“എറേറ്റോ സ്നേഹിക്കുന്നു…”
യൂണിഫോമിലെ
കാലംമായ്ക്കാത്ത
കൈയ്യൊപ്പുകൾ

ഈ ലേഖനത്തിന് പ്രചോദനമായത് ദീപിക ദിനപത്രത്തിൽ കാണാനിടയായ ഒരു ചിത്രമാണ്. എറണാകുളത്തെ ഒരു സ്കൂളിൽ പ്ലസ് ടു പഠനം കഴിഞ്ഞ് പരസ്പരം പിരിയുന്ന സമയത്ത് കൂട്ടുകാരികളുടെ യൂണിഫോമിൽ അവർ പരസ്പരം ഒപ്പുകളിടുന്നു. വിദ്യാർത്ഥി അനുഭവലോകത്തിന്റെ മായാത്ത സ്വതന്ത്ര മുദ്രണങ്ങളിലൂടെ സഞ്ചരിക്കുന്നു, ഡോ.​ സെബാസ്റ്റ്യൻ ജോസഫ്.

“എറേറ്റോ സ്നേഹിക്കുന്നു…..”
വാചകം അവിടെ മുറിയുകയാണ്. കാലത്തിന്റെ പാച്ചിലിൽ എറേറ്റോയുടെ വികാരപ്രഖ്യാപനത്തെ പാതിവഴിയിൽ ആരോ തടഞ്ഞതുപോലെ.

2000- ൽപ്പരം വർഷത്തിലേക്ക് ഓർമ്മയുടെ ചരിത്ര രഥത്തിൽ സഞ്ചരിച്ചാൽ എ.ഡി 79-ൽ വെസൂവിയസ് അഗ്നിപർവ്വതം പൊട്ടിത്തെറിച്ചപ്പോൾ, എറേറ്റോ പോംപൈ നഗരത്തിലെ (നേപ്പിൾസിനടുത്തുള്ളപുരാതന റോമാ നഗരം) ഒരു ചുവരിൽ തന്റെ ആഗ്രഹങ്ങളുടെ ആ ബാക്കിപത്രം കുറിച്ചിട്ടതു കാണാം. പൂർണ്ണമായ ഒരു ചിന്തയല്ല അവിടെ അവശേഷിക്കുന്നത്, മറിച്ച് അപൂർണ്ണമായ ഒരു സാന്നിധ്യമാണ്. ഏതോ ഒരാളുടെ സ്വകാര്യമന്ത്രണം ചരിത്രത്തിന്റെ മ്യൂസിയത്തെത്തന്നെയാണ് തുറന്നുവിടുന്നത്. എറേറ്റോയുടെ സ്നേഹപ്രഖ്യാപനത്തിൽ മനുഷ്യചരിത്രത്തിന്റെ സത്ത തന്നെയുണ്ട്: കാലത്തിന്റെ അനന്തമായ നിസ്സംഗതയ്‌ക്കെതിരെ, ഒരു നിമിഷത്തേക്കെങ്കിലും ഈ ലോകത്ത് തന്റേതായ ഒരു അടയാളം രേഖപ്പെടുത്തുക എന്ന മനുഷ്യന്റെ അടങ്ങാത്ത ആഗ്രഹം അതിലടങ്ങിയിരിക്കുന്ന ആർക്കൈവൽ വികാരം തന്നെയാണ്.

2000 വർഷം പിറകിലേക്ക് സഞ്ചരിക്കുമ്പോൾ, 21-ാം നൂറ്റാണ്ടിനു മുന്നിൽ പ്രത്യക്ഷമാകുന്നത്, യുദ്ധകലുഷിതമായ കാലത്ത് നമ്മോട് സ്നേഹത്തിന്റെ കരുതൽ പങ്കുവയ്ക്കുന്ന എറാറ്റോയെയാണ്. മുന്നോട്ടു കുതിക്കുന്ന വർത്തമാനകാലത്തെ തടഞ്ഞുനിർത്തി ചോദ്യം ചെയ്യുകയാണ് മാനവചരിത്രത്തിലെ ഈ കരുതലിന്റെ ചരിത്രരേഖ.

ദൈനംദിന ജീവിതത്തിലെ
സാധാരണ കുറിപ്പുകൾ

മെഡിറ്ററേനിയന്റെ ചരിത്രകാരനായ ഫെർനാൻഡ് ബ്രേദേൽ നാം ജീവിക്കുന്ന സാധാരണ ലോകത്തെ, ദൈനംദിനത്തിന്റെ (History of Everyday life ) ചരിത്രമെന്ന് വിശേഷിപ്പിക്കുന്നുണ്ട്. സാധാരണക്കാരായ മനുഷ്യർ എഴുതുന്ന ഡയറികളും, കുറിപ്പുകളും, കണക്കു പുസ്തകങ്ങളുമെല്ലാം ഈ ചരിത്രത്തിന്റെ പ്രാഥമിക സ്രോതസുകളാണ്. അതിപുരാതന കാലം മുതൽ മനുഷ്യർ കോറിയിടുന്ന വാക്കുകൾ,ആരും കാണാതെ പോകുന്ന ചരിത്രങ്ങളാണ് / ചരിത്ര വസ്തുക്കളാണ്.

പതിനാറാം നൂറ്റാണ്ടിൽ യൂറോപ്യൻ വിദ്യാർത്ഥികൾക്കിടയിൽ പ്രചാരത്തിലുണ്ടായിരുന്ന ഓട്ടോഗ്രാഫുകളെ ആൽബം അമിക്വോറം അഥവാ 'സൗഹൃദങ്ങളുടെ പുസ്തകം' എന്നാണ് വിളിച്ചിരുന്നത്. ബൗദ്ധികബന്ധങ്ങളുടെ ഒരു ചരിത്രരേഖ കൂടിയായാണ് ഇവ വിലയിരുത്തപ്പെടുന്നത്.

ദൈനംദിനജീവിതത്തിലെ വളരെ ലളിതമായ, എന്നാൽ ഭാവികാലത്തിലേക്ക് നമ്മെ കൈപിടിച്ചു നടത്തുന്ന ഈ ചോദന നൂറ്റാണ്ടുകളിലൂടെയും സംസ്കാരങ്ങളിലൂടെയും തുടർന്നുകൊണ്ടേയിരിക്കുന്നു. കൽച്ചുവരുകൾ മുതൽ താളിയോലകൾ വരെ, സ്മാരകങ്ങൾ മുതൽ പുരാരേഖകൾ വരെ, മനുഷ്യൻ നിരന്തരം തങ്ങളുടെ അസ്തിത്വം അടയാളപ്പെടുത്തിക്കൊണ്ടേയിരുന്നു. ഒരുകാലത്ത് നിസ്സാരമെന്ന് കരുതി തള്ളിക്കളഞ്ഞ പോംപൈ നഗരത്തിലെ ആ ചുവരെഴുത്തുകൾ (Graffiti), ഇന്ന് ദൈനംദിന ലോകത്തിലും അതിന്റെ തുടർ ചരിത്രങ്ങൾ നാമറിയാതെ തന്നെ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. അധികാരത്തിന്റെയോ ഭരണകൂടത്തിന്റെയോ യാതൊരു ഇടപെടലുകളുമില്ലാത്ത ആ സാധാരണക്കാരുടെ ശബ്ദങ്ങൾ ഒറ്റക്കെട്ടായി മനുഷ്യന്റെ സാംസ്കാരിക ജീവിതങ്ങളെ ചരിത്രവൽക്കരിക്കുവാനുള്ള ആർക്കൈവുകളാണ്. അവ സാമ്രാജ്യങ്ങളുടെയോ, രാഷ്ട്രീയ സംവിധാനങ്ങളുടെയോ ചരിത്രമല്ല, മറിച്ച്, വലിയ ചരിത്രങ്ങൾക്കടിയിൽ പുണ്ടു പോയ മാനവ സ്മൃതിമണ്ഡലങ്ങളാണ്.

മെഡിറ്ററേനിയന്റെ ചരിത്രകാരനായ ഫെർനാൻഡ് ബ്രേദേൽ നാം ജീവിക്കുന്ന സാധാരണ ലോകത്തെ, ദൈനംദിനത്തിന്റെ ( History of Everyday life ) ചരിത്രമെന്ന് വിശേഷിപ്പിക്കുന്നുണ്ട്.
മെഡിറ്ററേനിയന്റെ ചരിത്രകാരനായ ഫെർനാൻഡ് ബ്രേദേൽ നാം ജീവിക്കുന്ന സാധാരണ ലോകത്തെ, ദൈനംദിനത്തിന്റെ ( History of Everyday life ) ചരിത്രമെന്ന് വിശേഷിപ്പിക്കുന്നുണ്ട്.

ഫ്രം പോംപൈ ടു കൊച്ചി:
യൂണിഫോമുകൾ വികാരങ്ങളുടെ ക്യാൻവാസാകുമ്പോൾ

എറേറ്റോയെ വിട്ട് നമ്മുടെ എറണാകുളത്തേയ്ക്കൊന്നു സഞ്ചരിക്കാം. ഈ ലേഖനത്തിന് പ്രചോദനമായത് ദീപിക ദിനപത്രത്തിൽ കാണാനിടയായ ഒരു ചിത്രമാണ്. എറണാകുളത്തെ ഒരു സ്കൂളിൽ പ്ലസ് ടു പഠനം കഴിഞ്ഞ് പരസ്പരം പിരിയുന്ന സമയത്ത് കൂട്ടുകാരികളുടെ യൂണിഫോമിൽ അവർ പരസ്പരം ഒപ്പുകളിടുന്നു. പെട്ടെന്നുകണ്ട്, അതേ വേഗതയിൽ നാം വിട്ടുകളയുന്ന ദൈനംദിന വാർത്താ ദൃശ്യങ്ങളാണിവ.

വാർത്തയ്ക്കപ്പുറം ഇതിനൊരു പ്രാധാന്യം കൈവരുന്നത്, ചരിത്രപരമായി ഇവയെ പഠനത്തിന് ആധാരമാക്കുമ്പോൾ മാത്രമാണ്. ബ്രോദേലിന്റെ വാക്കുകൾ കടമെടുത്താൽ, കുമിള പോലെ പൊട്ടിപ്പോകുന്ന സംഭവങ്ങളാണവ (spasmodic events). ചരിത്രപരമായി തുടർന്നുകൊണ്ടിരിക്കുന്ന, ഘടനാപരമായി ഉറച്ചുപോയ ചില പ്രവർത്തനങ്ങളാണ് ഈ സംഭവങ്ങളിലെ കാതൽ. അവിടെയാണ് പോംപൈ നഗരത്തിൽ 2000 ൽപ്പരം വർഷങ്ങൾക്കുമുമ്പ് കുറിച്ചിട്ട വാക്കുകളും, ഇന്നും മനുഷ്യർ തുടർന്നുകൊണ്ടിരിക്കുന്ന സ്നേഹപ്രകടനങ്ങളും ഒന്നിച്ചുചേരുന്നത്.

ഓട്ടോഗ്രാഫുകളുടെ കാലം

പതിനാറാം നൂറ്റാണ്ടിൽ യൂറോപ്യൻ വിദ്യാർത്ഥികൾക്കിടയിൽ പ്രചാരത്തിലുണ്ടായിരുന്ന ഓട്ടോഗ്രാഫുകളെ ആൽബം അമിക്വോറം (Album amicorum) അഥവാ 'സൗഹൃദങ്ങളുടെ പുസ്തകം' എന്നാണ് വിളിച്ചിരുന്നത്. ഇത് കേവലം സുഹൃദ്‌ബന്ധങ്ങളുടെ കുത്തിക്കുറിക്കലുകൾ മാത്രമായിരുന്നില്ല. ബൗദ്ധികബന്ധങ്ങളുടെ ഒരു ചരിത്രരേഖ കൂടിയായാണ് ഇവ വിലയിരുത്തപ്പെടുന്നത്. പിൽക്കാലത്ത് അവ 'ഇയർബുക്കുകൾ’ (yearbooks) എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. ഇതിൽ ആശംസകൾ കൊച്ചുകവിതകളിലൂടെയും സന്ദേശങ്ങളിലൂടെയും സുഹൃത്തുക്കൾ പ്രകാശിപ്പിച്ചു. പിൽക്കാലത്ത് ഇവ വിദ്യാർത്ഥിജീവിതത്തിന്റെ വൈകാരികവും, സാമൂഹികവുമായ രേഖകളായി മാറി.

കേരളത്തിൽ പ്ലസ് ടു, പ്രീ ഡിഗ്രിയായിരുന്ന കാലത്ത് ഓട്ടോഗ്രാഫുകളുടെ ചാകരയായിരുന്നു കോളേജുകളിൽ. പല വർണ്ണങ്ങളിലുള്ള ഓട്ടോഗ്രാഫിന്റെ താളുകളിൽ കൂട്ടുകാർ തങ്ങളുടെ ഇഷ്ടങ്ങളും ആശംസകളും കുറിച്ചിട്ടു. മൂന്നും, നാലും ഓട്ടോഗ്രാഫുകളുമായി പാഞ്ഞുനടന്ന് കൂട്ടുകാരുടെ സന്ദേശങ്ങൾ മേടിക്കുന്നവരെയും അന്നു കണ്ടിരുന്നു.

കേരളത്തിൽ പ്ലസ് ടു, പ്രീ ഡിഗ്രിയായിരുന്ന കാലത്ത് ഓട്ടോഗ്രാഫുകളുടെ ചാകരയായിരുന്നു കോളേജുകളിൽ. നാടോടിക്കാറ്റിൽ വിജയൻ (ശ്രീനിവാസൻ) പറയുന്നതു പോലെ, “പ്രീ ഡിഗ്രിയും അത്ര മോശം ഡിഗ്രിയൊന്നുമല്ലാ”യിരുന്ന കാലത്ത് പല വർണ്ണങ്ങളിലുള്ള ഓട്ടോഗ്രാഫിന്റെ താളുകളിൽ കൂട്ടുകാർ തങ്ങളുടെ ഇഷ്ടങ്ങളും ആശംസകളും കുറിച്ചിട്ടു. മൂന്നും, നാലും ഓട്ടോഗ്രാഫുകളുമായി പാഞ്ഞുനടന്ന് കൂട്ടുകാരുടെ സന്ദേശങ്ങൾ മേടിക്കുന്നവരെയും അന്നു കണ്ടിരുന്നു. പെൺകുട്ടികളുടെ പിറകേ നടന്ന് അവരുടെ സന്ദേശങ്ങൾ മാത്രം വാങ്ങിക്കുന്ന ചില ‘പൂവാലൻമാരും’ (അന്നത്തെ വിശേഷണം, എന്റേതല്ല) അന്നുണ്ടായിരുന്നു. അന്ന് ഏറ്റവും കൂടുതൽ എഴുത്തുകൾ പ്രണയങ്ങളെക്കുറിച്ചും ഭാവികാല വിവാഹജീവിതത്തിനാശംസകളും ആയിരുന്നു. ചില ‘പഠിപ്പിസ്റ്റു’കൾ മാത്രമാണ് തുടർപഠനത്തിന് ആശംസകളെഴുതിയത്.

പ്രീ ഡിഗ്രി ഓട്ടോഗ്രാഫിൽ ഒരു സുഹൃത്തിങ്ങനെ എഴുതിയത് ഓർമ്മയിൽ ഇന്നും തങ്ങിനിൽക്കുന്നു;

Two in a Car
Two little kisses
Two weeks later
Mr and Mrs!

ഒറ്റവായനയിൽത്തന്നെ നമ്മെ ത്രസിപ്പിക്കുന്ന ഇതുപോലെയുള്ള എഴുത്തുകൾ അന്ന് ധാരാളമായിട്ടുണ്ടായിരുന്നു. പിന്നീടങ്ങോട്ട് ഓട്ടോഗ്രാഫുകൾ പൊടുന്നനെ അപ്രത്യക്ഷമാകുകയും, സാമൂഹിക സമ്പർക്ക വിപ്ലവം മറ്റു മാധ്യമങ്ങളിലൂടെ ആവുകയും ചെയ്തപ്പോൾ, ഈ നൈമിഷികമായ കുറിപ്പുകൾക്ക് പ്രസക്തി നഷ്ടപ്പെട്ടു.

എറണാകുളത്തെ  ഒരു സ്കൂളിൽ പ്ലസ് ടു കഴിഞ്ഞ് പിരിയുന്ന സമയത്ത്  യൂണിഫോമിൽ വിദ്യാർത്ഥിനികൾ പരസ്പരം ഒപ്പുകളിടുന്നു. ദീപിക ദിനപത്രത്തിൽ  പ്രസിദ്ധീകരിച്ച, ​ബ്രില്യൻ ചാൾസ് പകർത്തിയ ചിത്രം.
എറണാകുളത്തെ ഒരു സ്കൂളിൽ പ്ലസ് ടു കഴിഞ്ഞ് പിരിയുന്ന സമയത്ത് യൂണിഫോമിൽ വിദ്യാർത്ഥിനികൾ പരസ്പരം ഒപ്പുകളിടുന്നു. ദീപിക ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച, ​ബ്രില്യൻ ചാൾസ് പകർത്തിയ ചിത്രം.

യൂണിഫോമിലെ മുദ്രണം

ഇവിടെയാണ് പരസ്പരം പിരിയുന്ന നിമിഷത്തിൽ യൂണിഫോമിൽ കുത്തിക്കുറിക്കുന്ന സ്നേഹ വചനങ്ങൾ സാമൂഹികതയുടെ വേറിട്ട പ്രകടനമാകുന്നത്. കേരളത്തിൽ ചില വിദ്യാലയങ്ങളിൽ ഈ സംസ്കാരം അടുത്ത കാലത്ത് കണ്ടുവരുന്നതായി ചില സുഹൃത്തുക്കൾ പറയുകയുണ്ടായി. ഇത് ഒരു സാംസ്കാരിക തുടർച്ചയുടെ സമകാലിക ആവർത്തനമാണെങ്കിലും അതിൽ അടങ്ങിയിരിക്കുന്ന വികാരം അതിന്റെ ആഴങ്ങളിൽ ചിലപ്പോഴെങ്കിലും പ്രതിഷേധത്തിന്റെ മൂശയിൽ തീർത്ത സ്നേഹപ്രകടനമാകാം.

വിശുദ്ധ യൂണിഫോമുകളോ?

സ്കൂൾ യൂണിഫോമുകളിൽ കയ്യൊപ്പ് ചാർത്തുന്ന ഇന്നത്തെ രീതികളെ പുതുതലമുറയുടെ അച്ചടക്കമില്ലായ്മായി കാണുന്നവരും നമ്മുടെ ഇടയിൽ കണ്ടേക്കാം, ചിലപ്പോൾ ഭൂരിപക്ഷം അങ്ങനെയുള്ളവരാകാം. തങ്ങളുടെ ‘വിശുദ്ധ’ യൂണിഫോമുകളിൽ കൈയ്യൊപ്പു ചാർത്തുകയോ? അച്ചടക്കമില്ലാത്തതിന്റെ പ്രകടനമാണോ ഇവ? യൂണിഫോമിൽ കുടിയിരിക്കുന്ന അച്ചടക്കത്തിന്റെ ഭൂതമായിരിക്കും പലരേയും ഇങ്ങനെ ചിന്തിപ്പിക്കുവാൻ കാരണമാകുന്നത്.

മറിച്ച്, നൂറ്റാണ്ടുകളായി മനുഷ്യൻ തുടർന്നുവരുന്ന ഒരു ജനകീയ ചരിത്രശേഖരണ പാരമ്പര്യത്തിന്റെ തുടർച്ചയാണിതെന്ന് പലരും മനസ്സിലാക്കാൻ മെനക്കെടുന്നില്ല. യൂണിഫോമിൽ കൈയ്യാപ്പിടുമ്പോൾ, എന്തോ ഒരു സ്വതന്ത്രചിന്ത അവരെ ഭരിക്കുന്നുണ്ട്. അതുവരെ തങ്ങളെ വർഗ്ഗീകരിച്ച, അച്ചടക്കത്തിന്റെ മൂല്യം നിർബന്ധമായും പഠിപ്പിച്ച യൂണിഫോമിൽ എഴുതുമ്പോൾ അവരറിയാത്ത ഉന്മാദം ലഭിക്കുന്നുണ്ടാവാം.

പിരിയുന്ന വേളയിൽ വിദ്യാർത്ഥികൾ യൂണിഫോമുകൾ കീറി വഴിയിൽ എറിഞ്ഞ് ആഘോഷിച്ചതായി ഒരു വീഡിയോ കണ്ടു. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തോടുള്ള വിദ്വേഷം അതിൽ അടങ്ങിയിരിക്കുന്നതായി നിരീക്ഷിക്കാം.

മറ്റൊരു സംഭവത്തിൽ, പയ്യന്നൂരിൽ, പിരിയുന്ന വേളയിൽ വിദ്യാർത്ഥികൾ യൂണിഫോമുകൾ കീറി വഴിയിൽ എറിഞ്ഞ് ആഘോഷിച്ചതായി ഒരു വീഡിയോ കണ്ടു. തികച്ചും ന്യായീകരിക്കത്തക്ക പ്രകടനമല്ലെങ്കിലും, നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തോടുള്ള വിദ്വേഷം അതിൽ അടങ്ങിയിരിക്കുന്നതായി നിരീക്ഷിക്കാം. ഒറ്റവരിയിൽ നിറുത്തി, പരീക്ഷാപ്രളയത്തിലകപ്പെടുത്തി, ശ്വാസം മുട്ടിക്കുന്ന ഗുണദോഷിക്കലിന്റെ പിടിയിലകപ്പെട്ട്, ഈ വ്യവസ്ഥയോടുതന്നെ മടുപ്പു തോന്നി, അതുവരെയുണ്ടായ പകയെല്ലാം യൂണിഫോമിനോടു തീർത്തതാകാം. എന്തായാലും ഒപ്പിട്ട യൂണിഫോമുകളും, കീറിയെറിഞ്ഞ യൂണിഫോമുകളും മ്യൂസിയത്തിൽ വരേണ്ട വസ്തുക്കളാണ്. കാരണം, രണ്ടിലും ചരിത്രമുണ്ട്; വ്യത്യസ്ത തലങ്ങളിലാണെന്നു മാത്രം; ഒപ്പിട്ടു സ്നേഹിക്കുന്ന/ പ്രതിഷേധിക്കുന്നവരും, കീറിക്കളഞ്ഞു തിമിർക്കുന്ന വൻ പ്രതിഷേധക്കാരുമായി മാറുന്നവർ.

ദൈനംദിന അധികാരച്ചരിത്രങ്ങൾ

യൂണിഫോമുകൾ ആത്യന്തികമായി അധികാരമുറപ്പിക്കലിന്റെ ഉപാധിയാണ്. ഫാക്ടറിയിലായാലും, വിദ്യാലയിത്തിലായാലും, സൈന്യത്തിലോ, പോലീസിലോ ആയാലും, യൂണിഫോം ഭരണകൂടത്തിന്റെ അധീശത്വം ഉറപ്പിക്കുന്ന ആശയ വ്യവസ്ഥയുടെ ഉപകരണമാണ് അന്റോണിയോ ഗ്രാംഷി വിഭാവന ചെയ്ത സാംസ്കാരിക അധീശത്വം എന്ന സൈദ്ധാന്തിക ചട്ടക്കൂട്ടിൽ നോക്കിയാൽ സ്കൂൾ യൂണിഫോമുകളെ കേവലമൊരു നിയന്ത്രണോപാധി എന്നതിലുപരി, വിദ്യാഭ്യാസക്രമത്തിനകത്ത് വിധേയത്വവും അച്ചടക്കവും സ്വാഭാവികമായി നിലനിർത്താനുള്ള ഒരു സൂക്ഷ്മ ഉപകരണമായി വായിച്ചെടുക്കാൻ സാധിക്കും. ഈ ചട്ടങ്ങളെ ആന്തരികവൽക്കരിക്കുന്നതിലൂടെവിദ്യാർത്ഥികൾ വ്യവസ്ഥാപിത അധികാരത്തെ സ്ഥാപിച്ചെടുക്കുന്ന പ്രക്രിയയെ മനസ്സിലാക്കാതെ അതിനെ തങ്ങളുടെ സാമാന്യബോധമായിത്തന്നെ നിലനിറുത്തുന്നു.

എന്നിരുന്നാലും, ഈ അധികാര രൂപീകരണം അന്തർലീനമായിത്തന്നെ അസ്ഥിരമാണ്. കാരണം, യൂണിഫോമുകൾ ഒരേസമയം അധികാരശ്രേണികളെ പ്രതിനിധീകരിക്കുകയും, അതോടൊപ്പം തന്നെ ചെറുത്തുനിൽപ്പുകൾക്കുമുള്ള ഇടം സൃഷ്ടിക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ, സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കുന്ന വേളയിൽ യൂണിഫോമുകളിൽ ഒപ്പുവെക്കുന്നതോ അവ വലിച്ചുകീറുന്നതോ ആയ പ്രവൃത്തികളെ അധികാരത്തോടുള്ള പ്രതീകാത്മകമായ വിച്ഛേദങ്ങളായി വ്യാഖ്യാനിക്കാവുന്നതാണ്. വ്യവസ്ഥിതിയുടെ ശിക്ഷണത്തിന് വിധേയമായ ശരീരം സ്വന്തം കർതൃത്വം വീണ്ടെടുക്കുന്ന നിമിഷങ്ങളാണവ. അവിടെ, അച്ചടക്കം അടിച്ചേൽപ്പിക്കാനുള്ള കേവലമൊരു വസ്ത്രം ഓർമ്മകളുടെയും വിയോജിപ്പുകളുടെയും തീവ്രമായ സ്വത്വാവിഷ്കാരത്തിന്റെയും ഇടമായി പരിവർത്തനം ചെയ്യപ്പെടുന്നു.

ഒപ്പിട്ട യൂണിഫോമുകളും, കീറിയെറിഞ്ഞ യൂണിഫോമുകളും മ്യൂസിയത്തിൽ വരേണ്ട വസ്തുക്കളാണ്. കാരണം, രണ്ടിലും ചരിത്രമുണ്ട്; വ്യത്യസ്ത തലങ്ങളിലാണെന്നു മാത്രം.
ഒപ്പിട്ട യൂണിഫോമുകളും, കീറിയെറിഞ്ഞ യൂണിഫോമുകളും മ്യൂസിയത്തിൽ വരേണ്ട വസ്തുക്കളാണ്. കാരണം, രണ്ടിലും ചരിത്രമുണ്ട്; വ്യത്യസ്ത തലങ്ങളിലാണെന്നു മാത്രം.

യൂണിഫോമിലെ
അധികാരക്കണ്ണുകൾ

യൂണിഫോം അധികാരിയുടെ അധീശത്വ സംസ്കാരത്തിന്റെ പ്രതീകമാണ്. ചരിത്രകാരനും, ചിന്തകനുമായിരുന്ന മിഷേൽ ഫൂക്കോ സൈദ്ധാന്തികവൽക്കരിച്ചതുപോലെ, ദൈനംദിന ജീവിതത്തിലെ അധികാരത്തിന്റെ സൂക്ഷ്മ തലങ്ങളെ കൃത്യമായി വരച്ചുകാണിക്കുന്ന ഇടമാണ് വിദ്യാലയ സ്ഥാപനങ്ങൾ. അൽത്തൂസർ പറഞ്ഞതുപോലെയുള്ള പ്രത്യയശാസ്ത്ര ഭരണകൂട സംവിധാന (Ideological State Apparatus) ത്തിന്റെ ഉത്തമ ഉദാഹരണമാണ് വിദ്യാലയങ്ങൾ. ശരീരപ്രകടനങ്ങളെ നിയന്ത്രിക്കാനും, വ്യക്തിപരമായ വ്യത്യാസങ്ങളെ ഇല്ലാതാക്കി ഏകീകരിക്കാനും രൂപകൽപ്പന ചെയ്തതാണ് യൂണിഫോമുകൾ. വിടവാങ്ങലിന്റെ നിമിഷത്തിൽ, ആ അച്ചടക്കത്തിന്റെ ചട്ടക്കൂടുകൾക്കുള്ളിൽ ശ്വാസംമുട്ടിയിരുന്ന വ്യക്തിത്വം അഴിച്ചുവിടുന്ന പ്രതീതി ഉണ്ടാവുന്നു. വിദ്യാർത്ഥികൾ അറിയാതെ തന്നെ അവരുടെയുള്ളിൽ ഉണ്ടാവുന്ന വെറുപ്പ് അമർഷം എല്ലാം കൂടിയുള്ളതിന്റെ ആവിഷ്ക്കാരമായും മാറുകയാണ് യൂണിഫോമിലെ ഒപ്പുകൾ. അധികാരത്തിനെതിരെയുള്ള ഒരു വികാര പ്രകടനമായും ഇതിനെ കാണാം. അതുകൊണ്ടുതന്നെ അവിടെ പേരെഴുതുന്നത് വെറുമൊരു ഓർമ്മപ്പെടുത്തൽ മാത്രമല്ല; അത് നിശ്ശബ്ദ പ്രതിഷേധം കൂടിയാണ്. എല്ലാവരെയും ഒരേപോലെയാക്കാൻ ശ്രമിച്ച അതേ വസ്ത്രത്തിൽ തന്നെ, സ്വന്തം വ്യക്തിത്വത്തെയും കൂട്ടായ സ്വത്വബോധത്തെയും ആലേഖനം ചെയ്യുകയാണിവിടെ.

ദുഃഖങ്ങൾ, സന്തോഷങ്ങൾ, കൊച്ചു കൊച്ചു സൗഹൃദങ്ങൾ, ആശങ്കകൾ, സ്വപ്നങ്ങൾ, നിശ്ശബ്ദപ്രണയങ്ങൾ ഒക്കെ യൂണിഫോമിന്റെ നൂലിഴകളിൽ ഭദ്രമായി തുന്നിച്ചേർത്തിട്ടുണ്ട്.

ചരിത്രമുറങ്ങുന്ന വസ്തുക്കൾ

ഇതിനെലല്ലാമപ്പുറം കയ്യൊപ്പ് ചാർത്തിയ ഈ യൂണിഫോമുകൾ ഓർമ്മകളുടെ കൂടുതൽ വൈകാരികമായ മറ്റൊരു ലോകത്തേക്ക് കൂടി നമ്മെ കൊണ്ടുപോകുന്നുണ്ട്. ഏതൊരു വസ്തുവിലും ചരിത്രം ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു. ഭൂതകാലത്തിന്റെ വൈകാരിക ശേഷിപ്പുകൾ എങ്ങനെയാണ് വസ്തുക്കളിൽ അവശേഷിക്കുന്നതെന്ന് ആഞ്ചൽ മൽഹോത്ര നിരീക്ഷിച്ചിട്ടുണ്ട്. ഇന്ത്യാ വിഭജനത്തിന്റെ ഭൗതിക അവശിഷ്ടങ്ങൾ പലായനത്തിന്റെയും നഷ്ടങ്ങളുടെയും വേരുകളുടെയും ചരിത്രം സൂക്ഷിക്കുന്നുണ്ടെന്ന് അവർ തന്റെ ഗ്രന്ഥത്തിൽ സ്ഥാപിക്കുന്നതിലൂടെ ദൈനം ദിനജീവിതത്തെ വലിയ ചരിത്ര ക്യാൻവാസിലേക്കു കൊണ്ടുവരുന്നു. വസ്ത്രങ്ങളും, പാത്രങ്ങളും, താക്കോൽക്കൂട്ടവുമൊക്കെ ഇന്ത്യാ വിഭജനത്തിന്റെ കഥ പറയുന്ന ചരിത്രവസ്തുക്കളായി മാറുകയാണ് ആഞ്ചലിന്റെ തോട്ടത്തിൽ. ഇങ്ങനെ തന്നെ കയ്യൊപ്പു പതിഞ്ഞ ഈ യൂണിഫോമുകൾ വിദ്യാർത്ഥി ജീവിതത്തിന്റെ വൈകാരിക തലങ്ങളിലേത്ത് വരുംകാല സമൂഹങ്ങളെ കൊണ്ടുപോയിരിക്കും, അവ സൂക്ഷിച്ചുവെച്ചാൽ. ദുഃഖങ്ങൾ, സന്തോഷങ്ങൾ, കൊച്ചു കൊച്ചു സൗഹൃദങ്ങൾ, ആശങ്കകൾ, സ്വപ്നങ്ങൾ, നിശ്ശബ്ദപ്രണയങ്ങൾ ഒക്കെ യൂണിഫോമിന്റെ നൂലിഴകളിൽ ഭദ്രമായി തുന്നിച്ചേർത്തിട്ടുണ്ട്.

കല്ലിലായാലും തുണിയിലായാലും, ഈ പ്രവൃത്തിയുടെ കാതൽ കാലത്തിന്റെ വിസ്മൃതിക്കെതിരെയുള്ള ഒരു ചെറുത്തുനിൽപ്പാണ്. ഈ നിമിഷത്തിൽ, നിങ്ങളോടൊപ്പം ഞാനും ഇവിടെ ഉണ്ടായിരുന്നു എന്ന ഉറച്ച പ്രഖ്യാപനമാണ് വരുകാലത്ത് ഈ കൈയ്യൊപ്പുകൾ പറയുക. "എറേറ്റോ സ്നേഹിക്കുന്നു..." എന്ന് ചുവരിലെഴുതിയ സ്ത്രീയും, യൂണിഫോമിൽ പേരെഴുതുന്ന ഇന്നത്തെ വിദ്യാർത്ഥിനിയും ചെയ്യുന്നത് ക്ഷണികമായ മനുഷ്യജീവിതത്തെ മായാത്ത അടയാളങ്ങളാക്കി മാറ്റുക എന്ന എക്കാലത്തെയും വലിയ മാനുഷിക പ്രവൃത്തിയാണ്.

യൂണിഫോമുകൾ വിദ്യാർത്ഥി ജീവിതത്തിന്റെ വൈകാരിക തലങ്ങളിലേത്ത് വരുംകാല സമൂഹങ്ങളെ കൊണ്ടുപോയിരിക്കും.
യൂണിഫോമുകൾ വിദ്യാർത്ഥി ജീവിതത്തിന്റെ വൈകാരിക തലങ്ങളിലേത്ത് വരുംകാല സമൂഹങ്ങളെ കൊണ്ടുപോയിരിക്കും.

ഇത് ചുമ്മാതെ ഒരു ഒപ്പിടീലല്ല സാറേ!

ഓർമ്മകളെ സംരക്ഷിക്കുക മാത്രമല്ല, ജീവിക്കുകയും രേഖപ്പെടുത്തുകയും കൈമാറുകയും ചെയ്യുന്ന ഒരു ഇടമായി യൂണിഫോമിനെ മാറ്റിയിരിക്കുകയാണ് വിദ്യാർത്ഥിനികൾ. ആ സാധാരണ തുണിക്കഷ്ണത്തിൽ വളരെ വലിയൊരു സത്യം ഒളിഞ്ഞിരിപ്പുണ്ട്. ചരിത്രം രചിക്കപ്പെടുന്നത് വലിയ ഇതിഹാസങ്ങളിലൂടെ മാത്രമല്ല. മറിച്ച് മനുഷ്യർ അവശേഷിപ്പിച്ചു പോകുന്ന മൃദുലവും അപൂർണ്ണവുമായ ഇത്തരം കൊച്ചു വാചകങ്ങളിലൂടെ കൂടിയാണ്. ഇത് ചുമ്മാതെ ഒരു ഒപ്പിടീലല്ല സാറേ! അററൻഡൻസ് രജിസ്റ്ററിൽ വരച്ച വരകളിൽ നിന്നും വ്യത്യസ്തമായി വിദ്യാർത്ഥി അനുഭവലോകത്തിന്റെ മായാത്ത സ്വതന്ത്ര മുദ്രണങ്ങളാണ്.

ഇന്ന് പഴയകാല ഓട്ടോഗ്രാഫുകൾ പഠനകാലത്തിന്റെ ഓർമച്ചരിത്രങ്ങളാണെങ്കിലും, അവശേഷിക്കുന്നത് വിരലിലെണ്ണാവുന്നതു മാത്രം. നമ്മുടെ ചരിത്രബോധം വലിയ ചരിത്രരേഖകളിലും, ഭൗതിക വസ്തുവകകളിലും അഭിരമിച്ചു നടക്കുകയാണ്. സാധാരണ ജീവിതങ്ങളുടെ വലിയ സാമൂഹിക ലോകത്തിലേക്ക്, ചരിത്രകാരന്മാർ ഇപ്പോൾ കുറച്ചെങ്കിലും പഠനത്തിനാധാരമാക്കിയ വികാര ചരിത്രത്തിന്റെ സൂക്ഷ്മ അടരുകളിലേക്ക് എത്തുവാൻ പ്രാപ്തമാക്കുന്ന രേഖകളാണ് ഓട്ടോഗ്രാഫുകളും, ഒപ്പിട്ട യൂണിഫോമുകളുമെല്ലാം.

തൊട്ടടുത്തുള്ള പുരാരേഖാ സമുച്ചയങ്ങളെ കാണുവാൻ കൂടി വർത്തമാന കാലത്തിലെ ചരിത്ര ഗവേഷകർ ശ്രദ്ധിക്കണം. ക്യാമ്പസിലെ പ്രണയവും, സ്വപ്നങ്ങളും, വേർപിരിയൽ ദുഖങ്ങളുമൊക്കെ പങ്കിടുന്ന രേഖകൾ. ഇതിലെ വാക്കുകളെ ഫൂക്കോൾഡിയൻ വ്യവഹാര വിശകലനത്തിന് (discourse analysis) വിധേയമാക്കിയാൽ, ക്യാമ്പസ് ജീവിതത്തിന്റെ വികാര ചരിത്ര ഭൂപടത്തിലായിരിക്കും ചെന്നെത്തുക. ഓട്ടോഗ്രാഫുകൾക്കൊപ്പം കീറി എറിഞ്ഞതും, ഒപ്പിട്ടതുമായ യൂണിഫോമുകളും ആർക്കൈവുകളിലും മ്യൂസിയങ്ങളിലും വന്നാൽ ഭൂതകാലത്തിലെ ദൈനംദിന ജീവതചിത്രങ്ങൾക്കൂടി ചരിത്രത്തിന്റെ ഭാഗമാകും; നമ്മുടെ ആധുനിക എറേറ്റോമാരെ വിട്ടുകളയരുത്.

References:

Foucault, Michel. The Archaeology of Knowledge. Routledge, 2002.
Malhotra, Aanchal. Remnants of a Separation: A History of the Partition through Material Memory. HarperCollins, 2017.
Gramsci, Antonio. Selections from the Prison Notebooks. International Publishers, 1971.

Comments