‘ആരാണ് ഒരു നല്ല അദ്ധ്യാപകൻ?’
വർഷങ്ങൾക്കുമുമ്പ് അദ്ധ്യാപക അഭിമുഖത്തിന് പങ്കെടുത്തപ്പോൾ ഇൻ്റർവ്യൂ ബോർഡിലെ പി.എസ്.സി മെംബർ ആദ്യം ചോദിച്ച ചോദ്യമിതായിരുന്നു. ഒപ്പം ഇങ്ങനെയൊരു കൂട്ടിച്ചേർക്കലും: ‘ഒറ്റ വാക്യത്തിൽ പറയണം. ഒരു മിനിറ്റാലോചിച്ചോളൂ'.
അധ്യാപകനാവുക എന്നതാണ് ജീവിതത്തിലെ ഏറ്റവും മികച്ച ചോയ്സെന്നാണ് എൻ്റെ തോന്നൽ. കാരണം ആ തൊഴിലാണ് നമ്മെ എപ്പോഴും വിദ്യാർത്ഥിയായി തുടരാൻ പ്രേരിപ്പിക്കുക, അതുകൊണ്ടുമാത്രം. ആ സമയത്ത് ഞാൻ ബീവറേജസ് കോർപറേഷനിൽ ജോലി ചെയ്തുവരികയാണ്. അതുകൊണ്ടുതന്നെ കുപ്പികൾക്കിടയിൽ നിന്ന് കുട്ടികൾക്കിടയിലേക്കെത്തണമെന്ന ആഗ്രഹം ചെറുതായിരുന്നില്ല.
അഭിമുഖമാണ്. അവസാന സാധ്യതയാണ്. ഒറ്റ വാക്യത്തിൽ സാന്ദ്രീകരിക്കണം എന്ന് കേട്ടപ്പോൾ ഉള്ളിലൊരാന്തലുണ്ടായി. തൊട്ടടുത്ത നിമിഷം ഭൂതകാലത്തിലേക്കുള്ള എല്ലാ വാതിലുകളും എനിക്കു മുന്നിൽ തുറന്നുവന്നു. എന്നെ പഠിപ്പിച്ച എല്ലാ ടീച്ചർമാരും അവിടെ പ്രത്യക്ഷരായി. ഒന്നാം ക്ലാസിലേക്ക് പടികയറുമ്പോൾ വരാന്തയിലൂടെ വടിയുമായി നടക്കുന്ന ആദ്യ അദ്ധ്യാപകൻ മുതൽ യൂണിവേഴ്സിറ്റിയിൽ നിന്നിറങ്ങുമ്പോൾ ചിരിച്ചു കൊണ്ട്, 'ഇനിയെന്താ പരിപാടി' എന്നു ചോദിച്ച അവസാന അദ്ധ്യാപകൻ വരെ ആ കൂട്ടത്തിലുണ്ടായി. അവരിൽ നിന്നാണ് ആരാണ് ഒരു നല്ല അദ്ധ്യാപകൻ എന്ന ചോദ്യത്തിന് ഒറ്റ വാക്യം കടഞ്ഞെടുക്കേണ്ടത്. തൊട്ടടുത്ത ചോദ്യത്തിനു മുമ്പ് ഈ ഉത്തരം മടക്കണം.

ഒരൊറ്റ നിമിഷം കൊണ്ട് ജീവിതം മുഴുവൻ ഞാൻ ചുറ്റി വന്നു. ഒപ്പം വേദനിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്ത പുസ്തകങ്ങളിലെയും സിനിമകളിലെയും അധ്യാപകരും നിരനിരയായി പ്രത്യക്ഷമായി. ഓരോ കാലത്തും പല നിറങ്ങളിലായി അവരുണ്ടാക്കിയ മനപ്പാടുകൾ വലിയ ചിലമ്പൊലിയായി. ഒടുവിൽ ഇവരെല്ലാവരും നിറഞ്ഞ അരങ്ങിലൊരു നാളത്തിൽനിന്ന് ഉത്തരം കൊളുത്തി.
ഏത് പുസ്തകം തുറന്നാലും അധ്യാപകരെക്കുറിച്ചെന്തെങ്കിലും കണ്ടാൽ എൻ്റെ സ്മരണകളിരമ്പും. അതും സ്കൂൾ കാലത്തെ സ്മരണകൾ. സ്കൂൾ ഇപ്പോഴാണ് കൂളായത്. അതിനുമുമ്പ് പഠനാലയം പോലെ തന്നെ അതൊരു പീഡനാലയം കൂടിയായിരുന്നു. ഇഷ്ടത്തോടുകൂടി അവിടേക്ക് പുറപ്പെട്ടവരുടെ എണ്ണം ശുഷ്കമായിരിക്കും. അതിനു കാരണം കർക്കശക്കാരായ അധ്യാപകർ തന്നെയാണ്. അവരെക്കുറിച്ചുള്ള ആരുടെ ഓർമ്മയും എല്ലാവരുടെയും ഓർമ്മയാണ്. സമ്പന്നമായ അധ്യാപക കഥകളും ഓർമ്മകളും നമുക്കുണ്ടെങ്കിലും ഇരുപതാം നൂറ്റാണ്ടിലെ മലയാളിയുടെ അധ്യാപക ഓർമ്മകളിൽ ചിലത് വേദനകളുടേത് കൂടിയാണ്.
ഗുരു എന്നാൽ ഇരുട്ടിനെ ഇല്ലാതാക്കി വെളിച്ചമുണ്ടാക്കുന്നവർ എന്നാണർത്ഥമെങ്കിലും ഗുരുക്കൻമാരെക്കുറിച്ചെഴുതപ്പെട്ട ഓർമ്മകൾ ചേർത്തുവെച്ചാൽ വടിയുടെയും അടിയുടെയും ശകാരത്തിൻ്റെയും അപമാനത്തിൻ്റെയും ഇൻസ്റ്റലേഷൻ രൂപമാണ് പലർക്കും കിട്ടുക. എന്നാൽ പ്രതീക്ഷകളുടെ ഒറ്റക്കൽ ശിൽപ്പത്തെ നാം മറന്നുകൂടാ. അവരുണ്ടാക്കിയ ലോകത്തു നിന്നുകൂടിയാണ് നാമിപ്പോൾ അഹങ്കരിക്കുന്നതെന്നത് യാഥാർത്ഥ്യമാണ്. കുട്ടികളിൽ എത്രയെത്ര മുറിവുകളുണ്ടാക്കിയാണ് ചരിത്രത്തിൽ നമ്മുടെ നാട്ടിലെ അദ്ധ്യാപകർ കടന്നുപോന്നതെന്ന് മലയാളത്തിലെ സ്മരണാഖ്യാനങ്ങളും ഫിക്ഷനുകളും വായിച്ചാലറിയാം.

അദ്ധ്യാപകരിൽ ഭൂരിഭാഗം എപ്പോഴും പാരമ്പര്യവാദികളും യാഥാസ്ഥിതികരുമാവും. അതെവിടെയും അങ്ങനെയാണ്. അവരിൽ പരിവർത്തനവാദികൾ കുറവാണ്. ആ കുറവാണ് സമൂഹത്തിൽ എപ്പോഴുമുള്ള ഒരു കുറവ്. ഭൂതകാലത്തിൻ്റെ വിചാരങ്ങളിൽ നിന്നും വിശ്വാസങ്ങളിൽ നിന്നും വിട്ടുപോരുന്നവർ കുറവാണ്. കേരള ചരിത്രവും അതിന് സാക്ഷ്യം പറയും. ജാതിമതബന്ധിതമായ ഇരുപതാം നൂറ്റാണ്ടിൻ്റെ തുടക്കത്തിലേക്ക് പോയാൽ ഇതിനുദാഹരണങ്ങൾ ഏറെയാണ്.
1914 ഫെബ്രുവരി 26ാം തിയ്യതി ദലിതരുടെ വിദ്യാഭ്യാസ അവകാശ പ്രശ്നങ്ങൾക്ക് മുൻതൂക്കം നൽകി അയ്യങ്കാളി പ്രജാസഭയിൽ പറഞ്ഞ അഭിപ്രായം അന്നത്തെ അധ്യാപകരെക്കുറിച്ച് കൂടിയായിരുന്നു:
‘‘സർക്കാർ പാഠശാലകളിൽ പുലയക്കുട്ടികളെ ചേർത്ത് പഠിപ്പിക്കുന്നതിന് ഗവൺമെൻറ് മുമ്പ് തന്നെ ഉത്തരവ് കൊടുത്തിട്ടുള്ള വകയ്ക്കായി ഞാൻ വന്ദനം പറഞ്ഞുകൊള്ളുന്നു. എന്നാൽ ഈ ഉത്തരവുകൾ ഉണ്ടായിരുന്നിട്ടും ചില പാഠശാലകളിലെ അധികൃതർ വല്ല നിസ്സാര കാരണവും പറഞ്ഞ് അവർക്ക് പ്രവേശനം കൊടുക്കുന്നില്ല എന്നത് സങ്കടമായിരുന്നു. പുലയക്കുട്ടികൾക്ക് ഒരിക്കൽ പ്രവേശനം കൊടുത്തിട്ടുള്ള സ്ഥലങ്ങളിൽ മേലാൽ യാതൊരു ഉപദ്രവവും ഉണ്ടാവരുത്. ഈ ഉപദ്രവത്തിന് അടിസ്ഥാനമായുള്ളത് ചില പാഠശാലകളിലെ വാധ്യാന്മാരാണ്, ജനങ്ങളല്ല എന്ന് എനിക്കറിയാം. അതുകൊണ്ട് മുമ്പു തന്നെ കൊടുത്തിട്ടുള്ള ഗവൺമെൻറ് ഉത്തരവുകൾ നടത്തിക്കുന്നതിന് വിദ്യാഭ്യാസ ഡയറക്ടർക്കും പാഠശാല ഇൻസ്പെക്ടർക്കും നിഷ്കർഷമായ ഉത്തരവുകൾ കൊടുക്കണം എന്നപേക്ഷിക്കുന്നു’’.

തുടർന്ന് വിദ്യാഭ്യാസ ഉത്തരവുണ്ടായിട്ടും പ്രസ്തുത ഉത്തരവിന്റെ പിൻബലത്തിൽ തെന്നൂർക്കോണത്ത് പൂജാരി അയ്യൻ എന്നയാളുടെ എട്ടു വയസ്സുള്ള മകൾ പഞ്ചമിയെയും കൂട്ടി അയ്യങ്കാളിയും സംഘവും എന്തിനും തയ്യാറായി നെയ്യാറ്റിൻകര താലൂക്കിലെ ഊരുട്ടമ്പലം പെൺപള്ളിക്കുടത്തിലെത്തി. പക്ഷേ പതിവുപോലെ സർക്കാർ ഉത്തരവനുസരിക്കാൻ സവർണ്ണനായ പ്രധാനാധ്യാപകൻ കൂട്ടാക്കിയില്ല.
അതെ; അധ്യാപകൻ.
സർക്കാർ ഉത്തരവുകളെക്കാൾ ആ അധ്യാപകൻ വിലകൽപ്പിച്ചത് ജാതിബദ്ധമായ അയിത്താചാരങ്ങൾക്കായിരുന്നു എന്ന് ചരിത്രം. ആ അദ്ധ്യാപകൻ ഉൾപ്പെടെയുള്ളവർ ചേർന്നായിരിക്കാം ആ സ്കൂളിന് അന്ന് തീ വെച്ചിട്ടുണ്ടാവുക.
തുടർന്ന് നടന്ന സമരങ്ങളും ബില്ലുകളുമൊക്കെയാണ് കീഴാളർ എന്ന് വിളിക്കപ്പെട്ടവരെ സ്കൂളിലേക്കും ക്ലാസ് മുറികളിലേക്കും എത്തിച്ചത്. ഇരുപതാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ മലയാളിയുടെ ക്ലാസ് മുറിയിലേക്ക് കയറിയ ആ മനുഷ്യർ പരിഗണിക്കപ്പെട്ടതും ജാതി വികാരങ്ങളാൽത്തന്നെയാണ് എന്നതിന് വീണ്ടും ചരിത്രം സാക്ഷി. വായനയുടെ ഓർമ്മയിൽ അങ്ങനെ എത്രയോ അധ്യാപക അധ്യായങ്ങളുണ്ട്. അതിലൊന്ന് തിക്കോടിയൻ്റെ 'അരങ്ങു കാണാത്ത നടൻ' എന്ന ആത്മകഥയിൽ തൻ്റെ അദ്ധ്യാപകനെക്കുറിച്ചുള്ള ഭാഗമാണ്. അതെപ്പോഴും ഓർമ്മയുടെ ഒന്നാം പടവിൽത്തന്നെയാണ്. അതിങ്ങനെ:
‘‘എൻ്റെ ക്ലാസ്സിൽ അന്ന് അയിത്തജാതിക്കാർ അഞ്ചു പേരുണ്ടായിരുന്നു. അവരഞ്ചുപേർക്കും ഇരിക്കാൻ പ്രത്യേക ബെഞ്ചാണ്. മറ്റു കുട്ടികളോട് കൂടി കളിക്കാനോ കൂട്ടുചേരാനോ അവർക്കവകാശമില്ല. പഠിക്കാതെ വരുന്നവർക്കും കുറ്റം ചെയ്യുന്നവർക്കും അന്നു കഠിനശിക്ഷ കിട്ടും. നല്ല വയനാടൻ ചൂരൽ കുരിക്കളുടെ മേശയിലുണ്ട്. അതു പുറത്തെടുക്കുമ്പോൾ കുറ്റം ചെയ്തവൻ കൈരണ്ടും ഒരുമിച്ചുചേർത്തു മുന്നോട്ടു നീട്ടണം. കൈവെളളകൾ മലർത്തിക്കാട്ടണം. ആദരവോടെ, അമ്പലത്തിൽ നിന്നും പ്രസാദം വാങ്ങുമ്പോലെ, കുരിക്കളുടെ തല്ലു സ്വീകരിക്കണം. കരയാം. കണ്ണീരൊഴുക്കാം. പക്ഷേ, ശബ്ദം പുറത്തു കേൾക്കരുത്. കേട്ടാൽ ശിക്ഷയുടെ അളവും തൂക്കവും വർദ്ധിക്കും.
എന്നാൽ അയിത്തക്കാരായ കുട്ടികളുടെ കാര്യത്തിൽ ശിക്ഷ നടപ്പാക്കുന്ന രീതി വ്യത്യസ്‌തമാണ്. അവർ കൈനീട്ടി തല്ലു വാങ്ങാൻ പാടില്ല. കാരണം തല്ലു വീഴുമ്പോൾ അയിത്തം ചൂരലിലൂടെ ഇഴഞ്ഞു കയറി കുരിക്കളുടെ ശരീരത്തിലെത്തും. കുരിക്കൾ ശുദ്ധം മാറും. അയിത്തം വിദ്യുച്ഛക്തിപോലെ തൊട്ടാൽ അള്ളിപ്പിടിക്കുന്ന ഒരു വസ്തുവായിരുന്നു. അതുകൊണ്ട് ശിക്ഷ വിധിക്കപ്പെട്ട അയിത്തക്കാരൻ ഉടുമുണ്ട് മുട്ടോളം പൊക്കി കണങ്കാലിന്റെ മാംസളമായ ഭാഗം പ്രദർശിപ്പിച്ചുകൊണ്ടു നില്ക്കണം. കുരുക്കൾ ചൂരൽ ആഞ്ഞുവീശി എറിയും. സ്വാഭാവികമായും ജീവനുള്ള ഏത് ജന്തുവും അങ്ങനെയൊരു ആക്രമണം വരുമ്പോൾ തെന്നിമാറുമെന്നു തീർച്ചയല്ലേ? പലപ്പോഴും ശിക്ഷയ്ക്കു വിധേയനായ കുട്ടി ഏറു വരുമ്പോൾ അങ്ങനെചെയ്യും. ഏറു ലക്ഷ്യം പിഴയ്ക്കും. അപ്പോൾ കുരിക്കൾ അലറും:
“എടാ, ഞാൻ ശുദ്ധം മാറണോ? ഏ? മാറണോ? മാറിയാൽ നിനക്കു നന്നാവില്ലാ’’.
പിന്നേയും എറിയും. പിന്നേയും കുട്ടി മനഃപ്പൂർവ്വമല്ലാതെ നീങ്ങുകയോ നിരങ്ങുകയോ ചെയ്യും. പിന്നെ രൗദ്രഭീമൻ്റെ അരങ്ങുതകർക്കലാണ്. ശുദ്ധം മാറിയ കുരിക്കൾ മറ്റൊരു കുരിക്കളെ സഹായത്തിനു വിളിക്കും, അയിത്തക്കാരനെപ്പിടിച്ചു ബെഞ്ചിൽ കമഴ്ത്തിക്കിടത്തും. സഹായി, കുട്ടിയുടെ കൈ രണ്ടും ബലമായി ബെഞ്ചോടു ചേർത്തുപിടിക്കും. ചൂരൽ ചൂളംവിളിയോടെ ആഞ്ഞാഞ്ഞു പാവപ്പെട്ട കുട്ടിയുടെ പൃഷ്ഠത്തിൽ വീഴും. അയിത്തത്തിൻ്റെ തേർവാഴ്ച വിദ്യാലയങ്ങളിൽപ്പോലും അങ്ങനെയായിരുന്നു’’.
ആത്മകഥയിലെ ഈ ഭാഗം വായിക്കുമ്പോൾ അടിയന്തരാവസ്ഥക്കാലത്തെ ജയിൽ മുറികളെക്കുറിച്ചോ കോൺസൺട്രേഷൻ ക്യാമ്പുകളെക്കുറിച്ചോ ആണ് നാം വായിച്ചു തുടങ്ങിയതെന്ന് തെറ്റിദ്ധരിക്കും. അധ്യാപകരുടെ നേതൃത്വത്തിൽ അത്രമാത്രം ഭീകരത അരങ്ങേറിയ ക്ലാസ്മുറികൾ.

അതെ; കേരളം കടന്നുവന്ന ക്ലാസ് മുറികളാണിത്.
പ്രമുഖ സാമ്പത്തികശാസ്ത്ര പണ്ഡിതനും ചിന്തകനും ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിലെ പ്രൊഫസറുമായിരുന്ന എം. കുഞ്ഞാമൻ്റെ ‘എതിര്’ എന്ന ഓർമക്കുറിപ്പിലെ പൊള്ളിക്കുന്ന ഒരു ഭാഗം തൻ്റെ അദ്ധ്യാപകനെക്കുറിച്ചുള്ള ഓർമ്മകളാണ്.
‘‘കുട്ടികൾക്ക് ഭയവും ബഹുമാനവുമുണ്ടായിരുന്ന ഒരു അധ്യാപകനുണ്ടായിരുന്നു. മൂന്നാം ക്ലാസിൽ. അദ്ദേഹം എന്നെ പേര് വിളിക്കില്ല. പാണൻ എന്നാണ് വിളിക്കുക. ബോർഡിൽ കണക്ക് എഴുതി: ‘പാണൻ പറയെടാ’ എന്നുപറയും. സഹികെട്ട് ഒരിക്കൽ ഞാൻ പറഞ്ഞു: “സാർ എന്നെ ജാതിപ്പേര് വിളിക്കരുത്, കുഞ്ഞാമൻ എന്നു വിളിക്കണം.”
“എന്താടാ നിന്നെ ജാതിപ്പേര് വിളിച്ചാൽ" എന്നുചോദിച്ച് ചെകിട്ടത്ത് ആഞ്ഞടിച്ചു. അയാൾ നാട്ടിലെ പ്രമാണിയാണ്. എവിടെടാ പുസ്‌തകം എന്ന് ചോദിച്ചു. ഇല്ലെന്നു പറഞ്ഞപ്പോൾ കഞ്ഞി കുടിക്കാനാണ് വന്നത്, പഠിക്കാനല്ല എന്നായി പരിഹാസം. അടിയേറ്റ് വിങ്ങിയ കവിളുമായാണ് വീട്ടിലെത്തിയത്. അമ്മയോട് കാര്യം പറഞ്ഞു, അവർ പറഞ്ഞു: "നമുക്ക് ഒന്നും ചെയ്യാൻ പറ്റില്ല മോനേ, നന്നായി വായിച്ച് പഠിക്കൂ”.
അന്ന് ഞാൻ സ്കൂളിലെ കഞ്ഞികുടി നിർത്തി. ഉച്ചഭക്ഷണസമയത്ത് ഒരു പ്ലാവിൻ്റെ ചോട്ടിൽ പോയിരിക്കും. എന്നെ മർദ്ദിച്ച മാഷ് ഒരു ദിവസം അടുത്തുവന്നു: "കുഞ്ഞാമാ, പോയി കഞ്ഞി കുടിക്ക്." അന്നാണ് അദ്ദേഹം ആദ്യമായി എന്നെ പേര് വിളിക്കുന്നത്.
“വേണ്ട സർ."
“ഞാൻ അങ്ങനെ പറഞ്ഞതുകൊണ്ടാണോ?"
“സർ പറഞ്ഞതിൽ തെറ്റൊന്നുമില്ല, കഞ്ഞി കുടിക്കാൻ വേണ്ടി മാത്രമാണ് ഞാൻ വന്നിരുന്നത് പക്ഷേ, ഇനി എനിക്കു കഞ്ഞി വേണ്ട, എനിക്കു പഠിക്കണം.”
ആ അധ്യാപകൻ്റെ മർദ്ദനം ജീവിതത്തിലെ വഴിത്തിരിവായി. കാരണം. കഞ്ഞി കുടിക്കാനല്ല പഠിക്കുന്നത് എന്ന തിരിച്ചറിവുണ്ടായി. തുടർച്ചയായി വായനതുടങ്ങി’’.
ആ വായനയാണ് കുഞ്ഞാമൻ എന്ന വിദ്യാർത്ഥിയെ ഡോ. കെ.ആർ നാരായണനു ശേഷം എം.എ സാമ്പത്തിക ശാസ്ത്രത്തിൽ ഒന്നാം റാങ്ക് നേടിയ ആദ്യ കേരളീയനാക്കിയത്. പിന്നീട് അധ്യാപകനെന്ന നിലയിൽ അദ്ദേഹമാർജിച്ച മേൽവിലാസങ്ങളെല്ലാം ചരിത്രത്തിൻ്റെ ഭാഗമാണ്. അക്കാദമിക് മേഖലയിൽ നിന്നും പൊതു ഇടങ്ങളിൽ നിന്നും അവഗണനകളുടെയും തിരസ്കാരങ്ങളുടെയും തുടർജീവിതം അദ്ദേഹത്തിന് ഏറ്റുവാങ്ങേണ്ടി വന്നപ്പോഴെല്ലാം മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ അധ്യാപകനെ ചോദ്യം ചെയ്ത ആ ഊർജ്ജം അദ്ദേഹം ജീവിതകാലം മുഴുവൻ കൊണ്ടുനടന്നിരുന്നു. പ്രവൃത്തിയിലും ചിന്തയിലും ഇങ്ങനെ ജാതി വിവേചനം കാണിച്ചു കൊണ്ടിരിക്കുന്നവരുടെ അധ്യാപകവംശം പൂർണമായും കുറ്റിയറ്റുപോയോ എന്ന കാര്യത്തിൽ ഇപ്പോഴും സംശയമാണ്.
ഈ പീഡനങ്ങളൊക്കെ പഠനാലയങ്ങളിലായിരുന്നു എന്നത് അതിശയോക്തിയല്ല. സമൂഹത്തിൽ നടന്ന ജനാധിപത്യ പക്രിയകൾക്കിടയിൽ ജാതി സമീപനങ്ങളിൽ കാലക്രമേണ മാറ്റമുണ്ടായെങ്കിലും അധ്യാപകൻ എന്ന രൂപത്തിൽ കർക്കശക്കാരനായ ഒരാളെത്തന്നെയാണ് തിക്കോടിയനുശേഷമുള്ള തലമുറയുടെയും ഓർമ്മയിലുള്ളതെന്ന് കാണാം. സ്ഫടികം എന്ന സിനിമയിലെ ചാക്കോ മാഷുടെ ഛായയുള്ള എത്രയെത്ര പേർ.
ദീർഘകാലം അധ്യാപകനായി ജോലി ചെയ്ത എഴുത്തുകാരൻ കല്പറ്റ നാരായണൻ മാഷ് തൻ്റെ സ്കൂൾ ജീവിതത്തെക്കുറിച്ചെഴുതുമ്പോൾ ഉപയോഗിച്ച ശീർഷകം "നീ പഠിച്ചതെവിടെ പാപ" എന്നാണ്. ആ ഓർമ്മ തുടങ്ങുന്നതിങ്ങനെയാണ്:
"രൂക്ഷമായ ശിക്ഷാരീതികളുള്ള ഒരു മധ്യകാല ജയിൽ എന്ന പോലെ ഞാനെൻ്റെ സ്കൂളിൽ കഴിഞ്ഞു. ചോദ്യം ചെയ്യലുകളുടെയും അപമാനങ്ങളുടെയും കൈയേറ്റങ്ങളുടെയും നാളുകൾ എന്നെങ്കിലും അവസാനിക്കുമെന്ന് എനിക്കൊരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല. ഒഴിവു ദിവസങ്ങളിൽ വിസ്തരിച്ചു കുളിപ്പിക്കുമ്പോൾ അമ്മ തുടയിലെയും കൈയിലേയും കാതിലെയും പാടുകൾ നോക്കി നിനക്ക് പഠിച്ചാലെന്താ മോനേ എന്ന് ചോദിച്ചു''.
നോക്കൂ മലയാളിയുടെ സ്കൂളോർമ്മയാണിത്. നാം എപ്പോഴും ആദർശവൽക്കരിച്ച സ്കൂളുകൾ. ഇതുപോലെ ആഖ്യാനം ചെയ്യപ്പെടാത്തതെത്രയധികമുണ്ടാവും. ചരിത്രത്തിലെ അധ്യാപകർ മുഴുവൻ കുറ്റവാളികളാണ് എന്നല്ല. പക്ഷെ ഒരു കുറ്റവും ചെയ്യാത്ത കുട്ടികൾ പഠനത്തിൻ്റെ പേരിൽ പീഡനമനുഭവിച്ച പോലീസ് സ്റ്റേഷനുകൾ കൂടിയായിരുന്നു നമ്മുടെ സ്കൂളുകളെന്നത് ഓർമ്മകളിലൂടെയും ഫിക്ഷനുകളിലൂടെയും നമ്മുടെ ചരിത്രത്തിൽ അടയാളപ്പെട്ടുകഴിഞ്ഞു എന്നോർമ്മിപ്പിക്കുക മാത്രമാണ്.

തമിഴ് മലയാളം എഴുത്തുകാരൻ ജയമോഹൻ്റെ ആദ്യ മലയാള പുസ്തകമായ ‘നെടുമ്പാതയോര’ത്തിൽ മകൻ അജിതനെ സ്കൂളിൽ ചേർത്ത ഒരനുഭവം പങ്കുവെക്കുന്നതിങ്ങനെയാണ്. ‘നാം കുട്ടികളെ നമ്മുടെ ഒപ്പം ചെറുതാക്കുവാനാണ് പള്ളിക്കൂടങ്ങൾ ഉണ്ടാക്കിയെടുത്തത്’ എന്ന നിത്യചൈതന്യ യതിയുടെ വാക്യത്തിനുശേഷം ജയമോഹൻ ഇങ്ങനെ എഴുതി:
‘‘പക്ഷെ, അജിതനെ സ്കൂളിലേക്ക് അയക്കേണ്ടിവന്നു. മൂന്നു വയസ്സാകുന്നതിന് മുമ്പ് തന്നെ ഒരു ഉച്ചയ്ക്ക് വീട്ടിൽ ആയയും അവനും മാത്രമുള്ളപ്പോൾ ഓഫീസിൽ നിന്നു മടങ്ങുന്ന അമ്മയ്ക്ക് ചായയിടാൻ അടുപ്പിൽ പാത്രം വെച്ച് ഗ്യാസ് തുറന്നുവിട്ട് അവൻ കാത്തിരുന്നു. തൊട്ടടുത്ത വീട്ടിലെ സ്ത്രീ ഇടപെട്ടതിനാൽ ഒന്നും സംഭവിച്ചില്ല. എന്നിട്ട് അവനെ നീ ഗ്യാസ് ചേംബറിലേക്ക് അയച്ചു എന്ന് യതി’’.
അറിവുകളും ആശയങ്ങളും അനുഭൂതികളും പരസ്പരം കൈമാറി വളരേണ്ട കുട്ടികൾ ഗ്യാസ് ചേംബറിനു സമാനമായ അന്തരീക്ഷത്തിലേക്കാണയക്കപ്പെടുന്നത് എന്നത് ഒരു വിദ്യാഭ്യാസ വിചക്ഷണൻ തന്നെ പങ്കുവെച്ചത് അധ്യാപനത്തിൽ ഭൂരിഭാഗവും ആധുനികോൻമുഖരല്ല എന്നതുകൊണ്ടാവാം.
ആധുനിക മനഃശാസ്ത്ര പഠനത്തിൻ്റെ വെളിച്ചത്തിൽ സ്കൂളിലേക്കു കയറിവരുന്ന അധ്യാപകരുടെ ചരിത്രം ഇങ്ങനെയെങ്കിൽ മതപഠന വിദ്യാലയങ്ങളിൽ ഇതേ ഭീകരതയുടെ മറ്റൊരധ്യായം തന്നെയാണ്. 2025- ൽ ഇറങ്ങിയ ഷംസുദ്ദീൻ കുട്ടോത്ത് എഴുതിയ ‘ഇരിച്ചാൽ കാപ്പ്’ എന്ന നോവലിലെ കേന്ദ്രകഥാപാത്രമായ റൂമിയുടെ ഓർമ്മയിലെ മദ്രസാധ്യാപകൻ ഇങ്ങനെയാണ്:
"വടിയുമായി വരുന്ന കുറ്റക്കാരനായ വിദ്യാർഥിയെ ആദ്യം മേശയുടെ അടിഭാഗത്ത് തലകുനിച്ച് നിർത്തും. പിന്നെ, മദ്രസ മുഴുവൻ കേൾക്കെ അവൻ ചെയ്‌ത തെറ്റ് ഉച്ചത്തിൽ വിളിച്ചുപറയും. അത് പലപ്പോഴും ഖുർആൻ ഓതുമ്പോൾ സൂറത്തിൽ വരുന്ന പിഴവോ മൊയ്ല്യാർ ക്ലാസെടുക്കുമ്പോൾ ശ്രദ്ധിക്കാതിരുന്നതോ മറ്റോ ആയിരിക്കും. ഉടുത്തിരുന്ന ഒറ്റമുണ്ട് പൊന്തിച്ചു പിടിച്ച് ചന്തിയിലാണ് ആദ്യത്തെ അടി. വായുവിലുരയുന്ന വടി ചന്തിയിൽ ചുവന്ന വരയിടും. അടി കിട്ടുന്നവൻ്റെ കണ്ണിൽനിന്നും ചോരക്കണ്ണീരിറ്റും. മൊയ്ല്യാരുടെ മുഴുവൻ ഊക്കും തുടർന്നുള്ള അടികളിലുണ്ടാകും. അടി കൊള്ളുന്നയാൾ വേദനിച്ച് പുളയുന്നത് കാണുമ്പോൾ അന്തു മൊയ്ല്യാർക്ക് ഹാലിളകും. കുപ്പായത്തിൻ കൈ മുകളിലേക്ക് മടക്കിക്കയറ്റി പഴയതും പുതിയതും മറ്റുള്ളവരുടേതുമായ കുറ്റങ്ങൾ വിളിച്ചു പറഞ്ഞുകൊണ്ട് അടി തുടരും. ഭ്രാന്തിളകിയതുപോലെ സ്വയം മറന്നുള്ള അടികളായിരിക്കും പിന്നീട്. വടി പൊട്ടിച്ചിതറുമ്പോഴാണ് അടി നിർത്തുക. അടി തുടങ്ങിയാൽ കുട്ടികൾക്കിടയിൽ മുറുമുറുപ്പുകൾ ഉയരും. ചിലർ കണ്ണ് പൊത്തും. ചിലർ മൊയ്ല്യാരെ പ്രോത്സാഹിക്കുന്നപോലെ രസിക്കും. ഇത്തരത്തിൽ സ്ഥിരം അടി വാങ്ങുന്ന ചിലരുണ്ടായിരുന്നു മദ്രസ യിൽ’’.

ഈ ആഖ്യാനങ്ങളിലൂടെയെല്ലാം കടന്നു പോകുമ്പോൾ ഇത്രകാലവും അധ്യാപകനെന്ന നിലയിൽ അവർ ചെയ്തുകൊണ്ടിരുന്നതെല്ലാം തെറ്റായിരുന്നു എന്ന തോന്നലാണ് ബാക്കിയാവുക. വിജ്ഞാനത്തിനപ്പുറത്ത് സ്നേഹരഹിതമായ അച്ചടക്കത്തിൻ്റെ പാതയിലേക്കുള്ള നിരന്തരമായ ഈ ശിക്ഷണം ഒരു സൈനിക കേന്ദ്രത്തിലെന്നതുപോലെയാണ്. ഇത്രയും ഓർമ്മകൾ പുറത്തുവന്നിട്ടും പൊതുസമൂഹത്തിൽ ഒരു വിഭാഗം ഇപ്പോഴും വടിയും അപമാനവുമായി കടന്നുവരുന്ന ഇങ്ങനെയുള്ള അധ്യാപകനെത്തന്നെയാണ് ആദർശാത്മക അധ്യാപകവേഷത്തിൽ ഇപ്പോഴും കൊണ്ടുനടക്കുന്നത്. ആധുനികാന്തര മനഃശാസ്ത്രങ്ങൾക്കും വിദ്യാഭ്യാസ സമീപനങ്ങൾക്കുമപ്പുറത്ത് കഠിനമായ ശിക്ഷാരീതിയിലൂടെ മാത്രമേ കുട്ടികളെ 'നേർവഴി' യിലേക്ക് നയിക്കാനാവൂ എന്ന പ്രാകൃതവിചാരം തന്നെയാണ് ഇപ്പോഴും നമ്മുടെ സമൂഹത്തിലുള്ളത്. അതുകൊണ്ടാണ് സ്കൂളിലെ അച്ചടക്കത്തിനു വിരുദ്ധമായി ഏതെങ്കിലും കുട്ടികളിൽ നിന്ന് ഒരു ചെറുചലനമുണ്ടായാൽ അധ്യാപകർക്ക് വടി തിരികെ കൊടുക്കൂ എന്ന ആഹ്വാനമുയരുന്നത്.
അച്ചടക്കം ആവശ്യമില്ലെന്നല്ല. അത് അധികാരമുള്ള ഒരാൾ മറ്റൊരാളെ പഠിപ്പിക്കുന്ന സൈനിക പരിശീലന രീതിയിലല്ല വളർത്തിയെടുക്കേണ്ടത്.
അച്ചടക്കം ആവശ്യമില്ലെന്നല്ല. അത് അധികാരമുള്ള ഒരാൾ മറ്റൊരാളെ പഠിപ്പിക്കുന്ന സൈനിക പരിശീലന രീതിയിലല്ല വളർത്തിയെടുക്കേണ്ടത്. സ്നേഹവും സ്വാതന്ത്ര്യവും മനഃശാസ്ത്രപരമായ സമീപനങ്ങളും മാത്രമാണ് അതിനുള്ള മാർഗദർശി. അധ്യാപകസാന്നിധ്യമില്ലാത്ത ക്ലാസ്മുറികളിൽ അച്ചടക്കത്തിന്റെ പേരിൽ കുട്ടികൾ പരസ്പരം സംസാരിക്കുന്നതുപോലും കുറ്റവാളികളുടെ ലിസ്റ്റ് തയ്യാറാക്കാനുള്ള സമയമായിട്ടാണ് നമ്മുടെ ടീച്ചർമാർ കണ്ടുകൊണ്ടിരുന്നത്. മറ്റൊരു കുട്ടിയോട് സംസാരിച്ചതിന് ബഞ്ചിൽ കയറ്റിനിർത്തിയത് എത്രമാത്രം വേദനാകരമാണെന്നും ജീവിതം തന്നെ മാറിപ്പോയതിന് കാരണമാകുന്നതെന്നുമറിയണമെങ്കിൽ ജി.ആർ. ഇന്ദുഗോപൻ എഴുതിയ ‘തസ്കരൻ എന്ന മണിയൻപിള്ളയുടെ ആത്മകഥ’ വായിച്ചാൽ മതി:

"ക്ലാസിൽ സാർ ഇല്ലാത്തപ്പോൾ മിണ്ടുന്നവരുടെ പേര് എഴുതിക്കൊടുത്ത് മറ്റുള്ളവർക്ക് തല്ലു വാങ്ങിക്കൊടുക്കുന്നത് ഞാനായിരുന്നു. ഒരു ദിവസം നോട്ടുബുക്കും ടെക്സ്റ്റും ഇല്ലാത്തതിന് എന്നെ ബെഞ്ചിന്റെ മുകളിൽ കയറ്റിനിർത്തി. എല്ലാ പിള്ളേരും ചിരിയോടെ ചിരി. ഇൻ്റർവെൽ സമയത്ത് ചിലർ കളിയാക്കി. ഒരുത്തനിട്ടൊന്ന് കൊടുത്തു. പിന്നെ സ്കൂളിൽ പോയില്ല. ഏറ്റവും നല്ല വര എന്റേതാണെന്ന് ഡ്രോയിങ് സാറ് പറഞ്ഞിട്ടുണ്ട്. അതെല്ലാം പോയതിൽ സങ്കടം തോന്നി. പിന്നെ തോന്നിയത് പോലെ നടന്നു. മറ്റു കൂട്ടുകാർ സ്കൂളിൽ പോകുമ്പോൾ വേദനയായി’’.
ബാല്യത്തിൽ അച്ഛൻ്റെ മരണത്തോടെ ദരിദ്ര സാഹചര്യത്തിലേക്ക് നീങ്ങിയ കുടുംബത്തിൽനിന്നും സ്കൂളിലെത്തിയ മണിയന്റെ ജീവിതം ആറാം ക്ലാസിൽ അവസാനിച്ചത് ഇങ്ങനെയായിരുന്നു. പിന്നീട് താൻ കള്ളനായി ജീവിക്കേണ്ടിവന്നതിൻ്റെ കാരണം പോയി തൊടുന്നത് ഒരു അധ്യാപകനിൽത്തന്നെയാണ് എന്നത് സങ്കടകരം.ഇങ്ങനെ ജീവിതം മാറ്റിയ എത്രയെത്ര പേർ.
"ബഞ്ചിനുമേലെ കയറ്റിനിറുത്തിയെൻ, പിഞ്ചുഹൃദയം ചതച്ച ഗുരുവിനെ"
എന്ന് തൻ്റെ ബാല്യകാലത്തെക്കുറിച്ച് 'ഓർമ്മകളുടെ ഓണത്തിൽ' കവി ബാലചന്ദ്രൻ ചുള്ളിക്കാട്.
"ഒരു കുട്ടി എത്രത്തോളം പ്രബുദ്ധനാകുന്നുവോ അത്രത്തോളം അച്ചടക്കരഹിതനാകുന്നു. ഒരു കുട്ടി എത്രത്തോളം വിഡ്ഢിയാകുന്നുവോ അത്രത്തോളം അച്ചടക്കമുള്ളവനുമായിത്തീരുന്നു" എന്ന് ഓഷോ
"ഒരു കുട്ടി എത്രത്തോളം പ്രബുദ്ധനാകുന്നുവോ അത്രത്തോളം അച്ചടക്കരഹിതനാകുന്നു. ഒരു കുട്ടി എത്രത്തോളം വിഡ്ഢിയാകുന്നുവോ അത്രത്തോളം അച്ചടക്കമുള്ളവനുമായിത്തീരുന്നു" എന്ന് ഓഷോ അച്ചടക്കത്തെക്കുറിച്ച്. അച്ചടക്കം ഒരാളുടെ സർഗാത്മക പ്രവർത്തനങ്ങൾക്ക് എതിരാവരുത്. കുട്ടിയുടെ മനസിൻ്റെയും ഹൃദയത്തിൻ്റെയും ഉള്ളിൽ നിന്ന് സ്വാഭാവികമായി ഉണ്ടാവുന്ന നിലയിലേക്കുള്ള സമീപനമല്ലാതെ ഹിംസയുടെ വഴി ആരെയും മുന്നോട്ടു നടത്തില്ല. ജയമോഹൻ തന്റെ മകനെക്കുറിച്ചുള്ള കുറിപ്പിൽ ബാക്കി ഇങ്ങനെ എഴുതുന്നു:
"ആ സ്ഥാപനത്തിലെ ഏറ്റവും വലിയ പ്രശ്നം അതാണെന്ന് അപ്പോൾ ഞാനറിഞ്ഞു. ഇരിക്കാൻ പറയുക. അങ്ങനെയൊരു ശീലം തന്നെ അവനില്ല. ഒരുപക്ഷേ പള്ളിക്കൂടങ്ങളുടെ പരമലക്ഷ്യം തന്നെ അതാവും. ഇരുത്തുക. കസേരകളിൽ, സ്ഥാനമാനങ്ങളിൽ, നിയമങ്ങളിൽ, ആശയങ്ങളിൽ, പക്ഷേ മനുഷ്യന്റെ ഘടന ഇരിക്കുവാൻ വേണ്ടിയുള്ളതല്ല. ഇരിപ്പുറയ്ക്കാത്തവർ ഉണ്ടാക്കിയതാണ് നാം കാണുന്ന മഹത്വങ്ങൾ മുഴുവൻ".
യാഥാസ്ഥിതിരായ അച്ചടക്കവാദികൾ തങ്ങളുടെ അധ്യാപനത്തിനിടയിൽ ഈ അവസാന വാക്യങ്ങൾ എപ്പോഴും ഓർക്കുന്നത് നല്ലതാണ്.
അധ്യാപകർ എപ്പോഴും ആധുനിക മനുഷ്യരായിരിക്കണം. ആധുനിക മനുഷ്യനാവുക എന്നാൽ ആധുനിക മൂല്യങ്ങൾ ഉൾക്കൊള്ളുക എന്നാണ്. അങ്ങനെയല്ലാത്തതിന് ഇനിയുമുദാഹരണങ്ങൾ ഭാവിയിൽ അധ്യാപകൻ്റ പേരിൽ എഴുതപ്പെടരുത്. നമ്മുടെ ചുറ്റിലുമുണ്ടാകുന്ന ഉണർവ്വുകൾക്ക് ടീച്ചർമാർ എപ്പോഴും ചെവികൊടുക്കണം. അല്ലെങ്കിൽ ചരിത്രം കുറ്റക്കാരെന്ന് വിധിക്കും. ഇങ്ങനെയെഴുതാൻ കാരണം സി.കെ. ജാനുവിൻ്റെ 'അടിമമക്ക' എന്ന ആത്മകഥയാണ്. ഇരുപതാം നൂറ്റാണ്ടിൽ ഇക്കണ്ട നവോത്ഥാന ഉണർവ്വുകളൊക്കെയുണ്ടായിട്ടും എഴുപതുകളുടെ ഒടുവിൽ ഒരു ആദിവാസി വിദ്യാഭ്യാസത്തിന് അർഹയാണ് എന്ന് ഒരു ടീച്ചർ ചിന്തിക്കാതെ പോയതെന്തുകൊണ്ടാവാം?. തീർച്ചയായും ഈ ഉണർവ്വുകൾക്ക് ചെവി കൊടുക്കാത്തതുകൊണ്ടു തന്നെയാവാം.

"അക്കാലത്ത് അടുക്കളപ്പണിക്കും കുട്ടികളെ നോക്കാനും ആളെ അന്വേഷിച്ചുവരുമായിരുന്നു. എൻ്റെ ഏഴാമത്തെ വയസിൽ വെള്ളമുണ്ട എട്ടേനാലിലെ ഹൈസ്കൂളിൽ പഠിപ്പിച്ചിരുന്ന മേരിക്കുട്ടി ടീച്ചറുടെ വീട്ടിൽ കുട്ടീനെ നോക്കാൻ ജോലിക്കു പോയി. സാധാരണ കുട്ടികളെപ്പോലെ അമ്മയെയും സഹോദരങ്ങളെയും വിട്ടു പോയപ്പോൾ സങ്കടമൊന്നും എനിക്ക് തോന്നിയിരുന്നില്ല. വയറു നിറയെ ഭക്ഷണം കഴിക്കണമെന്നായിരുന്നു ചിന്ത".
എല്ലാ മാസവും പത്തു രൂപ ശമ്പളത്തിന് ടീച്ചറുടെ ഇളയ മകളെ നോക്കി ജീവിതം നയിച്ച സി.കെ ജാനുവിൻ്റ ആത്മകഥ ടീച്ചറിപ്പോൾ വായിച്ചിട്ടുണ്ടാകുമോ? വായിച്ചെങ്കിൽ അന്നത്തെ അധ്യാപിക കുറ്റബോധം കൊണ്ട് നീറുന്നുണ്ടാവില്ലേ?
സാങ്കേതികമായി ലോകം എത്ര മുന്നോട്ടുപോയാലും കുട്ടികളെ കാത്തിരിക്കാൻ സ്കൂളുകളിൽ ടീച്ചർമാരുണ്ടാവും.
ഒഴിവുവേള എന്ന അർത്ഥമുള്ള സ്കോൾ എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് സ്കൂൾ എന്ന വാക്കിന്റെ ഉത്ഭവം. വിശ്രമസമയത്ത് തുടങ്ങിയ ആ ഇരിപ്പിടങ്ങളാണ് ചരിത്രത്തിൽ അറിവിൻ്റെയും അനുഭൂതിയുടെയും വലിയ പടവുകളായത്. കുട്ടികളെ ഭാഷയും ശാസ്ത്രവും ചരിത്രവും പഠിപ്പിക്കുക മാത്രമല്ല സമൂഹജീവി എന്ന നിലയിൽ അവരെ വാർത്തെടുക്കുകയും ചെയ്യുന്നതിൽ നിർണായക പങ്കാണ് സ്കൂളുകൾക്കുള്ളത്. അവിടെ ഏറ്റവും ആധുനികരായിരിക്കേണ്ടത് അധ്യാപകർ തന്നെയാണ്. ഭാവി എ.ഐ- യുടെതാണ്. അധ്യാപകരുടെ സ്ഥാനം എ.ഐ ഏറ്റെടുക്കുമെന്നും സ്‌കൂളുകള്‍ കുട്ടികളെ പരിപാലിക്കുന്ന കേന്ദ്രമായി മാറുമെന്നും ഡ്യുവലിംഗോ സി ഇ ഒയും സഹസ്ഥാപകനുമായ ലൂയിസ് വോണ്‍ ആന്‍ കഴിഞ്ഞ ദിവസമാണ് അഭിപ്രായപ്പെട്ടത്. എന്നാൽ അധ്യാപകർ ഒരിക്കലും ഇല്ലാതാകില്ല എന്നദ്ദേഹം ഉറപ്പിച്ചു പറയുന്നുണ്ട്. സാങ്കേതികമായി ലോകം എത്ര മുന്നോട്ടുപോയാലും കുട്ടികളെ കാത്തിരിക്കാൻ സ്കൂളുകളിൽ ടീച്ചർമാരുണ്ടാവും. സ്നേഹത്തിന്റെയും ജനാധിപത്യത്തിന്റെയും മൂല്യബോധത്തിൻ്റെയും പുതിയ ഇടങ്ങൾ സൃഷ്ടിക്കാൻ യാഥാസ്ഥിതികരല്ലാത്ത പരിവർത്തനവാദികളായ ആധുനിക മൂല്യബോധമുള്ള അധ്യാപകർ നമുക്കുണ്ടാകേണ്ടതുണ്ട്. ഇൻ്റർനെറ്റിൻ്റെ ഈ കാലത്തും അവരെത്തേടി കുട്ടികൾ പുറപ്പെടുന്നത് അതുകൊണ്ടാണ്.

2023- ൽ iffk യിൽ പ്രദർശിപ്പിച്ച റോമി മെയ് തെയ് സംവിധാനം ചെയ്ത Our Home എന്ന ചിത്രം ജീവിതത്തിൻ്റെ കഠിനപാത താണ്ടിയെത്തുന്ന ഒരു കുട്ടിയെ കുറിച്ചാണ്. ഒരു സഞ്ചിയിൽ തൻ്റെ പാഠപുസ്തകങ്ങൾ കെട്ടിത്തൂക്കി ലോക് തജ് തടാകം നീന്തിക്കയറിയാണ് ചൗരൻ എന്ന കുട്ടി ഓരോ ദിവസവും സ്കൂളിലെത്തുന്നത്. അവനെ കാത്തിരിക്കാൻ ആ സ്കൂളിൽ ഒരു അധ്യാപകനുണ്ട്. വടക്കു കിഴക്കൻ ഇന്ത്യയിൽ നിന്ന് വന്ന ഈ സിനിമ യഥാർത്ഥ കഥയെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു.
ഇതുപോലെ കൊളംബോയിലെ ലോസ് പിനോസ് ഗ്രാമത്തിൽ നിന്ന് സ്റ്റീൽ കേബിളുകളിൽ തൂങ്ങി സ്കൂളിലേക്ക് പോകുന്ന കുട്ടികളെയും പാറക്കെട്ടുകളിലൂടെ കെട്ടിയ ഗോവണി കയറി സ്കൂളിൽ എത്തുന്ന കുട്ടികളെയുമൊക്കെ ലോകം കണ്ടുകൊണ്ടിരിക്കുന്നുണ്ട്. തീർച്ചയായും അവിടെയൊക്കെ ആ കുട്ടികളെയും കാത്ത് ഇക്കാലത്തിൻ്റെ അധ്യാപകർ കാത്തിരിക്കുന്നുണ്ടാവും.

അധ്യാപനത്തെക്കുറിച്ചുള്ള ആഖ്യാനങ്ങളിലും കാഴ്ചകളിലുമൊക്കെ നിറഞ്ഞാലും അധ്യാപകൻ എന്ന പദവിയിൽ സ്കൂളിലെത്തുമ്പോൾ പഴയ കർക്കശക്കാരൻ്റെ നിഴൽ പിടികൂടുന്നതിൽ നിന്ന് ഇപ്പോഴും എളുപ്പം പുറത്തുകടക്കാൻ കഴിയാറില്ലെന്നതാണ് യാഥാർത്ഥ്യം. ക്ലാസിൽ അലസനായിരിക്കുകയോ ബബിൾഗം ചവയ്ക്കുകയോ ചെയ്യുന്ന കുട്ടിയോട് രണ്ടു ദിവസം തുടർച്ചയായി സംസാരിച്ച് തെറ്റുതിരുത്തണമെന്ന് പറഞ്ഞ് തിരിച്ചുപോയി തൊട്ടടുത്ത ദിവസം വീണ്ടും അതേ കുട്ടി ബബിൾഗം ചവയ്ച്ചിരിക്കുന്ന സന്ദർഭത്തിൽ, നിസ്സഹായരായ ടീച്ചർമാർ നമ്മളിലെ 'ആണധികാരത്തിൻ്റെ അധികാര ചരിത്രത്തിൽ' വിശ്വസിച്ച് കുട്ടിയെ ശാസിക്കാൻ വിളിക്കുമ്പോൾ, പഴയ നിഴലുകൾ അറിയാതെ വീണ്ടും പ്രത്യക്ഷമാവും. ശേഷം ഇതല്ല, ഇതല്ല അദ്ധ്യാപകൻ എന്ന കുറ്റബോധത്തിൽ വീണ്ടും തിരുത്താനാലോചിച്ച് പുതിയതിലേക്കുണരും. അങ്ങനെ പുതിയതാവാൻ ശ്രമിച്ച് ഇടയ്ക്ക് ചരിത്രത്തിൻ്റെ ഭാരം താങ്ങാനാവാതെ പരാജയപ്പെട്ട് വീണ്ടും പുതുക്കി മുന്നോട്ടു പോവുകയാണ്. അധ്യാ‘പക’ യില്ലാത്ത ഓർമ്മകൾ തേടിക്കൊണ്ട്.
ആരാണ് ഒരു നല്ല അദ്ധ്യാപകൻ?
അന്നത്തെ ആ അഭിമുഖത്തിൽ ഒരു മിനുറ്റ് കഴിയുന്നതിനുമുമ്പ് ഞാൻ എൻ്റെ ഉത്തരം പറഞ്ഞു:
"കുട്ടികളെ സ്കൂളിൽ വരാൻ പ്രേരിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സാന്നിദ്ധ്യം’’.
ടെൻഷനിടയിൽ ഇൻ്റർവ്യൂ ബോർഡിലുള്ളവരുടെ വികാരം പെട്ടെന്ന് മനസിലായില്ല. ഞാനപ്പോൾ ഓർത്തത് സ്കൂളുകളിൽ പൂത്തു കായ്ച്ചുനിൽക്കുന്ന നെല്ലിമരത്തെയും മാവിനെയുമൊക്കെയാണ്. ശേഷം ചോദ്യം ചോദിച്ച ആൾ ‘അല്ല’ എന്നുത്തരത്തെ തിരുത്തി.
അപ്പോൾ?
‘‘കുട്ടിയെ നന്നായി അറിയുന്ന ആൾ’’, അദ്ദേഹം പറഞ്ഞു.
അഭിമുഖമായതുകൊണ്ട് തർക്കിച്ചില്ല. ഒരു ചെറുചിരി മാത്രം മടക്കി.
പക്ഷെ ആ ചോദ്യം ഞാൻ എന്നോട് ഇപ്പോഴും ചോദിച്ചു കൊണ്ടിരിക്കുന്നു,
ആരാണ് ഒരു നല്ല അദ്ധ്യാപകൻ?