കേരളത്തിലെ സർവകലാശാലകളിലെ ഗവേഷകർ എല്ലാ കാലത്തും നേരിടുന്ന പ്രശ്നമാണ് ഇ-ഗ്രാന്റ്സ് ആനുകൂല്യം കൃത്യമായി ലഭിക്കുന്നില്ല എന്നത്. എല്ലാ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളും തുല്യമായി അനുഭവിക്കുന്ന പ്രശ്നം കൂടിയാണിത്. ഗവേഷകരുടെ 2025-26 അധ്യയന വർഷത്തെ ഇ ഗ്രാന്റ്സ് ഫെല്ലോഷിപ്പ് ഇതുവരെ നൽകി തുടങ്ങിയിട്ടില്ല. മെയ്, ജൂൺ, ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലെ ഫെല്ലോഷിപ്പാണ് ഇതുവരെയും ലഭിക്കാത്തത്. സാധാരണയായി എല്ലാ വർഷങ്ങളിലും ആവർത്തിക്കുന്ന അതേരീതി തന്നെയാണ് സർക്കാർ ഈ വർഷവും ഗവേഷകവിദ്യാർഥികളോട് സ്വീകരിച്ചിട്ടുള്ളത്.
നിലവിൽ ഗ്രാന്റ് അപ്ഗ്രേഡ് ചെയ്യേണ്ട വെബ്സൈറ്റ് ലഭ്യമാക്കാത്ത പ്രയാസവും ഇവർ നേരിടുന്നു.
കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ മൂന്നാം വർഷ സംസ്കൃതവിഭാഗം ഗവേഷകനായ വിപിൻ ദാസ് , വിദ്യാർത്ഥികൾ നേരിടുന്ന വിഷയങ്ങൾ ട്രൂകോപ്പി തിങ്കിനോട് വിശദീകരിച്ചു:
“മാസങ്ങളായി ഞങ്ങൾക്ക് ഗ്രാന്റ് ലഭിച്ചിട്ട്, ഡിപ്പാർട്ട്മെന്റിൽ ഗ്രാന്റ് അപ്ഗ്രേഡ് ചെയ്യുന്ന രീതിയാണ് നിലവിൽ ഉള്ളത്. എല്ലാ മാസവും ഗ്രാന്റിനായി അപേക്ഷിക്കാനുള്ള സൈറ്റ് വഴിയാണ് ഇത് അപ്ഗ്രേഡ് ചെയ്തുപോരുന്നത്. എന്നാൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി സൈറ്റ് ശരിയായ സമയത്ത് ലഭ്യമാവാത്ത പ്രശ്നം നിലവിലുണ്ട്. ഡിപ്പാർട്ട്മെന്റിൽ നിന്നാണ് ഇത് ചെയ്തിരുന്നത്. അതിനാൽ ഞങ്ങൾക്ക് ഇക്കാര്യത്തിൽ വലിയ ധാരണ ഉണ്ടായിരുന്നില്ല. ഇപ്പോൾ പലവിധ സാങ്കേതിക പ്രശ്നങ്ങൾ നേരിടുന്നുണ്ട്. ഈ പ്രശ്നം പറഞ്ഞ് ജില്ലാ പട്ടികജാതി പട്ടികവർഗ വികസന ഓഫീസിൽ ബന്ധപ്പെടുമ്പോൾ ഈ മാസം ശരിയാവും അടുത്ത മാസം ശരിയാവും എന്നാണ് പറയുന്നത്. ഓഗസ്റ്റ് മാസം കഴിഞ്ഞിട്ടാണ് പലർക്കും ചെയ്യാൻ പറ്റിയത്. ചിലരുടെ അവസ്ഥ ഇപ്പോഴും പഴയപടി തുടരുകയും ചെയ്യുന്നു. എനിക്ക് ജൂൺ മുതലുള്ള ഫെല്ലോഷിപ്പ് തുക എനിക്ക് ലഭിക്കാനുണ്ട്. ചിലയാളുകൾക്ക് ഏപ്രിൽ മുതലുള്ള തുക ലഭിക്കാനുണ്ട്.”
ഗവേഷകപഠനത്തിന് കൃത്യമായ രീതിയിൽ ഫെല്ലോഷിപ്പ് കിട്ടാത്തത് വിദ്യാർഥികളെ വലിയ രീതിയിൽ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. ജില്ലാ ഓഫീസിലെ അധികാരികളുടെ അയഞ്ഞ സമീപനമാണ് ഇതിന് പ്രധാനകാരണം. മാസങ്ങൾ സമയമെടുത്താണ് പല ഫയലുകളും നീങ്ങുന്നത്. വേണ്ടത്ര ഉദ്യോഗസ്ഥർ ഇല്ലാത്തതും നിലവിൽ ജില്ലാ ഓഫീസിലുള്ളവർക്ക് വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്നത്തെകുറിച്ചുള്ള ധാരണക്കുറവും പ്രതികൂലമായി ബാധിക്കുന്നു.

"എല്ലാ മാസവും ഡിപ്പാർട്ട്മെന്റിൽ അറിയിച്ചാൽ അവിടെ നിന്ന് ഗ്രാന്റ് വിവരങ്ങൾ അപ്ഡേറ്റ് ചെയ്ത് വിടുക എന്നതാണ് പതിവ്. അത് ജില്ലാ എസ്.സി എസ്.ടി ഓഫീസിൽ നൽക്കുക എന്നല്ലാതെ അവിടെ അവർ പറയുന്നത്ര മാസം അവിടെ കിടക്കട്ടെ എന്ന അജണ്ട തന്നെയാണ് ഇവിടെയും പ്രവർത്തിക്കുന്നത്. ഇതൊക്കെ കഴിഞ്ഞ ശേഷം മാത്രമേ ഫയലിന് എന്തെങ്കിലും നീക്കുപോക്ക് നടക്കുകയുള്ളൂ. ഇപ്പോൾ നാല് മാസമായി ഗ്രാൻറ് കിട്ടിയിട്ട്. ഞങ്ങളുടെ അപേക്ഷകൾ ഒരു മേശയിൽ നിന്ന് മറ്റൊരു മേശയിലേക്ക് എത്താൻ മാസങ്ങളാണ് എടുക്കുന്നത്,” വിപിൻ പറഞ്ഞു.
പട്ടികജാതി വികസന വകുപ്പ് ഡയക്ടറുടെ ഉത്തരവ് പ്രകാരം സ്കോളർഷിപ്പ് തുക അതാത് അദ്ധ്യായന വർഷാരംഭത്തിൽ തന്നെ വിദ്യാർഥികൾക്ക് ലഭ്യമാവണം. വിദ്യാർത്ഥികൾ യഥാസമയം അപേക്ഷകൾ രജിസ്റ്റർ ചെയ്യുകയും രജിസ്റ്റർ ചെയ്യപ്പെടുന്ന അപേക്ഷകൾ സമയബന്ധിതമായി തീർപ്പുകൽപിക്കേണ്ടതുമാണ്. എന്നാൽ കേവലം ഉത്തരവിൽ മാത്രം ഒതുങ്ങി പോവുകയാണ് ഈ നിർദ്ദേശം. പട്ടികജാതി- പട്ടികവർഗ വിഭാഗം മാത്രം നേരിടുന്ന പ്രശ്നം അല്ല ഇത് എന്നും വിപിൻ പറയുന്നു.

"ഫെല്ലോഷിപ്പ് കിട്ടാത്തതിനാൽ ഞങ്ങൾ സമരവും പ്രതിഷേധങ്ങളുമൊക്കെ നടത്തുന്നുണ്ട്. അധികൃതരെ ബന്ധപ്പെടാൻ ശ്രമിക്കുമ്പോൾ കോൾ കണക്റ്റ് ആവാത്ത പ്രശ്നവും നിലവിലുണ്ട്. കഴിഞ്ഞ ദിവസം ഒരു സുഹൃത്ത് വിളിച്ചപ്പോൾ, അവിടത്തെ സ്റ്റാഫിന് ഇതേക്കുറിച്ച് കൃത്യമായ ധാരണയില്ലെന്നാണ് മറുപടി കിട്ടിയത്. ഇത്തരത്തിലുള്ള ന്യായീകരണങ്ങളാണ് അവരുടെ ഭാഗത്ത് നിന്ന് ലഭിക്കുന്നത്. എന്തെങ്കിലുംസാങ്കേതിക പ്രശ്നമോ മറ്റോ ഉണ്ടെങ്കിൽ പോലും ഞങ്ങൾ വിദ്യാർഥികളെ നേരിട്ട് അറിയിക്കുന്നേയില്ല. ഓഫീസിലേക്ക് വിളിക്കുമ്പോൾ മാത്രമേ കാര്യങ്ങൾ അറിയുന്നുള്ളൂ. ഡിപ്പാർട്ട്മെന്റിൽ അറിയിക്കുന്നുണ്ട് എന്നാണ് ജില്ലാ ഓഫീസിൽ നിന്നുള്ള വാദം. ഡിപ്പാർട്ട്മെൻറിൻേറയും ജില്ലാ ഓഫീസിൻെറയും ഇടയിൽ കുരുങ്ങിപ്പോവുകയാണ് വിദ്യാർത്ഥികൾ. എസ്.സി - എസ്.ടി വിഭാഗങ്ങളിൽ ഉൾപ്പെടുന്ന വിദ്യാർഥികൾക്ക് മാത്രമല്ല. ഒ.ബി.സി വിഭാഗത്തിൽ പെടുന്ന വിദ്യാർത്ഥികളും ഇതേ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. എസ്.സി - എസ്.ടി വിദ്യാർഥികൾക്ക് ലഭിച്ചശേഷം ആണ് ഒ.ബി.സി വിഭാഗത്തിന് ഗ്രാന്റ് ലഭിക്കുക. ഇപ്പോൾ രണ്ടും വല്ലാതെ വൈകുകയാണ്,” വിപിൻ പറഞ്ഞു.
ഇ-ഗ്രാന്റ്, എസ്.സി - എസ്.ടി ഫെലോഷിപ്പുകൾ മുടങ്ങുന്നതിനെ തുടർന്ന് വിദ്യാർത്ഥികൾ സംസ്ഥാന സർക്കാരിനെതിരെ ഹൈക്കോടതിയിൽ കേസ് നടത്തി വരുകയാണ്. എന്നാൽ ഇതുവരെയും സർക്കാരിന്റെയോ കോടതിയുടെയോ ഭാഗത്ത് നിന്നും അനുകൂലമായ ഒരു മറുപടിയോ നീക്കമോ ഉണ്ടായിട്ടില്ല.
“ഫെല്ലോഷിപ്പ് വൈകുന്നതിനെതിരെ ഒരു കൂട്ടം ഗവേഷകർ സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുകയും മന്ത്രിയെ കാണുകയും ചെയ്തിരുന്നു. വാക്കാലുള്ള ഉറപ്പ് മാത്രമേ അന്ന് ലഭിച്ചിട്ടുള്ളൂ. ഫണ്ട് വരും വരും എന്നല്ലാതെ വേറെ ഒന്നും ആർക്കും പറയാനില്ല. വിദ്യാർത്ഥികൾ ഇതിന്റെ പുറകിൽ നടന്ന് മടുത്തു. രണ്ട് വർഷമായി ഇതിന്റെ പേരിൽ കേസ് നടക്കുന്നുണ്ടെങ്കിലും വ്യക്തമായ ഒരു മറുപടിയും നടപടിയും ഇതുവരെയില്ല. അപ്പോഴേക്കും നമ്മുടെ സമയം കഴിയും. പലരും പല പണിയും ചെയ്തിട്ടാണ് ഗവേഷകപഠനം മുന്നോട്ട് പോവുന്നത്. ആരുടെയും സമയത്തിനും സൗകര്യത്തിന് വേണ്ടിയും കാലം കാത്തുനിൽക്കില്ലല്ലോ,” വിപിൻ വ്യക്തമാക്കി.
