിദ്യാഭ്യാസ നയത്തെക്കുറിച്ച് ചിന്തിക്കുകയും അതിനനുസരിച്ച പരിപാടികൾ നടപ്പിലാക്കപ്പെടുകയും ചെയ്തുകൊണ്ടിരിക്കുകയാണിപ്പോൾ. പുതിയ വിദ്യാഭ്യാസ നയസമീപനങ്ങളിൽ പട്ടികവർഗ വിദ്യാർഥികളുടെ സ്ഥാനം എവിടെയായിരിക്കും?

ദേശീയ വിദ്യാഭ്യാസ നയത്തിൽ, മൂന്നു വയസ്സുമുതൽ നിർബന്ധിത വിദ്യാഭ്യാസ പരിധിയിലേക്ക് കൊണ്ടുവരുന്നുണ്ട്, മാതൃഭാഷ നിർബന്ധമാക്കുന്നുണ്ട്. ഇതുരണ്ടും പ്രധാനപ്പെട്ടവയാണ്. നമ്മുടെ മുന്നിൽ റൈറ്റ് ടു എഡ്യുക്കേഷൻ നിയമവും ഉണ്ടല്ലോ. പ്രീ പ്രൈമറി- പ്രൈമറി തലങ്ങളിൽ ഈ മൂന്നു സാധ്യതകൾ എങ്ങനെയാണ് കേരളം പ്രയോജനപ്പെടുത്താൻ പോകുന്നത് എന്ന കാര്യത്തിൽ കാര്യമായ ചർച്ച നടന്നിട്ടില്ല. കേരളത്തിൽ, പാഠ്യപദ്ധതി പരിഷ്‌കരണ ചർച്ചകളിൽ ജന്റർ ന്യൂട്രൽ പോലുള്ള വിഷയങ്ങൾ ചർച്ച ചെയ്യപ്പെടുന്നുണ്ട്​. അത് വിവാദത്തിലേക്കും വർഗീയവൽക്കരണത്തിലേക്കും വികസിക്കുകയും ചെയ്യുന്നുണ്ട്. ഉടൻ ഇക്കാര്യത്തിൽ അഭിപ്രായം പറയേണ്ടത് കാന്തപുരമൊക്കെയായി മാറും. പ്രശ്‌നങ്ങളുടെ വഴിതിരിച്ചുവിടലാണിത്. ജന്റർ ഇക്വാലിറ്റി നിശ്ചയമായും പ്രധാനപ്പെട്ടതാകുമ്പോൾ തന്നെ, അടിസ്ഥാന പ്രശ്‌നം മാർജിനലൈസ്ഡ് കമ്യൂണിറ്റികളെ സംബന്ധിച്ചുള്ളതാണ്.

രണ്ടു വർഷം മുമ്പ് തെന്മല മോഡൽ റസിഡൻഷ്യൽ സ്​കൂളിൽ പ്ലസ്​ വണ്ണിന്​ നാലു കുട്ടികളെ ചേർത്തു. മുടി വെട്ടി വരാനാണ് ആദ്യ ദിവസം അവരോടു പറഞ്ഞത്. ഇവരൊക്കെ നന്നായി ഹെയർസ്‌റ്റൈലൊക്കെ ചെയ്ത് കടുക്കനൊക്കെയിട്ട് വരുന്നവരാണ്. അവർക്ക് ഒരാഴ്ച പോലും അവിടെ പിടിച്ചുനിൽക്കാനായില്ല.

പൊതുവിദ്യാഭ്യാസത്തിന്റെ വലിയൊരു മേന്മ, ക്ലാസ് റൂം എന്ന പൊതുവിടം ഏറ്റവും സാധാരണക്കാർക്കുവരെ പ്രാപ്യമാക്കി എന്നതാണ്. എന്നാൽ, ‘ഡ്രോപ്പൗട്ട് സിൻഡ്രോം’ പോലുള്ള പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാതിരുന്നതുകൊണ്ടുതന്നെ, പൊതുവിടത്തിൽനിന്ന് ഈ വിഭാഗം അറിയാതെ ബഹിഷ്‌കൃതരായിക്കൊണ്ടിരുന്നു. കോവിഡ് കാലം ഇതിനെ അതിരൂക്ഷമാക്കി. രണ്ടുവർഷം കൊണ്ട് ആഗോളതലത്തിൽ തന്നെ ഈ വിഭാഗം കുട്ടികൾ പൊതുവിടത്തിൽനിന്ന് പുറത്തുപോയി. ഓൺലൈൻ വിദ്യാഭ്യാസം കൊണ്ടുവരികയാണ് ഇതിന് ചെയ്ത പരിഹാരം. എന്നാൽ, ഓൺലൈൻ പഠനം മാർജിനലൈസേഷൻ വർധിപ്പിക്കുകയാണ് ചെയ്തത്. ഇവർക്ക് മൊബൈൽ ഫോൺ അടക്കമുള്ള ഗാഡ്ജറ്റുകളില്ല. കേരളത്തിൽ ആത്മഹത്യകൾ വരെ നടന്നുവല്ലോ. വിദ്യാഭ്യാസം നൽകുന്ന പൊതുവിട സാധ്യതയെ, ക്ലാസ് റൂം എന്നതിനെ തിരസ്‌കരിച്ച് ഈ പ്രശ്‌നം പരിഹരിക്കാനാകില്ല. ക്ലാസ് റൂമിലേക്ക് എല്ലാവരെയും എത്തിക്കുകയാണ്​ വേണ്ടത്​. നിലവിലെ ക്ലാസ് റൂമിന് ആക്‌സസബിലിറ്റിയില്ലെങ്കിൽ, ആക്‌സസ് ആക്കാനുള്ള തരത്തിലേക്ക് താഴേക്ക് കൊണ്ടുപോകണം. കൂടുതൽ ഇൻക്ലൂസീവ് ആക്കാൻ നടപടി വേണം. കുട്ടികൾ കൊഴിഞ്ഞുപോകുന്നുണ്ടെങ്കിൽ അതിനുള്ള കാരണം ശാസ്ത്രീയമായി പരിശോധിക്കണം- പ്രശ്​നം ഭാഷയാണെങ്കിൽ അത്, ദാരിദ്ര്യമാണെങ്കിൽ അത്, പരിഹരിക്കണം.

Photo: thebetterindia.com

മെന്ററിംഗ് എന്നത് പുതിയ മെത്തഡോളജിയുടെ ഭാഗമായി വരണം, ഗാർഹികമായ ഒരന്തരീക്ഷത്തിന്റെയും സ്‌കൂളിംഗ് എന്നതിന്റെയും അതിർവരമ്പ് കുറച്ചുകൊണ്ടുവരുന്ന ഒരു എലമെൻറ്​ എന്ന നിലയ്ക്ക്. അതുകൊണ്ട് മെന്റർ ടീച്ചർ എന്നത് സ്ഥായിയായ സംവിധാനമാകണം. ഗോത്രഭാഷയിൽ മീഡിയേറ്റ് ചെയ്യാൻ പറ്റുന്ന ഒരാൾ. അങ്ങനെ ലോക്കലി റിഫോം ചെയ്യപ്പെട്ട ക്ലാസ് റൂമിലേക്ക് ഡിജിറ്റൽ സംവിധാനം കൂടി നൽകുകയാണെങ്കിൽ വലിയ മാറ്റമുണ്ടാകും.

പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട ചർച്ചകളിൽ ഗോത്ര സംസ്‌കാരം, ഇവരുടെ കൈവശമുള്ള പരമ്പരാഗതമായ സയൻറിഫിക് അറിവുകൾ എന്നിവയെക്കുറിച്ച് ഒരുതരം അവലോകനങ്ങളും നടക്കുന്നില്ല. ഇവയെല്ലാം പാഠപുസ്തകങ്ങളിൽ ഉള്ളടക്കമായി വരണം. ഗോത്രവർഗക്കാരെക്കുറിച്ച്​ വളരെ റൊമാന്റിക്കും സാങ്കൽപ്പികവുമായ കാര്യങ്ങളാണ്​ ഇപ്പോഴും പ്രചരിപ്പിക്കുന്നത്. ഏറ്റവും പുതിയ മോഡിലേക്ക് ലൈഫ് സ്‌റ്റൈൽ മാറിക്കൊണ്ടിരിക്കുന്ന ഒരു തലമുറയാണവരുടേത്. ആ നിലയ്ക്കുള്ള അവരുടെ പ്രസൻസാണ് കൊണ്ടുവരേണ്ടത്. ഉദാഹരണത്തിന്, അവർക്കിടയിൽനിന്ന് കലക്ടറായി ഒരാൾ വന്നിട്ടുണ്ടെങ്കിൽ, അവരുടെ പേഴ്‌സണൽ സ്ട്രഗ്ൾ എന്തായിരുന്നു എന്നതാണ് പാഠപുസ്തകത്തിൽ വരേണ്ടത്. അവരുടെ പരമ്പരാഗത അറിവ് മറ്റു സമൂഹങ്ങൾക്കുകൂടി കൈമാറ്റം ചെയ്യാനുള്ള പൊതുവിടമായി ക്ലാസ് റൂം മാറണം.

അവർ ഉപയോഗിക്കുന്ന സയന്റിഫിക് ടൂൾസിനെ എങ്ങനെയാണ് മോഡോൺ സയൻസുമായി ലിങ്കു ചെയ്യുക എന്ന തരത്തിൽ ഒരു സയന്റിഫിക് അവബോധം സൃഷ്ടിക്കുന്നതിനുപകരം, ഇവർക്ക്​ സയൻസ് ശരിയാകില്ല എന്ന ഒരു പൊതുബോധം ഉണ്ടാക്കുന്നുണ്ട്, ക്ലാസ് റൂമുകളിൽ. അതുകൊണ്ട്, പ്ലസ് ടുവിന് 99 ശതമാനം കുട്ടികളും ഹ്യുമാനിറ്റീസാണ് തെരഞ്ഞെടുക്കുക.

എൻ.എ.എസ്​ റിപ്പോർട്ടിൽ ഹ്യുമാനിറ്റീസ്, സോഷ്യൽ സയൻസ്, സയൻസ് എന്നിവക്ക് വേർതിരിവില്ലാത്ത രീതിയിൽ ഒരേ ശരാശരിയാണ് ദേശീയ ആവറേജുമായി കാണിക്കുന്നത്. സത്യത്തിൽ ഇവർ സയന്റിഫിക് അറിവില്ലാത്തവരല്ല. ഒന്നാം ക്ലാസിലെ കുട്ടിക്ക് അവരുടെ ജീവിതപരിസരത്തുനിന്ന് ഇതുമായി ബന്ധപ്പെട്ട നല്ല ഉത്തരം നൽകാൻ കഴിയും. മറ്റൊരു സിവിൽ സൊസൈറ്റിയിൽനിന്നുവരുന്ന കുട്ടിക്ക് ഉത്തരം പറയാൻ കഴിയണമെന്നില്ല. ഇവരുടെ അറിവിന്​ ഒരു സയൻസുണ്ട്, എന്നാൽ, ഇതിനെ സയൻസായി നമ്മൾ എടുക്കാറില്ല എന്നുമാത്രം, പകരം, മത്സരങ്ങളിലെ ആർട്ടിസെന്ററിയായി ചുരുക്കും. അവർ ഉപയോഗിക്കുന്ന സയന്റിഫിക് ടൂൾസിനെ എങ്ങനെയാണ് മോഡോൺ സയൻസുമായി ലിങ്കു ചെയ്യുക എന്ന തരത്തിൽ ഒരു സയന്റിഫിക് അവബോധം സൃഷ്ടിക്കുന്നതിനുപകരം, ഇവർക്ക്​ സയൻസ് ശരിയാകില്ല എന്ന ഒരു പൊതുബോധം ഉണ്ടാക്കുന്നുണ്ട്, ക്ലാസ് റൂമുകളിൽ. അതുകൊണ്ട്, പ്ലസ് ടുവിന് 99 ശതമാനം കുട്ടികളും ഹ്യുമാനിറ്റീസാണ് തെരഞ്ഞെടുക്കുക.

Photo: Sreenidhi Sreekumar FB Page

ഇവരുടെ വിദ്യാഭ്യാസ വിഷയത്തിൽ, മറ്റൊരു പരിഹാരശ്രമം കൊണ്ടുവന്നത് റസിഡൻഷ്യൽ ട്യൂട്ടറിംഗിലൂടെയാണ്. ഇത് ഭയങ്കരമായ കൗണ്ടർ പ്രൊഡക്റ്റീവായി ഞങ്ങൾക്ക് തോന്നിത്തുടങ്ങിയിരിക്കുന്നു. ശാസനാധികാര രൂപവും ജയിൽമുറയുമാണ് അവിടെയുള്ളത്. ഒരുതരം മർദ്ദനബോധന രീതി. ഇവിടെ, ഈ വിദ്യാർഥികളുടെ കലാകായികശേഷികളൊന്നും പ്രമോട്ടു ചെയ്യില്ല. ഞങ്ങളുടെ അനുഭവത്തിൽ, ഒറീസയിലൊക്കെ കോർപറേറ്റുകളുടെ കൈയിലുള്ള സ്‌കൂളുകളുടെ മറ്റൊരു വകഭേദം. ഇത്തരം സ്‌കൂളുകൾ പൂട്ടണം എന്നല്ല, ഉന്നത നിലവാരമുള്ള സ്‌കൂളുകൾ ഗ്രാമീണമേഖലയിലേക്ക് പോകണം എന്നതാണ്​ ഞങ്ങളുടെ ആവശ്യം. ഗാർഹികാവസ്ഥയിൽനിന്ന് ഇവരെ പറിച്ച് ഹോസ്റ്റൽ അന്തരീക്ഷത്തിലേക്ക് കൊണ്ടുവരുന്നതിനുപകരം ഒരു പ്രത്യേക വിഭാഗം കമ്യൂണിറ്റി നിൽക്കുന്ന ഒരു ഗ്രാമത്തിൽ ഉന്നത നിലവാരമുള്ള സ്‌കൂൾ സ്ഥാപിച്ച്​ അതിനെ എല്ലാവർക്കും ആക്‌സസുള്ള ഒരു സെന്ററാക്കി മാറ്റാം. ഗ്രാമങ്ങളും മാതാപിതാക്കളും കുടുംബവും കമ്യൂണിറ്റി കൾച്ചറും ഈ കുട്ടികളുടെ കരുത്താണ് എന്ന്​ മനസ്സിലാക്കണം. എന്നാൽ, റസിഡൻഷ്യൽ സ്‌കൂളുകളിൽ ഇവരുടെ ട്യൂട്ടർമാരും ഗാർഡുകളും ഈ കൾച്ചർ അംഗീകരിക്കുന്നവരല്ല. രണ്ടു വർഷം മുമ്പ് തെന്മല മോഡൽ റസിഡൻഷ്യൽ സ്​കൂളിൽ പ്ലസ്​ വണ്ണിന്​ നാലു കുട്ടികളെ ചേർത്തു. മുടി വെട്ടി വരാനാണ് ആദ്യ ദിവസം അവരോടു പറഞ്ഞത്. ഇവരൊക്കെ നന്നായി ഹെയർസ്‌റ്റൈലൊക്കെ ചെയ്ത് കടുക്കനൊക്കെയിട്ട് വരുന്നവരാണ്. അവർക്ക് ഒരാഴ്ച പോലും അവിടെ പിടിച്ചുനിൽക്കാനായില്ല. തികച്ചും അന്യവൽക്കരിക്കപ്പെട്ട ഒരു ഇടമായാണ് അവർക്ക് ആ സ്​കൂൾ തോന്നിയത്. ഇവർക്ക് തുടി കൊട്ടാനും പാടാനും നൃത്തം ചെയ്യാനും കളിക്കാനും അത്തരം എക്​സ്​പ്രഷനുകൾക്കും അനുവാദം കൊടുക്കുകയായിരുന്നുവെങ്കിൽ ഇത്തരം സ്ഥാപനങ്ങൾ ഗുണകരമായി മാറുമായിരുന്നു.
ഇതുകൂടാതെ അഴിമതിയും കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുക തുടങ്ങിയ സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്.

മോഡൽ റസിഡൻഷ്യൽ സ്‌കൂളുകൾ എന്നു പറയുന്നത് ദേശീയ തലത്തിലുള്ള കോൺസെപ്റ്റാണ്. കെട്ടിടത്തിന്റെ ഫണ്ടും ഇൻഫ്രാസ്ട്രക്ചറും നൽകുന്നത് കേന്ദ്രമാണ്​. അക്കാദമിക് സപ്പോർട്ടു മാത്രമാണ് നമ്മൾ നൽകുന്നത്. അതിന്റെ പ്രശ്​നങ്ങൾ ഈ സ്​ഥാപനങ്ങൾക്കുണ്ട്​. മോഡേൺ എഡ്യുക്കേഷന്റെ എല്ലാ സൗകര്യങ്ങളും ഇവർക്ക് ലഭ്യമാക്കണം. ക്ലാസ് റൂം എന്ന കോൺസെപ്റ്റ് നിലനിർത്തണം, എല്ലാവർക്കും വിദ്യദാഭ്യാസം നേടാനുള്ള ഒരു സ്‌പെയ്‌സ് എന്ന നിലയ്ക്ക്.

1990നുശേഷം കേരള സർക്കാർ ഈ വിഭാഗത്തിലെ കുട്ടികളെക്കുറിച്ചോ അവർ നേരിടുന്ന വിദ്യാഭ്യാസ പ്രശ്​നങ്ങളെക്കുറിച്ചോ പഠിച്ചിട്ടില്ല എന്നതിന്റെ തെളിവാണ്​ ഈ റിപ്പോർട്ട്​ അടക്കമുള്ള പ്രശ്​നങ്ങൾ. ▮


എം. ഗീതാനന്ദൻ

ആദിവാസി ഗോത്രമഹാസഭ സ്‌റ്റേറ്റ് കോ- ഓർഡിനേറ്റർ. ആദിവാസി- ദലിത് വിഭാഗങ്ങളുടെ അവകാശപ്പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുന്നു. 2002ലെ മുത്തങ്ങ ആദിവാസി സമരത്തിന് നേതൃത്വം നൽകുകയും കടുത്ത പൊലീസ് മർദ്ദനത്തിനിരയാകുകയും ചെയ്തു.

കെ. കണ്ണൻ

ട്രൂകോപ്പി എക്സിക്യൂട്ടീവ് എഡിറ്റർ.

Comments