സർവകലാശാലകൾ ദുരന്തമായി ഒടുങ്ങാതിരിക്കാൻ

കേരളത്തിലെ സർവകലാശാലകളും ഉന്നതവിദ്യാഭ്യാസമേഖലയും സങ്കുചിത രാഷ്ട്രീയ ഇടപെടലുകളുടെയും നിക്ഷിപ്തതാൽപര്യങ്ങളുടെയും കളരികളായി മാറുകയും ചെറുപ്പക്കാർ ഒഴിഞ്ഞു പോകുന്ന ഒരു 'ഗോസ്റ്റ് ടൗൺ' ആയി കേരളം മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ സർവകലാശാലകളുടെ അക്കാദമിക ബ്രില്യൻസ് അഭിമുഖീകരിക്കുന്ന വെല്ലുവിളികളെക്കുറിച്ച് ചില ആലോചനകൾ

Truecopy Webzine

ർവകലാശാലാ ഭരണത്തിലെ രാഷ്ട്രീയ ഇടപെടൽ താങ്ങാനാകുന്നില്ലെന്നും ഉന്നതപദവികളിൽ ഇഷ്ടക്കാരെ നിയമിക്കുന്നുവെന്നും ചാൻസലർ പദവി ഒഴിയാൻ തയാറാണെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർവകലാശാലാ ഫയലുകൾ സ്വീകരിക്കരുതെന്നു അദ്ദേഹം ഉത്തരവിട്ടിരിക്കുന്നു. ഗവർണറുടെ ഇടപെടലുകളിൽ സർക്കാർ ബാഹ്യ സമ്മർദവും ആരോപിക്കുന്നു.
ഉന്നത വിദ്യാഭ്യാസം ആഗോളതലത്തിൽ കൂടുതൽ മത്സരാധിഷ്ഠിതമാകുകയും വിദ്യാർഥികൾക്കും അക്കാദമിക സമൂഹത്തിനും മുന്നിൽ വൻ വെല്ലുവിളികൾ രൂപപ്പെടുകയും ചെയ്യുന്ന സന്ദർഭത്തിലാണ്, ‘വിദ്യാഭ്യാസത്തിന്റെ മോഡൽ' സംസ്ഥാനത്ത് ഉന്നതവിദ്യാഭ്യാസമേഖല സ്തംഭിച്ചുനിൽക്കുന്നത്. ഈ പ്രതിസന്ധിഘട്ടത്തിൽ, നമ്മുടെ ഉന്നതവിദ്യാഭ്യാസത്തിന്റെ ഭാവിയെക്കുറിച്ചുള്ള ആലോചനയാണ് ട്രൂ കോപ്പി വെബ്‌സീൻ മുന്നോട്ടുവക്കുന്നത്.


സർവകലാശാലകൾക്കുവേണം സ്വയംഭരണം; പ​ക്ഷേ...
എം. കുഞ്ഞാമൻ

കോടതി നിശ്ചയിക്കേണ്ട നിയമപ്രശ്‌നമോ സർക്കാർ തീരുമാനിക്കേണ്ട ഭരണപരമായ പ്രശ്‌നമോ മാത്രമല്ല, വൈസ്​ ചാൻസലർ നിയമനവും സർവകലാശാലകളിലെ അധ്യാപക നിയമനവുമെന്ന്​ എം. കുഞ്ഞാമൻ. അതൊരു ധാർമികതയുടെ പ്രശ്‌നം കൂടിയാണ്​. ധാർമികത ചോദ്യംചെയ്യപ്പെടാൻ പാടില്ലാത്ത ഒരു ഘടകമാണ്. പലപ്പോഴും അത് ചോദ്യം ചെയ്യപ്പെടുന്നതുകൊണ്ട് യൂണിവേഴ്‌സിറ്റിക്കും സംവിധാനത്തിനും തന്നെ വലിയ ആഘാതമേൽക്കേണ്ടിവരുന്നു. ഇവിടെ പദവി വേണോ ധാർമികത വേണോ എന്ന ചോദ്യം പ്രകടമായി നമ്മുടെ മുന്നിൽ വരുന്നുണ്ട്. ഇത്തരം പദവികളിൽ വരുന്നവർ എതിരാളികൾ ഇല്ലാത്തവരായിരിക്കണം. കാരണം എതിരാളികളുണ്ടെങ്കിൽ അവർ എന്തായാലും ചോദ്യം ചെയ്യും. നമ്മുടേതുപോലെ രാഷ്ട്രീയധ്രുവീകരണം സംഭവിച്ച സമൂഹത്തിൽ എപ്പോഴും ചോദ്യം ചെയ്യലുണ്ടാകാം. പ്രതിപക്ഷം എപ്പോഴും ചോദ്യം ചെയ്യും. അവർക്കുപോലും ചോദ്യം ചെയ്യാൻ കഴിയാത്ത തരത്തിലുള്ള വ്യക്തിത്വവും സ്വഭാവ വിശേഷങ്ങളുമുള്ള ആളുകളെ കണ്ടെത്തേണ്ടിവരും.

സ്വാധീനത്തിലൂടെ ഒരാൾ നിയമിക്കപ്പെടുമ്പോൾ, അദ്ദേഹത്തിന് യോഗ്യതയുണ്ട് എന്ന് പറയുന്നത് ഒരു ന്യായീകരണമല്ല. യോഗ്യതയുള്ളയാൾ തന്നെയായിരിക്കും തിരഞ്ഞെടുക്കപ്പെടുന്നത്. പക്ഷെ, മറ്റുള്ളവരും യോഗ്യതയുള്ളവരാണ്. യോഗ്യതയുള്ളവരെ നിയമിക്കാൻ കൃത്യമായ നടപടിക്രമങ്ങളുണ്ട്. ആ നടപടിക്രമങ്ങൾ പാലിക്കപ്പെട്ടിട്ടുണ്ടോ എന്നതാണ് ചോദ്യം.

എല്ലാ കാര്യങ്ങളും കോടതിക്ക് വിടുക എന്നതുതന്നെ രാഷ്ട്രീയം പരാജയപ്പെട്ടതിന്റെ ലക്ഷണമാണ്. സ്വതന്ത്രമായി ഒരു തീരുമാനമെടുക്കുന്നതിന് അധികാരികൾക്ക് കഴിയുന്നില്ല. കാരണം ന്യായയുക്തമായ തീരുമാനങ്ങളല്ല പലപ്പോഴും അവർക്ക് എടുക്കേണ്ടിവരുന്നത്. അതുകൊണ്ടാണ് കോടതിക്ക് വിടേണ്ടിവരുന്നത്. കോടതിക്ക് വിടുന്നത് ജനങ്ങളെ സംബന്ധിച്ച്​ ആശാവഹമാണെങ്കിലും അത് രാഷ്ട്രീയ പരാജയമാണ്.

ഇപ്പോഴത്തെ വൈസ് ചാൻസലർ തിരഞ്ഞെടുപ്പ് രീതികളിൽ പ്രശ്‌നങ്ങളുണ്ട്. ചാൻസലർക്ക് കൊടുക്കുന്ന ലിസ്​റ്റിൽ രാഷ്ട്രീയമായ കടന്നുകയറ്റവും അക്കാദമിക് ഇതര പരിഗണനകളും കടന്നുകൂടാനിടയുണ്ട്. ഇതൊന്നും, സാങ്കേതികമായോ നിയമപരമായോ തീരുമാനിക്കപ്പെടേണ്ട കാര്യമല്ല. സാങ്കേതികമായിട്ടും നിയമപരമായിട്ടും ശരിയാണെങ്കിൽ തന്നെ ആ പദവി ചോദ്യംചെയ്യപ്പെട്ടിട്ടുണ്ടോ എന്നുള്ളതാണ് ആദ്യത്തെ പ്രശ്‌നം. ഒരുപക്ഷേ അദ്ദേഹത്തിന് അനുകൂലമായിട്ടായിരിക്കും കോടതിവിധി വരുന്നത്. പക്ഷേ ചോദ്യം ചെയ്യപ്പെട്ടു എന്നതാണ് മൗലികമായ പ്രശ്‌നം. അതിനുള്ള സാധ്യതകൾ ഇല്ലാത്ത തരത്തിൽ നിയമനരീതി മാറ്റിയെടുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.

രാഷ്ട്രീയപാർട്ടികളുടെ പിന്തുണയോടെയും തന്മൂലമുണ്ടാകുന്ന വിവാദങ്ങളിലൂടെയും വരുന്ന ഒരാൾക്ക് വിദ്യാർഥികളുടെ മുന്നിൽ നിന്ന് സംസാരിക്കാനുള്ള മൊറാലിറ്റി നഷ്ടപ്പെടും. അത്തരം വ്യക്തികളെ അക്കാദമിക് ക്രെഡെൻഷ്യൽസിന്റെ അടിസ്ഥാനത്തിൽ തന്നെ തിരഞ്ഞെടുക്കേണ്ടതുണ്ട്. ഇപ്പോഴുള്ള രീതി ശരിയല്ല. സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റികളാണെങ്കിൽ സെർച്ച് കമ്മിറ്റി കൊടുക്കുന്ന ലിസ്റ്റിൽ നിന്ന് ഒരാളെ ചാൻസലർ നിയമിക്കുകയാണ് ചെയ്യുന്നത്. ഇതിലൊക്കെ സ്വാധീനത്തിനും കടന്നുകയറ്റത്തിനും സാധ്യതകളുണ്ട്. ചിലയിടത്ത് അത് അനാവരണം ചെയ്യപ്പെടുന്നു. ചിലയിടത്ത് പുറത്തേക്ക് വരുന്നില്ലെന്നുമാത്രം. അത്തരം പഴുതുകളടച്ച്, വിവാദങ്ങളില്ലാതെ അക്കാദമിക് ക്രെഡെൻഷ്യൽസുള്ള വ്യക്തികളെ നിയമിക്കണം. വരുന്ന ആളുകൾക്ക് കഴിവുണ്ടോ എന്നതല്ല പ്രശ്‌നം, എങ്ങനെ വരുന്നു, അല്ലെങ്കിൽ പരിഗണിക്കപ്പെടാനുള്ള സവിശേഷതകളും യോഗ്യതകളും എന്താണ്​ എന്നതാണ്​ പ്രധാനം. അത് ചോദ്യം ചെയ്യപ്പെടാത്തവയായിരിക്കണം- കുഞ്ഞാമൻ എഴുതുന്നു.


സർവകലാശാലകൾക്കു മുന്നിലുള്ളത് മാറ്റം, അല്ലെങ്കിൽ ദാരുണ അന്ത്യം
അമൃത് ജി. കുമാർ

പ്പോഴത്തെ മത്സരാത്മകതക്ക് പറ്റുന്ന രീതിയിലാണോ നമ്മുടെ യൂണിവേഴ്സിറ്റികൾ മുൻപോട്ടു പോകുന്നത് എന്നത് വളരെ പ്രസക്തമായ ചോദ്യമാണ്. യൂണിവേഴ്സിറ്റി തലങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന നിയമനങ്ങൾ ഭാവി മാറ്റങ്ങൾക്ക് എത്രകണ്ട് ഊന്നൽ നൽകുന്നുണ്ട് എന്നതും പ്രധാനമാണ്. ഇപ്പോൾ നമ്മുടെ സർവകലാശാലകളിൽ നിയമിക്കപ്പെടുന്നവരാണ് ഭാവിയിൽ ഈ മത്സരാത്മകതയെ നേരിടേണ്ടി വരിക. മത്സരാത്മകതയെ നേരിടുന്നതിനുള്ള കഴിവും പ്രാപ്തിയും ഇല്ലാത്ത, രാഷ്ട്രീയ ബന്ധത്തിന്റെയും മറ്റ് സ്വാധീനങ്ങളിലൂടെയും പേരിൽ മാത്രം സർവകലാശാലകളിൽ നിയമിക്കപ്പെടുന്നവർ വലിയ മത്സരങ്ങളുടെ ലോകത്ത് യൂണിവേഴ്സിറ്റികളെ എത്രമാത്രം മുന്നോട്ട് കൊണ്ടുപോകും എന്നത് കാത്തിരുന്നു കാണേണ്ടതാണ്.

കൃത്യമായി നിർവചിക്കപ്പെട്ട ‘പഠന ഔട്ട്കം'കളുടെ അടിസ്ഥാനത്തിൽ ഉന്നത വിദ്യാഭ്യാസ പ്രക്രിയ ഒന്നാകെ പുനരേകീകരിക്കപ്പെടുന്നതാണ് ഭാവിയിൽ ഉണ്ടാകാൻ പോകുന്ന മറ്റൊരു പ്രധാന മാറ്റം. വ്യവസായികാധിഷ്ഠിതമായ തൊഴിൽ വിപണിയിലുള്ള, വിദ്യാഭ്യാസത്തിലെ ശക്തമായ ഇടപെടലാവും ഇതിനുള്ള പ്രധാന കാരണം. വ്യവസായ ലോകം ആവശ്യപ്പെടുന്ന രീതിയിൽ വളരെ കൃത്യമായി നിർവ്വചിക്കപ്പെടാൻ സാധിക്കുന്നതും അളന്നു തിട്ടപ്പെടുത്താൻ സാധിക്കുന്നതുമായ രീതിയിലാവും പാഠ്യപദ്ധതിയിൽ ഔട്ട്കമ്മുകൾ നിശ്ചയിക്കുക. അതുകൊണ്ട് പത്തു മണിക്കെത്തി നാലുമണിക്ക് വീട്ടിൽ പോകാവുന്ന ജോലി എന്നതിൽ നിന്ന് സർവകലാശലാ അധ്യാപനം മാറുകയും വ്യാവസായധിഷ്ഠിതമായ താത്പര്യങ്ങളെ മനസ്സിലാക്കാനുള്ള ജാഗ്രതയും അവയെ പാഠ്യപദ്ധതിയിൽ വിളക്കി ചേർക്കുന്നതിനുള്ള കഴിവും അനിവാര്യമാകുകയും ചെയ്യും. അങ്ങനെയല്ലാത്ത സർവകലാശാലകൾ ഭാവിയിൽ അന്യം നിന്നു പോകും. കാലഘട്ടത്തിനനുസൃതമായി നൈപുണികൾ മാറി മാറി വരുമ്പോൾ ഇവക്കനുസരിച്ച് പാഠ്യപദ്ധതിയും സിലബസും നവീകരിക്കുകയും അവയോരോന്നും ആവശ്യമുള്ളവരിൽ അത്രയും എത്തിക്കുക എന്ന മാർക്കറ്റിംഗ് ജോലിയും ഉന്നതവിദ്യാഭ്യാസരംഗത്ത് അധ്യാപകരുടെ ജോലിയുടെ ഭാഗമാകാൻ പോവുകയാണ്. ഈ മാറ്റങ്ങൾക്കെല്ലാം അനുസൃതമായി സ്വയം പരിവർത്തിപ്പിക്കാനുതകുന്ന ഉന്നത വിദ്യാഭ്യാസ ഇക്കോ സിസ്റ്റം നിലവിൽ വന്നില്ലെങ്കിൽ സർവകലാശാലകളുടെ ദാരുണമായ അന്ത്യത്തിന് നാം സാക്ഷിയാകേണ്ടി വരും- അമൃത്​ ജി. കുമാർ എഴുതുന്നു.


ഒരു അപ്പാർട്ടുമെന്റിൽ ഏഴ് നൊബേൽ ജേതാക്കൾ താമസിച്ചിരുന്ന ഒരു സർവകലാശാല
എതിരൻ കതിരവൻ

ചെറുപ്പക്കാർ ഒഴിഞ്ഞു പോയ കേരളം ഒരു ‘ഗോസ്റ്റ് ടൗൺ' ആയിക്കൊണ്ടിരിക്കയാണെന്ന് വാർത്തകൾ വരുന്ന കാലമാണ്. കേരളത്തിനു പുറത്തേയ്ക്ക് പലായനം ചെയ്യാൻ പ്രേരിപ്പിക്കുന്ന പല ഘടകങ്ങളുമുണ്ട്. ചെറുപ്പക്കാർക്ക് പറയാനുള്ളത് ഇതാണ്: ഇവിടെ പഠിച്ചിറങ്ങിയാൽ ജോലി കിട്ടാനുള്ള തടസങ്ങൾ രണ്ടുണ്ട്: ഒന്ന് സ്വാധീനം വേണം, രണ്ട് പണം കൊടുക്കണം. വിദ്യാഭ്യാസ രംഗത്തെ നിയമനങ്ങൾക്ക് ഇവ രണ്ടും അത്യവശ്യമാണെന്നുള്ളത് രഹസ്യമൊന്നുമല്ല.
ഭരണകൂടത്തിന്റേയോ മറ്റ് ബാഹ്യശക്തികളുടേയോ സ്വാധീനമില്ലാതെ സർവകലാശാലകൾക്ക് അവയുടെ ദൗത്യവും ലക്ഷ്യവും ആദർശവും പൂർത്തീകരിക്കാം എന്ന രാഷ്ട്രീയ/സാമൂഹ്യ പരിതസ്ഥിതി നിലവിലുള്ളതുകൊണ്ടാണ് അമേരിക്കൻ യൂണിവേഴ്സിറ്റികൾ academic centers for excellence ആയി നിലനിൽക്കുന്നത്.

പുറം നാട്ടിലെ ( അമേരിക്കയോ യൂറോപ്പോ) യൂണിവേഴ്സിറ്റികളുമായി യാതൊരു താരതമ്യവും നമ്മുടെ സർവകലാശാലകളുമായി പാടില്ലാത്തതാണ്, നമ്മുടെ വിഭവങ്ങൾ പരിമിതമാണ്. പക്ഷേ ഇതു രണ്ടും പരിചയിച്ച ഒരു വ്യക്തി എന്ന നിലയ്ക്കാണ് ഇതിന് ഇവിടെ ഒരുമ്പെടുന്നത്. ഇന്ന് ലോകത്തെമ്പാടും വിദ്യാർത്ഥികളായെത്താൻ പ്രാപ്തരും അതിനു തിടുക്കപ്പെടുന്നവരുമാണ് കേരളത്തിലെ പുതുതലമുറ. അതുകൊണ്ടുതന്നെ മറ്റു രാജ്യങ്ങളിലെ വിദ്യാഭ്യാസ വ്യവസ്ഥകളെക്കുറിച്ച് തികച്ചും അറിവോടു കൂടിയായിരിക്കണം കേരളത്തിലെ രീതികൾക്ക് മൂല്യാങ്കനം കുറിക്കേണ്ടത്. പക്ഷെ എക്സലെൻസിനു വേണ്ടിയുള്ള അടിസ്ഥാന തീരുമാനങ്ങ?ളോ പ്രായോഗിക വ്യവസ്ഥകളോ കടലാസിൽ മാത്രം ഒതുങ്ങുന്ന രീതിയിലാണ് നമ്മളെ കെടുകാര്യസ്ഥത കൊണ്ടെത്തിച്ചിരിക്കുന്നത്.

ഇന്ന് ചെറുപ്പക്കാർ കേരളം വിട്ടു പോകുന്നതിനെക്കുറിച്ച് ആവലാതികളുയരുന്നുണ്ട്. കാരണങ്ങളിൽ പ്രധാനം, ജോലി കിട്ടാനുള്ള മാനദണ്ഡം സ്വാധീനം ആണെന്നുള്ളതാണ്. ചുരുങ്ങിയ ഇടങ്ങളിലല്ലാതെ വിദ്യഭ്യാസ കേന്ദ്രങ്ങളിൽ പ്രവേശിക്കണമെങ്കിൽ ഭരണകൂടത്തിന്റെ സ്വാധീനം മാത്രമല്ലാതെ പാർട്ടി സ്വാധീനവും ആവശ്യമാണ് പലപ്പോഴും. അതിനെച്ചൊല്ലിയുള്ള കോലാഹലങ്ങൾ നടക്കുന്നുണ്ടെങ്കിലും ചേരിതിരിഞ്ഞുള്ള ആക്രമണത്തിലാണ് താൽപര്യം. സ്വജനപക്ഷപാതത്തിന് പണ്ടേ കുപ്രസിദ്ധിയാർജ്ജിച്ചിട്ടുണ്ട് യൂണിവേഴ്സിറ്റി നിയമനങ്ങൾ. ഇത്തരം പ്രതിബന്ധങ്ങൾക്കിടയിൽ, ഉന്നത ഗവേഷണകേന്ദ്രങ്ങളിൽ ജോലിയിൽ പ്രവേശിക്കാൻ മറ്റ് രാജ്യങ്ങളിൽ നിന്നുള്ള പ്രഗൽഭ മലയാളികൾക്ക് ഇങ്ങോട്ടെത്തുന്നത് എളുപ്പവുമല്ല.

യൂറോപ്പിലും അമേരിക്കയിലും പ്രസിദ്ധരെ ക്ഷണിച്ചു വരുത്തി പ്രൊഫസർമാരായി നിയമിക്കുന്നത് സാാധാരണമാണെങ്കിൽ ഇവിടെ അങ്ങനെയൊന്ന് സങ്കൽപ്പിക്കാനേ വയ്യ. മറുനാട്ടിൽ നിന്നുള്ള പ്രഗൽഭർ ഇവിടെ വരാൻ മടിയ്ക്കും. അവർക്ക് നിസ്വാർത്ഥസേവനം ദുഷ്‌ക്കരമായിരിക്കും എന്ന് അറിയാം. ഭരണകൂടത്തിന്റേയോ ഭരണത്തിലിരിക്കുന്ന പാർട്ടിയുടെയോ സൗജന്യങ്ങളോ സൗമനസ്യമോ കൂടെയില്ലെങ്കിൽ അതിജീവനം ദുഷ്‌ക്കരവുമാകും. പൊലീസിനെ രാഷ്ട്രീയവൽക്കരിച്ചതിലും വലിയ ദുരന്തമാണ് വിദ്യാഭ്യാസരംഗം രാഷ്ട്രീയവൽക്കരിച്ചതിലൂടെയുണ്ടായിരിക്കുന്നത്- എതിരൻ കതിരവൻ എഴുതുന്നു.

Comments