‘കീ’മിലെ ആദ്യ റാങ്കുകാരെല്ലാം എന്തുകൊണ്ട്
സി ബി എസ് ഇക്കാരാകുന്നു?
സ്കോർ അട്ടിമറിയുടെ കാണാപ്പുറം

‘കീ’മിലെ ആദ്യ റാങ്കുകാരെല്ലാം സി ബി എസ് ഇ സിലബസുകാരാണ്. പൊതുവിദ്യാലയങ്ങളിൽ പഠിച്ച കുട്ടികൾ എന്തുകൊണ്ട് റാങ്ക് ലിസ്റ്റിൽ പിന്നാക്കം പോകുന്നു? എൻട്രൻസ് പരീക്ഷാ കമീഷണറേറ്റ് 12-ാം ക്ലാസിലെ മാർക്ക് സമീകരിക്കുന്നതിൽ വലിയ വിവേചനമുണ്ട്. സി ബി എസ് ഇ അടക്കമുള്ള മറ്റ് സിലബസിലെ വിദ്യാർത്ഥികൾക്ക് മെച്ചം ലഭിക്കുന്ന രീതിയിലാണ് അത് സംവിധാനം ചെയ്തിരിക്കുന്നത്- പി. പ്രേമചന്ദ്രൻ എഴുതുന്നു.

‘കീ’മിന്റെ (കേരള എഞ്ചിനിയറിങ്, ആർകിടെക്ചർ ആൻഡ് മെഡിക്കൽ എൻട്രൻസ്- KEAM) ഫലപ്രഖ്യാപനത്തെ തുടർന്നുള്ള വിജയാഹ്ലാദങ്ങൾ ശ്രദ്ധിക്കുകയായിരുന്നു. ആദ്യ റാങ്ക് കിട്ടിയവരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും സന്തോഷത്തിൽ പങ്കുചേരുന്നു. ആദ്യത്തെ എട്ടിൽ ഏഴുറാങ്കുകൾ പാലയിലെ പഠിതാക്കൾക്കാണെന്ന് വാർത്തയുണ്ട്. ഇനിയുള്ള ദിവസങ്ങളിലെല്ലാം പത്രങ്ങളുടെ ഒന്നാം പേജിലെ ജാക്കറ്റ് പരസ്യം എൻട്രൻസ് കോച്ചിംഗ് സ്ഥാപനങ്ങളുടെ അവകാശവാദങ്ങളായിരിക്കും. ലക്ഷങ്ങളും കോടികളും പരസ്യത്തിനായി ഓരോ സ്ഥാപനവും ഒഴുക്കും. കേരളത്തിലും ദേശീയതലത്തിലും ഇന്നത്തെ ഏറ്റവും വരുമാനമുള്ള ബിസിനസ് എൻട്രൻസ് കോച്ചിംഗ് സ്ഥാപനങ്ങളാണെന്ന് ആ പരസ്യങ്ങൾ വിളിച്ചുപറയും.

‘കീ’മിലെ ആദ്യ റാങ്കുകാരെല്ലാം സി ബി എസ് ഇ സിലബസുകാരാണ്. മിക്കവരും പേരുകേട്ട അൺഎയിഡഡ് സ്ഥാപനങ്ങളിലും കേന്ദ്രീയവിദ്യാലയങ്ങളിലും പഠിച്ചവർ. വൻകോച്ചിംഗ് സ്ഥാപനങ്ങളിൽ ഒരു വർഷമോ രണ്ടു വർഷമോ റിപ്പീറ്റും റീ റിപ്പീറ്റും ചെയ്തവർ. സത്യം പറഞ്ഞാൽ സിലബസിൽ കാര്യമില്ല. സ്റ്റേറ്റ് സിലബസിലും സി ബി എസ് ഇ യിലും ഹയർ സെക്കന്ററിയിൽ ഉപയോഗിക്കുന്നത് ഒരേ പാഠപുസ്തകങ്ങളാണ്. എൻ സി ഇ ആർ ടി തയ്യാറാക്കിയത്. പഠനരീതിയിലും മറ്റുമാണ് മാറ്റമുണ്ടാകേണ്ടത്. അതും ഉറപ്പൊന്നുമില്ല. സ്ഥിരംചോദ്യങ്ങൾ, പഠിച്ചഭാഗങ്ങളുടെ ഓർമ്മപരിശോധന, കാലഹരണപ്പെട്ട പ്രാക്റ്റിക്കലുകൾ, റിക്കോർഡ് ബുക്കുകൾ ഇവയെല്ലാം ഇപ്പോൾ രണ്ടിടത്തും ഒന്നുതന്നെ. പിന്നെന്തുകൊണ്ടാണ് കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ പഠിച്ച കുട്ടികൾ ‘കീം’ പോലുള്ള എൻട്രൻസ് പരീക്ഷകളിൽപിന്നാക്കം പോകുന്നു? നീറ്റിലെ സ്ഥിതി എടുത്താലും സംഗതി ഇതുപോലെത്തന്നെ.

2024- ലെ ‘കീം’ റിസൾട്ട്‌.  ആദ്യ 5000 റാങ്കിൽ വന്നവരിൽ 2034 പേർ സ്റ്റേറ്റ് സിലബസ്സിലും 2785 പേർ സി ബി എസ് ഇയിലും പഠിച്ചവരാണ്.
2024- ലെ ‘കീം’ റിസൾട്ട്‌. ആദ്യ 5000 റാങ്കിൽ വന്നവരിൽ 2034 പേർ സ്റ്റേറ്റ് സിലബസ്സിലും 2785 പേർ സി ബി എസ് ഇയിലും പഠിച്ചവരാണ്.

ഈ വർഷത്തെ ‘കീം’ റിസൽറ്റ് അനാലിസിസ് പരിശോധിച്ചുനോക്കി. ആദ്യ 5000 റാങ്കിൽ വന്നവരിൽ 2034 പേർ സ്റ്റേറ്റ് സിലബസ്സിലും 2785 പേർ സി ബി എസ് ഇയിലും പഠിച്ചു എന്നാണ് കാണുന്നത്. സ്റ്റേറ്റ് സിലബസിൽ ആകെ പരീക്ഷയെഴുതിയത് 36390 പേരും സി ബി എസ് ഇ യിൽ അത് 14541 പേരുമാണ്. അതായത് സ്റ്റേറ്റിൽ പരീക്ഷയെഴുതിയതിൽ 5.58 ശതമാനമാണ് ആദ്യ 5000- ൽ ഉൾപ്പെട്ടതെങ്കിൽ സി ബി എസ് ഇയിൽ എഴുതിയ 19.15 ശതമാനത്തിനും ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇത് വളരെ പ്രധാനമായി പരിഗണിക്കേണ്ട ഒന്നാണ്.

പൊതുവിദ്യാഭ്യാസത്തിലൂടെ ഹയർ സെക്കന്ററി പരീക്ഷയെഴുതുന്ന ലക്ഷക്കണക്കിന് സയൻസ് വിദ്യാർത്ഥികളുടെയും അവരുടെ ശരാശരി സ്കോറിനെയും പരിഗണിച്ച്, പരീക്ഷയിൽ ഉയർന്ന സ്കോർ ലഭിച്ച വിദ്യാർത്ഥികളുടെ ഇൻഡക്സ് സ്കോർ നിശ്ചയിക്കുമ്പോൾ, യഥാർത്ഥത്തിൽ അവർക്ക് പരീക്ഷയെഴുതി കിട്ടിയ സ്കോറിന്റെ മൂല്യം ലഭിക്കുന്നില്ല.

കുട്ടികളുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുന്നിൽ നിൽക്കുന്ന കേരളത്തിലെ എഞ്ചിനീയറിംഗ് കോളേജുകളിൽ അവരുടെ പ്രിയപ്പെട്ട ബ്രാഞ്ചുകൾ കിട്ടണമെങ്കിൽ ഈ റാങ്കുകളിൽ ഉൾപ്പെടണം. അത്രയും വിലയുണ്ട് ഈ റാങ്കുനിലകൾക്ക് എന്നർത്ഥം. ഈ കണക്കുകൾ കാണിക്കുന്നത്, സി ബി എസ് ഇക്കാർ അതിലേക്ക് കൂടുതൽ വരുന്നു എന്നു മാത്രമല്ല, എഴുതിയ അഞ്ചിലൊന്നുപേർക്കും ഏറ്റവും മികച്ച കോളേജുകളിലെ ഏറ്റവും ഡിമാന്റുള്ള ബ്രാഞ്ചുകളിൽ പ്രവേശനം ലഭിക്കുന്നു എന്നുമാണ്. സ്റ്റേറ്റ് സിലബസിൽ പരീക്ഷയെഴുതിയ മഹാഭൂരിപക്ഷം പേർക്കും ശേഷിക്കുന്ന ദുർബലമായ സർക്കാർ കോളേജുകളിലെ ബ്രാഞ്ചുകളിലോ സ്വാശ്രയകോളേജുകളിലോ പഠിക്കേണ്ടിവരുന്നു. അക്കാദമികമായും നൈതികമായും കേരളത്തിലെ വിദ്യാഭ്യാസവിചക്ഷണർ തലപുകയ്ക്കേണ്ട ഒരു വശം ഇതിലുണ്ട്.

അതിലൊന്ന്, പരീക്ഷയെഴുതിയ കുട്ടികളുടെ എണ്ണവും ശരാശരി സ്കോറും മറ്റും പരിഗണിച്ച് എൻട്രൻസ് പരീക്ഷാ കമീഷണറേറ്റ് കുട്ടികളുടെ പന്ത്രണ്ടാം തരത്തിലെ മാർക്ക് സമീകരിക്കുന്ന രീതിയെ സംബന്ധിച്ച ആക്ഷേപമാണ്. സി ബി എസ് ഇ അടക്കമുള്ള മറ്റ് സിലബസിലെ വിദ്യാർത്ഥികൾക്ക് മെച്ചം ലഭിക്കുന്ന രീതിയിലാണ് അത് സംവിധാനം ചെയ്തിരിക്കുന്നത്. കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിലൂടെ ഹയർ സെക്കന്ററി പരീക്ഷയെഴുതുന്ന ലക്ഷക്കണക്കിന് സയൻസ് വിദ്യാർത്ഥികളുടെയും അവരുടെ ശരാശരി സ്കോറിനെയും പരിഗണിച്ച്, പരീക്ഷയിൽ ഉയർന്ന സ്കോർ ലഭിച്ച വിദ്യാർത്ഥികളുടെ ഇൻഡക്സ് സ്കോർ നിശ്ചയിക്കുമ്പോൾ, യഥാർത്ഥത്തിൽ അവർക്ക് പരീക്ഷയെഴുതി കിട്ടിയ സ്കോറിന്റെ മൂല്യം ലഭിക്കുന്നില്ല.

ഇപ്പോഴുള്ള സമീകരണത്തിന്റെ സൂത്രവാക്യമനുസരിച്ച് കേരള സിലബസിൽ ഫിസിക്സിൽ 98 സ്കോർ ലഭിച്ച കുട്ടിക്ക് സമീകരണശേഷം അത് 92 ഓ 94 ഓ ആയി കുറയാം. കണക്ക്, കെമിസ്ട്രി വിഷയങ്ങളിലും ഇങ്ങനെ കുറയാം. പൊതുവിൽ ഹയർ സെക്കന്ററിയിൽ സി ബി എസ് ഇ സ്ട്രീമിൽ പഠിക്കുന്ന കുട്ടികളുടെ എണ്ണം കുറവായതുകൊണ്ടും ദേശീയതലത്തിൽ ശരാശരി സ്കോർ അൽപം കുറവായതുകൊണ്ടും അവിടെ 90 സ്കോർ ലഭിക്കുന്ന ഒരു കുട്ടിയുടെ സമീകരണത്തിനുശേഷമുള്ള സ്കോർ മൂല്യം 94- ഓ 96- ഓ ആകാം. കേരളത്തിലെ പൊതുവിദ്യാലയത്തിൽ പഠിച്ച്, തന്റെ ഇഷ്ടവിഷയത്തിൽ ഒരു വിദ്യാർഥി നേടിയ 98 സ്കോറിനെ മൂല്യമില്ലാത്തതായി പരിഗണിക്കുകയും അതിൽനിന്ന് അനർഹമെന്ന പേരിൽ അഞ്ചോ ആറോ സ്കോർ ഒരക്കാദമിക പരിഗണനയുമില്ലാതെ വെട്ടിക്കളയുകയും ചെയ്യാൻ ഒരു സാങ്കേതിക സ്ഥാപനത്തിന് എങ്ങനെ അധികാരം കൈവരുന്നു എന്നതാണ് ഇതിലെ കാതലായ വിഷയം. മറ്റ് സംസ്ഥാനക്കാരുടെയും സ്ട്രീമുകളുടെയും താത്പര്യം സംരക്ഷിക്കാനായി കേരളത്തിലെ പൊതുവിദ്യാലയത്തിലെ കുട്ടികളെ ഇരകളാക്കുകയാണ്. ഒന്നോരണ്ടോ സ്കോറിന് ആയിരക്കണക്കിന് റാങ്കുകളുടെ വ്യത്യാസം വരുന്ന ഒരു പരീക്ഷയിലാണിത് എന്നോർക്കണം.

ഇത്തവണത്തെ ‘കീം’ റിസൾട്ടിൽ, ആദ്യത്തെ എട്ടിൽഏഴുറാങ്കുകൾ പാലയിലെ പഠിതാക്കൾക്കാണെന്ന് വാർത്തയുണ്ട്. ഇനിയുള്ള ദിവസങ്ങളിലെല്ലാം പത്രങ്ങളുടെ ഒന്നാം പേജിലെ ജാക്കറ്റ് പരസ്യം എൻട്രൻസ് കോച്ചിംഗ് സ്ഥാപനങ്ങളുടെ അവകാശവാദങ്ങളായിരിക്കും. ലക്ഷങ്ങളും കോടികളും പരസ്യത്തിനായി ഓരോ സ്ഥാപനവും ഒഴുക്കും.

മറ്റൊരു വിഷയം കേരളം സ്വന്തമായി നടത്തുന്ന ‘കീം’ പരീക്ഷകൾ പോലും, ഇവിടെ പന്ത്രണ്ടാം ക്ലാസുവരെ ഔദ്യോഗികമായി നമ്മൾ നടപ്പിലാക്കുന്ന പാഠ്യപദ്ധതിയിൽ നിന്ന് എത്രമാത്രം അകന്നുനിൽക്കുന്നു എന്നതാണ്. കേരളത്തിലെ പാഠ്യപദ്ധതി പരിഷ്കരണ ശ്രമങ്ങളിലെ ഏറ്റവും വലിയ കീറാമുട്ടി എക്കാലവും എൻട്രൻസ് പരീക്ഷകളായിരുന്നു. നേരത്തെ ‘കീ’മിൽ മെഡിക്കൽ പ്രവേശനവും ഉൾപ്പെട്ടിരുന്നല്ലോ. എന്തൊക്കെ പറഞ്ഞാലും ഇന്നും കേരളത്തിലെ മധ്യവർഗ്ഗത്തിന്റെയും സമ്പന്നവിഭാഗത്തിന്റെയും പ്രാഥമിക ചോയ്സ് മെഡിക്കൽ എഞ്ചിനീയറിംഗ് പ്രൊഫഷൻ തന്നെയാണ്. അതിനായുള്ള എൻട്രൻസ് എഴുതിപ്പാസാകാൻ വേണ്ടിയുള്ള പരിശീലനമാണ് അതുവരെയുള്ള അഭ്യാസങ്ങളെല്ലാം. ഇതിൽ ഏറ്റവും ഉയർന്ന വിഭാഗം റഗുലറായി പ്ലസ് ടു കോഴ്സുകൾക്ക് പോലും ചേർന്നുപഠിക്കുന്നില്ല. അവർ വലിയ ബുദ്ധിമാന്മാരായതുകൊണ്ട് നേരിട്ട് കോട്ടയിലോ ഡൽഹിയിലോ എൻട്രൻസിനാണ് പ്രവേശനം നേടുന്നത്. അവരുടെ കോച്ചിംഗ് സ്ഥാപനങ്ങളോട് അറ്റാച്ച് ചെയ്തുള്ള സി ബി എസ് സി സ്കൂളുകളിൽ പേരിന് പ്ലസ് ടു രജിസ്റ്റർ ചെയ്യും. പ്രധാനമായും രാപ്പകൽ നടക്കുന്നത് എൻട്രൻസ് കള്ളികൾ പൂരിപ്പിക്കാനുള്ള അഭ്യാസം മാത്രം. കേരളത്തിലും തൃശൂരിലും പാലയിലുമുള്ള കോച്ചിംഗ് സ്ഥാപനങ്ങൾ നിശ്ചയിക്കുന്നിടത്ത് അത്തരം പരീക്ഷകൾ വിളികൊണ്ടു.

ആർ.വി.ജി. മോനോൻ Photo : Integrated rural technology centre
ആർ.വി.ജി. മോനോൻ Photo : Integrated rural technology centre

പാഠ്യപദ്ധതി പരിഷ്കരണകാലത്താണ് ക്ലാസ് റൂം അനുഭവങ്ങൾക്ക് കൂടി പ്രാധാന്യം വേണമെന്ന നിലയിൽ എൻട്രൻസിന് പ്ലസ് ടു സ്കോർ കൂടി പരിഗണിക്കാനുള്ള ശക്തമായ ആവശ്യമുണ്ടാവുന്നത്. ആർ.വി.ജി. മോനോന്റെ നേതൃത്വത്തിലാണെന്ന് തോന്നുന്നു, ഒരു കമ്മറ്റി രൂപീകരിക്കുകയും അതിനെക്കുറിച്ച് പഠിക്കുകയും, റിപ്പോർട്ട് കൊടുക്കുകയും ചെയ്യുന്നു. തുടർന്ന് എഞ്ചിനീയറിംഗിന് റാങ്ക് ലിസ്റ്റ് ഉണ്ടാക്കുമ്പോൾ ഹയർ സെക്കന്ററിയുടെ രണ്ടാം വർഷത്തെ കണക്ക്, കെമിസ്ട്രി, ഫിസിക്സ് വിഷയങ്ങളുടെ മാർക്കുകൾ കൂടി പരിഗണിക്കാൻ തീരുമാനമാകുന്നു. അപ്പോഴും മെഡിക്കൽ പരീക്ഷയെ തൊടാൻ ഭയമായിരുന്നു. എന്നാൽ ഇന്ത്യയിലെ മറ്റ് സ്റ്റേറ്റ് ബോർഡുകളുടെയും കേന്ദ്ര ബോർഡുകളുടെയും മാർക്കുകൾ സമീകരിക്കുന്ന പ്രക്രിയയിലാണ് നേരത്തെ പറഞ്ഞ സൂത്രവാക്യം ഉണ്ടാക്കുകയും കൂടുതൽ കുട്ടികൾ ഹയർ സെക്കന്ററിക്ക് പഠിക്കുന്ന, പുതിയൊരു പഠന വിലയിരുത്തൽ പ്രക്രിയയുള്ള കേരളത്തിലെ കുട്ടികളുടെ സ്കോറുകൾ കുറക്കുന്ന അവസ്ഥയുണ്ടായത്.

കേരളത്തിലെ ഹയർ സെക്കന്ററിക്ക് ഏകജാലക പ്രവേശനം നടപ്പാക്കിയ ആദ്യഘട്ടത്തിൽ അതിനെക്കുറിച്ച് സീ-മാറ്റ് നടത്തിയ പഠനത്തിന്റെ നേതൃത്വത്തിൽ ഈ ലേഖകനുമുണ്ടായിരുന്നു. ആ പഠനത്തിലാണ് കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിൽ പത്താംതരം വരെ പഠിച്ചവർക്ക് മറ്റ് സ്ട്രീമിൽ നിന്ന് വരുന്നവരെക്കാൾ നാലു പോയിന്റ് ഗ്രേസ് ആയി നൽകാൻ നിർദ്ദേശിക്കുന്നത്. അതുപോലെ ‘കീം’ റാങ്ക് ലിസ്റ്റ് തയ്യാറാക്കുമ്പോൾ, കേരളത്തിലെ കുട്ടികളുടെ സ്കോർ ദേശീയവും സാർവ്വദേശീയവുമായ അളവുകോലുകൾ വെച്ച് കുറക്കുകയല്ല എൻട്രൻസ്‌കമ്മീഷൻ ചെയ്യേണ്ടത്. മറിച്ച്, കേരളത്തിൽ ജീവിക്കുന്ന മനുഷ്യർ അടക്കുന്ന നികുതിയിൽ നിന്ന് പടുത്തുയർത്തിയ ഈ സ്ഥാപനങ്ങളിൽ പഠിക്കേണ്ടത് പ്രാഥമികമായും കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ, അതിന്റെ ഗുണദോഷങ്ങളിലൂടെ കടന്നുവന്ന കുഞ്ഞുങ്ങളാണ് എന്ന ഉയർന്ന സാമൂഹികബോധ്യത്താൽ അവർക്ക് ഗ്രേസ് പോയിന്റുകൾ അനുവദിക്കുകയാണ് വേണ്ടത്. അവരുടെ പഠിച്ചുനേടിയ സ്കോർ, എന്തിന്റെ പേരിലായാലും ഒരു പോയിന്റുപോലും കുറക്കാൻ ഒരു കമീഷണറേറ്റിനും അധികാരമില്ല. സി ബി എസ് ഇ യിലും ഐ സി എസ് ഇയിലും പഠിച്ചവർ മുന്തിയ കോളേജിലെ കണ്ണായ ബ്രാഞ്ചുകളിലും കേരളാ സിലബസ്സിൽ പഠിച്ച കുട്ടികൾ സ്വാശ്രയകോളേജുകളിലും എന്ന് തീരുമാനിക്കുന്നത് പൊതുവിദ്യാഭ്യാസ സംരക്ഷണക്കാർ ഇനിയും കാണാതിരുന്നുകൂടാ.

പ്രവേശന പരീക്ഷാകാര്യാലയത്തിന്റെ പ്രവർത്തനങ്ങൾ സൂക്ഷ്മമായി അന്വേഷണത്തിൽ വരണം. എന്തുകൊണ്ട് എല്ലായ്പ്പോഴും ഒരേ സ്ഥാപനത്തിന്റെ പരസ്യത്തിൽ ആദ്യത്തെ എല്ലാ റാങ്കുകാരും അണിനിരക്കുന്നത്? പലതും കേരളത്തിൽ മാറിയിട്ടും ഇതിൽ മാറ്റമില്ലാതെ നിൽക്കുന്നത് എന്തുകൊണ്ടാണ്?

പ്രവേശന പരീക്ഷാകാര്യാലയത്തിന്റെ പ്രവർത്തനങ്ങൾ സൂക്ഷ്മമായി അന്വേഷണത്തിൽ വരണം. എന്തുകൊണ്ട് എല്ലായ്പ്പോഴും ഒരേ സ്ഥാപനത്തിന്റെ പരസ്യത്തിൽ ആദ്യത്തെ എല്ലാ റാങ്കുകാരും അണിനിരക്കുന്നത്? പലതും കേരളത്തിൽ മാറിയിട്ടും ഇതിൽ മാറ്റമില്ലാതെ നിൽക്കുന്നത് എന്തുകൊണ്ടാണ്? ചോദ്യപേപ്പർ നിർമ്മാണം, കമ്പ്യൂട്ടറിൽ തയ്യാറാക്കുന്ന സ്കോറുകൾ ഏതെങ്കിലും തരത്തിൽ മറ്റ് ഫോമുകളിലേക്ക് മാറ്റുന്ന സന്ദർഭത്തിൽ, സ്കോർ സമീകരണ ഘട്ടത്തിൽ വ്യക്തികളുടെ ഇടപെടൽ ഉണ്ടാവുന്നുണ്ടോ? എൻട്രൻസ് കമീഷണറേറ്റിലെ ഇതിനുള്ള രഹസ്യവിഭാഗത്തിൽ കാലങ്ങളോളം ഇരിക്കുന്നവരുണ്ടോ? അവരുടെ സാമൂഹികവും സാമ്പത്തികവുമായ നില എപ്രകാരമാണ്? ഇക്കാര്യങ്ങളെല്ലാം അന്വേഷണത്തിൽ വരണം. സർവ്വകലാശാല / കോളേജ് അധ്യാപകരുടെ മേൽനോട്ടത്തിൽ പഠിപ്പിക്കുന്ന അധ്യാപകർതന്നെ ഹൈസ്കൂൾ, ഹയർ സെക്കന്ററി ക്ലാസുകളിലെ പരീക്ഷാ ചോദ്യങ്ങൾ തയ്യാറാക്കുന്നതുപോലെ കേരളത്തിലെ ഹയർ സെക്കന്ററി അധ്യാപകരാണ് എൻട്രൻസ് പരീക്ഷയ്ക്കും ചോദ്യങ്ങൾ ഉണ്ടാക്കേണ്ടത്. ദേശീയ തലത്തിലുള്ള മേൽനോട്ടങ്ങൾ ഉണ്ടായിത്തന്നെ.

സി ബി എസ് ഇ യിലും ഐ സി എസ് ഇയിലും പഠിച്ചവർ മുന്തിയ കോളേജിലെ കണ്ണായ ബ്രാഞ്ചുകളിലും കേരളാ സിലബസ്സിൽ പഠിച്ച കുട്ടികൾ സ്വാശ്രയകോളേജുകളിലും എന്ന് തീരുമാനിക്കുന്നത് പൊതുവിദ്യാഭ്യാസ സംരക്ഷണക്കാർ ഇനിയും കാണാതിരുന്നുകൂടാ.
സി ബി എസ് ഇ യിലും ഐ സി എസ് ഇയിലും പഠിച്ചവർ മുന്തിയ കോളേജിലെ കണ്ണായ ബ്രാഞ്ചുകളിലും കേരളാ സിലബസ്സിൽ പഠിച്ച കുട്ടികൾ സ്വാശ്രയകോളേജുകളിലും എന്ന് തീരുമാനിക്കുന്നത് പൊതുവിദ്യാഭ്യാസ സംരക്ഷണക്കാർ ഇനിയും കാണാതിരുന്നുകൂടാ.

ഇതൊന്നും ചെയ്യാതെ, ഉന്നതവിദ്യാഭ്യാസത്തിന്റെ എല്ലാ മധുരഫലങ്ങളും മറ്റ് സ്ട്രീമുകളിൽ നിന്നും കോച്ചിംഗ് കേന്ദ്രങ്ങളിൽ നിന്നും വരുന്നവർക്ക് ഭുജിക്കാൻ പാകത്തിൽ ഒരുക്കിവെച്ചിട്ട് താഴെത്തട്ടിൽ വിദ്യാഭ്യാസത്തിന്റെ സാർവ്വദേശീയ മൂല്യങ്ങളെ ശിരസാവഹിച്ച് പാഠ്യപദ്ധതി ഒരുക്കുന്നത് ഇരട്ടത്താപ്പാണ്. പുതിയ പാഠ്യപദ്ധതി സമീപനത്തിനനുസരിച്ച് വളർന്നുവരുന്നവർക്ക്, അവർക്ക് കഴിവും താത്പര്യവുമുണ്ടെങ്കിൽ സ്വാഭാവികമായും എഴുതിപ്പാസാകാൻ തരത്തിൽ നിർണ്ണയിക്കപ്പെടണം കേരളത്തിന്റെ അഭിമാനമായ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശന പരീക്ഷകൾ. ഒരു കോച്ചിംഗ് സ്ഥാപനത്തിനും അടിയറ വെക്കാനുള്ളതല്ല അവിടുത്തെ പ്രവേശനം. അതിനുപകരം, അവർ ക്ലാസ്റൂം പ്രവർത്തനങ്ങളുടെ ഫലമായും പഠിച്ചും നേടിയ ഹയർ സെക്കന്ററി സ്കോറുകൾ സമീകരണത്തിന്റെ പേരിൽ വെട്ടിച്ചുരുക്കുന്ന പ്രവർത്തനമാണ് ഇവിടെ നടക്കുന്നത്. പഴയ കാലത്ത് ജന്മിമാർ, തൊഴിലാളികൾ കൂലിയായി എടുത്തുവെച്ച നെൽക്കറ്റയിൽനിന്ന് (പതക്കറ്റ എന്നതിന് പേര്) ഒരു കൈപ്പിടിയിൽ കൊള്ളുന്നത്രയും കതിരുകൾ, കറ്റകെട്ടിയത് അധികമാണെന്ന് പറഞ്ഞ് വലിച്ചെടുക്കുന്ന പരിപാടിയുണ്ട്. വിശ്വാസപ്രകാരം ആ കറ്റയിലൂടെ നഷ്ടപ്പെടാവുന്ന സൗഭാഗ്യങ്ങളെ ക്കൂടിയാണ് ഭൂവുടമ വലിച്ചെടുക്കുന്നത്. തൊഴിലാളികൾ സംഘടിച്ചാണ് അത് നിർത്തിയത്. അതുപോലെ, പൊതുവിദ്യാഭ്യാസത്തിലെ കുഞ്ഞുങ്ങളുടെ സ്കോറിൽ തൊട്ടുപോകരുത് എന്ന് ആർജ്ജവത്തോടെ പറയാൻ ഒരു സംഘടനയും ഇന്നിവിടെ ഇല്ലല്ലോ.


Summary: ‘കീ’മിലെ ആദ്യ റാങ്കുകാരെല്ലാം സി ബി എസ് ഇ സിലബസുകാരാണ്. പൊതുവിദ്യാലയങ്ങളില്‍ പഠിച്ച കുട്ടികള്‍ എന്തുകൊണ്ട് റാങ്ക് ലിസ്റ്റിൽ പിന്നാക്കം പോകുന്നു? - പി. പ്രേമചന്ദ്രൻ എഴുതുന്നു


പി. പ്രേമചന്ദ്രൻ

അധ്യാപകൻ, ചലച്ചിത്ര പ്രവർത്തകൻ, എഴുത്തുകാരൻ.

Comments