ആലപ്പുഴയിലെ അമ്പലപ്പുഴ സ്വദേശിയായ ഞാൻ 2006 ലാണ് വെള്ളാർമല സ്‌കൂളിൽ അധ്യാപകനായി എത്തുന്നത്. ആലപ്പുഴയിൽ നിന്ന് വയനാട്ടിലെത്തിയപ്പോഴേക്കും നമ്മുടെ നാടിനേക്കാൾ നിഷ്‌കളങ്കരായിട്ടുള്ള സ്‌നേഹിക്കാൻ മാത്രമറിയാവുന്ന ഒരു നാടും അവിടെയുള്ള സുന്ദരമായ ഒരു വിദ്യാലയവുമാണ് എനിക്ക് ലഭിച്ചത്. ആ നാടും നാട്ടുകാരും വിദ്യാലയവുമെല്ലാം തന്ന സ്‌നേഹത്തിന് തിരികെ ചെയ്യാൻ പറ്റുന്നതൊക്കെയും ചെയ്തതിട്ടുണ്ട്. ആ നാട്ടുകാരുടെ പിന്തുണ കൊണ്ടുമാത്രമാണ് ഞാൻ ഇത്രയും കാലം അവിടെ നിന്നതുപോലും.
സ്‌കൂളിലെ എന്ത് കാര്യം ചെയ്യണമെങ്കിലും നാടിന്റെ വലിയ പിന്തുണ ലഭിക്കുമായിരുന്നു. അങ്ങനെ ഓരോരോ പ്രവർത്തനങ്ങൾ ചെയ്ത് ദിവസങ്ങൾ പോയത് അറിഞ്ഞില്ല. അധ്യാപക വിദ്യാർഥി ബന്ധത്തിനപ്പുറമായിരുന്നു വെള്ളാർമലയുമായുള്ള എന്റെ ബന്ധം. എത്ര വാക്കു കൊണ്ട് പറഞ്ഞാലും ആ ബന്ധം വർണിക്കാനാകില്ല. എല്ലാവരെയെയും ചേർത്തു നിർത്തുന്ന, സ്‌നേഹിച്ചാൽ പതിന്മടങ്ങായി തിരിച്ചു സ്‌നേഹിക്കുന്ന നിഷ്‌കളങ്കരായ നാട്ടുകാരായിരുന്നു അവിടെ ഉണ്ടായിരുന്നത്.
സ്‌കൂളിൽ ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ളതുകൊണ്ടുതന്നെ ആ ഗ്രാമത്തിലെ എല്ലാവരും അവിടെ തന്നെയാണ് പഠിക്കുക. ഞാൻ ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ കയറുമായിരുന്നു. ഫ്രീ പിരീഡുകളിൽ യു.പി യിലും എൽ.പി യിലുമെല്ലാം പോയി പാട്ടുപാടുകയും കഥ പറയുകയും ചെയ്യുമായിരുന്നു. നന്നായി പഠിക്കാൻ കഴിയുന്ന കുട്ടികളാണ് വെള്ളാർമലയിലുള്ളത്. നല്ല റിസൾട്ടുണ്ടാക്കാൻ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്. പാഠ്യരംഗത്ത് മാത്രമല്ല, കലാ- കായിക രംഗത്തും ശാസ്ത്ര രംഗത്തുമെല്ലാം കുട്ടികൾ കഴിവു തെളിയിച്ചിട്ടുണ്ട്.

ശാസ്ത്രമേളയ്ക്ക് കുട്ടികളെ സംസ്ഥാന തലം വരെ പങ്കെടുപ്പിക്കാൻ സാധിച്ചു. ഞാൻ അധ്യാപകനായശേഷം ഒമ്പത് തവണ വെള്ളാർമല സ്‌കൂളിലെ കുട്ടികളെ സംസ്ഥാന കലോത്സവത്തിലും പങ്കെടുപ്പിച്ചു. രണ്ട് തവണ നാടകവും ബാക്കി ഏഴ് തവണകളിൽ വഞ്ചിപ്പാട്ടിനുമാണ് സംസ്ഥാന തലത്തിലെത്തിയത്. വഞ്ചിപ്പാട്ട് എന്റെ നാടിന്റെ കലാരൂപമാണ്. കഴിഞ്ഞ സംസ്ഥാന കലോത്സവത്തിൽ നാടകത്തിൽ അഭിനയിച്ച കുട്ടികളെല്ലാം ദുരന്തബാധിതരായിരുന്നു. അവർ അതിലേക്ക് എൻഗേജ്ഡായപ്പോൾ വീടില്ലാത്തതും ബന്ധുക്കൾ മരിച്ചതുമെല്ലാം അവർ പതിയെ മറന്നു.
പത്താം ക്ലാസിലെ ഏഴ് കുട്ടികളാണ് മരിച്ചത്. അതിൽ നാല് കുട്ടികൾ ഫുൾ എ പ്ലസ് സാധ്യത ഉള്ളവരായിരുന്നു. പരീക്ഷാ ഹാളിൽ പോലും കുട്ടികൾ ആബ്സന്റ് മൈൻഡായിരുന്നു. കുറച്ചു നേരം പഠിപ്പിക്കുമ്പോഴേക്കും അവർ ഔട്ട് ഓഫ് മൈൻഡ് ആകും.
വേറൊരു സ്‌കൂൾ പോലെയല്ല, ആ നാടുമായി അത്രതന്നെ ഇഴകി ചേർന്നുള്ള വിദ്യാലയമായിരുന്നു വെള്ളാർമല സ്‌കൂൾ. നാട്ടുകാരുടെ ഒരു വികാരം തന്നെ. സ്‌കൂളിന്റെ വാർഷകോത്സവങ്ങൾ ഗ്രാമോത്സവം പോലെ തന്നെയാണ് ആഘോഷിക്കാറ്. എല്ലാവരും ഒരേ യൂണിഫോമൊക്കെ ഇട്ടാണ് വാർഷിക പരിപാടികൾക്ക് പങ്കെടുക്കുക.
വെള്ളാർമല സ്‌കൂളിന്റേത് പ്രത്യേക പാഠ്യപദ്ധതിയായിരുന്നു. രാവിലെ പത്തു മണിക്ക് തുടങ്ങി വൈകീട്ട് നാലു മണിക്ക് അവസാനിക്കുന്നതല്ലായിരുന്നു പഠനം. രാവിലെ ഏഴരക്ക് തുടങ്ങി വൈകീട്ട് ആറു മണിവരെ അത് നീളും. ചിലപ്പോൾ രാത്രി വരെയും. ക്ലബ് പ്രവർത്തനങ്ങളടക്കമുള്ള കാര്യങ്ങൾക്കു വേണ്ടിയാണ് ഇങ്ങനെ സമയം കണ്ടെത്തുന്നത്. മഴക്കാലമായ ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ഈ പ്രവർത്തനങ്ങളൊന്നും നടക്കില്ല. മഴയൊന്ന് തീർന്ന് കഴിഞ്ഞാൽ പിന്നെ പഴയത് പോലെ സമയക്രമമില്ലാത്ത പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകും.

ഓവർ ടൈം ക്ലാസ് എടുക്കുമ്പോഴെല്ലാം രക്ഷിതാക്കൾ നമുക്ക് നൽകുന്ന സ്‌നേഹം പറഞ്ഞറിയിക്കാൻ പറ്റില്ല. രാത്രി കുട്ടികളെ തിരികെ കൊണ്ടു പോകാൻ വരുമ്പോൾ അധ്യാപകർക്കുള്ള ഭക്ഷണവും അവർ കൊണ്ടുവരുമായിരുന്നു. ഭക്ഷണത്തിലൂടെയായിരുന്നു അവർ പലപ്പോഴും ഞങ്ങളെ തിരികെ സ്‌നേഹിച്ചിരുന്നത്.
വെള്ളാർമല സ്‌കൂളും പുഴയും തമ്മിൽ അടുത്ത ബന്ധമുണ്ടായിരുന്നു. സ്‌കൂളിന്റെ ഒരു ഭാഗം തന്നെയായിരുന്നു പുഴ. മുമ്പ് മഴക്കാലത്ത് പുഴ കുലംകുത്തി ഒഴുകിയപ്പോഴും ഇതുപോലൊരു അപകടം സംഭവിച്ചിരുന്നില്ല. വെള്ളമില്ലാത്ത സമയത്ത് കുട്ടികൾ പുഴയിൽ പോയി പാത്രം കഴുകുകയും പാറകളിലിരുന്ന് ചോറ് കഴിക്കുകയും ചെയ്യുമായിരുന്നു. പുഴയുമായി ഇഴുകിച്ചേർന്ന ജീവിതമായിരുന്നു. അപ്പോഴൊന്നും ഒരു തരത്തിലുള്ള അപകടങ്ങളും ഉണ്ടായിരുന്നില്ല. വെള്ളാർമലയിലാരുന്നപ്പോൾ ക്ലാസ് മുറി മഴയും കഠിനമായ വെയിലും വരുന്ന സാഹചര്യങ്ങളിൽ മാത്രമെ ഉപയോഗിക്കാറുണ്ടായിരുന്നുള്ളൂ. ബാക്കി സമയങ്ങളിലെല്ലാം പുറത്തിരുന്നു തന്നെയായിരുന്നു ക്ലാസെടുത്തിരുന്നത്. അതിനുവേണ്ടി പുറത്തു കൊണ്ടു വെക്കാൻ പറ്റുന്ന ബോർഡുകളും സ്റ്റൂളും കസേരകളുമെല്ലാം ഉണ്ടായിരുന്നു.
പത്താം ക്ലാസിലെയും ഒമ്പതിലെയുമെല്ലാം മക്കൾക്ക് ഇപ്പോഴും ദുരന്തത്തിന്റെ ഷോക്ക് വിട്ടുമാറിയിട്ടില്ല. ക്ലാസ് എടുക്കുമ്പോഴൊക്കെ കുട്ടികൾക്ക് പൂർണമായും ശ്രദ്ധിക്കാൻ പറ്റുന്നില്ല. ഡസ്‌കിലേക്ക് കമിഴ്ന്നു കിടക്കുക, ഒട്ടും താൽപര്യം പ്രകടിപ്പിക്കാതിരിക്കുക തുടങ്ങിയ പ്രശ്‌നങ്ങളാണ് ഓരോ കുട്ടിയിലും കാണുന്നത്.
വെള്ളാർമല സ്‌കൂളിലെ 33 കുട്ടികളാണ് ദുരന്തത്തിൽ മരിച്ചത്. എന്നെ സംബന്ധിച്ച് ഇത്രയും കാലം ആ ഗ്രാമത്തിൽ ജീവിച്ചതുകൊണ്ട് അവിടെയുള്ള മുഴുവൻ പേരും എനിക്ക് വേണ്ടപ്പെട്ടവരാണ്. വെള്ളാർമല സ്‌കൂളിൽ പഠിച്ചു പോയ മക്കളും എല്ലാവരും എനിക്ക് വേണ്ടപ്പെട്ടവർ തന്നെയാണ്.
ദുരന്തശേഷം ഞങ്ങൾ പുതിയ സ്ഥലത്ത് പുതിയ സാഹചര്യത്തിലാണ് ഇപ്പോഴുള്ളത്. മേപ്പാടി സ്‌കൂളിന്റെ കോമ്പൗണ്ടിലാണ് ഇപ്പോൾ വെള്ളാർമല സ്‌കൂൾ താൽക്കാലികമായി പ്രവർത്തിക്കുന്നത്. വെള്ളാർമല പോലെ ഒരിക്കലും താരമത്യപ്പെടുത്താൻ പോലും പറ്റില്ല. എങ്കിലും പരമാവധി പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ടുതന്നെ ഞങ്ങൾ പരിശ്രമിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ കഴിഞ്ഞ എസ്.എസ്.എൽ.സി റിസൾട്ട് വന്നപ്പോൾ നൂറു ശതമാനം വിജയം നേടാൻ കഴിഞ്ഞു. പഴയ പോലെ പ്രവർത്തിക്കാൻ പരിശ്രമിക്കുമെങ്കിലും മറ്റൊരു വിദ്യാലയത്തിന്റെ കോമ്പൗണ്ടിലായതിനാൽ പരിമിതികൾ ഏറെയുണ്ട്. ആ പരിമിതികളെ അനുകൂലമാക്കി മാറ്റുകയാണ് ചെയ്യുന്നത്. പുതിയൊരു വിദ്യാലയം ഉണ്ടായി വരുന്നത് വരെ ഇത് അതിജീവിച്ച് മുന്നോട്ട് പോകണം.
മേപ്പാടി സ്‌കൂളിലെ താൽക്കാലിക ക്ലാസ് മുറിയിൽ പഠനം ആരംഭിച്ചപ്പോഴും പഴയത് പോലെ പഠിപ്പിക്കാനാകാത്ത അവസ്ഥയും ഉണ്ടായിരുന്നു. പഴയ സ്ഥലത്ത് ആകുമ്പോൾ സമയം നോക്കാതെ ഞങ്ങൾക്ക് പാഠ്യപാഠ്യേതര പദ്ധതികൾക്ക് കുട്ടികളെ ഒരുക്കാമായിരുന്നു. എന്നാൽ ഇപ്പോൾ കുട്ടികൾ ബസിനു വരികയും പോവുകയും ചെയ്യേണ്ട സാഹചര്യമായതിനാൽ നല്ല സമയ പരിമിതിയുണ്ട്. ദുരന്തശേഷം കുട്ടികളെല്ലാം പലയിടങ്ങളിലായിട്ടാണ് താമസിക്കുന്നത്. അതുകൊണ്ട് നിശ്ചിത സമയത്തിനുള്ളിൽ കുട്ടികളെ വീടുകളിലേക്ക് അയക്കേണ്ടതുണ്ട്.

മേപ്പാടിയിലേക്ക് മാറിയപ്പോൾ ആദ്യം കുട്ടികളെ ഒന്ന് റിക്കവറി ചെയ്‌തെടുക്കാൻ നന്നായി ബുദ്ധിമുട്ടിയിരുന്നു. വിദ്യാഭ്യാസ വകുപ്പിന്റെ പരിപൂർണ പരിഗണനയുണ്ടായിരുന്നു. മേപ്പാടി സ്‌കൂളിൽ വെള്ളാർമല സ്‌കൂൾ പ്രവർത്തനം ആരംഭിച്ചതുമുതൽ വിദ്യാഭ്യാസ വകുപ്പ് അവിടെ ക്യാമ്പ് ചെയ്ത് നിർദേശങ്ങൾ തന്നിരുന്നു. കാരണം അധ്യാപകരടക്കം തകർന്നിരിക്കുന്ന സമയമായിരുന്നു. തിരുവനന്തപുരത്തുള്ള ഉദ്യോഗസ്ഥരടക്കം ഞങ്ങളോടൊപ്പം ക്യാമ്പ് ചെയ്തു പ്രവർത്തിച്ചു. അവർ പോയശേഷം ഞങ്ങൾ കുട്ടികളെ കൂടുതൽ എൻഗേജ് ചെയ്യിക്കാനാണ് ആദ്യം ശ്രമിച്ചത്.
24 മണിക്കൂറും അധ്യാപകർ ജോലി ചെയ്യുകയായിരുന്നു. ആർക്കും അതൊരു ടാസ്‌കായിട്ട് പോലും തോന്നിയിരുന്നില്ല.
പരിശീലനങ്ങളും ക്രാഫ്റ്റ് വർക്കുകളും കലാപ്രവർത്തനങ്ങളും സ്‌പോർട്‌സ് പ്രവർത്തനങ്ങളുമായി കുട്ടികളെ പരമാവധി എൻഗേജ് ചെയ്യിച്ചു. അങ്ങനെ പഠനം തന്നെയില്ലാതെയുള്ള പ്രവർത്തനങ്ങളായിരുന്നു. അവരുടെ മനസ് മാറ്റിയെടുത്ത ശേഷമാണ് പഠനം ആരംഭിച്ചത്. എങ്കിലും ഇപ്പോഴും അവരുടെ മനസ് പൂർണമായും മാറ്റാൻ സാധിച്ചിട്ടില്ല. പത്താം ക്ലാസിലെയും ഒമ്പതിലെയുമെല്ലാം മക്കൾക്ക് ഇപ്പോഴും ദുരന്തത്തിന്റെ ഷോക്ക് വിട്ടുമാറിയിട്ടില്ല. ക്ലാസ് എടുക്കുമ്പോഴൊക്കെ മിക്കപ്പോഴും കുട്ടികൾക്ക് പൂർണമായും ശ്രദ്ധിക്കാൻ പറ്റുന്നില്ല. ഡസ്‌കിലേക്ക് കമിഴ്ന്നു കിടക്കുക, ഒട്ടും താൽപര്യം പ്രകടിപ്പിക്കാതിരിക്കുക തുടങ്ങിയ പ്രശ്‌നങ്ങളാണ് ദുരന്തത്തിനുശേഷം ഓരോ കുട്ടിയിലും കാണുന്നത്. പാട്ടു പാടിയും കഥ പറഞ്ഞും, നാട്ടിലെ വിശേഷങ്ങൾ പറഞ്ഞും നമ്മുടെ നാട്ടിലെ പ്രളയത്തെ പറ്റിയുമെല്ലാം പറഞ്ഞ് അവരെ മാനസികമായി ഓക്കെയാക്കുകയായിരുന്നു.
എല്ലാ അധ്യാപകരും മക്കളെയെല്ലാം ചേർത്തുനിർത്തി അവരുടെ കൂടെ തന്നെ നിന്നു. 24 മണിക്കൂറും അധ്യാപകർ ജോലി ചെയ്യുകയായിരുന്നു. ആർക്കും അതൊരു ടാസ്‌കായിട്ട് പോലും തോന്നിയിരുന്നില്ല. അവരവരുടെ കടമയായിട്ടാണ് എല്ലാവരും കുട്ടികൾക്കൊപ്പം നിന്നത്. അധ്യാപകരുടെ ടീം വർക്കു കൊണ്ടും കൂടിയാണ് കുറേയധികം കുട്ടികളെ മാനസികമായി തിരികെ കൊണ്ടുവരാൻ സാധിച്ചത്.

കുട്ടികൾ മാനസികമായി തകർന്നിരിക്കുമ്പോഴും എസ്.എസ്.എൽ.സിയിൽ നൂറു ശതമാനം വിജയം നേടാനായി എന്നത് വലിയ വിജയം തന്നെയാണ്. സാധാരണ ഒരു പിരീഡ് 45 മിനിറ്റ് പഠിപ്പിക്കുമെങ്കിൽ ദുരന്തത്തിന് ശേഷം അതിന് പറ്റിയിരുന്നില്ല. പത്താം ക്ലാസിലെ ഏഴ് കുട്ടികളാണ് മരിച്ചത്. അതിൽ നാല് കുട്ടികൾ ഫുൾ എ പ്ലസ് സാധ്യത ഉള്ളവരായിരുന്നു. അതെല്ലാം ഞങ്ങളെ ബാധിച്ചിരുന്നു. പരീക്ഷാ ഹാളിൽ പോലും കുട്ടികൾ ആബ്സന്റ് മൈൻഡായിരുന്നു. കുറച്ചു നേരം പഠിപ്പിക്കുമ്പോഴേക്കും കുട്ടികൾ ഔട്ട് ഓഫ് മൈൻഡ് ആകും. കൂടാതെ കഴിഞ്ഞ അധ്യായന വർഷത്തിലെ മൂന്ന് മാസത്തോളം പഠനം പൂർണമായും നഷ്ടപ്പെടുകയും ചെയ്‌തു. അതു കൊണ്ട് ഞങ്ങളുടെ മുന്നിൽ വലിയ ടാസ്‌കുണ്ടായിരുന്നു. ഓവർ ടൈം ക്ലാസെടുത്താണ് ഈ വിജയം നേടിയത്. രാവിലെ ഏഴര മുതൽ രാത്രി ഒമ്പതര വരെ അവരെ സ്കൂളിലിരുത്തി പഠിപ്പിച്ചു. രാത്രി കുട്ടികൾക്ക് ഭക്ഷണവും നൽകിയാണ് വീടുകളിലേക്ക് വിടാറുള്ളത്. രണ്ട് മാസത്തോളം ആ സിസ്റ്റമായിരുന്നു. കുട്ടികളെ താമസിച്ചു പഠിപ്പിക്കാനായിരുന്നു ആദ്യം തീരുമാനിച്ചത്. സൗകര്യക്കുറവ് കൊണ്ടാണ് താമസിപ്പിക്കാതെ രാത്രി വരെ പഠനം എന്ന് തീരുമാനിച്ചത്.
പുതിയ അധ്യായന വർഷത്തിലേക്ക് കടക്കുകയാണ്. മഴക്കാലം കൂടിയാണല്ലോ, കുട്ടികൾക്കും ഞങ്ങൾക്കുമെല്ലാം മഴ ചെറുതായി കാണുമ്പോഴേക്കും പേടിയാണ്. ചൂരൽമലയിലെ അത്ര മഴ മേപ്പാടി ഭാഗങ്ങളിൽ ഇല്ലെങ്കിലും കരുതലോടെ നിൽക്കുക അല്ലാതെ വേറെ വഴിയില്ല.
ഇനി ഒരു പുതിയ സ്‌കൂൾ വന്നാലും വെള്ളാർമലക്ക് പകരം വെക്കാൻ വേറൊരിടമില്ലെന്ന് ഞങ്ങൾക്കും കുട്ടികൾക്കുമെല്ലാം അറിയാം. ഇനിയും സ്‌കൂളിലെത്തുന്ന കുട്ടികളെ സന്തോഷത്തോടെ കൂടെ നിർത്താൻ ശ്രമിക്കും. പുതിയൊരു സ്‌കൂളിനായ് പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.
വയനാട് ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് ട്രൂകോപ്പി തിങ്ക് പ്രസിദ്ധീകരിച്ച ലേഖനങ്ങളും വീഡിയോ സ്‌റ്റോറികളും വായിക്കാം, കാണാം
