സംവരണം അട്ടിമറിക്കുന്ന യു.പിയിലെ കോടതിവിധി, മറ്റ് സംസ്ഥാനങ്ങൾക്കും ബാധകമാവുമോ?

ഉത്തർപ്രദേശിലെ പട്ടികജാതി വിഭാഗങ്ങളുടെ വിദ്യാഭ്യാസ പുരോഗതിയും പ്രതിനിധാനവും ലക്ഷ്യമിട്ട് Special Component Plan (SCP) പ്രകാരമുള്ള കേന്ദ്രസഹായം ഉപയോഗിച്ചാണ് അംബേദ്കർ നഗർ, കനൗജ്, ജാലൗൺ, സഹാരൻപൂർ എന്നീ നാല് സർക്കാർ മെഡിക്കൽ കോളേജുകൾ സ്ഥാപിച്ചത്. ഇവിടങ്ങളിലെ സംവരണം എടുത്ത് കളഞ്ഞ അലഹാബാദ് ഹൈക്കോടതി വിധിയെ ചോദ്യം ചെയ്യുകയാണ് സകരിയ എം.കെ. പാലത്തുങ്കര.

വർണ്ണ ബ്രാഹ്മണിക്കൽ അധികാരബോധത്തിന്റെ പ്രതിഫലനമാണ് ഉത്തർപ്രദേശിലെ നാല് സർക്കാർ മെഡിക്കൽ കോളേജുകളിൽ SC/ST വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് നൽകിയിരുന്ന പ്രത്യേക 70% സംവരണം റദ്ദാക്കിയ അലഹബാദ് ഹൈക്കോടതി വിധിയിലൂടെ പ്രകടമായത്. ഉത്തർപ്രദേശിലെ പട്ടികജാതി വിഭാഗങ്ങളുടെ വിദ്യാഭ്യാസ പുരോഗതിയും പ്രതിനിധാനവും ലക്ഷ്യമിട്ട് Special Component Plan (SCP) പ്രകാരമുള്ള കേന്ദ്രസഹായം ഉപയോഗിച്ചാണ് അംബേദ്കർ നഗർ, കനൗജ്, ജാലൗൺ, സഹാരൻപൂർ എന്നീ നാല് സർക്കാർ മെഡിക്കൽ കോളേജുകൾ സ്ഥാപിച്ചത്. ഈ കോളേജുകൾ സ്ഥാപിക്കുന്നതിനായുള്ള സർക്കാർ ഉത്തരവുകളിൽ SC/ST വിഭാഗങ്ങൾക്ക് 70%, OBC വിഭാഗത്തിന് 15%, ജനറൽ വിഭാഗത്തിന് 15% എന്നിങ്ങനെ സീറ്റുകൾ നീക്കിവെക്കാനുള്ള വ്യവസ്ഥയും ഉൾപ്പെടുത്തിയിരുന്നു. 2025-ലെ അലഹബാദ് ഹൈക്കോടതിയുടെ 70% സംവരണം റദ്ദ് ചെയ്തു കൊണ്ടുള്ള ഉത്തരവിനെ ഉത്തർപ്രദേശ് സർക്കാർ ആദ്യ ഘട്ടത്തിൽ എതിർത്തിരുന്നെങ്കിലും പിന്നീട് അതിനെ ശരിവെക്കുകയായിരുന്നു.

2025-ലെ NEET പ്രവേശനവുമായി ബന്ധപ്പെട്ട് സബ്ര അഹ്മദ് എന്ന വിദ്യാർത്ഥി ഈ സംവരണ നയത്തെ ചോദ്യം ചെയ്ത് അലഹബാദ് ഹൈക്കോടതിയെ സമീപിച്ചതോടെയാണ് സംവരണം റദ്ദ് ചെയ്യുക എന്ന നിലപാട് കോടതി സ്വീകരിച്ചത്. SC, ST, OBC വിഭാഗങ്ങൾക്ക് അനുവദിച്ചിരിക്കുന്ന സംവരണം നിയമപരമായ പരിധിയെ മറികടക്കുന്നതാണെന്നും, പ്രത്യേകിച്ച് ഉത്തർപ്രദേശിലെ സംവരണ നിയമങ്ങളുമായി ഇത് പൊരുത്തപ്പെടുന്നില്ലെന്നും ഹരജിയിൽ വാദിച്ചു. ഇതിനെ തുടർന്നാണ് അലഹബാദ് ഹൈക്കോടതി ഈ കോളേജുകളിലെ എസ്.സി, എസ്ടി വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് ഏർപ്പെടുത്തിയിരുന്ന 70% എന്ന സംവരണ ആനുകൂല്യത്തെ റദ്ദ് ചെയ്യാൻ ഉത്തരവിറക്കിയത്. ഈ കോളേജുകളിലെ പ്രത്യേക സംവരണ നയം ഒഴിവാക്കി മറ്റു സർക്കാർ മെഡിക്കൽ കോളേജുകളിൽ നിലവിലുള്ള സംവരണ സംവിധാനത്തിന് കീഴിൽ ക്രമീകരിക്കാനുള്ള ഹൈക്കോടതിയുടെ തീരുമാനം ഗോത്ര വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ഭാവിയെ ചോദ്യം ചെയ്യുന്നതാണ്.

ഭരണഘടനയിലെ ആർട്ടിക്കിൾ 46 പ്രകാരം സമൂഹത്തിലെ അടിസ്ഥാന ജനവിഭാഗങ്ങളായ SC/ST വിഭാഗങ്ങളുടെ വിദ്യാഭ്യാസ സാമ്പത്തിക താല്പര്യങ്ങൾ സംസ്ഥാനങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഊന്നിപ്പറയുന്നുണ്ട്. ഈ ഭരണഘടനാ നിർദേശത്തിന്റെ ഭാഗമായി രൂപപ്പെട്ടതാണ് SCP പോലുള്ള പ്രത്യേക പ്രൊജക്ടുകൾ. എന്നാൽ SCP ഫണ്ടിൽ നിർമിച്ച, ഗോത്ര വിദ്യാർത്ഥികൾക്ക് അവകാശപ്പെട്ട സംവരണ ആനുകൂല്യത്തെ അട്ടിമറിക്കാനുള്ള ശ്രമമാണ് ഉത്തർപ്രദേശിൽ നടന്നു കൊണ്ടിരിക്കുന്നത്. കോടതി ഉത്തരവ് പ്രകാരം ഉത്തർപ്രദേശ് സർക്കാർ സാധാരണ സംവരണ നയത്തിലൂടെ സീറ്റ് വിഭജനം നടത്തിയാൽ SC/ST വിദ്യാർത്ഥികൾക്ക് ലഭിച്ചിരുന്ന 70% സീറ്റുകളിൽ നിന്ന് 23% ആയി (SC 21% + ST 2%) കുറയാൻ സാധ്യതയുണ്ട്. ഇത് SC/ST വിഭാഗത്തിലെ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ഭാവിയെ സാരമായി ബാധിക്കും. കൂടാതെ, 70% എന്ന സംവരണ ക്വോട്ടയിൽ അഡ്മിഷൻ നേടിയ വിദ്യാർത്ഥികളെ മറ്റു സർക്കാർ മെഡിക്കൽ കോളേജുകളിലെ ഒഴിവുള്ള SC സീറ്റിലേക്ക് മാറ്റാനും കോടതി അനുമതി നൽകിയിരിക്കുന്നു. കർണാടക, ആന്ധ്ര പ്രദേശ്, തെലങ്കാന, തുടങ്ങിയ സംസ്ഥാനങ്ങളിലെ ചില പ്രത്യേക സ്ഥാപനങ്ങളിലും ഉയർന്ന SC/ST സംവരണം നിലനിൽക്കുന്നുണ്ട്. അതിനാൽ UP-യിലെ ഈ കേസിലെ നിയമവ്യാഖ്യാനം മറ്റ് സംസ്ഥാനങ്ങളിലെ സമാന സ്ഥാപനങ്ങളെയും ബാധിക്കാനുള്ള സാധ്യതയും കുട്ടികളിൽ ആശങ്കയുണ്ടാക്കുന്നു. ഈ നയത്തിനെതിരെ യുപിയിൽ എസ്‌എഫ്‌ഐ, ഇന്ത്യൻ മെഡിക്കൽ പ്രൊഫഷണൽ അസോസിയേഷൻ, അംബേദ്കർ ഭാരത് സ്റ്റുഡന്റ്സ് സൊസൈറ്റി എന്നീ സംഘടനകളുടെ നേതൃത്വത്തിൽ SCP ബച്ചാവോ ആന്തോളൻ എന്ന പേരിൽ ശക്തമായ വിദ്യാർത്ഥി പ്രതിഷേധം നടന്നുകൊണ്ടിരിക്കുകയാണ്.

സഹാരൻപൂർ  മെഡിക്കൽ കോളേജ്.  ഉത്തർപ്രദേശിലെ പട്ടികജാതി വിഭാഗങ്ങളുടെ വിദ്യാഭ്യാസ പുരോഗതിയും പ്രതിനിധാനവും ലക്ഷ്യമിട്ട് Special Component Plan (SCP) പ്രകാരമുള്ള കേന്ദ്രസഹായം ഉപയോഗിച്ചാണ് അംബേദ്കർ നഗർ, കനൗജ്, ജാലൗൺ, സഹാരൻപൂർ എന്നീ നാല് സർക്കാർ മെഡിക്കൽ കോളേജുകൾ സ്ഥാപിച്ചത്.
സഹാരൻപൂർ മെഡിക്കൽ കോളേജ്. ഉത്തർപ്രദേശിലെ പട്ടികജാതി വിഭാഗങ്ങളുടെ വിദ്യാഭ്യാസ പുരോഗതിയും പ്രതിനിധാനവും ലക്ഷ്യമിട്ട് Special Component Plan (SCP) പ്രകാരമുള്ള കേന്ദ്രസഹായം ഉപയോഗിച്ചാണ് അംബേദ്കർ നഗർ, കനൗജ്, ജാലൗൺ, സഹാരൻപൂർ എന്നീ നാല് സർക്കാർ മെഡിക്കൽ കോളേജുകൾ സ്ഥാപിച്ചത്.

യു.പിയിലെ റിസർവേഷൻ വിഷയത്തിന് സമാനമായൊരു വിവാദം കേരളത്തിലും ഉയർന്നുവന്നിരുന്നു. കേരള സർക്കാർ Scheduled Castes Development Department-ന്റെ കീഴിൽ പാലക്കാട് Institute of Integrated Medical Sciences (IIMS) സ്ഥാപിക്കാൻ 2012-ൽ തീരുമാനിക്കുകയും 2014–15 അധ്യയന വർഷത്തിൽ പ്രവർത്തനമാരംഭിക്കുകയും ചെയ്തു. SC/ST വിഭാഗങ്ങൾക്ക് മെഡിക്കൽ വിദ്യാഭ്യാസത്തിൽ കൂടുതൽ അവസരം നൽകുക എന്നതായിരുന്നു ലക്ഷ്യം. 72 MBBS സീറ്റുകൾ SC/ST വിഭാഗങ്ങൾക്കായി മാറ്റിവെച്ചു. കേരള സർക്കാരിന്റെ 2026 ലെ Development Report സൂചിപ്പിക്കുന്നത് 2014–15 മുതൽ 2024–25 വരെ പാലക്കാട് മെഡിക്കൽ കോളേജിൽ 1099 വിദ്യാർത്ഥികൾ MBBS-ൽ പ്രവേശിക്കുകയും അതിൽ 802 പേർ SC വിഭാഗത്തിൽപ്പെട്ടവരായിരുന്നു എന്നാണ്. അതായത്, ഈ പ്രോജക്ടിന്റെ ഭാഗമായി ഗോത്ര വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ മേഖലയിൽ വലിയ പുരോഗതി കൈവരിക്കാനായി എന്ന് സാരം. എന്നാൽ, സാധാരണ മെഡിക്കൽ കോളേജുകളിൽ സംവരണ മാതൃകയ്ക്ക് പകരം ഗോത്ര വിഭാഗങ്ങളുടെ ശാക്തീകരണം ലക്ഷ്യം കണ്ട് പുതിയ രീതിയെ അവലംബിച്ചപ്പോൾ ഇതിനെതിരെ ഹൈക്കോടതിയിൽ ചോദ്യം ഉയർന്നിരുന്നു.

Maya M. Karl v. State of Kerala (2019) കേസിൽ 70% സംവരണം ഉണ്ടെന്ന കാരണത്താൽ മാത്രം അത് അസാധുവാകും എന്ന ഹരജിക്കാരിയുടെ വാദത്തെ കേരള ഹൈക്കോടതി തള്ളിക്കളയുകയായിരുന്നു. അലഹബാദ് ഹൈക്കോടതിയുടെ വിധി സംവരണമെന്ന ആശയത്തിന്റെ അടിസ്ഥാന തത്വത്തെ തന്നെ നിരാകരിക്കുന്നതാണ്. വിഭവങ്ങളിലെയും അധികാരഘടനകളിലെയും തുല്യപങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള സാമൂഹ്യനീതിയുടെ ഉപകരണമായാണ് സംവരണം വിഭാവനം ചെയ്യപ്പെട്ടത്. എന്നാൽ, സംവരണമെന്ന ആശയത്തിനെതിരെ ഭരണഘടനാ നിർമാണസഭയിലെ പ്രബലമായൊരു വിഭാഗം രംഗത്തുവരികയും ‘യോഗ്യത’യാണ് മാനദണ്ഡമാകേണ്ടതെന്ന വാദമുയർത്തുകയും ചെയ്തിരുന്നു. യോഗ്യതയുടെ ചരിത്രവും അത് ഏത് സാമൂഹിക സാഹചര്യങ്ങളിലാണ് രൂപപ്പെട്ടതെന്നും കൃത്യമായി വിശകലനം ചെയ്തുകൊണ്ടാണ് അംബേദ്കർ ‘യോഗ്യത’ എന്ന വാദത്തെ എതിർത്തത്. വർണാശ്രമധർമ്മവും ജാത്യാധികാരവും ആഴത്തിൽ വേരൂന്നിയ ഇന്ത്യയിൽ, ചരിത്രപരമായി അടിച്ചമർത്തപ്പെട്ട വിഭാഗങ്ങളെ സമൂഹത്തിന്റെ അധികാരഘടനകളിലേക്ക് ഉയർത്തിക്കൊണ്ടുവരുന്നതിനുള്ള അനിവാര്യമായ ഉപാധിയാണ് സംവരണമെന്ന് അദ്ദേഹം സമർത്ഥിച്ചു.

സ്വാതന്ത്ര്യലബ്ധി കഴിഞ്ഞ് എൺപതു വർഷം പിന്നിട്ടിട്ടും രാജ്യത്തെ അടിസ്ഥാന ജനവിഭാഗങ്ങൾക്ക് സാമൂഹ്യമായ നീതിയും തുല്യതയും കൈവരിക്കാൻ സാധിച്ചിട്ടില്ല. വിഭവ വിതരണങ്ങളിൽ നടക്കുന്ന അഴിമതിയും കെടുകാര്യസ്ഥതയും മൂലം ന്യൂനപക്ഷ ദലിത് അധസ്ഥിത വിഭാഗങ്ങൾ അരികുവൽക്കരിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. ഇതിന്റെ കേരളത്തിലെ ഉദാഹരണമാണ് അട്ടപ്പാടിയിലെ അഗളി ഹോസ്റ്റലിൽ നടന്നത്. 2023 - 24 വർഷങ്ങളിൽ ഹോസ്റ്റലിലെ വിദ്യാർത്ഥികൾക്ക് അനുവദിച്ചിരുന്ന ഭക്ഷണത്തിൽ പോലും അഴിമതി നടന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വിദ്യാർത്ഥികളുടെ ഭക്ഷണ ആവശ്യത്തിനായി വാങ്ങുന്ന ദോശക്കും ഇഡലിക്കും വേണ്ടിയുള്ള മാവിൽ നിന്ന് മാത്രം 11,000 രൂപയാണ് ഓഫീസർ തട്ടിയെടുത്തത്. വിദ്യാർത്ഥികൾക്ക് വേണ്ടി അനുവദിക്കപ്പെട്ടിട്ടുള്ള പോഷകാഹാരങ്ങൾ അടങ്ങിയ ഭക്ഷണം പോലും നിഷേധിച്ചതായി കാണാം. സമാനമായി പാലക്കാട് ട്രൈബല്‍ ഓഫിസ് പരിധിയിലെ ആദിവാസി മേഖലയില്‍ നടപ്പാക്കിയ ഭവന പദ്ധതി പരാജയപ്പെട്ടത് ഉദ്യോഗസ്ഥരുടെ അനാസ്ഥ കൊണ്ടായിരുന്നു. സംസ്ഥാനത്തെ ഒരു പട്ടികവർഗ്ഗ കുടുംബം പോലും ഭവനരഹിതരാവരുത് എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്കരിക്കുകയും ഫണ്ട്‌ നീക്കി വെക്കുകയും ചെയ്തെങ്കിലും പ്രവൃത്തിപഥത്തിൽ പദ്ധതിയെ പൂർണാർത്ഥത്തിൽ വിജയിപ്പിച്ചെടുക്കാൻ സാധിച്ചിട്ടില്ല.

കേരള സർക്കാരിന്റെ 2026 ലെ Development Report സൂചിപ്പിക്കുന്നത് 2014–15 മുതൽ 2024–25 വരെ പാലക്കാട് മെഡിക്കൽ കോളേജിൽ 1099 വിദ്യാർത്ഥികൾ MBBS-ൽ പ്രവേശിക്കുകയും അതിൽ 802 പേർ SC വിഭാഗത്തിൽപ്പെട്ടവരായിരുന്നു എന്നാണ്.
കേരള സർക്കാരിന്റെ 2026 ലെ Development Report സൂചിപ്പിക്കുന്നത് 2014–15 മുതൽ 2024–25 വരെ പാലക്കാട് മെഡിക്കൽ കോളേജിൽ 1099 വിദ്യാർത്ഥികൾ MBBS-ൽ പ്രവേശിക്കുകയും അതിൽ 802 പേർ SC വിഭാഗത്തിൽപ്പെട്ടവരായിരുന്നു എന്നാണ്.

അധികാരപ്പടവുകളിൽ അവർണർക്ക് സ്ഥാനമുണ്ടാവരുതെന്ന കൃത്യമായ സവർണബോധമാണ് സമസ്ത മേഖലകളിലും വേരൂന്നിയിരിക്കുന്നത്. പ്രാകൃതമായ ജാതിബോധം അടിച്ചേൽപ്പിച്ച സാമൂഹിക വേർതിരിവിന് അറുതിയുണ്ടാകേണ്ടത് അടിസ്ഥാന ജനവിഭാഗങ്ങളുടെ വിദ്യാഭ്യാസ ശാക്തീകരണത്തിലൂടെയാണ്. എന്നാൽ, പൗരരുടെ അടിസ്ഥാന അവകാശങ്ങളിലൊന്നായ വിദ്യാഭ്യാസത്തിനുള്ള അവകാശത്തിനുമേൽ സവർണാധിപത്യം സ്ഥാപിക്കപ്പെടുന്നത് സാമൂഹിക അസമത്വങ്ങളെ കൂടുതൽ ആഴത്തിലാക്കുകയാണ്. അലഹബാദ് ഹൈക്കോടതിയുടെ വിധിയും ഈ സാമൂഹിക യാഥാർഥ്യത്തെ കൂടുതൽ ചർച്ചകളിലേക്ക് കൊണ്ടുവരുന്നു. അതുകൊണ്ടുതന്നെയാണ് അംബേദ്കർ ഉയർത്തിപ്പിടിച്ച ‘Educate, Agitate, Organize’ എന്ന മുദ്രാവാക്യം സമകാലിക ഇന്ത്യയിൽ കൂടുതൽ പ്രസക്തമാകുന്നത്. ഈ മുദ്രാവാക്യം ഇന്നും കൂടുതൽ ഉച്ചത്തിൽ മുഴങ്ങുന്നു എന്നത് പ്രതീക്ഷാവഹമാണ്. ഗോത്രവിഭാഗങ്ങളിലെ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ഭാവിയെ ചോദ്യം ചെയ്യുന്ന സർക്കാർ ഉത്തരവുകളും കോടതി വിധികളും ജനാധിപത്യത്തിന്റെ ആത്മാവിനെയാണ് മുറിവേൽപ്പിച്ചു കൊണ്ടിരിക്കുന്നത്.

Comments