മുട്ട വിലക്കി,
സ്കൂൾ ഉച്ചഭക്ഷണം
വെജിറ്റേറിയനാക്കാൻ
ബംഗാൾ സർക്കാർ

പശ്ചിമ ബംഗാളിലെ പുതിയ ബി.ജെ.പി സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ ഉച്ചഭക്ഷണപദ്ധതിയിൽനിന്ന് മുട്ടയും ഇറച്ചിയും മീനും ഒഴിവാക്കി പകരം പനീർ, രാജ്മ, സോയാബീൻ എന്നിവ കൊണ്ടുവരാനുള്ള നീക്കത്തിലാണ്. ISKCON എന്ന മതസംഘടന വഴിയാണ് ഈ സസ്യാഹാര മെനു അടിച്ചേൽപ്പിക്കുന്നത്. കുട്ടികളുടെ പോഷകാഹാര അവകാശത്തിനും പൊതുവിദ്യാഭ്യാസത്തിന്റെ മതനിരപേക്ഷമൂല്യങ്ങൾക്കും എതിരായ നീക്കമാണിതെന്ന് എഴുതുന്നു, മനോജ് വി. കൊടുങ്ങല്ലൂർ.

സ്കൂൾ പോഷകാഹാരപരിപാടിയിൽ 'മുട്ടയ്ക്കു' പകരം പനീർ, രാജ്മ, സോയാബീൻ; പശ്ചിമ ബംഗാളിലെ സ്കൂൾ ഉച്ചഭക്ഷണത്തിലാണ് പുതിയ മെനു. പുതിയ ബി.ജെ.പി സർക്കാറാണ്, എയ്ഡഡ് സ്കൂളുകളിലെ ഉച്ചഭക്ഷണപദ്ധതിയിൽ വിതരണം ചെയ്തിരുന്ന മുട്ടയ്ക്കുപകരം പനീർ, രാജ്മ, സോയാബീൻ എന്നിവ ഉൾപ്പെടുത്താൻ തീരുമാനിച്ചത്. മാത്രമല്ല, അധ്യാപകരുടെയും മറ്റും സഹായത്തോടെ ചില അവസരങ്ങളിൽ നൽകിയിരുന്ന ഇറച്ചിയും മീനും ഒഴിവാക്കുകയും ചെയ്യും.

ചില വിഭവങ്ങളിലുള്ള മാറ്റമല്ല; മറിച്ച് കുട്ടികളുടെ പോഷകാഹാര അവകാശം, പൊതുവിദ്യാഭ്യാസത്തിന്റെ സ്വഭാവം, ഭരണഘടനാ മൂല്യങ്ങൾ, ഭക്ഷണത്തിൻ്റെ രാഷ്ട്രീയം, മതനിരപേക്ഷത എന്നിവയുമായി ബന്ധപ്പെട്ട ചർച്ചയാകുന്നത് എന്തുകൊണ്ട് എന്ന് പരിശോധിക്കാം.

ISKCON-ന്റെ
വിവാദവിഭവം

2026-'27 സാമ്പത്തിക വർഷത്തെ സംസ്ഥാന ബജറ്റിൽ, കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷൻ പരിധിയിലെ സർക്കാർ- എയ്ഡഡ് സ്കൂളുകളിൽ ഉച്ചഭക്ഷണവിതരണം നടത്താൻ ഇസ്‌കോൺ (International Society for Krishna Consciousness- ISKCON) എന്ന സന്നദ്ധ സംഘടനയെ ഉൾപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചു. ഒരു കുട്ടിക്കുള്ള ഭക്ഷണച്ചെലവ് 6.78 രൂപയിൽനിന്ന് 10 രൂപയായി, ഇവർക്കുവേണ്ടി വർധിപ്പിക്കുകയും ചെയ്തു.

 വർഷത്തെ സംസ്ഥാന ബജറ്റിൽ, കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷൻ പരിധിയിലെ സർക്കാർ- എയ്ഡഡ് സ്കൂളുകളിൽ ഉച്ചഭക്ഷണവിതരണം നടത്താൻ ഇസ്‌കോൺ എന്ന സന്നദ്ധ സംഘടനയെ ഉൾപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചു.
വർഷത്തെ സംസ്ഥാന ബജറ്റിൽ, കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷൻ പരിധിയിലെ സർക്കാർ- എയ്ഡഡ് സ്കൂളുകളിൽ ഉച്ചഭക്ഷണവിതരണം നടത്താൻ ഇസ്‌കോൺ എന്ന സന്നദ്ധ സംഘടനയെ ഉൾപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചു.

തുടർന്ന്, ഇസ്‌കോൺ മുട്ടയ്ക്കുപകരം സോയാബീൻ, രാജ്മ, പനീർ തുടങ്ങിയ വിഭവങ്ങൾ ഉൾപ്പെടുത്തുമെന്ന് അറിയിച്ചു. എന്നാൽ വിവാദം മുറുകിയപ്പോൾ അന്തിമ മെനു ഔദ്യോഗികമായി നിശ്ചയിച്ചിട്ടില്ലെന്നുപറഞ്ഞ് ഇസ്‌കോൺ തടിതപ്പുകയും ചെയ്തു. എന്നാൽ, കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷൻ പരിധിയിലെ സ്കൂളുകളിൽ കൊണ്ടുവരുന്ന പുതിയ മെനു സംസ്ഥാന വ്യാപകമായി നടപ്പാക്കാനുള്ള നീക്കത്തിലാണ് സർക്കാർ.

1966-ൽ ഭക്തിവേദാന്ത സ്വാമി പ്രഭുപാദ ന്യൂയോർക്ക് സിറ്റിയിൽ സ്ഥാപിച്ച അന്താരാഷ്ട്ര വൈഷ്ണവ മതസംഘടനയാണ് ISKCON അഥവാ ഹരേകൃഷ്ണ പ്രസ്ഥാനം. ശ്രീകൃഷ്ണഭക്തിയാണ് അതിൻ്റെ കേന്ദ്ര ആശയം. പൂർണ സസ്യാഹാരജീവിതശൈലിയാണ് ഇവർ പിന്തുടരുന്നത്. മുട്ട, മാംസം, മത്സ്യം എന്നിവ പൂർണമായും ഒഴിവാക്കുന്നു. ലോകമെമ്പാടും ക്ഷേത്രങ്ങൾ, സാംസ്കാരിക കേന്ദ്രങ്ങൾ, ഭക്ഷണ വിതരണ പദ്ധതികൾ എന്നിവ നടത്തുന്നു. ഇന്ത്യയിലെ പല നഗരങ്ങളിലും ഇസ്‌കോണിന്റെ ആഭിമുഖ്യത്തിൽ ക്ഷേത്രങ്ങളും സാമൂഹിക സേവന പദ്ധതികളുമുണ്ട്.

സ്കൂൾ ഉച്ചഭക്ഷണപരിപാടിയിലുള്ള ഒരു മതസംഘടനയുടെ സർക്കാർ ക്ഷേമപദ്ധതികൾ മതനിരപേക്ഷമായിരിക്കണം.ഇവിടെ ഉയരുന്ന അടിസ്ഥാന ചോദ്യം ലളിതമാണ്: 'ഒരു മതസംഘടനയുടെ ഭക്ഷണവിശ്വാസം പൊതുസ്കൂളുകളിൽ പഠിക്കുന്ന എല്ലാ കുട്ടികളുടെയും ഭക്ഷണക്രമം നിർണയിക്കണോ?

പൊതു സ്കൂളുകളിലെ കുട്ടികളുടെ ഭക്ഷണക്രമം ശാസ്ത്രീയ- പോഷക മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി ആയിരിക്കണം തീരുമാനിക്കേണ്ടത്. മതവിശ്വാസങ്ങളെ അടിസ്ഥാനമാക്കി ഭക്ഷണതെരഞ്ഞെടുപ്പുകൾ അടിച്ചേൽപ്പിക്കുന്നത് ഭരണഘടനാവിരുദ്ധമാണ്- ഇതെല്ലാം പൊതുവിദ്യാഭ്യാസവുമായി ബന്ധപ്പെട്ടുമാത്രമല്ല, രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങളുമായും ബന്ധപ്പെട്ട അടിസ്ഥാന കാര്യങ്ങളാണ്.

പശ്ചിമബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി
പശ്ചിമബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി

എന്നാൽ ബംഗാളിലെ പുതിയ ബി ജെ പി സർക്കാരിന്റെ സമീപനം മറ്റൊന്നാണ്. 2026 മെയിൽ അധികാരത്തിലെത്തിയ ബി ജെ പി സർക്കാർ ആദ്യ ബജറ്റിൽ 'വികസിത ബംഗാൾ' (Viksit Bangla), 'ഇരട്ട എൻജിൻ സർക്കാർ' (Double Engine Government) എന്നീ ആശയങ്ങൾ മുൻനിർത്തിയാണ് പുതിയ വികസനമാതൃകകൾ അവതരിപ്പിച്ചത്. കേന്ദ്രപദ്ധതികളുമായി കൂടുതൽ ഏകോപനമുണ്ടാക്കുമെന്ന പ്രഖ്യാപനത്തിന്റെ മറവിൽ സംഘപരിവാർ സംഘടനകൾ വർഷങ്ങളായി മുന്നോട്ടുവയ്ക്കുന്ന പല ആശയങ്ങളും അടിച്ചേൽപ്പിക്കുകയാണ് ചെയ്യുന്നത്.

‘സാത്വിക’ (സസ്യാഹാര) ജീവിതശൈലി പ്രോത്സാഹിപ്പിക്കൽ, പൊതുസ്ഥാപനങ്ങളിൽ ഹിന്ദു സാംസ്കാരിക സ്വാധീനം വർധിപ്പിക്കൽ, സാംസ്കാരിക ദേശീയത മുൻനിർത്തിയുള്ള ഭരണരീതി രൂപപ്പെടുത്തൽ എന്നിവയെല്ലാം ഇതിന്റെ ഭാഗമാണ്. അതിനാൽ, ഉച്ചഭക്ഷണപരിപാടിയിൽ ഒരു മതസംഘടന വഴി 'സസ്യാഹാരം’ അടിച്ചേൽപ്പിക്കുന്നതിനുപുറകിൽ, ഭക്ഷണത്തിന്റെ രാഷ്ട്രീയം മാത്രമല്ല ഉള്ളത് എന്ന് വ്യക്തം.

മാത്രമല്ല, പശ്ചിമ ബംഗാളിന്റെ സാമൂഹികജീവിതത്തിൽ മത്സ്യവും മുട്ടയും മാംസവുമടങ്ങുന്ന ഭക്ഷണക്രമത്തിന് വലിയ പ്രാധാന്യമുണ്ട്. ബംഗാളി ഭക്ഷണ സംസ്കാരം മത്സ്യാധിഷ്ഠിതമാണ്. മുട്ടയും മാംസവും വ്യാപകമായി ഉപയോഗിക്കുന്നു.

കുട്ടികളുടെ ഉച്ചഭക്ഷണപരിപാടിയിൽ മുട്ടയ്ക്ക് പ്രാധാന്യം ലഭിക്കുന്നതിന് ശാസ്ത്രീയമായ കാരണങ്ങളുണ്ട്. മുട്ടയിൽനിന്ന് ഉയർന്ന നിലവാരമുള്ള പ്രോട്ടീനും വൈറ്റമിനുകളും ലഭിക്കുന്നുണ്ട്. കുറഞ്ഞ ചെലവിൽ കൂടുതൽ പോഷകങ്ങൾ ലഭ്യമാക്കുന്ന ഭക്ഷണമാണ് മുട്ട. ഇത് ദരിദ്ര കുടുംബങ്ങളിലെ കുട്ടികൾക്കാണ്. മാത്രമല്ല, സ്കൂൾ ഉച്ചഭക്ഷണപരിപാടി, പ്രാദേശിക ഭക്ഷണവൈവിധ്യങ്ങൾ പരിഗണിച്ചാണ് നടപ്പാക്കുന്നത്. ചില സംസ്ഥാനങ്ങൾ മുട്ട, പാൽ വിതരണം നിർബന്ധമായി തുടരുന്നു. മറ്റു ചിലയിടങ്ങളിൽ ഇടവിട്ട ദിവസങ്ങളിൽ പഴങ്ങൾ നൽകുന്നു. അതിനാൽ ഒരു ഏകീകൃത 'ദേശീയ' ഭക്ഷണമാതൃക അസാധ്യമാണ്. ഇന്ത്യ പോലൊരു വൈവിധ്യമാർന്ന സമൂഹത്തിൽ സർക്കാർ സ്കൂളുകൾ ഏതെങ്കിലും ഒരു മതത്തിന്റെ ‘ഭക്ഷണ ദർശനം’ പിന്തുടരേണ്ടതുണ്ടോ എന്ന ചോദ്യവുമുയരുന്നു.

ഇസ്‌കോണിനെ ഭക്ഷണവിതരണചുമതലയേൽപ്പിച്ച ചില സംസ്ഥാനങ്ങളിൽ മുമ്പും ഇത്തരം വിവാദങ്ങളുണ്ടായിട്ടുണ്ട്. ആന്ധ്രാപ്രദേശ്, കര്‍ണാടക, ഗുജറാത്ത്, രാജസ്ഥാൻ, ദൽഹിയിലെ ചില മേഖലകൾ എന്നിവിടങ്ങളിൽ ഇസ്‌കോൺ ഉൾപ്പെടെയുള്ള സസ്യാഹാര അധിഷ്ഠിത സംഘടനകൾ സ്കൂൾ ഭക്ഷണവിതരണത്തിൽ വിവാദ ഇടപെടലുകൾ നടത്തിയിട്ടുണ്ട്.

കുട്ടികളുടെ പോഷകാഹാര അവകാശം, പൊതു സ്കൂളുകളുടെ മതനിരപേക്ഷസ്വഭാവം, ഇന്ത്യയിലെ ഭക്ഷണവൈവിധ്യം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത, പൊതുപണം ഉപയോഗിച്ച് നടപ്പാക്കുന്ന ക്ഷേമപദ്ധതികളിലുള്ള മതസംഘടനകളുടെ ഇടപെടൽ എന്നീ അടിസ്ഥാന ചോദ്യങ്ങൾക്കുപു​റമേ, പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുട്ടികളുടെ ഭക്ഷണം ശാസ്ത്രീയമായ പോഷകമാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണോ തീരുമാനിക്കേണ്ടത്, അതോ മതപരമായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയാണോ എന്നതും ചർച്ച ചെയ്യപ്പെടണം.

 ബി.ജെ.പി അധികാരത്തിലെത്തിയാൽ നോൺ- വെജ് ഭക്ഷണം നിരോധിക്കും എന്ന തൃണമൂൽ കോൺഗ്രസിന്റെ കാമ്പയിൻ തിരിച്ചിടിയാകുമെന്ന് ഭയന്ന ബി.ജെ.പി ചില സൂത്രങ്ങൾ പയറ്റി.  ചില ബി.ജെ.പി സ്ഥാനാർഥികൾ പച്ച മത്സ്യം കൈയിൽ പിടിച്ചും മീൻവിഭവങ്ങൾ പരസ്യമായി ഭക്ഷിച്ചുമാണ് ജനങ്ങൾക്കിടയിലേക്കിറങ്ങിയത്.
ബി.ജെ.പി അധികാരത്തിലെത്തിയാൽ നോൺ- വെജ് ഭക്ഷണം നിരോധിക്കും എന്ന തൃണമൂൽ കോൺഗ്രസിന്റെ കാമ്പയിൻ തിരിച്ചിടിയാകുമെന്ന് ഭയന്ന ബി.ജെ.പി ചില സൂത്രങ്ങൾ പയറ്റി. ചില ബി.ജെ.പി സ്ഥാനാർഥികൾ പച്ച മത്സ്യം കൈയിൽ പിടിച്ചും മീൻവിഭവങ്ങൾ പരസ്യമായി ഭക്ഷിച്ചുമാണ് ജനങ്ങൾക്കിടയിലേക്കിറങ്ങിയത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിൽ ബി.ജെ.പിയുടെ സസ്യാഹാര അജണ്ട ചർച്ചയായിരുന്നു. ബംഗാളികൾ വെജിറ്റേറിനാകണം എന്ന തരത്തിലുള്ള കാമ്പയിൻ ചില ബി.ജെ.പി നേതാക്കളുടെ ഭാഗത്തുനിന്നുണ്ടായി. ഇത് തൃണമൂൽ കോൺഗ്രസ് പ്രചാരണായുധമാക്കി. ബി.ജെ.പി അധികാരത്തിലെത്തിയാൽ നോൺ- വെജ് ഭക്ഷണം നിരോധിക്കും എന്ന തൃണമൂൽ കോൺഗ്രസിന്റെ കാമ്പയിൻ തിരിച്ചിടിയാകുമെന്ന് ഭയന്ന ബി.ജെ.പി ചില സൂത്രങ്ങൾ പയറ്റി. ചില ബി.ജെ.പി സ്ഥാനാർഥികൾ പച്ച മത്സ്യം കൈയിൽ പിടിച്ചും മീൻവിഭവങ്ങൾ പരസ്യമായി ഭക്ഷിച്ചുമാണ് ജനങ്ങൾക്കിടയിലേക്കിറങ്ങിയത്. മാത്രമല്ല, നരേന്ദ്ര മോദി ഒരു കാമ്പയിനിൽ, സംസ്ഥാനത്തെ മീൻ ഉൽപ്പാദനം കുറയുന്നതിൽ ആശങ്ക പ്രകടിപ്പിക്കുകയും ബി.ജെ.പി അധികാരത്തിൽ വന്നാൽ സംസ്ഥാനത്തിനാവശ്യമായ മുഴുവൻ മത്സ്യവും ഇവിടെതന്നെ ഉൽപ്പാദിപ്പിക്കും എന്ന് ഉറപ്പു കൊടുക്കുകയും ചെയ്തു. എന്നാൽ, വൻ വിജയം നേടിയ ബലത്തിൽ, സ്കൂ​ൾ ഉച്ചഭക്ഷണപരിപാടിയെ ഹിന്ദുത്വവൽക്കരിച്ചുകൊണ്ട്, സംഘ്പരിവാർവൽക്കരണം വ്യാപകമാക്കാനൊരുങ്ങുകയാണ് ബി.ജെ.പി സർക്കാർ.


Summary: BJP government in Bengal is moving to remove eggs, meat and fish from midday meal scheme in schools and to replace it with vegetarian menu, Manoj V Kodungallur writes.


മനോജ്​ വി. കൊടുങ്ങല്ലൂർ

റിട്ട. അധ്യാപകൻ, വിദ്യാഭ്യാസ പ്രവർത്തകൻ. സ്കൂൾ ഉച്ചഭക്ഷണ പരിപാടിയുടെ - ദേശീയ റിവ്യൂ മിഷൻ - മോണിറ്ററിങ്ങ് കമ്മിറ്റിയിലേക്ക് സുപ്രീം കോടതി നാമനിർദ്ദേശം ചെയ്തിട്ടുള്ള അംഗം.

Comments