പുഷ്​പക വിമാനത്തിലേറുന്ന ഇന്ത്യൻ വിദ്യാഭ്യാസം

ജ്യോതിർമയശർമ്മയുടേയും, കാഞ്ച ഐലയ്യയുടേയും, അരുന്ധതിറോയിയുടെയും, റൊമീലാഥാപ്പറിന്റെയും, എ.കെ.രാമാനുജന്റേയും ചിന്തകൾക്ക് ഇടമില്ലാത്ത കാമ്പസുകളിലാണ് പശുശാസ്ത്രവും, തീ പിടിക്കാത്ത വാലും, പുഷ്പക വിമാനവും വിദ്യാർഥികളെ കാത്തിരിക്കുന്നത്.

രു സമഗ്രാധിപത്യ വിദ്യാഭ്യാസപദ്ധതിയുടെ ആപത്ക്കരവും ഭീതിദവുമായ കടന്നുവരവിന്റെ സൂചനകൾ ദേശീയ വിദ്യാഭ്യാസനയരൂപീകരണം മുതൽ ഇന്ത്യയിൽ പ്രകടവും പ്രബലവുമാണ്. ജനാധിപത്യ, മതേതര, ശാസ്ത്രീയ, നീതിയുക്ത വിദ്യാഭ്യാസത്തിനുവേണ്ടി വേണ്ടി നിലകൊള്ളുന്നവരിൽ ഇത് വലിയ നടുക്കം സൃഷ്ടിക്കുന്നുണ്ട്. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ബഹുസ്വര സാമൂഹികനിർമ്മിതിയെയും സാംസ്‌കാരിക ജീവിതധാരകളെയും ആഴത്തിൽ സ്വാധീനിച്ച വിദ്യാഭ്യാസചിന്തകളും, കരിക്കുലവും, പാഠ പുസ്തകങ്ങളും പൂർണ്ണമായും വലതുവത്ക്കരിക്കപ്പെട്ട ഭരണവ്യവസ്ഥയാൽ അട്ടിമറിക്കപ്പെടുന്ന നിലയിലേക്കാണ് പാഠ്യപദ്ധതി രൂപീകരണചർച്ചകളുടെ പോക്ക്.

ഒരു സോഫ്റ്റ്​വിഷൻ ഡോക്യുമെന്റെന്നും ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയുടെ മാനിഫെസ്റ്റോയെന്നും ഏതാനും ബ്യൂറോക്രാറ്റുകളാലും ടെക്‌നോ ക്രാറ്റുകളാലും പ്രകീർത്തിക്കപ്പെട്ട 2020-ലെ ദേശീയവിദ്യാഭ്യാസനയം അതിന്റെ തീവ്രവും വിദ്യാഭ്യാസ വിരുദ്ധവും മാനവികേതരവുമായ മുഖം പുറത്തെടുത്തുകഴിഞ്ഞു. ഏതാനും വർഷങ്ങളായി തുടരുന്ന പാഠ്യപദ്ധതിയിലെ തിരുത്തലുകളും, വെട്ടിമാറ്റലുകളും, ചരിത്രനിഷേധവും, വക്രീകരണവും പുതിയൊരു ഘട്ടത്തിലേക്ക്, സമൂലമായ പാഠ്യപദ്ധതി പരിവർത്തനത്തിലേക്ക് കടക്കുകയാണ്. നെഹ്‌റുവിയൻ ലെഗസിയുടെ തുടർച്ചയായി വന്ന നയരേഖകളിലൂടെയും ദേശീയപാഠ്യപദ്ധതി സമീപനങ്ങളിലൂടെയും നാം നേടി യെടുത്ത വിദ്യാഭ്യാസത്തെ സംബന്ധിക്കുന്ന മൂല്യവത്തായ കാഴ്ചപ്പാടുകളും ജീവിതസമീപനങ്ങളും, സമ ത്വാധിഷ്ഠിത-സാമൂഹ്യനീതി, ചിന്താപദ്ധതികളുമെല്ലാം നിരാകരിക്കപ്പെടുകയാണ്.

മത പുനരുത്ഥാന മൻ- കി- ബാത്തുകൾ

ശിശുവിദ്യാഭ്യാസം, സ്‌കൂൾവിദ്യാഭ്യാസം, അധ്യാപക വിദ്യാഭ്യാസം, അനൗപചാരിക വിദ്യാഭ്യാസം എന്നിവയുടെ കരിക്കുലം ഫ്രെയിംവർക്കുകളുടെ രൂപീകരണം കോവിഡ് പ്രതിസന്ധിയ്ക്കിടയിലും അതിദ്രുതം നടന്നുവരികയാണ്. വിദ്യാഭ്യാസ മാനദണ്ഡങ്ങളടങ്ങുന്ന രേഖകളാണ് നാഷണൽ ഫ്രെയിംവർക്കുകൾ. വിശദമായ ചർച്ചകളും സംവാദങ്ങളും കൂടിയാലോചനകളും കരിക്കുലം ഫ്രെയിംവർക്കിലേയ്‌ക്കെത്തിച്ചേരുന്നതിനു മുമ്പ് നടക്കേണ്ടതുണ്ട്. കേന്ദ്രീയ വിദ്യാലയങ്ങൾ, നവോദയ വിദ്യാലയങ്ങൾ, സി.ബി. എസ്.ഇ.സ്‌കൂളുകൾ, എൻ.സി.ഇ.ആർ.ടി സിലബസ് പിന്തുടരുന്ന സംസ്ഥാനബോർഡ്‌ സ്‌കൂളുകൾ എന്നിവയുടെ പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും തയാറാക്കുന്നത് ദേശീയപാഠ്യപദ്ധതി ചട്ടക്കൂടിന്റെ അടി സ്ഥാനത്തിലാണ്.

മറ്റൊരർത്ഥത്തിൽ ഇന്ത്യയിലെ കുട്ടികൾ എന്തു പഠിക്കണമെന്നും, എങ്ങനെ പഠിക്കണമെന്നും തീരുമാനിക്കുന്നത് എൻ.സി.എഫാണ്. 1975, 1988, 2000, 2005 വർഷങ്ങളിൽ പുറത്തുവന്ന കരിക്കുലം ഫ്രെയിംവർക്കുകളുടെ അടിസ്ഥാനത്തിലാണ് അക്കാലത്തെ പാഠ്യപദ്ധതി രൂപീകരണങ്ങളെല്ലാം നടന്നിട്ടുള്ളത്. ഉള്ളടക്കം, വിനിമയം, വിലയിരുത്തൽ എന്നിവയെ സംബന്ധിക്കുന്ന ചില പുതു സങ്കല്പങ്ങൾ അവതരിപ്പിക്കാൻ 2005-ലെ അവസാന എൻ.സി.എഫ് ശ്രമിച്ചിട്ടുണ്ട്. കരിക്കുലം സംബന്ധിച്ച NCF പൊസിഷൻ പേപ്പർ പറയുന്നുണ്ട് Curriculum is, perhaps, best thought of as that set of planned activities which are designed to implement a particular educational aim - set of such aims - in terms of the content of what is to be taught and the knowledge, skills and attitudes which are to be deliberately fostered' (Winch) together with statements of criteria for selection of content, and choices in methods, materials and evaluation. (Stenhouse) സാംസ്‌കാരിക വൈവിധ്യങ്ങളുടെ സമന്വയ ഭൂമിയായ ഇന്ത്യയുടെ ബഹുസ്വരതയെ മാനിക്കുന്നതും, ജനാധിപത്യ- സംവാദാത്മക ക്ലാസ്മുറികളെ ആഘോഷിക്കുന്നതുമായ ഉള്ളടക്ക- ബോധന സമീപനമാണ് നാഷണൽ കരിക്കുലം ഫ്രെയിംവർക്കുകൾ മുന്നോട്ടുവയ്‌ക്കേണ്ടത്. എന്നാൽ പുതിയ ഫ്രെയിംവർക്കും പാഠപുസ്തകങ്ങളുമായി ബന്ധപ്പെട്ടു നടക്കുന്ന പ്രക്രിയകളും ദേശീയനയത്തിന്റെ സംവാദവിരുദ്ധരീതികളെത്തന്നെയാണ് ഓർമ്മിപ്പിക്കുന്നത്. ഫലത്തിൽ ഇവയൊക്കെയും ഇന്ത്യൻ ദാർശനികതയുടെ മൗലിക പ്രത്യേകതയായ ഡയലക്ടിക്‌സിനെയാകെ നിരാകരിക്കുന്ന ഏകമുഖ മൻ-കി-ബാത്തുകളായി മാറുന്നുണ്ട്.

ചരിത്രം ആവർത്തിക്കുന്നു, പ്രഹസനമായും, ദുരന്തമായും

2000ൽ, മുരളി മനോഹർ ജോഷി മാനവവിഭവശേഷി മന്ത്രിയായിരുന്ന ഘട്ടത്തിൽ എൻ.സി.ഇ.ആർ.ടി.യുടെ നേതൃത്വത്തിൽ തയാറാക്കിയ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടാണ് ഇന്ത്യയിലെ ശാസ്ത്ര- ചരിത്ര പാഠപുസ്തകങ്ങളിലെയും പാഠ്യപദ്ധതിയിലെയും സംഘപരിവാർ ഇടപെടലിന്റെ ആദ്യ ലിറ്റ്മസ്‌പേപ്പർ. സമഗ്ര മാറ്റമാണ് അന്ന് ലക്ഷ്യമിട്ടതെങ്കിലും അധികാരത്തിൽനിന്നുള്ള പുറത്താകൽ ഒരു മതകീയവിദ്യാഭ്യാസപദ്ധതിയുടെ രൂപീകരണത്തിനും നിർവഹണത്തിനും തടസമായി. ജോഷി വിളിച്ചു കൂട്ടിയ വിദ്യാഭ്യാസമന്ത്രിമാരുടെ സമ്മേളനത്തിൽ ആർ.എസ്.എസ് അനുബന്ധ സംഘടനയായ വിശ്വ ഭാരതി സൻസ്ഥാൻ തയാറാക്കിയ ‘ഇന്ത്യനൈസേഷൻ, നാഷണലൈസേഷൻ ആന്റ് സ്പിരിച്ച്വലൈസേഷൻ ഓഫ് കരിക്കുലം' എന്ന രേഖ അവതരിപ്പിക്കാൻ സംസ്ഥാനങ്ങളുടെ ശക്തമായ എതിർപ്പുമൂലം സാധിച്ചില്ല. എന്നിരുന്നാലും ദേശീയസ്ഥാപനങ്ങളായ ICHR, NCERT, CCRT, CSIR, UGC എന്നിവയെ എല്ലാം വർഗീയ അജണ്ടയുടെ വിനിമയത്തിന്റെ മുഖ്യ ഉപകരണങ്ങളാക്കി മാറ്റുന്നതിൽ അന്നവർ വിജയി ക്കുകയുണ്ടായി. ബി.ജെ.പി ഭരിച്ചിരുന്ന സംസ്ഥാനങ്ങൾ NCF 2000-ന്റെ ചുവടുപിടിച്ച് പാഠ്യപദ്ധതി മാറ്റിയെഴുതി. വിദ്യാഭ്യാസത്തിലെ ജനാധിപത്യപരത, മതനിരപേക്ഷത, ശാസ്ത്രീയ മനോഭാവം, ബഹുസ്വരത, സാമൂഹ്യനീതി, സമത്വം, എന്നീ ആശയങ്ങളെയെല്ലാം നിരാകരിച്ച പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളുമാണ് പിൽക്കാലത്ത് ഇന്ത്യയെ കടുത്ത വർഗീയധ്രുവീകരണത്തിലേക്കും, അതിന്റെ തുടർച്ചയായി കടന്നു വന്ന കലാപങ്ങളിലേക്കും ആൾക്കൂട്ടക്കൊലപാതകങ്ങളിലേക്കും നയിച്ചതെന്ന് സാമൂഹ്യനിരീക്ഷകർ വിലയിരുത്തുന്നു.

പൗരാണിക ഇന്ത്യയെ മഹത്വവത്ക്കരിച്ചും, മധ്യകാല-നവോത്ഥാനചരിത്രത്തെ നിരാകരിച്ചും, ചരിത്രവസ്തുതകളെയാകെ മിത്തുവൽക്കരിച്ചും സംസ്ഥാനവിദ്യാഭ്യാസബോർഡുകൾ നടത്തിയ ആസൂത്രിത നീക്കങ്ങളുടെ ലബോറട്ടറിയായി പൗരസമൂഹം മാറിയതിന്റെ നേർസാക്ഷ്യങ്ങൾ വ്യത്യസ്ത രൂപങ്ങളിൽ ഓരോ ദിവസവും ഈ രാജ്യത്തെ ജനങ്ങൾ അനുഭവിക്കുന്നുണ്ട്. ഒരു പ്രബുദ്ധ സമൂഹത്തിനൊപ്പം മുഖമില്ലാത്ത, മതാധിഷ്ഠിത ആൾക്കൂട്ടങ്ങളേയും സൃഷ്ടിക്കാൻ കരിക്കുലത്തിനുള്ളിലെ ഹിഡൺ സ്‌പേയ്‌സിനു കഴിയുമെന്ന പാഠം ചരിത്രത്തിൽനിന്നു നാം പഠിച്ചുവോയെന്ന ചോദ്യമാണ് ഇപ്പോൾ ഉയരേണ്ടത്.

മുരളി മനോഹർ ജോഷി, അടൽ ബിഹാരി വാജ്പേയി

ചരിത്രം - തിരുത്തലുകൾക്കു പിന്നിലെ ആസൂത്രിത അജണ്ട

ദേശീയവിദ്യാഭ്യാസനയത്തിന്റെ 60%വും ആർ.എസ്.എസിന്റെയും അനുബന്ധസംഘടനകളുടെയും നിർദ്ദേശങ്ങളായിരുന്നുവെന്നും കരിക്കുലവും പാഠപുസ്തകങ്ങളുമാണ് അടുത്ത അജണ്ടയെന്നും ദേശീയനയ രൂപീകരണഘട്ടത്തിൽത്തന്നെ അവർ വ്യക്തമാക്കിയിരുന്നു. ഭാരത കേന്ദ്രീകൃത സമീപനം, കരിക്കുലം, മാതൃഭാഷാവിദ്യാഭ്യാസം, സംസ്‌കൃതത്തിനുള്ള അമിതപ്രാധാന്യം, അറബി-ഉറുദു ഭാഷകളുടെ നിരാകരണം, കേന്ദ്രീകൃതപാഠപുസ്തകങ്ങൾ, ഏകീകൃത ഏജൻസികൾ, മതവിദ്യാഭ്യാസത്തിന്റെ ഔദ്യോഗികവത്ക്കരണം, പൗരാണികമേഖലകളിലൂന്നിയ ഗവേഷണം എന്നിവയിലെല്ലാം ഇത്തരം സംഘടനകളുടെ ഇടപെടൽ പ്രകടമായിരുന്നു.

1999-2004 കാലയളവിൽ വിദ്യാഭ്യാസമേഖലയിൽ നടത്തിയ മതാധിഷ്ഠിത പരീക്ഷണങ്ങളുടെ രണ്ടാംഘട്ടമെന്ന നിലയിൽ കുറേക്കൂടി ശക്തവും സമഗ്രവുമായ കടന്നുകയറ്റങ്ങൾ പ്രതീക്ഷിക്കേണ്ടതുണ്ട്. ദീനാനാഥ്ബത്രയുടെ ശിക്ഷ ബച്ചാവോ ആന്ദോളൻസമിതി (SBAS) ശിക്ഷ സാൻസ്‌കൃതി ഉത്ഥാൻ ന്യാസ് (SSUN), ആർ.എസ്.എസ് സൈദ്ധാന്തികൻ എം.ജി വൈദ്യയുടെ ഭാരതീയ ശിക്ഷൺ മണ്ഡൽ(BSM), രാജ്യസഭാംഗവും വിദ്യാഭ്യാസപാർലമെന്റ് കമ്മിറ്റി ചെയർമാനുമായ വിനയ് സഹസ്രബുദ്ദെ നേതൃത്വം നൽകുന്ന പബ്‌ളിക്‌പോളിസിറിസർച്ച്‌സെന്റർ (PPRC) എന്നിങ്ങനെയുള്ള സംഘപരിവാർ തിങ്ക് ടാങ്കുകൾ ദേശീയവിദ്യാഭ്യാസനയ ചർച്ചകളിൽ സജീവമായി ഇടപെട്ടിരുന്നു. ഓർഗനൈസറിലെ ന്യൂസ്‌കോർഡിനേറ്റർ പ്രമോദ്കുമാറുമായുള്ള ഇന്റർവ്യൂവിൽ (26 ജൂൺ, 2019) സാൻസ്‌കൃതി ഉത്ഥാൻ ന്യാസ് സെക്രട്ടറി അതുൽ കോത്താരി അത് തുറന്നുപറയുന്നുണ്ട്. 6 മുതൽ 12 വരെയുള്ള എൻ. സി.ഇ.ആർ.ടി പുസ്തകങ്ങളിലെ 73 ഓളം ഒബ്ജക്ഷനബിൾ പാസേജുകൾ മുറിച്ചു മാറ്റാനും ഡൽഹി യൂണിവേഴ്‌സിറ്റിയിലെ സിലബസിലുണ്ടായിരുന്ന എ.കെ. രാമാനുജന്റെ മൂന്നുറു രാമായണങ്ങൾ (Three Hundreds Ramayanas) ഒഴിവാക്കാനും കഴിഞ്ഞത് വലിയ വിജയമായി അവകാശപ്പെടുന്നുണ്ട്.

അനിൽ സഹസ്രബുദ്ദെയുടെ PPRC യുടെയും ദീനാനാഥ്ബത്രയുടെ ഉത്ഥാൻന്യാസിന്റെയും നിർദ്ദേശപ്രകാരമാണ് പന്ത്രണ്ടാം ക്ലാസിലെ Themes in Indian History എന്ന പുസ്തകത്തിൽ തിരുത്തലുകൾ വരുത്താൻ വിദ്യാ ഭ്യാസവകുപ്പ് തീരുമാനിച്ചത്. ഇതിനായി ജൂലൈ-15 വരെ സമയവും നൽകിയിട്ടുണ്ട്. (Removing reference to unhistorical facts and distortions about our national heroes from proportional reference to all periods of Indian history.)

പ്രൊഫ.ഹരിവാസുദേവൻ ചെയർപേഴ്‌സണും, നീലാദ്രി ഭട്ടാചാര്യയും, കുങ്കുംറോയിയും അഡൈ്വസറും സുമിത് സർക്കാർ, രാമചന്ദ്രഗുഹ, ഉമചക്രവർത്തി, നജാഫ്‌ഹൈദർ, കുനാൽചക്രവർത്തി, മുസഫർ ആലം, പാർത്ഥോദത്ത, വിജയരാമസ്വാമി എന്നിങ്ങനെ ദേശീയതലത്തിലും രാജ്യാന്തരതലത്തിലും അറിയപ്പെടുന്ന ചരിത്രകാരുടെ വിദഗ്ധസമിതി നിരവധിയായ ചർച്ചകൾക്കും അന്വേഷണങ്ങൾക്കും പഠനങ്ങൾക്കും ശേഷം തയാറാക്കിയ പാഠപുസ്തകങ്ങളാണ് ചരിത്രവിരുദ്ധതയും പ്രാതിനിധ്യവും പരിശോധിക്കുന്നതിനായി നൽകിയിരിക്കുന്നത്. മറ്റൊരു സംഘം ചരിത്രകാരുടെ നിർദ്ദേശപ്രകാരമായിരുന്നു ഈ നീക്കമെങ്കിൽ അത് ന്യായീകരിക്കത്തക്കതായിരുന്നു. ഇന്നുവരെ പൊതുസമൂഹത്തിൽനിന്നോ, രക്ഷിതാക്കളിൽ നിന്നോ, വിദ്യാർഥികളിൽനിന്നോ ചരിത്രപാഠപുസ്തകങ്ങളുമായി ബന്ധപ്പെട്ട് പരാതികളോ വിമർശനങ്ങളോ ഉയരാത്ത സാഹചര്യത്തിൽ ഈ നീക്കം നിരവധി സംശയങ്ങൾക്കിടയാക്കുന്നുണ്ട്. ഇനി ചരിത്രപരമായി ഡിസ്റ്റോർഷൻ സംഭവിച്ചിട്ടുണ്ടെങ്കിൽത്തന്നെ പുസ്തകം എഴുതിയ അതേ സമിതി തന്നെ പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്യുന്നതാണ് ജനാധിപത്യപരമായും അക്കാദമികമായും ശരി. മറ്റൊരു തരത്തിൽ ഇത് പുസ്തകം തയാറാക്കാൻ നേതൃത്വം നൽകിയ സ്വയംഭരണ സ്ഥാപനമായ എൻ. സി.ഇ.ആർ.ടി യുടെ അക്കാദമിക സ്വാതന്ത്ര്യത്തിൻമേലുള്ള കൈകടത്തൽ കൂടിയാവുന്നുണ്ട്.

ആർ.എസ്.എസും അനുബന്ധസംഘടനകളും നടത്തുന്ന സരസ്വതി ശിശുമന്ദിർ, ഏകലവ്യ വിദ്യാലയങ്ങൾ, വ്യാസവിദ്യാലയങ്ങൾ, വിദ്യാഭാരതി എന്നിവിടങ്ങളിൽ ഔദ്യോഗിക പാഠപുസ്തകങ്ങൾക്കൊപ്പം അവതരിപ്പിക്കുന്ന സംഘപരിവാറിന്റെ ചരിത്രവീക്ഷണങ്ങളും വക്രീകരണങ്ങളും, ചരിത്രമെന്ന പേരിൽ അടിച്ചേൽപ്പിക്കുന്ന മിത്തുകളും ഒരു അക്കാദമിക് ഓഡിറ്റിങ്ങിനു വിധേയമാക്കാൻ MHRDയ്ക്കു കഴിയാത്തത് ഒട്ടും യാദ്യച്ഛികമാവില്ല. കാരണം അതാണല്ലോ ഭരണകൂടം മുന്നോട്ടുവയ്ക്കുന്ന പുതിയ ചരിത്ര വിശകലന രീതിശാസ്ത്രം.

ജനാധിപത്യത്തിനുള്ളിലെ മതാധിഷ്ഠിത ക്ലാസ്​ മുറികൾ

വിദ്യാഭാരതി എന്ന അഖിലഭാരതീയശിക്ഷ സൻസ്ഥാൻ ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ളതും ബൃഹത്തായതുമായ സ്വകാര്യവിദ്യാഭ്യാസശ്യംഖലയാണ്. 1952-ൽ നാനാജി ദേശ്മുഖിന്റെ ആശിർവാദത്തോടെ ഗോരഖ്പൂരിലെ സരസ്വതി ശിശുമന്ദിറിൽ തുടങ്ങി പിന്നീട് ഇന്ത്യയെമ്പാടും ആയിരക്കണക്കിന് വിദ്യാമന്ദിറുകൾ സ്ഥാപിക്കപ്പെട്ടു. 1977-ലെ ജനതാ ഗവൺമെന്റിന്റെ കാലഘട്ടത്തിൽ വിവിധ സ്‌കൂളുകളെ ഏകോപിപ്പിച്ച് വിദ്യാഭാരതി തുടങ്ങി. ഏകദേശം 12000-ത്തിലധികം സ്‌കൂളുകളും 32 ലക്ഷത്തിലധികം വിദ്യാർത്ഥികളുമുള്ള വലിയൊരു ബദൽ വ്യവസ്ഥയായി ഇന്നത് മാറിയിട്ടുണ്ട്.

വിദ്യാഭാരതിയുടെ ജനറൽ സെക്രട്ടറിയും വിദ്യാഭ്യാസത്തിന്റെ ഭാരതവത്ക്കരണം എന്ന പുസ്തകത്തിന്റെ രചയിതാവുമായ ദീനാ നാഥ്ബത്ര വിദ്യാഭാരതിയുടെ ഉദ്ദേശ്യങ്ങൾവ്യക്തമാക്കുന്നുണ്ട്. വിദ്യാഭ്യാസത്തിന്റെ ഇന്ത്യനൈസേഷൻ, നാഷണലൈസേഷൻ, സ്പിരിച്ച്വലൈസേഷൻ എന്നിവയ്ക്കു വേണ്ടിയാണ് വിദ്യാഭാരതി നിലകൊള്ളുന്നതെന്ന് ബത്ര പറയുമ്പോൾ സംശയിക്കേണ്ടതില്ല. പ്രൈമറി ഘട്ടത്തിൽത്തന്നെ കുട്ടികളിൽ അതിതീവ്ര ദേശീയതയുടേയും, അന്യമതവിദ്വേഷത്തിന്റെയും കനലുകൾ പാകുന്നവയാണ് വിദ്യാഭാരതി സിലബസും പാഠപുസ്തകങ്ങളും പഠനപ്രക്രിയയുമെന്നും വിദ്യാഭാരതിസ്‌കൂളുകളെക്കുറിച്ച് പഠനം നടത്തിയ തനിക സർക്കാർ പറയുന്നുണ്ട്. പഠനപ്രവർത്തനങ്ങളുടെ ആസൂത്രണത്തിലും നിർവഹണത്തിലും ഹിറ്റ്‌ലറുടെ കാലത്തെ ജർമൻ വിദ്യാഭ്യാസപദ്ധതിയായ നാപോള എന്ന നാഷണൽ പൊളിറ്റിക്കൽ എസ്റ്റാബ്ലിഷ്‌മെന്റിനോട് അത്ഭുതകരമായ സാദ്യശ്യമുള്ളതാണ് വിദ്യാഭാരതി പാഠ്യപദ്ധതി. (Educating the children of the Hindu rashtra- Thanika Sarkar- Religion, Religiosity and Communalism) ഉത്തർപ്രദേശ്, മധ്യപ്രദേശ് ഉൾപ്പെടെയുള്ള നിരവധി സംസ്ഥാനങ്ങൾ വിദ്യാഭാരതിയുടെ പുസ്തകങ്ങൾക്ക് ഔദ്യോഗി കാംഗീകാരം നൽകുകയും പഠിപ്പിക്കുകയും ചെയ്യുന്നുണ്ട്.

കേരളത്തിൽ ഭാരതീയ വിദ്യാനികേതനു കീഴിലാണ് സ്‌കൂളുകൾ പ്രവർത്തിക്കുന്നത്. സൻസ്‌കാർ ഭാരതി പ്രകാശൻ, ഭാരതീയ ശിക്ഷാസമിതി എന്നീ സംഘപരിവാർ പ്രസിദ്ധീകരണശാലകളാണ് സ്‌കൂൾകരിക്കുലം തയാറാക്കുന്നത്. പുസ്തകങ്ങളിലേറെയും എഴുതിയത് ദീനാനാഥ്ബത്രയും സംഘവുമാണ്. ഇന്ത്യയിലെ പൊതുവിദ്യാഭ്യാസം അടിസ്ഥാന സൗകര്യമില്ലായ്മ, കൊഴിഞ്ഞുപോക്ക്, ഗുണനിലവാരത്തകർച്ച, അധ്യാപകരില്ലായ്മ എന്നിങ്ങനെ പലവിധ പരാധീനതകൾക്കു നടുവിലാണെങ്കിലും വിദ്യാഭാരതിസ്‌കൂളുകൾ മിക്കയിടങ്ങളിലും ഔദ്യോഗിക സംവിധാനത്തേക്കാൾ ശക്തവും സമഗ്രവും സുസംഘടിതവുമായാണ് പ്രവർത്തിക്കുന്നത്. പുതിയ ദേശീയ വിദ്യാഭ്യാസനയത്തിലൂടെ രാജ്യവ്യാപകമായി വിദ്യാഭാരതി സ്‌കൂളുകൾക്കും പാഠ്യപദ്ധതിയ്ക്കും സാധുതയും അംഗീകാരവും നൽകാനുള്ള ശ്രമമാണ് ഒരൊറ്റയിന്ത്യ, ഒരു കരിക്കുലം എന്ന നീക്കത്തിലൂടെ നടക്കുന്നത്. മതാധിഷ്ഠിത ഉള്ളടക്കവും, ഏകശിലാസമാന പ്രവർത്തനരീതികളും ഇവയെ ജനാധിപത്യത്തിനുള്ളിലെ ഫാസിസ്റ്റു ക്ലാസ്​മുറികളാക്കി മാറ്റുന്നുണ്ട്.

പശുശാസ്ത്ര ഭാരത കേന്ദ്രീകൃത വിദ്യാഭ്യാസം

ഭാരതകേന്ദ്രീകൃത വിദ്യാഭ്യാസമെന്ന നിർദ്ദേശം പുറത്തുവന്നതിനുശേഷം വിവിധ സംസ്ഥാനങ്ങ ളിലെ വിദ്യാഭ്യാസബോർഡുകളും യൂണിവേഴ്‌സിറ്റികളും ആരംഭിച്ച കോഴ്‌സുകളും തെരഞ്ഞെടുത്ത പുസ്തകങ്ങളും ഇന്ത്യൻവിദ്യാഭ്യാസം എത്തിനിൽക്കുന്ന നിലവാരരാഹിത്യത്തിന്റെ മികച്ച ഉദാഹരണങ്ങ ളാണ്. കഴിഞ്ഞ ജനുവരിയിൽ രാഷ്ട്രീയകാമധേനു ആയോഗ് നടത്താൻ തീരുമാനിച്ച ദേശീയ പശു ശാസ്ത്രപരീക്ഷ നടത്തണമെന്ന് നിർദ്ദേശിച്ചുകൊണ്ട് രാജ്യത്തെ എല്ലാ വൈസ്ചാൻസലർമാർക്കും യു. ജി.സി കത്ത് അയയ്ക്കുകയുണ്ടായി. സ്‌കൂൾ, കോളേജ് വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും ഒരു പോലെ എഴുതാവുന്ന പശുശാസ്ത്ര പരീക്ഷയുടെ സിലബസ് കാമധേനു ആയോഗ് പുറത്തുവിട്ടിരുന്നു. സിലബസിലെ ചില പോയിന്റുകൾ ഇവയാണ്.

"ഇന്ത്യൻ പശുവിന്റെ പാലിന്റെ മഞ്ഞനിറത്തിനു കാരണം അതിലെ സ്വർണത്തിന്റെ അംശമാണ്.
പരിചയമില്ലാത്തവരെ കണ്ടാൽ ഇന്ത്യൻ പശു എഴുന്നേറ്റു നിൽക്കും. ജേഴ്‌സി എഴുന്നേൽക്കില്ല.
ആണവ വികിരണത്തിൽനിന്നു പോലും രക്ഷനേടാൻ ചാണകം കവചമായി ഉപയോഗിച്ചാൽ മതി.
ഭോപ്പാൽ വാതകദുരന്തത്തിൽ ചാണകം മെഴുകിയ വീടുകളിൽ താമസിച്ചവരെ വിഷവാതകം ബാധിച്ചില്ല.
ഭൂകമ്പങ്ങൾക്ക് കാരണം പശുവിനെ കൊല്ലുന്നതാണ്'
പശുവിന്റെ മുതുകിലെ മുഴ സൂര്യപ്രകാശത്തിലെ ഊർജം വലിച്ചെടുക്കും.
പരീക്ഷ നടക്കാതെ പോയത് അപേക്ഷിച്ച ലക്ഷക്കണക്കിനാളുകളുടെ ദുര്യോഗമായി കരുതാം. സംഘപരിവാർ ബുദ്ധികേന്ദ്രങ്ങൾക്കുപോലും പശുശാസ്ത്രപരീക്ഷയുടെ സിലബസ് ഉൾക്കൊള്ളാനാവുന്നതായിരുന്നില്ല.

മധ്യപ്രദേശിലെ ഭോജ്‌ യൂണിവേഴ്‌സിറ്റി ഈ വർഷം മുതൽ രാമചരിതമാനസിനെ ആസ്പദമാക്കി ഒരു വർഷത്തെ ഡിപ്ലോമ കോഴ്‌സ് നടത്തുന്നുണ്ട്. ഫിസിക്‌സും, കെമിസ്ട്രിയും, ബയോളജിയും രാമ ചരിതമാനസും തമ്മിലുള്ള ബന്ധമാണ് പഠനവിഷയം. രാവണന്റെ പുഷ്പകവിമാനത്തിന്റെ പറക്കൽ സാങ്കേതികവിദ്യയും, രാവണൻ തീയിട്ടെങ്കിലും ഹനുമാന്റെ വാലിൽ തീപിടിക്കാത്തതെന്തുകൊണ്ടെന്ന അന്യേഷണവും ഉള്ളടക്കത്തിലുണ്ട്. ഉത്തർപ്രദേശിലെ മീററ്റ്‌യൂണിവേഴ്‌സിറ്റി എന്ന ചൗധരി ചരൺ സിംഗ് യൂണിവേഴ്‌സിറ്റിയിലെ ഫിലോസഫി ഡിഗ്രിസിലബസിൽ യോഗി ആദിത്യനാഥിന്റെ ഹഠയോഗ സ്വരൂപ് ഏവം സാധന എന്ന പുസ്തകവും രാംദേവിന്റെ യോഗചികിത്സാരഹസ്യ എന്ന പുസ്തകവും ഉൾപ്പെടുത്തിയത് അടുത്തിടെയാണ്. സംസ്ഥാനഗവൺമെന്റിന്റെ നിർദ്ദേശപ്രകാരമാണ് പുസ്തകങ്ങൾ സിലബസിൽ ഉൾപ്പെടുത്തിയതെന്നാണ് യൂണിവേഴ്‌സിറ്റി വ്യക്തമാക്കുന്നത്. ഐ.ഐ.ടികളിലും ഐ.ഐ.എ മ്മുകളിലെയും, കേന്ദ്രസർവകലാശാലകളിലുമെല്ലാം ഭാരതകേന്ദ്രീകൃതസിലബസിൽ ഗവേഷണം നടന്നു വരികയാണ്.

ജ്യോതിർമയശർമ്മയുടേയും, കാഞ്ച ഐലയ്യയുടേയും, അരുന്ധതിറോയിയുടെയും, റൊമീലാഥാപ്പറിന്റെയും, എ.കെ.രാമാനുജന്റേയും ചിന്തകൾക്ക് ഇടമില്ലാത്ത കാമ്പസുകളിലാണ് പശുശാസ്ത്രവും, തീ പിടിക്കാത്ത വാലും, പുഷ്പക വിമാനവും വിദ്യാർഥികളെ കാത്തിരിക്കുന്നത്. ഇരുപത്തൊന്നാം നൂറ്റാണ്ടിൽ, നമ്മുടെ വിദ്യാഭ്യാസവ്യവസ്ഥ എത്തിനിൽക്കുന്ന ദൈന്യം നിറഞ്ഞ സമകാലികാവസ്ഥയെ നോക്കി ഉറക്കെ ചിരിക്കുകയാണോ നിശ്ശബ്ദമായി നിലവിളിക്കുകയാണോ ചെയ്യേണ്ടത്. അജീവകൻമാരും, ചർവാ കനും, കപിലനും, കണാദനും, ഗൗതമനും, ബുദ്ധ - ജൈനമതദർശനങ്ങളും, ഭക്തിപ്രസ്ഥാനവും, ബസവ മതം ഉൾപ്പെടെയുള്ള വിവിധ ശൈവാരാധനാരീതികളും മുന്നോട്ടുവച്ച കർമോൻമുഖതയേയും ശുഭാപ്തി വിശ്വാസത്തെയും, യുക്തിപരതയേയും ആഘോഷിക്കുന്ന ഒന്നായി ഇന്ത്യൻപ്രാചീനതത്വചിന്തയെയും ദർശനങ്ങളെയും മാറ്റിത്തിർക്കുന്നതിലല്ല ഇവരുടെ താല്പര്യം. മറിച്ച് അമർചിത്രകഥകളിലെ അത്ഭുത പ്രകടനങ്ങളെയും വന്യമായ ഫാന്റസികളെയും ചരിത്രമായി വായിക്കുന്നതിലും അവതരിപ്പിക്കുന്നതിലുമാണ്. ഇതാണ് ഭാരതകേന്ദ്രീകൃതവിദ്യാഭ്യാസമെങ്കിൽ പാമ്പാട്ടികളുടെയും നഗ്‌നസന്യാസിമാരുടേയും നാടെന്ന നാണക്കേടിന്റെ പുതുരൂപങ്ങൾ ഭൂതകാലത്തിൽനിന്ന് നമ്മെ പിന്തുടർന്നെത്തും. അതിലുപരി ഇത്തരം കൾട്ടുകൾ ഫാസിസത്തിലേക്കുള്ള അക്കാദമിക പരിസരമൊരുക്കലായിത്തീരുകയും ചെയ്യും.

വികലവും വിചിത്രവുമായ ചരിത്രവായനകൾ

വിനയ് സഹസ്രബുദ്ദെ എം.പി നേതൃത്വം നൽകിയിരുന്ന പബ്ലിക്‌പോളിസി റിസർച്ച് സെന്റർ NCERT, ഗുജറാത്ത് സ്റ്റേറ്റ്‌ബോർഡ്, കേരളാ സ്റ്റേറ്റ്‌ബോർഡ് എന്നിവയുടെ 6 മുതൽ 10 വരെയുള്ള പാഠ പുസ്തകങ്ങൾ താരതമ്യം ചെയ്തുകൊണ്ട് പാർലമെന്ററി കമ്മിറ്റിയ്ക്കുമുമ്പാകെ റിപ്പോർട്ട് സമർപ്പിക്കുക യുണ്ടായി. പ്രസ്തുത റിപ്പോർട്ടിലെ കണ്ടെത്തലുകൾ എൻ.സി.എഫ് രൂപീകരണത്തിനും പാഠപുസ്തക നിർമ്മിതിയ്ക്കും ഉപയോഗപ്പെടുത്തുമെന്നാണ് സമിതി ചെയർമാൻ കൂടിയായ സഹസ്രബുദ്ദെ വ്യക്തമാക്കിയത്. മാർക്‌സിസ്റ്റ് ചരിത്രരചനാരീതിയും അത് പിന്തുടരുന്ന ചരിത്രകാരുമാണ് എൻ.സി.ഇ.ആർ.ടി, കേരളാസ്റ്റേറ്റ്‌ബോർഡ് പുസ്തകങ്ങൾക്കു പിന്നിലെന്ന കമ്മിറ്റിയുടെ കണ്ടെത്തൽ NCF 2000 എന്ന ജെ. എസ് രജ്പുത്തിന്റെ വർഗീയ ഡോക്യുമെന്റിന്റെ ആവർത്തനമെന്ന നിലയിൽ വിലയിരുത്തേണ്ടതുണ്ട്.

ജ്യോതിർമയശർമ്മ, കാഞ്ച ഐലയ്യ, അരുന്ധതിറോയ്, റൊമീലാഥാപ്പർ, എ.കെ.രാമാനുജൻ

പാർലമെന്റിന്റെ വിദ്യാഭ്യാസ സ്ഥിരം സമിതിയുടെ മുന്നിൽവന്ന പബ്ലിക്‌പോളിസി റിസർച്ച് സെന്ററിന്റെ റിപ്പോർട്ടിൽ എൻ.സി.ഇ.ആർ.ടി.യുടെയും കേരളസ്‌കൂൾബോർഡിനെയും ചരിത്രപുസ്തകങ്ങൾ ഉടൻ മാറ്റിയെഴുതണമെന്നും ഗുജറാത്ത് സ്റ്റേറ്റ് ബോർഡ് മാതൃക സ്വീകരിക്കണമെന്നും നിർദ്ദേശിക്കുന്നു. ശ്യാമപ്രസാദ് മുഖർജി സ്മൃതി ന്യാസ് ട്രസ്റ്റിന് കീഴിലുള്ള പി.പി.ആർ.സിക്കുവേണ്ടി റിസർച്ച് അനലിസ്റ്റ് ആയ ചാന്ദ്നി സെൻഗുപ്തയുടെ സംഘമാണ് പഠനം നടത്തിയത്. (വിലയിരുത്താനുപയോഗിച്ച മാനദണ്ഡങ്ങളും വിലയിരുത്തൽ സംഘത്തിന്റെ യോഗ്യതയും റിപ്പോർട്ടിൽ വ്യക്തമാക്കുന്നില്ല)

ഇവിടെ സ്വാഭാവികമായും ചില ചോദ്യങ്ങൾ ഉയരുന്നുണ്ട്.
വിദ്യാഭ്യാസമേഖലയിൽ മികച്ച സംഭാവനകളൊന്നുമില്ലാത്ത ഒരു ആർ.എസ്.എസ് ബേയ്‌സ്ഡ് എൻ.ജി.ഒ യുടെ റിപ്പോർട്ട് പാർലമെന്ററി സമിതി ചർച്ച ചെയ്യുന്നതിന്റെ സാംഗത്യമെന്താണ്?
മികച്ച അക്കാദമിക്കുകളോ, ചരിത്രകാരോ ഇല്ലാത്ത ഒരു കമ്മിറ്റി എങ്ങനെയാണ് ഇന്ത്യയിലെ പ്രഗത്ഭരായ ചരിത്രകാരുടെ സംഘം തയാറാക്കിയ പുസ്തകം വിലയിരുത്തുന്നത്?
ഒരു സ്വകാര്യ എൻ.ജി.ഒ. തയ്യാറാക്കിയ റിപ്പോർട്ട് എൻ.സി.എഫിന്റെയും, പാഠപുസ്തകങ്ങളുടേയും നിർമ്മാണത്തിന് ഉപയോഗപ്പെടുത്തുമെന്ന് പറയുന്നത് അക്കാദമികമായി ശരിയായ തീരുമാനമാണോ?
താരതമ്യത്തിനായി എൻ.സി.ഇ.ആർ.ടി.യേയും കേരള സ്റ്റേറ്റ് ബോർഡിനേയും തെരഞ്ഞെടുത്തത് ഏത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ്?
ഗുജറാത്ത് മാതൃക പിൻപറ്റണമെന്നു പറയുന്നവർ സാമൂഹ്യസൂചകങ്ങളിലേയും, വിദ്യാഭ്യാസത്തിലേയും ഗുജറാത്ത് മാതൃക എന്താണെന്ന് വ്യക്തമാക്കേണ്ടതല്ലേ?
സമീപകാലത്ത് പുറത്തുവന്ന ഔദ്യോഗിക രേഖകളായ നീതി ആയോഗ് റിപ്പോർട്ടും, യുഡെയ്‌സ് ഡേറ്റാ റിപ്പോർട്ടും ഗുജറാത്ത് മാതൃകയുടെ പൊള്ളത്തരങ്ങൾ തുറന്നുകാട്ടുന്നുണ്ട്.
ഈ റിപ്പോർട്ടുകളിലെല്ലാം കേരളത്തിന്റെ ഏറെ പിന്നിലാണ് ഗുജറാത്തിന്റെ സ്ഥാനം. വിദ്യാഭ്യാസ ത്തിനെന്നല്ല, മറ്റെല്ലാ സാമൂഹികസൂചകങ്ങളിലും കേരളത്തിന് പിന്നിൽനിൽക്കുന്ന ഗുജറാത്തിനെ വെള്ള പൂശാൻവേണ്ടി ആസൂത്രിതമായി തയ്യാറാക്കിയതാണ് പി.പി.ആർ.സി.യുടെ താരതമ്യപഠന റിപ്പോർട്ട്.

രാഷ്ട്രീയകാമധേനു ആയോഗ് നടത്താൻ തീരുമാനിച്ച ദേശീയ പശു ശാസ്ത്രപരീക്ഷ നടത്തണമെന്ന് നിർദ്ദേശിച്ചുകൊണ്ട് രാജ്യത്തെ എല്ലാ വൈസ്ചാൻസലർമാർക്കും യു. ജി.സി അയച്ച കത്ത്.

മാർക്‌സിസ്റ്റ് ചരിത്രരചനാരീതി അപകടകരമോ?

വർഗീയചരിത്ര രചനയ്ക്ക് ഇന്ത്യയിൽ വിത്തുപാകിയത് ബ്രിട്ടീഷ്ചരിത്രകാരൻമാരാണ്. മതത്തിന്റെ കണ്ണിലൂടെ ചരിത്രപ്രതിഭാസങ്ങളെ നോക്കിക്കാണുകയെന്നത് അക്കാലത്തെ ഭരണകൂടതാല്പര്യത്തിന്റെ കൂടി ഭാഗമായിരുന്നു. സ്വാതന്ത്ര്യപ്രാപ്തിയ്ക്കുശേഷവും ബ്രിട്ടീഷ്ചരിത്രരചനയുടെ ഹാങ്ങ്ഓവർ ഇവിടെ നിലനിന്നിരുന്നു. സാമൂഹിക-ചുറ്റുപാടുകളിൽനിന്നും ഒറ്റപ്പെട്ട രാജവംശാവലികളും ബ്രിട്ടീഷ് ഭരണാധികാരികളുടെ ഭരണക്രമവും, സംഭാവനകളും ആലങ്കാരികമായി പറഞ്ഞുപോവുകയായിരുന്നു നമ്മുടെ ചരിത്ര പുസ്തകങ്ങൾ ചെയ്തിരുന്നത്. ഗൗരവതരമായ ചരിത്രഗവേഷണവും യുക്തിധിഷ്ഠിതസമീപനവും ചരിത്ര പാഠപുസ്തകങ്ങളിലേക്കു കടന്നുവരുന്നത് ICHR, NCERT എന്നീ സ്ഥാപനങ്ങളുടെ രൂപീകരണത്തോടെയാണ്. പാഠപുസ്തകങ്ങളിൽ അവതരിപ്പിക്കുന്ന ചരിത്രം സൂക്ഷ്മവും, ഉറവിടങ്ങൾക്ക് ഊന്നൽ നൽകുന്നതും, വസ്തുതാപരവും, ഇന്ത്യയുടെ സാംസ്‌കാരിക സമന്വയജീവിതത്തെയും, ഇന്ത്യ എന്ന ആശയത്തെയും പക്ഷപാതരഹിതമായി അവതരിപ്പിക്കുന്നതാകണമെന്നും നിഷ്‌കർഷയുണ്ടായി. അങ്ങനെയാണ് റൊമീലാഥാപ്പർ, ബിപിൻചന്ദ്ര, ആർ.എസ്.ശർമ്മ, സതീഷ്ചന്ദ്ര, അർജുൻദേവ് എന്നിങ്ങനെയുള്ള പ്രാമാണികരായ ചരിത്രകാർ സ്‌കൂൾപാഠപുസ്തകരചനയിലേക്കു കടന്നുവരുന്നത്. ഇവർ വ്യത്യസ്ത ചരിത്രരചനാരീതികളും വഴികളും പിന്തുടരുന്നവരായിരുന്നു. എന്നാൽ ഇവരെയെല്ലാം ഇടതുപക്ഷക്കാരായാണ് സംഘപരിവാർകേന്ദ്രങ്ങൾ വിശേഷിപ്പിക്കുന്നത്.

അടുത്ത കാലത്ത് എഴുത്തുകളിലും അക്കാദമിക പ്രഭാഷണങ്ങളിലും വളരെയധികം വികലമായി വിശദീകരിക്കപ്പെടുന്ന ഒരു വിഷയമാണ് മാർക്‌സിസ്റ്റ്ചരിത്രരചനയുടെ പ്രയോക്താക്കളുമായി ബന്ധപ്പെട്ടുള്ളത്. മനുഷ്യസമൂഹത്തിന്റെ വളർച്ചയെ സാമ്പത്തിക-സാമൂഹിക പ്രതിഭാസങ്ങളുടെയും വികാസത്തിന്റെയും പശ്ചാത്തലത്തിൽ പരിശോധിക്കുന്ന ഒരു രീതിശാസ്ത്രമാണ് മാർക്‌സിസ്റ്റ് സമീപനം. സമൂഹത്തിലെ മാറ്റങ്ങളെ വർഗപര-സാമ്പത്തിക കാര്യകാരണബന്ധങ്ങളിലൂടെ വിശദീകരിക്കാനാണ് മാർക്‌സിസ്റ്റ് ചരിത്രകാരന്മാർ ശ്രമിക്കുന്നത്. ഇന്ത്യയിലെ ഒട്ടുമിക്ക മാർക്‌സിസ്റ്റ്ചരിത്രകാരൻമാരും മാർക്‌സിസം എന്ന ആശയത്തെ യഥാർത്ഥചിന്തയ്ക്ക് പകരമായി വയ്ക്കുകയോ അതിന്റെ പ്രചാരകരാവുകയോ ചെയ്തിട്ടില്ല. മാർക്‌സിസത്തെ വിശകലനത്തിനുള്ള ഒരു ഉപകരണം (Tool for Analysis) മാത്രമായാണ് അവർ ഉപയോഗിച്ചത്. 'ഉത്പാദനോപാധികളുടെയും ബന്ധങ്ങളുടെയും ക്രമപ്രവൃത്തമായ മാറ്റങ്ങളുടെ പഠനമായി ചരിത്രത്തെ നോക്കിക്കണ്ട D.D. കോസാംബിയെയാണ് ഇന്ത്യയിൽ മാർക്‌സിസ്റ്റ്ചരിത്രരചനയുടെ തുടക്കക്കാരനായി പരിഗണിക്കുന്നത്. അദ്ദേഹം പാർട്ടി അംഗമോ പ്രവർത്തകനോ ആയിരുന്നില്ല. പ്രസിദ്ധ ചരിത്രപണ്ഡിതയായ റോമിലാഥാപ്പറോട് താങ്കളെ എങ്ങനെ അറിയപ്പെടാനാണ് ആഗ്രഹം എന്നു ചോദിച്ചപ്പോൾ ഒരു ശാസ്ത്രീയ ചരിത്രകാരിയെന്നായിരുന്നു മറുപടി. മാർക്‌സിസം ശരിയാണോ എന്ന ചോദ്യത്തിനു മറുപടിയായി, എനിക്ക് അതിൽ വലിയ താൽപര്യമുണ്ടായിരുന്നില്ല എന്നാണ് അവർ പറ ഞ്ഞത് (Talking History എന്ന പുസ്തകത്തിൽ നീലാദ്രിഭട്ടാചാര്യയുമായുള്ള അഭിമുഖം, 2020). സ്വയം ഒരു മാർക്‌സിസ്റ്റായി ഒരിക്കൽപ്പോലും പറഞ്ഞിട്ടില്ലാത്ത ഥാപ്പറെ മാർക്‌സിസ്റ്റ് പാർട്ടിക്കാരിയായി പരിഗണിക്കുന്ന ചില പ്രസ്ഥാനങ്ങളുടെ അക്കാദമിക നിർജ്ജീവാവസ്ഥ പരിഹാസ്യമാണ്. ചരിത്രരചനയിലുട നീളം മാർക്‌സിസ്റ്റ് സമീപനം സ്വീകരിച്ച ഥാപ്പർ ഇന്ത്യൻ ചരിത്രരചനയിലെ ശാസ്ത്രീയ കാഴ്ചപ്പാടിനെ യാണ് പ്രതിനിധീകരിക്കുന്നത്. വേദങ്ങൾ, പുരാണങ്ങൾ, ഇതിഹാസങ്ങൾ തുടങ്ങിയ പ്രാചീന ചരിത്ര രചന ഉപദാനങ്ങളെ മാർക്‌സിസ്റ്റ് രീതിശാസ്ത്രത്തിലൂടെ കടത്തിവിട്ട് വസ്തുനിഷ്ഠമായ ഒരു വിശദീകരണം അവർ നൽകിയിട്ടുണ്ട്. R.S. ശർമ്മയും D.N.Jha യുമെല്ലാം ഈ രീതിശാസ്ത്രം ഉപയോഗിച്ച് ചരിത്രത്തെ വിശകലനം ചെയ്തവരാണ്. Western Marxism എന്ന പദം തന്നെ പാർട്ടി സംവിധാനങ്ങളെയല്ല. സമൂഹത്തിലെ അടിസ്ഥാനപ്രശ്‌നങ്ങളെ വിശകലനം ചെയ്യാൻ മാർക്‌സിസ്റ്റ് അക്കാദമിസ്റ്റുകൾ ഉപയോഗിച്ച രീതിയെയാണ് അർത്ഥമാക്കുന്നത്. ഇന്ത്യൻ ചരിത്രകാരന്മാർ മാത്രമല്ല, അൽത്തൂസർ, വാൾട്ടർ ബഞ്ചമിൻ, ഗേഡീബോർഡ്, ഹേബർമാസ്, ജീൻപോൾ സാർത്ര എന്നിവരൊന്നും പാർട്ടി പ്രവർത്തകരായിരുന്നില്ല. ഇന്ത്യൻ ഇടതുപക്ഷത്തോട് കൂറു തെളിയിക്കേണ്ട ഇടമായി മാറിയ ഇന്ത്യയിലെ ഏറ്റവും മികച്ചതായിരുന്ന കൽക്കട്ട സർവകലാശാലയിലെ ചരിത്രവകുപ്പിൽനിന്ന് ഗൗതംഭദ്ര, ലക്ഷ്മിസുബ്രമണ്യം, ശേഖർബന്ദോപാധ്യായ, രുദ്രാങ്ഷുമുഖർജി എന്നിവർ ഇടതുപക്ഷ ചരിത്രകാരൻമാരായിരുന്നിട്ടും പുറന്തള്ളപ്പെട്ടത് അവർക്ക് പാണ്ഡിത്യമായിരുന്നു പാർട്ടിക്കൂറിനേക്കാൾ വലുത് എന്നതുകൊണ്ടായിരുന്നു. മാർക്‌സിസ്റ്റ് ചരിത്രരചനയിലൂടെ ചരിത്രത്തെ വിശകലനം ചെയ്യുകവഴി അത് മനുഷ്യന്റെ അസ്തിത്വം നിർണയിക്കുകയും വിധി കൽപ്പിതവാദങ്ങളെ നിരാകരിക്കുകയും ചെയ്തു. ചുരുക്കത്തിൽ, അക്കാദമിക ജൈവികതയും വിശാലരാഷ്ട്രീയവീക്ഷണവും ബൗദ്ധികസത്യസന്ധതയുമുള്ള ഒരു സാമൂഹ്യനിർമ്മിതിക്ക് മാർക്‌സിസ്റ്റ് പാർട്ടിയല്ല മറിച്ച് മാർക്‌സിസ്റ്റ് ചരിത്രസമീപനം സഹായിച്ചു എന്ന് നിസ്സംശയം പറയാം. കപടബുദ്ധിജീവികളുടെ അക്കാദമിക മലക്കംമറിച്ചിലി (Academic Somer sault)ലൂടെ അവർക്ക് ലഭ്യമാകുന്ന സ്ഥാനമാനങ്ങൾ വ്യവസ്ഥിതിയുടെ ഭാഗമാകുന്ന ഇക്കാലത്ത് മാർക്‌സിസ്റ്റും മാർക്‌സിസ്റ്റ് ചരിത്ര കാരൻമാരും ഒന്നാണെന്ന വാദം ഉന്നയിക്കുന്ന വിഭാഗത്തിന്റെ ചരിത്രധാരണയിൽ സഹതപിക്കുകയെ നിർവ്വാഹമുള്ളു.

ഒന്നാം ലോകയുദ്ധാനന്തര കാലത്ത്, ഇറ്റലിയിൽ മുസോളിനിയുടെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ജിയോവനി ജന്റൈലും ക്രോഷെയും ചേർന്നു നടപ്പിലാക്കിയ ജെന്റെൽ-ക്രോഷെ വിദ്യാഭ്യാസപദ്ധതിയും ജർമ്മനിയിൽ ഹിറ്റ്‌ലറിന്റെ വിദ്യാഭ്യാസ നയരൂപകർത്താക്കൾ സൃഷ്ടിച്ച നാപോളയുമാണ് ലോകമെങ്ങും ഫാസിസ്റ്റ്-സമഗ്രാധിപത്യ പ്രത്യയശാസ്ത്രങ്ങളുടെ അക്കാദമികരീതിശാസ്ത്രത്തിന്റെ ഇരുപതാം നൂറ്റാണ്ടിലെ ക്ലാസിക് ഉദാഹരണങ്ങൾ. ഭരണകൂടത്തിന്റെ ഉത്കൃഷ്ടതയെ ദ്യോതിപ്പിക്കുന്ന ബിംബങ്ങളും, അക്രാമകദേശീയതയുടെ ഉപരിപ്ലവപ്രതീകങ്ങളും, അറിവിന്റെ പൗരാണികവത്ക്കരണവും, യുക്തിരഹിത വിദ്യാഭ്യാസപദ്ധതികളും, അന്യരോടുള്ള അസഹിഷ്ണുതയുമാണ് ഇവയുടെ പൊതുവായ അടയാളമുദ്രകൾ രാജ്യത്തിന്റെ പൊതുചരിത്രവുമായോ, ദാർശനികപാരമ്പര്യവുമായോ, വിദ്യാഭ്യാസവുമായോ ബന്ധമില്ലാത്തതും സാഹചര്യങ്ങൾക്കൊത്ത് നിറംമാറുന്നതുമായ പ്രച്ഛന്നവേഷങ്ങളാണ് അതിന്റെ അനുഭവതലം. ഇപ്പോൾ ഇന്ത്യയിൽ നടന്നുവരുന്ന കരിക്കുലം - പാഠപുസ്തക കേന്ദ്രീകൃതചർച്ചകളിൽ ഇതേ സൂചകങ്ങൾ കടന്നുവരുന്നത് ഒട്ടും യാദൃശ്ചികമല്ല. മതകേന്ദ്രീകൃതവും, സംവാദേതരവും, ജനാധിപത്യവിരുദ്ധവും, അസഹിഷ്ണുതാപരവുമായ ഒരു പാഠ്യപദ്ധതി ഇന്ത്യയാകമാനം വിതയ്ക്കുകയാണ്; ഭാവിയിൽ കൊയ്‌തെടുക്കാൻ വേണ്ടി.കെ.വി. മനോജ്

എസ്.സി.ഇ.ആർ.ടി മുൻ റിസർച്ച് ഓഫീസർ.ദേശീയ വിദ്യാഭ്യാസനയം -ചരിത്രം, ദർശനം, രാഷ്ട്രീയം, ഓൺലൈൻ വിദ്യാഭ്യാസം - പ്രയോഗം, പ്രതിവായന എന്നീ പുസ്തകങ്ങളുടെ എഡിറ്റർ.

Comments