വിമർശനത്തിന്റെ പേരിൽ അധ്യാപകർക്കെതിരെ നടപടിയുണ്ടാകില്ലെന്ന്​ മന്ത്രി വി. ശിവൻകുട്ടി | THINK IMPACT

ഫോക്കസ് ഏരിയ വിഷയത്തിൽ സർക്കാർ തീരുമാനത്തെ വിമർശിച്ച്​ ട്രൂ കോപ്പി തിങ്കിൽ ലേഖനം എഴുതിയ അധ്യാപകൻ പി. പ്രേമചന്ദ്രനെതിരെ നടപടിയുണ്ടാകില്ലെന്ന സൂചനയുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. വിമർശിക്കുന്നവരെ ശത്രുക്കളായി കാണുന്ന സമീപനം വിഭ്യാഭ്യാസ വകുപ്പിനില്ലെന്നും, ഇതിന്റെ​ പേരിൽ ആർക്കെതിരെയും നടപടിയുണ്ടാകില്ലെന്നും അധ്യാപകരുടെ അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കില്ലെന്നും കഴിഞ്ഞ ദിവസം അധ്യാപക സംഘടനകളുമായി നടത്തിയ ചർച്ചയിൽ മന്ത്രി പറഞ്ഞു.

Think

എസ്.എസ്.എൽ.സി., പ്ലസ്ടു പരീക്ഷകളിൽ ഫോക്കസ് ഏരിയ ദുർബലപ്പെടുത്തിയ നടപടിയെ വിമർശിച്ച് ലേഖനം എഴുതിയ അധ്യാപകൻ പി. പ്രേമചന്ദ്രനെതിരെ നടപടിയുണ്ടാകില്ലെന്ന സൂചനയുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. വിമർശിക്കുന്നവരെ ശത്രുക്കളായി കാണുന്ന സമീപനം വിഭ്യാഭ്യാസ വകുപ്പിനില്ലെന്നും, ഇതിന്റെ​ പേരിൽ ആർക്കെതിരെയും നടപടിയുണ്ടാകില്ലെന്നും അധ്യാപകരുടെ അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കില്ലെന്നും കഴിഞ്ഞ ദിവസം അധ്യാപക സംഘടനകളുമായി നടത്തിയ ചർച്ചയിൽ മന്ത്രി പറഞ്ഞു. ഫെബ്രുവരി 21ന് സ്‌കൂളുകൾ മുഴുവൻ സമയ പ്രവർത്തനം ആരംഭിക്കുന്നതിന് മുന്നോടിയായി വിളിച്ചു ചേർത്ത യോഗത്തിലായിരുന്നു മന്ത്രിയുടെ പരാമർശം.

പയ്യന്നൂർ ഗവ. ഗേൾസ് ഹയർസെക്കന്ററി സ്‌കൂൾ അധ്യാപകനായ പി. പ്രേമചന്ദ്രൻ ജനുവരി 15-ന് ട്രൂകോപ്പി തിങ്കിൽ എഴുതിയ, ബി ഗ്രേഡിൽ കേരളത്തിലെ കുട്ടികൾ സി. ബി. എസ്. ഇ യുടെ മുന്നിൽ മുട്ടിലിഴയട്ടെ; ഇതാ മറ്റൊരു അട്ടിമറിക്കഥ എന്ന ലേഖനത്തെതുടർന്നാണ്​​ ഫോക്കസ്​ ഏരിയയുമായി ബന്ധപ്പെട്ട പ്രശ്​നം പൊതുചർച്ചയായി മാറിയത്​. വിദ്യാർഥികളെയും അധ്യാപകരെയും വട്ടം കറക്കുന്ന സർക്കാർ തീരുമാനത്തിനെതിരെ നിരവധി അധ്യാപകർ രംഗത്തുവരികയും ‘തിങ്കി’ലൂടെ പ്രതികരിക്കുകയും ചെയ്​തു. ഇതേതുടർന്നാണ്​ പി. പ്രേമചന്ദ്രന് വിദ്യാഭ്യാസ വകുപ്പ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്​. പ്രേമചന്ദ്രനെതിരായ നടപടിക്കെതിരെയും വൻ പ്രതിഷേധമുയർന്നപ്പോൾ ചട്ടം 60-a പ്രകാരം ചുമതല ഓർമപ്പെടുത്തുകയാണ് ചെയ്തതെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം.

അതേസമയം ഫോക്കസ് ഏരിയയുമായി ബന്ധപ്പെട്ട തീരുമാനത്തിൽ മാറ്റമുണ്ടാകില്ലെന്ന്​ മന്ത്രി, സംഘടനകളുടെ യോഗത്തിൽ പറഞ്ഞു. കഴിഞ്ഞ വർഷത്തേതിൽ നിന്നും വിഭിന്നമായി 70 ശതമാനം ചോദ്യങ്ങൾ മാത്രമായിരിക്കും ഫോക്കസ് ഏരിയയിൽ നിന്നുണ്ടാവുക. അധ്യാപകരെ വിശ്വാസത്തിലെടുത്തുകൊണ്ടാണ് പൊതുവിദ്യാഭ്യാസ വകുപ്പ് മുന്നോട്ട് പോകുന്നതെന്നും, പൊതുപരീക്ഷകളുടെ നടത്തിപ്പ്, കെ-ടെറ്റ് പരീക്ഷ, ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പ്, ഫെബ്രുവരി 21 മുതൽ മുഴുവൻ സമയ ക്ലാസ്​തുടങ്ങുമ്പോഴുള്ള കാര്യങ്ങൾ എന്നിവ തുടങ്ങി അധ്യാപക സംഘടനകൾ ഉന്നയിച്ച ആവശ്യങ്ങൾ രേഖാമൂലം സമർപ്പിക്കണമെന്നും യോഗത്തിൽ പറഞ്ഞു.

പൊതു പരീക്ഷയുമായി ബന്ധപ്പെടുത്തി നിശ്ചയിച്ചിരിക്കുന്ന ഫോക്കസ് ഏരിയ, പരീക്ഷാ തീയതി എന്നിവയിൽ നിലവിലെ തീരുമാനം അനുസരിച്ച് മുന്നോട്ട് പോകുന്നതിന് എല്ലാ അധ്യാപക സംഘടനകളുടേയും സഹകരണവും യോഗത്തിൽ മന്ത്രി അഭ്യർത്ഥിച്ചു.

Read More:

Comments