ഒരേതരം പൗരരും വിദ്യാർഥികളും ജനപ്രതിനിധികളും തൊഴിലാളികളും മാത്രമുള്ള വികസിത ഭാരതത്തിനുവേണ്ടിയുള്ള നിയമനിർമാണങ്ങളിലാണല്ലോ യൂണിയൻ സർക്കാർ. അത്തരമൊരു ഭാരതസൃഷ്ടിക്കുള്ള ഒരു സുപ്രധാന ബില്ല് സംയുക്ത പാർലമെന്ററി സമിതിയുടെ പരിശോധനയിലാണ്. പതിവുപോലെ, ബി.ജെ.പിയുടെ രാഷ്ട്രഭാഷയിലാണ് ബില്ലിന്റെ പേര്, വികസിത് ഭാരത് ശിക്ഷാ അധിഷ്ഠാൻ.
സ്വയംഭരണാധികാരവും ഫെഡറൽ അവകാശങ്ങളുമെല്ലാം പ്രയോഗിച്ച് വഷളാക്കിയ ഉന്നത വിദ്യാഭ്യാസ മേഖലയെ രക്ഷിക്കാൻ അവതരിച്ചതാണ് ശിക്ഷാ അധിഷ്ഠാൻ. സ്വയംഭരണാധികാരമുള്ള ഭരണഘടനാ സ്ഥാപനമായതുകൊണ്ടുതന്നെ യു.ജി.സിയോട് പണ്ടേ കലിപ്പിലാണ് യൂണിയൻ സർക്കാർ. ആ കലിപ്പ് മുഴുവനായി തീർത്തിട്ടുണ്ട് പുതിയ ബില്ലിൽ. ഇനി യു.ജി.സി തന്നെ ഉണ്ടാകില്ല. യു.ജി.സി മാത്രമല്ല, ആൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്‌നിക്കൽ എഡ്യുക്കേഷൻ, നാഷനൽ കൗൺസിൽ ഫോർ ടീച്ചേഴ്‌സ് എഡ്യുക്കേഷൻ തുടങ്ങി പലതരം നിയന്ത്രണ സംവിധാനങ്ങളൊന്നും ഇനിയില്ല, പകരം ഒരൊറ്റ അപ്പെക്‌സ് ബോഡി, ഒരേയൊരു കമീഷൻ: അതാണ് വികസിത് ഭാരത് ശിക്ഷാ അധിഷ്ഠാൻ.
ഉന്നത വിദ്യാഭ്യാസ മേഖലയിൽ യൂണിയൻ സർക്കാറിന്റെ സമ്പൂർണ ആധിപത്യം ഉറപ്പാക്കാനുള്ളതെല്ലാം കൃത്യമാണ്, ബില്ലിൽ. ദേശീയ വിദ്യാഭ്യാസ നയത്തിൻേറതാണ് ബില്ലിന്റെ ചട്ടക്കൂട്. ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഭരണവും മേൽനോട്ടവും കാര്യക്ഷമമാക്കാൻ ഒരൊറ്റ നിയന്ത്രണ അതോറിറ്റി വേണം എന്നത് ദേശീയ വിദ്യാഭ്യാസ നയത്തിലെ ശുപാർശയാണ്. അതുപ്രകാരം പുതിയ കമീഷനും അതിനുകീഴിൽ മൂന്ന് കൗൺസിലുകളും വരും.
1. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ വ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള റഗുലേറ്ററി കൗൺസിൽ.
2. സ്ഥാപനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാനുള്ള അക്രഡിറ്റേഷൻ കൗൺസിൽ
3. അക്കാദമിക് മികവ് ഉറപ്പാക്കാനുള്ള സ്റ്റാൻേറർഡ്‌സ് കൗൺസിൽ.
കമീഷന്റെയും കൗൺസിലുകളുടെയും തലപ്പത്തും സമ്പൂർണ 'സ്വയം ഭരണ'മായിരിക്കും. യൂണിയൻ സർക്കാർ രൂപീകരിക്കുന്ന സെലക്ഷൻ കമ്മിറ്റിയുടെ ശുപാർശ പ്രകാരം രാഷ്ട്രപതി നിയമിക്കുന്ന ചെയർപേഴ്‌സണും 12 അംഗങ്ങളുമുടങ്ങിയ സംവിധാനമായിരിക്കും ഭരിക്കുക. കമീഷൻ അധ്യക്ഷൻ വെറും ഓണററി. 12 അംഗങ്ങളിൽ പത്തുപേരും കേന്ദ്ര സർക്കാർ നേരിട്ട് നിയമിക്കുന്നവരോ നോമിനേറ്റ് ചെയ്യുന്നവരോ ആയിരിക്കും. അക്കാദമിക് വിദഗ്ധർ രണ്ടു പേർ മാത്രം. സംസ്ഥാനങ്ങളിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്നുള്ള പ്രൊഫസർ റാങ്കിൽ കുറയാത്ത അക്കാദമീഷ്യന്മാരാകണം ഇവർ. ഏത് സംസ്ഥാനം, എന്തുതരം വിദഗ്ധർ എന്നെല്ലാം കേന്ദ്രം സ്വയം തീരുമാനിക്കും. രാജ്യത്തെ ബഹുഭൂരിപക്ഷം മനുഷ്യരുടെ പ്രാതിനിധ്യം ഉറപ്പാക്കി ദേശീയതയ്ക്ക് കളങ്കമേൽപ്പിക്കാനൊന്നും ബില്ല് മുതിർന്നിട്ടില്ല. അതുകൊണ്ട് എസ്.സി, എസ്.ടി, ഒ.ബി.സി, ന്യൂനപക്ഷം, സ്ത്രീ, ട്രാൻസ് ജെന്റർ വിഭാഗങ്ങളെ അതീവ ശ്രദ്ധയോടെ പടിക്കുപുറത്തുനിർത്തിയിട്ടുണ്ട്.
സ്വേച്ഛാധികാരം സമ്പൂർണമാക്കുകയെന്ന ലക്ഷ്യത്തോടെ നയരൂപീകരണ സംവിധാനത്തിൽനിന്ന് ഫണ്ടിംഗിനെ വേർപെടുത്തിയിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള ഫണ്ടിംഗ് പുതിയ കമീഷന്റെ പരിധിയിലല്ല. കേന്ദ്ര വിദ്യാഭ്യാസ വകുപ്പാണ് ഫണ്ടിംഗ് തീരുമാനിക്കുക. മുമ്പ് യു.ജി.സിയും എ.ഐ.സി.ടി.ഇയുമെല്ലാം ഗ്രാന്റ് നൽകുമ്പോൾ യൂണിയൻ സർക്കാറിന് സ്വന്തം ഇഷ്ടം നടപ്പാക്കാനുള്ള സാഹചര്യം നിഷേധിക്കപ്പെട്ടിരുന്നു. അതിന് ഇപ്പോഴിതാ പരിഹാരമായിരിക്കുന്നു. ഇനി ബ്യൂറോക്രാറ്റിക്- രാഷ്ട്രീയ പരിഗണനകൾ തരാതരം ഫണ്ടിംഗിൽ കലർത്താം. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലെ യൂണിവേഴ്‌സിറ്റികളെ വിരട്ടിനിർത്താം. സർക്കാർ ഫണ്ടിംഗിനെ പൂർണമായൂം ആശ്രയിക്കുന്ന സെൻട്രൽ യൂണിവേഴ്‌സിറ്റികളെയും മറ്റും സമ്പൂർണമായി തന്നെ യൂണിയൻ സർക്കാറിന് നിയന്ത്രിക്കാം. സ്വന്തം താൽപര്യങ്ങൾ സംരക്ഷിക്കുന്ന തരത്തിൽ പബ്ലിക് ഫണ്ടിംഗിനെ ചരടുകളുള്ളതാക്കി മാറ്റാം. വ്യത്യസ്ത സ്റ്റാറ്റസുകളിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഫണ്ടിംഗ് ചരടിട്ട് കെട്ടി, 'ഒരു രാജ്യം ഒരു വിദ്യാഭ്യാസം' എന്ന ലക്ഷ്യത്തിലേക്ക് ഒരു ചുവടു കൂടി മുന്നേറാം. ഗ്രാമത്തിലും നഗരത്തിലുമുള്ള സ്ഥാപനങ്ങളെയും സംസ്ഥാനങ്ങളുടെയും കേന്ദ്രത്തിന്റെയും നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളെയും പ്രൊഫഷനലും ജനറലുമായ സ്ഥാപനങ്ങളെയും ടെക്‌നിക്കൽ സ്ഥാപനങ്ങളെയും ഗവേഷണ സ്ഥാപനങ്ങളെയുമെല്ലാം ഇങ്ങനെ വിജ്ഞാനവിപണിയുടെ ഡിമാന്റനുസരിച്ച് വളർത്തുകയോ കൊല്ലുകയോ ചെയ്യാം.
കമീഷൻ ആജ്ഞാപിക്കുന്ന ഗുണനിലവാരം പാലിക്കാത്ത സ്ഥാപനങ്ങൾക്ക് 10 ലക്ഷം മുതൽ രണ്ടു കോടി രൂപ വരെ പിഴയുണ്ട്. ഗ്രാന്റ് നിർത്താൻ ശുപാർശ ചെയ്യാം. വ്യവസ്ഥ ലംഘിച്ചാൽ അഫിലിയേഷനും റദ്ദാക്കാം.
കൺകറന്റ് ലിസ്റ്റിലുള്ള, ഫെഡറൽ അവകാശങ്ങളുള്ള ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഭരണഘടനാപരമായ എല്ലാ അവകാശങ്ങളെയും പുതിയ നിയമം വഴി മറികടക്കാം. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാത്രമല്ല, ഉന്നത വിദ്യാഭ്യാസ കൗൺസിൽ പോലെ സംസ്ഥാന സർക്കാർ നിയന്ത്രണത്തിലുള്ള സംവിധാനങ്ങളുടെ നിലനിൽപ് പോലും പ്രതിസന്ധിയിലാകും. കേന്ദ്ര സർവകലാശാലകൾ, ഐ.ഐ.ടികൾ, ഐ.ഐ.എമ്മുകൾ തുടങ്ങി ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങൾ കമീഷനു കീഴിലാകും. കരിക്കുലവും പാഠ്യപദ്ധതിയും ഡിസൈൻ ചെയ്യാനുള്ള ഈ സ്ഥാപനങ്ങളുടെ അവകാശം പരിമിതപ്പെടും, അവയുടെ സ്വയംഭരണം മിഥ്യയാകും.
വികസിത ഭാരതത്തിനായി, ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ ബി.ജെ.പി സർക്കാർ വികസിപ്പിച്ചെടുത്ത ഭാരതീയ ജ്ഞാനസംഹിതയുടെ തുടർച്ചയാകും സിലബസിൽ. വൈദിക ബ്രാഹ്മണ്യത്തിന്റെ പുരാണങ്ങളും വേദങ്ങളിലെ പരമാണു സങ്കൽപ്പവും ആശ്രമവ്യവസ്ഥയും രാമരാജ്യ സങ്കൽപ്പവുമെല്ലാം പഠിച്ച് സനാതന ഇന്ത്യനായി മാറാം. ജ്യോതിഷവും വേദിക് മാത്തമാറ്റിക്‌സും ഉൾപ്പെടുത്തി പരിഷ്‌കരിച്ച മാത്തമാറ്റിക്‌സ് കോഴ്‌സുകൾക്കെതിരെ രാജ്യത്തെ 900 ഗണിതശാസ്ത്ര പ്രൊഫസർമാർ ഈയിടെ രംഗത്തുവന്നിട്ടും കുലുങ്ങാത്ത കേന്ദ്ര വിദ്യാഭ്യാസ വകുപ്പാണ് നമ്മുടേത്.
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അന്തഃസ്സത്ത തന്നെ, എക്‌സ്‌ക്ലൂഷൻ പോളിസിയായത് ഈയൊരു ലക്ഷ്യത്തിനായാണ്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഒരു ഇംപാക്റ്റ് ഈയിടെ എസ്.എഫ്.ഐ ഒരു വാർത്താസമ്മേനത്തിൽ അവതരിപ്പിച്ചിരുന്നു: സമീപ വർഷങ്ങളിൽ രാജ്യമാകെ 89,000 സർക്കാർ സ്‌കുളുകൾ പൂട്ടി. നാലു വർഷം കൊണ്ട് 65 ലക്ഷത്തിലേറെ വിദ്യാർഥികൾ ഡ്രോപ്പൗട്ടായി. പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളോടുള്ള അവഗണന, സെൻട്രൽ യൂണിവേഴ്‌സിറ്റികളിലെ ഫീസ് വർധന, സ്‌കോളർഷിപ്പുകൾ കട്ട് ചെയ്തത്, ഫെല്ലോഷിപ്പുകൾ മുടങ്ങുന്നത് എന്നിവയാണ് കാരണങ്ങൾ.
കോമൺ യൂണിവേഴ്‌സിറ്റി എൻട്രൻസ് പരീക്ഷ വന്നതോടെ ഉന്നത വിദ്യാഭ്യാസ മേഖലയിലേക്കുളള പ്രവേശനം കോച്ചിങ് സംസ്‌കാരത്തിലേക്കു മാറി. വൻ വില കൊടുത്തു വാങ്ങാൻ ശേഷിയുള്ളവരുടേതായി ഉന്നത വിദ്യാഭ്യാസം. അർബൻ- മിഡിൽ ക്ലാസ് വിദ്യാർഥികളുടേതായി കാമ്പസുകൾ. ഉന്നത വിദ്യാഭ്യാസത്തിന്റെ ചരക്കുവൽക്കരണം പൂർണമാകാൻ ഭരണകൂട സ്വേച്ഛാധിപത്യവും അധികാര കേന്ദ്രീകരണവും അനിവാര്യമാണ്. അത് ഈ ബില്ലിൽ ഉറപ്പുവരുത്തിയിട്ടുണ്ട്.
വികസിത ഭാരതത്തിലെ ഉന്നത വിദ്യാഭ്യാസത്തിന്റെ ആകർഷണീയത വ്യക്തമാക്കുന്ന ഒരു കണക്ക് നിതി ആയോഗ് പുറത്തുവിട്ടിട്ടുണ്ട്. വിദേശ പഠനത്തിന് 2025-ൽ ഇന്ത്യൻ വിദ്യാർത്ഥികൾ ചെലവാക്കിയത് 6.2 ലക്ഷം കോടി രൂപയാണ്. ഇന്ത്യയിൽ ഉന്നത വിദ്യാഭ്യാസത്തിന് ചെലവഴിക്കുന്ന തുകയുടെ പത്തിരട്ടിയാണിത്. ഒരു വിദ്യാർത്ഥി ഇന്ത്യയിലേക്ക് പഠിക്കാനെത്തുമ്പോൾ 28 ഇന്ത്യൻ വിദ്യാർത്ഥികൾ പുറത്തുപോകുകയാണ്. അതിവേഗം വിപണിവൽക്കരിക്കപ്പെട്ടിട്ടും ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസത്തിന്റെ മത്സരക്ഷമതയുടെ ചിത്രം ഇതാണ്.
തമിഴ്‌നാടിനെപ്പോലെ, ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ സ്വന്തം വിദ്യാഭ്യാസ നയം പ്രഖ്യാപിക്കുന്നിടം വരെ മാത്രമേ ഫെഡറൽ അവകാശങ്ങൾക്ക് നിലനിൽപ്പുള്ളൂ. അല്ലെങ്കിൽ, ഫണ്ടും സ്വയം കണ്ടെത്താൻ സംസ്ഥാനങ്ങൾക്ക് കെൽപ്പ് വേണം.
വികസിത് ഭാരത് ശിക്ഷാ അധിഷ്ഠാൻ ബില്ല് സംയുക്ത പാർലമെന്ററി കമ്മിറ്റിയുടെ പരിഗണനയിലാണ്. ബി.ജെ.പിയ്ക്കും എൻ.ഡി.എയക്കും ഭൂരിപക്ഷമുള്ള കമ്മിറ്റിയിൽനിന്ന് ഞെട്ടിപ്പിക്കുന്ന തീരുമാനമൊന്നും പ്രതീക്ഷിക്കേണ്ടതില്ല. ദേശീയ വിദ്യാഭ്യാസ നയത്തോടുള്ള എതിർപ്പ് പ്രകടിപ്പിക്കുന്ന സംസ്ഥാനങ്ങൾക്കുള്ള ഫണ്ട് ഭരണഘടനാവിരുദ്ധമായി പോലും തടഞ്ഞുവെക്കാൻ മടിക്കാത്ത യൂണിയൻ സർക്കാറിനുമുന്നിൽ, ഈയൊരു ബില്ലിനെതിരെ ഏതുതരം രാഷ്ട്രീയ ചെറുത്തുനിൽപ്പാണ് സാധ്യമാകുക എന്നത് വലിയൊരു ചോദ്യമാണ്.
