ഈ സർവകലാശാലകളിലാണോ
ജ്ഞാനസമ്പദ്‍വ്യവസ്ഥ
വിളയാൻ പോകുന്നത്?

‘Politicizing the Academics’ എന്ന പ്രക്രിയ തന്നെയാണ് ഉന്നത വിദ്യാഭ്യാസ മേഖലയിലെ സംഘ്പരിവാർവൽക്കരണത്തിനുള്ള മറുപടി. അക്കാദമികമായും വൈജ്ഞാനികമായും വിദ്യാഭ്യാസ സ്ഥാപനങ്ങളെ രാഷ്ട്രീയവൽക്കരിക്കുക. എന്നാൽ, അത്, സംഘ്പരിവാറിന്റെ സ്ഥാനത്ത് മറ്റൊരു രാഷ്ട്രീയ താൽപര്യത്തെ കുടിയിരുത്തുന്ന പ്രക്രിയയായി മാറുന്ന ദുരന്തം സംഭവിക്കുന്നുണ്ട്- UNMASKING / K.KANNAN

കേരളത്തിലെ 14 സർവകലാശാലകളിൽ സ്ഥിരം വി.സിയുള്ളത് ആരോഗ്യ സർവകലാശാലയിൽ മാത്രം. പന്ത്രണ്ടിടത്തും താൽക്കാലിക വി.സിമാരാണ്. ഡിജിറ്റൽ സർവകലാശാലയിലും സാ​ങ്കേതിക സർവകലാശാലയിലും താൽക്കാലിക വി.സിമാരെ നിയമിച്ച ഗവർണറുടെ നടപടി നിയമപരമല്ല എന്ന് ഹൈക്കോടതി വ്യക്തമാക്കിയതോടെ, രണ്ടിടത്തും തൽക്കാലം വി.സിമാരില്ലാതാകും.

താൽക്കാലിക വി.സിമാരെ സർക്കാർ നൽകുന്ന പാനലിൽനിന്ന് നിയമിക്കണമെന്നാണ് ഡിജിറ്റൽ, സാങ്കേതിക സർവകലാശാലാ ചട്ടത്തിലുള്ളത്. യു.ജി.സി റഗുലേഷനിൽ ഇതുസംബന്ധിച്ച് പ്രത്യേക വ്യവസ്ഥയില്ലാത്തതിനാൽ സർവകലാശാലാ നിയമമാണ് നിലനിൽക്കുക. ഇതാണ് ഹൈക്കോടതി പരിഗണിച്ചത്. ആരിഫ് മുഹമ്മദ് ഖാൻ ഗവർണറായിരുന്നപ്പോഴാണ് ഡോ. കെ. ശിവപ്രസാദ് (സാങ്കേതിക സർവകലാശാല), ഡോ. സിസാ തോമസ് (ഡിജിറ്റൽ സർവകലാശാല) എന്നിവരെ താൽക്കാലിക വി.സിമാരായി നിയമിച്ചത്. കാലാവധി മെയ് 27ന് അവസാനിച്ചതിനെതുടർന്നാണ് തുടരാനുള്ള അനുമതിക്കായി കോടതിയെ സമീപിച്ചത്. ഇവർക്കുപകരം വരാൻ പോകുന്നതും താൽക്കാലിക വി.സിമാർ തന്നെയാകും. കാരണം, സ്ഥിരം വി.സി നിയമനം ഇപ്പോഴത്തെ തർക്കസാഹചര്യത്തിൽ എളുപ്പസംഗതിയല്ല.

ആരിഫ് മുഹമ്മദ് ഖാൻ ഗവർണറായിരുന്നപ്പോഴാണ് ഡോ. സിസാ തോമസ് (ഡിജിറ്റൽ സർവകലാശാല), ഡോ. കെ. ശിവപ്രസാദ് (സാങ്കേതിക സർവകലാശാല) എന്നിവരെ താൽക്കാലിക വി.സിമാരായി നിയമിച്ചത്.
ആരിഫ് മുഹമ്മദ് ഖാൻ ഗവർണറായിരുന്നപ്പോഴാണ് ഡോ. സിസാ തോമസ് (ഡിജിറ്റൽ സർവകലാശാല), ഡോ. കെ. ശിവപ്രസാദ് (സാങ്കേതിക സർവകലാശാല) എന്നിവരെ താൽക്കാലിക വി.സിമാരായി നിയമിച്ചത്.

ഇനി ഗവർണർക്കുവേണമെങ്കിൽ, സ്ഥിരം വി.സിയെ നിയമിക്കാനുള്ള സെർച്ച് കമ്മിറ്റിയ്ക്ക് വിജ്ഞാപനമിറക്കാം. അല്ലെങ്കിൽ, ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകാം. സർവകലാശാലകളുടെ ഭാവി പരിഗണിച്ചുള്ള നടപടിയാകും ഗവർണറുടെ ഭാഗത്തുനിന്നുണ്ടാകുകയെന്ന്, ഇതുവരെയുള്ള നടപടികളിൽ നിന്ന് പ്രതീക്ഷിക്കുക വയ്യ.

താൽക്കാലിക വി.സിമാരുടെ കാലാവധിയായ ആറു മാസം പിന്നിട്ട എട്ടു വി.സിമാർ കൂടി കേരളത്തിലുണ്ട്. ഹൈക്കോടതി ഉത്തരവ് ഇവരുടെ കാര്യത്തിലും ബാധകമായാൽ, ഇവരും സ്ഥാനമൊഴിയേണ്ടിവരും. ചുരുക്കത്തിൽ 'അടി- തിരിച്ചടി' എന്ന മട്ടിൽ മാധ്യമങ്ങൾ നൽകുന്ന തലക്കെട്ടിനെ അന്വർഥമാക്കുംവിധം ഉന്നതവിദ്യാഭ്യാസമേഖല കുഴഞ്ഞുമറിഞ്ഞുകിടക്കുകയാണ്.

വി.സിയും സിൻഡിക്കേറ്റും തമ്മിലുള്ള തർക്കത്തെതുടർന്ന് കേരള സർവകലാശാല ഭരണം സ്തംഭിച്ചിരിക്കുകയാണ്. ഡിഗ്രി സർട്ടിഫിക്കറ്റ് വിതരണം, പി.ജി പ്രവേശനം തുടങ്ങി ഭരണപരവും അക്കാദമികവുമായ മേഖലകളെയെല്ലാം ഈ തർക്കം ബാധിച്ചിട്ടുണ്ട്.

ഗവർണറുടെ അധികാരപ്രയോഗമാണ് കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ പ്രതിസന്ധിയ്ക്കുകാരണം. നിയമസഭ നിർമിക്കുന്ന നിയമങ്ങൾ ആധാരമാക്കിയാണ് സർവകലാശാലകൾ രൂപീകരിക്കപ്പെട്ടത് എന്നതുകൊണ്ടുതന്നെ ചാൻസലർ എന്ന നിലയിലുള്ള ഗവർണറുടെ ഉത്തരവാദിത്വം സംസ്ഥാനത്തിനൊപ്പം നിന്നാണ് നിർവഹിക്കേണ്ടത് എന്നാണ് സംസ്ഥാന സർക്കാറിന്റെ വാദം.

പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളെ ഏറ്റവും ക്രൂരമായ അക്കാദമിക് എക്സ്ക്ലൂഷന് വിധേയമാക്കുന്ന കേരളത്തി​ലെ സർവകലാശാലകൾക്ക് എങ്ങനെയാണ് ജ്ഞാനോൽപ്പാദനത്തിൽ സാമൂഹിക നീതിയും ​പ്രാതിനിധ്യവും ഉറപ്പാക്കാനാകുക?

ബ്രിട്ടീഷ് ഭരണകാലത്തെ ഒരു ബാഹ്യ അധികാരശക്തിയെന്ന നിലയ്ക്കാണ് ഗവർണർമാർ ചാൻസലർമാരായി നിയോഗിക്കപ്പെട്ടുതുടങ്ങിയത്. അല്ലാതെ, ചാൻസലർ എന്ന നിലയ്ക്കുള്ള ഗവർണറുടെ റോൾ ഭരണഘടനാപരമല്ലെന്നുമാത്രമല്ല, അത് സംസ്ഥാന നിയമങ്ങൾ അനുസരിച്ചുള്ളതുമാണ് എന്ന് പ്രമുഖ വിദ്യാഭ്യാസ കമീഷനുകൾ വ്യക്തമാക്കിയിട്ടുണ്ട്.

സർവകലാശാലകളുടെ കാര്യത്തിൽ സ്വതന്ത്രമായ തീരുമാനങ്ങളെടുക്കുമ്പോൾ ഗവർണർ മുഖ്യമന്ത്രിയുമായി ചർച്ച നടത്തണമെന്ന് സർക്കാരിയ കമീഷൻ നിർദേശിക്കുന്നു.

ചാൻസലർ എന്ന നിലയിൽ ഗവർണർ ഏകപക്ഷീയമായ തീരുമാനങ്ങൾ അടിച്ചേൽപ്പിച്ചാൽ അത് സംസ്ഥാന സർക്കാറിന്റെ പ്രവർത്തനങ്ങൾക്ക് വിരുദ്ധമാകുമെന്നതിനാൽ ഗവർണറെ ചാൻസലറാക്കുന്നത് അവസാനിപ്പിക്കണമെന്ന് ചീഫ് ജസ്റ്റിസായിരുന്ന മദൻ മോഹൻ പുഞ്ചിയുടെ നേതൃത്വത്തിൽ കേന്ദ്ര- സംസ്ഥാന ബന്ധങ്ങൾ പഠിക്കാൻ നിയോഗിക്കപ്പെട്ട കമ്മിറ്റി പറയുന്നുണ്ട്. വിദഗ്ധരായ അക്കാദമീഷ്യന്മാരായിരിക്കണം ചാൻസലർമാരാകേണ്ടത് എന്നും അവർ സർവകലാശാലകളുടെ സ്വയംഭരണത്തിന് സംഭാവന നൽകാൻ കഴിയുന്നവരായിരിക്കണമെന്നും പുഞ്ചി കമ്മിറ്റി റിപ്പോർട്ട് അടിവരയിടുന്നുണ്ട്.

ഗവർണർ എന്ന കൊളോണിയൽ അവശിഷ്ടം മോദി ഭരണത്തിൽ, ഫെഡറൽ അവകാശങ്ങൾക്കെതിരായ പുതുകാല കൊളോണിയൽ അധികാരരൂപമായി മാറിയിരിക്കുന്നു. വിദ്യാഭ്യാസത്തെ മുൻനിർത്തി ഈയൊരു സ്വേച്ഛാധിപത്യപരമായ അധികാരപ്രയോഗത്തിനുള്ള ചട്ടുകമായി ചാൻസലർ പദവിയെ മാറ്റിയെടുക്കുകയാണ് കേന്ദ്ര സർക്കാർ. പ്രത്യേകിച്ച്, പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ. സർവകലാശാലകളുടെ സ്വയംഭരണം എന്ന അടിസ്ഥാനത്തെപ്പോലും അട്ടിമറിക്കുംവിധം ചാൻസലർമാർ ഇടപെടാൻ തുടങ്ങി. ഇതോടെ, സംസ്ഥാനം ഫണ്ട് നൽകുന്ന സർവകലാശാലകൾ, വിരുദ്ധനിലപാടുകളെ പ്രതിനിധീകരിക്കുന്ന രണ്ട് അധികാരികളുടെ അധികാരത്തർക്കത്തിലേക്ക് വലിച്ചിഴക്കപ്പെട്ടു, ഗവർണറുടെയും സംസ്ഥാന സർക്കാറിന്റെയും. വൈസ് ചാൻസലർ നിയമത്തിലാണ് ഈ തർക്കം ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുന്നത്.

കേരള ഗവർണർ രാജേന്ദ്ര ആർലേക്കർ
കേരള ഗവർണർ രാജേന്ദ്ര ആർലേക്കർ

ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളെ ഏതാണ്ട് പൂർണമായും ‘വരുതിയിലാക്കാൻ’ ബി.ജെ.പി സർക്കാറിന് കഴിഞ്ഞിട്ടുണ്ട്. പുതിയ ദേശീയ വിദ്യാഭ്യാസനയവും (NEP- 2020) അതിന്റെ തുടർച്ചയായി ഈയിടെ പുറത്തുവന്ന യു.ജി.സിയുടെ കരട് മാർഗനിർദേശങ്ങളും ഗവർണറുടെ സ്വേഛാധികാരത്തെ ഉറപ്പിക്കുന്നതായിരുന്നു. വൈസ് ചാൻസലർ നിയമനത്തിന് വേണ്ടിയുള്ള 'സെർച്ച് കം സെലക്ഷൻ കമ്മിറ്റി' രൂപീകരിക്കുന്നതിൽ പൂർണ അധികാരം ചാൻസലർമാർക്കും (ഗവർണർമാർക്ക്) വിസിറ്റർമാർക്കും നൽകുക വഴി സംസ്ഥാന യൂണിവേഴ്‌സിറ്റികൾ പൂർണമായും കേന്ദ്രഭരണത്തിന് കീഴിലാകും. സംസ്ഥാന സർക്കാർ പ്രതിനിധികൾ സെർച്ച് കമ്മിറ്റിയിൽ നിന്ന് പൂർണമായി ഒഴിവാകുമ്പോൾ വൈസ് ചാൻസലർ നിയമനം കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലാകും. യു.ജി.സി കരടുരേഖ കേരളത്തിൽ ഗൗരവത്തോടെ ചർച്ച ചെയ്യപ്പെട്ടില്ല എന്നതും നമ്മുടെ അക്കാദമിക് മേഖലയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ജീർണത വെളിപ്പെടുത്തുന്നു.

ദക്ഷിണേന്ത്യ തെരഞ്ഞെടുപ്പുലക്ഷ്യം എന്നതിലേക്കാളുപരി, ആർ.എസ്.എസിനെ സംബന്ധിച്ച് ഒരു ‘ജ്ഞാനലക്ഷ്യം’ കൂടിയാണ്.

അക്കാദമികവും ഭരണപരവുമായ നിയന്ത്രണം പിടിച്ചെടുത്ത്, വൈജ്ഞാനികമേഖലയിൽനിന്ന് രൂപപ്പെടാനിടയുള്ള രാഷ്ട്രീയ പ്രതിരോധത്തെ തകർക്കുക മാത്രമല്ല ലക്ഷ്യം. ആർ.എസ്.എസ് മുന്നോട്ടുവെക്കുന്ന വൈദിക ജ്ഞാനവ്യവസ്ഥയുടെയും ഹിംസാത്മക ദേശീയതയുടെയും അടിസ്ഥാനത്തിലുള്ള പാഠ്യപദ്ധതി പരിഷ്കരണം കൂടി നടന്നുകൊണ്ടിരിക്കുകയാണ്. ഈയൊരു ഗൂഢപദ്ധതിയെ തിരിച്ചറിഞ്ഞ് ചെറുത്തുനിൽക്കുന്ന ദക്ഷിണേന്ത്യയാണ് ആർ.എസ്.എസിന്റെ ടാർഗറ്റ്. ദക്ഷിണേന്ത്യ തെരഞ്ഞെടുപ്പുലക്ഷ്യം എന്നതിലേക്കാളുപരി, ആർ.എസ്.എസിനെ സംബന്ധിച്ച് ഒരു ‘ജ്ഞാനലക്ഷ്യം’ കൂടിയാണ്.

ദേശീയ വിദ്യാഭ്യാസ നയത്തോട് ഇടഞ്ഞുനിൽക്കുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കുള്ള മുന്നറിയിപ്പെന്നോണം, ആർ.എസ്.എസിന്റെ അനുബന്ധസംഘടനയായ ശിക്ഷാ സംസ്‌കൃതി ഉത്ഥാൻ ന്യാസിന്റെ കേരള ഘടകമായ വിദ്യാഭ്യാസ വികാസ കേന്ദ്രം ഈ മാസം 25 മുതൽ മൂന്നു ദിവസം എറണാകുളത്ത് 'ജ്ഞാനസഭ' സംഘടിപ്പിക്കുന്നത് ഈയൊരു അജണ്ടയോടെയാണ്. ആർ.എസ്.എസ് സർസംഘ് ചാലക് മോഹൻ ഭാഗവത് ആണ് 'ജ്ഞാനസഭ'യിലെ പ്രധാന അതിഥി. 'വികസിത ഭാരതത്തിനായി വിദ്യാഭ്യാസം' എന്ന വിഷയത്തിൽ നടക്കുന്ന ഈ പരിപാടിയിൽ 200 സ്ഥാപനങ്ങളുടെ വി.സിമാരും ഡയറക്ടർമാരും പങ്കെടുക്കുമെന്നാണ് സംഘാടകർ പറയുന്നത്. സർവകലാശാലാ വി.സിമാരുടെ ദേശീയ സമ്മേളനമാണ് ഒരു പ്രധാന ഇനം. ദക്ഷിണേന്ത്യയിലെ സർവകലാശാലകൾ അടക്കമുള്ള ഉന്നത വിദ്യാഭ്യാസകേന്ദ്രങ്ങളുടെ സംഘ്പരിവാർവൽക്കരണം ത്വരിതഗതിയിലാക്കുക എന്ന പൊതു അജണ്ട കൂടാതെ, കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസമേഖലയെ പ്രത്യേകമായി ലക്ഷ്യം വക്കുന്നതുകൂടിയാണ് ഈ പരിപാടി. ‘കാവി​ക്കൊടിയേന്തിയ ഭാരതമാത’യെ സെനറ്റ് ഹാളിൽ പ്രതിഷ്ഠിച്ചതിനെ ഗവർണറുടെയും വി.സിയുടെയും കോമാളിനാടകമായി മാത്രം കാണാനാകാത്തത് അതുകൊണ്ടാണ്. ആർ.എസ്.എസിന്റെ കാർമികത്വത്തിൽ അരങ്ങേറുന്ന ‘ജ്ഞാനസഭ’യുടെ ധ്വജപൂജയായിരുന്നു യഥാർത്ഥത്തിൽ അത്.

ആർ.എസ്.എസിന്റെ അനുബന്ധസംഘടനയായ ശിക്ഷാ സംസ്‌കൃതി ഉത്ഥാൻ ന്യാസിന്റെ കേരള ഘടകമായ വിദ്യാഭ്യാസ വികാസ കേന്ദ്രം എറണാകുളത്ത് സംഘടിപ്പിക്കുന്ന ‘ജ്ഞാനസഭ’യുടെ പ്രധാന അതിഥി ആർ.എസ്.എസ് സർസംഘ് ചാലക് മോഹൻ ഭാഗവത് ആണ്.
ആർ.എസ്.എസിന്റെ അനുബന്ധസംഘടനയായ ശിക്ഷാ സംസ്‌കൃതി ഉത്ഥാൻ ന്യാസിന്റെ കേരള ഘടകമായ വിദ്യാഭ്യാസ വികാസ കേന്ദ്രം എറണാകുളത്ത് സംഘടിപ്പിക്കുന്ന ‘ജ്ഞാനസഭ’യുടെ പ്രധാന അതിഥി ആർ.എസ്.എസ് സർസംഘ് ചാലക് മോഹൻ ഭാഗവത് ആണ്.

‘Politicizing the Academics’ എന്ന പ്രക്രിയ തന്നെയാണ് സംഘ്പരിവാർവൽക്കരണത്തിനുള്ള മറുപടി. അക്കാദമികമായും വൈജ്ഞാനികമായും വിദ്യാഭ്യാസ സ്ഥാപനങ്ങളെ രാഷ്ട്രീയവൽക്കരിക്കുക. എന്നാൽ, അത്, സംഘ്പരിവാറിന്റെ സ്ഥാനത്ത് മറ്റൊരു രാഷ്ട്രീയ താൽപര്യത്തെ കുടിയിരുത്തുന്ന പ്രക്രിയയായി മാറുന്ന ദുരന്തം സംഭവിക്കുന്നുണ്ട്.
ഗവർണർമാരുടെ ചാൻസലർ പദവിയിൽ മുഖ്യമന്ത്രിമാരെ പ്രതിഷ്ഠിക്കാനുള്ള ചില സംസ്ഥാന സർക്കാറുകളുടെ 'ബദൽ', ഇതിനൊരുദാഹരണമാണ്. പഞ്ചാബും പശ്ചിമ ബംഗാളും കർണാടകയും തമിഴ്‌നാടും മുഖ്യമന്ത്രിമാരെ ചാൻസലർമാരാക്കുന്ന തീരുമാനങ്ങളെടുത്തു. ഗവർണർക്കുപകരം മുഖ്യമന്ത്രി ചാൻസലറായാൽ, ‘സംസ്ഥാന താൽപര്യം’ സംരക്ഷിക്കപ്പെടുമെന്ന് വാദിക്കാമെങ്കിലും, അതിന് സർവകലാശാലയുടെ അക്കാദമികവും ഭരണപരവുമായ മേഖലകളിൽ എന്തുമാത്രം ക്രിയാത്മക സംഭാവന നൽകാൻ കഴിയുമെന്ന ചോദ്യം ഉയരുന്നു.

സംസ്ഥാനം ഭരിക്കുന്ന പാർട്ടിയുടെയോ മുന്നണിയുടെയോ താൽപര്യമാകണം ‘സംസ്ഥാന താൽപര്യം’ എന്നുവന്നാൽ, അത് സർവകലാശാലകളിൽ ഇപ്പോൾ നടക്കുന്ന സങ്കുചിത രാഷ്ട്രീയവൽക്കരണം രൂക്ഷമാക്കാനേ ഉതകൂ.

ഗവർണർമാർക്കുപകരം, അക്കാദമിക് വിദഗ്ധരെ ചാൻസലർമാരാക്കണമെന്ന നിർദേശത്തോടെ കേരള നിയമസഭ 2022-ൽ പാസാക്കിയ സർവകലാശാലാ നിയമഭേദഗതി ബിൽ ആദ്യം ആരിഫ് മുഹമ്മദ് ഖാന്റെ ഓഫീസിലും ഇപ്പോൾ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുടെ ഓഫീസിലും സുഖവാസമാണ്. പ്രോ ചാൻസലറായ മന്ത്രിക്ക് അക്കാദമിക് കാര്യങ്ങളിൽ ഇടപെടാമെന്ന വ്യവസ്ഥയും സിൻഡിക്കേറ്റിൽ അമിതമായ കക്ഷിരാഷ്ട്രീയവൽക്കരണത്തിനുള്ള പഴുതുകളുമുള്ളതാണ് ഈ ബില്ലെന്നും അത് സർവകലാശാലകളുടെ സ്വയംഭരണത്തിന് ഭീഷണിയാകുമെന്നുമുള്ള വിമർശനവുമുണ്ട്. വിമർശനങ്ങളെ പരിഗണിക്കുന്ന ചർച്ചകൾക്കും സംവാദങ്ങൾക്കും കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസമേഖലയിൽ ഇടമില്ലാതായിവരികയാണ്.

പ്രൊഫഷനൽ കോഴ്‌സുകൾ അടക്കം ഉന്നത വിദ്യാഭ്യാസമേഖലയിൽ എണ്ണത്തിലുണ്ടായ കുതിച്ചുചാട്ടം പഠനത്തിന്റെയോ അതിന്റെ ഉൽപ്പന്നങ്ങളുടെയോ ഗുണനിലവാരത്തിൽ പ്രതിഫലിക്കുന്നില്ല എന്ന് കേരള ശാസ്ത്രസാഹിത്യപരിഷത്ത് നടത്തിയ കേരള പഠനം 2.0 ചൂണ്ടിക്കാണിക്കുന്നു.

കഴിഞ്ഞ ഫെബ്രുവരിയിൽ പുറത്തുവന്ന നിതി ആയോഗിന്റെ Expanding Quality Higher Education through States and State Public Universities എന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ സർവകലാശാലകളുടെ നിലവാരം വിമർശനവിധേയമായപ്പോൾ, അത് നിഷേധിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പുമന്ത്രി ചില കാര്യങ്ങൾ വിശദീകരിച്ചിരുന്നു: രാജ്യത്തെ മികച്ച 50 പൊതുസർവകലാശാലകളിൽ കേരളത്തിലെ നാല് സർവകലാശാലകളുണ്ട്. ആദ്യത്തെ മികച്ച 11 സർവകലാശാലകളിൽ കേരളത്തിലെ മൂന്നെണ്ണമുണ്ട്. ഗ്രോസ് എന്റോൾമെന്റ് റേഷ്യോയിൽ കേരളം ദേശീയതലത്തിൽ മുന്നിലാണ്. നമ്മുടെ കേരള, എം.ജി, കാലിക്കറ്റ്, കുസാറ്റ് സർവകലാശാലകളെ മുൻനിർത്തിയായിരുന്നു മന്ത്രിയുടെ വിശദീകരണം.

ഇതേ കേരള സർവകലാശാലയിൽ തന്നെയാണ് ഗവർണറും വി.സിയുമെല്ലാം പ്രധാന കർമ്മികളായി അരങ്ങേറുന്ന ‘ഭാരതാംബ’ വിവാദം ദിവസങ്ങളായി വിദ്യാർത്ഥികളുടെ ഭാവി പന്താടുന്നത്.
ഇതേ കാലിക്കറ്റിൽ തന്നെയാണ്, ദലിതർക്ക് അവകാശപ്പെട്ട അധ്യാപക തസ്തികകൾ, ഹൈക്കോടതി ഉത്തരവിനെ പോലും മറികടന്ന് അട്ടിമറിക്കപ്പെടുന്നത്.
ഇതേ എം.ജിയിലാണ്, രണ്ടു വർഷത്തിലേറെയായി ഗവേഷക വിദ്യാർത്ഥികളുടെ ഫെല്ലോഷിപ്പ് മുടങ്ങിക്കിടക്കുന്നത്.
ഇതേ കാലടിയിലാണ്, അക്കാദമിക സ്വാതന്ത്ര്യവും വ്യക്തിസ്വാതന്ത്ര്യവും ഇല്ലാതാകുന്നു എന്നാരോപിച്ച് സമരം ചെയ്യുന്ന വിദ്യാർത്ഥികളോട് ജനാധിപത്യപരമായ സംവാദം പോലും അസാധ്യമാക്കിയുള്ള അധികാരപ്രയോഗം അരങ്ങേറുന്നത്.

‘കാവി​ക്കൊടിയേന്തിയ ഭാരതമാത’യെ കേരള സർവകലാശാലാ സെനറ്റ് ഹാളിൽ പ്രതിഷ്ഠിച്ചതിനെ ഗവർണറുടെയും വി.സിയുടെയും കോമാളിനാടകമായി മാത്രം കാണാനാകില്ല.
‘കാവി​ക്കൊടിയേന്തിയ ഭാരതമാത’യെ കേരള സർവകലാശാലാ സെനറ്റ് ഹാളിൽ പ്രതിഷ്ഠിച്ചതിനെ ഗവർണറുടെയും വി.സിയുടെയും കോമാളിനാടകമായി മാത്രം കാണാനാകില്ല.

പ്രൊഫഷനൽ കോഴ്‌സുകൾ അടക്കം ഉന്നത വിദ്യാഭ്യാസമേഖലയിൽ എണ്ണത്തിലുണ്ടായ കുതിച്ചുചാട്ടം പഠനത്തിന്റെയോ അതിന്റെ ഉൽപ്പന്നങ്ങളുടെയോ ഗുണനിലവാരത്തിൽ പ്രതിഫലിക്കുന്നില്ല എന്ന് കേരള ശാസ്ത്രസാഹിത്യപരിഷത്ത് നടത്തിയ രണ്ടാമത്തെ കേരള പഠനം (2004-2019) ചൂണ്ടിക്കാണിക്കുന്നു. എഞ്ചിനീയറിങ് കോളേജുകളിൽ കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ അധ്യയനം പൂർത്തിയാക്കിയവരിൽ പാസായത് 46.3 ശതമാനം മാത്രമാണ്. 28.6 ശതമാനം പേരും തൊഴിൽരഹിതരാണ്. എഞ്ചിനീയറിങുമായി ബന്ധപ്പെട്ട ജോലികൾ ചെയ്യുന്നവർ 35.7 ശതമാനം മാത്രം- റിപ്പോർട്ട് പറയുന്നു.

ചോദ്യങ്ങളുന്നയിക്കാത്ത മീഡിയ മൈക്കുകളെ മന്ത്രിയുടെ അവകാശവാദങ്ങൾ തൃപ്തരാക്കും. എന്നാൽ, വൈജ്ഞാനിക സമ്പദ്‌വ്യവസ്ഥയെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുന്ന കേരളത്തിൽ, പുതിയ തലമുറയുടെ കണ്ണുകെട്ടാൻ ഇപ്പോഴത്തെ കണക്കുകൾ മതിയാകില്ല. പുതിയ കാലത്തിനനുയോജ്യമായ ജ്ഞാനോൽപ്പാദനം സാധ്യമാകുന്ന സ്വതന്ത്ര അക്കാദമിക ബൗദ്ധികതയോ അതിനുവേണ്ട പ്രയോഗസ്ഥലങ്ങളോ കേരളത്തിൽ ഇന്നുണ്ടോ? പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളെ ഏറ്റവും ക്രൂരമായ അക്കാദമിക് എക്സ്ക്ലൂഷന് വിധേയമാക്കുന്ന കേരളത്തി​ലെ സർവകലാശാലകൾക്ക് എങ്ങനെയാണ് ജ്ഞാനോൽപ്പാദനത്തിൽ സാമൂഹിക നീതിയും ​പ്രാതിനിധ്യവും ഉറപ്പാക്കാനാകുക? അത്യന്തം സങ്കുചിതമായി കക്ഷിരാഷ്ട്രീയവൽക്കരിക്കപ്പെട്ട, വരേണ്യവൽക്കരിക്കപ്പെട്ട ഒരു അക്കാദമിക സമൂഹത്തിന് ഒരിക്കലും വൈജ്ഞാനികതയെ രാഷ്ട്രീയമായി പ്രയോഗിക്കാനാകില്ല.

ഗവർണറുടെ ചട്ടുകത്തിനുപകരം സർവകലാശാലകളിൽ വരേണ്ടത് സംസ്ഥാന സർക്കാറിന്റെ ചട്ടുകമല്ല എന്ന് ചുരുക്കം.

Comments