ഇന്ത്യയിലെ ഒരു പ്രധാന പരീക്ഷാനടത്തിപ്പ് ഏജൻസിയാണ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി. രാജ്യത്തെ ഏറ്റവും ഗൗരവമുള്ള പരീക്ഷകൾ നടത്താൻ ചുമതലപ്പെട്ടവർ. നീറ്റ് വിവാദം കത്തി നിൽക്കുമ്പോഴാണ് ഈ രാജ്യത്തെ കോളേജ് അധ്യാപക യോഗ്യതാപരീക്ഷ (UGC Net) നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തുന്നത്.
രാജ്യത്തിന്റെ ഭരണചക്രം നിയന്ത്രിക്കുന്നവരെ തെരഞ്ഞെടുക്കുന്ന യു പി എസ് സി പരീക്ഷയ്ക്ക് പോലും ഇല്ലാത്തത്ര ഗൗരവവും സുരക്ഷയും മുന്നൊരുക്കങ്ങളുമുള്ള പരീക്ഷയാണ് നെറ്റ്. ബയോമെട്രിക് വെരിഫിക്കേഷൻ, പരീക്ഷാകേന്ദ്രങ്ങളിലെ ഉദ്യോഗസ്ഥവിന്യാസം, ഫ്രിസ്ക്കിങ്ങ്, എല്ലാ പരീക്ഷാമുറികളിലും രണ്ടു ഇൻവിജിലേറ്റർമാർ, സി സി ടി വി ജാമറുകൾ തുടങ്ങിയ സന്നാഹങ്ങൾ ഉണ്ടാകാറുണ്ട്. സാധാരണ നിലയിൽ ഓൺലൈനായാണ് പരീക്ഷ. എന്നാൽ പതിവിൽ നിന്ന് വിപരീതമായി ഇത്തവണ ഓഫ് ലൈനായാണ് പരീക്ഷകൾ നടന്നത്.
ഇന്ത്യയിലെ 317 നഗരങ്ങളിലായി രജിസ്റ്റർ ചെയ്ത 11.21 ലക്ഷത്തിലധികം ഉദ്യോഗാർത്ഥികളിൽ 81 ശതമാനം പേരും നെറ്റ് പരീക്ഷ എഴുതിയതായി യു ജി സി ചെയർപേഴ്സൺ എം. ജഗദേഷ് കുമാർ തന്നെ സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു.
ഒട്ടേറെ വിദ്യാർഥികളുടെ സ്വപ്നമാണ് നല്ലൊരു ജോലി. ഈ രാജ്യത്തെ വിദ്യാർത്ഥികളെ സംബന്ധിച്ച് വളരെ സുപ്രധാനമായ ഒരു പരീക്ഷയാണ് യു ജി സി നെറ്റ്. നെറ്റ് - ജെ ആർ എഫ് നേടുക എന്നതു മാത്രമല്ലാതെ തുടർ ഗവേഷണസാധ്യതകളും തൊഴിൽ സാധ്യതകളും അവസരങ്ങളും ലഭിക്കുമെന്ന 'കോൺഫിഡൻസ്' അതവരിൽ സൃഷ്ടിക്കുന്നു. ഈ വർഷം മുതൽ ഇന്ത്യയിലെ സർവകലാശാലകളിൽ വ്യത്യസ്ത പ്രവേശന നടപടിക്രമങ്ങൾക്കുപകരം നെറ്റ് പരീക്ഷയിലെ സ്കോറും കൂടി പരിഗണിച്ചാണ് ഗവേഷണ പ്രവേശനം നടക്കുന്നത് എന്ന തീരുമാനം വന്നത് ഈ അടുത്താണ്.
ഒരുപാട് സുരക്ഷാ മുന്നൊരുക്കങ്ങളോടെ നടക്കുന്ന പരീക്ഷയിൽ എങ്ങനെ വലിയ തോതിൽ ക്രമക്കേട് നടക്കുന്നു? എങ്ങനെ ആധികാരികത നഷ്ടപ്പെടുന്നു? ഉദ്യോഗസ്ഥതലത്തിൽ വന്ന വീഴ്ചയാണോ ഇത്? സാമ്പത്തിക ക്രമക്കേടുകൾ നടന്നിട്ടുണ്ടോ?
ജൂൺ 18ന് രണ്ട് ഷിഫ്റ്റുകളിലായി നടന്ന നെറ്റ് പരീക്ഷ റദ്ദാക്കിയ അറിയിപ്പ് ഇന്നലെ വൈകീട്ട് പുറത്തുവന്നു. സി.ബി.ഐ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. ഈയൊരു വിഷയം പരീക്ഷ റദ്ദ് ചെയ്യുക എന്നതിലപ്പുറം വളരെ ഗൗരവത്തോടെ പരിശോധിക്കേണ്ട ഒരു വിഷയമാണ്. 2024 ജൂൺ 19-ന്, ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെൻ്ററിൻ്റെ, നാഷണൽ സൈബർ ക്രൈം ത്രൈറ്റ് അനലിറ്റിക്സ് യൂണിറ്റിൽ നിന്ന് യു ജി സിക്ക് ലഭിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്, ആധികാരികതയെ ബാധിക്കാതിരിക്കുന്നതിന്റെ ഭാഗമായി ഇത്തരമൊരു റദ്ദാക്കൽ നടപടിയെന്നാണ് വിശദീകരണം. പരീക്ഷയിൽ ക്രമക്കേട് നടന്നുവെന്നാണ് സൈബർ ക്രൈം ത്രൈറ്റ് അനലിറ്റിക്സ് യൂണിറ്റ് റിപ്പോർട്ട് നൽകിയിട്ടുള്ളത്.
എന്തുകൊണ്ട് തുടരെത്തുടരെ വിദ്യാർത്ഥികളെ ആശങ്കയിലാക്കി ഇത്തരം ആധികാരികതയെ സംബന്ധിച്ച പ്രശ്നങ്ങൾ ഉയർന്നുവരുന്നു എന്നത് വളരെ പ്രധാനപ്പെട്ടതാണ്. ഒരുപാട് സുരക്ഷാ മുന്നൊരുക്കങ്ങളോടെ നടക്കുന്ന പരീക്ഷയിൽ എങ്ങനെ വലിയ തോതിൽ ക്രമക്കേട് നടക്കുന്നു? എങ്ങനെ ആധികാരികത നഷ്ടപ്പെടുന്നു? ഉദ്യോഗസ്ഥതലത്തിൽ വന്ന വീഴ്ചയാണോ ഇത്? സാമ്പത്തിക ക്രമക്കേടുകൾ നടന്നിട്ടുണ്ടോ? ആരെല്ലാം ഇതിന്റെ ഭാഗമാണ്? എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു? സത്യസന്ധമായി പരീക്ഷ എഴുതിയ / എഴുതുന്ന വിദ്യാർത്ഥികളുടെ മാനസികാവസ്ഥയെ തുടർച്ചയായ ഇത്തരം സംഭവങ്ങൾ ബാധിക്കുന്നില്ലേ? ഇതിനെതിരെ എന്ത് പ്രതിരോധമാണ് നടക്കുന്നത്? പരീക്ഷയിൽ ക്രമക്കേടുകൾ നടത്തിയവർക്കും അതിന് കൂട്ടുനിൽക്കുന്നവർക്കും, എതിരെ എന്ത് നടപടിയാണ് ഉണ്ടാകാൻ പോകുന്നത്?
ഇത്തവണ നെറ്റ് എഴുതിയ വിദ്യാർഥിയെന്ന നിലയ്ക്ക് ഞാൻ അടക്കമുള്ളവർ ഉത്തരം തേടുന്ന ചോദ്യങ്ങളാണിവ. അതിനെല്ലാം അധികൃതർ മറുപടി പറയാൻ ബാധ്യസ്ഥരുമാണ്. നമ്മുടെ പരീക്ഷകളുടെ ആധികാരികത കച്ചവടച്ചരക്കായി മാറുന്നു എന്നത് വളരെ ദൗർഭാഗ്യകരവും വിദ്യാർഥികളോടുള്ള മനുഷ്യാവകാശ ലംഘനവുമാണ്. ശക്തമായ നടപടിയാണ് ആവശ്യം.
സുരക്ഷാ മുൻകരുതലുകളിലൂടെ കടന്നുപോയാണ് ഞങ്ങൾ പരീക്ഷ എഴുതിയത്. ഒരു പേന പോലും കയ്യിൽ കരുതാൻ അനുവാദമുണ്ടായിരുന്നില്ല. അത്യാവശ്യം കുഴപ്പമില്ലാത്ത രീതിയിൽ തന്നെയാണ് എന്റെ പരീക്ഷാകേന്ദ്രത്തിലെ എല്ലാ കാര്യങ്ങളും നടന്നത്.
ഞാനും എന്റെ സുഹൃത്തുക്കളുമടക്കം നെറ്റ് പരീക്ഷ എഴുതിയതാണ്. ഓരോരുത്തർക്കും വളരെ ദൂരെയുള്ള ഇടങ്ങളിലാണ് പരീക്ഷാകേന്ദ്രം. അധികം ബസ് സർവീസില്ലാത്ത റൂട്ടിലാണെങ്കിൽ ഉന്തിയും തള്ളിയും ഉള്ളതിൽ അഡ്ജസ്റ്റ് ചെയ്തുമുള്ള യാത്ര. അവിടെപ്പോയി ഈ പറയുന്ന സുരക്ഷാ മുൻകരുതലുകളിലൂടെ എല്ലാം കടന്നുപോയാണ് പരീക്ഷ എഴുതിയത്. ഒരു പേന പോലും കയ്യിൽ കരുതാൻ അനുവാദമുണ്ടായിരുന്നില്ല. (ആധികാരികതയെ ബാധിക്കാതിരിക്കാന്‍) അതും സെന്ററിൽ നിന്നുതന്നെ നൽകും. അത്യാവശ്യം കുഴപ്പമില്ലാത്ത രീതിയിൽ തന്നെയാണ് എന്റെ പരീക്ഷാകേന്ദ്രത്തിലെ എല്ലാ കാര്യങ്ങളും നടന്നത്. പതിവിൽനിന്ന് വ്യത്യസ്തമായി പലയിടങ്ങളിലും കുറച്ചു പേരെങ്കിലും കമ്മലും മോതിരവും പോലുള്ള ആഭരണങ്ങൾ ഉപയോഗിച്ചുകണ്ടു. ( പരീക്ഷ ഗൈഡ്ലൈൻസ് അനുസരിച്ച് അനുവദനീയമല്ല.) ഉച്ചയ്ക്കു ശേഷമുള്ള ഷിഫ്റ്റ് ആയതുകൊണ്ട് ആറുമണിക്ക് പരീക്ഷ കഴിഞ്ഞെങ്കിലും രാത്രി 11ഉം 12 ഉം മണിക്കാണ് പലരും താമസസ്ഥലങ്ങളിലേക്ക് എത്തിയത്. പോവാനും വരാനും സാമ്പത്തിക ചെലവുകളുമുണ്ടാവുമല്ലോ.
എന്തായാലും ഞങ്ങളുടെ അനുഭവം ഇങ്ങനെയാണെങ്കിലും മറ്റു പരീക്ഷാകേന്ദ്രങ്ങളിൽ പലതരം പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നിരിക്കാം, ഇല്ലായിരിക്കാം. പല ഇടങ്ങളിലും സുപ്രധാനമായ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തതായി യു ജി സി തന്നെ സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു. ഇതെല്ലാം മോണിറ്ററിങ് ചെയ്യപ്പെടുന്നുവെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി പറയുന്നുണ്ട്. പിന്നെ എങ്ങനെയാണ് ഗുരുതരമായ ആരോപണങ്ങൾ, പ്രശ്നങ്ങൾ എന്നിവയുണ്ടായത്? എന്തുകൊണ്ട് പരീക്ഷ നടക്കുന്ന സമയത്തുതന്നെ ഈ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല, നടപടി സ്വീകരിച്ചില്ല?
യു ജി സി നെറ്റ് എക്സാം റദ്ദാക്കിയ നടപടിയിൽ കൃത്യവും വ്യക്തവും ശക്തവുമായ അന്വേഷണവും തുടർനടപടികളും ഉണ്ടാവണം.
ഈ പ്രശ്നങ്ങൾ നിലനിൽക്കുമ്പോൾ തന്നെ വിദ്യാർത്ഥികൾ പരീക്ഷകളെ അതിവൈകാരികമായി സമീപിക്കുന്ന രീതി മാറുകയും വേണം. നീറ്റ് പരീക്ഷയുടെയടക്കം റിസൾട്ട് വരുമ്പോൾ അതാണ് ജീവിതത്തിലെ ഏറ്റവും വലിയ നേടിയെടുക്കൽ എന്നൊരു തോന്നൽ പലരിലുമുണ്ട്. അത് ലഭിക്കാതെ വരുമ്പോൾ അവർ പലതരം മാനസിക സമ്മർദ്ദങ്ങളിലൂടെയും സ്വയംനിന്ദയിലൂടെയും കടന്നുപോകുന്നു. അത് ചിലരെ ആത്മഹത്യ പോലുള്ള കടുംകൈകളിലേക്ക് നയിക്കുന്നു. ( നയിക്കപ്പെടരുത് എന്നതാണ് വിഷയം). ഒരിക്കലും ഇത്തരത്തിൽ അതിവൈകാരികമായി പരീക്ഷകളെ സമീപിക്കേണ്ടതില്ല, അതിന് സ്വയം പ്രതിരോധവും സുഹൃത്തുക്കളുടെയും രക്ഷിതാക്കളുടെയും ചുറ്റുപാടിന്റെയും സപ്പോർട്ടും ഉണ്ടാവേണ്ടതുണ്ട്. കുറെ പരീക്ഷകൾ വരും, അത് നന്നായി എഴുതാൻ ശ്രമിച്ചാൽ മതി. ജയിക്കുക മാത്രമല്ല തോൽക്കുക കൂടി ചെയ്യുന്നതാണല്ലോ ജീവിതം. അതിൽ നിന്ന് പൊരുതി നേടുമ്പോൾ കുറച്ചുകൂടി മധുരമുണ്ടാവും. അതിനെല്ലാം അതിന്റെ സെൻസോടുകൂടി സമീപിക്കാൻ സാധിക്കാത്ത ദുർബലാവസ്ഥയിലൂടെ കടന്നുപോകുന്ന സാഹചര്യം മാറേണ്ടതുണ്ട്. അതിനനുസരിച്ചുള്ള സാമൂഹിക സാഹചര്യം കൂടി സൃഷ്ടിക്കപ്പെടണം.
ആത്മാർത്ഥമായി പഠിച്ച് പരീക്ഷയെഴുതുന്ന കുട്ടികളെ നോക്കുകുത്തികളാക്കി കുത്തിക്കേറ്റലുകൾ നടത്തുന്ന ആളുകൾക്കെതിരെയും ആർക്കുവേണ്ടിയാണ് അത് ചെയ്യപ്പെട്ടത് അവർക്കെതിരെയും ശക്തമായ നടപടിയുണ്ടാവണം. അതുപോലെ, പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട ആധികാരികതയും വിശ്വാസതയും ഉറപ്പാക്കേണ്ടതുണ്ട്. അതിനുള്ള ശക്തമായ ശ്രമങ്ങൾ ഉണ്ടാവേണ്ടിയിരിക്കുന്നു.
ലക്ഷക്കണക്കിന് വിദ്യാർഥികൾ സമയവും സാഹചര്യവും മാറ്റിവെച്ച് പരീക്ഷയ്ക്കായി സമയം ക്രമീകരിച്ചതാണ്. അതിൽ പലർക്കും പലതരം ബുദ്ധിമുട്ടുകളും നേരിടേണ്ടി വന്നിട്ടുണ്ട്. ഇങ്ങനെയൊരു സാഹചര്യത്തിൽ പരീക്ഷ റദ്ദാക്കി എന്നത് കുറച്ച്, അല്ല കുറച്ചധികം കഷ്ടമുള്ള കാര്യം തന്നെയാണ്. അപ്പോഴും പരീക്ഷ റദ്ദ് ചെയ്തതിലല്ല, അതിനുള്ള സാഹചര്യം സൃഷ്ടിക്കപ്പെട്ടതിനോടാണ് കടുത്ത വിയോജിപ്പ് തോന്നുന്നത്. എന്തായാലും യു ജി സി നെറ്റ് എക്സാം റദ്ദാക്കിയ നടപടിയിൽ കൃത്യവും വ്യക്തവും ശക്തവുമായ അന്വേഷണവും തുടർനടപടികളും ഉണ്ടാവണം.