നമ്മുടെ പരീക്ഷാസമ്പ്രദായങ്ങളുടെയും മൂല്യനിർണയ രീതികളുടെയും പവിത്രതയെക്കുറിച്ച് എന്തെന്ത് മതിപ്പായിരുന്നു നമുക്ക്. ഇത്തരം പരീക്ഷകൾ ദേശീയതലത്തിൽ നടത്തുകയാണെങ്കിൽപ്പിന്നെ ഒരു തരത്തിലുള്ള പ്രശ്നങ്ങളും അതിനുണ്ടാകില്ലെന്നും നാം എങ്ങനെയോ ധരിച്ചുപോയിരുന്നു. അത്തരം പരീക്ഷകൾ നടക്കുമ്പോൾ അടിവസ്ത്രങ്ങൾ വരെ ഉരിഞ്ഞ് ആപാദചൂഡപരിശോധന നടത്തിയ കോലാഹലങ്ങളൊക്കെ നാമെത്ര കണ്ടതാണ്. ദേഹത്തെങ്ങാനുമൊരു ലോഹക്കഷണം കണ്ടാൽ വിദ്യാർത്ഥികളെ നിർത്തിപ്പൊരിക്കുന്ന എന്തെന്ത് പ്രഹസനങ്ങളായിരുന്നു അന്നൊക്കെ അരങ്ങേറിയത്. റിപ്പോർട്ടിങ് സമയം കഴിഞ്ഞ് രണ്ട് മിനിട്ടുപോലും അനുവദിച്ചുകൊടുക്കാത്തത്ര സമയക്ലിപ്തത പാലിക്കാൻ പരീക്ഷാനടത്തിപ്പുകാർ സദാ ജാഗരൂകരായിരുന്നതും നാം ബഹുമാനപുരസ്സരം നോക്കിനിന്നു. എന്തൊക്കെയായിരുന്നു ബഹളങ്ങൾ! എന്നിട്ടിപ്പോൾ ചോദ്യപ്പേപ്പർ ചോർച്ച, മാർക്കിൽ തിരിമറി, ഗ്രേസ് മാർക്ക് ദാനം, പരീക്ഷകളുടെ അപ്രതീക്ഷിത നീട്ടിവയ്ക്കലുകൾ, പരീക്ഷാസമയത്തിൽ വരുത്തുന്ന കുറവ്, തെറ്റായ ചോദ്യപേപ്പറുകളുടെ വിതരണം… എന്തൊക്കെ പിഴവുകൾ, അബദ്ധങ്ങൾ. എല്ലാ ദേശീയ പരീക്ഷകളും ക്രമക്കേടുകൾ നിറഞ്ഞതാണെന്ന് തിരിച്ചറിഞ്ഞു കഴിഞ്ഞ ഈ കാലത്തുനിന്ന് തിരിഞ്ഞുനോക്കുമ്പോൾ വല്ലാത്തൊരു ആത്മനിന്ദയാവും നമുക്ക് അനുഭവിക്കേണ്ടിവരുന്നത്.
ഒരിക്കലും തെറ്റുവരാത്ത, യാതൊരു തട്ടിപ്പുകളുമില്ലാത്ത, കുറ്റമറ്റ സംവിധാനമെന്ന മേനിനടിപ്പ് പരീക്ഷാസംവിധാനങ്ങൾ നിയന്ത്രിക്കുന്നവർക്ക് സൗകര്യപൂർവം തട്ടിപ്പുകൾ നടത്താൻ അവസരമൊരുക്കിയത് ആരും അറിഞ്ഞില്ലെന്നുമാത്രം. കൊട്ടിഘോഷിച്ചു നടത്തിയ ദേശീയ പരീക്ഷകളുടെയും പരീക്ഷാ ഏജൻസികളുടെയും ചീട്ടുകൊട്ടാരങ്ങളൊക്കെ തകർന്നടിയുന്നതും അവകാശവാദങ്ങളെല്ലാം കാറ്റിൽ പറക്കുന്നതുമാണ് സമീപകാലത്ത് നാം കാണുന്നത്. നല്ലൊരു സ്കോർ പ്രതീക്ഷിച്ച് ഏതു മത്സരപരീക്ഷയ്ക്ക് ഇനി വിദ്യാർത്ഥികൾ തയ്യാറെടുക്കും? ഇനിമേൽ ഈ പ്രവേശനപരീക്ഷകളെ ആര് വിശ്വസിക്കും?
മെഡിക്കൽ / എൻജിനീറിങ് പരീക്ഷകളെ വിദ്യാർത്ഥികളും രക്ഷിതാക്കളും കോച്ചിങ് സെന്റർ നടത്തിപ്പുകാരുമൊക്കെ വലിയ താല്പര്യത്തോടെയാണ് ഉറ്റുനോക്കുന്നത്. ഭയഭക്തി ബഹുമാനത്തോടെ കണ്ടിരുന്ന മറ്റൊരു പരീക്ഷയായിരുന്നു യു.ജി.സി നെറ്റ്. ലക്ഷക്കണക്കിനുപേർ പങ്കെടുക്കുന്ന ഈ പരീക്ഷകളിലെ പിഴവുകളുടെ ഉത്തരവാദിത്ത്വം ആരെറ്റെടുക്കുമെന്നുമാത്രമേ ഇനി അറിയാനുള്ളൂ. കേന്ദ്ര സർക്കാരിനോ വിദ്യാഭ്യാസ മന്ത്രാലയത്തിനോ നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്കോ (എൻ.ടി.എ) ഒന്നും മിണ്ടാട്ടമില്ല. പരസ്പരം പഴിചാരി അന്വേഷണപ്രഹസനങ്ങളിലൂടെ അവരല്ലാം മുന്നേറുന്ന കാഴ്ചയ്ക്കും നാമൊക്കെ സാക്ഷികളാകുന്നു.
മെച്ചപ്പെട്ട വിദ്യാഭ്യാസത്തെക്കുറിച്ചും മെച്ചപ്പെട്ട ജോലികളെക്കുറിച്ചും നാമുണ്ടാക്കിവച്ച ധാരണകളുടെയോ തെറ്റിദ്ധാരണകളുടെയോ പുറത്താണ് ഇത്തരം മത്സരപ്പരീക്ഷകൾ അരങ്ങേറുന്നത്. സിവിൽ സർവീസ് പരീക്ഷകളാണെങ്കിലും നീറ്റ്, ജെ.ഇ.ഇ, സി.യു.ഇ.ടി, എൻ.സി.ഇ.ടി എന്നിവയിൽ ഏതാണെങ്കിലും ശരാശരി ഇന്ത്യൻ പൗരന്റെ / പൗരയുടെ ജീവിതാഭിലാഷവുമായി ബന്ധപ്പെട്ടുകിടക്കുന്നതാണത്. ഈ പരീക്ഷകളിലൊന്നിലും കയറിക്കൂടാനാകാതെ സാമ്പ്രദായിക ഡിഗ്രിയും പി.ജി പഠനവും കഴിഞ്ഞവരെ സംബന്ധിച്ച് അടുത്ത സ്വപ്നമാണ് ലക്ചർഷിപ്പോ പിഎച്ച് ഡിയോ നേടുകയെന്നത്. അതിനുള്ള യു ജി സി നെറ്റ് പരീക്ഷയുടെ ഗതിയും അധോഗതിയായി.
മികച്ച വിജയം നേടിക്കൊടുക്കാൻ കഴിയുന്ന കോച്ചിംഗ് സെൻററുകളുണ്ടാകുമ്പോൾ അതിലേക്ക് ഇടിച്ചുകയറാൻ മത്സരാർത്ഥികളുമുണ്ടാകും. കോച്ചിംഗ് സെൻററുകൾ വളരുന്നതിന്റെ യുക്തി അത്രമാത്രമേയുള്ളൂ.
ഇന്ത്യയിൽ ഹയർ സെക്കണ്ടറി വിദ്യാഭ്യാസം കഴിഞ്ഞ് ഇവിടെത്തന്നെ മികച്ച പഠനം നേടണമെന്ന് ആഗ്രഹിക്കുന്ന വിദ്യാർത്ഥികളാണ് മത്സരപരീക്ഷകൾക്കുവേണ്ടി അത്യധ്വാനം ചെയ്യുന്നത്. അത്തരം പരീക്ഷകൾക്ക് അവരെ സജ്ജരാക്കുന്നതിന് അരയും തലയും മുറുക്കി രക്ഷിതാക്കളും പുറകിലുണ്ട്. മത്സരപരീക്ഷകൾക്ക് വിദ്യാർത്ഥികളെ പാകപ്പെടുത്തിയെടുക്കാൻ പുതിയ തന്ത്രങ്ങൾ പയറ്റുന്ന കോച്ചിംഗ് സെൻററുകൾ ഓൺലൈനായും ഓഫ് ലൈനായും തഴച്ചു വളരുന്നുമുണ്ട്. കോർപ്പറേറ്റ് ഭീമന്മാരുടെ വീര്യത്തോടെ ദശകങ്ങളായി പ്രവർത്തിക്കുന്നവർ മുതൽ ഒന്നോ രണ്ടോ വർഷങ്ങൾ കൊണ്ട് വൻശക്തികളെ പരാജയപ്പെടുത്തിയവർ വരെ ഈ രംഗത്തുണ്ട്. മത്സരചോദ്യങ്ങളുടെ റെഡിമെയ്ഡ് ഉത്തരങ്ങൾ അതീവ സമ്മർദ്ദത്തോടെ തലയിലേക്ക് അടിച്ചേൽപ്പിക്കുന്ന കോച്ചിംഗ് സെൻററുകൾ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും വലിയ പ്രതീക്ഷകളെ മുതലാക്കുകയാണെന്ന് എല്ലാവരും എക്കാലത്തും വിമർശിക്കാറുണ്ട്. ആവശ്യക്കാരുണ്ടാകുമ്പോൾ കോച്ചിംഗ് സെൻററുകൾ ഉണ്ടാകും. മികച്ച വിജയം നേടിക്കൊടുക്കാൻ കഴിയുന്ന കോച്ചിംഗ് സെൻററുകളുണ്ടാകുമ്പോൾ അതിലേക്ക് ഇടിച്ചുകയറാൻ മത്സരാർത്ഥികളുമുണ്ടാകും. കോച്ചിംഗ് സെൻററുകൾ വളരുന്നതിന്റെ യുക്തി അത്രമാത്രമേയുള്ളൂ.
ദേശീയ പ്രവേശനപരീക്ഷകൾ
എന്ന ചതിക്കുഴി
വലിയ ആരോപണങ്ങൾക്ക് ഇട നൽകാതെ, ഒരു കാലത്ത് സംസ്ഥാന സർക്കാരുകൾ നടത്തിയ പ്രവേശനപരീക്ഷകളെല്ലാം കേന്ദ്രം തന്നെ ഏറ്റെടുത്ത് എൻ.ടി.എ വഴി നടപ്പിലാക്കിയതോടെ ഇത്തരം പരീക്ഷകൾക്ക് നേരത്തെയുണ്ടായിരുന്ന വിശ്വാസ്യത നഷ്ടപ്പെട്ടു എന്നതാണ് യാഥാർത്ഥ്യം. ഒരു കേന്ദ്രീകൃത പരീക്ഷ വിവിധ സംസ്ഥാനങ്ങളിൽ അഴിമതിയുടെ പലതരം സാധ്യതകൾ തുറന്നിട്ടുകൊടുക്കും. പല സംസ്ഥാനങ്ങളിലും ചോദ്യപേപ്പറുകൾ ചോരുകയും ഉത്തരമെഴുത്തിന് പുതിയ തട്ടിപ്പു സാധ്യതകൾ ഉരുത്തിരിഞ്ഞു വരികയും ചെയ്തു. അവയെക്കുറിച്ചൊന്നും കാര്യമായ അന്വേഷണത്തിന് കേന്ദ്ര സർക്കാർ തയ്യാറായതുമില്ല.
24 ലക്ഷം വിദ്യാർഥികളാണ് ഇത്തവണ നീറ്റ് എഴുതിയത്. അതിലൂടെ നേടിയ റാങ്കിനെ സംബന്ധിച്ച് ഇപ്പോൾ ഒന്നും പറയാൻ വയ്യാത്ത അവസ്ഥയായി. അർഹരെയും അനർഹരെയും തിരിച്ചറിയാൻ കഴിയാതാകുമ്പോൾ പരീക്ഷകൾ തന്നെ വൃഥാവിലാകുന്നു. മെഡിക്കൽ എൻജിനീയറിങ് വിദ്യാഭ്യാസത്തിന്റെ നിലവാരത്തകർച്ചയിലേക്ക് അത് മുതൽക്കൂട്ടുകയും ചെയ്യുന്നു. ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണങ്ങൾക്ക് കേന്ദ്ര സർക്കാർ തയ്യാറില്ലാത്തതോടെ അഴിമതിക്കും തട്ടിപ്പിനും കേന്ദ്രസർക്കാർ കുടപിടിക്കുകയാണെന്നും പറയാം. നീറ്റിൽ വ്യാപക ക്രമക്കേടുകൾ സംഭവിച്ചു എന്ന് കേന്ദ്ര വിദ്യാഭ്യാസവകുപ്പ് മന്ത്രി തന്നെ സമ്മതിച്ചിട്ടും ഈ വർഷത്തെ പരീക്ഷ റദ്ദാക്കാൻ സർക്കാർ തയ്യാറായിട്ടില്ല. കൗതുകകരമെന്നു പറയട്ടെ, ചോദ്യപേപ്പർ ചോർച്ച എന്നതിന്റെ പേരിൽ ഒറ്റ രാത്രി കൊണ്ട് യു ജി സി നെറ്റ് പരീക്ഷ റദ്ദാക്കുകയും ചെയ്തു. ഒൻപതു ലക്ഷം പേരാണ് ആ പരീക്ഷ എഴുതിയത്.
പ്രവേശന പരീക്ഷാനടത്തിപ്പ് ഒരു ദേശീയ ഏജൻസിയിൽ കേന്ദ്രീകരിക്കുന്നതിലൂടെ അതിൽ നടക്കാൻ സാധ്യതയുള്ള ക്രമക്കേടുകൾ ഇല്ലാതാക്കാമെന്ന വാദവും ഇതോടെ പൊളിഞ്ഞു വീഴുന്നുണ്ട്. മെഡിക്കൽ എൻജിനീയറിങ് പ്രവേശന പരീക്ഷകൾ സംസ്ഥാന തലത്തിൽ നടത്തണമെന്ന ആവശ്യം ഇപ്പോൾ ഏറിവരികയാണ്. തമിഴ്നാട് നേരത്തെ ഈ ആവശ്യം ഉന്നയിച്ചിട്ടുള്ളതാണ് . കേരളവും കർണാടകയുമൊക്കെ ഇപ്പോഴിത് ആവശ്യപ്പെടുന്നുണ്ട്. വ്യത്യസ്ത വിദ്യാഭ്യാസബോർഡുകളിൽ പഠിച്ചുവരുന്ന വിദ്യാർഥികളെ ‘ഒരു രാജ്യം ഒരു പരീക്ഷ’ എന്ന സ്കീമിലേക്ക് കൊണ്ടുവരുന്നതിലൂടെ വൈവിധ്യങ്ങളുടെ നേരെ പുറംതിരിഞ്ഞു നിൽക്കുന്ന കേന്ദ്രസർക്കാർ സമീപനത്തിന് ആക്കം കൂടുകയും ചെയ്യുന്നു. അഖിലേന്ത്യാതലത്തിലുള്ള കോച്ചിംഗ് സെൻററുകളുടെ വളർച്ചയ്ക്കും അവയുടെ പരിശീലനരീതികൾക്കും സാമൂഹ്യാംഗീകാരം ലഭിക്കുന്നതിനും ഈ ദേശീയ പരീക്ഷകൾ സഹായകമായി വർത്തിക്കുന്നു. വലിയ ഫീസ് കൊടുത്ത് കോച്ചിംഗ് സെൻററുകളിൽ പഠിക്കാൻ കഴിയാതെ പോകുന്ന വിദ്യാർത്ഥികളോട് സാമൂഹ്യമായ അനീതിയാണ് സർക്കാർ ചെയ്യുന്നത് എന്നും പറയണം. മത്സരപരീക്ഷകളുടെ പേരിൽ വിദ്യാർത്ഥികൾക്കുമേൽ അമിത സമ്മർദ്ദം അടിച്ചേൽപ്പിക്കുന്ന ഒരു സർക്കാർ സംവിധാനം ഒരു നിലയ്ക്കും ഭൂഷണമല്ല. കാര്യങ്ങളുടെ ആഴത്തിലുള്ള പഠനത്തേക്കാൾ ഓർമപരിശോധനകൾക്ക് വിദ്യാഭ്യാസത്തിൽ പ്രാമുഖ്യം ലഭിക്കാൻ ഇതിടയാക്കുന്നു. ഇന്ത്യയെ പോലെയുള്ള ഒരു ബഹുഭാഷാ രാജ്യത്ത് വിവിധ ഭാഷകളിൽ പരീക്ഷകൾ നടത്തേണ്ടിവരുന്നുണ്ട്. അങ്ങനെ ചെയ്യുമ്പോൾ പരീക്ഷകളുടെ രഹസ്യസ്വഭാവം നിലനിർത്താനുള്ള നടപടികളും സർക്കാർ കൈക്കൊള്ളേണ്ടിവരും.
ഹയർസെക്കൻഡറി വിദ്യാഭ്യാസം കഴിഞ്ഞ് ഉന്നതപഠനത്തിന് വിദേശരാജ്യങ്ങളിലേക്ക് ചേക്കേറുന്ന വിദ്യാർത്ഥികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്ന കാലഘട്ടത്തിൽ ഇത്തരം പ്രവേശന പരീക്ഷകൾ ഇവിടുത്തെ മിടുക്കരായ വിദ്യാർത്ഥികൾക്ക് വലിയ പ്രതീക്ഷയാണ് നൽകിയിരുന്നത്. ആ പരീക്ഷകളൊക്കെ വൻ തട്ടിപ്പുകളാണെന്ന് വരുന്നതോടെ മനോവീര്യവും ലക്ഷ്യബോധവും നഷ്ടപ്പെട്ട് ഒരു യുവതലമുറ വിറങ്ങലിച്ചു നിൽക്കുന്നതും നമുക്ക് കാണേണ്ടിവരുന്നു.
മത്സര പരീക്ഷകളും
മാനസികാഘാതവും
മാസങ്ങളോളം നീളുന്ന ഉറക്കമില്ലാ രാത്രികളിലെ പഠനത്തിനുശേഷം ദേശീയതലത്തിലുള്ള പരീക്ഷ എഴുതാൻ പോകുന്ന പഠിതാക്കളുടെ മനോനിലയെക്കുറിച്ചൊന്നു ചിന്തിച്ചുനോക്കൂ. പരിമിത സമയത്തിനുള്ളിൽ കൂടുതൽ കാര്യങ്ങൾ പഠിക്കുക എന്നതാണ് മത്സരപരീക്ഷകളെ നിയന്ത്രിക്കുന്ന പ്രധാനപ്പെട്ട കാര്യം. പഠിക്കാനുള്ള പാരാവാരത്തിൽ നിന്ന് ചോദ്യമായി വരുന്നത് എന്തൊക്കെയായിരിക്കുമെന്ന് ആർക്കും പ്രവചിക്കാനാവില്ല. എന്തും എവിടെ നിന്നും ചോദിക്കാം. ചോദിക്കുന്ന രീതി എന്തായിരിക്കുമെന്നതിനെക്കുറിച്ച് ഒന്നും ഉറപ്പിച്ചുപറയാനാകില്ല. അതൊക്കെ പരീക്ഷാർത്ഥിയിലുണ്ടാക്കുന്ന മാനസിക സംഘർഷങ്ങൾക്ക് കൈയ്യും കണക്കുമില്ല. അവരുടെ സ്വപ്നങ്ങളും ഉത്കണ്ഠകളും ആകുലതകളും ഒരു ഭാഗത്ത്. വീട്ടിലും നാട്ടിലും കോച്ചിംഗ് സെൻററുകളിലും പ്രാർത്ഥനാനിർഭരമായ മനസ്സോടെയിരിക്കുന്ന ഒട്ടേറെ മനുഷ്യർ മറുഭാഗത്ത്. ദേശീയ- സംസ്ഥാന തലങ്ങളിലുള്ള പ്രവേശന പരീക്ഷകൾ എഴുതിയെഴുതി മാനസികനില തെറ്റിപ്പോയ എത്രയെങ്കിലും പേരുണ്ടാകും. കൊടിയ നിരാശയിലേക്കും വിഷാദരോഗങ്ങളിലേക്കും എടുത്തെറിയപ്പെട്ടർ എത്രയോ ഉണ്ട്. ദേശീയ തലത്തിലുള്ളതാണെങ്കിലും സംസ്ഥാനതലത്തിലുള്ളതാണെങ്കിലും പ്രവേശനപരീക്ഷകൾക്ക് ഏകദേശം ഒരേ സ്വഭാവമാണ്. വലിയ ആദർശങ്ങളും സിദ്ധാന്തങ്ങളുമൊക്കെ പറയുമെങ്കിലും, പരീക്ഷാനടത്തിപ്പിൽ പരീക്ഷണങ്ങൾ നടത്തുമെന്ന് അവകാശപ്പെടുമെങ്കിലും പുതിയ കുപ്പിയിൽ പഴയ വീഞ്ഞ് തന്നെയായിരിക്കും മിക്കവാറും വിതരണം ചെയ്യുക. മറ്റു പല വിഷയങ്ങളിലുമെന്നതുപോലെ ടെസ്റ്റിംഗിന്റെ കാര്യത്തിലും ആഗോളതലത്തിൽ ഒട്ടേറെ പുതിയ ഗവേഷണങ്ങൾ നടക്കുന്നുണ്ട്. എൻ ടി എയിലും അത്തരം ഗവേഷണങ്ങളൊക്കെ നടത്തുന്നുണ്ട് എന്നാണ് മനസ്സിലാക്കുന്നത്. പുതിയ കാലത്തിനനുയോജ്യമായ മൂല്യനിർണയവും അതിനുപാകത്തിനുള്ള രീതിശാസ്ത്രവുമൊക്കെ രൂപപ്പെടുത്തിയെടുക്കുന്നതിലും അതിനുള്ള ടൂളുകൾ വികസിപ്പിച്ചെടുക്കുന്നതിലും എൻ ടി എയിൽ ഗവേഷണം നടക്കുന്നുണ്ട്. പരീക്ഷാനടത്തിപ്പിന്റെ ബഹളത്തിൽ ഗവേഷണങ്ങളൊന്നും പ്രായോഗികതലത്തിൽ വരാറില്ലെന്നു മാത്രം.
വിദേശരാജ്യങ്ങളിലെ പല സർവകലാശാലകളിലും ഒന്നിലധികം എൻട്രി പോയിൻ്റുകൾ ഉണ്ടാകും. ഇന്ത്യയിലാകട്ടെ ഒറ്റ വാതിൽ പ്രവേശനമാണ്. ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ പരിമിതമായ സീറ്റുകളിലേക്ക് മത്സരിക്കുന്ന സാഹചര്യമാണ് ഇത് സൃഷ്ടിക്കുന്നത്. മത്സരിക്കുന്നവരുടെ എണ്ണത്തിലുള്ള വർദ്ധനവ് പരീക്ഷാർത്ഥികളുടെ മാനസിക സമ്മർദ്ദവും വർദ്ധിപ്പിക്കുന്നു. ഒരു മാർക്ക് കൊണ്ടുപോലും പുറത്താകുമോ എന്ന ഭയം പരീക്ഷാർത്ഥികളുടെ മാനസികസംഘർഷത്തെ വർദ്ധിപ്പിക്കുകയേയുള്ളു.
മികച്ച ഒരു പ്രോഗ്രാമിൽ സീറ്റ് നേടാനുള്ള അവസരമാണ് ഒരു മത്സരപരീക്ഷ ഒരുക്കിവെക്കുന്നത്. അതൊരു വിദ്യാർഥിയുടെ അങ്ങോളമുള്ള കരിയർ പാത നിർണ്ണയിക്കുന്നതുമായിരിക്കും. പ്രവേശനപരീക്ഷയ്ക്ക് അമിതഭാരമുണ്ടെന്ന് തോന്നിപ്പിക്കുന്നതിലൂടെ അതുണ്ടാക്കുന്ന സമ്മർദവും ഏറിവരും. കൂണുപോലെ മുളച്ചുവരുന്ന കോച്ചിംഗ് വ്യവസായം മത്സരപരീക്ഷകളുടെ സ്വഭാവത്തെത്തന്നെ മാറ്റിമറിക്കുന്നുണ്ട്. പരീക്ഷാർത്ഥിയുടെ മാനസികസമ്മർദ്ദം വർദ്ധിപ്പിക്കുന്നതിൽ ഒട്ടേറെ ഘടകങ്ങൾ ഒത്തൊരുമിച്ച് പ്രവർത്തിക്കുന്നുണ്ട്. വ്യക്തികളുടെ അക്കാദമിക് നേട്ടങ്ങൾക്ക് അമിതപ്രാധാന്യം നൽകുന്ന സമൂഹമാണ് നമ്മുടെത്. മത്സരപരീക്ഷകളിലെ വിജയം പലപ്പോഴും ബുദ്ധിയുടെയും കുടുംബത്തിനു വന്നു ചേരുന്ന മഹത്വത്തിന്റെയും അടയാളമായി ഗണിക്കപ്പെട്ടുവരുന്നുണ്ട്. ഇതും പരീക്ഷാർത്ഥികളുടെ മേൽ അനാവശ്യ ബാഹ്യസമ്മർദ്ദം നൽകുന്നുണ്ട്.
മികച്ച കോളേജുകളിൽ ലഭ്യമായ സീറ്റുകളുടെ എണ്ണവും അപേക്ഷകരുടെ എണ്ണവും ഒരിക്കലും പൊരുത്തപ്പെടുന്നില്ല. ഇത് അനിശ്ചിതത്വത്തിൻ്റെ സാഹചര്യം സൃഷ്ടിക്കുന്നു. നന്നായി തയ്യാറെടുക്കുന്ന ഒരു വിദ്യാർത്ഥിക്ക് പോലും അവരുടെ വിധി തുലാസിൽ കിടക്കുന്നതായി അനുഭവപ്പെട്ടേക്കാം.
ഒരു വ്യക്തിയുടെ അക്കാദമിക യാത്രയിൽ പ്രവേശനപരീക്ഷകൾ വല്ലാതെ സ്വാധീനം ചെലുത്തുന്നുണ്ട് എന്ന് വ്യക്തമാണ്. വിജയത്തിലേക്ക് ഒന്നല്ല, അനവധി പാതകളുണ്ടെന്നും അക്കാദമിക് നേട്ടത്തോടൊപ്പം വ്യക്തികളുടെ മാനസികവും ബൗദ്ധികവുമായ ക്ഷേമത്തിനും മുൻഗണന കിട്ടേണ്ടതുണ്ടെന്നുമുള്ള സമീപനം അത്യന്താപേക്ഷിതമാണ്. വിദ്യാഭ്യാസത്തെ അതിന്റെ സമഗ്രതയിൽ മനസിലാക്കിക്കൊണ്ടുവേണം ടെസ്റ്റിങ് നയം രൂപപ്പെടുത്തേണ്ടത്. പ്രവേശനപരീക്ഷകളുടെ മൗലികമായ സ്വഭാവം വിദ്യാഭ്യാസത്തിൻ്റെ യഥാർത്ഥ സത്തയെ മറികടക്കുന്ന വിധത്തിലുള്ളതാണ്. പഠനത്തോടുള്ള ആത്മാർത്ഥമായ സ്നേഹവും വിമർശനാത്മക ചിന്താനൈപുണ്യവും വളർത്തിയെടുക്കുന്നതിനുപകരം മനഃപാഠമാക്കുന്നതിനും ചോദ്യോത്തര സാങ്കേതിക വിദ്യകളിൽ പ്രാവീണ്യം നേടുന്നതിനുമാണ് പലപ്പോഴും ഊന്നൽ ലഭിക്കുന്നത്. ഈ പരീക്ഷകളിൽ നിന്ന് പുറത്താകുന്നവർ ഉന്നതവിദ്യാഭ്യാസത്തിൻ്റെയും ഭാവി കരിയറിൻ്റെയും ആവശ്യങ്ങൾക്ക് തങ്ങൾ പ്രാപ്തരല്ലെന്ന തോന്നലോടെ ശിഷ്ടകാലം ജീവിക്കേണ്ടിവരുന്നു.
വിശാലമായ ചിന്തയെയോ ക്രിയാത്മകമായ പ്രശ്നപരിഹാരത്തെയോ ഒന്നും പ്രവേശനപരീക്ഷകൾ അഭിസംബോധന ചെയ്യുന്നില്ലെന്നത് വ്യക്തമാണ്. വിദ്യാർത്ഥിയിൽ നിന്ന് പരീക്ഷാർത്ഥിയിലേക്കുള്ള ദൂരം ഒരു കടലോളം വരും.
മാറ്റങ്ങൾ തേടുന്ന
പരീക്ഷാലോകം
ഉന്നത ജീവിതവിജയം എന്നത് മത്സരപരീക്ഷകളിലൂടെ മാത്രം നേടിയെടുക്കാൻ കഴിയുന്നതാണ് എന്നു വരുന്നത് എന്ത് ദുര്യോഗമാണ്. വിദ്യാർത്ഥികളുടെ മനോവീര്യവും ലക്ഷ്യബോധവും തകർക്കുന്ന നിന്ദ്യമായ ഏർപ്പാടായി പലപ്പോഴും അത് മാറുന്നുണ്ട്. വിശാലമായ ചിന്തയെയോ ക്രിയാത്മകമായ പ്രശ്നപരിഹാരത്തെയോ ഒന്നും പ്രവേശനപരീക്ഷകൾ അഭിസംബോധന ചെയ്യുന്നില്ലെന്നത് വ്യക്തമാണ്. വിദ്യാർത്ഥിയിൽ നിന്ന് പരീക്ഷാർത്ഥിയിലേക്കുള്ള ദൂരം ഒരു കടലോളം വരും. പരീക്ഷകൾക്കായി തിരക്കുകൂട്ടുന്ന വിദ്യാർത്ഥികൾക്ക് അവരുടെ അഭിരുചികളിൽ അഭിരമിക്കാനോ ക്രിയാത്മകമായ കാര്യങ്ങൾ വികസിപ്പിക്കാനോ സമയം കിട്ടുകയില്ല. ചോദ്യങ്ങളും അതിനുവേണ്ടി തയാറാക്കിവച്ചിരിക്കുന്ന ഉത്തരങ്ങളുമാണ് പരീക്ഷാർത്ഥിക്കു മുന്നിലുള്ളത്. നിർജീവമായ ടെസ്റ്റ് സ്‌കോറുകൾക്കപ്പുറം വിദ്യാർത്ഥികളുടെ സർഗ്ഗാത്മകത കണ്ടെത്താൻ കഴിയുന്ന സമീപനങ്ങളിലേക്ക് വിദ്യാഭ്യാസസ്ഥാപനങ്ങൾ മാറേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്. അക്കാദമിക പ്രവർത്തനത്തെയും സർഗ്ഗാത്മക അന്വേഷങ്ങളെയും വിലമതിക്കുന്ന ഒരു വിദ്യാഭ്യാസ സമ്പ്രദായത്തിലേക്ക് മാറാൻ നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി എന്ന് കഴിയും?
നിലവിലെ മൂല്യനിർണയ രീതികളിൽ സമഗ്ര അഴിച്ചു പണി തന്നെ ആവശ്യമുണ്ട്. എൻട്രൻസ് പരീക്ഷകൾ പലപ്പോഴും സങ്കൽപ്പങ്ങളെക്കുറിച്ച് ആഴത്തിലുള്ള ധാരണയേക്കാൾ മനഃപാഠമാക്കുന്നതിനും വസ്തുതകളുടെ പുനർനിർമ്മാണത്തിനും ആവശ്യത്തിലേറെ പ്രാധാന്യം നൽകുന്നവയാണ്. ഇത് വിദ്യാർത്ഥികളുടെ വിമർശനാത്മക ചിന്താ കഴിവുകൾ വികസിപ്പിക്കുന്നതിനോ ബദൽ പരിഹാരങ്ങളും സർഗ്ഗാത്മകതയും കണ്ടെത്തുന്നതിനോ സഹായകമാകുന്നില്ല. മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾക്കുപകരം, വിദ്യാർത്ഥികൾക്ക് വിമർശനാത്മകമായി ചിന്തിക്കാനും അവരുടെ പ്രശ്‌നപരിഹാര കഴിവുകൾ പ്രകടിപ്പിക്കാനുമുതകുന്ന ഓപ്പൺ- എൻഡ് ചോദ്യങ്ങൾ പ്രവേശനപരീക്ഷകളിൽ ഉൾപ്പെടുത്താവുന്നതാണ്. വിവിധതരം സൊല്യൂഷനുകൾ രൂപകൽപന ചെയ്യുക, വ്യത്യസ്ത വീക്ഷണകോണുകളിൽ നിന്ന് വിശകലനം ചെയ്യാൻ അവസരമൊരുക്കുക, പ്രോജക്റ്റ് അധിഷ്ഠിത മൂല്യനിർണ്ണയങ്ങൾ സമന്വയിപ്പിക്കുക എന്നിവയൊക്കെയും പരീക്ഷകളുടെ ഭാഗമാക്കാം. ടെസ്റ്റ് സ്കോറുകൾക്കൊപ്പം വിദ്യാർത്ഥികളുടെ പോർട്ട്ഫോളിയോകൾ പരിഗണിക്കുകയും ക്രിയാത്മകമായ കഴിവുകളും അഭിരുചികൾ പ്രകടിപ്പിക്കുന്ന എഴുത്ത് സാമ്പിളുകളും കലാസൃഷ്ടികളും കണ്ടുപിടുത്തങ്ങളുമൊക്കെ പ്രവേശനപരീക്ഷകളുടെയും ഭാഗമായി വിലയിരുത്തുകയും ചെയ്താൽ ചില മാറ്റങ്ങളൊക്ക പരീക്ഷാനടത്തിപ്പിൽ വന്നുവെന്നു വരാം. ദേശീയ പരീക്ഷകൾ എന്ന വിശുദ്ധ പശുവിന്റെ ചെലവിൽ വെള്ളാനകൾ സ്വച്ഛന്ദം വിഹരിക്കുന്ന ഒരു രാജ്യത്ത് പരീക്ഷാനടത്തിപ്പിൽ വലിയ മാറ്റങ്ങളൊന്നും ഉടനെ പ്രതീക്ഷിക്കേണ്ടതില്ല.