കോട്ട ഫാക്ടറിയിലെ
എലിയോട്ടങ്ങൾ

മെഡിസിൻ, എഞ്ചിനീയറിംഗ് വിഷയങ്ങളൊഴിച്ചുനിർത്തിയാൽ സർവ്വകലാശാലകളിലേക്കുള്ള പൊതു പ്രവേശന പരീക്ഷകൾ ഇപ്പോൾ പ്രവർത്തിക്കുന്നത് ഒരു ഫിൽറ്റർ പ്രോസസ് എന്ന രീതിയിലാണ്. രാജ്യത്ത് നിലനിൽക്കുന്ന രാഷ്ട്രീയ- സാമൂഹിക പശ്ചാത്തലത്തെ ചോദ്യം ചെയ്യാനും മറ്റും കെൽപ്പുള്ള വിദ്യാർത്ഥികളെ സർവ്വകലാശാലയുടെ പരിസരങ്ങളിൽനിന്ന് തടഞ്ഞുനിർത്തുക എന്ന ഫിൽറ്ററിംഗ് പദ്ധതിയാണിത് -കുഞ്ഞുണ്ണി സജീവ് എഴുതുന്നു.

ന്താണ് നിങ്ങളുടെ പഠനത്തിന്റെ ലക്ഷ്യം? വിഷയത്തിലുള്ള അറിവോ, അതോ, പരീക്ഷയിലുള്ള ഉയർന്ന മാർക്കോ?
ഇന്ത്യൻ വിദ്യാർത്ഥികൾ സംശയമേതുമില്ലാതെ ഒരേ സ്വരത്തിൽ ഉറക്കെ പറയും, ‘പരീക്ഷയിൽ ഉയർന്ന മാർക്കും റാങ്കും’.

ഇന്ത്യൻ വിദ്യാഭ്യാസ സമ്പ്രദായം പരീക്ഷകളെ ചുറ്റിപ്പറ്റിയാണ് പ്രവർത്തിക്കുന്നതും വളരുന്നതും. പരീക്ഷയിൽ എന്താണോ ചോദിക്കുക, അതു മാത്രം പഠിച്ച് പോയാൽ മതിയെന്ന സ്കൂൾ നിർദേശത്തിൽ തുടങ്ങുന്ന പഠനരീതി, നാല് ഓപ്ഷനുകളിൽ ഏറ്റവും അനുയോജ്യമെന്ന് തോന്നുന്ന ഉത്തരം അടയാളപ്പെടുത്തുന്ന കോച്ചിങ് ടെക്‌നിക്കുകളിലേക്ക് പരിണമിച്ചിരിക്കുന്നു. നേരിടാൻ പോകുന്ന പരീക്ഷ ഏതു സ്വഭാവത്തിലുള്ളതാണോ, അതിനനുസരിച്ച് പഠനരീതി മാറ്റുക, മുൻവർഷങ്ങളിലെ ചോദ്യപേപ്പറുകൾ സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് വിശകലനം ചെയ്ത് ഏതൊക്കെ ഭാഗത്തുനിന്നുള്ള ചോദ്യങ്ങൾക്കാണ് കൂടുതൽ സാധ്യത എന്ന് കണ്ടെത്തി അതിനനുസരിച്ച് പഠനം പ്ലാൻ ചെയ്യുക എന്നിങ്ങനെ വ്യത്യസ്ത രീതിയിലുള്ള പരീക്ഷകൾക്ക് വ്യത്യസ്ത പഠനരീതികൾ കോച്ചിങ് ഇൻസ്റ്റിറ്റ്യുട്ടുകൾ കണ്ടെത്തുന്നുണ്ട്.

പ്ലസ് വൺ, പ്ലസ് ടു ക്‌ളാസുകളിൽ പ്രവേശനം നേടിയശേഷം വിദ്യാർത്ഥികൾ സ്കൂളിൽ ചെലവഴിക്കേണ്ട സമയവും കൂടി കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ ചെലവഴിക്കുന്ന സാഹചര്യം ഇന്ന് സർവ്വസാധാരണമാണ്. / Photo: Pexels

നിശ്ചിത തുക ഫീസായി നൽകിയാൽ പഠനത്തിനുവേണ്ട പുസ്തകങ്ങൾ മുതൽ ദിവസേനയുള്ള സ്റ്റഡി പ്ലാൻ വരെ അവർ വിദ്യാർത്ഥികൾക്ക് തയ്യാറാക്കി നൽകും. പരീക്ഷ പാസാകാൻ വേണ്ടിയുള്ള പഠനത്തെ പുതിയൊരു കോഴ്സായി തന്നെയാണ് ഇവിടെ അവതരിപ്പിക്കുന്നത്.

ക്രമേണ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നൽകേണ്ടതിന്റെ ഇരട്ടി ശ്രദ്ധയും സമയവും പണവും പരീക്ഷ പാസാക്കുവാനുള്ള കോച്ചിങ് സെന്ററുകളിൽ വിദ്യാർത്ഥികൾ ചെലവഴിക്കേണ്ടതായി വരുന്നു. പ്ലസ് വൺ, പ്ലസ് ടു ക്‌ളാസുകളിൽ പ്രവേശനം നേടിയശേഷം വിദ്യാർത്ഥികൾ സ്കൂളിൽ ചെലവഴിക്കേണ്ട സമയവും കൂടി കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ ചെലവഴിക്കുന്ന സാഹചര്യം ഇന്ന് സർവ്വസാധാരണമാണ്.

മത്സരപരീക്ഷകളിൽ പങ്കെടുക്കുക, ഏറ്റവും ഉയർന്ന മാർക്കോടെ, റാങ്ക് പട്ടികയിൽ ഇടം നേടുക - അതിലൂടെ ഏറ്റവും മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം ഉറപ്പാക്കുക, തുടർന്ന് സ്ഥിരതയുള്ള തൊഴിൽ നേടുക എന്നിങ്ങനെ ഒറ്റ ദിശയിൽ പോകുന്ന വിദ്യാഭ്യാസ പദ്ധതിയിൽ മാനസിക വളർച്ചയ്‌ക്കോ സാമൂഹിക ഉത്തരവാദിത്വത്തിനോ, ഏതെങ്കിലും വിഷയത്തിൽ പാഷനോടെ നേടാവുന്ന ആഴത്തിലുള്ള അറിവോ ഒന്നും തന്നെ ലക്ഷ്യങ്ങളായി പരിഗണിക്കപ്പെടാറില്ല. മത്സര പരീക്ഷയുടെ ഫലമാണ് ഈ വ്യവസ്ഥയിൽ പരമപ്രധാനം.

റാങ്കും, മാർക്കും ഉൽപ്പാദിപ്പിക്കുന്ന ഫാക്ടറിയിലെ മെഷീനുകളെ പോലെയാണ് വിദ്യാർത്ഥികൾ രാജസ്ഥാനിലെ കോട്ടയിൽ പഠിക്കുന്നത്.

കോച്ചിങ് സെന്ററുകളിൽ ഭീമമായ തുക നൽകി, ദിവസം പതിനാറും പതിനെട്ടും മണിക്കൂറുകൾ മത്സരപരീക്ഷകൾക്കായി ചെലവഴിക്കുന്ന വിദ്യാർത്ഥി സുഹൃത്തുക്കളോട് ഒരിക്കൽ സംസാരിച്ചപ്പോൾ അവർ പ്രവേശനപരീക്ഷാ പഠനത്തെ 'എലിയോട്ട'വുമായി (rat race) താരതമ്യം ചെയ്തത് ഓർക്കുന്നു.

ലാബുകളിൽ പരീക്ഷണത്തിന് കൊണ്ടുവന്ന എലികൾ പരസ്പരം മത്സരിക്കുന്നത് തങ്ങൾക്ക് ലഭിക്കുവാൻ സാധ്യതയുള്ള ഭക്ഷണത്തിന്റെ ഏറ്റവും വലിയ ഭാഗത്തിനുവേണ്ടിയാണ്. പക്ഷെ അവർ നിരന്തരം അനുഭവിച്ചുകൊണ്ടിരിക്കുന്ന മരണസമാനമായ പരീക്ഷണ നീരിക്ഷണങ്ങളെ കുറിച്ച് അവർ ബോധവാന്മാരല്ല.

വർഷാവർഷം നടക്കുന്ന ദേശീയ പരീക്ഷകളിൽ ഉയർന്ന മാർക്കും റാങ്കും നേടുന്നവരുടെ പട്ടിക പുറത്തുവരുന്നതോടെ വീണുപോയവരുടെ കാര്യം എല്ലാവരും മറക്കുന്നു.

പരസ്പരമുള്ള മത്സരത്തിലാണ് അവരുടെ ശ്രദ്ധ മുഴുവൻ. ഈ എലിയോട്ടം കഥാപരിസരമാകുന്ന സിനിമകളും സീരീസുകളും ഇന്ന് ശ്രദ്ധേയമാണ്. ഏറ്റവും ജനപ്രീയമായ ഒന്നിന്റെ പേര് 'കോട്ട ഫാക്ടറി' എന്നും. റാങ്കും, മാർക്കും ഉൽപ്പാദിപ്പിക്കുന്ന ഫാക്ടറിയിലെ മെഷീനുകളെ പോലെയാണ് വിദ്യാർത്ഥികൾ പരീക്ഷയ്ക്കായി രാജസ്ഥാനിലെ കോട്ടയിൽ പഠിക്കുന്നത്. ഫാക്ടറികൾ നോയ്ഡയിലും സികാറിലുമെല്ലാം വേറെയുമുണ്ട്. അതേ ഇടങ്ങൾ തന്നെ ചോദ്യപേപ്പർ ചോർച്ചയുടെ കേന്ദ്രങ്ങളായും പ്രവർത്തിക്കുന്നുണ്ട് എന്നതൊരു വസ്തുതയാണ്. പ്രവേശന പരീക്ഷ എന്ന മത്സരത്തിൽ വീണുപോകുന്നവരുടെ ആത്മഹത്യയും തോറ്റുപോയവരുടെ മാനസിക പിരിമുറുക്കങ്ങളും നമ്മുടെ വാർത്തകളിൽ ചർച്ചാ വിഷയമാകാറില്ല, അല്ലെങ്കിൽ ഒരുപക്ഷെ ഇതിനകം തന്നെ സാധാരണവൽക്കരിക്കപ്പെട്ടിരിക്കുന്നു.

വർഷാവർഷം നടക്കുന്ന ദേശീയ പരീക്ഷകളിൽ ഉയർന്ന മാർക്കും റാങ്കും നേടുന്നവരുടെ പട്ടിക പുറത്തുവരുന്നതോടെ വീണുപോയവരുടെ കാര്യം എല്ലാവരും മറക്കുന്നു. മത്സരത്തിന്റെ വിജയം പ്രദർശിപ്പിച്ച് കോച്ചിങ് സെന്ററുകളുടെ പരസ്യങ്ങൾ കൂടി വരുന്നതോടെ അടുത്ത ബാച്ച് വിദ്യാർത്ഥികളും മത്സരപരീക്ഷക്കുവേണ്ടിയുള്ള പരിശ്രമത്തിനായി സജ്ജരാകുന്നു.

മുൻ എൻ.ടി.എ ഡയറക്ടർ ജനറൽ സുബോധ് കുമാർ സിംഗ്

ദേശീയ തലത്തിലുള്ള മത്സരപരീക്ഷകളുടെ ചുരുളിയിൽ പെട്ടു കിടക്കുന്ന ധാരാളം വിദ്യാർത്ഥികളെ ദില്ലിയിലും ബിഹാറിലും രാജസ്ഥാനിലും കാണാം. വർഷാവർഷം ഏതു കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടാണ് ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷ പാസ്സാക്കിയെടുക്കുന്നതെന്നും റാങ്ക് നേടിക്കൊടുക്കുന്നതെന്നുമുള്ള മത്സരങ്ങൾ കൂടി ഇതൊടൊപ്പം ചേരുമ്പോൾ ഇന്ത്യൻ വിദ്യാഭ്യാസ വ്യവസ്ഥ പൂർണമായും മത്സരപരീക്ഷകൾക്കു വേണ്ടിയുള്ള പദ്ധതിയായി പരിണമിക്കുന്നുണ്ട്.

മത്സരപരീക്ഷയും മാർക്കും റാങ്കും മാത്രമാണ് ഇന്ത്യൻ വിദ്യാഭ്യാസ വ്യവസ്ഥയുടെ ആകെയുള്ള നേട്ടം. സ്വാതന്ത്ര്യം ലഭിച്ച് 75 വർഷത്തിനിപ്പുറം വിദ്യാഭ്യാസ മേഖലയിൽ കാര്യമായ മുന്നേറ്റമൊന്നും സാധ്യമായിട്ടില്ല എന്ന വലിയ തോൽവിയെ മറച്ചുവെക്കുന്നതിനു മാത്രമാണ്, പരീക്ഷകളുടെ വിജയകരമായ നടത്തിപ്പിനെ സർക്കാർ വലിയ നേട്ടമായി കണ്ട് അവതരിപ്പിക്കുന്നത്. എന്നാൽ അങ്ങനെ ഒരു വിജയാഘോഷം ഈ വർഷമുണ്ടായില്ല എന്നുമാത്രമല്ല, നീറ്റ് യു.ജി ഫലം പ്രഖ്യാപിച്ചതിനോടൊപ്പം വിവാദങ്ങളും ആരംഭിച്ചു. സാധാരണയിൽ നിന്ന് വ്യത്യസ്തമായി 67 വിദ്യാർത്ഥികൾ ഒന്നാം റാങ്ക് നേടിയതും ചില വിദ്യാർത്ഥികൾക്ക് മാനദണ്ഡങ്ങളില്ലാതെ ഗ്രേസ് മാർക്ക് ലഭിച്ചതും നിശ്ചയിക്കപ്പെട്ടതിനും 10 ദിവസം മുൻപേ, ലോക് സഭാ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപന ദിനത്തിൽ തന്നെ, റിസൾട്ട് പ്രഖ്യാപിച്ചതുമെല്ലാം റിസൾട്ടിനുമേലുള്ള വിശ്വാസ്യതയെയും പരീക്ഷാനടത്തിപ്പിന്റെ സുതാര്യതയെയും ചോദ്യം ചെയ്യുവാൻ പ്രേരിപ്പിക്കുന്ന വസ്തുതകളാണ്. ചോദ്യപേപ്പർ നേരത്തെ ലീക്കായ വിവരം പിന്നീട് അന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന് കേസ് സി.ബി.ഐക്ക് കൈമാറുമ്പോഴും നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി. എ) എന്ന പരീക്ഷാ നടത്തിപ്പ് ഏജൻസി നടപടി നേരിടാതെ തുടർന്നിരുന്നു.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ പ്രശ്നങ്ങളുടെ മുഴുവൻ ഉത്തരവാദിത്വം ഏറ്റെടുത്തുവെങ്കിലും എൻ.ടി.എ എന്ന പരീക്ഷാഏജൻസി അപ്പോഴും പഴിയേതും കേൾക്കാതെ സർക്കാർ സംരക്ഷണയിൽ കഴിയുകയായിരുന്നു.

ഭീകര ക്രമക്കേട് മറച്ചുവെക്കാൻ, യു.ജി.സി നെറ്റ് തന്നെ റദ്ദാക്കി. ഒരു വശത്ത് സംഭവിച്ച കെടുകാര്യസ്ഥതയെ മറ്റൊരു പരീക്ഷയിൽ സംഭവിച്ചേക്കാമായിരുന്ന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി റദ്ദു ചെയ്ത് സർക്കാർ മുഖം രക്ഷിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ പ്രശ്നങ്ങളുടെ മുഴുവൻ ഉത്തരവാദിത്വം ഏറ്റെടുത്തുവെങ്കിലും എൻ.ടി.എ എന്ന പരീക്ഷാഏജൻസി അപ്പോഴും പഴിയേതും കേൾക്കാതെ സർക്കാർ സംരക്ഷണയിൽ കഴിയുകയായിരുന്നു. വിദ്യാർത്ഥി സംഘടനകളുടെയും പ്രതിപക്ഷ പാർട്ടികളുടെയും പ്രതിഷേധം ശമിപ്പിക്കാൻ എൻ.ടി.എ മേധാവിയെ മാറ്റേണ്ടിവന്നു. അപ്പോഴും എൻ.ടി.എ എന്ന സംവിധാനം സംരക്ഷിക്കപ്പെട്ടുനിൽക്കുകയാണ്. പരീക്ഷാ നടത്തിപ്പിന്റെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി എൻ.ടി.എയെ പിരിച്ചുവിടണം എന്ന ആവശ്യം ശക്തിപ്പെടുമ്പോഴും സർക്കാർ എൻ.ടി.എയെ നവീകരിക്കാനാണ് ​ശ്രമിക്കുന്നത്.

എൻ.ടി. എയുടെ ആവിർഭാവം 2017- ലാണ്. സൊസൈറ്റി എന്ന നിലയിൽ കാബിനറ്റ് അംഗീകാരത്തിനുശേഷം രജിസ്റ്റർ ചെയ്യപ്പെട്ട ഏജൻസി ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളിൽ പ്രവേശനത്തിനും ഫെലോഷിപ്പിനും വേണ്ടിയുള്ള പ്രവേശനപരീക്ഷകൾ നടത്തുന്ന സ്വയംഭരണാധികാരമുള്ള, സ്വയം സുസ്ഥിരമായ ടെസ്റ്റിംഗ് ഓർഗനൈസഷൻ എന്നാണ് സ്വയം വിശദീകരിക്കുന്നത്. സ്വകാര്യ ഏജൻസി എന്ന നിലയിൽ പ്രവർത്തിക്കുമ്പോഴും സർക്കാർ സ്ഥാപനം എന്ന രീതിയിൽ സർക്കാർ ലോഗോയും മറ്റും ഉപയോഗിച്ചാണ് എൻ.ടി.എയുടെ പ്രവർത്തനം. പരീക്ഷാകേന്ദ്രങ്ങളുടെ തെരെഞ്ഞെടുപ്പോ, ഏറ്റവും കുറഞ്ഞ നിരക്കിൽ ടെൻഡർ വിളിക്കുന്നവർക്ക് എന്ന നിലയ്ക്ക്. കുറഞ്ഞത് ആയിരം രൂപയെങ്കിലും അപേക്ഷാഫീസായി വാങ്ങുന്ന ഏജൻസി പരീക്ഷ നടത്തുന്നത് പരമാവധി ചെലവ് കുറച്ചും.

വിദ്യാർത്ഥി സംഘടനകളുടെയും പ്രതിപക്ഷ പാർട്ടികളുടെയും പ്രതിഷേധം ശമിപ്പിക്കാൻ എൻ.ടി.എ മേധാവിയെ മാറ്റേണ്ടിവന്നു.

നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തിയതുമുതൽ ഉന്നത വിദ്യാഭ്യാസ മേഖലയിൽ നടക്കുന്ന അഴിച്ചുപണികളിൽ പ്രധാനമാണ് എൻ.ടി. എയുടെ അവതരണം. സംസ്ഥാന സർക്കാരുകൾ നടത്തുന്ന പ്രവേശന പരീക്ഷകളുടെ പ്രശ്നങ്ങൾ പരിഹരിക്കുക, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനപരീക്ഷകൾ ഒരൊറ്റ ഏജൻസിക്കു കീഴിലാക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ഇതിനുപിന്നിൽ. JEE, NEET, CUET എന്നീ മൂന്ന് പ്രധാന പരീക്ഷകൾക്കുപുറമെ UGC - NET, CMAT, GPAT, SWAYAM എന്നീ പരീക്ഷകളും നടത്തുന്നത് എൻ.ടി. എയാണ്. ‘ഒരു രാജ്യം ഒരു ഇലക്ഷൻ’, ‘ഒരു രാജ്യം ഒരു നികുതി’ എന്നിങ്ങനെ പോകുന്ന ഏകീകരണ പ്രക്രിയയുടെ ഭാഗമായാണ് എൻ.ഡി.എ സർക്കാർ ‘ഒരു രാജ്യം ഒരു പ്രവേശന പരീക്ഷ’ എന്ന അജണ്ട മുന്നോട്ടുവെക്കുന്നത്. പൊതു പ്രവേശന പരീക്ഷകൾക്കെതിരെ ധാരാളം വിമർശനങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് സർക്കാർ എൻ.ടി. എയുടെ പ്രവർത്തനവുമായി മുന്നോട്ടു പോയത്.

നീറ്റിൽ മുൻപുണ്ടായിരുന്ന സി.ബി.എസ്.ഇ സിലബസ് അനുസരിച്ചുള്ള എക്സാം പാറ്റേൺ സംസ്‌ഥാന ബോർഡുകളിലെ കുട്ടികൾക്ക് ബുദ്ധിമുട്ടാകും എന്നും നീറ്റിന്റെ ആശയം തന്നെ സാമ്പത്തികമായി മെച്ചപ്പെട്ട കുട്ടികൾക്കുമാത്രം മെഡിസിൻ പഠനം പ്രാപ്യമാക്കുന്ന സ്ഥിതിയുണ്ടാക്കുമെന്നുമുള്ള വാദങ്ങൾ തമിഴ് നാട് സർക്കാർ നേരത്തെ അവതരിപ്പിച്ചിരുന്നതാണ്. എല്ലാ പ്രവേശനപരീക്ഷയും ഒരൊറ്റ ഏജൻസി നടത്തുമ്പോൾ ചോദ്യങ്ങളുടെ ഭാഷയും ഒരു പ്രശ്നമാണ്. മാതൃഭാഷയിൽ പരീക്ഷയെഴുതാൻ കഴിയാത്ത ഹിന്ദിയേതര വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷാണ് പരീക്ഷയുടെ ഭാഷ. എന്നാൽ ഹിന്ദി മാതൃഭാഷയായുള്ളവർക്ക് പരീക്ഷ പൂർണമായും ഹിന്ദിയിലായിരിക്കും.

നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തിയതുമുതൽ ഉന്നത വിദ്യാഭ്യാസ മേഖലയിൽ നടക്കുന്ന അഴിച്ചുപണികളിൽ പ്രധാനമാണ് എൻ.ടി. എയുടെ അവതരണം.

വിഷയത്തിലെ അറിവിനേക്കാൾ, ഒരു ഒബ്ജക്റ്റീവ് ചോദ്യത്തിന് നാല് ഓപ്ഷനുകളിൽ നിന്ന് ശരിയുത്തരം തെരെഞ്ഞെടുക്കുവാനുള്ള കൗശലമാണ് പരീക്ഷയിൽ മാർക്ക് നേടിക്കൊടുക്കുന്നത്. ശാസ്ത്രവും ഗണിതവുമെല്ലാം ഒരു പരിധി വരെ ഒബ്ജക്റ്റീവ് പരീക്ഷകൾക്ക് യോജിച്ചതാകുമ്പോൾ ചരിത്രം, സാഹിത്യം, സോഷ്യോളജി മുതലായ മാനവിക - സബ്ജക്റ്റീവ് വിഷയങ്ങൾക്ക് ഒബ്ജക്റ്റീവ് രീതിയിലുള്ള പ്രവേശനപരീക്ഷകളുണ്ടാക്കുന്ന മൂല്യതകർച്ച ചെറുതല്ല. ഭാഷയിലും ആശയങ്ങളുടെ അവതരണത്തിലും മികവ് പുലർത്തേണ്ട ഹ്യൂമാനിറ്റീസ് വിഷയങ്ങളിൽ ഓർമശക്തിയുടെ പരിശോധന മാത്രമായി ഇത്തരം പ്രവേശനപരീക്ഷകൾ ചുരുക്കപ്പെടുന്നു.

മുൻപ് മെഡിസിൻ, എഞ്ചിനീയറിംഗ് എന്നീ പ്രഫഷണൽ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷകൾ മാത്രമാണ് നടന്നിരുന്നതെങ്കിൽ ഇന്ന് എല്ലാ വിഷയങ്ങളിലേക്കുമുള്ള ബിരുദ - ബിരുദാനന്തര കോഴ്‌സുകളിലേക്കും പിഎച്ച്.ഡി പ്രവേശനത്തിനും ഒരേ പാറ്റേണിലുള്ള ഒബ്ജക്റ്റീവ് പ്രവേശനപരീക്ഷകൾ പാസാകേണ്ടതുണ്ട്. ഉന്നത വിദ്യാഭ്യാസത്തിനായുള്ള ഫെലോഷിപ്പുകളും, സർവ്വകലാശാലകൾ പ്രത്യേകം നടത്തിയിരുന്ന ഇന്റർവ്യൂകളും സർക്കാർ വെട്ടിചുരുക്കുകയോ ഇല്ലാതാക്കുകയോ ചെയ്തതോടെ പ്രവേശന പരീക്ഷയിലൂടെയല്ലാതെ ഉന്നത വിദ്യാഭ്യാസം സാധ്യമാകില്ല എന്ന അവസ്ഥയുണ്ടായിരിക്കുന്നു.

ഉന്നത വിദ്യാഭ്യാസത്തിനായുള്ള ഫെലോഷിപ്പുകളും, സർവ്വകലാശാലകൾ പ്രത്യേകം നടത്തിയിരുന്ന ഇന്റർവ്യൂകളും സർക്കാർ വെട്ടിചുരുക്കുകയോ ഇല്ലാതാക്കുകയോ ചെയ്തതോടെ പ്രവേശന പരീക്ഷയിലൂടെയല്ലാതെ ഉന്നത വിദ്യാഭ്യാസം സാധ്യമാകില്ല എന്ന അവസ്ഥയുണ്ടായിരിക്കുന്നു.

രണ്ട് പ്രധാന പ്രശ്നങ്ങളാണ് ദേശീയതല പ്രവേശന പരീക്ഷകൾ നിർബന്ധമാകുന്നതോടെ സംഭവിക്കുന്നത്:

(1) കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ ചേരാതെ പ്രവേശന പരീക്ഷ പാസാവില്ല എന്ന പ്രശ്നം വിദ്യാർത്ഥികൾ നേരിടുന്നു. ഭീമമായ തുക കൊടുത്ത് രണ്ടും മൂന്നും കൊല്ലം വിദ്യാർത്ഥികൾ പരീക്ഷയ്ക്കായി പഠിക്കുമ്പോഴും, കൂടുതൽ പണം ചെലവാക്കാൻ കഴിയുന്നവർ പരീക്ഷാപേപ്പർ ചോർത്തുന്നതിനും മറ്റ് അട്ടിമറികൾ നടത്തുന്നതിനും ശ്രമിക്കും. ഒരേ പരീക്ഷ എഴുതുന്ന ലക്ഷക്കണക്കിന് വിദ്യാർഥികൾ പഠിക്കുന്നത് അവർക്ക് സാമ്പത്തികമായി വഹിക്കാൻ കഴിയുന്ന പഠനസഹായി ഉപയോഗിച്ചു കൊണ്ടാകും. നല്ലൊരു തുക മുടക്കി സ്കൂളുകളിൽ നിന്ന് പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികൾ പ്രവേശനപരീക്ഷ പാസാകാൻ വീണ്ടും വൻ തുക ചെലവഴിക്കേണ്ട മോശം അവസ്ഥ ഒരുപക്ഷെ ഇന്ത്യയുടെ മാത്രം പ്രശ്നമാകും.

സർവ്വകലാശാലകളിലേക്കുള്ള പൊതു പ്രവേശന പരീക്ഷയും മാനവിക വിഷയങ്ങളിൽ അസിസ്റ്റന്റ് പ്രഫസർ തസ്തികയിലേക്കുള്ള യോഗ്യതാ പരീക്ഷയുമെല്ലാം ഇപ്പോൾ പ്രവർത്തിക്കുന്നത് ഒരു ഫിൽറ്റർ പ്രോസസ് എന്ന രീതിയിലാണ്. ചോദ്യം ചെയ്യാനും മറ്റും കെൽപ്പുള്ള വിദ്യാർത്ഥികളെ തടഞ്ഞുനിർത്തുക എന്ന ഫിൽറ്ററിംഗ് പദ്ധതിയാണിത്.

(2) മെഡിസിൻ, എഞ്ചിനീയറിംഗ് വിഷയങ്ങളൊഴിച്ചുനിർത്തിയാൽ സർവ്വകലാശാലകളിലേക്കുള്ള പൊതു പ്രവേശന പരീക്ഷയും മാനവിക വിഷയങ്ങളിൽ അസിസ്റ്റന്റ് പ്രഫസർ തസ്തികയിലേക്കുള്ള യോഗ്യതാ പരീക്ഷയുമെല്ലാം ഇപ്പോൾ പ്രവർത്തിക്കുന്നത് ഒരു ഫിൽറ്റർ പ്രോസസ് എന്ന രീതിയിലാണ്. ഇന്ന് രാജ്യത്ത് നിലനിൽക്കുന്ന രാഷ്ട്രീയ- സാമൂഹിക പശ്ചാത്തലത്തെ ചോദ്യം ചെയ്യാനും മറ്റും കെൽപ്പുള്ള വിദ്യാർത്ഥികളെ സർവ്വകലാശാലയുടെ പരിസരങ്ങളിൽ നിന്ന് തടഞ്ഞുനിർത്തുക എന്ന ഫിൽറ്ററിംഗ് പദ്ധതിയാണിത്. ചരിത്രം, സാഹിത്യം, എന്നീ വിഷയങ്ങൾ മനഃപാഠം പഠിക്കുകയും പഠിച്ച കാര്യങ്ങൾ അതേപടി ആവർത്തിക്കുന്ന വിമർശന ബുദ്ധിയില്ലാത്ത വിദ്യാർത്ഥികൾക്കുമാത്രമായി സർവ്വകലാശാലകൾ തുറന്നുകൊടുക്കുകയും ചെയ്യുന്ന അവസ്ഥ ഇതിന്റെ ഭാഗമാണ്. ആർ.എസ്.എസ് - ഹിന്ദുത്വ അജണ്ട പ്രതിഫലിക്കുന്ന നെറ്റ് ചോദ്യപേപ്പറുകൾ ഇതിനകം ചർച്ചാവിഷയമായതാണ്.

ജെ.എൻ.യുവിലേക്കുള്ള പിഎച്ച്.ഡി പ്രവേശനപരീക്ഷയെ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ പരീക്ഷ കൊണ്ട് അട്ടിമറിച്ചാണ് എം. ജഗദീഷ് കുമാർ പ്രവേശന പരീക്ഷകളുടെ ഏകീകരണ പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്.

എവിടെയാണ് ഇതിനെല്ലാം തുടക്കം?
ഇന്ത്യൻ വിദ്യാഭ്യാസ വ്യവസ്ഥയുടെ ദ്രുതഗതിയിലുള്ള തകർച്ചയും കാവിവൽക്കരണവും തുടങ്ങുന്നത് 2016 മുതലാണെന്ന് കണ്ടെത്താം. ജെ.എൻ.യു മുൻ വൈസ് ചാൻസലർ എം. ജഗദീഷ് കുമാർ യു.ജി.സി ചെയർമാനായ സമയം മുതൽ ഉന്നത വിദ്യാഭ്യാസ മേഖലയിൽ അതിവേഗം സുപ്രധാന അഴിച്ചുപണികൾ നടന്നിട്ടുണ്ട്. ഒരു വർഷം തന്നെ രണ്ട് അഡ്മിഷൻ നടപടികൾ, ബിരുദ പഠനശേഷം നേരിട്ട് പി.എച്ച്ഡി, അതും ബിരുദ വിഷയവുമായി യാതൊരു ബന്ധവുമില്ലാത്ത വിഷയത്തിൽ പിഎച്ച്.ഡി ചെയ്യാൻ അവസരം, എം.ഫിൽ പെട്ടെന്ന് റദ്ദാക്കൽ എന്നിവ അവയിൽ ചിലതാണ്.

ജെ.എൻ.യു കാമ്പസിൽ ഹിന്ദുത്വ അജണ്ട നടപ്പാക്കുന്നതിന് വൈസ് ചാൻസലർ സ്ഥാനം വേണ്ട രീതിയിൽ ഉപയോഗിച്ച ജഗദീഷ് കുമാർ, പിന്നീടങ്ങോട്ട് എൻ.ഡി.എ സർക്കാരിന്റെ പ്രിയപ്പെട്ട വിദ്യാഭ്യാസ ചിന്തകനായി മാറി. എൻ.ടി.എ നടത്തുന്ന ഓരോ പരീക്ഷയ്ക്കും വലിയ വിജയം കൽപ്പിക്കുന്നതിനുവേണ്ടി, വിദ്യാർത്ഥികളോട് അഭിപ്രായമാരായാതെ കോഴ്സുകളും ഫെലോഷിപ്പുകളും നിർത്തലാക്കുന്നതിലും യു.ജി.സി ചെയർമാന്റെ പങ്ക് ചെറുതല്ല. ജെ.എൻ.യുവിലേക്കുള്ള പിഎച്ച്.ഡി പ്രവേശനപരീക്ഷയെ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ പരീക്ഷ കൊണ്ട് അട്ടിമറിച്ചാണ് ജഗദീഷ് കുമാർ പ്രവേശന പരീക്ഷകളുടെ ഏകീകരണ പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്. പൊടുന്നനെയുള്ള ആ തീരുമാനത്തിന്റെ ഭവിഷ്യത്തായി 2018 - 2019 വർഷം ജൂലൈ - ഓഗസ്റ്റ് കാലത്ത് പിഎച്ച്.ഡി അഡ്മിഷൻ നടന്നില്ല. എൻ.ടി.എയുടെ കെടുകാര്യസ്ഥതയാൽ ആ കൊല്ലം പിഎച്ച്.ഡി പ്രവേശനം ഒരു സർവകലാശാലയിലും നടന്നില്ല എന്ന വാർത്ത എവിടെയും കാര്യമായ ചർച്ചയായില്ല.

ജെ.എൻ.യു പ്രൊഫസർ അയേഷ കിഡ്‌വായ്

ഇതേ സമയത്താണ് എൻ.ടി.എക്കെതിരെ സംശയങ്ങളുന്നയിച്ച് ജെ.എൻ.യു പ്രൊഫസർ അയേഷ കിഡ്‌വായ് മുന്നോട്ടുവരുന്നത്. ആറു വർഷം മാത്രം പ്രായമുള്ള എൻ.ടി.എ 1860-ലെ സൊസൈറ്റീസ് രജിസ്‌ട്രേഷൻ ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യപ്പെട്ട സ്വകാര്യ സ്ഥാപനം മാത്രമാണെന്നും സർക്കാർ സ്ഥാപനങ്ങൾ പാലിക്കേണ്ട നിയമങ്ങൾ പാലിക്കാൻ നിയമപരമായ ബാധ്യത എൻ.ടി.എക്ക് ഇല്ലെന്നും കിഡ്‍വായ് കണ്ടെത്തുന്നു.

എന്നാൽ, ചില കാതലായ ചോദ്യങ്ങൾ അവശേഷിക്കുന്നു:
- പാർലമെൻററി നിയമനിർമാണം വഴി രൂപം കൊടുക്കേണ്ട പരീക്ഷാനടത്തിപ്പ് ഏജൻസിക്കു പകരം എന്തുകൊണ്ട് സൊസൈറ്റിസ് രജിസ്‌ട്രേഷൻ ആക്ടിലൂടെ കൊണ്ടുവരുന്ന ഒരു ഏജൻസിക്ക് പ്രധാന പ്രവേശന പരീക്ഷകളുടെ നടത്തിപ്പിനുള്ള അധികാരം നൽകുന്നു?
- പരീക്ഷകളിൽ ക്രമക്കേടിനുള്ള സാധ്യതകൾ തുറന്നിട്ടുകൊണ്ടുതന്നെയല്ലേ സർക്കാർ ഇങ്ങനെയൊരു ഏജൻസിക്ക് പരീക്ഷാ നടത്തിപ്പിന് അനുമതി നൽകിയത്?.
- 95 കൊല്ലമായി രാജ്യത്തെ പ്രധാന പരീക്ഷകൾ നടത്തുന്ന സി.ബി.എസ്.ഇയെ എന്തുകൊണ്ട് പരീക്ഷാ നടത്തിപ്പിൽ നിന്ന് പൂർണമായും ഒഴിവാക്കി?.

ഇന്ത്യയുടെ ഉന്നത വിദ്യാഭ്യാസവ്യവസ്ഥക്കുമേലുള്ള വിശ്വാസ്യത ഇടിയുന്നത് വിദ്യാർത്ഥികൾ കൂട്ടത്തോടെ രാജ്യം വിടുന്നതിലേക്കും മറ്റുമാണ് നയിക്കുക. / Photo: learningroutes.in

ഈ ചോദ്യങ്ങളിൽനിന്ന് ഒരു കാര്യം വ്യക്തമാണ്. ദേശീയതല പ്രവേശന പരീക്ഷകൾ വന്നപ്പോൾ കൂണുകൾ പോലെ മുളച്ചുപൊന്തിയ കോച്ചിങ് സെന്ററുകൾ എങ്ങനെയാണോ മത്സരപരീക്ഷാ പരിശീലനം എന്ന കച്ചവടസാധ്യത മുതലാക്കി ലാഭം കൊയ്യുന്നത്, അതേ രീതിയിൽ 'പരീക്ഷാ നടത്തിപ്പ്' എന്ന കച്ചവടസാധ്യത മുന്നിൽക്കണ്ട് എൻ.ടി.എയും പരീക്ഷാ നടത്തിപ്പിന് ഇറങ്ങിത്തിരിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ പ്രവേശനപരീക്ഷാനടത്തിപ്പിനെതിരെയുള്ള അന്വേഷണങ്ങൾ എൻ.ടി.എയിലേക്കും യു.ജി.സി ചെയർമാൻ എം. ജഗദീഷ് കുമാറിലേക്കും വ്യാപിപ്പിക്കണം. പല തവണ പരീക്ഷകൾ നടത്തി പരാജയപ്പെട്ട, ഒരിക്കലും വിദ്യാർത്ഥിസൗഹൃദമോ, സുതാര്യമോ അല്ലാത്ത സംവിധാനമായ എൻ.ടി.എയുടെ പിരിച്ചുവിടലിൽ കുറഞ്ഞ ഒരു നടപടിയും ഇന്ന് ഉന്നത വിദ്യാഭ്യാസം നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരമാവില്ല.

ഇന്ത്യയുടെ ഉന്നത വിദ്യാഭ്യാസവ്യവസ്ഥക്കുമേലുള്ള വിശ്വാസ്യത ഇടിയുന്നത് വിദ്യാർത്ഥികൾ കൂട്ടത്തോടെ രാജ്യം വിടുന്നതിലേക്കും മറ്റുമാണ് നയിക്കുക. നോട്ട് നിരോധനം നടപ്പിലാക്കിയപ്പോൾ എങ്ങനെ ഇന്ത്യൻ കറൻസിക്കുമേലുള്ള വിശ്വാസ്യത ജനങ്ങൾക്ക് നഷ്ടമായി, അതേ രീതിയിൽ ഇന്ത്യൻ വിദ്യാഭ്യാസ സമ്പ്രദായത്തോടും ഇന്ത്യൻ വിദ്യാഭ്യാസ നേട്ടങ്ങളോടും ഇന്ന് ജനങ്ങൾക്ക് വിശ്വാസ്യത നഷ്ടമായിരിക്കുന്നു.

Comments