മുണ്ടശ്ശേരിയുടെ കസേരയിലിരുന്ന് ശിവൻകുട്ടി
വിമോചന സമരത്തെക്കുറിച്ച് ഓർക്കുന്നു

സംസ്ഥാന ബജറ്റിന്റെ 30 ശതമാനം ശമ്പളത്തിനും പെൻഷനും ചെലവാക്കുന്ന ഒരു മേഖലയിൽ, ഭരണഘടന ഉറപ്പുനൽകുന്ന സംവരണതത്വങ്ങളുടെ കടുത്ത ലംഘനത്തിനെതിരെയെങ്കിലും നടപടിയെടുക്കാൻ ആരുടെയും അനുമതി വേണ്ട, അതിന് സമവായമോ ചർച്ചയോ പോലും ആവശ്യമില്ല. എന്നിട്ടും ജാതിക്കോട്ടകളായി നമ്മുടെ എയ്ഡഡ് സ്‌കൂൾ മേഖല സംരക്ഷിക്കപ്പെട്ടുപോരുന്നു.

യ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനം പി.എസ്.സിക്ക് വിടണം എന്ന ഖാദർ കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശ പതിവുപോലെ വിവാദവിഷയമായി മാറുകയാണ്. കോടതിയിൽ പോകും എന്ന് എൻ.എസ്.എസ് കണ്ണുരുട്ടിയ ഉടൻ, 'പല നിർദേശങ്ങളും അപ്രായോഗികമാണ്' എന്ന്, മന്ത്രിസഭ തന്നെ തത്വത്തിൽ അംഗീകരിച്ച റിപ്പോർട്ടിനെ അതേ മന്ത്രിസഭയിലെ അംഗമായ വി. ശിവൻകുട്ടി തള്ളിപ്പറയുകയും ചെയ്തു.

ഇതു പറയുമ്പോൾ, തന്റെ മുൻഗാമിയായ ജോസഫ് മുണ്ടശ്ശേരി 67 വർഷം മുമ്പ് അവതരിപ്പിച്ച കേരള വിദ്യാഭ്യാസ ബിൽ മന്ത്രി ശിവൻകുട്ടിയുടെ ഓർമയിലുണ്ടായിരിക്കാനിടയില്ല. ശിവൻകുട്ടിയെയും ഇടതുസർക്കാറിനെയും വേട്ടയാടുന്ന ഒരു ഓർമ, കുപ്രസിദ്ധമായ വിമോചന സമരത്തിന്റേതായിരിക്കും.

സാമൂഹിക നീതിയുടെയും എയ്ഡഡ് സ്‌കൂൾ അധ്യാപകരുടെ ആത്മാഭിമാനത്തിന്റെയും പക്ഷത്തുനിന്നാണ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന ജോസഫ് മുണ്ടശ്ശേരി 1957 ജൂൺ 30 ന് നിയമസഭയിൽ കേരള വിദ്യാഭ്യാസ ബിൽ അവതരിപ്പിച്ചത്. അധ്യാപകർക്ക് സർക്കാർ നേരിട്ട് ശമ്പളം നൽകുക, പി.എസ്.സി തയാറാക്കുന്ന പട്ടികയിൽനിന്ന് അധ്യാപകരെ നിയമിക്കുക തുടങ്ങിയ സുപ്രധാന നിർദേശങ്ങളടങ്ങിയതായിരുന്നു, അധ്യാപകരുടെ മാഗ്‌നാ കാർട്ട എന്ന് വിശേഷിപ്പിക്കപ്പെട്ട ആ ബിൽ.

ബില്ലിലെ 11ാം വകുപ്പനുസരിച്ച് ഓരോ വർഷവും സർക്കാർ സ്‌കൂളുകളിലും സ്വകാര്യസ്‌കൂളുകളിലും പുതുതായി ഉണ്ടാകുന്ന അധ്യാപക ഒഴിവ് നികത്തുന്നതിനാവശ്യമായ പട്ടിക, സംവരണതത്വങ്ങൾ പാലിച്ച്, പബ്ലിക് സർവീസ് കമീഷൻ പ്രസിദ്ധീകരിക്കും. ഈ ലിസ്റ്റിൽനിന്നു മാത്രമേ നിയമനം പാടുള്ളൂ. ഈ പട്ടികയിൽനിന്ന് മാനേജർമാർക്ക് തെരഞ്ഞെടുപ്പ് നടത്താം. മാനേജർക്കിഷ്ടമുള്ള ആരും പട്ടികയിലില്ലെങ്കിൽ പി.എസ്.സി മറ്റൊരു ലിസ്റ്റ് അയക്കും. അതും മാനേജർക്ക് സ്വീകാര്യമല്ലെങ്കിൽ മൂന്നാമതൊരു ലിസ്റ്റയക്കും. ഇതിൽനിന്ന് അധ്യാപകരെ നിയമിക്കേണ്ടിവരും.

ബിൽ അവതരിപ്പിച്ചുകൊണ്ട് മുണ്ടശ്ശേരി പറഞ്ഞു: ''ഗവൺമെന്റിൽനിന്ന് നേരിട്ട് ശമ്പളം കൊടുക്കുകയെന്ന സമ്പ്രദായം പരക്കെ അംഗീകരിക്കുന്നതോടുകൂടി അധ്യാപകരും മാനേജർമാരും തമ്മിലുള്ള യജമാന- ഭൃത്യബന്ധത്തിന് ഒരു പരിവർത്തനം വരുത്തണമെന്നുള്ള സംഗതി ഈ സഭയുടെ മുൻപിൽ വയ്ക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. ഗവൺമെന്റിൽനിന്ന് ഗ്രാന്റു വാങ്ങി അധ്യാപകർക്ക് ശമ്പളം കൊടുത്തുപോന്നിട്ടുള്ള മാനേജർമാർ അധ്യാപകന്മാരെ അവരുടെ കീഴിൽ പ്രവർത്തിക്കുന്ന തൊഴിലാളികളായിട്ടാണ് പരിഗണിച്ചിരുന്നത്. ഗവൺമെന്റ് നേരിട്ട് ശമ്പളം കൊടുക്കുന്നു എന്ന സ്ഥിതിവന്നാൽ മാനേജർമാരും അധ്യാപകരും തമ്മിലുള്ള ബന്ധം പഴയപോലെ യജമാന-ഭൃത്യബന്ധം ആയിരിക്കുകയില്ല. അത്തരമൊരു ബന്ധം അവസാനിപ്പിച്ച് വിദ്യാഭ്യാസമേഖലയിൽ തുല്യ സേവനപ്രവണതയോടുകൂടി ഡിപ്പാർട്ടുമെന്റും മാനേജർമാരും അധ്യാപകരും ഏകോപിച്ചും സഹകരിച്ചും ഒരു പ്രവർത്തനം ഭാവിയിൽ ഈ രാജ്യത്തുണ്ടാകണം''.

മുണ്ടശ്ശേരിയുടെയും ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയുടെയും ആ പ്രതീക്ഷക്കെതിരെ ഒന്നിച്ചത് കത്തോലിക്കാ സഭയും എൻ.എസ്.എസും മുസ്‌ലിം ലീഗും അന്നത്തെ പ്രതിപക്ഷവും മാധ്യമങ്ങളുമായിരുന്നു. സ്‌കൂളുകൾ പിടിച്ചെടുത്ത് കമ്യൂണിസ്റ്റ് ഐഡിയോളജി പ്രചരിപ്പിക്കാനാണ് നീക്കമെന്ന സാമുദായിക- മത വർഗീയ കാമ്പയിൻ ഫലം കണ്ടു.

ഇ.എം.എസ് സർക്കാറിനെ കേന്ദ്രം പിരിച്ചുവിട്ടു. പിന്നീടുവന്ന പി.എസ്.പി- കോൺഗ്രസ് സർക്കാർ, പി.എസ്.സി നിയമനത്തിനുള്ള 11ാം വകുപ്പ് സസ്‌പെന്റ് ചെയ്തു.

വീണ്ടും അതേ നിർദേശത്തെ മറ്റൊരു ഇടതുപക്ഷ സർക്കാർ എങ്ങനെ അഭിമുഖീകരിക്കുന്നു എന്നത്, ഇടതുപക്ഷ രാഷ്ട്രീയത്തിന് സംഭവിച്ച ഒരു ട്രാജിക് ഐറണിയായി മാറുന്നു. സഭക്കോ സാമുദായിക സംഘടനകൾക്കോ, വിമോചനസമരകാലത്തേതുപോലെ ക്രിസ്റ്റഫേഴ്‌സ് എന്ന കുറുവടിസേനയുടെ ആവശ്യമില്ല ഇന്ന്. കണ്ണുരുട്ടൽ കൊണ്ട് കാര്യം നടക്കും. കാരണം, സാമൂഹിക നീതിയുടെ രാഷ്ട്രീയത്തിൽ ഒത്തുതീർപ്പു നടത്തുന്ന ഇടതുപക്ഷമാണ് ഭരണത്തിലെന്നതുതന്നെ. അതുകൊണ്ടാണ്, മുണ്ടശ്ശേരിയുടെ കസേരയിലിരിക്കുന്ന ശിവൻകുട്ടിക്ക് 'അപ്രായോഗികം' എന്ന വാൾ വീശേണ്ടിവന്നത്.

എയ്ഡഡ് സ്‌കൂൾ അധ്യാപക നിയമനം പി.എസ്.സിക്ക് വിടണം എന്ന വിഷയം വിവാദമാക്കേണ്ടത്, ഇന്നും പ്രബലമായി നിൽക്കുന്ന വിമോചനസമരതാൽപര്യങ്ങളുടെ ഒരാവശ്യം കൂടിയാണ്.

എന്താണ് യാഥാർഥ്യം?

എയ്ഡഡ് വിദ്യാഭ്യാസ മേഖലകളിലെ പട്ടികജാതിവർഗ്ഗ പ്രാതിനിധ്യത്തെക്കുറിച്ചു പഠിക്കാൻ നിയോഗിക്കപ്പെട്ട, ടി.വി. രാജേഷ് എം എൽ എ അധ്യക്ഷനായിരുന്ന യുവജനകാര്യ യുവജനക്ഷേമ സമിതി 2019-ൽ നിയമസഭയുടെ മേശപ്പുറത്ത് വെച്ച റിപ്പോർട്ടിലെ കണക്ക് നോക്കാം: ആകെയുള്ള എയ്ഡഡ് സ്‌കൂളുകളിലായി 97,524 അധ്യാപകരുണ്ട്. അവരിൽ പട്ടികജാതിക്കാർ 378, പട്ടികവർഗ്ഗക്കാർ 78. രണ്ടു വിഭാഗങ്ങൾക്കും അരശതമാനം പോലുമില്ല പ്രാതിനിധ്യം.

2023 നവംബറിൽ വിവരാവകാശനിയമപ്രകാരം പുറത്തുവന്ന രേഖയനുസരിച്ച് കേരളത്തിൽ 90,307 എയ്ഡഡ് സ്‌കൂൾ അധ്യാപകരാണുള്ളത്. ഇതിൽ 808 പട്ടികജാതിക്കാർ മാത്രമാണുള്ളത്. എസ്.ടി അധ്യാപകരുടെ എണ്ണം 76; 0.08 ശതമാനം.
ഒരു ശതമാനം തികച്ചില്ല പ്രാതിനിധ്യം.

ചുരുക്കം ചിലയിടങ്ങളിൽ ഒഴിച്ച്, ഭൂരിഭാഗം മാനേജുമെന്റ് സ്‌കൂളുകളിലും പണമാണ് അധ്യാപക നിയമനത്തിന്റെ പ്രധാന മാനദണ്ഡം എന്നത് പരസ്യമാണ്. വൈദഗ്ധ്യത്തിന്റെ കാര്യത്തിലുള്ള മൂല്യനിർണയമോ അഭിരുചിയുടെ കാര്യത്തിലുള്ള പരിശോധനകളോ ഒന്നും, മാനവവിഭവശേഷിയുടെ വികാസത്തിൽ പ്രധാന പങ്കുവഹിക്കുന്ന ഈയൊരു തൊഴിലിന്റെ കാര്യത്തിൽ പരിഗണിക്കപ്പെടുന്നില്ല. പകരം, സാമുദായിക ശക്തികൾ സാമ്പത്തിക വരേണ്യതയുടേതായ ഒരു സാമ്രാജ്യം സൃഷ്ടിച്ചെടുത്തിരിക്കുന്നു. അത് അവരുടെ സവിശേഷ അധികാരമായി ഭരണകൂടം അംഗീകരിച്ചുകൊടുക്കുന്നു. ഈയൊരു അധികാര മൂലധനമുപയോഗിച്ചാണ് ഇതേ സാമുദായിക മാനേജുമെന്റുകൾ കേരളത്തിലെ ഉന്നത വിദ്യാഭ്യാസമേഖലയെപോലും നീതിനിഷേധത്തിന്റെ കോട്ടകളാക്കി നിലനിർത്തുന്നത്.

സംസ്ഥാന ബജറ്റിന്റെ 30 ശതമാനം ശമ്പളത്തിനും പെൻഷനും ചെലവാക്കുന്ന ഒരു മേഖലയിൽ, ഭരണഘടന ഉറപ്പുനൽകുന്ന സംവരണതത്വങ്ങളുടെ കടുത്ത ലംഘനത്തിനെതിരെയെങ്കിലും നടപടിയെടുക്കാൻ ആരുടെയും അനുമതി വേണ്ട, അതിന് സമവായമോ ചർച്ചയോ പോലും ആവശ്യമില്ല. എന്നിട്ടും ജാതിക്കോട്ടകളായി നമ്മുടെ എയ്ഡഡ് സ്‌കൂൾ മേഖല സംരക്ഷിക്കപ്പെട്ടുപോരുന്നു.

ആഗോളവിപണിക്കനുയോജ്യമായ ചരക്കുകളായി ഭാവി തലമുറയെ മാറ്റാനുള്ള വലിയ സമ്മർദം ദേശീയ വിദ്യാഭ്യാസ നയങ്ങളിലുണ്ട്. അക്കാദമിക മികവിനുള്ള ഒറ്റമൂലി മെരിറ്റോക്രസിയാണെന്ന വാദം അതുയർത്തുന്നു. ഈ വാദം ഏറ്റവുമാദ്യം പുറന്തള്ളുന്നത് പാർശ്വവൽകൃത മനുഷ്യരുടെ പ്രാതിനിധ്യങ്ങളെയാണ്. ഒരു വൈജ്ഞാനിക സമൂഹമായും ജ്ഞാനസമ്പദ്‌വ്യവസ്ഥയുമായി പുനഃസൃഷ്ടിക്കപ്പെടാൻ പോകുന്നുവെന്ന പ്രഖ്യാപനം നടത്തിയ അതേ കേരളത്തിലും ഈയൊരു പുറന്തള്ളൽ സംഭവിച്ചുകൊണ്ടിരിക്കുന്നുണ്ട്.

ഒരു ഡാറ്റയുടെയും പിൻബലമില്ലാതെ കേരളത്തിലടക്കം നടപ്പാക്കിയ പത്തു ശതമാനം സവർണ സംവരണം എങ്ങനെയാണ് സിവിൽ സർവീസ് വരെയുള്ള മേഖലകളിലെ പിന്നാക്ക പ്രാതിനിധ്യത്തെ അട്ടിമറിക്കുന്നത് എന്നതിന്റെ കണക്കുകൾ നമുക്കു മുന്നിലുണ്ട്.

പട്ടികവിഭാഗത്തിലെ മേൽത്തട്ടുകാരെ തരംതിരിച്ച് സംവരണപട്ടികയിൽനിന്ന് ഒഴിവാക്കണമെന്ന അഭിപ്രായം കഴിഞ്ഞ ദിവസം സുപ്രീംകോടതിയിൽനിന്നുണ്ടായത് ആരെയും ഞെട്ടിച്ചില്ല.

രണ്ടു വർഷമായി ഗ്രാന്റ് നിഷേധിക്കപ്പെടുന്നതിനെതുടർന്ന്, ഉന്നത വിദ്യാഭ്യാസമേഖലയിലെ ആദിവാസി- ദലിത് വിദ്യാർഥികൾ പഠിപ്പുതന്നെ ഉപേക്ഷിച്ചുപോകുന്നു, അവർ ജാതീയ അധിക്ഷേപത്തിനിരയാകുന്നു. ഇത് ആ വിദ്യാർഥികളുടെ മാത്രം ദുരിതമായി അവശേഷിക്കുന്നു.

പത്താം ക്ലാസിലെ എഴുത്തുപരീക്ഷക്ക് 30 ശതമാനം മിനിമം മാർക്ക് വരുമ്പോൾ, പുറത്താക്കപ്പെടാൻ പോകുന്നത് പട്ടികജാതി, പട്ടികവർഗ, ഒ.ബി.സി വിദ്യാർഥികളാണ്. എസ്.എസ്.എൽ.സി പരീക്ഷാഫലം ഇതിന് തെളിവാണ്.

വിദ്യാഭ്യാസ മേഖലയിലെ എക്സ്ക്ലൂഷൻ നയങ്ങളുടെ നടത്തിപ്പ് സർക്കാർ മേൽനോട്ടത്തിലായി എന്നതാണ്, 1957-ൽ നിന്ന് 2024-ലെത്തുമ്പോഴുണ്ടായ പ്രധാന അട്ടിമറി. അതിനെ ചെറുക്കാൻ സാമൂഹിക നീതിയുടെയും പ്രാതിനിധ്യാവകാശത്തിന്റെയും പക്ഷത്തുനിന്ന് ചർച്ചകളുയർന്നുവരണം.

അത്തരം ചർച്ചകൾ, കേരളം നിലവിൽ വരുന്നതിനുമുമ്പുതന്നെ നമ്മൾ നടത്തിവരുന്നതുമാണ്. 1943 നവംബർ 24ന് തിരുവിതാംകൂർ സർക്കാർ നിയമിച്ച വിദ്യാഭ്യാസ പുനഃസംഘടന കമ്മിറ്റി റിപ്പോർട്ടിലെ പ്രധാന ശുപാർശ, സർക്കാർ സ്‌കൂളുകളിലും പ്രൈവറ്റ് സ്‌കൂളുകളിലുമുള്ള അധ്യാപകർക്ക് ശമ്പള ഏകീകരണം നടപ്പാക്കണം എന്നതായിരുന്നു. പത്ത് വർഷത്തിനുള്ളിൽ പ്രാഥമിക വിദ്യാഭ്യാസം സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ കൊണ്ടുവരാനും ഈ റിപ്പോർട്ട് നിർദേശിച്ചു.
സ്വകാര്യ സ്‌കൂളുകളുടെ ദേശസാൽക്കരണത്തിന് ശ്രീമൂലം പ്രജാസഭയിൽ ബിൽ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്.

അന്നും, ഇന്നത്തേതുപോലുള്ള എതിർവാദങ്ങൾ ഉയർന്നിരുന്നു. എന്നിട്ടും, 57-ലെ കേരള വിദ്യാഭ്യാസ ബില്ലിനെ പൂർണമായി അവഗണിക്കാൻ പിന്നീടുവന്ന സർക്കാറുകൾക്ക് കഴിയാതെ പോയത്, ഇത്തരമൊരു സാമൂഹിക സമ്മർദമുണ്ടായിരുന്നതുകൊണ്ടാണ്.

എയ്ഡഡ് സ്‌കൂൾ നിയമനം പി.എസ്.സിക്ക് വിടണം എന്ന വിഷയം ചർച്ചയായാൽ ഉയർന്നുവരാവുന്ന പ്രധാന എതിർവാദം, മാനേജുമെന്റുകളുടെ 'വരുമാനനഷ്ട'വും തൽഫലമായുണ്ടാകുന്ന നടത്തിപ്പ് പ്രതിസന്ധിയുമായിരിക്കും. എയ്ഡഡ് സ്‌കൂളുകളിൽ അടിസ്ഥാന സൗകര്യമുൾപ്പെടെ ഒരുക്കേണ്ടത് മാനേജർമാരാണ്. വർഷത്തിലൊരിക്കലാണ് സർക്കാർ ഗ്രാന്റ് ലഭിക്കുന്നത്. അധ്യാപക- അനധ്യാപക നിയമനങ്ങൾക്ക് ഈടാക്കുന്ന കോഴയാണ് സ്‌കൂൾ നടത്തിപ്പിനുള്ള ഒറ്റമൂലി എന്നാണ് മാനേജർമാരുടെ വാദം. ഒരു മാനദണ്ഡവുമില്ലാതെ, തീർത്തും അനധികൃതമായി നടത്തുന്ന ഒരു സാമ്പത്തിക കൊള്ളയെ വ്യവസ്ഥാപിതമാക്കുന്ന ഒരു വാദമാണിത്. നിയമനം പണം വാങ്ങാതെ നടത്തുന്ന ചുരുക്കം മാനേജുമെന്റ് മാതൃകകളെങ്കിലുമുണ്ട് കേരളത്തിൽ, എന്നും ഓർക്കുക.

ലാൻഡ് അക്വിസിഷൻ ആക്റ്റ് പ്രകാരം സ്‌കൂൾ കെട്ടിടവും ഭൂമിയും വിട്ടുനൽകാൻ തയാറാണെന്ന്, രണ്ടുവർഷം മുമ്പ്, ഈ വിഷയം ചർച്ചയായ സമയത്ത് സ്‌കൂൾ മാനേജർമാരുടെ സംഘടന സർക്കാറിനെ അറിയിച്ചിരുന്നു. സ്‌കൂൾ കെട്ടിടങ്ങൾക്ക് വാടക നൽകിയോ പുതിയ കെട്ടിടം പണിയാൻ ഗ്രാന്റ് നൽകിയോ സർക്കാറിന് ഇടപെടൽ നടത്താൻ കഴിയും.

കേരളത്തിലെ പൊതുവിദ്യാഭ്യാസം സർക്കാർ ഫണ്ടിന്റെ ബലത്തിലല്ല പടർന്നുപന്തലിച്ചത്. സാമൂഹിക പ്രതിബദ്ധതയുള്ള മനുഷ്യരുടെയും പ്രസ്ഥാനങ്ങളുടെയും പ്രദേശങ്ങളുടെയും മൂലധനമാണ് അത്തരം സ്‌കൂളുകളെ നിലനിർത്തിയത്. ഇവിടേക്ക് ജാതി- മത- ലിംഗഭേദമേന്യ കുട്ടികളെത്തിയിരുന്നു. അവിടെ, അവരെ തുല്യരായി പരിഗണിക്കുന്ന അധ്യാപകരുമുണ്ടായിരുന്നു. ഈയൊരു ചരിത്രാനുഭവത്തിൽനിന്നുവേണം എയ്ഡഡ് സ്‌കൂൾ നിയമനങ്ങളെ നിയമപരമാക്കുന്നതിന്റെ സാധ്യതകൾ ആലോചിക്കാൻ.

തങ്ങളുടെ നിയന്ത്രണത്തിലുള്ള സ്‌കൂളുകളിലെ നിയമനം പി.എസ്.സിക്ക് വിടാൻ തയാറാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും എം.ഇ.എസ് ചെയർമാൻ ഡോ. ഫസൽ ഗഫൂറും നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, ഇവരേക്കാൾ പ്രബലരായ എൻ.എസ്.എസും ക്രിസ്ത്യൻ സഭകളും ഇതിന് തയ്യാറുമല്ല.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കാനും ഭരണം നടത്താനും ന്യൂനപക്ഷങ്ങൾക്ക് അവകാശം നൽകുന്ന ഭരണഘടനാവ്യവസ്ഥയാണ് മിക്ക ന്യൂനപക്ഷ മാനേജുമെന്റുകളുടെയും പിടിവള്ളി. 1957-ലും ഇതേ വാദമാണ് ഈ ശക്തികൾ ഉയർത്തിയത്. എന്നാൽ, 1957-ലെ കേരള വിദ്യാഭ്യാസ ബില്ലിലെ പ്രധാന വ്യവസ്ഥകൾ അംഗീകരിച്ച് സുപ്രീംകോടതി പറഞ്ഞത് ഇപ്രകാരമാണ്: 'സ്‌കൂളുകൾക്ക് സർക്കാർ ധനസഹായം നൽകിയിട്ടുണ്ടെങ്കിൽ, ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും ഗവൺമെന്റിന് നിയമപരമായ അവകാശങ്ങൾ ഉണ്ടായിരിക്കണം'.

വിദ്യാഭ്യാസബില്ലിലെ 11, 12 വകുപ്പുകൾ ഭരണഘടനക്കെതിരല്ലെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭരണം നടത്താനുള്ള അവകാശം, ദുർഭരണം നടത്താനുള്ള അവകാശമല്ലെന്നു കൂടി സംശയരഹിതമായി പറഞ്ഞുവച്ചിട്ടുണ്ട്.

സർക്കാർ സഹായം പറ്റുന്ന സ്ഥാപനങ്ങളിലെ നിയമനക്കാര്യത്തിൽ സർക്കാറിന് അവകാശമുണ്ടെന്ന് വ്യക്തമാക്കുന്ന ഉത്തരവുകൾ സമീപകാലങ്ങളിലും സുപ്രീംകോടതിയിൽനിന്നടക്കമുണ്ടായിട്ടുണ്ട്. പശ്ചിമബംഗാളിലെ എയ്ഡഡ് മദ്രസകളിൽ നിയമനം നടത്തുന്നതുമായി ബന്ധപ്പെട്ട കേസിൽ, സർക്കാർ സഹായം നൽകുന്ന എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങളിൽ ന്യൂനപക്ഷങ്ങൾക്കുള്ള അവകാശം സമ്പൂർണമല്ല എന്ന് സുപ്രീംകോടതി വിധിച്ചിരുന്നു.

എയ്ഡഡ് സ്‌കൂൾ നിയമനത്തിൽ സാമൂഹിക നീതിയും നിയന്ത്രണവും ആവശ്യമാണ് എന്ന് 2021 ജൂൺ 28 ലെ വിധിയിലും സുപ്രീംകോടതി വ്യക്തമാക്കുന്നുണ്ട്.

എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനാധികാരം നിരുപാധികമല്ല എന്നാണ് ഈ കോടതി വിധികൾ കാണിക്കുന്നത്. നിയമനങ്ങളിലെ കടുത്ത വിവേചനം അവകാശ ദുർവിനിയോഗം കൂടിയായി മാറുന്ന സാഹചര്യത്തിൽ സർക്കാറിന് നിയമപ്രകാരം തന്നെ ഇടപെടാൻ കഴിയേണ്ടതാണ്. വിവേചനരഹിതമായി നടപ്പാക്കാൻ കഴിയുന്ന പി.എസ്.സി നിയമനത്തെ, ന്യൂനപക്ഷ അവകാശത്തിന്റെ മറവിൽ നിയമപരമായി എതിർക്കാനാകില്ല.

മാനേജുമെന്റുകളുമായി കൂടിയാലോചിച്ച് കേരള വിദ്യാഭ്യാസ ചട്ടത്തിൽ വരുത്തുന്ന ഭേദഗതിയിലൂടെ പരിഹരിക്കാവുന്ന പ്രശ്‌നമാണിത്. ഈയൊരു ലക്ഷ്യത്തിനുവേണ്ടിയുള്ള ഒരു സോഷ്യോ- പൊളിറ്റിക്കൽ പ്രഷർ ചെലുത്താൻ സർക്കാറിനു കഴിഞ്ഞാൽ അത് ചലനമുണ്ടാക്കുമെന്നുറപ്പാണ്.

എന്നാൽ, ന്യൂനപക്ഷത്തെ തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിലെ വെറും സമ്മർദശക്തിയായി വകവച്ചുകൊടുക്കുന്ന രാഷ്ട്രീയ സമീപനത്തിന് ഈയൊരു ഇടപെടൽ അസാധ്യമായിരിക്കും. പേരിൽ മാത്രം ന്യൂനപക്ഷമുള്ള, യഥാർഥ ന്യൂനപക്ഷത്തെ ഒരുതരത്തിലും പ്രതിനിധീകരിക്കാത്ത മൂലധനാധികാരശക്തികളോടല്ല, അവർക്കുകീഴിലെ അദൃശ്യരാക്കപ്പെട്ട മനുഷ്യരോടാണ് ഇടതുപക്ഷം സംസാരിക്കേണ്ടത്. കേരളം കാത്തിരിക്കുന്ന ഒരു രാഷ്ട്രീയ വർത്തമാനം കൂടിയായിരിക്കും അത്.

Comments