ഏപ്രിൽ 28 വ്യാഴാഴ്ച കേരളത്തിലെ ഹയർ സെക്കണ്ടറി അദ്ധ്യാപകരെല്ലാം മൂല്യനിർണയ ക്യാമ്പുകളിലെത്തും. പയ്യന്നൂരിലെ ക്യാമ്പ് ഓഫീസറായ പ്രേമചന്ദ്രൻ അപ്പോൾ തിരുവനന്തപുരത്ത് അധികാരികളുടെ മുന്നിലായിരിക്കും.
സർക്കാറിന്റെ വിദ്യാഭ്യാസ നയത്തിന് ചേരാത്ത രീതിയിലാണ് ഇത്തവണത്തെ ചോദ്യഘടന എന്നും ഫോക്കസ് ഏരിയക്കു പുറത്തു നിന്നുമുള്ള നിർബന്ധിത ചോദ്യങ്ങൾ പൊതു വിദ്യാലയത്തിലെ കുട്ടികളുടെ മികച്ച വിജയസാദ്ധ്യതകളെ പ്രതികൂലമായി ബാധിക്കുമെന്നും അത് ഫലത്തിൽ സി.ബി.എസ്.ഇക്ക് സഹായകരമാവുമെന്നും ലേഖനമെഴുതിയ, വെബിനാറിൽ സംസാരിച്ച ‘കുറ്റ’ത്തിനുള്ള വിശദീകരണവുമായി ഹിയറിങ്ങിനു പോവുകയാണ് പ്രേമൻ മാഷ്.
ഏറെ ആലോചനകൾക്കു ശേഷം തയ്യാറാക്കിയ വിദ്യാഭ്യാസ നയത്തിനും പാഠ്യപദ്ധതിക്കും ചോദ്യരീതികൾക്കും നിരക്കാത്ത ഘടനയിലേക്ക് ഇത്തവണത്തെ പരീക്ഷകൾ മാറുന്നു എന്ന കാര്യം പത്രത്തിലൂടെ അറിഞ്ഞ്, അതിനെക്കുറിച്ച് ലേഖനമെഴുതുകയും ഗുണാത്മകമായ മാറ്റങ്ങൾക്കുവേണ്ടി സംസാരിക്കുകയും ചെയ്തതിന്റെ പേരിലാണ് കുറ്റാരോപണവും ഹിയറിങ്ങും നടപടി നീക്കവും നടക്കുന്നത്.
ഇത് അക്കാദമിക് വിഷയങ്ങളിലുള്ള അധ്യാപകരുടെ അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കുന്ന നടപടിയാണ്. 1960 ലെ കരിനിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം. ഭരണഘടനയുടെ 19ാം വകുപ്പു പ്രകാരം അഭിപ്രായ സ്വാതന്ത്യം മൗലികാവകാശമാണ്. അത് സംരക്ഷിച്ചു കിട്ടുന്നതിനായി, അക്കാദമിക് കാര്യങ്ങളിൽ അഭിപ്രായം പറയാനുള്ള അധ്യാപകരുടെ ജനാധിപത്യ അവകാശത്തിനു വേണ്ടിയുള്ള ക്യാമ്പയിനായി നമുക്കിതിനെ മാറ്റേണ്ടതുണ്ട്. ഇക്കാര്യം ചർച്ചചെയ്തും വിശദീകരിച്ചും ബാഡ്ജ് ധരിച്ചും നമുക്ക് ഐക്യപ്പെടാം. എല്ലാവരും ഉണ്ടാവണം.
Read More: